“ഇനി പറുദീസയിൽ കാണാം!”
“നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.”—ലൂക്കോ. 23:43.
1, 2. പറുദീസയെക്കുറിച്ച് ആളുകൾക്കു വ്യത്യസ്തമായ എന്തെല്ലാം കാഴ്ചപ്പാടുകളാണുള്ളത്?
വികാരനിർഭരമായ ഒരു കാഴ്ചയായിരുന്നു അത്. കൊറിയയിലെ സോൾ നഗരത്തിൽവെച്ച് നടന്ന ഒരു കൺവെൻഷന്റെ അവസാനദിവസം. കൺവെൻഷൻ കഴിഞ്ഞ്, വിദേശത്തുനിന്ന് വന്ന സഹോദരങ്ങൾ സ്റ്റേഡിയത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കൊറിയക്കാരായ സഹോദരങ്ങൾ ഒരുമിച്ചുകൂടി. പലരും കൈവീശി കാണിച്ചുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു: “ഇനി പറുദീസയിൽ കാണാം!” പറുദീസ എന്നു പറഞ്ഞപ്പോൾ അവർ എന്താണ് അർഥമാക്കിയത്?
2 പറുദീസയെക്കുറിച്ച് പലർക്കും പല കാഴ്ചപ്പാടുകളാണുള്ളത്. ചിലർക്കു ‘പറുദീസ’ എന്നതു വെറും ഭാവനാസൃഷ്ടിയാണ്. മറ്റു ചിലരുടെ കാര്യത്തിൽ, അവർക്ക് എവിടെയാണോ സന്തോഷവും സംതൃപ്തിയും കിട്ടുന്നത് അവിടമാണ് അവരുടെ പറുദീസ. പട്ടിണി കിടക്കുന്ന ഒരു മനുഷ്യന്റെ മുന്നിൽ വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കിവെച്ചാൽ പറുദീസയിൽ എത്തിയതുപോലെയായിരിക്കും അദ്ദേഹത്തിനു തോന്നുക. മനോഹരമായ പൂക്കൾ ചൂടി നിൽക്കുന്ന ഒരു മലഞ്ചെരിവ് കണ്ടപ്പോൾ 19-ാം നൂറ്റാണ്ടിൽ അവിടം സന്ദർശിച്ച ഒരു സ്ത്രീ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഇതു പറുദീസതന്നെ!” വാസ്തവത്തിൽ വർഷത്തിൽ ഏകദേശം 15 മീറ്റർ മഞ്ഞു പെയ്യുന്ന സ്ഥലമാണ് അത്. എന്നിട്ടും ആ സ്ഥലത്തിനു പറുദീസ എന്ന പേരു വന്നു. ആകട്ടെ, പറുദീസ എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്താണു വരുന്നത്? അതിനായി നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടോ?
3. പറുദീസയെക്കുറിച്ച് ബൈബിളിന്റെ ആദ്യഭാഗത്ത് എന്താണു പറഞ്ഞിരിക്കുന്നത്?
3 ഒരിക്കൽ സ്ഥിതി ചെയ്തിരുന്ന പറുദീസയെക്കുറിച്ചും വരാനിരിക്കുന്ന ഒരു പറുദീസയെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ബൈബിളിന്റെ ആദ്യഭാഗങ്ങളിൽത്തന്നെ പറുദീസയെക്കുറിച്ചുള്ള പരാമർശം കാണാം. ലത്തീൻ ഭാഷയിൽനിന്ന് പരിഭാഷ ചെയ്ത കാത്തലിക് ഡുവേ വേർഷനിൽ ഉൽപത്തി 2:8 ഇങ്ങനെ വായിക്കുന്നു: “കർത്താവായ ദൈവം തുടക്കത്തിൽ ഉല്ലാസത്തിന്റെ ഒരു പറുദീസ സൃഷ്ടിച്ചു. താൻ സൃഷ്ടിച്ച (ആദാമിനെ) അവിടെ ആക്കി.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) എബ്രായപാഠഭാഗത്ത് ‘ഏദെൻ തോട്ടം’ എന്നാണു കാണുന്നത്. ഏദെൻ എന്ന വാക്കിന്റെ അർഥം “ഉല്ലാസം” എന്നാണ്. ശരിക്കും ആ തോട്ടം ഉല്ലാസം നിറഞ്ഞതായിരുന്നു. ആവശ്യത്തിനു ഭക്ഷണവും രസകരമായ കാഴ്ചകളും എല്ലാ തരം മൃഗങ്ങളും ഒക്കെയുള്ള മനോഹരമായ ഒരു തോട്ടം.—ഉൽപ. 1:29-31.
