ഭാഗം 7
സംതൃപ്ത ജീവിതം—അതു സാധ്യമല്ലാത്തതായി കാണപ്പെടുന്നത് എന്തുകൊണ്ട്?
ജീവിതത്തിന് ഒരു അർഥവും കാണാൻ കഴിയാതെ പലരും വിഷമിക്കുന്നത് എന്തുകൊണ്ടാണ്? “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.” (ഇയ്യോബ് 14:1, 2) മനുഷ്യവർഗത്തിന്റെ ശോഭനമായ ഭാവിപ്രതീക്ഷകളെ താറുമാറാക്കിയ എന്തോ ഒന്ന് പറുദീസയിൽ ആദ്യ മനുഷ്യജോഡിക്കു സംഭവിച്ചു.
2 യഥാർഥ സന്തുഷ്ടി അനുഭവിക്കണമെങ്കിൽ മനുഷ്യർക്ക് ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അത് ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി നട്ടുവളർത്തേണ്ടതല്ല, പിന്നെയോ സ്വയം തോന്നി ചെയ്യേണ്ടതാണ്. (ആവർത്തനപുസ്തകം 30:15-20; യോശുവ 24:15) സ്നേഹത്താൽ പ്രചോദിതമായ ഒരു ഹൃദയത്തിൽനിന്നു വരുന്ന അനുസരണവും ആരാധനയുമാണ് യഹോവ ആഗ്രഹിക്കുന്നത്. (ആവർത്തനപുസ്തകം 6:5) അതുകൊണ്ട് തന്നോടുള്ള ഹൃദയംഗമമായ വിശ്വസ്തത തെളിയിക്കാൻ ആദ്യ മനുഷ്യന് ഏദെൻ തോട്ടത്തിൽവെച്ച് അവൻ ഒരു അവസരം നൽകി. ദൈവം അവനോടു കൽപ്പിച്ചു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) അനുസരിക്കാൻ ഒട്ടും പ്രയാസമില്ലാഞ്ഞ ഒരു നിബന്ധനയായിരുന്നു അത്. തോട്ടത്തിലെ ഒരു വൃക്ഷത്തിൽനിന്നു ഭക്ഷിക്കുന്നതു മാത്രമേ യഹോവ വിലക്കിയുള്ളൂ. നന്മയും തിന്മയും ഏതെന്നു നിശ്ചയിക്കാനുള്ള, സർവജ്ഞാനിയായ സ്രഷ്ടാവിന്റെ അവകാശത്തെ ആ വൃക്ഷം പ്രതീകപ്പെടുത്തി. യഹോവ തനിക്കു “തുണ”യായി നൽകിയ ഭാര്യയോടും ഈ കൽപ്പനയെ കുറിച്ച് ആദാം പറഞ്ഞു. (ഉല്പത്തി 2:18) ദൈവഹിതത്തിനു മനസ്സോടെ കീഴ്പെട്ടിരുന്നുകൊണ്ട് അവന്റെ ഭരണാധിപത്യത്തിൻ കീഴിൽ ജീവിക്കാനും അങ്ങനെ തങ്ങളുടെ സ്രഷ്ടാവും ജീവദാതാവും ആയവനോടുള്ള സ്നേഹം പ്രകടമാക്കാനും ഉള്ള ഈ ക്രമീകരണത്തിൽ ആദാമും ഹവ്വായും സംതൃപ്തരായിരുന്നു.
3 അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പാമ്പ് ഹവ്വായോടു സംസാരിച്ചു. അത് അവളോടു ചോദിച്ചു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” “മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ” അതായത്, നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം മാത്രം ‘തിന്നരുത്’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ടെന്ന് ഹവ്വാ മറുപടി പറഞ്ഞു.—ഉല്പത്തി 3:1-3.
