മിശിഹാ—ഒരു യഥാർത്ഥ പ്രത്യാശയോ?
അദ്ദേഹം തന്നേത്തന്നെ മോശ എന്നു വിളിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ യഥാർത്ഥ പേർ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. പൊ.യു. (പൊതുയുഗം) അഞ്ചാം നൂററാണ്ടിൽ, അദ്ദേഹം ക്രേത്ത ദ്വീപിലുടനീളം സഞ്ചരിക്കുകയും യഹൂദൻമാർ കാത്തിരിക്കുന്ന മിശിഹാ താനാണെന്ന് അവിടെയുള്ള യഹൂദൻമാരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. പെട്ടെന്നുതന്നെ അവരനുഭവിക്കുന്ന മർദ്ദനവും പ്രവാസവും അടിമത്തവും തീരുമെന്ന് അദ്ദേഹം അവരോടു പറഞ്ഞു. അവർ വിശ്വസിച്ചു. യഹൂദൻമാരുടെ വിമോചനദിവസം വന്നപ്പോൾ അവർ മദ്ധ്യധരണിക്കടലിന് അഭിമുഖമായി നിന്ന ഒരു മുനമ്പിലേക്കു “മോശ”യെ അനുഗമിച്ചു. അവർ കടലിലേക്കു ചാടിയാൽ അത് അവരുടെ മുമ്പാകെ വിഭാഗിക്കപ്പെടുമെന്ന് അദ്ദേഹം അവരോടു പറഞ്ഞു. അനേകർ അനുസരിച്ചു, വിഭാഗിക്കപ്പെടാൻ ചായ്വില്ലാഞ്ഞ കടലിൽ അവർ മുങ്ങി. ഒട്ടേറെപ്പേർ മുങ്ങിമരിച്ചു; ചിലർ നാവികരാലും മീൻപിടുത്തക്കാരാലും രക്ഷപ്പെടുത്തപ്പെട്ടു. എന്നിരുന്നാലും മോശ അപ്രത്യക്ഷമായി. ആ മിശിഹാ കടന്നുകളഞ്ഞു.
ഒരു മിശിഹാ ആരാണ്? “രക്ഷകൻ” എന്നും “വീണ്ടെടുപ്പുകാരൻ” എന്നും “നേതാവ്” എന്നുമുള്ള പദങ്ങൾ മനസ്സിലേക്കു വന്നേക്കാം. തന്റെ അനുഗാമികളെ മർദ്ദനത്തിൽനിന്നു സ്വാതന്ത്ര്യത്തിലേക്കു നയിക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് അവരിൽ പ്രത്യാശക്കും ഭക്ഷിക്കും പ്രചോദനമേകുന്ന ഒരു വ്യക്തിയാണു മിശിഹായെന്ന് അനേകർ വിചാരിക്കുന്നു. മനുഷ്യചരിത്രം ഏറെയും മർദ്ദനത്തിന്റെ ചരിത്രമാകയാൽ മുൻ നൂററാണ്ടുകളിൽ അങ്ങനെയുള്ള കുറേ മിശിഹാമാർ കടന്നുവന്നിട്ടുള്ളത് അതിശയമല്ല. (സഭാപ്രസംഗി 8:9 താരതമ്യപ്പെടുത്തുക.) എന്നാൽ സ്വയം ചമഞ്ഞ ക്രേത്തയിലെ മോശയേപ്പോലെ, ഈ മിശിഹാമാർ തങ്ങളുടെ അനുഗാമികളെ വിമോചനത്തിലേക്കല്ല നിരാശയിലേക്കും വിപത്തിലേക്കുമാണ് ഒട്ടുമിക്കപ്പോഴും നയിച്ചിട്ടുള്ളത്.
