ശാശ്വത സുരക്ഷിതത്വമുള്ള ഒരു ജീവിതം
ചുട്ടു പൊള്ളുന്ന പനിയും തലവേദനയും. നിങ്ങൾ തലവേദന കുറയാൻ ഒരു ഗുളിക കഴിക്കുന്നതോടൊപ്പം പനി കുറയാൻ ഐസും വെച്ചേക്കാം. ഗുളികയും ഐസുകട്ടയും രോഗലക്ഷണങ്ങൾ സഹിക്കാവുന്നത് ആക്കിത്തീർക്കുന്നു. എന്നാൽ, പനിയുടെ കാരണത്തെ അവ ഇല്ലായ്മ ചെയ്യുന്നില്ല. രോഗം ഗുരുതരമാണെങ്കിൽ, പരിചയസമ്പന്നനായ ഒരു ചികിത്സകന്റെ സഹായം ആവശ്യമാണ്.
അരക്ഷിതത്വത്തിന്റെ വിട്ടുമാറാത്ത ജ്വരം മനുഷ്യവർഗത്തെ പിടികൂടിയിരിക്കുന്നു. അലോസരപ്പെടുത്തുന്ന ലക്ഷണങ്ങൾക്കു ശമനം കണ്ടെത്താൻ നാം താത്കാലിക പടികൾ സ്വീകരിക്കുന്നു. എന്നാൽ, നമ്മുടെ അവസ്ഥയുടെ സമഗ്രമായ സൂക്ഷ്മ രോഗനിർണയത്തിലൂടെ മാത്രമേ പൂർണ പരിഹാരം കണ്ടെത്താനാകൂ. നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെക്കാൾ മെച്ചമായി മനുഷ്യവർഗത്തെ അറിയാവുന്ന ആരുമില്ല. നമ്മുടെ ജീവിതം അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നതിന്റെ കാരണം നമ്മുടെ മേൽ വന്നു ഭവിച്ചിരിക്കുന്ന പ്രശ്നങ്ങളാണെന്ന് അവനറിയാം.
സുരക്ഷിത തുടക്കം തുച്ഛീകരിക്കപ്പെട്ടു
യഹോവ ആദ്യ മനുഷ്യ ജോഡിയെ പൂർണരായി സൃഷ്ടിക്കുകയും സുരക്ഷിതമായ ഒരു ചുറ്റുപാടിൽ ആക്കിവെക്കുകയും ചെയ്തു എന്നു ദൈവ വചനം വിശദീകരിക്കുന്നു. അവർക്ക് യാതൊരു വിധ ഉത്കണ്ഠയും ഉണ്ടായിരുന്നില്ല. മനുഷ്യർ പൂർണ സുരക്ഷിതത്വത്തോടെ പറുദീസയിൽ എന്നേക്കും ജീവിക്കണം എന്നതായിരുന്നു ദൈവോദ്ദേശ്യം. തുടക്കത്തിൽ മനുഷ്യരെ ആക്കിവെച്ച ചുറ്റുപാടിൽ, “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും” ഉൾപ്പെട്ടിരുന്നു. അവരുടെ ഭൗതിക ആവശ്യങ്ങൾ മാത്രമല്ല വൈകാരിക ആവശ്യങ്ങളും നിറവേറ്റപ്പെട്ടിരുന്നു എന്നതു ശ്രദ്ധിക്കുക. എന്തെന്നാൽ, അവർ ജീവിച്ചിരുന്ന ചുറ്റുപാട് ‘കാണ്മാൻ ഭംഗിയുള്ളത്’ ആയി വർണിക്കപ്പെട്ടു. ഭദ്രവും പ്രശ്നരഹിതവുമായ ജീവിതം ഉറപ്പേകിയിരുന്ന ചുറ്റുപാടിൽ ആയിരുന്നു ആദ്യ മനുഷ്യ ജോഡിയെ ആക്കിവെച്ചിരുന്നത് എന്നാണ് അതിന്റെ അർഥം.—ഉല്പത്തി 2:9.
