“ദൈവം കൂട്ടിച്ചേർത്തതിനെ” ആദരിക്കുക
“ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.” —മർക്കോ. 10:9.
1, 2. വിവാഹബന്ധത്തെ എങ്ങനെ കാണാനാണ് എബ്രായർ 13:4 പ്രോത്സാഹിപ്പിക്കുന്നത്?
യഹോവയെ ആദരിക്കാൻ ആഗ്രഹിക്കുന്നവരാണു നമ്മളെല്ലാം. വാസ്തവത്തിൽ അങ്ങനെ ചെയ്യാൻ നമ്മൾ കടപ്പെട്ടവരാണ്. അങ്ങനെ ചെയ്താൽ നമ്മളെ ആദരിക്കുമെന്ന് യഹോവയും വാഗ്ദാനം ചെയ്തിട്ടുണ്ട്. (1 ശമു. 2:30; സുഭാ. 3:9; വെളി. 4:11) സഹമനുഷ്യരെ ആദരിക്കാനും യഹോവ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ഗവൺമെന്റ് അധികാരികളെ ബഹുമാനിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. (റോമ. 12:10; 13:7) എന്നാൽ ജീവിതത്തിൽ നമ്മൾ ആദരവ് കാണിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട മണ്ഡലമുണ്ട്—വിവാഹബന്ധം!
2 അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.” (എബ്രാ. 13:4) വിവാഹബന്ധത്തെ നിസ്സാരമായി കാണരുതെന്നല്ലേ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്? പൗലോസ് ഇവിടെ വിവാഹത്തെ പവിത്രമായി, അമൂല്യമായി കാണാൻ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുകയായിരുന്നു. വിവാഹബന്ധത്തെ നിങ്ങൾ അങ്ങനെയാണോ വീക്ഷിക്കുന്നത്? പ്രത്യേകിച്ചും നിങ്ങൾ വിവാഹിതനായ വ്യക്തിയാണെങ്കിൽ നിങ്ങളുടെ ദാമ്പത്യത്തെ അമൂല്യമായി കാണുന്നുണ്ടോ?
3. വിവാഹത്തെക്കുറിച്ച് യേശു എന്ത് ഉപദേശമാണു കൊടുത്തത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 വിവാഹബന്ധത്തെ ആദരിക്കുന്ന കാര്യത്തിൽ, യേശുക്രിസ്തു ശ്രേഷ്ഠമായ മാതൃക വെച്ചിട്ടുണ്ട്. പരീശന്മാർ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വിവാഹക്രമീകരണം ഏർപ്പെടുത്തിയ സമയത്ത് ദൈവം പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് യേശു മറുപടി കൊടുത്തു: “അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും പിരിയുകയും അവർ രണ്ടു പേരും ഒരു ശരീരമാകുകയും ചെയ്യും.” യേശു ഇങ്ങനെയും പറഞ്ഞു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”—മർക്കോസ് 10:2-12 വായിക്കുക; ഉൽപ. 2:24.
4. വിവാഹം എങ്ങനെയായിരിക്കാനാണു ദൈവം ഉദ്ദേശിച്ചത്?
4 ദൈവമാണു വിവാഹബന്ധത്തിനു തുടക്കമിട്ടതെന്നും അതു നിലനിൽക്കുന്ന ഒരു ബന്ധമായിരിക്കണമെന്നും ഉള്ള കാര്യം യേശു എടുത്തുപറഞ്ഞു. വിവാഹമോചനം നേടി വിവാഹബന്ധം അവസാനിപ്പിക്കാമെന്നു ദൈവം ആദാമിനോടും ഹവ്വയോടും പറഞ്ഞില്ല. ‘ഒരു പുരുഷന് ഒരു സത്രീ,’ അതായിരുന്നു ഏദെനിലെ ആ വിവാഹസമയത്ത് ദൈവം ഉദ്ദേശിച്ചത്, അവർ “രണ്ടു പേരും” ചേർന്ന ബന്ധം നിലനിൽക്കുന്നതും ആയിരിക്കണമായിരുന്നു.
വിവാഹക്രമീകരണത്തിൽ താത്കാലികമായി വന്ന മാറ്റങ്ങൾ
5. മരണം വിവാഹബന്ധത്തെ എങ്ങനെയാണു ബാധിക്കുന്നത്?
