ക്രിസ്തീയ കുടുംബങ്ങളേ, യേശുവിനെ അനുകരിക്കുക!
‘ക്രിസ്തു നിങ്ങൾക്കുവേണ്ടി അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെച്ചിരിക്കുന്നു.’—1 പത്രോ. 2:21.
1. (എ) സൃഷ്ടിക്രിയയിൽ ദൈവപുത്രന്റെ പങ്ക് എന്തായിരുന്നു? (ബി) മനുഷ്യകുടുംബത്തോടുള്ള അവന്റെ വികാരം എന്തായിരുന്നു?
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ അവന്റെ ആദ്യജാതപുത്രനും ഒരു ‘ശില്പിയായി’ അവനോടൊപ്പം ഉണ്ടായിരുന്നു. അസംഖ്യം ജന്തുജാലങ്ങളെയും സസ്യലതാദികളെയും രൂപകൽപ്പനചെയ്ത് അവയെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ ഈ പുത്രൻ പിതാവിനോടൊത്തു പ്രവർത്തിച്ചു. യഹോവയുടെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനു പാർക്കാനായി ഭൂമിയിൽ ഒരു പറുദീസ ഒരുക്കിയപ്പോഴും ഈ പുത്രൻ പിതാവിനോടൊപ്പമുണ്ടായിരുന്നു. പിൽക്കാലത്ത് യേശു എന്നു വിളിക്കപ്പെട്ട ഈ ദൈവപുത്രൻ മനുഷ്യകുടുംബത്തെ അതിയായി സ്നേഹിച്ചിരുന്നു. അവന്റെ “പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു” എന്ന് ബൈബിൾ പറയുന്നു.—സദൃ. 8:27-31; ഉല്പ. 1:26, 27.
2. (എ) അപൂർണമനുഷ്യരെ യഹോവ സഹായിച്ചിരിക്കുന്നത് എങ്ങനെയെല്ലാം? (ബി) ബൈബിൾ, മാർഗനിർദേശം നൽകുന്ന ഒരു ജീവിതമണ്ഡലം ഏത്?
2 ആദ്യമനുഷ്യജോഡി പാപം ചെയ്തതോടെ മുഴുമനുഷ്യവർഗവും പാപത്തിന്റെ പിടിയിലായി. അവരെ വീണ്ടെടുക്കുകയെന്നത് അപ്പോൾ ദൈവോദ്ദേശ്യത്തിന്റെ ഒരു മുഖ്യഭാഗമായിത്തീർന്നു. ക്രിസ്തുവിന്റെ മറുവിലയാഗത്തിലൂടെയാണ് യഹോവ ആ വീണ്ടെടുപ്പിനുള്ള വഴി തുറന്നത്. (റോമ. 5:8) അപൂർണരാണെങ്കിലും നീതിയുടെ മാർഗത്തിൽ നടക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങൾ അടങ്ങിയ തന്റെ വചനമായ ബൈബിളും യഹോവ പ്രദാനംചെയ്തിട്ടുണ്ട്. (സങ്കീ. 119:105) കുടുംബങ്ങളെ സന്തോഷവും കെട്ടുറപ്പും ഉള്ളതാക്കി നിറുത്താനുപകരിക്കുന്ന നിർദേശങ്ങൾ യഹോവ ആ വചനത്തിലൂടെ നൽകുന്നു. ദാമ്പത്യത്തെക്കുറിച്ച് ഉൽപ്പത്തിപ്പുസ്തകം പറയുന്നത് ഇതാണ്: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.”—ഉല്പ. 2:24.
3. (എ) ദാമ്പത്യത്തെക്കുറിച്ച് യേശു എന്തു പഠിപ്പിച്ചു? (ബി) ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
3 ഒരു ആജീവനാന്ത ബന്ധമായാണ് വിവാഹം ഏർപ്പെടുത്തിയതെന്ന് യേശു പഠിപ്പിക്കുകയുണ്ടായി. അവൻ പഠിപ്പിച്ച തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ, ദാമ്പത്യഭദ്രതയ്ക്കും കുടുംബസന്തുഷ്ടിക്കും തുരങ്കംവെക്കുന്ന മനോഭാവങ്ങളും പെരുമാറ്റങ്ങളും ഒഴിവാക്കാൻ കുടുംബങ്ങൾക്കാകും. (മത്താ. 5:27-37; 7:12) യേശുവിന്റെ ഉപദേശങ്ങളും അവന്റെ മാതൃകയും ധന്യവും തൃപ്തവുമായ ഒരു ജീവിതം നയിക്കാൻ ഭർത്താക്കന്മാരെയും ഭാര്യമാരെയും മാതാപിതാക്കളെയും കുട്ടികളെയും സഹായിക്കുന്നത് എങ്ങനെയെന്ന് നാം ഈ ലേഖനത്തിൽ പരിചിന്തിക്കും.
