അധ്യായം 11
ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?
1. (എ) ഇന്നു ഭൂമിയിലെ സാഹചര്യം എന്താണ്? (ബി) ചിലർക്ക് എന്തു പരാതിയുണ്ട്?
നിങ്ങൾ ലോകത്തിലെവിടെ നോക്കിയാലും അവിടെ കുററകൃത്യവും വിദ്വേഷവും കുഴപ്പവുമുണ്ട്. മിക്കപ്പോഴും നിർദോഷികളാണു കഷ്ടപ്പെടുന്നത്. ചിലർ ദൈവത്തെ കുററപ്പെടുത്തുന്നു. ‘ഒരു ദൈവമുണ്ടെങ്കിൽ അവൻ ഈ ഭയങ്കര കാര്യങ്ങളെല്ലാം സംഭവിക്കാൻ അനുവദിക്കുന്നതെന്തുകൊണ്ട്?’ എന്ന് അവർ ചോദിച്ചേക്കാം.
2. (എ) ആരാണു ദുഷ്ടകാര്യങ്ങൾ ചെയ്യുന്നത്? (ബി) ഭൂമിയിലെ കഷ്ടപ്പാടിലധികവും എങ്ങനെ തടയാം?
2 എന്നാൽ മററുളളവരോട് ഈ ദുഷ്ടതകൾ പ്രവർത്തിക്കുന്നത് ആരാണ്? ആളുകളാണ്, ദൈവമല്ല. ദൈവം ദുഷ്പ്രവൃത്തികളെ കുററംവിധിക്കുകയാണു ചെയ്യുന്നത്. യഥാർഥത്തിൽ ജനങ്ങൾ ദൈവനിയമങ്ങൾ അനുസരിച്ചിരുന്നെങ്കിൽ ഭൂമിയിലെ കഷ്ടപ്പാടിൽ അധികവും തടയാമായിരുന്നു. സ്നേഹിക്കാൻ അവൻ നമ്മോടു കല്പിക്കുന്നുണ്ട്. അവൻ കൊലപാതകത്തെയും മോഷണത്തെയും ദുർവൃത്തിയെയും അത്യാഗ്രഹത്തെയും മദ്യാസക്തിയെയും മനുഷ്യരെ കഷ്ടപ്പെടുത്തുന്ന മററു ദുഷ്പ്രവൃത്തികളെയും വിലക്കുന്നു. (റോമർ 13:9; എഫേസ്യർ 5:3, 18) ദൈവം ആദാമിനെയും ഹവ്വായെയും അത്ഭുതകരമായ ഒരു തലച്ചോറിനോടും ശരീരത്തോടും ജീവിതം പൂർണമായി ആസ്വദിക്കാനുളള പ്രാപ്തിയോടുംകൂടെയാണു നിർമിച്ചത്. അവരോ അവരുടെ മക്കളോ കഷ്ടപ്പെടണമെന്ന് അവൻ ഒരിക്കലും ആഗ്രഹിച്ചില്ല.
3. (എ) ദുഷ്ടതയ്ക്ക് ഉത്തരവാദികൾ ആരാണ്? (ബി) ആദാമിനും ഹവ്വായ്ക്കും സാത്താന്റെ പരീക്ഷകളെ ചെറുത്തുനിൽക്കാമായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
3 പിശാചായ സാത്താനാണു ഭൂമിയിൽ ദുഷ്ടത ആരംഭിച്ചത്. എന്നാൽ ആദാമും ഹവ്വായും കുററക്കാരാണ്. പിശാച് അവരെ പരീക്ഷിച്ചപ്പോൾ ചെറുത്തുനിൽക്കാൻ കഴിയാത്തവിധം അവർ തീരെ ബലഹീനരായിരുന്നില്ല. പിൽക്കാലത്തു പൂർണമനുഷ്യനായിരുന്ന യേശു ചെയ്തതുപോലെ “ദൂരെ പോ” എന്ന് അവർക്കു സാത്താനോടു പറയാൻ കഴിയുമായിരുന്നു. (മത്തായി 4:10) എന്നാൽ അവർ അതു ചെയ്തില്ല. തൽഫലമായി, അവർ അപൂർണരായിത്തീർന്നു. നാം ഉൾപ്പെടെ അവരുടെ മക്കളും ആ അപൂർണത അവകാശപ്പെടുത്തി. അത് അതിനോടുകൂടെ രോഗവും സങ്കടവും മരണവും കൈവരുത്തി. (റോമർ 5:12) എന്നാൽ ദൈവം കഷ്ടപ്പാടു തുടരാൻ അനുവദിച്ചതെന്തുകൊണ്ട്?