5 എന്നാൽ നിങ്ങൾക്ക് അറിയാവുന്നതുപോലെ ആദാമിന്റെ പാപത്തിന്റെ ഫലമായി പല മാറ്റങ്ങളും സംഭവിച്ചു. അതിലൊന്നു മരണമായിരുന്നു. ഇതു ദാമ്പത്യബന്ധത്തെയും ബാധിക്കുമായിരുന്നു. ക്രിസ്ത്യാനികൾ മോശയുടെ നിയമത്തിൻകീഴിൽ അല്ല എന്ന കാര്യം വിശദീകരിച്ചപ്പോൾ പൗലോസ് ഇക്കാര്യം വ്യക്തമാക്കി. ഇണകളിൽ ഒരാളുടെ മരണത്തോടെ വിവാഹബന്ധം അവസാനിക്കുമെന്നും ജീവിച്ചിരിക്കുന്ന ഇണയ്ക്കു പുനർവിവാഹം ചെയ്യാമെന്നും അദ്ദേഹം വെളിപ്പെടുത്തി.—റോമ. 7:1-3.
6. മോശയുടെ നിയമം വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം വെളിപ്പെടുത്തുന്നത് എങ്ങനെ?
6 ദൈവം ഇസ്രായേൽ ജനതയ്ക്കു കൊടുത്ത നിയമത്തിൽ വിവാഹം സംബന്ധിച്ച് വിശദാംശങ്ങളുണ്ടായിരുന്നു. ഈ നിയമം ബഹുഭാര്യത്വം തടഞ്ഞിരുന്നില്ല, ഇസ്രായേല്യർക്കു നിയമം കൊടുക്കുന്നതിനു വളരെ മുമ്പുതന്നെ ബഹുഭാര്യത്വം നിലവിലുണ്ടായിരുന്നതാണ്. എന്നാൽ ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഈ നിയമത്തിൽ ബഹുഭാര്യത്വത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന്, ഒരു ഇസ്രായേല്യൻ ആദ്യം ഒരു അടിമയെ വിവാഹം കഴിക്കുന്നു, പിന്നീട് അദ്ദേഹം മറ്റൊരു ഭാര്യയെക്കൂടി എടുക്കുന്നു. എങ്കിലും അദ്ദേഹം ആദ്യത്തെ ഭാര്യയുടെ ആഹാരം, വസ്ത്രം, വൈവാഹികാവകാശം തുടങ്ങിയ കാര്യങ്ങളിൽ ഒരു കുറവും വരുത്താൻ പാടില്ലായിരുന്നു. ഭാര്യക്കുവേണ്ടി കരുതാനും അവളെ സംരക്ഷിക്കാനും ദൈവം അവരോട് ആവശ്യപ്പെട്ടു. (പുറ. 21:9, 10) നമ്മൾ മോശയുടെ നിയമത്തിന്റെ കീഴിലല്ല, പക്ഷേ യഹോവ വിവാഹബന്ധത്തെ വളരെ ഗൗരവമായി കാണുന്നു എന്ന് അതിലെ നിയമങ്ങൾ തെളിയിക്കുന്നു. വിവാഹത്തെ പാവനമായി കാണാൻ ഈ അറിവ് നിങ്ങളെ സഹായിക്കുന്നില്ലേ?
7, 8. (എ) മോശയുടെ നിയമം, ആവർത്തനം 24:1-ൽ വിവാഹമോചനത്തെക്കുറിച്ച് എന്താണു പറയുന്നത്? (ബി) യഹോവ വിവാഹമോചനത്തെ എങ്ങനെയാണു വീക്ഷിക്കുന്നത്?