ആദാമും ഹവ്വായും ദൈവത്തിന്റെ സ്നേഹനിർഭരമായ പരമാധികാര ഭരണത്തെ നിരാകരിച്ചു. അങ്ങനെ തങ്ങളുടെ ജീവിതത്തിൽ അവർ സംശയത്തിന്റെയും ഭയത്തിന്റെയും ലജ്ജയുടെയും കുറ്റബോധത്തിന്റെയും അരക്ഷിതത്വത്തിന്റെയും വിത്തുകൾ വിതച്ചു. ദൈവത്തെ തള്ളിക്കളഞ്ഞ ശേഷം, താൻ “ഭയപ്പെട്ട”തായി ആദാം സമ്മതിച്ചു. ആദ്യ മനുഷ്യർ തങ്ങളെ തന്നെ മറയ്ക്കുകയും അന്നോളം തങ്ങൾ ഉറ്റ, പ്രയോജനപ്രദമായ ബന്ധം ആസ്വദിച്ചിരുന്ന സ്രഷ്ടാവിന്റെ ദൃഷ്ടിയിൽ പെടാതെ ഒളിക്കുകയും ചെയ്തു.—ഉല്പത്തി 3:1-5, 8-10.
യഹോവയുടെ ആദിമ ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല. നമ്മുടെ സ്രഷ്ടാവ് സ്നേഹനിധിയായ ദൈവമാണെന്നു ബൈബിൾ പ്രസ്താവിക്കുന്നു. താമസിയാതെ അവൻ, ഭൂമിയെ പറുദീസാ അവസ്ഥയിലേക്കു പുനഃസ്ഥാപിക്കുന്നതിനും അവിടെ സുരക്ഷിതമായി എന്നേക്കും ജീവിക്കുന്നതിനും അനുസരണമുള്ള മനുഷ്യവർഗത്തെ പ്രാപ്തരാക്കും. യെശയ്യാ പ്രവാചകനിലൂടെ അവൻ ഇങ്ങനെ വാഗ്ദാനം ചെയ്തിരിക്കുന്നു: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; . . . നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ.” (യെശയ്യാവു 65:17, 18) ആ പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ‘നീതി വസിക്കും’ എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നു.—2 പത്രൊസ് 3:13.
അത് എങ്ങനെ സാധ്യമാകും? യഹോവ സ്ഥാപിക്കുന്ന ഒരു ഗവൺമെന്റ് മുഖാന്തരം. ആ രാജ്യത്തിനു വേണ്ടിയാണ് യേശു ക്രിസ്തു തന്റെ അനുഗാമികളോട് ഇങ്ങനെ പ്രാർഥിക്കാൻ പറഞ്ഞത്: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
ദൈവരാജ്യം മനുഷ്യ ഗവൺമെന്റുകളെ നീക്കം ചെയ്ത് ലോക വ്യാപകമായി ദൈവോദ്ദേശ്യം സ്നേഹപുരസ്സരം നടപ്പിലാക്കും. (ദാനീയേൽ 2:44) ആദാമിന്റെ കാലം മുതൽ മനുഷ്യവർഗത്തെ വേട്ടയാടിയിരിക്കുന്ന സംശയവും ഭയവും ലജ്ജയും കുറ്റബോധവും അരക്ഷിതാവസ്ഥയുമെല്ലാം ദൂരീകരിക്കപ്പെടും. ബൈബിൾ പറയുന്നത് അനുസരിച്ച് ആ രാജ്യം സമീപസ്ഥമാണ്. നാം ജീവിക്കുന്ന ഈ അനിശ്ചിത ലോകത്തിൽ, ദൈവരാജ്യത്തിനായി വാഞ്ഛിക്കുന്നവർ ഇപ്പോൾ പോലും ഒരു പരിധിവരെ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്.
ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകുക
ഭയാകുലനും ക്ലേശിതനും ആയിരിക്കുക എന്നാൽ എന്താണെന്നു ദൈവദാസനായ ദാവീദിന് അറിയാമായിരുന്നു. എന്നിട്ടും, സങ്കീർത്തനം 4:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ദാവീദ് എഴുതി: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ചില സമയങ്ങളിൽ പ്രശ്നങ്ങൾ വലയം ചെയ്തിരുന്നിട്ടും ദാവീദിന് യഹോവ സുരക്ഷിതത്വബോധം പ്രദാനം ചെയ്തു. നമുക്ക് അതിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ സാധിക്കുമോ? ഒരു അരക്ഷിത ലോകത്തിൽ നമുക്ക് ഒരു പരിധിവരെ എങ്കിലും സുരക്ഷിതത്വം കണ്ടെത്താൻ എങ്ങനെ സാധിക്കും?