“ഇതു മിശിഹായാം രാജാവാണ്!” ആദരിക്കപ്പെടുന്ന റബ്ബിയായ ആക്കിവാ ബെൻ ജോസഫ് പൊ.യു. 132-ാമാണ്ടിൽ ശിമെയോൻ ബാർക്കോക്ക്ബായെ അഭിവാദനംചെയ്തത് അങ്ങനെയാണ്. ബാർക്കോക്ക്ബാ ഒരു ശക്തമായ സൈന്യത്തെ നയിച്ച ഒരു കരുത്തൻ ആയിരുന്നു. ഒടുവിൽ, റോമൻ ലോകമഹച്ഛക്തിയുടെ കൈകളാലുള്ള ദീർഘിച്ച മർദ്ദനം അവസാനിപ്പിക്കാനുള്ള മനുഷ്യൻ ഇതാ വന്നിരിക്കുന്നുവെന്ന് അനേകം യഹൂദൻമാർ വിചാരിച്ചു. ബാർക്കോക്ക്ബാ പരാജയപ്പെട്ടു; അദ്ദേഹത്തിന്റെ ശതസഹസ്രക്കണക്കിനു നാട്ടുകാർ ആ പരാജയത്തിനു തങ്ങളുടെ ജീവൻ വിലകൊടുക്കേണ്ടിവന്നു.
പന്ത്രണ്ടാം നൂററാണ്ടിൽ മറെറാരു യഹൂദ മിശിഹാ പ്രത്യക്ഷപ്പെട്ടു, ഈ പ്രാവശ്യം യെമനിൽ. കാലിഫ് അഥവാ ഭരണാധിപൻ അയാളുടെ മിശിഹാപദവിക്ക് ഒരു അടയാളം ആവശ്യപ്പെട്ടപ്പോൾ, കാലിഫ് അയാളുടെ തലവെട്ടിക്കണമെന്നും അയാളുടെ സത്വര പുനരുത്ഥാനം ഒരു അടയാളമായിരിക്കട്ടെ എന്നും ഈ മിശിഹാ നിർദ്ദേശിച്ചു. കാലിഫ് ഈ പദ്ധതിക്കു സമ്മതംമൂളി—യെമൻ മിശിഹായുടെ അന്തം അങ്ങനെയായിരുന്നു. അതേ നൂററാണ്ടിൽ, ഡേവിഡ് ആൾറോയ് എന്നു പേരുള്ള ഒരു മനുഷ്യൻ ദൈവദൂതൻമാരുടെ ചിറകുകളിൽ തിരികെ വിശുദ്ധനാട്ടിലേക്കു തന്നെ അനുഗമിക്കുന്നതിന് ഒരുങ്ങിക്കൊള്ളാൻ മദ്ധ്യപൂർവദേശത്തെ യഹൂദൻമാരോടു പറഞ്ഞു. അയാൾ മിശിഹാ ആണെന്ന് അനേകർ വിശ്വസിച്ചു. ബാഗ്ദാദിലെ യഹൂദൻമാർ തങ്ങളുടെ വസ്തുക്കൾ കൊള്ളയടിച്ച കള്ളൻമാരെ ചിന്താശൂന്യമായും അജാഗ്രതയോടെയും അവഗണിച്ചുകൊണ്ടു തങ്ങളുടെ കൂരകളുടെ മുകളിൽ ക്ഷമാപൂർവം കാത്തിരുന്നു.
സ്മുർന്നയിൽനിന്ന് 17-ാം നൂററാണ്ടിൽ സാബാത്തൈ സേബി ഉയർന്നുവന്നു. അയാൾ യൂറോപ്പിലുടനീളമുള്ള യഹൂദൻമാരോടു തന്റെ മിശിഹാപദവി പ്രഖ്യാപിച്ചു. ക്രിസ്ത്യാനികളും അദ്ദേഹത്തെ ശ്രദ്ധിച്ചു. സേബി തന്റെ അനുഗാമികൾക്കു വിമോചനം വാഗ്ദാനം ചെയ്തു—പ്രത്യക്ഷത്തിൽ കടിഞ്ഞാണില്ലാതെ പാപം ചെയ്യാൻ അവരെ അനുവദിച്ചുകൊണ്ടുതന്നെ. അയാളുടെ ഏററവും അടുത്ത അനുഗാമികൾ മദിരോത്സവങ്ങളും നഗ്നതാപ്രസ്ഥാനവും ദുർവൃത്തിയും അഗമ്യഗമനവും നടത്തുകയും, അനന്തരം ചാട്ടകൊണ്ടടിച്ചും മഞ്ഞിൽ നഗ്നരായി ഉരുണ്ടും തണുത്ത മണ്ണിൽ തങ്ങളേത്തന്നെ കഴുത്തുവരെ കുഴിച്ചിട്ടും കൊണ്ടു സ്വയം ശിക്ഷിക്കുകയും ചെയ്തു. സേബി ടർക്കിയിലേക്കു യാത്രചെയ്തപ്പോൾ പിടിക്കപ്പെടുകയും ഒന്നുകിൽ ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യണം അല്ലെങ്കിൽ മരിക്കണം എന്ന് അയാളോടു പറയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരാധകരിൽ അനേകർ ചിതറിപ്പോയി. എന്നിരുന്നാലും അടുത്ത രണ്ടു നൂററാണ്ടുകളിൽ സേബി പിന്നെയും ചിലരാൽ മിശിഹാ എന്നു വിളിക്കപ്പെട്ടു.