7 മോശയുടെ നിയമം വിവാഹമോചനത്തെക്കുറിച്ച് എന്താണു പറയുന്നത്? വിവാഹത്തെ ദൈവം പാവനമായിട്ടുതന്നെയാണു കാണുന്നത്, അതിനു മാറ്റമില്ല. എങ്കിലും ദൈവം ആ നിയമത്തിൽ വിവാഹമോചനത്തിന് അനുവാദം കൊടുത്തു. (ആവർത്തനം 24:1 വായിക്കുക.) തന്റെ ഭാര്യയിൽ ‘ഉചിതമല്ലാത്ത എന്തെങ്കിലും കണ്ടാൽ’ ഒരു ഇസ്രായേല്യന് അവളെ വിവാഹമോചനം ചെയ്യാമായിരുന്നു. “ഉചിതമല്ലാത്ത” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നു നിയമം വിശദീകരിക്കുന്നില്ല. ലജ്ജാകരമായ അല്ലെങ്കിൽ ഗൗരവമുള്ള എന്തെങ്കിലും ആയിരിക്കും അത് അർഥമാക്കുന്നത്. അല്ലാതെ നിസ്സാരമായ എന്തെങ്കിലും കുറ്റമായിരിക്കില്ല. (ആവ. 23:14) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും മിക്ക ജൂതന്മാരും “ഏതു കാരണം പറഞ്ഞും” ഭാര്യയെ ഉപേക്ഷിച്ചിരുന്നു. (മത്താ. 19:3) അവരുടെ മനോഭാവം അനുകരിക്കാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല.
8 ദൈവം വിവാഹമോചനത്തെ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു മലാഖി പ്രവാചകൻ വെളിപ്പെടുത്തി. ഒരുപക്ഷേ ജനതകളിൽപ്പെട്ട, ചെറുപ്പക്കാരിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നതിനു “യൗവനത്തിലെ ഭാര്യയെ” തന്ത്രപരമായി വിവാഹമോചനം ചെയ്യുന്നത് അക്കാലത്ത് സർവസാധാരണമായിരുന്നു. അതിനെ ദൈവം എങ്ങനെയാണു കണ്ടതെന്നു മലാഖി എഴുതി: “വിവാഹമോചനം ഞാൻ വെറുക്കുന്നു.” (മലാ. 2:14-16) ഇത്, ചരിത്രത്തിലെ ആദ്യത്തെ വിവാഹത്തെക്കുറിച്ച് ദൈവം പറഞ്ഞ കാര്യം നമ്മളെ ഓർമിപ്പിക്കുന്നില്ലേ: “(പുരുഷൻ) ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.” (ഉൽപ. 2:24) വിവാഹത്തെക്കുറിച്ച് തന്റെ പിതാവിനുണ്ടായിരുന്ന അതേ വീക്ഷണം പ്രതിഫലിപ്പിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”—മത്താ. 19:6.
വിവാഹമോചനത്തിനുള്ളഒരേ ഒരു അടിസ്ഥാനം
9. മർക്കോസ് 10:11, 12-ലെ യേശുവിന്റെ വാക്കുകൾ നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്?
9 ചിലർ ഇങ്ങനെ ചോദിച്ചേക്കാം, ‘ഒരു ക്രിസ്ത്യാനിക്കു വിവാഹമോചനം ചെയ്തിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?’ വിവാഹമോചനത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം എന്താണെന്നു യേശു പറഞ്ഞു: “ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. ഒരു സ്ത്രീ തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്ത് മറ്റൊരാളെ വിവാഹം കഴിച്ചാൽ അവളും വ്യഭിചാരം ചെയ്യുന്നു.” (മർക്കോ. 10:11, 12; ലൂക്കോ. 16:18) യേശു വിവാഹബന്ധം ആദരണീയമായി കണ്ടു, മറ്റുള്ളവർക്ക് അതേ വീക്ഷണമുണ്ടായിരിക്കാൻ പ്രതീക്ഷിക്കുകയും ചെയ്തു. എന്തെങ്കിലും കാരണമുണ്ടാക്കി ഒരു പുരുഷൻ തന്റെ വിശ്വസ്തയായ ഭാര്യയെ (അല്ലെങ്കിൽ ഒരു സ്ത്രീ തന്റെ വിശ്വസ്തനായ ഭർത്താവിനെ) വിവാഹമോചനം ചെയ്തിട്ട് മറ്റൊരാളെ വിവാഹം കഴിക്കുന്നെങ്കിൽ അയാൾ വ്യഭിചാരം ചെയ്യുകയായിരിക്കും. കാരണം, ഇത്തരത്തിൽ വിവാഹമോചനം ചെയ്യുന്നതുകൊണ്ട് മാത്രം അവരുടെ വിവാഹബന്ധം അവസാനിക്കുന്നില്ല. ദൈവത്തിന്റെ കണ്ണിൽ അവർ രണ്ടു പേരും ഇപ്പോഴും ‘ഒരു ശരീരമാണ്.’ കൂടാതെ, വിശ്വസ്തയായ ഭാര്യയെ വിവാഹമോചനം ചെയ്താൽ അത് ആ സ്ത്രീയെ വ്യഭിചാരത്തിലേക്കു തള്ളിവിടുന്നതുപോലെയാകും. എങ്ങനെ? അക്കാലത്ത്, തന്റെ സാമ്പത്തികമായ ആവശ്യങ്ങൾ നടന്നുപോകുന്നതിന് പുനർവിവാഹമല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഒരുപക്ഷേ വിവാഹമോചിതയായ ഒരു സ്ത്രീക്കു തോന്നിയേക്കാം. അത്തരം പുനർവിവാഹം വ്യഭിചാരത്തിനു തുല്യമായിരുന്നു.