ഒരു ക്രിസ്തീയ ഭർത്താവിന് ഭാര്യയെ ആദരിക്കാനാകുന്ന വിധങ്ങൾ
4. യേശുവും ക്രിസ്തീയ ഭർത്താക്കന്മാരും വഹിക്കുന്ന പങ്കിൽ എന്തു സമാന്തരമുണ്ട്?
4 സഭയുടെ ശിരസ്സായി ദൈവം യേശുവിനെ നിയമിച്ചിരിക്കുന്നതുപോലെ, കുടുംബത്തിന്റെ ശിരസ്സായി അവൻ നിയമിച്ചിരിക്കുന്നത് ഭർത്താവിനെയാണ്. “ക്രിസ്തു . . . സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സ് ആകുന്നു. ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ. അവൻ . . . സഭയ്ക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു” എന്ന് അപ്പൊസ്തലനായ പൗലോസ് പറഞ്ഞു. (എഫെ. 5:23, 25, 27) യേശു തന്റെ അനുഗാമികളോട് ഇടപെട്ടവിധം ക്രിസ്തീയ ഭർത്താക്കന്മാർക്ക് ഒരു മാതൃകയാണ്. ഭാര്യമാരോട് ഇടപെടേണ്ടത് എങ്ങനെയെന്ന് അവർക്ക് അതിൽനിന്നു പഠിക്കാനാകും. യേശു തന്റെ ദൈവദത്ത അധികാരം പ്രയോഗിച്ച ചില വിധങ്ങളെക്കുറിച്ച് നമുക്കിപ്പോൾ നോക്കാം.
5. ശിഷ്യന്മാരുടെമേൽ യേശു അധികാരം പ്രയോഗിച്ചത് എങ്ങനെ?
5 യേശു “സൗമ്യതയും താഴ്മയും” ഉള്ളവനായിരുന്നു. (മത്താ. 11:29) ഉചിതമായ സമയത്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അവൻ ഒരിക്കലും വിമുഖത കാണിച്ചില്ല. തന്റെ ഉത്തരവാദിത്വങ്ങളിൽനിന്ന് അവൻ ഒളിച്ചോടിയതുമില്ല. (മർക്കോ. 6:34; യോഹ. 2:14-17) അവൻ ശിഷ്യന്മാരെ സൗമ്യമായി ഉപദേശിച്ചു, ആവശ്യമായിവന്നപ്പോൾ ആവർത്തിച്ചു തിരുത്തൽ കൊടുക്കാനും അവനു മടിയില്ലായിരുന്നു. (മത്താ. 20:21-28; മർക്കോ. 9:33-37; ലൂക്കോ. 22:24-27) പക്ഷേ, അവനിൽനിന്ന് ശകാരവർഷമോ അധിക്ഷേപമോ അവർക്ക് ഒരിക്കലും ഏൽക്കേണ്ടിവന്നില്ല. പഠിപ്പിച്ചിട്ടു കാര്യമില്ലാത്തവരാണെന്ന ചിന്തയോ താൻ അവരെ സ്നേഹിക്കുന്നില്ലെന്ന തോന്നലോ യേശു ഒരിക്കലും അവരിലുണ്ടാക്കിയില്ല. പ്രത്യുത, അവൻ അവരെ പ്രകീർത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (ലൂക്കോ. 10:17-21) ആർദ്രതയും സ്നേഹവും നിറഞ്ഞ അവന്റെ പെരുമാറ്റം ശിഷ്യന്മാരുടെ ഹൃദയങ്ങളെ കീഴടക്കി.
6. (എ) യേശു ശിഷ്യന്മാരോട് ഇടപെട്ടവിധത്തിൽനിന്ന് ഭർത്താക്കന്മാർക്ക് എന്തു പഠിക്കാം? (ബി) ഭർത്താക്കന്മാരോട് പത്രോസ് അപ്പൊസ്തലൻ എന്താണ് പറയുന്നത്?