4. ഏദെൻ തോട്ടത്തെ പറുദീസ എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്?
4 “തോട്ടം” എന്നതിനുള്ള എബ്രായപദം വരുന്നിടത്ത് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം പാരഡെയ്സോസ് ആണ്. പാരഡെയ്സോസിനെക്കുറിച്ച് മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും സൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ ഒരു ഉദ്യാനം. ആർക്കും, ഒന്നിനും ഒരു ഹാനിയും തട്ടുകയില്ലാത്ത ഒന്ന്. പ്രകൃതിയുടെ മനോഹാരിത കവിഞ്ഞൊഴുകുന്ന ഒന്ന്. രാജകീയമായ പകിട്ടോടെ തല ഉയർത്തി നിൽക്കുന്ന വനവൃക്ഷങ്ങൾ. മിക്കതും നിറയെ പഴങ്ങൾ. അവയെ തഴുകി ഒഴുകുന്ന സ്വച്ഛസുന്ദരമായ അരുവികൾ, അവയുടെ തീരങ്ങളിൽ മേഞ്ഞുനടക്കുന്ന ചെമ്മരിയാടുകളുടെയും മാനുകളുടെയും വലിയ കൂട്ടങ്ങൾ. ആ ഗ്രീക്കു സഞ്ചാരിയുടെ മനസ്സിൽ വന്നത് ഈ ചിത്രമായിരിക്കാം.”—ഉൽപത്തി 2:15, 16 താരതമ്യം ചെയ്യുക.
5, 6. എങ്ങനെയാണു പറുദീസ നഷ്ടമായത്, അത് ഏതു ചോദ്യം മനസ്സിലേക്കു കൊണ്ടുവരുന്നു?
5 ദൈവം ആദാമിനെയും ഹവ്വയെയും അത്തരമൊരു പറുദീസയിലാണ് ആക്കിവെച്ചത്, പക്ഷേ അവർക്ക് അതു നഷ്ടമായി. എന്തുകൊണ്ട്? ദൈവത്തോട് അനുസരണക്കേട് കാണിച്ച അവർക്ക് അവിടെ തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടു. അങ്ങനെ അവർക്കും അവരുടെ ഭാവിതലമുറകൾക്കും പറുദീസ നഷ്ടമായി. (ഉൽപ. 3:23, 24) സാധ്യതയനുസരിച്ച്, നോഹയുടെ കാലത്തെ പ്രളയംവരെ ആ തോട്ടം നിലനിന്നു, അതിൽ മനുഷ്യരാരും ഇല്ലായിരുന്നെന്നു മാത്രം.
6 ചിലർ ചിന്തിച്ചേക്കാം, ‘ഇനി ആർക്കെങ്കിലും എന്നെങ്കിലും ഭൂമിയിലെ ഒരു പറുദീസയിൽ ജീവിക്കാൻ കഴിയുമോ?’ തെളിവുകൾ എന്താണു സൂചിപ്പിക്കുന്നത്? പ്രിയപ്പെട്ടവരുടെകൂടെ അങ്ങനെയൊരു പറുദീസയിൽ ജീവിക്കാൻ പ്രതീക്ഷിക്കുന്നെങ്കിൽ, എന്തിന്റെ അടിസ്ഥാനത്തിലാണു നിങ്ങൾ അങ്ങനെയൊരു പ്രതീക്ഷ വെച്ചുപുലർത്തുന്നത്? ഭൂമി പറുദീസയാകുമെന്ന് ഉറപ്പുള്ളതിന്റെ കാരണം മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാൻ നിങ്ങൾക്കു കഴിയുമോ?
പറുദീസ വരുമെന്നതിന്റെ ചില സൂചനകൾ
7, 8. (എ) ദൈവം അബ്രാഹാമിന് എന്തു വാഗ്ദാനമാണു കൊടുത്തത്? (ബി) ആ വാഗ്ദാനം ലഭിച്ചപ്പോൾ, എവിടെ ലഭിക്കാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ചായിരിക്കാം അബ്രാഹാം ചിന്തിച്ചത്?