10. ഒരു ക്രിസ്ത്യാനിക്കു വിവാഹമോചനം നേടാനും പുനർവിവാഹം ചെയ്യാനും കഴിയുന്ന ഒരേ ഒരു കാരണം എന്താണ്?
10 എന്നാൽ വിവാഹമോചനത്തിനുള്ള സാധുവായ ഒരു കാരണം യേശു പറഞ്ഞു: “ലൈംഗിക അധാർമികതയാണു (ഗ്രീക്കിൽ പോർണിയ) വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.” (മത്താ. 19:9) ഗിരിപ്രഭാഷണത്തിലും യേശു ഇതേ കാര്യം പറഞ്ഞു. (മത്താ. 5:31, 32) രണ്ട് അവസരങ്ങളിലും യേശു ‘ലൈംഗിക അധാർമികതയെക്കുറിച്ച്’ പരാമർശിച്ചു എന്നതു ശ്രദ്ധിക്കുക. വിവാഹബന്ധത്തിനു പുറത്തുള്ള പല തരം ലൈംഗികപാപങ്ങൾ അതിന്റെ പരിധിയിൽ വരുന്നുണ്ട്: വ്യഭിചാരം, വേശ്യാവൃത്തി, വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികത, സ്വവർഗസംഭോഗം, മൃഗസംഭോഗം എന്നിവ. ഉദാഹരണത്തിന്, വിവാഹിതനായ ഒരു പുരുഷൻ ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നെങ്കിൽ അയാളെ വിവാഹമോചനം ചെയ്യണോ വേണ്ടയോ എന്നു ഭാര്യക്കു തീരുമാനിക്കാം. വിവാഹമോചനം ചെയ്താൽ ദൈവത്തിന്റെ കണ്ണിൽ അവരുടെ വിവാഹബന്ധം അവസാനിച്ചു എന്നാണ് അർഥം.
11. വിവാഹമോചനം ചെയ്യാൻ തിരുവെഴുത്ത് അടിസ്ഥാനമുണ്ടെങ്കിലും ഒരു ക്രിസ്ത്യാനി അതു വേണ്ടെന്നുവെച്ചേക്കാവുന്നത് എന്തുകൊണ്ട്?
11 ഇണ ലൈംഗിക അധാർമികതയിൽ (പോർണിയ) ഏർപ്പെട്ടാൽ നിർദോഷിയായ ഇണ നിർബന്ധമായും വിവാഹമോചനം ചെയ്യണമെന്നു യേശു പറഞ്ഞില്ല. ഉദാഹരണത്തിന്, ഭർത്താവ് തെറ്റു ചെയ്താലും വിവാഹബന്ധം തുടരാൻ ഒരു ഭാര്യ തീരുമാനിച്ചേക്കാം. അവൾക്ക് അയാളോട് ഇപ്പോഴും സ്നേഹം കണ്ടെന്നുവരാം, ഭർത്താവിനു മാപ്പു കൊടുക്കാനും തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ അയാളോടു സഹകരിക്കാനും അവൾ തയ്യാറായേക്കാം. അതു മാത്രമല്ല, യാഥാർഥ്യബോധത്തോടെ ചിന്തിച്ചാൽ, വിവാഹമോചനം ചെയ്തിട്ട് പിന്നെ ഏകാകിയായി തുടരുന്ന ഒരു ഭാര്യക്കു പല ബുദ്ധിമുട്ടുകളുമുണ്ടാകും. അവളുടെ സാമ്പത്തികവും ലൈംഗികവും ആയ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റും? അവൾ ഏകാന്തത അനുഭവിക്കേണ്ടിവരില്ലേ? ഇനി, കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യമോ? അവരെ സത്യത്തിൽ വളർത്തിക്കൊണ്ടുവരുന്നതു ബുദ്ധിമുട്ടാകുമോ? (1 കൊരി. 7:14) വ്യക്തമായും, വിവാഹമോചനം ചെയ്യാൻ തീരുമാനിക്കുന്ന നിർദോഷിയായ ഇണയ്ക്കു ഗൗരവമുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും.
