പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ബൈബിളിന്റെ ഉത്തരം
മാതാപിതാക്കളെ പരിപാലിക്കാനുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വം പ്രായപൂർത്തിയായ മക്കൾക്കുണ്ട്. അവർ ‘സ്വന്തകുടുംബത്തിൽ ദൈവഭക്തി കാണിക്കാൻ പഠിക്കട്ടെ. അവരുടെ മാതാപിതാക്കൾക്കു . . . കടപ്പെട്ടിരിക്കുന്നതു ചെയ്യട്ടെ. അങ്ങനെ ചെയ്യുന്നതാണു ദൈവത്തിന്റെ നോട്ടത്തിൽ സ്വീകാര്യം’ എന്നാണു ബൈബിൾ പറയുന്നത്. (1 തിമൊഥെയൊസ് 5:4) പ്രായമായ മാതാപിതാക്കൾക്കു നല്ല പരിപാലനം ലഭിക്കുന്നുണ്ട് എന്ന കാര്യം മക്കൾ ഉറപ്പുവരുത്തുമ്പോൾ അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്ന ബൈബിളിന്റെ കല്പന അവർ അനുസരിക്കുകയാണ്. —എഫെസ്യർ 6:2, 3.
പ്രായമായ മാതാപിതാക്കളെ നോക്കേണ്ട പ്രത്യേക വിധത്തെക്കുറിച്ചൊന്നും ബൈബിൾ പറയുന്നില്ല. എന്നാൽ അക്കാര്യത്തിൽ മികച്ച മാതൃകകളായ വിശ്വസ്തരായ സ്ത്രീപുരുഷന്മാരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. കൂടാതെ മാതാപിതാക്കളെ പരിപാലിക്കുന്നവർക്കുള്ള പ്രായോഗിക നിർദേശങ്ങളും അതു തരുന്നു.
ബൈബിൾക്കാലങ്ങളിൽ എങ്ങനെയാണ് ചില കുടുംബാംഗങ്ങൾ അവരുടെ പ്രായമായ മാതാപിതാക്കളെ പരിപാലിച്ചത്?
സാഹചര്യങ്ങൾക്കനുസരിച്ച് അവർ പല വിധങ്ങളിൽ അതു ചെയ്തിട്ടുണ്ട്.
യോസേഫ് താമസിച്ചിരുന്നതു പ്രായമുള്ള തന്റെ അപ്പനായ യാക്കോബിൽനിന്ന് വളരെ അകലെയായിരുന്നു. എന്നാൽ സാഹചര്യം മാറിയപ്പോൾ യാക്കോബിനെ തന്റെ അടുത്ത് താമസിപ്പിക്കാൻ യോസേഫ് കാര്യങ്ങൾ ക്രമീകരിച്ചു. അങ്ങനെ അപ്പനുവേണ്ട താമസവും ഭക്ഷണവും മറ്റും യോസേഫ് നൽകി.—ഉൽപത്തി 45:9-11; 47:11, 12.
രൂത്ത് അമ്മായിയമ്മയുടെ നാട്ടിലേക്കു താമസംമാറി. അവരെ നോക്കുന്നതിനുവേണ്ടി രൂത്ത് കഠിനമായി അധ്വാനിച്ചു.—രൂത്ത് 1:16; 2:2, 17, 18, 23.
യേശു തന്റെ മരണത്തിന്റെ തൊട്ടുമുമ്പ് വിധവയായ തന്റെ അമ്മയെ പരിപാലിക്കുന്നതിനുവേണ്ടി ഒരാളെ ഏൽപ്പിക്കുന്നു.—യോഹന്നാൻ 19:26, 27. a
മാതാപിതാക്കളെ പരിപാലിക്കുന്നവർക്കു ബൈബിൾ എന്തു പ്രായോഗിക നിർദേശങ്ങളാണു നൽകുന്നത്?
പ്രായമായ മാതാപിതാക്കളെ പരിപാലിക്കുമ്പോൾ ചില സമയത്ത് ശാരീരികവും വൈകാരികവും ആയ മടുപ്പ് അനുഭവപ്പെട്ടേക്കാം. അതു തരണം ചെയ്യാൻ സഹായിക്കുന്ന നല്ല തത്ത്വങ്ങൾ ബൈബിളിലുണ്ട്.
മാതാപിതാക്കളെ ബഹുമാനിക്കുക.
