ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഗവണ്മെന്റുകൾ ഭരണഘടന നിർമിക്കുന്നതിന് ദീർഘനാൾ മുമ്പുതന്നെ വിവാഹത്തോടു ബന്ധപ്പെട്ട നിയമങ്ങൾ ദൈവം നൽകിയിട്ടുണ്ട്. ബൈബിളിലെ ആദ്യത്തെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.” (ഉൽപത്തി 2:24) വൈൻസ് എക്സ്പോസിറ്ററി ഡിക്ഷ്ണറി ഓഫ് ബിബ്ലിക്കൽ വേർഡ്സ് അനുസരിച്ച് “ഭാര്യ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം “ഒരു മനുഷ്യസ്ത്രീയെയാണു കുറിക്കുന്നത്.” “ആണും പെണ്ണും ആയി” വിവാഹിതരാകണം എന്നാണ് യേശു വ്യക്തമാക്കിയത്.—മത്തായി 19:4.
വിവാഹിതരാകുന്ന പുരുഷനും സ്ത്രീയും തമ്മിൽ സ്ഥിരമായ, ഇഴയടുപ്പമുള്ള ഒരു ബന്ധമുണ്ടായിരിക്കാനാണ് ദൈവം ഉദ്ദേശിച്ചത്. പുരുഷന്മാരും സ്ത്രീകളും പരസ്പരം പൂരകം ആയിരിക്കുന്ന വിധത്തിലാണ് ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്, അതായത് വൈകാരികവും ലൈംഗികവും ആയ ആവശ്യങ്ങൾ പരസ്പരം തൃപ്തിപ്പെടുത്താനും കുട്ടികളെ ജനിപ്പിക്കാനും കഴിയുന്ന വിധത്തിൽ.