6 പരുഷമായ ആധിപത്യം പ്രയോഗിക്കാനുള്ള പദവിയല്ല ക്രിസ്തീയ ശിരഃസ്ഥാനം എന്ന് യേശുവിന്റെ മാതൃകയിൽനിന്ന് ഭർത്താക്കന്മാർക്കു പഠിക്കാനാകും. ആദരവും ആത്മത്യാഗസ്നേഹവും ആയിരിക്കണം അതിന്റെ മുഖമുദ്ര. ഭാര്യമാരെ “ആദരിച്ച്” അവരോടൊപ്പം ‘വസിച്ചുകൊണ്ട്’ യേശുവിനെ അനുകരിക്കാൻ പത്രോസ് അപ്പൊസ്തലൻ ഭർത്താക്കന്മാരെ ഉദ്ബോധിപ്പിക്കുന്നു. (1 പത്രോസ് 3:7 വായിക്കുക.) അങ്ങനെയെങ്കിൽ, തന്റെ ദൈവദത്ത അധികാരം പ്രയോഗിക്കാനും അതേസമയം ഭാര്യയെ ആദരിക്കാനും ഒരു ഭർത്താവിന് എങ്ങനെ കഴിയും?
7. ഭർത്താവിന് ഭാര്യയെ ഏതുവിധത്തിൽ ആദരിക്കാനാകും? ഉദാഹരിക്കുക.
7 കുടുംബത്തെ ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുമുമ്പ് ഭാര്യയുടെ വികാരങ്ങളും വീക്ഷണവും ശ്രദ്ധയോടെ കണക്കിലെടുക്കുന്നതാണ് അവളോട് ആദരവ് കാണിക്കുന്നതിനുള്ള ഒരു മാർഗം. താമസംമാറുക, ജോലിമാറുക, അല്ലെങ്കിൽ അവധിക്കാലത്ത് എവിടെപ്പോകണം, ജീവിതച്ചെലവ് കൂടുന്നതനുസരിച്ച് കുടുംബബജറ്റ് എങ്ങനെ ക്രമീകരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ചിലപ്പോൾ തീരുമാനമെടുക്കേണ്ടതായി വന്നേക്കാം. കുടുംബത്തെ ബാധിക്കുന്ന കാര്യങ്ങളായതുകൊണ്ട് ഇതിലൊക്കെ ഭാര്യയുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നത് ഉചിതമാണ്, കാരണം, കൂടുതൽ മെച്ചപ്പെട്ട ഒരു തീരുമാനത്തിലെത്താൻ അത് അദ്ദേഹത്തെ സഹായിക്കും. മാത്രവുമല്ല, അത് അവളോടുള്ള പരിഗണനയുംകൂടിയാണ്. അങ്ങനെയെടുത്ത ഒരു തീരുമാനത്തെ പിന്താങ്ങുക ഭാര്യക്ക് എളുപ്പവുമായിരിക്കും. (സദൃ. 15:22) ഭാര്യയെ ആദരിക്കുന്ന ഒരു ക്രിസ്തീയ ഭർത്താവ് അവളുടെ സ്നേഹത്തിനും ആദരവിനും പാത്രമാകുമെന്നുമാത്രമല്ല അതിലുപരി യഹോവയുടെ അംഗീകാരവും അദ്ദേഹത്തിനുണ്ടായിരിക്കും.—എഫെ. 5:28, 29.
ഭാര്യക്ക് ഭർത്താവിനെ ആഴമായി ബഹുമാനിക്കാനാകുന്ന വിധങ്ങൾ
8. ഹവ്വായെ അനുകരിക്കരുതാത്തത് എന്തുകൊണ്ട്?