12, 13. (എ) ഹോശേയയുടെ വിവാഹജീവിതത്തിൽ എന്തെല്ലാം സംഭവവികാസങ്ങളുണ്ടായി? (ബി) ഹോശേയ ഗോമെരിനെ തിരികെ സ്വീകരിച്ചത് എന്തുകൊണ്ട്, വിവാഹത്തോടുള്ള ബന്ധത്തിൽ നമുക്ക് ഇതിൽനിന്ന് എന്തു പാഠമുണ്ട്?
12 ഹോശേയ പ്രവാചകന്റെ അനുഭവം ഇക്കാര്യത്തിൽ കൂടുതൽ വെളിച്ചം വീശുന്നതാണ്. ദൈവം ഹോശേയയോട് ഒരു സ്ത്രീയെ (ഗോമെരിനെ) വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ‘അവൾ ഒരു വേശ്യയായിത്തീരുമായിരുന്നു, വേശ്യാവൃത്തിയിലൂടെ മക്കൾ ഉണ്ടാകുകയും ചെയ്യും.’ ഗോമെർ “ഗർഭിണിയായി (ഹോശേയയ്ക്ക്) ഒരു മകനെ പ്രസവിച്ചു.” (ഹോശേ. 1:2, 3) പിന്നീടു ഗോമെരിന് ഒരു മകനും മകളും കൂടെ ഉണ്ടായി. ഈ കുട്ടികൾ ജനിച്ചതു പരപുരുഷബന്ധത്തിലായിരിക്കാനാണു സാധ്യത. ഗോമെർ വീണ്ടുംവീണ്ടും വ്യഭിചാരത്തിൽ ഏർപ്പെട്ടെങ്കിലും ഹോശേയ അവളുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചില്ല. ഒടുവിൽ, അവൾ ഹോശേയയെ ഉപേക്ഷിച്ചുപോകുകയും ഒരു അടിമയായിത്തീരുകയും ചെയ്തു. എന്നിട്ടും ഹോശേയ ഗോമെരിനെ തിരികെ വാങ്ങി. (ഹോശേ. 3:1, 2) യഹോവ ഹോശേയയോട് ആവശ്യപ്പെട്ട കാര്യം യഹോവതന്നെ ചെയ്ത കാര്യത്തിന്റെ മാതൃകയായിരുന്നു. ഇസ്രായേൽ ആത്മീയവ്യഭിചാരത്തിൽ ഏർപ്പെട്ടിട്ടും യഹോവ അവരോടു വീണ്ടുംവീണ്ടും ക്ഷമിച്ചു എന്ന സംഗതി എടുത്തുകാണിക്കാൻ യഹോവ ഹോശേയയെ ഉപയോഗിക്കുകയായിരുന്നു. നമുക്ക് ഇതിൽനിന്ന് എന്തെല്ലാം പഠിക്കാം?