4. സ്നേഹവാനായ ഒരു ദൈവം താൽക്കാലികമായി ദുഷ്ടത അനുവദിക്കുമെന്നു ഗ്രഹിക്കാൻ നമ്മെ എന്തു സഹായിക്കുന്നു?
4 ഈ നൂററാണ്ടുകളിലെല്ലാം അനുഭവപ്പെട്ടിട്ടുളള മാനുഷദുരിതമെല്ലാം അനുവദിക്കുന്നതിനു ദൈവത്തിനു യാതൊന്നും മതിയായ കാരണമായിരിക്കുന്നില്ലെന്ന് ഒരുവൻ ആദ്യം ചിന്തിച്ചേക്കാം. എന്നിരുന്നാലും ആ നിഗമനത്തിലെത്തുന്നതു ശരിയാണോ? തങ്ങളുടെ മക്കളെ യഥാർഥമായി സ്നേഹിക്കുന്ന മാതാപിതാക്കൻമാർ ഏതെങ്കിലും കുഴപ്പം പരിഹരിക്കുന്നതിനു വേദനാജനകമായ ഒരു ഓപ്പറേഷനു വിധേയമാകാൻ തങ്ങളുടെ മക്കളെ അനുവദിച്ചിട്ടില്ലേ? ഉവ്വ്, താൽക്കാലിക കഷ്ടപ്പാടിന്റെ അനുവാദം മിക്കപ്പോഴും കുട്ടികൾ പിൽക്കാലജീവിതത്തിൽ മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കുക സാധ്യമാക്കിയിട്ടുണ്ട്. ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതുകൊണ്ട് എന്തു നൻമ കൈവന്നിട്ടുണ്ട്?
പരിഹരിക്കേണ്ട ഒരു പ്രധാന വിവാദപ്രശ്നം
5. (എ) സാത്താൻ ദൈവം പറഞ്ഞതിനു വിരുദ്ധമായി പറഞ്ഞതെങ്ങനെ? (ബി) സാത്താൻ ഹവ്വായ്ക്ക് എന്തു വാഗ്ദാനം ചെയ്തു?
5 ഏദൻതോട്ടത്തിൽ ദൈവത്തിനെതിരായി ഉണ്ടായ മത്സരം ഒരു പ്രധാനപ്പെട്ട വിവാദം ഉയർത്തി. ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ടെന്നു മനസ്സിലാക്കുന്നതിനു നാം അതു പരിശോധിക്കേണ്ടിയിരിക്കുന്നു. ഏദൻതോട്ടത്തിലെ ഒരു പ്രത്യേകവൃക്ഷത്തിൽനിന്നു ഭക്ഷിക്കരുതെന്നു യഹോവ ആദാമിനോടു പറഞ്ഞിരുന്നു. ആദാം അതു ഭക്ഷിച്ചാൽ എന്തു സംഭവിക്കും? “നീ തീർച്ചയായും മരിക്കും” എന്നു ദൈവം പറഞ്ഞു. (ഉല്പത്തി 2:17) ഏതായാലും സാത്താൻ നേരെ എതിരു പറഞ്ഞു. ഒട്ടും മടിക്കാതെ വിലക്കപ്പെട്ട വൃക്ഷത്തിൽനിന്നു ഭക്ഷിക്കാൻ അവൻ ആദാമിന്റെ ഭാര്യയായ ഹവ്വായോടു പറഞ്ഞു. “നിങ്ങൾ തീർച്ചയായും മരിക്കയില്ല” എന്നു സാത്താൻ പറഞ്ഞു. യഥാർഥത്തിൽ “നിങ്ങൾ അതിൽനിന്നു തിന്നുന്നദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കേണ്ടതാണെന്നും നിങ്ങൾ നൻമയും തിൻമയും അറിയുന്നവരായി ദൈവത്തെപ്പോലെ ആകേണ്ടതാണെന്നും ദൈവം അറിയുന്നു” എന്ന് അവൻ തുടർന്നു പറഞ്ഞു.—ഉല്പത്തി 3:1-5.