4 ഈ പാമ്പ് ആരായിരുന്നു? “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും” ആയി ആ “പഴയ പാമ്പിനെ” ബൈബിൾ പുസ്തകമായ വെളിപ്പാടു തിരിച്ചറിയിക്കുന്നു. (വെളിപ്പാടു 12:9) പിശാചായ സാത്താനെ സൃഷ്ടിച്ചത് ദൈവമാണോ? അല്ല, യഹോവയുടെ പ്രവൃത്തികൾ ഒക്കെയും തികവുള്ളതും അത്യുത്തമവുമാണ്. (ആവർത്തനപുസ്തകം 32:4) ദൈവത്തിന്റെ ആത്മസൃഷ്ടികളായ ദൂതന്മാരിൽ ഒരാൾ തന്നെത്തന്നെ പിശാചും സാത്താനും ആക്കിത്തീർക്കുകയായിരുന്നു. പിശാച് എന്നാൽ “ദൂഷകൻ” എന്നും സാത്താൻ എന്നാൽ “എതിരാളി” എന്നുമാണ് അർഥം. അവൻ “സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുക”യായിരുന്നു. (യാക്കോബ് 1:14) അതേ, ദൈവത്തിന്റെ സ്ഥാനത്തായിരിക്കാനുള്ള മോഹത്താൽ അവൻ വശീകരിക്കപ്പെടുകയും അങ്ങനെ സ്രഷ്ടാവിനെതിരെ മത്സരിക്കുകയും ചെയ്തു.
5 പിശാചായ സാത്താൻ ഹവ്വായോടു തുടർന്ന് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” (ഉല്പത്തി 3:4, 5) നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽനിന്നുള്ള ഫലം ഭക്ഷിക്കുന്നത് അഭികാമ്യമായ ഒന്നായി തോന്നാൻ സാത്താൻ ഇടയാക്കി. ചുരുക്കത്തിൽ അവൻ ഇങ്ങനെ സൂചിപ്പിച്ചു: ‘ദൈവം നല്ലത് എന്തോ നിങ്ങളിൽനിന്നു പിടിച്ചുവെച്ചിരിക്കുകയാണ്. കൂടുതലൊന്നും ആലോചിക്കേണ്ട, ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചോളൂ, നിങ്ങൾ ദൈവത്തെ പോലെ ആയിത്തീരും. അങ്ങനെ, നന്മയും തിന്മയും എന്താണെന്ന് സ്വയം നിശ്ചയിക്കാൻ നിങ്ങൾക്കു സാധിക്കും.’ ഇന്നും ദൈവത്തെ സേവിക്കുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ സാത്താൻ സമാനമായ ചിന്താഗതി അവരിൽ ഉൾനടുന്നു: ‘നിങ്ങൾക്ക് ഇഷ്ടമുള്ളതു ചെയ്തോളൂ, സ്രഷ്ടാവിന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചു ചിന്തിക്കാനൊന്നും മിനക്കെടേണ്ടതില്ല.’—വെളിപ്പാടു 4:11.