8 അധികാരത്തിന് കീഴ്പെടുന്ന കാര്യത്തിൽ ഭാര്യമാർക്ക് പിഴവറ്റ മാതൃകയ്ക്കായി യേശുവിലേക്കു നോക്കാനാകും. അധികാരത്തെ യേശു വീക്ഷിച്ച വിധവും ആദ്യസ്ത്രീയും ഭാര്യയുമായിരുന്ന ഹവ്വായുടെ മനോഭാവവും എത്ര വിഭിന്നമായിരുന്നു! ഭാര്യമാർക്കായി ഒരു നല്ല മാതൃകവെക്കാൻ ഹവ്വായ്ക്കു കഴിഞ്ഞില്ല. അവളുടെ ശിരസ്സായി ആദാമിനെ, അവളുടെ ഭർത്താവിനെ ദൈവം ആക്കിവെച്ചിരുന്നു. അദ്ദേഹത്തിലൂടെയാണ് യഹോവ അവൾക്ക് നിർദേശങ്ങൾ നൽകിയിരുന്നതും. എന്നാൽ ഈ ക്രമീകരണത്തെ അവൾ മാനിച്ചില്ല. ആദാം അവളെ അറിയിച്ച ദിവ്യകൽപ്പനകൾ അനുസരിക്കുന്നതിൽ അവൾ പരാജയപ്പെട്ടു. (ഉല്പ. 2:16, 17; 3:3; 1 കൊരി. 11:3) അവൾ വഞ്ചിക്കപ്പെട്ടു എന്നതു ശരിതന്നെ, എന്നിരുന്നാലും ‘ദൈവത്തിന് അറിയാവുന്ന’ കാര്യങ്ങളാണ് താൻ പറയുന്നതെന്ന് അവകാശപ്പെട്ട ആ ശബ്ദത്തിന്റെ വിശ്വാസയോഗ്യത അവൾക്കു ഭർത്താവിനോട് ചോദിച്ചറിയാമായിരുന്നു. അതുചെയ്യാതെ ഭർത്താവിനെ തന്റെ വഴിക്കു കൊണ്ടുവരാൻനോക്കുകയാണ് അവൾ ചെയ്ത്.—ഉല്പ. 3:5, 6; 1 തിമൊ. 2:14.
9. കീഴ്പെടലിന്റെ ഏതു മാതൃകയാണ് യേശു വെച്ചത്?
9 എന്നാൽ ശിരഃസ്ഥാനത്തിനു കീഴ്പെടുന്നതിന്റെ അത്യുത്തമ മാതൃകയാണ് യേശുവിന്റേത്. ‘ദൈവത്തോടു സമത്വം സ്വന്തമാക്കണമെന്ന ചിന്ത’ അവന് ഇല്ലായിരുന്നുവെന്ന് അവന്റെ മനോഭാവവും ജീവിതരീതിയും തെളിയിച്ചു. “അവൻ തനിക്കുള്ളതെല്ലാം വിട്ട് ദാസരൂപം” എടുത്തു. (ഫിലി. 2:5-7) വാഴ്ചനടത്തുന്ന രാജാവാണെങ്കിലും അവന് ഇന്നും അതേ മനോഭാവംതന്നെയാണുള്ളത്. എല്ലാ കാര്യങ്ങളിലും താഴ്മയോടെ തന്റെ പിതാവിന് കീഴ്പെട്ടുകൊണ്ട് പിതാവിന്റെ ശിരഃസ്ഥാനത്തെ അവൻ അംഗീകരിക്കുന്നു.—മത്താ. 20:23; യോഹ. 5:30; 1 കൊരി. 15:28.
10. ഭർത്താവിന്റെ ശിരഃസ്ഥാനത്തെ ഭാര്യക്ക് എങ്ങനെ പിന്തുണയ്ക്കാം?
10 തന്റെ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ അംഗീകരിച്ചുകൊണ്ട് ഒരു ഭാര്യക്ക് യേശുവിന്റെ മാതൃക അനുകരിക്കാനാകും. (1 പത്രോസ് 2:21; 3:1, 2 വായിക്കുക.) അവൾക്കിതു ചെയ്യാനാകുന്ന ഒരു സാഹചര്യം പരിശോധിക്കാം. മാതാപിതാക്കളുടെ അനുവാദം ആവശ്യമുള്ള ഒരുകാര്യം ചെയ്യാൻവേണ്ടി മകൻ അമ്മയുടെ അടുത്ത് അനുവാദം ചോദിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് മാതാപിതാക്കൾ മുമ്പൊരിക്കലും ചർച്ച ചെയ്തിട്ടുമില്ല. അപ്പോൾ അമ്മ ഇങ്ങനെ ചോദിക്കുന്നതായിരിക്കില്ലേ നല്ലത്: ‘നീ ഇതു പപ്പയോടു ചോദിച്ചോ?’ അവൻ ചോദിച്ചിട്ടില്ലെങ്കിൽ ഒരു തീരുമാനം പറയുന്നതിനുമുമ്പ് അവൾ അത് ഭർത്താവുമായി സംസാരിക്കണം. മാത്രമല്ല ഒരു ക്രിസ്തീയ ഭാര്യ മക്കളുടെ മുമ്പിൽവെച്ച് ഭർത്താവിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ഇല്ല. ഭിന്നാഭിപ്രായങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾക്കത് ഭർത്താവിനോടു സ്വകാര്യമായി സംസാരിക്കാവുന്നതാണ്.—എഫെ. 6:4.
