ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂൺ 1-7
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 44–45
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 813
വസ്ത്രം കീറുന്നത്
ജൂതന്മാരും പൗരസ്ത്യദേശക്കാരും ദുഃഖം പ്രകടിപ്പിക്കാൻ സാധാരണ ചെയ്യുന്ന ഒരു കാര്യമാണ് ഇത്, പ്രത്യേകിച്ചും അടുത്ത ഒരു ബന്ധുവിന്റെ മരണത്തെക്കുറിച്ച് കേൾക്കുമ്പോൾ. പലപ്പോഴും നെഞ്ച് കാണാവുന്ന രീതിയിൽ വസ്ത്രത്തിന്റെ മുൻഭാഗം കീറുമായിരുന്നു. അല്ലാതെ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ അതു മുഴുവൻ കീറില്ലായിരുന്നു.
ബൈബിളിൽ യാക്കോബിന്റെ മകനായ രൂബേനാണ് ആദ്യമായിട്ട് ഇങ്ങനെ ചെയ്തതായി നമ്മൾ വായിക്കുന്നത്. കുഴിയിൽ ഇട്ടിരുന്ന യോസേഫിനെ കാണാതായപ്പോൾ രൂബേൻ വസ്ത്രം കീറിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “കുട്ടിയെ കാണാനില്ല! ഞാൻ, ഞാൻ ഇനി എന്തു ചെയ്യും?” മൂത്ത മകനായിരുന്നതുകൊണ്ട് ഇളയ സഹോദരന്റെ കാര്യത്തിൽ രൂബേനായിരുന്നു ഉത്തരവാദിത്വം. അതുപോലെ, യോസേഫ് മരിച്ചെന്നു കേട്ടപ്പോൾ അപ്പനായ യാക്കോബും വസ്ത്രം കീറുകയും വിലാപവസ്ത്രം ഉടുത്ത് മകനെ ഓർത്ത് കരയുകയും ചെയ്തു. (ഉൽ 37:29, 30, 34) ഈജിപ്തിൽവെച്ച്, ബന്യാമീൻ മോഷണം നടത്തിയെന്ന കുറ്റം ആരോപിച്ചപ്പോൾ യോസേഫിന്റെ ചേട്ടന്മാരും തങ്ങളുടെ സങ്കടം പ്രകടിപ്പിക്കാൻ വസ്ത്രം കീറി.—ഉൽ 44:13.
ജൂൺ 8-14
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 46–47
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 220 ¶1
മനോഭാവങ്ങളും ആംഗ്യങ്ങളും
മരിച്ച വ്യക്തിയുടെ കണ്ണടയ്ക്കുന്നത്. സാധാരണ മൂത്ത മകനാണു മരിച്ചയാളുടെ കണ്ണടച്ചിരുന്നത്. യഹോവ യാക്കോബിനോടു പറഞ്ഞു: “നീ മരിക്കുമ്പോൾ യോസേഫ് നിന്റെ കണ്ണടയ്ക്കും.” (ഉൽ 46:4) അങ്ങനെ പറഞ്ഞപ്പോൾ മൂത്ത മകന്റെ അവകാശം യോസേഫിനു കൊടുക്കണമെന്ന് യഹോവ സൂചിപ്പിച്ചതായിരിക്കാം.—1ദിന 5:2.