ആദാമിനെയും ഹവ്വായെയും കുറിച്ച് ഉല്പത്തിയിൽ കാണുന്ന വിവരണം പരിചിന്തിക്കുക. അവർക്ക് എപ്പോഴാണു സുരക്ഷിതത്വബോധം നഷ്ടപ്പെട്ടത്? സ്രഷ്ടാവുമായുള്ള വ്യക്തിപരമായ ബന്ധം ഉപേക്ഷിക്കുകയും മനുഷ്യവർഗത്തിനു വേണ്ടിയുള്ള അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിക്കാൻ വിസമ്മതിക്കുകയും ചെയ്ത അതേ നിമിഷം. അതിനു നേർ വിപരീതമായി, നാം യഹോവയുമായി വ്യക്തിപരമായ ഉറ്റ ബന്ധം ആസ്വദിച്ചുകൊണ്ട് അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നെങ്കിൽ മറ്റൊരു വിധത്തിലും സാധ്യമല്ലാത്ത, വളരെയേറെ സുരക്ഷിതമായ ജീവിതം ഇപ്പോൾ പോലും നമുക്ക് ആസ്വദിക്കാൻ സാധിക്കും.
ബൈബിൾ പഠനത്തിലൂടെ യഹോവയെ അറിയുന്നതു ജീവിതത്തിന്റെ അർഥം മനസ്സിലാക്കാൻ നമ്മെ സഹായിക്കും. നാം ആരാണെന്നും നാം ഇവിടെ ആയിരിക്കുന്നത് എന്തിനാണെന്നും ഒക്കെ അപ്പോൾ മാത്രമേ നാം മനസ്സിലാക്കൂ. ദൈവത്തെ സ്നേഹിക്കുകയും മനുഷ്യവർഗത്തെ കുറിച്ചുള്ള അവന്റെ ഉദ്ദേശ്യം മനസ്സിലാക്കുകയും അതിൽ നമ്മുടെ സ്ഥാനം തിരിച്ചറിയുകയും ചെയ്യുമ്പോൾ നമുക്ക് സുരക്ഷിത ജീവിതം സാധ്യമാകും. വർഷങ്ങൾക്കു മുമ്പ് പോൾ എന്നു പേരുള്ള ഒരു വ്യക്തി അതു തിരിച്ചറിഞ്ഞു.
ജർമൻ തീരത്തു നിന്ന് അധികം അകലെയല്ലാത്ത ഒരു ദ്വീപിലാണു പോൾ ജനിച്ചുവളർന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ മാതാപിതാക്കൾക്ക് ഉണ്ടായ അനുഭവം നിമിത്തം അദ്ദേഹത്തിന്റെ കുടുംബത്തിനു മതത്തിൽ യാതൊരു താത്പര്യവും ഇല്ലായിരുന്നു. താൻ യുവാവ് ആയിരുന്നപ്പോഴത്തെ അവസ്ഥയെ കുറിച്ചു പോൾ ഇങ്ങനെ പറയുന്നു: “എനിക്ക് ഒന്നിലും വിശ്വാസമില്ലായിരുന്നു, ആരെയും ആദരിച്ചിരുന്നുമില്ല. ദുഃഖങ്ങളെല്ലാം മറക്കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഞാൻ അമിതമായി മദ്യപിക്കുമായിരുന്നു. ജീവിതത്തിൽ എനിക്കു യാതൊരു സുരക്ഷിതത്വവും ഉണ്ടായിരുന്നില്ല.”
പിന്നീട്, ഒരു യഹോവയുടെ സാക്ഷിയുമായി പോൾ ചർച്ച നടത്തി. കുറേ തർക്കിച്ചെങ്കിലും സാക്ഷി പറഞ്ഞ ഒരു സംഗതി അദ്ദേഹത്തെ ചിന്തിപ്പിച്ചു. “ഇല്ലായ്മയിൽ നിന്ന് ഒന്നും ഉണ്ടാകില്ല.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമുക്കു ചുറ്റും പ്രകൃതിയിൽ കാണുന്ന എല്ലാറ്റിനും ഒരു സ്രഷ്ടാവ് ഉണ്ടായിരുന്നേ പറ്റൂ.