ബൈബിൾ പറയുന്നത്: “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.”—പുറപ്പാട് 20:12.
ഈ തത്ത്വം എങ്ങനെ അനുസരിക്കാം? പ്രായമായവർക്കും സ്വാതന്ത്ര്യം ആവശ്യമാണ്. സാഹചര്യം അനുവദിക്കുന്നിടത്തോളം സ്വന്തം കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ അവരെ അനുവദിക്കാം. അങ്ങനെ മക്കൾക്കു മാതാപിതാക്കളെ ബഹുമാനിക്കുന്നുണ്ടെന്നു കാണിക്കാൻ കഴിയും. കഴിയുമെങ്കിൽ തങ്ങളെ എങ്ങനെ പരിപാലിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മാതാപിതാക്കളെ അനുവദിക്കാവുന്നതാണ്. എന്നാൽ അതോടൊപ്പം ന്യായമായ സഹായം ചെയ്തുകൊടുത്തുകൊണ്ടും അവരോട് ആദരവ് കാണിക്കാം.
ക്ഷമിക്കുക, മനസ്സിലാക്കുക.
ബൈബിൾ പറയുന്നത്: “മനുഷ്യന്റെ ഉൾക്കാഴ്ച അവന്റെ കോപം തണുപ്പിക്കുന്നു; ദ്രോഹങ്ങൾ കണ്ടില്ലെന്നു വെക്കുന്നത് അവനു സൗന്ദര്യം.”—സുഭാഷിതങ്ങൾ 19:11.
ഈ തത്ത്വം എങ്ങനെ അനുസരിക്കാം? പ്രായമായ നിങ്ങളുടെ മാതാവോ പിതാവോ ദയയില്ലാതെയോ വിലമതിപ്പില്ലാതെയോ നിങ്ങളോട് എന്തെങ്കിലും പറഞ്ഞെന്ന് വിചാരിക്കുക. അപ്പോൾ സ്വയം ഇങ്ങനെ ചോദിക്കുക: ‘അവരെപ്പോലെ പരിമിതികളും ബുദ്ധിമുട്ടുകളും എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ എങ്ങനെ പെരുമാറുമായിരുന്നു?’ മാതാപിതാക്കളെ മനസ്സിലാക്കി അവരോടു ക്ഷമ കാണിക്കുമ്പോൾ സാഹചര്യം കൂടുതൽ വഷളാകില്ല.
മറ്റുള്ളവരോട് ആലോചിക്കുക.
ബൈബിൾ പറയുന്നത്: “കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു; എന്നാൽ അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.”—സുഭാഷിതങ്ങൾ 15:22.
ഈ തത്ത്വം എങ്ങനെ അനുസരിക്കാം? നിങ്ങളുടെ മാതാപിതാക്കൾക്കുള്ള ആരോഗ്യപ്രശ്നങ്ങളുമായി ഒത്തുപോകാൻ അവരെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് ഗവേഷണം ചെയ്യുക. നിങ്ങളുടെ പ്രദേശത്ത് മാതാപിതാക്കളുടെ ആരോഗ്യപരിപാലനത്തിനുവേണ്ടി എന്തൊക്കെ കാര്യങ്ങൾ ലഭ്യമാണ് എന്ന് അന്വേഷിക്കാൻ കഴിയും. ഈ കാര്യത്തിൽ അനുഭവപരിചയമുള്ള മറ്റുള്ളവരോടു സംസാരിക്കുക. നിങ്ങൾക്കു സഹോദരങ്ങൾ ഉണ്ടെങ്കിൽ അവരെയുംകൂട്ടി കുടുംബം ഒരുമിച്ചിരുന്ന് ചില കാര്യങ്ങൾ ചർച്ച ചെയ്യുക. ഉദാഹരണത്തിന്, എന്തൊക്കെയാണ് മാതാപിതാക്കളുടെ ആവശ്യം, അവരെ എങ്ങനെ നന്നായി നോക്കാം, ആർക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകും എന്നിവപ്പോലുള്ളവ.
എളിമയുള്ളവരായിരിക്കുക.
ബൈബിൾ പറയുന്നത്: “എളിമയുള്ളവർ ജ്ഞാനികളാണ്.”—സുഭാഷിതങ്ങൾ 11:2.