13 ഒരു ക്രിസ്ത്യാനിയുടെ ഇണ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടാൽ, നിർദോഷിയായ ഇണയ്ക്ക് ഒരു തീരുമാനം എടുക്കേണ്ടിവരും. യേശു പറഞ്ഞതനുസരിച്ച്, ആ വ്യക്തിക്കു വിവാഹമോചനം നേടാനും പുനർവിവാഹം ചെയ്യാനും ഉള്ള ഒരു അടിസ്ഥാനമുണ്ട്. അല്ലെങ്കിൽ ആ വ്യക്തിക്ക് ഇണയോടു ക്ഷമിക്കാം. അതു തെറ്റല്ല. ഹോശേയ ഗോമെരിനെ തിരികെ സ്വീകരിച്ചു എന്നതു ശ്രദ്ധിക്കുക. പിന്നെ ഒരിക്കലും ഗോമെർ അന്യപുരുഷന്മാരുമായി ബന്ധപ്പെടാൻ പാടില്ലായിരുന്നു. കുറച്ച് നാളത്തേക്കു ഹോശേയ ഗോമെരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. (ഹോശേ. 3:3, അടിക്കുറിപ്പ്) പിന്നീട്, ഹോശേയ ഗോമെരുമായി ലൈംഗികബന്ധങ്ങൾ പുനഃസ്ഥാപിച്ചു. തന്റെ ജനത്തെ തിരികെ സ്വീകരിക്കാനും അവരുമായി വീണ്ടും ഇടപെടാനും ദൈവം കാണിച്ച മനസ്സൊരുക്കത്തെയാണ് ഈ സംഭവം ദൃഷ്ടാന്തീകരിച്ചത്. (ഹോശേ. 1:11; 3:3-5) ഇക്കാലത്തെ ദമ്പതികൾക്ക് ഇതിൽനിന്ന് എന്തു പഠിക്കാം? നിർദോഷിയായ ഇണ കുറ്റം ചെയ്ത ഇണയുമായി ലൈംഗികബന്ധം പുനഃസ്ഥാപിച്ചാൽ അതു കാണിക്കുന്നത് ആ വ്യക്തി ക്ഷമിച്ചു എന്നാണ്. (1 കൊരി. 7:3, 5) ആ സംഭവത്തിന്റെ പേരിൽ പിന്നെ വിവാഹമോചനം നേടാൻ അടിസ്ഥാനമില്ല. വിവാഹം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം പ്രതിഫലിപ്പിച്ചുകൊണ്ട് വേണം ആ ദമ്പതികളുടെ പിന്നീടുള്ള ജീവിതം.
വിവാഹത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ
14. 1 കൊരിന്ത്യർ 7:10, 11-ൽ പറയുന്ന ഏതു കാര്യം വിവാഹത്തിൽ സംഭവിച്ചേക്കാം?
14 യഹോവയെയും യേശുവിനെയും പോലെ എല്ലാ ക്രിസ്ത്യാനികളും വിവാഹത്തോട് ആദരവ് കാണിക്കാൻ നല്ല ശ്രമം ചെയ്യണം. എന്നാൽ മനുഷ്യർ അപൂർണരായതുകൊണ്ട് ചിലർക്ക് ഇതിൽ പിഴവ് പറ്റാം. (റോമ. 7:18-23) അതുകൊണ്ട് ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികളുടെ വിവാഹജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നു എന്നു കേൾക്കുമ്പോൾ നമ്മൾ അതിശയിക്കേണ്ടതില്ല. “ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്” എന്നു പൗലോസ് എഴുതിയെങ്കിലും ചില സാഹചര്യങ്ങളിൽ അതു സംഭവിച്ചു എന്നതാണു വസ്തുത.—1 കൊരിന്ത്യർ 7:10, 11 വായിക്കുക.
15, 16. (എ) വിവാഹത്തിൽ പ്രശ്നങ്ങളുണ്ടായാലും, എന്തായിരിക്കണം ദമ്പതികളുടെ ലക്ഷ്യം, എന്തുകൊണ്ട്? (ബി) ഇണകളിൽ ഒരാൾ വിശ്വാസിയല്ലെങ്കിൽ എന്തു ചെയ്യാനാകും?