6. (എ) ഹവ്വാ ദൈവത്തോട് അനുസരണക്കേടു കാണിച്ചതെന്തുകൊണ്ട്? (ബി) വിലക്കപ്പെട്ട വൃക്ഷത്തിൽനിന്നു ഭക്ഷിക്കുന്നതിന്റെ അർഥമെന്തായിരുന്നു?
6 ഹവ്വാ ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും തിന്നുകയും ചെയ്തു. എന്തുകൊണ്ട്? ഹവ്വാ സാത്താനെ വിശ്വസിച്ചു. ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നതിനാൽ തനിക്കു പ്രയോജനം കിട്ടുമെന്ന് അവൾ സ്വാർഥപൂർവം ചിന്തിച്ചു. മേലാൽ താനോ ആദാമോ ദൈവത്തോടു സമാധാനം പറയേണ്ടതില്ലായിരിക്കുമെന്ന് അവൾ ന്യായവാദം ചെയ്തു. മേലാൽ അവർ അവന്റെ നിയമങ്ങൾക്കു കീഴ്പ്പെടേണ്ടിവരികയില്ല. അവർക്കു സ്വയം “നൻമ” എന്തെന്നും “തിൻമ” എന്തെന്നും തീരുമാനിക്കാൻ കഴിയും. ഇതൊക്കെയായിരുന്നു അവളുടെ മനോഗതം. ആദാം ഹവ്വായോടു യോജിക്കുകയും ഭക്ഷിക്കുകയും ചെയ്തു. ദൈവത്തിനെതിരായ മമനുഷ്യന്റെ ആദിമ പാപത്തെക്കുറിച്ചു ചർച്ചചെയ്തുകൊണ്ട് യരുശലേം ബൈബിളിലെ ഒരു അടിക്കുറിപ്പ് പറയുന്നു: “അതു നൻമ എന്തെന്നും തിൻമ എന്തെന്നും തന്നെത്താൻ തീരുമാനിക്കുന്നതിനും അതനുസരിച്ചു പ്രവർത്തിക്കുന്നതിനുമുളള അധികാരം, പൂർണധാർമിക സ്വാതന്ത്ര്യത്തിന്റെ അവകാശം ആണ് . . . ആദ്യപാപം ദൈവത്തിന്റെ പരമാധികാരത്തിൻമേലുളള ഒരു കടന്നാക്രമണം ആയിരുന്നു.” അതായത് അതു മമനുഷ്യന്റെ സമ്പൂർണഭരണാധികാരി അഥവാ മേലധികാരിയായിരിക്കാനുളള ദൈവത്തിന്റെ അവകാശത്തിൻമേലുളള ഒരു കടന്നാക്രമണമായിരുന്നു.
7. (എ) മമനുഷ്യന്റെ അനുസരണക്കേടിനാൽ ഏതു വിവാദപ്രശ്നം ഉന്നയിക്കപ്പെട്ടു? (ബി) ഈ വിവാദപ്രശ്നത്തോടുളള ബന്ധത്തിൽ ഏതു ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമാണ്?