“ഞാൻ അതേ കുറിച്ചു വീണ്ടും വീണ്ടും ചിന്തിച്ചു. ഒടുവിൽ അത് അംഗീകരിക്കേണ്ടി വന്നു.” അങ്ങനെ പോൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചു, യഹോവയെ അറിയാൻ ഇടയായി. “മാതാപിതാക്കൾക്കു പുറമേ, എനിക്കുവേണ്ടി എന്തെങ്കിലും ചെയ്ത ആദ്യ വ്യക്തി യഹോവയായിരുന്നു,” പോൾ സമ്മതിക്കുന്നു. 1977-ൽ പോൾ ഒരു സാക്ഷിയായി സ്നാപനമേറ്റു. “ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം എന്താണെന്ന് ഇപ്പോൾ എനിക്കറിയാം. യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. യഹോവയ്ക്കു ഭാവിയിൽ പരിഹരിക്കാൻ കഴിയാത്ത യാതൊന്നും എനിക്കോ എന്റെ കുടുംബത്തിനോ സംഭവിക്കില്ല എന്ന കാരണത്താൽ എനിക്കു സുരക്ഷിതത്വം തോന്നുന്നു” എന്ന് അദ്ദേഹം പറയുന്നു.
ഈ അനുഭവത്തിൽ നിന്നു നമുക്ക് എന്തു മനസ്സിലാക്കാൻ സാധിക്കും? ഭൗതിക സമ്പത്തിലല്ല മറിച്ച്, ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തനിക്ക് ഒരു വൈകാരിക ഭാരം ആയിരുന്ന അരക്ഷിതാവസ്ഥയെ പോൾ തരണംചെയ്തു. സ്രഷ്ടാവുമായി അദ്ദേഹം ശക്തമായ ബന്ധം വളർത്തിയെടുത്തു. ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ അത്തരമൊരു ബന്ധം ആസ്വദിക്കുന്നു. അത് അവർക്ക്, മറ്റുള്ളവരോടുള്ള ഇടപെടലിൽ ആത്മത്യാഗ മനോഭാവം ഉള്ളവരായിരിക്കാൻ ആവശ്യമായ ആന്തരിക ശക്തി പകരുന്നു. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു ജീവിതം കൂടുതൽ സുരക്ഷിതമാക്കി തീർക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ തങ്ങളുടെ സമയം ചെലവഴിച്ചുകൊണ്ട് വീടുകൾ സന്ദർശിക്കുന്നു. എന്നാൽ സാക്ഷികൾ പ്രസംഗിക്കുക മാത്രമല്ല ചെയ്യുന്നത്.
‘നിങ്ങളുടെ ദൈവമായ യഹോവയെ വിളിക്കൂ’
1997 ജൂലൈ മാസത്തിൽ ഓഡർ നദി കരകവിഞ്ഞപ്പോൾ ഉത്തര യൂറോപ്പിന്റെ വലിയൊരു ഭാഗം വെള്ളത്തിന് അടിയിലായി. അയൽ രാജ്യമായ പോളണ്ടിലെ ആളുകളുടെ പരിതാപകരമായ അവസ്ഥയെ കുറിച്ച് ജർമനിയിലെ സാക്ഷികൾ കേട്ടു. അവർക്ക് എന്തു ചെയ്യാൻ സാധിക്കുമായിരുന്നു? ഏതാനും ദിവസങ്ങൾക്കുള്ളിൽ ബെർലിനിലും ചുറ്റുപാടുമുള്ള സാക്ഷികൾ 46.4 ലക്ഷം രൂപ സ്വമേധയാ ദാനമായി നൽകിക്കൊണ്ട് ഉദാത്തമായ ഉദാരത പ്രകടിപ്പിച്ചു.
നിർമാണ പ്രവർത്തനങ്ങളിൽ അനുഭവപരിചയമുള്ള സാക്ഷികൾ ആറു മണിക്കൂർ റോഡിലൂടെ യാത്രചെയ്ത്—അതും സ്വന്തം ചെലവിൽ—ബെർലിനിൽ നിന്ന് പോളണ്ടിലെ വ്രോട്ട്സ്ലോഫിൽ എത്തി. ഒരു കൊച്ചു പട്ടണത്തിൽ നിരവധി വീടുകൾ പാടേ തകർന്നു പോയിരുന്നു. ഒരു സാക്ഷി കുടുംബത്തിന്റെ വീട് ആറു മീറ്റർ വെള്ളത്തിന് അടിയിലായി. അവിടത്തെ പെൺകുട്ടി പിറ്റേ മാസം വിവാഹം കഴിച്ച് ഭർത്താവിനോട് ഒപ്പം ആ വീട്ടിൽ താമസിക്കാൻ പോകുകയായിരുന്നു. സർവതും നശിച്ച ആ കുടുംബത്തെ സഹായിക്കുന്നതിനും വീടിന്റെ കേടുപാടുകൾ പോക്കുന്നതിനും എന്തു ചെയ്യാൻ സാധിക്കുമായിരുന്നു?