15 അങ്ങനെ വേർപിരിയാൻ കാരണം എന്താണെന്നു പൗലോസ് വിശദീകരിക്കുന്നില്ല. ഭർത്താവ് അധാർമികതയിൽ ഏർപ്പെട്ടു എന്നതായിരുന്നില്ല പ്രശ്നം, അങ്ങനെയായിരുന്നെങ്കിൽ അതു ഭാര്യക്കു വിവാഹമോചനത്തിനും പുനർവിവാഹത്തിനും ഉള്ള അടിസ്ഥാനം നൽകിയേനേ. ഭർത്താവിൽനിന്ന് വേർപിരിഞ്ഞ ഭാര്യ, “വിവാഹം കഴിക്കാതെ ജീവിക്കണം. അല്ലെങ്കിൽ ഭർത്താവുമായി രമ്യതയിലാകണം” എന്നു പൗലോസ് എഴുതി. ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ രണ്ടു പേരും ഇപ്പോഴും ഒന്നാണ് എന്ന് ഇത് അർഥമാക്കുന്നു. പ്രശ്നങ്ങൾ എന്തുതന്നെയായാലും, ലൈംഗിക അധാർമികത ഉൾപ്പെട്ടിട്ടില്ലെങ്കിൽ രമ്യതയിലാകുക എന്നതായിരിക്കണം ലക്ഷ്യമെന്നു പൗലോസ് ഉപദേശിച്ചു. രണ്ടു പേർക്കും സഭാമൂപ്പന്മാരിൽനിന്ന് തിരുവെഴുത്തുസഹായം തേടാവുന്നതാണ്. ആരുടെയും പക്ഷം പിടിക്കാതെ, മൂപ്പന്മാർക്കു തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി രണ്ടു പേർക്കും ഉപദേശം നൽകാൻ കഴിയും.
16 ഇണകളിൽ ഒരാൾ മാത്രമാണ് യഹോവയെ സേവിക്കുന്നതെന്നു കരുതുക. അത്തരം സാഹചര്യങ്ങളിൽ പ്രശ്നങ്ങളുണ്ടായാൽ വേർപിരിയുന്നതാണോ ന്യായമായ പരിഹാരം? നമ്മൾ കണ്ടതുപോലെ, ലൈംഗിക അധാർമികത വിവാഹമോചനത്തിനുള്ള സാധുവായ ഒരു കാരണമാണ്, എന്നാൽ ഭാര്യയും ഭർത്താവും വേർപിരിഞ്ഞ് ജീവിക്കാനുള്ള കാരണങ്ങളോരോന്നും ബൈബിൾ അക്കമിട്ട് പറയുന്നില്ല. പൗലോസ് എഴുതി: “ഒരു സ്ത്രീയുടെ ഭർത്താവ് അവിശ്വാസിയാണെങ്കിലും ഭാര്യയുടെകൂടെ താമസിക്കാൻ അദ്ദേഹത്തിനു സമ്മതമാണെങ്കിൽ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിക്കരുത്.” (1 കൊരി. 7:12, 13) നമ്മുടെ കാലത്തും ഈ തത്ത്വം ബാധകമാണ്.
17, 18. പ്രശ്നങ്ങളുണ്ടായിട്ടും ചില ക്രിസ്ത്യാനികൾ വേർപിരിഞ്ഞ് താമസിക്കേണ്ടാ എന്നു തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
17 എന്നാൽ ചില സാഹചര്യങ്ങളിൽ “ഭാര്യയുടെകൂടെ താമസിക്കാൻ” ‘അവിശ്വാസിയായ ഭർത്താവിനു’ സമ്മതമല്ലെന്നു തെളിഞ്ഞേക്കാം. അദ്ദേഹം ഭാര്യയെ കഠിനമായി ഉപദ്രവിക്കുന്നുണ്ടായിരിക്കും, ഒരുപക്ഷേ തന്റെ ആരോഗ്യത്തിനോ ജീവനോ അപകടമുണ്ടെന്ന് അവൾ ഭയപ്പെടുന്നുണ്ടാകാം. കുടുംബത്തിന്റെ സാമ്പത്തികമായ ആവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹം കൂട്ടാക്കുന്നില്ലായിരിക്കും. അല്ലെങ്കിൽ ഭാര്യയുടെ ആത്മീയതയ്ക്കു കടുത്ത ഭീഷണിയുയർത്തുന്നുണ്ടാകും. ഭർത്താവ് എന്തുതന്നെ പറഞ്ഞാലും, അദ്ദേഹത്തിനു തന്റെകൂടെ താമസിക്കാൻ ‘സമ്മതമല്ലെന്ന്’ വ്യക്തമാകുന്ന ഇത്തരം സാഹചര്യങ്ങളിൽ ചില ഭാര്യമാർ വേർപിരിയാൻ വ്യക്തിപരമായി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സമാനമായ സാഹചര്യങ്ങളിലുള്ള മറ്റു ചില ക്രിസ്ത്യാനികൾ വേർപിരിയേണ്ടാ എന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. അവർ സഹിച്ചുനിൽക്കുകയും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട്?