പ്രവൃ 7:14-ന്റെ പഠനക്കുറിപ്പ്, nwtsty
മൊത്തം 75 പേരുണ്ടായിരുന്നു: ഈജിപ്തിലേക്കു പോയ യാക്കോബിന്റെ കുടുംബത്തിൽ മൊത്തം 75 പേരുണ്ടായിരുന്നു എന്നു സ്തെഫാനൊസ് പറഞ്ഞെങ്കിലും സാധ്യതയനുസരിച്ച് അദ്ദേഹം അത് എബ്രായതിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചതല്ല. കാരണം, എബ്രായതിരുവെഴുത്തുകളുടെ മാസൊരിറ്റിക്ക് പാഠത്തിൽ ഈ സംഖ്യ കാണുന്നില്ല. “യാക്കോബിനോടൊപ്പം ഈജിപ്തിലേക്കു പോയ മക്കൾ ആകെ 66 പേരായിരുന്നു. ഇതിൽ യാക്കോബിന്റെ ആൺമക്കളുടെ ഭാര്യമാരെ കൂട്ടിയിട്ടില്ല” എന്നാണ് ഉൽ 46:26 പറയുന്നത്. തുടർന്ന് 27-ാം വാക്യത്തിൽ, “ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബത്തിൽ ആകെ 70 പേർ” ഉണ്ടായിരുന്നെന്നും കാണുന്നു. ഇവിടെ ആളുകളുടെ എണ്ണം കണക്കുകൂട്ടിയിരിക്കുന്നതു രണ്ടു വിധത്തിലാണ്. ആദ്യത്തെ സംഖ്യയിൽ യാക്കോബിന്റെ പിൻതലമുറക്കാർ മാത്രവും രണ്ടാമത്തേതിൽ ഈജിപ്തിലേക്കു പോയ മുഴുവൻ ആളുകളുടെ എണ്ണവും ആയിരിക്കാം ഉൾപ്പെടുത്തിയത്. ഇനി യാക്കോബിന്റെ പിൻതലമുറക്കാരുടെ സംഖ്യ “70” ആയിരുന്നെന്നാണു പുറ 1:5; ആവ 10:22 എന്നീ വാക്യങ്ങൾ പറയുന്നത്. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു സംഖ്യയാണു സ്തെഫാനൊസ് പറഞ്ഞത്. സാധ്യതയനുസരിച്ച് യാക്കോബിന്റെ ബന്ധുക്കളിൽപ്പെട്ട മറ്റു ചിലരെക്കൂടി ഉൾപ്പെടുത്തിയ സംഖ്യയായിരുന്നിരിക്കാം അത്. യോസേഫിന്റെ മക്കളായ മനശ്ശെയുടെയും എഫ്രയീമിന്റെയും മക്കളെയും കൊച്ചുമക്കളെയും ഒക്കെ ആ സംഖ്യയിൽ കൂട്ടിയിരിക്കാം എന്നു ചിലർ അഭിപ്രായപ്പെടുന്നു. യാക്കോബിന്റെ പിൻതലമുറക്കാരായ അവരെക്കുറിച്ച് ഉൽ 46:20-ന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ പരാമർശമുണ്ട്. എന്നാൽ, ഉൽ 46:26-ലെ സംഖ്യയിൽ ഉൾപ്പെടുത്താത്ത യാക്കോബിന്റെ പുത്രഭാര്യമാരെയുംകൂടെ ചേർത്താണു “75” എന്നു കണക്കുകൂട്ടിയതെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും “75” എന്നതു മൊത്തത്തിലുള്ള ഒരു സംഖ്യയായിരിക്കാം. ഒന്നാം നൂറ്റാണ്ടിൽ പ്രചാരത്തിലിരുന്ന എബ്രായ തിരുവെഴുത്തുകളുടെ പകർപ്പുകളിൽ ഈ സംഖ്യ ഉണ്ടായിരുന്നിരിക്കാനും സാധ്യതയുണ്ട്. ഉദാഹരണത്തിന്, സെപ്റ്റുവജിന്റ് പരിഭാഷയിൽ ഉൽ 46:27-ലും പുറ 1:5-ലും “75” എന്ന സംഖ്യയാണുണ്ടായിരുന്നതെന്നു പല പണ്ഡിതന്മാരും വർഷങ്ങളായി അംഗീകരിക്കുന്നു. ഇനി, 20-ാം നൂറ്റാണ്ടിൽ കണ്ടെത്തിയ ചാവുകടൽ ചുരുളിന്റെ രണ്ടു ശകലങ്ങളിലും പുറ 1:5-ന്റെ എബ്രായപാഠത്തിൽ “75” എന്ന സംഖ്യയാണു കാണുന്നത്. ഈ പുരാതനരേഖകളിൽ ഏതിന്റെയെങ്കിലും ചുവടുപിടിച്ചായിരിക്കാം സ്തെഫാനൊസ് “75” എന്ന സംഖ്യ ഉപയോഗിച്ചത്. ചുരുക്കത്തിൽ, യാക്കോബിന്റെ പിൻതലമുറക്കാരുടെ എണ്ണം പല വിധത്തിൽ കണക്കുകൂട്ടാം. സ്തെഫാനൊസ് അതിൽ ഒരു സംഖ്യ ഉപയോഗിച്ചെന്നു മാത്രം.