ക്രൈസ്തവലോകവും കുറെ മിശിഹാമാരെ ഉളവാക്കിയിട്ടുണ്ട്. പന്ത്രണ്ടാം നൂററാണ്ടിൽ ററാങ്കം എന്നു പേരുള്ള ഒരു മനുഷ്യൻ അനുയായികളുടെ ഒരു സൈന്യത്തെ കെട്ടിപ്പടുക്കുകയും ആൻറ്വേർപ്പ് പട്ടണത്തെ ഭരിക്കുകയും ചെയ്തു. ഈ മിശിഹാ തന്നേത്തന്നെ ഒരു ദൈവമെന്നു വിളിച്ചു; അദ്ദേഹം താൻ കുളിക്കുന്ന വെള്ളം തന്റെ അനുഗാമികൾക്ക് ഒരു കൂദാശയായി കുടിക്കുന്നതിനു വിൽക്കുകപോലും ചെയ്തു! മറെറാരു “ക്രിസ്തീയ” മിശിഹാ 16-ാംനൂററാണ്ടിലെ ജർമ്മനിയിൽ ജീവിച്ച തോമസ് മുൻറ്സർ ആയിരുന്നു. അദ്ദേഹം പ്രാദേശിക ഗവൺമെൻറധികാരികൾക്കെതിരെ ഒരു വിപ്ലവത്തിനു നേതൃത്വം വഹിക്കുകയും അത് അർമ്മഗെദ്ദോൻ യുദ്ധമാണെന്നു തന്റെ അനുഗാമികളോടു പറയുകയും ചെയ്തു. താൻ ശത്രുക്കളുടെ പീരങ്കിയുണ്ടകളെ തന്റെ ഉടുപ്പിന്റെ കൈകളിൽ പിടിച്ചെടുക്കുമെന്ന് അദ്ദേഹം വാഗ്ദാനംചെയ്തു. പകരം, അയാളുടെ ആൾക്കാർ കൂട്ടക്കൊലചെയ്യപ്പെടുകയാണുണ്ടായത്. മുൻറ്സറിന്റെ തല വെട്ടപ്പെട്ടു. നൂററാണ്ടുകളിൽ ക്രൈസ്തവലോകത്തിൽ അങ്ങനെയുള്ള മററനേകം മിശിഹാമാർ പ്രത്യക്ഷപ്പെട്ടു.
മററു മതങ്ങൾക്കും അവയുടെ മിശിഹൈക മൂർത്തികൾ ഉണ്ട്. ഇസ്ലാം ഒരു നീതിയുഗം ആനയിക്കുന്ന മാദിയിലേക്കു അഥവാ ശരിയായി നയിക്കപ്പെടുന്ന ആളിലേക്കു വിരൽചൂണ്ടുന്നു. ഹിന്ദുമതത്തിൽ തങ്ങൾ വിവിധ ദൈവങ്ങളുടെ അവതാരങ്ങളാണെന്നു ചിലർ അവകാശപ്പെട്ടിട്ടുണ്ട്. ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പ്രസ്താവിക്കുന്ന പ്രകാരം “ബുദ്ധമതത്തെപ്പോലെ മിശിഹാപരമല്ലാത്ത ഒരു മതംപോലും മഹായാനസംഘങ്ങളുടെ ഇടയിൽ തന്റെ സ്വർഗ്ഗീയ വസതിയിൽനിന്നിറങ്ങിവന്നു വിശ്വസ്തരെ പറുദീസയിലേക്കു കൊണ്ടുപോകുന്ന ഭാവിയിലെ മൈത്രേയ ബുദ്ധനിലുള്ള വിശ്വാസം ഉളവാക്കിയിട്ടുണ്ട്.”