7 ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ, ദൈവം എഴുതിച്ച പുസ്തകത്തിൽ അല്ലാതെ വേറെ എവിടെയാണു നോക്കേണ്ടത്? കാരണം, ദൈവമാണല്ലോ ആദ്യത്തെ പറുദീസയുടെ സ്രഷ്ടാവ്. ദൈവം തന്റെ സുഹൃത്തായ അബ്രാഹാമിനോട് എന്താണു പറഞ്ഞതെന്നു ശ്രദ്ധിക്കുക. അബ്രാഹാമിന്റെ സന്തതിയെ ‘കടൽത്തീരത്തെ മണൽത്തരികൾപോലെ’ വർധിപ്പിക്കുമെന്നു ദൈവം പറഞ്ഞു. യഹോവ ശ്രദ്ധേയമായ ഈ വാഗ്ദാനം കൊടുത്തു: “നീ എന്റെ വാക്കു കേട്ടനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടും.” (ഉൽപ. 22:17, 18) അബ്രാഹാമിന്റെ മകനോടും കൊച്ചുമകനോടും ദൈവം ഈ വാഗ്ദാനം ആവർത്തിച്ചു.—ഉൽപത്തി 26:4; 28:14 വായിക്കുക.
8 ഒരു സ്വർഗീയപറുദീസയിൽ മനുഷ്യർക്ക് ഒരു അന്തിമപ്രതിഫലം കരുതിവെച്ചിട്ടുണ്ടെന്ന് അബ്രാഹാം ചിന്തിച്ചതായി ബൈബിളിൽ സൂചനയൊന്നുമില്ല. അതുകൊണ്ട് “ഭൂമിയിലെ സകല ജനതകളും” അനുഗ്രഹം നേടുന്നതിനെക്കുറിച്ച് ദൈവം പറഞ്ഞപ്പോൾ ന്യായമായും അബ്രാഹാം ചിന്തിച്ചത് ഭൂമിയിൽ ലഭിക്കാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ചായിരിക്കും. ആ വാഗ്ദാനം ദൈവത്തിൽനിന്നുള്ളതായിരുന്നതുകൊണ്ട് ‘ഭൂമിയിലെ സകല ജനതകൾക്കും’ മെച്ചപ്പെട്ട അവസ്ഥകൾ വരുമെന്ന് അബ്രാഹാം വിശ്വസിച്ചു. ദൈവജനത്തിന് ഇടയിൽ പിന്നീടുണ്ടായ സംഭവവികാസങ്ങൾ ഈ ആശയത്തെ പിന്താങ്ങുന്നതാണ്. നമുക്കു നോക്കാം.
9, 10. നല്ല അവസ്ഥകൾക്കായി കാത്തിരിക്കാൻ വക നൽകുന്ന മറ്റു ചില വാഗ്ദാനങ്ങൾ ഏവ?
9 ഭാവിയിൽ ‘ദുഷ്ടന്മാരും’ ‘ദുഷ്പ്രവൃത്തിക്കാരും’ ഇല്ലാതാകുന്ന ഒരു കാലത്തേക്ക് അബ്രാഹാമിന്റെ ഒരു പിൻമുറക്കാരനായ ദാവീദ് വിരൽ ചൂണ്ടി. അക്കാലത്ത് “ദുഷ്ടന്മാരുണ്ടായിരിക്കില്ല” എന്നാണു ദാവീദ് പറഞ്ഞത്. (സങ്കീ. 37:1, 2, 10) പകരം, “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.” ദൈവപ്രചോദിതനായി ദാവീദ് ഇങ്ങനെയും എഴുതി: “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.” (സങ്കീ. 37:11, 29; 2 ശമു. 23:2) ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിച്ച ആളുകളെ ഈ വാഗ്ദാനം എങ്ങനെ സ്വാധീനിച്ചിരിക്കാം? നീതിമാന്മാരായ ആളുകൾ മാത്രമാണു ഭൂമിയിലുള്ളതെങ്കിൽ, കാലക്രമേണ ഏദെൻ തോട്ടംപോലുള്ള ഒരു പറുദീസ പുനഃസ്ഥാപിക്കപ്പെടും എന്നു പ്രതീക്ഷിക്കാൻ അത് അവർക്കു വക നൽകി.