ജൂൺ 15-21
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 48–50
“പ്രായമായവർക്കു നമ്മളോടു പലതും പറയാനുണ്ട്”
it-1-E 1246 ¶8
യാക്കോബ്
മരിക്കുന്നതിനു തൊട്ടുമുമ്പ് തന്റെ കൊച്ചുമക്കളായ യോസേഫിന്റെ ആൺമക്കളെ യാക്കോബ് അനുഗ്രഹിച്ചു. ദൈവത്താൽ വഴി നയിക്കപ്പെട്ട് യാക്കോബ് മൂത്തവനായ മനശ്ശെയെക്കാൾ ഇളയവനായ എഫ്രയീമിനെ അനുഗ്രഹിച്ചു. അതു കഴിഞ്ഞിട്ട്, മൂത്ത മകന്റെ ഇരട്ടിയവകാശം ലഭിക്കാനിരുന്ന യോസേഫിനോട് യാക്കോബ് ഇങ്ങനെ പറഞ്ഞു: “എന്റെ വാളും വില്ലും കൊണ്ട് ഞാൻ അമോര്യരുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ദേശം വിഭാഗിക്കുമ്പോൾ നിന്റെ സഹോദരന്മാർക്കു കൊടുക്കുന്നതിനെക്കാൾ ഒരു ഓഹരി ഞാൻ നിനക്ക് അധികം തരുന്നു.” (ഉൽ 48:1-22;1ദിന 5:1) ഹാമോരിന്റെ പുത്രന്മാരുടെ കൈയിൽനിന്ന് യുദ്ധമൊന്നും ചെയ്യാതെ പണം കൊടുത്താണ് യാക്കോബ് ശെഖേമിന് അടുത്തുള്ള സ്ഥലം വാങ്ങിയത്. (ഉൽ 33:19, 20) പിന്നെ എന്തുകൊണ്ടാണ് തന്റെ വാളും വില്ലും കൊണ്ട് കനാൻ ദേശം ഇപ്പോൾത്തന്നെ പിടിച്ചെടുത്തു എന്ന രീതിയിൽ യാക്കോബ് സംസാരിച്ചത്? യോസേഫിനു കൊടുത്ത ഈ വാഗ്ദാനത്തിലൂടെ തന്റെ പിൻതലമുറക്കാർ കനാൻ കീഴടക്കും എന്നു യാക്കോബ് മുൻകൂട്ടിപ്പറഞ്ഞതായിരിക്കാം. യാക്കോബിന് അത് അത്ര ഉറപ്പായിരുന്നതുകൊണ്ടാണ് തന്റെ വാളും വില്ലും കൊണ്ട് ‘ദേശം പിടിച്ചെടുത്തു’ എന്നു യാക്കോബ് പറഞ്ഞത്. യാക്കോബിന്റെ വിശ്വാസമാണ് അതു കാണിക്കുന്നത്. കീഴടക്കിയ കനാൻ ദേശത്ത്, എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങൾക്ക് ഓരോ ഓഹരി വീതം കൊടുത്തപ്പോൾ യാക്കോബിന്റെ ആ വാക്കുകൾ നിറവേറി, അതായത് യോസേഫിനു ഇരട്ടിയവകാശം കിട്ടി.
it-2-E 206 ¶1
അവസാനനാളുകൾ
മരണക്കിടക്കയിലെ യാക്കോബിന്റെ പ്രവചനം. “ഒരുമിച്ച് കൂടിവരുവിൻ; അവസാനനാളുകളിൽ (“ഭാവികാലത്ത്,” സത്യവേദപുസ്തകം) നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ നിങ്ങളെ അറിയിക്കാം” എന്നു യാക്കോബ് ആൺമക്കളോടു പറഞ്ഞപ്പോൾ തന്റെ വാക്കുകൾ നിവൃത്തിയാകാൻ പോകുന്ന കാലത്തെയാണ് യാക്കോബ് അർഥമാക്കിയത്. (ഉൽ 49:1) രണ്ടു നൂറ്റാണ്ടിലേറെ മുമ്പ് യഹോവ യാക്കോബിന്റെ മുത്തച്ഛനായ അബ്രാമിനോട് (അബ്രാഹാമിനോട്), 400 വർഷം അബ്രാമിന്റെ സന്തതി അവരുടേതല്ലാത്ത ദേശത്ത് കഷ്ടപ്പാട് അനുഭവിക്കുമെന്നു പറഞ്ഞിരുന്നു. (ഉൽ 15:13) അതുകൊണ്ട്, യാക്കോബ് ‘അവസാനനാളുകൾ’ എന്ന് സൂചിപ്പിച്ച ഭാവികാലം 400 വർഷത്തെ കഷ്ടതയുടെ കാലം കഴിഞ്ഞതിനുശേഷമേ തുടങ്ങുമായിരുന്നുള്ളൂ. ‘ദൈവത്തിന്റെ ഇസ്രായേൽ’ ഉൾപ്പെട്ട ഒരു ഭാവി നിവൃത്തിയും ഈ പ്രവചനത്തിന് പ്രതീക്ഷിക്കാമായിരുന്നു.—ഗല 6:16; റോമ 9:6.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 289 ¶2
ബന്യാമീൻ