7 അതുകൊണ്ട് വിലക്കപ്പെട്ട ഫലം തിന്നതിനാൽ ആദാമും ഹവ്വായും ദൈവത്തിന്റെ ഭരണാധിപത്യത്തിൻകീഴിൽനിന്നു പിൻമാറി. അവർ സ്വന്ത തീരുമാനങ്ങളനുസരിച്ചു “നൻമ”യോ “തിൻമ”യോ ചെയ്തുകൊണ്ടു സ്വന്തം ഉത്തരവാദിത്വത്തിൽ പ്രവർത്തിച്ചു. അതുകൊണ്ട് ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വിവാദവിഷയം അഥവാ പ്രശ്നം ഇതായിരുന്നു: ദൈവത്തിനു മനുഷ്യവർഗത്തിന്റെ സമ്പൂർണ ഭരണാധികാരിയായിരിക്കാനുളള അവകാശമുണ്ടോ? മററു വാക്കുകളിൽ പറഞ്ഞാൽ മനുഷ്യർക്കു നൻമയോ തിൻമയോ എന്തെന്നു നിശ്ചയിക്കേണ്ട ഏകൻ യഹോവയാണോ? ശരിയായ നടത്ത എന്താണെന്നും എന്തല്ലെന്നും പറയേണ്ട ഏകൻ അവനാണോ? അല്ലെങ്കിൽ മനുഷ്യനു തന്നേത്തന്നെ മെച്ചമായി ഭരിക്കാൻ കഴിയുമോ? ആരുടെ ഭരണരീതിയാണ് ഏററവും നല്ലത്? സാത്താന്റെ അദൃശ്യ മാർഗനിർദേശത്തിൻകീഴിൽ, യഹോവയുടെ മാർഗനിർദേശം കൂടാതെ, മനുഷ്യർക്കു വിജയപ്രദമായി ഭരിക്കാൻ കഴിയുമോ? അതോ ഭൂമിയിൽ നിലനില്ക്കുന്ന സമാധാനം കൈവരുത്തുന്ന ഒരു നീതിയുളള ഗവൺമെൻറ് സ്ഥാപിക്കാൻ ദൈവത്തിന്റെ മാർഗനിർദേശം ആവശ്യമാണോ? ദൈവത്തിന്റെ പരമാധികാരത്തിൻമേൽ, അതായത് മനുഷ്യവർഗത്തിന്റെ ഏകസമ്പൂർണഭരണാധികാരിയായിരിക്കാനുളള അവന്റെ അവകാശത്തിൽ, ഉണ്ടായ ഈ കടന്നാക്രമണത്തിൽ ഇത്തരം ചോദ്യങ്ങളെല്ലാം ഉന്നയിക്കപ്പെട്ടു.
8. യഹോവ ഉടൻതന്നെ മത്സരികളെ നശിപ്പിക്കാഞ്ഞതെന്തുകൊണ്ട്?
8 തീർച്ചയായും മത്സരം ഉണ്ടായ ഉടനെ യഹോവയ്ക്കു മൂന്നു മത്സരികളെയും നശിപ്പിക്കാമായിരുന്നു. അവൻ സാത്താനെക്കാളോ ആദാമിനെയും ഹവ്വായെയുംകാളോ ശക്തനാണെന്നുളളതിൽ സംശയമില്ലായിരുന്നു. എന്നാൽ അവരെ നശിപ്പിക്കുന്നത് ഏററവും നല്ല വിധത്തിൽ കാര്യങ്ങൾക്കു തീർപ്പു കല്പിക്കുമായിരുന്നില്ല. ദൃഷ്ടാന്തമായി, ദൈവത്തിന്റെ സഹായംകൂടാതെ, മനുഷ്യർക്കു വിജയകരമായി തങ്ങളേത്തന്നെ ഭരിക്കാൻ കഴിയുമോയെന്ന പ്രശ്നത്തിന് അത് ഉത്തരം നൽകുമായിരുന്നില്ല. അതുകൊണ്ട് ഉന്നയിക്കപ്പെട്ട പ്രധാന വിവാദപ്രശ്നം പരിഹരിക്കുന്നതിനു യഹോവ സമയമനുവദിച്ചു.
വിവാദപ്രശ്നത്തിനു തീരുമാനമുണ്ടാക്കുന്നു
9, 10. മനുഷ്യർ ദൈവത്തിന്റെ മാർഗനിർദേശം കൂടാതെ തങ്ങളേത്തന്നെ ഭരിക്കാൻ ശ്രമിക്കുന്നതിന്റെ ഫലമെന്താണ്?