മാതാപിതാക്കൾക്കുള്ള യേശുവിന്റെ മാതൃക
11. മാതാപിതാക്കൾക്ക് യേശുവിൽനിന്ന് എന്തു പഠിക്കാം?
11 യേശു വിവാഹം കഴിച്ചില്ല, അവനു മക്കളും ഇല്ലായിരുന്നു. എങ്കിലും ക്രിസ്തീയ മാതാപിതാക്കൾക്ക് ഒരു മുന്തിയ ദൃഷ്ടാന്തമാണ് അവന്റെ ജീവിതം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? പറഞ്ഞുകൊടുത്തും ചെയ്തുകാണിച്ചും അവൻ സ്നേഹത്തോടെയും ക്ഷമയോടെയും ശിഷ്യന്മാരെ പഠിപ്പിച്ചു. അവർക്കു കൊടുത്ത നിയോഗം നിവർത്തിക്കേണ്ടത് എങ്ങനെയെന്ന് അവൻ അവർക്കു കാണിച്ചുകൊടുത്തു. (ലൂക്കോ. 8:1) ശിഷ്യന്മാരോടുള്ള യേശുവിന്റെ മനോഭാവവും പെരുമാറ്റവും അന്യോന്യം എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കാൻ അവരെ സഹായിച്ചു.—യോഹന്നാൻ 13:14-17 വായിക്കുക.
12, 13. മക്കളെ ദൈവഭയത്തിൽ വളർത്താൻ മാതാപിതാക്കൾ എന്താണു ചെയ്യേണ്ടത്?
12 നന്മയ്ക്കായാലും തിന്മയ്ക്കായാലും മാതാപിതാക്കളെ അനുകരിക്കാനുള്ള പ്രവണതയാണ് കുട്ടികൾക്കുള്ളത്. അതുകൊണ്ട് മാതാപിതാക്കളേ, സ്വയം ചോദിക്കുക: ‘ഞങ്ങൾ ടിവി കാണാനും മറ്റു വിനോദപരിപാടികൾക്കുമായി ചെലവഴിക്കുന്ന സമയവും ബൈബിൾ പഠനത്തിനും വയൽസേവനത്തിനുമായി ചെലവഴിക്കുന്ന സമയവും കുട്ടികൾ താരതമ്യംചെയ്താൽ അവർക്ക് എന്തു സന്ദേശമാണ് ലഭിക്കുക? ഏതു കാര്യങ്ങൾക്കാണ് ഞങ്ങളുടെ കുടുംബം മുൻതൂക്കം നൽകുന്നത്? സത്യാരാധനയ്ക്ക് മുൻഗണന നൽകിക്കൊണ്ട് തീരുമാനങ്ങളെടുക്കുന്നതിലും ജീവിതം ചിട്ടപ്പെടുത്തുന്നതിലും ഞങ്ങളൊരു നല്ല മാതൃകവെക്കുന്നുണ്ടോ?’ മാതാപിതാക്കളുടെ ഹൃദയത്തിൽ ദൈവനിയമങ്ങൾക്ക് പ്രമുഖ സ്ഥാനമുണ്ടായിരിക്കണം, എങ്കിലേ മക്കളെ ദൈവഭയമുള്ളവരായി വളർത്തിക്കൊണ്ടുവരാനാകൂ.—ആവ. 6:6.