ഈ തത്ത്വം എങ്ങനെ അനുസരിക്കാം? നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കുക. ഉദാഹരണത്തിന്, പലർക്കും ഇന്ന് സമയവും ആരോഗ്യവും ഒക്കെ കുറവാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നതുപോലെ മാതാപിതാക്കളെ നോക്കാൻ ഒരുപക്ഷേ കഴിഞ്ഞെന്നു വരില്ല. പ്രായമായ മാതാപിതാക്കളെ ഒറ്റയ്ക്കു നോക്കാൻ നിങ്ങളെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ മറ്റു കുടുംബാംഗങ്ങളുടെ സഹായം തേടാം. അല്ലെങ്കിൽ പ്രായമായവരെ പരിപാലിക്കുന്നതിൽ വിദഗ്ധ പരിശീലനം നേടിയവരുടെ സഹായം ചോദിക്കാം.
സ്വന്തം ആരോഗ്യത്തിന്റെ കാര്യം മറക്കരുത്.
ബൈബിൾ പറയുന്നത്: “ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ലല്ലോ. . . . വാത്സല്യത്തോടെ അതിനെ പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്?”—എഫെസ്യർ 5:29.
ഈ തത്ത്വം എങ്ങനെ അനുസരിക്കാം? മാതാപിതാക്കളെ നോക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്ക് ഉണ്ടെങ്കിലും നിങ്ങളുടെ ആവശ്യങ്ങളും, വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ കുടുംബത്തിലെ കാര്യങ്ങളും നോക്കാൻ മറക്കരുത്. നന്നായി ഭക്ഷണം കഴിക്കുക. ആവശ്യത്തിനു വിശ്രമവും ഉറക്കവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. (സഭാപ്രസംഗകൻ 4:6) സാധിക്കുമ്പോൾ ഒഴിവുസമയം കണ്ടെത്താൻ ശ്രമിക്കണം. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങളുടെ മാതാപിതാക്കളെ പരിപാലിക്കാനുള്ള മാനസികവും വൈകാരികവും ശാരീരികവും ആയ ഒരു നില നിങ്ങൾക്ക് ഉണ്ടാകും.
പ്രായമായ മാതാപിതാക്കളെ ഒരു പ്രത്യേക വിധത്തിലേ പരിപാലിക്കാവൂ എന്ന് ബൈബിൾ പറയുന്നുണ്ടോ?
പ്രായമായ മാതാപിതാക്കളെ മക്കൾ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് ബൈബിൾ വ്യക്തമായ നിർദേശം തരുന്നില്ല. ചില കുടുംബങ്ങളിൽ മക്കൾതന്നെ കഴിയാവുന്നിടത്തോളം മാതാപിതാക്കളെ വീട്ടിൽവെച്ച് പരിചരിക്കുന്നു. എന്നാൽ മറ്റു ചിലരുടെ സാഹചര്യം വ്യത്യസ്തമായതുകൊണ്ട് അവർ മാതാപിതാക്കളെ നോക്കുന്നതിനുവേണ്ടി ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കുന്നു. അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യുന്നു. ഇക്കാര്യത്തിൽ ഏറ്റവും നല്ല തീരുമാനമെടുക്കാൻ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുന്നത് നല്ലതാണ്.—ഗലാത്യർ 6:4, 5.
a ഇതെക്കുറിച്ച് ഒരു ബൈബിൾ വ്യാഖ്യാനം പറയുന്നത് ഇങ്ങനെയാണ്: “യോസേഫ് (മറിയയുടെ ഭർത്താവ്) മരിച്ചിട്ട് അനേകവർഷങ്ങൾ ആയിട്ടുണ്ടാകാം. തന്നെ ഇതുവരെ പരിപാലിച്ചിരുന്ന യേശു ഇപ്പോൾ മരിക്കാൻ പോകുന്നു. ഇനി മറിയയുടെ അവസ്ഥ എന്തായിരിക്കും? . . . പ്രായമുള്ള മാതാപിതാക്കൾക്ക് ആശ്വാസവും സംരക്ഷണവും നൽകുന്ന കാര്യത്തിൽ ക്രിസ്തു മക്കൾക്കു നല്ല മാതൃകവെച്ചു.”—എൻഐവി, മാത്യു ഹെൻറിയുടെ വ്യാഖ്യാനം ഒറ്റവാല്യത്തിൽ, പേജ് 428-429.