10 കാലം കടന്നുപോയി. യഹോവയെ ആരാധിക്കുന്നെന്ന് അവകാശപ്പെട്ടിരുന്ന ഭൂരിപക്ഷം ഇസ്രായേല്യരും യഹോവയെ ഉപേക്ഷിക്കുകയും സത്യാരാധന വിട്ടുകളയുകയും ചെയ്തു. അതുകൊണ്ട് തന്റെ ജനത്തെ കീഴടക്കാനും അവരുടെ ദേശം നശിപ്പിക്കാനും മിക്കവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോകാനും ദൈവം ബാബിലോൺകാരെ അനുവദിച്ചു. (2 ദിന. 36:15-21; യിരെ. 4:22-27) എങ്കിലും 70 വർഷം കഴിയുമ്പോൾ ദൈവജനം സ്വദേശത്തേക്കു തിരികെ വരുമെന്നു ദൈവത്തിന്റെ പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞു. ആ പ്രവചനങ്ങൾ നിറവേറി. പക്ഷേ ആ പ്രവചനങ്ങൾ നമ്മുടെ കാലത്തേക്കും കൂടിയുള്ളതാണ്. അതിൽ ചിലതു നമുക്കു ചിന്തിക്കാം. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ ചർച്ചയുടെ വിഷയം മനസ്സിൽപ്പിടിക്കുക—ഭൂമിയിൽ വരാനിരിക്കുന്ന ഒരു പറുദീസ.
11. യശയ്യ 11:6-9 ഭാഗികമായി എങ്ങനെ നിറവേറി, പക്ഷേ ഏതു ചോദ്യം ബാക്കി നിൽക്കുന്നു?
11 യശയ്യ 11:6-9 വായിക്കുക. തന്റെ ജനം സ്വദേശത്ത് തിരിച്ചെത്തുമ്പോൾ, അവിടെയുള്ള ഒന്നും അവർക്കു ഭീഷണിയുയർത്തുകയോ ദോഷം ചെയ്യുകയോ ഇല്ല എന്ന് യശയ്യയിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞു. മൃഗങ്ങളിൽനിന്നോ ക്രൂരരായ മനുഷ്യരിൽനിന്നോ ഉള്ള ആക്രമണത്തെയും അവർ പേടിക്കേണ്ടതില്ലായിരുന്നു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരായിരിക്കും. ഏദെൻ തോട്ടത്തിൽ ദൈവം ഒരുക്കിവെച്ച നല്ല അവസ്ഥകൾ അതു നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവരുന്നില്ലേ? (യശ. 51:3) ആ പ്രവചനം ഒന്നുകൂടി ശ്രദ്ധിക്കുക: ‘സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും’ എന്നു പറയുന്നത് ഇസ്രായേലിൽ മാത്രമല്ല, ഭൂമി മുഴുവനും ആണ്. എപ്പോഴായിരിക്കും അതു നിറവേറുക?
12. (എ) ബാബിലോണിലെ പ്രവാസത്തിൽനിന്ന് തിരിച്ചുവന്നവർ എന്തെല്ലാം അനുഗ്രഹങ്ങളാണ് ആസ്വദിച്ചത്? (ബി) യശയ്യ 35:5-10-നു മറ്റൊരു നിവൃത്തിയുണ്ടെന്ന് എങ്ങനെ അറിയാം?
12 യശയ്യ 35:5-10 വായിക്കുക. തിരികെ വരുന്നവർക്കു മൃഗങ്ങളിൽനിന്നോ മനുഷ്യരിൽനിന്നോ ഒരു ഭീഷണിയും ഉണ്ടാകില്ലെന്ന് യശയ്യ ആവർത്തിച്ചുപറഞ്ഞു. ഏദെൻ തോട്ടത്തിൽ വെള്ളം സുലഭമായിരുന്നതുപോലെ ഇവിടെയും ആവശ്യത്തിനു വെള്ളമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ദേശം നല്ല വിളവ് തരും. (ഉൽപ. 2:10-14; യിരെ. 31:12) ഈ പ്രവചനം അക്കാലത്തേക്കു മാത്രമുള്ളതായിരുന്നോ? ഒന്നു ചിന്തിക്കുക: പ്രവാസത്തിൽനിന്ന് തിരികെ വന്നവരുടെ രോഗങ്ങൾ അത്ഭുതകരമായി സുഖപ്പെട്ടെന്ന് ഒരു തെളിവുമില്ല. ഉദാഹരണത്തിന്, അന്ധന്മാർക്കു കാഴ്ച ലഭിച്ചില്ല. അതുകൊണ്ട് ശാരീരികമായ രോഗങ്ങളെല്ലാം സുഖപ്പെടുന്ന ഒരു കാലം ഭാവിയിൽ വരുമെന്നു ദൈവം സൂചിപ്പിക്കുകയായിരുന്നു.