പ്രിയ മകനായ ബന്യാമീനോട് യാക്കോബ് മരണക്കിടക്കയിൽവെച്ച് പറഞ്ഞ പിൻവരുന്ന വാക്കുകളിൽനിന്ന് ബന്യാമീന്റെ പിൻമുറക്കാരുടെ പോരാട്ടവീര്യം മനസ്സിലാക്കാം: “ബന്യാമീൻ ഒരു ചെന്നായെപ്പോലെ കടിച്ചുകീറിക്കൊണ്ടിരിക്കും. രാവിലെ അവൻ ഇരയെ ഭക്ഷിക്കും; വൈകുന്നേരം അവൻ കൊള്ളമുതൽ പങ്കിടും.” (ഉൽ 49:27) ബന്യാമീൻ ഗോത്രത്തിലെ പടയാളികൾ “തലനാരിഴയ്ക്കുപോലും” ഉന്നം തെറ്റാതെ കല്ല് എറിയുന്ന കവണക്കാരായിരുന്നു. അവർക്ക് ഇടങ്കൈയും വലങ്കൈയും ഒരുപോലെ വശമായിരുന്നു. (ന്യായ 20:16; 1ദിന 12:2) ഇസ്രായേല്യരെ അടിച്ചമർത്തിയ എഗ്ലോൻ രാജാവിനെ വധിച്ച ഇടങ്കൈയനായ ന്യായാധിപൻ ഏഹൂദ് ഒരു ബന്യാമീന്യനായിരുന്നു. (ന്യായ 3:15-21) ബന്യാമീൻ ഗോത്രം ‘ഇസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായിരുന്നെങ്കിലും’ ഇസ്രായേൽ രാജ്യത്തിന്റെ “രാവിലെ” സമയത്ത് അതിന്റെ ആദ്യരാജാവായത് ആ ഗോത്രത്തിലെ കീശിന്റെ മകൻ ‘ശൗൽ’ ആയിരുന്നു. ഫെലിസ്ത്യരോടുള്ള പോരാട്ടങ്ങളിൽ താൻ ശരിക്കും ഒരു ധീരനായ പോരാളിയാണെന്ന് ശൗൽ തെളിയിച്ചു. (1ശമു 9:15-17, 21) അതുപോലെ, ഇസ്രായേൽ രാജ്യത്തിന്റെ ‘വൈകുന്നേരം,’ അവർ പേർഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന സമയത്ത്, ശത്രുക്കൾ അവരെ ഉന്മൂലനാശം വരുത്താതെ രക്ഷിച്ചത് ബന്യാമീൻ ഗോത്രത്തിൽപ്പെട്ട രണ്ടു പേരായിരുന്നു, എസ്ഥേർ രാജ്ഞിയും പ്രധാനമന്ത്രിയായ മൊർദെഖായിയും.—എസ്ഥ 2:5-7.
ജൂൺ 22-28
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 1–3
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
g04-E 4/8 6 ¶5
മോശ—ഒരു ഭാവനാസൃഷ്ടി മാത്രമോ?
ഈജിപ്തിലെ ഒരു രാജകുമാരി മോശയെപ്പോലുള്ള ഒരു ശിശുവിനെ ദത്തെടുക്കുമെന്നു വിശ്വസിക്കാൻ കഴിയുമോ? കഴിയും. കാരണം, സ്വർഗത്തിൽ പോകുന്നതിന് ദയാപ്രവൃത്തികൾ ആവശ്യമാണെന്ന് ഈജിപ്തിലെ മതം പഠിപ്പിച്ചിരുന്നു. ഇനി, ദത്തെടുക്കുന്നതിനെപ്പറ്റി പുരാവസ്തു ശാസ്ത്രജ്ഞനായ ജോയ്സ് ടിൽഡെസ്ലി പറയുന്നു: “ഈജിപ്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ സ്ഥാനമുണ്ടായിരുന്നു. നിയമപരവും സാമ്പത്തികവും ആയ അവകാശങ്ങളിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലായിരുന്നു. . . . സ്ത്രീകൾക്ക് ദത്തെടുക്കാനും കഴിയുമായിരുന്നു.” ഒരു ഈജിപ്തുകാരി തന്റെ അടിമകളെ ദത്തെടുത്തതിന്റെ ഒരു പപ്പൈറസ് രേഖപോലും കിട്ടിയിട്ടുണ്ട്. മുലയൂട്ടാനുള്ള സ്ത്രീയായി മോശയുടെ അമ്മയെ പണം കൊടുത്ത് നിയമിച്ചതിനെക്കുറിച്ച് ആങ്കർ ബൈബിൾ ഡിക്ഷനറി (ഇംഗ്ലീഷ്) പറയുന്നു: “മുലയൂട്ടാൻ മോശയുടെ അമ്മയെ പണം കൊടുത്ത് ഏൽപ്പിച്ചതിനു സമാനമായ ക്രമീകരണങ്ങൾ . . . മെസൊപ്പൊത്താമ്യയിൽ നിലവിലുണ്ടായിരുന്നു എന്നാണ് അവിടത്തെ ദത്തെടുക്കൽ രേഖകൾ കാണിക്കുന്നത്.”