9 കാലം കടന്നുപോയ സ്ഥിതിക്കു ഫലമെന്താണ്? നിങ്ങൾ എന്തു പറയുന്നു? ദൈവത്തിന്റെ മാർഗനിർദേശം കൂടാതെ തങ്ങളേത്തന്നെ ഭരിക്കുന്നതിൽ മനുഷ്യർ വിജയം വരിച്ചിരിക്കുന്നു എന്നു കഴിഞ്ഞ 6,000 വർഷത്തെ ചരിത്രം തെളിയിച്ചിട്ടുണ്ടോ? എല്ലാവരുടെയും അനുഗ്രഹത്തിനും സന്തുഷ്ടിക്കുമായി മനുഷ്യർ സൽഭരണം പ്രദാനം ചെയ്തിട്ടുണ്ടോ? അതോ ചരിത്രരേഖ “തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല” എന്ന യിരെമ്യാപ്രവാചകന്റെ വാക്കുകൾ ശരിയാണെന്നു പ്രകടമാക്കിയിരിക്കുകയാണോ?—യിരെമ്യാവ് 10:23.
10 ചരിത്രത്തിലുടനീളം എല്ലാത്തരം ഗവൺമെൻറുകളും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്, എന്നാൽ അവയിൻകീഴിൽ വസിക്കുന്നവർക്കെല്ലാം യാതൊരു ഗവൺമെൻറും സുരക്ഷിതത്വവും സന്തുഷ്ടിയും കൈവരുത്തിയിട്ടില്ല. ചിലയാളുകൾ പുരോഗതിയുടെ ലക്ഷണങ്ങളിലേക്കു വിരൽ ചൂണ്ടിയേക്കാം. എന്നാൽ അമ്പിനും വില്ലിനും പകരം അണുബോംബ് സ്ഥലം പിടിച്ചിരിക്കുമ്പോൾ, ഇപ്പോൾ ലോകം മറെറാരു ലോകയുദ്ധത്തിന്റെ കൊടുംഭീതിയിലമർന്നിരിക്കുമ്പോൾ, യഥാർഥ പുരോഗതിയെക്കുറിച്ച് ഒരുവനു സംസാരിക്കാൻ കഴിയുമോ? മനുഷ്യനു ചന്ദ്രനിൽ നടക്കാൻ കഴിയുമെന്നിരിക്കെ, ഭൂമിയിൽ സമാധാനത്തിൽ ഒരുമിച്ചു വസിക്കാൻ കഴിയാത്തപ്പോൾ, ഏതുതരം പുരോഗതിയാണത്? എല്ലാ ആധുനികസൗകര്യങ്ങളോടുംകൂടെ വീടുകൾ നിർമിച്ചിട്ട് അതിൽ വസിക്കുന്ന കുടുംബങ്ങൾ കുഴപ്പങ്ങളാൽ ഛിദ്രിച്ചിരിക്കുമ്പോൾ മനുഷ്യർക്ക് അതുകൊണ്ടെന്തു ഗുണം? തെരുവുകളിലെ ലഹളകളോ വസ്തുവിന്റെയും ജീവന്റെയും നാശമോ വിപുലവ്യാപകമായ നിയമരാഹിത്യമോ പ്രശംസിക്കാനുളള കാര്യങ്ങളാണോ? അശേഷമല്ല! എന്നാൽ ഇവ മനുഷ്യർ ദൈവത്തെകൂടാതെ തങ്ങളേത്തന്നെ ഭരിക്കാൻ ശ്രമിക്കുന്നതിന്റെ ഫലങ്ങളാണ്.—സദൃശവാക്യങ്ങൾ 19:3.
11. അതുകൊണ്ട്, സ്പഷ്ടമായി, മനുഷ്യർക്ക് എന്താവശ്യമാണ്?