13, 14. ബാബിലോണിലെ പ്രവാസത്തിൽനിന്ന് തിരിച്ചെത്തിയവർ, യശയ്യ 65:21-23-ലെ പ്രവചനം നിറവേറുന്നത് കണ്ടത് എങ്ങനെ, എന്നാൽ ആ പ്രവചനത്തിന്റെ ഏതു വിശദാംശം ഇനിയും നിറവേറാനുണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
13 യശയ്യ 65:21-23 വായിക്കുക. ജൂതന്മാർ തിരിച്ചെത്തിയപ്പോൾ അവർക്കായി എല്ലാ സൗകര്യങ്ങളുമുള്ള വീടുകൾ ഒരുക്കിയിരുന്നില്ല. ദേശത്ത് വിളഞ്ഞുകിടക്കുന്ന വയലുകളും മുന്തിരിത്തോട്ടങ്ങളും കാണാനും കഴിഞ്ഞില്ല. പക്ഷേ ദൈവം അവരെ അനുഗ്രഹിക്കുമ്പോൾ അവസ്ഥകൾ മാറുമായിരുന്നു. വീടുകൾ പണിത് അതിൽ താമസം തുടങ്ങുമ്പോൾ അവർക്ക് എന്തു സന്തോഷം തോന്നുമായിരുന്നു! കൃഷി ചെയ്ത് അതിന്റെ ഫലങ്ങൾ ആസ്വദിക്കാനും അവർക്കു കഴിയുമായിരുന്നു.
14 ഈ പ്രവചനത്തിലെ ഒരു പ്രധാനപ്പെട്ട വിശദാംശം ശ്രദ്ധിക്കുക: “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും.” അങ്ങനെയൊരു കാലം വരുമോ? ആയിരക്കണക്കിനു വർഷങ്ങൾ നിലനിൽക്കുന്ന വൃക്ഷങ്ങളുണ്ട്. മനുഷ്യർ അത്രയും കാലം ജീവിക്കണമെങ്കിൽ അവർക്കു നല്ല ആരോഗ്യം വേണം. യശയ്യ പറയുന്ന അവസ്ഥകളിൽ ജീവിക്കാൻ അവർക്കു കഴിഞ്ഞാൽ ശരിക്കും ഒരു സ്വപ്നം പൂവണിയുകയായിരിക്കും, പറുദീസ എന്ന സ്വപ്നം! ആ പ്രവചനം നിറവേറുകതന്നെ ചെയ്യും!
15. യശയ്യ പുസ്തകത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ചില അനുഗ്രഹങ്ങൾ നിങ്ങൾ എങ്ങനെ വിവരിക്കും?
15 നമ്മൾ ചിന്തിച്ച ഈ വാഗ്ദാനങ്ങൾ വരാനിരിക്കുന്ന ഒരു പറുദീസയിലേക്ക് എങ്ങനെ വിരൽ ചൂണ്ടുന്നെന്നു ചിന്തിക്കുക: ഭൂമിയിൽ എല്ലായിടത്തുമുള്ള ആളുകൾ ദൈവത്തിന്റെ അനുഗ്രഹം നേടും. മൃഗങ്ങളിൽനിന്നുള്ള ആക്രമണത്തെ അവർ പേടിക്കേണ്ടതില്ല, ക്രൂരരായ മനുഷ്യരുടെ ഭീഷണിയുണ്ടായിരിക്കില്ല. അന്ധരും ബധിരരും മുടന്തരും ആയ ആളുകൾ സുഖം പ്രാപിക്കും. ആളുകൾ സ്വന്തം വീടുകൾ പണിയും, പോഷകപ്രദമായ ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിന്റെ സന്തോഷം അവർ ആസ്വദിക്കും. വൃക്ഷങ്ങളെക്കാൾ അധികം കാലം അവർ ജീവിക്കും. അങ്ങനെ ഒരു നല്ല ഭാവി വരുമെന്നതിന്റെ ധാരാളം സൂചനകൾ ബൈബിളിലുണ്ട്. എന്നാൽ ചിലർ പറഞ്ഞേക്കാം, ഈ പ്രവചനങ്ങളൊന്നും ഭൂമിയിൽ ഒരു പറുദീസ കാണുമെന്നു പറയുന്നില്ലല്ലോ എന്ന്. അതിനു നിങ്ങൾ എന്ത് ഉത്തരം പറയും? വരാനിരിക്കുന്ന ഒരു പറുദീസയ്ക്കായി നോക്കിയിരിക്കാൻ നിങ്ങൾക്കു ശക്തമായ എന്തു കാരണമാണുള്ളത്? ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ അതിനുള്ള ശക്തമായ കാരണം തന്നിട്ടുണ്ട്.
നീ പറുദീസയിലുണ്ടായിരിക്കും!
16, 17. ഏതു സാഹചര്യത്തിലാണു യേശു പറുദീസയെക്കുറിച്ച് സംസാരിച്ചത്?