20-ാം നൂററാണ്ടിലെ മിശിഹാമാർ
നമ്മുടെ സ്വന്തം നൂററാണ്ടിൽ, ഒരു യഥാർത്ഥ മിശിഹായുടെ ആവശ്യം പൂർവാധികം അടിയന്തിരമായിത്തീർന്നിട്ടുണ്ട്; അപ്പോൾ അനേകർ ആ സ്ഥാനപ്പേർ അവകാശപ്പെട്ടിരിക്കുന്നത് ആശ്ചര്യമല്ല. 1920-കളിലെയും 30-കളിലെയും 40-കളിലെയും ആഫ്രിക്കൻ കോംഗോയിൽ ശിമോൻ കിംബാംഗുവും അയാളുടെ പിൻഗാമിയായ ആൻഡ്രേ “യേശു” മാററ്സ്വായും മിശിഹാമാരായി വാഴ്ത്തപ്പെട്ടു. അവർ മരിച്ചു, എന്നാൽ അവരുടെ പിൻഗാമികൾ അദ്ദേഹം മടങ്ങിവരാനും ഒരു ആഫ്രിക്കൻ സഹസ്രാബ്ദഭരണം ആനയിക്കാനും ഇപ്പോഴും പ്രതീക്ഷിക്കുന്നു.
ഈ നൂററാണ്ടു ന്യൂഗിനിയയിലും മെലനേഷ്യയിലും “കപ്പൽച്ചരക്കുമതങ്ങളുടെ” ഉയർച്ചയും കണ്ടിരിക്കുന്നു. ഇതിലെ അംഗങ്ങൾ തങ്ങളെ സമ്പന്നരാക്കുകയും മരിച്ചവർ ഉയർത്തെഴുന്നേൽക്കുകപോലും ചെയ്യുന്ന ഒരു സന്തോഷയുഗം ആനയിക്കുകയും ചെയ്യുന്ന മിശിഹാതുല്യരായ വെള്ളക്കാർ കയറിയിരിക്കുന്ന കപ്പലോ വിമാനമോ വന്നെത്താൻ പ്രതീക്ഷിക്കുന്നു.
വ്യവസായവൽകൃത രാഷ്ട്രങ്ങൾക്കും അവയുടെ മിശിഹാമാർ ഉണ്ടായിരുന്നിട്ടുണ്ട്. ചിലർ തന്റെ ആരാധകരുടെ ഒരു ഏകീകൃത കുടുംബംമുഖേന ലോകത്തെ ശുദ്ധീകരിക്കാൻ ലക്ഷ്യമിടുന്ന യേശുക്രിസ്തുവിന്റെ ഒരു സ്വപ്രഖ്യാപിത പിൻഗാമിയായ സുൺ മാഗ് മൂണിനെപ്പോലെയുള്ള മതനേതാക്കൻമാരാണ്. രാഷ്ട്രീയ നേതാക്കളും മിശിഹൈകപദവി ഏറെറടുക്കാൻ ശ്രമിച്ചിട്ടുണ്ട്, ഒരു സഹസ്രാബ്ദ റീക്കിനെക്കുറിച്ചുള്ള ഘനഗംഭീരമായ സംസാരത്തോടെ വന്ന അഡോൾഫ് ഹിററ്ലറാണ് ഈ നൂററാണ്ടിലെ അതിഭീകര ദൃഷ്ടാന്തം.