11 തെളിവ് എല്ലാവർക്കും വ്യക്തമായിരിക്കണം. ദൈവത്തിൽനിന്നു സ്വതന്ത്രമായി സ്വയം ഭരിക്കാനുളള മമനുഷ്യന്റെ ശ്രമങ്ങൾ ഭയങ്കര പരാജയമാണ്. അവ വലിയ മാനുഷദുരിതത്തിൽ കലാശിച്ചിരിക്കുന്നു. “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു” എന്നു ബൈബിൾ വിശദീകരിക്കുന്നു. (സഭാപ്രസംഗി 8:9) തങ്ങളുടെ കാര്യങ്ങൾ നിർവഹിക്കുന്നതിനു മനുഷ്യർക്കു ദൈവത്തിന്റെ മാർഗനിർദേശം ആവശ്യമാണെന്നു വ്യക്തമാണ്. ഭക്ഷണം കഴിക്കുന്നതിനും വെളളം കുടിക്കുന്നതിനുമുളള ആവശ്യം സഹിതം ദൈവം മനുഷ്യനെ സൃഷ്ടിച്ചതുപോലെ, ദൈവനിയമങ്ങൾ അനുസരിക്കേണ്ട ആവശ്യം സഹിതവുമാണ് മനുഷ്യൻ നിർമിക്കപ്പെട്ടത്. മനുഷ്യൻ ആഹാരത്തിനും വെളളത്തിനും വേണ്ടിയുളള തന്റെ ശരീരത്തിന്റെ ആവശ്യത്തെ അവഗണിച്ചാൽ അവൻ തീർച്ചയായും ക്ലേശം അനുഭവിക്കുന്നതുപോലെ ദൈവനിയമങ്ങളെ അവഗണിച്ചാൽ അവൻ പ്രയാസത്തിലകപ്പെടും.—സദൃശവാക്യങ്ങൾ 3:5, 6.
ഇത്ര ദീർഘമായി എന്തുകൊണ്ട്?
12. വിവാദപ്രശ്നത്തിനു തീരുമാനമുണ്ടാക്കാൻ ദൈവം ഇത്ര ദീർഘമായ സമയം അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?
12 ‘ഈ വിവാദപ്രശ്നത്തിനു തീർപ്പുകല്പിക്കാൻ ഇപ്പോൾ 6,000 ത്തോളം വർഷം ദൈവം അനുവദിച്ചു; ഇത്രയും കാലം ദൈവം അനുവദിച്ചതെന്തുകൊണ്ട്? തൃപ്തികരമായ വിധത്തിൽ പണ്ടേ അതിനു തീർപ്പുകൽപ്പിക്കാൻ കഴിയുമായിരുന്നില്ലേ?’ എന്ന് ഒരുവൻ ചോദിച്ചേക്കാം. യഥാർഥത്തിൽ അതു കഴിയുമായിരുന്നില്ല. ദൈവം പണ്ടേ മുമ്പോട്ടു വന്ന് ഇടപെട്ടിരുന്നുവെങ്കിൽ, പരീക്ഷണം നടത്തുന്നതിനു മനുഷ്യർക്കു വേണ്ടത്ര സമയം കൊടുത്തില്ലെന്നുളള ആരോപണം ഉണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ, സകല പ്രജകളുടെയും ആവശ്യത്തെ തൃപ്തിപ്പെടുത്തുന്ന ഒരു ഗവൺമെൻറ് വികസിപ്പിച്ചെടുക്കാൻ മാത്രമല്ല, എല്ലാവരുടെയും ഐശ്വര്യത്തിനു സംഭാവന ചെയ്യാൻ കഴിയുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിനും മനുഷ്യർക്കു ധാരാളം സമയം ലഭിച്ചിരിക്കുന്നു. മനുഷ്യർ നൂററാണ്ടുകളായി മിക്കവാറും എല്ലാത്തരം ഗവൺമെൻറും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ശാസ്ത്രമണ്ഡലത്തിലെ അവരുടെ പുരോഗതി ഗണനീയമാണ്. അവർ ആററത്തെ ഉപയുക്തമാക്കുകയും ചന്ദ്രനിലേക്കു സഞ്ചരിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ഫലമെന്താണ്? അതു മനുഷ്യവർഗത്തിന്റെ അനുഗ്രഹത്തിനായി തികച്ചും പുതിയ ഒരു വ്യവസ്ഥിതി കൈവരുത്തിയിട്ടുണ്ടോ?
13. (എ) മമനുഷ്യന്റെ ശാസ്ത്രീയപുരോഗതിയെല്ലാമുണ്ടായിട്ടും ഇന്നത്തെ സാഹചര്യം എന്താണ്? (ബി) ഇതു വ്യക്തമായി എന്തു തെളിയിക്കുന്നു?