16 തെറ്റൊന്നും ചെയ്യാഞ്ഞിട്ടും, യേശുവിനെ വധശിക്ഷയ്ക്കു വിധിക്കുകയും ഒരു സ്തംഭത്തിൽ തൂക്കുകയും ചെയ്തു. യേശുവിന്റെ ഇരുവശങ്ങളിലും ഓരോ കുറ്റവാളികളുമുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പ്, അതിൽ ഒരാൾ യേശു ഒരു രാജാവാണെന്ന കാര്യം അംഗീകരിക്കുകയും ഈ അപേക്ഷ നടത്തുകയും ചെയ്തു: “യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ.” (ലൂക്കോ. 23:39-42) അതിനു യേശു കൊടുത്ത ഉത്തരം ലൂക്കോസ് 23:43-ൽ കാണാം. യേശുവിന്റെ വാക്കുകൾക്കു നിങ്ങളുടെ ഭാവിയുമായി അടുത്ത ബന്ധമുണ്ട്. ആധുനികകാലത്തെ ചില പണ്ഡിതന്മാർ ആ വാക്യം പദാനുപദം ഇങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു: “സത്യമായി ഞാൻ നിന്നോടു പറയുന്നു, ഇന്നു നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” “ഇന്ന്” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? അതിനെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്.
17 പല ആധുനികഭാഷകളിലും അൽപ്പവിരാമം, അതായത് കോമ, ഒരു വാചകത്തിന്റെ അർഥം വ്യക്തമാക്കുന്നതിന് ഉപയോഗിക്കാറുണ്ട്. എന്നാൽ ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ചിഹ്നങ്ങൾ കാര്യമായി ഉപയോഗിച്ചിട്ടില്ല. അതിൽ ചിഹ്നം ഇടുകയാണെങ്കിൽ അൽപ്പവിരാമം എവിടെ ഇടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ യേശുവിന്റെ പ്രസ്താവന രണ്ടു രീതിയിൽ പരിഭാഷ ചെയ്യാനാകും. “സത്യമായി ഞാൻ നിന്നോടു പറയുന്നു, ഇന്നു നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്നോ “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്നോ. ഇതിൽ ഏതായിരിക്കും യേശു ശരിക്കും ഉദ്ദേശിച്ചത്? എവിടെ അൽപ്പവിരാമം ഇടണമെന്നു പരിഭാഷകർ തീരുമാനിച്ചു. യേശുവിന്റെ വാക്കുകളെ ഓരോരുത്തരും എങ്ങനെയാണോ മനസ്സിലാക്കിയത്, അതിന്റെ അടിസ്ഥാനത്തിലാണ് അവർ പരിഭാഷ ചെയ്തത്. പ്രചാരം നേടിയ പല പരിഭാഷകളിലും ഇതിൽ ഏതെങ്കിലുമൊരു രീതിയിലാണ് ഈ വാക്യം പരിഭാഷ ചെയ്തിട്ടുള്ളത്.
18, 19. യേശു പറഞ്ഞതിന്റെ അർഥം എന്താണെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കിയെടുക്കാം?
18 ശരിയായ നിഗമനത്തിലെത്തുന്നതിന്, യേശു നേരത്തേ തന്റെ ശിഷ്യന്മാരോടു പറഞ്ഞ കാര്യം ഓർക്കുന്നതു സഹായിക്കും: “മനുഷ്യപുത്രൻ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിയുടെ ഉള്ളിലായിരിക്കും.” യേശു ഇങ്ങനെയും പറഞ്ഞു: “മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത് മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.” (മത്താ. 12:40; 16:21; 17:22, 23; മർക്കോ. 10:34) ഇതു സംഭവിച്ചെന്ന് അപ്പോസ്തലനായ പത്രോസ് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ. 10:39, 40) അതുകൊണ്ട് യേശുവും ആ കുറ്റവാളിയും മരിച്ച ദിവസം യേശു പറുദീസയിലേക്കു പോയില്ല. ദൈവം പുനരുത്ഥാനപ്പെടുത്തുന്ന ദിവസംവരെ യേശു “ശവക്കുഴിയിൽ (അല്ലെങ്കിൽ, ഹേഡിസിൽ)” ആയിരുന്നു.—പ്രവൃ. 2:31, 32, അടിക്കുറിപ്പ്.a
19 അതുകൊണ്ട് യേശു തന്റെ വാഗ്ദാനം ഈ വാക്കുകളോടെയാണു തുടങ്ങിയതെന്നു നമുക്കു മനസ്സിലാക്കാം: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു.” മോശയുടെ കാലത്തുപോലും ഇങ്ങനെയൊരു പ്രയോഗം നിലവിലുണ്ടായിരുന്നു. മോശ പറഞ്ഞു: “ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയത്തിലുണ്ടായിരിക്കണം.”—ആവ. 6:6; 7:11; 8:1, 19; 30:15.