വെള്ളപ്പൊക്കം ശമിച്ചപ്പോൾ ഒരു അയൽക്കാരൻ പരിഹാസപൂർവം ചോദിച്ചു: “നിങ്ങൾക്കു നിങ്ങളുടെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ച് അവൻ നിങ്ങളെ സഹായിക്കുമോ എന്നു നോക്കരുതോ?” പിറ്റേന്ന് ജർമനിയിൽ നിന്നു നിരവധി വാഹനങ്ങൾ ആ സാക്ഷിയുടെ വീട്ടിൽ എത്തിച്ചേർന്നപ്പോൾ അയൽക്കാരൻ അന്തംവിട്ടുപോയി! ഒരു കൂട്ടം ആളുകൾ, അതും അപരിചിതർ, വാഹനങ്ങളിൽ നിന്നിറങ്ങി വീടു നന്നാക്കാൻ തുടങ്ങി. “ആരാണവർ? സാമഗ്രികൾക്ക് ഒക്കെ ആരാണു പണം മുടക്കുന്നത്?” അയൽക്കാരൻ ചോദിച്ചു. അവർ തങ്ങളുടെ ആത്മീയ സഹോദരന്മാർ ആണെന്നും അവർ തന്നെയാണു പണം മുടക്കുന്നത് എന്നും സാക്ഷി കുടുംബം വിശദീകരിച്ചു. വീടു പുതുക്കി പണിയുന്നതു കണ്ട് പട്ടണവാസികൾ അമ്പരന്നുപോയി. നിശ്ചയിച്ചിരുന്ന സമയത്തുതന്നെ വിവാഹവും നടന്നു.
യഹോവയുടെ സാക്ഷികളുടെ സാർവദേശീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നത് ആത്മീയ പ്രയോജനങ്ങൾ മാത്രമല്ല, ഈ അരക്ഷിത ലോകത്തിൽ ഒരു പരിധിവരെ സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നുവെന്ന് ആ കുടുംബം മനസ്സിലാക്കി. അവരുടേത് ഒറ്റപ്പെട്ട അനുഭവം അല്ലായിരുന്നു. പ്രളയബാധിത പ്രദേശത്ത് ഉടനീളമുള്ള യഹോവയുടെ സാക്ഷികളുടെ വീടുകളും രാജ്യഹാളുകളും കേടുപോക്കപ്പെട്ടു. സാക്ഷികൾ അല്ലാത്തവരെയും അവർ മറന്നുകളഞ്ഞില്ല. തങ്ങളുടെ വീടുകളിലും ഒട്ടേറെ പണികൾ ചെയ്തതിന് അവരും സാക്ഷികളെ അങ്ങേയറ്റം വിലമതിച്ചു.
നീതി, പ്രശാന്തത, സുരക്ഷിതത്വം
ചുട്ടു പൊള്ളുന്ന പനി മാറി പൂർവസ്ഥിതി പ്രാപിക്കുമ്പോൾ, നമ്മെ സഹായിച്ച ചികിത്സകനോടു നാം എത്ര നന്ദിയുള്ളവർ ആയിരിക്കും! മനുഷ്യവർഗത്തെ വലയം ചെയ്യുന്ന അരക്ഷിതത്വം എന്ന ജ്വരം ദൈവരാജ്യം മുഖേന എന്നേക്കുമായി മാറിക്കിട്ടുമ്പോൾ നമ്മുടെ സ്രഷ്ടാവിനോടു നാം എത്ര നന്ദിയുള്ളവർ ആയിരിക്കും! അതേ, അവനാണു നമുക്ക് ‘യഥാർഥ നീതിയിലും പ്രശാന്തതയിലും ശാശ്വത സുരക്ഷിതത്വത്തിലും’ ഉള്ള ജീവിതം വാഗ്ദാനം ചെയ്യുന്നത്. എത്ര മഹനീയമായ പ്രത്യാശ!—യെശയ്യാവു 32:17, NW.
[10-ാം പേജിലെ ആകർഷകവാക്യം]
ഭൗതിക സമ്പത്തിലല്ല മറിച്ച്, ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമുക്കു വൈകാരിക ഭാരം ഇറക്കിവെക്കാൻ സാധിക്കും
[8, 9 പേജുകളിലെ ചിത്രം]
എല്ലാവരും ശാശ്വത സുരക്ഷിതത്വത്തിൽ വസിക്കുന്ന ഒരു പുതിയ ലോകം ദൈവം വാഗ്ദാനം ചെയ്യുന്നു