ജൂൺ 29–ജൂലൈ 5
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 4–5
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 12 ¶5
യഹോവ
ഒരാളെയോ എന്തിനെയെങ്കിലുമോ ‘അറിയുക’ എന്നു പറഞ്ഞാൽ വെറുതെ പരിചയമുണ്ടെന്നു മാത്രമല്ല അർഥം. ദാവീദിന്റെ പേര് അറിയാമായിരുന്നിട്ടും വിഡ്ഢിയായ നാബാൽ “ആരാണ് ഈ ദാവീദ്” എന്നു ചോദിച്ചു. വാസ്തവത്തിൽ ആ ചോദ്യത്തിന്റെ ധ്വനി ദാവീദ് തീരെ നിസ്സാരനാണ് എന്നായിരുന്നു. (1ശമു 25:9-11; 2ശമു 8:13 താരതമ്യം ചെയ്യുക.) മോശയോടുള്ള ഫറവോന്റെ ഈ വാക്കുകളിലും അതേ ധ്വനിയാണുള്ളത്: “ഇസ്രായേലിനെ വിട്ടയയ്ക്കണമെന്ന യഹോവയുടെ വാക്കു ഞാൻ കേൾക്കാൻമാത്രം അവൻ ആരാണ്? ഞാൻ യഹോവയെ അറിയുകയേ ഇല്ല. മാത്രമല്ല ഞാൻ ഇസ്രായേലിനെ വിട്ടയയ്ക്കാനുംപോകുന്നില്ല.” (പുറ 5:1, 2) അതുകൊണ്ട്, യഹോവയെ അറിയില്ലെന്ന് പറഞ്ഞപ്പോൾ ഫറവോൻ ഉദ്ദേശിച്ചത് ഇതായിരിക്കാം: ‘യഹോവയാണ് സത്യദൈവമെന്നോ യഹോവയ്ക്ക് ഈജിപ്തിലെ രാജാവിന്റെ മേലോ രാജ്യകാര്യങ്ങളുടെ മേലോ എന്തെങ്കിലും അധികാരമുണ്ടെന്നോ മോശയിലൂടെയും അഹരോനിലൂടെയും പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനുള്ള ശക്തി യഹോവയ്ക്കുണ്ടെന്നോ എനിക്ക് തോന്നുന്നില്ല.’ എന്നാൽ പെട്ടെന്നുതന്നെ ഫറവോനും ഈജിപ്തുകാരും ഇസ്രായേല്യരും ആ പേരിന്റെ യഥാർഥ അർഥം അറിയുമായിരുന്നു. അതായത്, ആ പേരിനു പിന്നിലെ വ്യക്തിയെ അവർ അറിയും. പ്രത്യേകിച്ചും, ഇസ്രായേല്യരെക്കുറിച്ച് മോശയിലൂടെ പറഞ്ഞ കാര്യങ്ങൾ ദൈവം നടപ്പാക്കുമ്പോൾ അവർക്ക് അത് ശരിക്കും മനസ്സിലാകുമായിരുന്നു. കാരണം, ദൈവം അവരെ വിടുവിച്ച്, അവർക്ക് വാഗ്ദത്തദേശം കൊടുത്ത്, അവരുടെ പൂർവികരോടു ചെയ്ത ഉടമ്പടി നിറവേറ്റാൻ പോകുകയായിരുന്നു. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തീർച്ചയായും അറിയും” എന്ന് യഹോവ പറഞ്ഞത് ഈ അർഥത്തിലാണ്.—പുറ 6:4-8.