20. യേശു പറഞ്ഞതിന്റെ അർഥം മനസ്സിലാക്കാൻ മറ്റ് എന്തുകൂടെ നമ്മളെ സഹായിക്കും?
20 മധ്യപൂർവദേശത്തെ ഒരു ബൈബിൾപരിഭാഷകൻ യേശുവിന്റെ മറുപടിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ വാക്യത്തിൽ ഊന്നൽ കൊടുക്കേണ്ടത് ‘ഇന്ന്’ എന്ന പദത്തിനാണ്. ആ വാക്യം വായിക്കേണ്ടത് ഇങ്ങനെയാണ്, ‘സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.’ ആ പ്രവചനം അന്നാണു നടത്തിയത്, പിന്നീട് ഒരു സമയത്ത് അതു നിറവേറുകയും ചെയ്യും. ഒരു പ്രത്യേകദിവസം വാഗ്ദാനം നടത്തിയെന്നും അത് ഉറപ്പായും നടക്കുമെന്നും സൂചിപ്പിക്കുന്നതു പൗരസ്ത്യദേശത്തെ ഒരു രീതിയായിരുന്നു.” അഞ്ചാം നൂറ്റാണ്ടിലെ ഒരു സുറിയാനി ഭാഷാന്തരം യേശുവിന്റെ മറുപടി ഇങ്ങനെയാണു പരിഭാഷ ചെയ്യുന്നത്: “ആമെൻ, ഞാൻ ഇന്നു നിന്നോടു പറയുന്നു, നീ എന്നോടുകൂടെ ഏദെൻ തോട്ടത്തിലുണ്ടായിരിക്കും.” ആ വാഗ്ദാനം നമ്മളെയെല്ലാം പ്രോത്സാഹിപ്പിക്കേണ്ടതല്ലേ?
21. ആ കുറ്റവാളിക്ക് എന്തിനുള്ള അവസരം കിട്ടിയില്ല, എന്തുകൊണ്ട്?
21 യേശു തന്റെ വിശ്വസ്തരായ അപ്പോസ്തലന്മാരുമായി ഒരു ഉടമ്പടി ചെയ്തെന്നും അതനുസരിച്ച് അവർ യേശുവിനോടൊപ്പം സ്വർഗീയരാജ്യത്തിൽ ഉണ്ടായിരിക്കുമെന്നും ഉള്ള വിവരം ആ കുറ്റവാളിക്ക് അറിയില്ലായിരുന്നു. (ലൂക്കോ. 22:29) ആ കുറ്റവാളി സ്നാനപ്പെട്ടയാളുമല്ലായിരുന്നു. (യോഹ. 3:3-6, 12) അതുകൊണ്ട് യേശു പറഞ്ഞത് ഭൂമിയിലെ പറുദീസയെക്കുറിച്ചുതന്നെയാണെന്നു നമുക്കു ന്യായമായും നിഗമനം ചെയ്യാം. വർഷങ്ങൾക്കു ശേഷം, ‘പറുദീസയിലേക്ക് എടുക്കപ്പെട്ട’ ഒരു മനുഷ്യനെക്കുറിച്ചുള്ള ദർശനത്തെപ്പറ്റി പൗലോസ് പറഞ്ഞു. (2 കൊരി. 12:1-4) ആ കുറ്റവാളിയോടു ഭൂമിയിലെ പറുദീസയെക്കുറിച്ചാണു യേശു പറഞ്ഞതെങ്കിലും പൗലോസിനെയും വിശ്വസ്തരായ മറ്റ് അപ്പോസ്തലന്മാരെയും യേശുവിന്റെകൂടെ സ്വർഗത്തിൽ ഭരിക്കാൻ തിരഞ്ഞെടുത്തിരുന്നു. എന്നാൽ പൗലോസിന്റെ ദർശനത്തിലെ ‘പറുദീസയിൽ’ ഭൂമിയും ഉൾപ്പെടുമോ?b നിങ്ങൾക്ക് ആ പറുദീസയിൽ ജീവിക്കാൻ കഴിയുമോ?
നിങ്ങൾക്ക് എന്തു പ്രതീക്ഷിക്കാം
22, 23. നിങ്ങൾക്ക് എന്തിനുവേണ്ടി കാത്തിരിക്കാം?