അതുപോലെതന്നെ രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളും സ്ഥാപനങ്ങളും മിശിഹൈക പദവി നേടിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, മാർക്സിസ്ററ്-ലെനിനിസ്ററ് രാഷ്ട്രീയ സിദ്ധാന്തത്തിനു മിശിഹൈക നിർദ്ദേശങ്ങൾ ഉണ്ടെന്നു ദി എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ കുറിക്കൊള്ളുന്നു. ലോകസമാധാനത്തിന്റെ ഏക പ്രത്യാശയായി പരക്കെ വാഴ്ത്തപ്പെടുന്ന ഐക്യരാഷ്ട്ര സംഘടന അനേകരുടെ മനസ്സിൽ ഒരു തരം പകരമിശിഹാ ആയിത്തീർന്നിരിക്കുന്നതുപോലെ തോന്നുന്നു.
ഒരു യഥാർത്ഥ പ്രത്യാശയോ?
ഈ ഹ്രസ്വമായ പൊതു അവലോകനം മിശിഹൈകപ്രസ്ഥാനങ്ങളുടെ ചരിത്രം ഏറെയും വിഭ്രാന്തിയുടെയും തകർന്ന പ്രത്യാശകളുടെയും അസ്ഥാനത്തായ സ്വപ്നങ്ങളുടെയും ചരിത്രമാണെന്ന് സുവ്യക്തമാക്കുന്നതേയുള്ളു. ആ സ്ഥിതിക്ക്, ഒരു മിശിഹായെക്കുറിച്ചുള്ള പ്രത്യാശസംബന്ധിച്ച് അനേകർ ഇന്നു ദോഷൈകദൃക്കുകളായിത്തീർന്നിരിക്കുന്നത് അശേഷം അതിശയമല്ല.
എന്നിരുന്നാലും, മിശിഹൈകപ്രത്യാശയെ മുഴുവനായി തള്ളിക്കളയുന്നതിനു മുമ്പ് അത് എവിടെനിന്നു വരുന്നുവെന്നു നാം ആദ്യമായി മനസ്സിലാക്കണം. യഥാർത്ഥത്തിൽ, “മിശിഹാ” ഒരു ബൈബിൾപദമാണ്. എബ്രായ പദം മശിയാഹ് അഥവാ “അഭിഷിക്തൻ” ആണ്. ബൈബിൾകാലങ്ങളിൽ, ചിലപ്പോൾ രാജാക്കൻമാരും പുരോഹിതൻമാരും ഒരു അഭിഷേകചടങ്ങോടെ അവരുടെ സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടിരുന്നു. ആ സമയത്ത് ഒരു സുഗന്ധതൈലം തലയിൽ ഒഴിക്കപ്പെട്ടിരുന്നു. അങ്ങനെ ഉചിതമായിത്തന്നെ മശിയാഹ് എന്ന പദം അവർക്കു പ്രയോഗിക്കപ്പെട്ടു. യാതൊരു അഭിഷേകചടങ്ങും കൂടാതെ അഭിഷേകം ചെയ്യപ്പെടുകയോ പ്രത്യേക സ്ഥാനങ്ങളിൽ നിയമിക്കപ്പെടുകയോ ചെയ്തിട്ടുള്ള പുരുഷൻമാരും ഉണ്ടായിരുന്നു. മോശ എബ്രായർ 11:24-26-ൽ “ക്രിസ്തു” അല്ലെങ്കിൽ “അഭിഷിക്തൻ” എന്നു വിളിക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തിന്റെ പ്രവാചകനായും പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു.
“ഒരു അഭിഷിക്തൻ” എന്ന മിശിഹായുടെ ഈ നിർവചനം നാം ചർച്ചചെയ്തുകഴിഞ്ഞ വ്യാജ മിശിഹാമാരിൽനിന്നു ബൈബിൾമിശിഹാമാരെ ഉചിതമായി വ്യത്യസ്തരാക്കുന്നു. ബൈബിൾമിശിഹമാർ സ്വയം നിയമിക്കപ്പെട്ടവരല്ലായിരുന്നു; അവർ ആരാധകരായ അനുഗാമികളുടെ ഒരു സമൂഹത്താൽ തെരഞ്ഞെടുക്കപ്പെട്ടവരുമായിരുന്നില്ല. അല്ല, അവരുടെ നിയമനം മേലിൽനിന്ന്, യഹോവയാം ദൈവത്തിൽനിന്നുതന്നെ, ഉത്ഭവിച്ചു.