13 നിത്യജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാൻ മാതാപിതാക്കൾ ചെയ്യുന്ന ശ്രമങ്ങളൊന്നും കുട്ടികൾ ശ്രദ്ധിക്കാതെപോകില്ല. അപ്പോൾ മാതാപിതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ കുട്ടികൾ ഗൗരവത്തോടെ എടുക്കും. എന്നാൽ, മാതാപിതാക്കൾ പറയുന്നതൊന്നും, പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് കുട്ടികൾ മനസ്സിലാക്കുന്നെങ്കിലോ? ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നത് അത്രവലിയ കാര്യമൊന്നുമല്ലെന്നോ അത്ര പ്രായോഗികമല്ലെന്നോ ഒക്കെ അവർ ചിന്തിക്കാനിടയാകും. അങ്ങനെവന്നാൽ, സമ്മർദങ്ങളും പ്രലോഭനങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാനാകാതെ അവർ എളുപ്പത്തിൽ വീണുപോയേക്കാം.
14, 15. (എ) മാതാപിതാക്കൾ ഏതു ലക്ഷ്യങ്ങൾ കുട്ടികളിൽ ഉൾനടേണ്ടതുണ്ട്? (ബി) അവർക്കിത് ചെയ്യാൻ കഴിയുന്ന ഒരു വിധം ഏത്?
14 ഒരു കുട്ടിയെ വളർത്തിവലുതാക്കുക എന്നു പറയുമ്പോൾ അവന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതു മാത്രമല്ല അതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നു ക്രിസ്തീയ മാതാപിതാക്കൾക്കറിയാം. അതിനാൽ ഭൗതികനേട്ടങ്ങൾമാത്രം കൈവരുത്തുന്ന ലക്ഷ്യങ്ങൾ വെക്കാൻ കുട്ടികളെ പഠിപ്പിക്കുന്നത് എത്ര മൗഢ്യമായിരിക്കും! (സഭാ. 7:12) ആത്മീയലക്ഷ്യങ്ങൾക്കും മൂല്യങ്ങൾക്കും ജീവിതത്തിൽ ഒന്നാംസ്ഥാനം നൽകാനാണ് യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്. (മത്താ. 6:33) അതുകൊണ്ട് യേശുവിനെ അനുകരിച്ച് ക്രിസ്തീയ മാതാപിതാക്കളും ആത്മീയലാക്കുകൾവെച്ചു പ്രവർത്തിക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടതല്ലേ?
15 ഇതു ചെയ്യാനാകുന്ന ഒരു വിധമാണ് മുഴുസമയസേവനത്തിലുള്ള സഹോദരങ്ങളോടൊത്ത് ഇടപഴകാൻ കുട്ടികൾക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നത്. പയനിയർമാരുടെ കൂടെയോ സഞ്ചാരമേൽവിചാരകന്റെയും ഭാര്യയുടെയും കൂടെയോ സമയം ചെലവഴിക്കാൻ അവസരം ലഭിക്കുന്നത് ടീനേജ് പ്രായത്തിലുള്ള കുട്ടികൾക്ക് എത്ര പ്രോത്സാഹജനകമായിരിക്കും! സഭകളുംമറ്റും സന്ദർശിക്കുന്ന മിഷനറിമാർക്കും ബെഥേൽ അംഗങ്ങൾക്കും രാജ്യാന്തര നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സഹോദരങ്ങൾക്കും ദൈവസേവനത്തിലെ അനുഗ്രഹങ്ങളെയും സന്തോഷത്തെയുംപറ്റി ധാരാളം പറയാനുണ്ടാകും; പല നല്ല അനുഭവങ്ങളും അവർക്കുണ്ട്. ത്യാഗപൂർണമായ അവരുടെ ജീവിതമാതൃക, അഭിനന്ദനാർഹമായ ലക്ഷ്യങ്ങൾ വെക്കാനും ജ്ഞാനപൂർവകമായ തീരുമാനമെടുക്കാനും നിങ്ങളുടെ കുട്ടികളെ സഹായിക്കും. മുഴുസമയസേവനത്തിൽ ഏർപ്പെടാൻ സഹായിക്കുന്ന തൊഴിൽ കണ്ടെത്തുന്നതിന് പറ്റിയ വിദ്യാഭ്യാസം നേടുന്നതിനും ഇവരുടെ മാതൃക കുട്ടികൾക്കു പ്രചോദനമേകും.
കുട്ടികളേ, നിങ്ങൾക്കെങ്ങനെ യേശുവിനെ അനുകരിക്കാനാകും?
16. തന്റെ ജഡികമാതാപിതാക്കളെയും സ്വർഗീയപിതാവിനെയും യേശു ആദരിച്ചത് എങ്ങനെയാണ്?