6 ആ വൃക്ഷത്തിന്റെ ഫലം ആകർഷകമായി തോന്നിയ ഹവ്വായ്ക്ക് എങ്ങനെയും അതിലൊന്നു കഴിക്കണമെന്നായി! അവൾ അതു പറിച്ച് തിന്നു, എന്നിട്ട് ഭർത്താവിനും നൽകി. ഭവിഷ്യത്തുക്കളെ കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും ആദാം ഭാര്യയുടെ വാക്കു കേട്ടു. അവനും ആ പഴം തിന്നു. ഫലം എന്തായിരുന്നു? സ്ത്രീക്കെതിരെ യഹോവ ഈ ന്യായവിധി പ്രഖ്യാപിച്ചു: “ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏററവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” പുരുഷനെതിരെ യഹോവ പ്രഖ്യാപിച്ച ന്യായവിധി എന്തായിരുന്നു? “നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും. നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” തങ്ങൾക്കു ബോധിച്ച വിധത്തിൽ സന്തുഷ്ടിയും സംതൃപ്തിയും നേടാനായി യഹോവ ആദാമിനെയും ഹവ്വായെയും അവരുടെ വഴിക്കുവിട്ടു. ദൈവോദ്ദേശ്യത്തിൽനിന്ന് അകന്ന് സംതൃപ്തമായ ഒരു ജീവിതം നയിക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങൾ വിജയിക്കുമോ? ഉദ്യാന തുല്യമായ പറുദീസ പരിപാലിക്കാനും ഭൂമിയുടെ അറ്റങ്ങളിലേക്കു വ്യാപിപ്പിക്കാനും ഉള്ള ആനന്ദദായകമായ വേല അവർക്കു നഷ്ടമായി. പകരം, അന്നന്നത്തെ അപ്പത്തിനായി വിയർപ്പൊഴുക്കി പണിയെടുക്കേണ്ട സ്ഥിതിവിശേഷം വന്നുചേർന്നു. അതാകട്ടെ, സ്രഷ്ടാവിനു യാതൊരു വിധത്തിലും മഹത്ത്വം കൈവരുത്തുമായിരുന്നില്ല.—ഉല്പത്തി 3:6-19.
7 നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്ന ആ ദിവസംതന്നെ ആദ്യത്തെ മനുഷ്യ ജോഡി ദൈവദൃഷ്ടിയിൽ മരിച്ചവരായിത്തീർന്നു. ശവക്കുഴിയിലേക്കുള്ള അവരുടെ പ്രയാണവും അന്നുതന്നെ ആരംഭിച്ചു. ഒടുവിൽ അവർ മരിച്ചപ്പോൾ എന്താണു സംഭവിച്ചത്? മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച് ബൈബിൾ ഉൾക്കാഴ്ച നൽകുന്നു. “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.” (സഭാപ്രസംഗി 9:5; സങ്കീർത്തനം 146:4) മരണത്തെ അതിജീവിക്കുന്ന ഒരു “ആത്മാവ്” ഇല്ല. പാപത്തിനുള്ള ശിക്ഷ മരണമാണ്, അല്ലാതെ അഗ്നിനരകത്തിലുള്ള നിത്യമായ ദണ്ഡനം അല്ല. കൂടാതെ, മരണം സ്വർഗത്തിലെ നിത്യാനന്ദത്തിലേക്കു നയിക്കുന്ന കവാടവുമല്ല.a
8 അകത്ത് ഒരു ചെറിയ വെട്ടുള്ള തട്ടത്തിൽ അപ്പമുണ്ടാക്കിയാൽ എന്തു സംഭവിക്കും? ഉണ്ടാക്കുന്ന എല്ലാ അപ്പത്തിലും ആ വെട്ടിന്റെ അടയാളം ഉണ്ടായിരിക്കും. സമാനമായി, പാപം ചെയ്തതിന്റെ ഫലമായി അപൂർണരായിത്തീർന്ന പുരുഷനും സ്ത്രീക്കും അപൂർണരായ സന്താനങ്ങളെ മാത്രമേ ജനിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ബൈബിൾ അതേ കുറിച്ച് ഇപ്രകാരം പറയുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) അങ്ങനെ, നാം എല്ലാവരും പാപത്തിൽ ജനിച്ചിരിക്കുന്നു, വ്യർഥതയ്ക്കു കീഴ്പെട്ടിരിക്കുന്നു. ആദാമിന്റെ സന്താനങ്ങളുടെ ജീവിതം വിരസതയും ക്ലേശവും നിരാശയും നിറഞ്ഞത് ആയിത്തീർന്നു. എന്നാൽ അതിനൊരു മാറ്റം വരുമോ?
a മരിച്ചവരുടെ അവസ്ഥയെ സംബന്ധിച്ച് താത്പര്യജനകമായ ചില വിവരങ്ങൾ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയിൽ കണ്ടെത്താൻ കഴിയും.