13 അശേഷമില്ല! പകരം മുമ്പെന്നത്തേക്കാളും അസന്തുഷ്ടിയും കുഴപ്പവുമാണു ഭൂമിയിലുളളത്. വാസ്തവത്തിൽ കുററകൃത്യവും മലിനീകരണവും യുദ്ധവും കുടുംബത്തകർച്ചയും മററു പ്രശ്നങ്ങളും വളരെ അപകടകരമായ ഘട്ടത്തിലെത്തിയിരിക്കുന്നതിനാൽ മമനുഷ്യന്റെ അസ്തിത്വത്തിനുതന്നെ ഭീഷണി നേരിട്ടിരിക്കുകയാണെന്നു ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. അതെ, സ്വയംഭരണത്തിന്റെ 6,000 ത്തോളം വർഷത്തെ പരിചയസമ്പത്തിനുശേഷവും, ശാസ്ത്രീയ “പുരോഗതി”യുടെ കൊടുമുടിയിലെത്തിയശേഷവും, മനുഷ്യവർഗം ഇപ്പോൾ സ്വവിനാശത്തെ അഭിമുഖീകരിക്കുകയാണ്! ദൈവത്തെ കൂടാതെ മനുഷ്യർക്കു തങ്ങളേത്തന്നെ വിജയകരമായി ഭരിക്കാൻ സാധ്യമല്ലെന്ന് എത്ര വ്യക്തം! ഈ വിവാദപ്രശ്നത്തിനു തീരുമാനമുണ്ടാക്കാൻ ദൈവം വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന് ആർക്കും ഇപ്പോൾ പരാതി പറയാനും സാധ്യമല്ല.
14. സാത്താൻ ഉന്നയിച്ച മറേറ പ്രധാന വിവാദപ്രശ്നം പരിശോധിക്കാൻ നാം പ്രോത്സാഹിതരാകേണ്ടതെന്തുകൊണ്ട്?
14 സാത്താന്റെ ഭരണത്തിൻകീഴിൽ ഇത്രയും നാൾ നിലനിന്ന ദുഷ്ടത വരുത്തിക്കൂട്ടുന്നതിനു മനുഷ്യരെ അനുവദിച്ചതിനു ദൈവത്തിനു തീർച്ചയായും നല്ല ന്യായം ഉണ്ടായിരുന്നു. സാത്താൻ തന്റെ മത്സരത്താൽ മറെറാരു വിവാദപ്രശ്നവും ഉന്നയിച്ചു. അതിനു തീരുമാനമുണ്ടാക്കുന്നതിനും സമയം ആവശ്യമാണ്. ഈ വിവാദപ്രശ്നത്തിന്റെ പരിശോധന ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ടെന്നു ഗ്രഹിക്കുന്നതിനു കൂടുതലായ സഹായം നൽകും. നിങ്ങൾ വ്യക്തിപരമായി ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ വിവാദപ്രശ്നത്തിൽ നിങ്ങൾ വിശേഷാൽ തൽപ്പരനായിരിക്കും.
[100-ാം പേജിലെ ചിത്രം]
നല്ലകാരണത്താൽ, ഒരു പിതാവൊ മാതാവൊ തങ്ങളുടെ പ്രിയപ്പെട്ട കുട്ടി വേദനാജനകമായ ഒരു ഓപ്പറേഷനു വിധേയമാകാൻ അനുവദിക്കും. മനുഷ്യർ താല്ക്കാലികമായി കഷ്ടത അനുഭവിക്കുന്നതിന് അനുവദിക്കാൻ ദൈവത്തിനും നല്ല കാരണങ്ങളുണ്ട്
[101-ാം പേജിലെ ചിത്രം]
ആദാമും ഹവ്വായും വിലക്കപ്പെട്ട ഫലം തിന്നതിനാൽ ദൈവത്തിന്റെ ആധിപത്യത്തെ ഉപേക്ഷിച്ചു. നൻമയോ തിൻമയോ എന്താണെന്ന് അവർ തങ്ങളുടെ സ്വന്തം തീരുമാനങ്ങളെടുത്തു തുടങ്ങി
[103-ാം പേജിലെ ചിത്രം]
ഭക്ഷണം കഴിക്കുന്നതിനും വെളളം കുടിക്കുന്നതിനും ഉളള ആവശ്യത്തോടെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതുപോലെ, ദൈവത്തിന്റെ മാർഗനിർദേശത്തിന്റെ ആവശ്യത്തോടെയുമാണ് അവൻ സൃഷ്ടിക്കപ്പെട്ടത്