16 കുട്ടികളേ, നിങ്ങൾക്കും യേശുവിനെ കണ്ട് പഠിക്കാനാകും. ബാലനായ യേശുവിന്റെ സംരക്ഷണ യോസേഫിന്റെയും മറിയയുടെയും കരങ്ങളിലായിരുന്നു, അവൻ അവർക്കു കീഴടങ്ങിയിരിക്കുകയും ചെയ്തു. (ലൂക്കോസ് 2:51 വായിക്കുക.) അവർ അപൂർണരാണെങ്കിലും, തന്നെ സംരക്ഷിക്കാനുള്ള ചുമതല ദൈവം അവരെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവരെ ആദരിക്കേണ്ടതുണ്ടെന്നും അവന് അറിയാമായിരുന്നു. (ആവ. 5:16; മത്താ. 15:4) ഒരു മുതിർന്നവ്യക്തി ആയപ്പോൾ യേശു എല്ലായ്പോഴും തന്റെ സ്വർഗീയപിതാവിന് ഹിതകരമായതു ചെയ്തു; അതിന് പലപ്പോഴും അവന് പ്രലോഭനങ്ങളെ ചെറുക്കേണ്ടിയിരുന്നു. (മത്താ. 4:1-10) കുട്ടികളേ, നിങ്ങൾക്കും ചിലപ്പോൾ മാതാപിതാക്കളോട് അനുസരണക്കേടു കാണിക്കാനുള്ള പ്രലോഭനങ്ങൾ ഉണ്ടായേക്കാം. അപ്പോൾ യേശുവിനെ മാതൃകയാക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കും?
17, 18. (എ) എങ്ങനെയുള്ള പ്രലോഭനമാണ് കുട്ടികൾക്ക് സ്കൂളിലുണ്ടാകുന്നത്? (ബി) എന്തോർക്കുന്നത് പരിശോധനകൾ നേരിടാൻ അവരെ സഹായിക്കും?
17 ബൈബിളിന്റെ ഉന്നത നിലവാരങ്ങളെ വിലമതിക്കുന്നവരായിരിക്കില്ല നിങ്ങളുടെ സഹപാഠികളിൽ മിക്കവരും. തെറ്റു ചെയ്യാനോ അല്ലെങ്കിൽ അതിനു കൂട്ടുനിൽക്കാനോ അവർ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. വിസമ്മതിക്കുന്നപക്ഷം അവർ നിങ്ങളെ കളിയാക്കുകയും ഇരട്ടപ്പേരുവിളിക്കുകയുമൊക്കെ ചെയ്തെന്നുവരും. ഇങ്ങനെ എപ്പോഴെങ്കിലും സംഭവിക്കുന്നെങ്കിൽ നിങ്ങൾ എന്തുചെയ്യും? പേടിച്ച് അവർക്ക് വഴങ്ങിക്കൊടുക്കുന്നെങ്കിൽ മാതാപിതാക്കളെയും യഹോവയെയും നിങ്ങൾ സങ്കടപ്പെടുത്തുകയായിരിക്കില്ലേ ചെയ്യുന്നത്? സഹപാഠികളുടെ താളത്തിനൊത്തു തുള്ളിയാൽ നിങ്ങൾ ഒടുക്കം എവിടെയെത്തും? നിങ്ങൾക്ക് നല്ല ചില ലക്ഷ്യങ്ങളൊക്കെ ഉണ്ടായിരിക്കാം—ഒരു പയനിയറാകുക, ശുശ്രൂഷാദാസനാകുക, ആവശ്യം അധികമുള്ളിടത്ത് സേവിക്കുക, ബെഥേലിൽ സേവിക്കുക എന്നിങ്ങനെയൊക്കെ. പക്ഷേ സഹപാഠികളുടെ വലയത്തിലകപ്പെട്ടുപോയാൽ നിങ്ങൾക്ക് ഈ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
18 ക്രിസ്തീയ യുവജനങ്ങളേ, വിശ്വാസം പരിശോധിക്കപ്പെടുന്ന സാഹചര്യങ്ങൾ നിങ്ങൾക്കുണ്ടാകാറുണ്ടോ? അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾ എന്തുചെയ്യും? നിങ്ങളുടെ മാതൃകാപുരുഷനായ യേശു എന്താണ് ചെയ്തതെന്നു നോക്കൂ. ശരിയാണെന്ന് തനിക്കു ബോധ്യമുണ്ടായിരുന്ന കാര്യങ്ങൾക്കുവേണ്ടി അവൻ നിലകൊണ്ടു, പ്രലോഭനങ്ങൾക്കു വഴങ്ങിയതുമില്ല. ഇതോർക്കുന്നെങ്കിൽ, തെറ്റാണെന്ന് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ചെയ്യാൻ കൂട്ടുനിൽക്കില്ലെന്ന് സഹപാഠികളോട് സ്പഷ്ടമായി പറയാനാവശ്യമായ ധൈര്യം നിങ്ങൾക്കുണ്ടാകും. യേശുവിനെപ്പോലെ, യഹോവയെ അനുസരിച്ചുകൊണ്ട് ജീവിതം സന്തോഷത്തോടെ ദൈവസേവനത്തിൽ ചെലവഴിക്കുക എന്ന മഹനീയ ലക്ഷ്യം എന്നും നിങ്ങളുടെ മനസ്സിൽ മായാതെനിറുത്തുക.—എബ്രാ. 12:2.