18 വേർപിരിഞ്ഞാലും അവർ വിവാഹയിണകൾതന്നെയാണ്. നമ്മൾ നേരത്തേ കണ്ടതുപോലെ, വേർപിരിഞ്ഞ് താമസിച്ചാൽ രണ്ടു പേർക്കും പ്രശ്നങ്ങൾ നേരിട്ടേക്കാം. ഒരുമിച്ച് താമസിക്കാനുള്ള മറ്റൊരു കാരണത്തെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ വിശദീകരിച്ചു. അദ്ദേഹം എഴുതി: “അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യയിലൂടെ വിശുദ്ധീകരിക്കപ്പെടുന്നു. അവിശ്വാസിയായ ഭാര്യയും വിശ്വാസിയായ ഭർത്താവിലൂടെ വിശുദ്ധീകരിക്കപ്പെടുന്നു. അപ്പോൾ നിങ്ങളുടെ മക്കളും വിശുദ്ധരായിരിക്കും. അല്ലെങ്കിൽ അവർ അശുദ്ധരാണെന്നു വരും.” (1 കൊരി. 7:14) അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും അവിശ്വാസിയായ ഇണയോടൊപ്പം ജീവിച്ച വിശ്വസ്തരായ അനേകം ക്രിസ്ത്യാനികൾക്കും അവർ സഹിച്ച ബുദ്ധിമുട്ടുകൾക്കു പ്രയോജനമുണ്ടായി, അവരുടെ ഇണ സത്യാരാധനയിലേക്കു വന്നു.—1 കൊരിന്ത്യർ 7:16 വായിക്കുക; 1 പത്രോ. 3:1, 2.
19. ക്രിസ്തീയസഭകളിൽ സന്തോഷമുള്ള വിവാഹജീവിതം നയിക്കുന്ന ധാരാളം ദമ്പതികളെ നമുക്കു കാണാൻ കഴിയുന്നത് എന്തുകൊണ്ട്?
19 യേശു വിവാഹമോചനത്തോടു ബന്ധപ്പെട്ട ചില ഉപദേശങ്ങൾ തന്നു, അപ്പോസ്തലനായ പൗലോസ് ആകട്ടെ, വേർപിരിഞ്ഞ് ജീവിക്കുന്നതുമായി ബന്ധപ്പെട്ട ഉപദേശങ്ങളും. ദൈവത്തിന്റെ എല്ലാ ദാസന്മാരും വിവാഹത്തെ ആദരണീയമായി കാണാൻ അവർ രണ്ടു പേരും ആഗ്രഹിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്തീയസഭകളിൽ സന്തോഷം നിറഞ്ഞ വിവാഹജീവിതം നയിക്കുന്ന ധാരാളം ദമ്പതികളെ നമുക്കു കാണാം. നിങ്ങളുടെ സഭയിലും അങ്ങനെയുള്ളവരില്ലേ? ഭാര്യയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന വിശ്വസ്തരായ ഭർത്താക്കന്മാർ, ഭർത്താവിനെ ബഹുമാനിക്കുകയും കരുതുകയും ചെയ്യുന്ന സ്നേഹമയികളായ ഭാര്യമാർ. ഇവരെല്ലാം തങ്ങൾ വിവാഹത്തെ ആദരണീയമായി കാണുന്നു എന്നു തെളിയിക്കുന്നവരാണ്. “പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും” എന്നു ദൈവവചനം പറയുന്നു. ഈ വാക്കുകൾ തങ്ങളുടെ ജീവിതത്തിലേക്കു പകർത്തിയ ഒട്ടനേകം ദമ്പതികളെ കാണാൻ കഴിയുന്നതിൽ നമ്മൾ സന്തോഷിക്കുന്നില്ലേ!—എഫെ. 5:31, 33.