22 ‘നീതിമാന്മാർ ഭൂമി കൈവശമാക്കുന്ന’ കാലത്തെക്കുറിച്ചാണു ദാവീദ് മുൻകൂട്ടിപ്പറഞ്ഞതെന്ന് ഓർക്കുക. (സങ്കീ. 37:29; 2 പത്രോ. 3:13) അവർ ദൈവത്തിന്റെ നീതിയുള്ള വഴികൾക്കു ചേർച്ചയിൽ ജീവിക്കുന്ന ഒരു കാലമാണു ദാവീദ് ഉദ്ദേശിച്ചത്. യശയ്യ 65:22-ലെ പ്രവചനം ഇങ്ങനെ പറയുന്നു: “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും.” ആളുകൾ ആയിരക്കണക്കിന് വർഷങ്ങൾ ജീവിച്ചിരിക്കുമെന്നല്ലേ ഈ വാക്കുകൾ അർഥമാക്കിയത്? അതു ശരിക്കും നടക്കാൻപോകുന്ന ഒരു കാര്യമാണോ? തീർച്ചയായും. കാരണം വെളിപാട് 21:1-4 അനുസരിച്ച് ദൈവം മനുഷ്യവർഗത്തിലേക്കു തന്റെ ശ്രദ്ധ തിരിക്കും. നീതി കളിയാടുന്ന പുതിയ ലോകത്തിൽ ദൈവത്തെ സേവിക്കുന്നവർക്കു “മേലാൽ മരണം ഉണ്ടായിരിക്കില്ല” എന്നതാണ് അവിടെ പറഞ്ഞിരിക്കുന്ന ഒരു അനുഗ്രഹം.
23 പറുദീസയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നതു വ്യക്തമല്ലേ? അന്ന് ഏദെനിൽവെച്ച് ആദാമും ഹവ്വയും പറുദീസ നഷ്ടപ്പെടുത്തി. പക്ഷേ അവിടംകൊണ്ട് എല്ലാം അവസാനിച്ചില്ല, ഭൂമി വീണ്ടും പറുദീസയാകും. ദൈവം വാഗ്ദാനം ചെയ്തതുപോലെ ഭൂമിയിലെ ആളുകൾ അനുഗ്രഹം നേടും. സൗമ്യതയുള്ള, നീതിമാന്മാരായ ആളുകൾ ഭൂമി കൈവശമാക്കുമെന്നും അതിൽ എന്നുമെന്നേക്കും ജീവിക്കുമെന്നും ദൈവപ്രചോദിതനായി ദാവീദ് എഴുതി. ഭൂമിയിൽ വരാനിരിക്കുന്ന മനോഹരമായ അവസ്ഥകൾക്കായി കണ്ണിമയ്ക്കാതെ കാത്തിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നതാണ് യശയ്യ പുസ്തകത്തിലെ പ്രവചനങ്ങൾ. എന്നായിരിക്കും ഇതെല്ലാം നിറവേറുക? യേശു ജൂതനായ ആ കുറ്റവാളിയോടു വാഗ്ദാനം ചെയ്ത പറുദീസ വരുമ്പോൾ ഇതെല്ലാം നിറവേറും. നിങ്ങൾക്ക് ആ പറുദീസയിലായിരിക്കാൻ കഴിയും. കൊറിയയിലെ കൺവെൻഷൻ കൂടാൻ മറ്റു രാജ്യങ്ങളിൽനിന്ന് വന്നവരോടു പറഞ്ഞ വാക്കുകൾ അന്നു യാഥാർഥ്യമാകും: “ഇനി പറുദീസയിൽ കാണാം!”
a പ്രൊഫസർ സി. മാർവിൻ പാറ്റ് എഴുതി: “24 മണിക്കൂർ ദൈർഘ്യമുള്ള ഒരു കാലയളവാണ് ‘ഇന്ന്’ എന്നതുകൊണ്ട് അർഥമാക്കുന്നതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. എന്നാൽ ഈ വീക്ഷണം ശരിയാകില്ല. കാരണം മരിച്ചപ്പോൾ യേശു ആദ്യം ഹേഡിസിലേക്കാണ് ‘ഇറങ്ങിപ്പോയത്.’ (മത്താ. 12:40; പ്രവൃ. 2:31; റോമ. 10:7) അതിനു ശേഷമാണ് സ്വർഗത്തിലേക്കു കയറിപ്പോയതെന്നു ബൈബിൾ പറയുന്നു.”
b ഈ ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.