കുടുംബസന്തുഷ്ടിയുടെ ആധാരം
19. എങ്ങനെയുള്ള ജീവിതമാണ് യഥാർഥ സന്തുഷ്ടി കൈവരുത്തുന്നത്?
19 മനുഷ്യവർഗത്തിന്റെ നന്മമാത്രമാണ് യഹോവയും യേശുവും ആഗ്രഹിക്കുന്നത്. ഈ അപൂർണസ്ഥിതിയിലും ഒരളവുവരെ സന്തോഷമുള്ളവരായിരിക്കാൻ നമുക്കു കഴിയും. (യെശ. 48:17, 18; മത്താ. 5:3) സന്തുഷ്ടിക്ക് നിദാനമായ ആത്മീയസത്യങ്ങൾ യേശു പഠിപ്പിക്കുകയുണ്ടായി. എന്നാൽ അതുമാത്രമല്ല അവൻ നമുക്ക് പകർന്നുതന്നത്. ഏറ്റവും ശ്രേഷ്ഠമായ ജീവിതഗതി ഏതാണെന്നും അവൻ നമ്മെ പഠിപ്പിച്ചു. അതിലുപരി, തന്റെ ജീവിതത്തിലൂടെ അതിന്റെ പ്രായോഗികത അവൻ നമുക്കു കാണിച്ചുതരുകയും ചെയ്തു. കുടുംബത്തിൽ ഓരോരുത്തർക്കും ആ മാതൃകയിൽനിന്ന് പലതും പഠിക്കാനുണ്ട്. അതുകൊണ്ട്, ഭർത്താക്കന്മാരേ, ഭാര്യമാരേ, മാതാപിതാക്കളേ, കുട്ടികളേ, യേശുവിനെ കണ്ട് പഠിക്കുക. യേശുവിന്റെ പഠിപ്പിക്കലുകൾ ഉൾക്കൊണ്ട് ആ മാതൃക അനുകരിക്കുക. അങ്ങനെ നിങ്ങളുടെ കുടുംബജീവിതം ധന്യവും തൃപ്തവുമാകട്ടെ!
ഉത്തരം പറയാമോ?
• ദൈവദത്ത അധികാരം ഭർത്താക്കന്മാർ എങ്ങനെ വിനിയോഗിക്കണം?
• ഭാര്യമാർക്ക് യേശുവിനെ എങ്ങനെ അനുകരിക്കാം?
• യേശു ശിഷ്യന്മാരോട് ഇടപെട്ട വിധത്തിൽനിന്ന് മാതാപിതാക്കൾക്ക് എന്തു പഠിക്കാം?
• യുവജനങ്ങൾക്ക് യേശുവിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
[8-ാം പേജിലെ ചിത്രം]
കുടുംബത്തെ ബാധിക്കുന്ന ഒരു കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുമുമ്പ് സ്നേഹമുള്ള ഒരു ഭർത്താവ് എന്തുചെയ്യും?
[9-ാം പേജിലെ ചിത്രം]
ഭർത്താവിന്റെ ശിരഃസ്ഥാനത്തെ ആദരിക്കാനുള്ള ഏത് അവസരം ഭാര്യക്കുണ്ട്?
[10-ാം പേജിലെ ചിത്രം]
കുട്ടികൾ മാതാപിതാക്കളുടെ നല്ല ശീലങ്ങൾ അനുകരിക്കും