ബൈബിൾ അനേകം മിശിഹാമാരെക്കുറിച്ചു പറയുന്നുവെന്നിരിക്കെ, അത് ഒരുവനെ ശേഷിച്ചവരേക്കാളെല്ലാം വളരെയധികം ഉയർത്തുന്നു. (സങ്കീർത്തനം 45:7) ഈ മിശിഹായാണ് ബൈബിൾപ്രവചനത്തിലെ മുഖ്യ വ്യക്തി, ബൈബിളിലെ അത്യന്തം പ്രചോദകമായ പ്രവചനങ്ങളുടെ നിവൃത്തിയുടെ താക്കോൽതന്നെ. ഈ മിശിഹാ നാം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ വിജയകരമായി പരിഹരിക്കുകതന്നെ ചെയ്യുന്നു.
മനുഷ്യവർഗ്ഗത്തിന്റെ രക്ഷകൻ
ബൈബിൾമിശിഹാ മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങളുടെ മൂലത്തിലേക്കുതന്നെ ഇറങ്ങി അവയെ കൈകാര്യംചെയ്യുന്നു. നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും മത്സരിയും ആത്മജീവിയുമായ സാത്താന്റെ പ്രേരണയാൽ സ്രഷ്ടാവിനെതിരെ മത്സരിച്ചപ്പോൾ അവർ ഫലത്തിൽ ആത്യന്തികമായ ഭരണം സഗർവം സ്വയം അവകാശപ്പെടുകയായിരുന്നു. ശരിയും തെററും എന്താണെന്നു നിശ്ചയിക്കുന്നവരായിരിക്കാൻ അവർ ആഗ്രഹിച്ചു. അവർ അങ്ങനെ യഹോവയുടെ സ്നേഹനിർഭരവും സംരക്ഷണാത്മകവുമായ ഭരണത്തിൽനിന്നു പുറത്തു കടക്കുകയും സ്വയംഭരണത്തിന്റെയും അപൂർണ്ണതയുടെയും മരണത്തിന്റെയും കുഴപ്പത്തിലേക്കും ദുരിതത്തിലേക്കും മനുഷ്യകുടുംബത്തെ ആഴ്ത്തിക്കളകയും ചെയ്തു.—റോമർ 5:12.
അപ്പോൾ, മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തിലെ ആ ഇരുണ്ട നിമിഷത്തെ സകല മനുഷ്യവർഗ്ഗത്തിനും ഒരു പ്രത്യാശാകിരണം പ്രദാനംചെയ്യാൻ യഹോവയാം ദൈവം തെരഞ്ഞെടുത്തത് എത്ര സ്നേഹപൂർവമായിരുന്നു. മനുഷ്യമത്സരികളുടെമേൽ ന്യായവിധി ഉച്ചരിച്ചപ്പോൾ അവരുടെ സന്താനങ്ങൾക്ക് ഒരു ഉദ്ധാരകൻ ഉണ്ടായിരിക്കുമെന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞു. “സന്തതി” എന്നു പരാമർശിക്കപ്പെട്ടിരിക്കുന്ന ഈ രക്ഷകൻ സാത്താൻ അവിടെ ഏദെനിൽ ചെയ്തിരുന്ന ഭയങ്കരപ്രവൃത്തിയെ അഴിക്കാനാണു വരുന്നത്. സന്തതി ആ “സർപ്പ”ത്തെ, സാത്താനെ, തലയിൽ ചതക്കുകയും അവനെ അസ്തിത്വത്തിൽനിന്നു തകർത്തുനീക്കുകയും ചെയ്യും.—ഉല്പത്തി 3:14, 15.
പുരാതന കാലങ്ങൾമുതൽ, ഈ പ്രവചനം മിശിഹൈകമാണെന്നു യഹൂദൻമാർ മനസ്സിലാക്കിയിരുന്നു. ഒന്നാം നൂററാണ്ടിൽ പൊതുവായി ഉപയോഗിക്കപ്പെട്ടിരുന്ന വിശുദ്ധ തിരുവെഴുത്തുകളുടെ യഹൂദ പരാവർത്തനങ്ങളായ പല ററാർഗ്ഗങ്ങളും ഈ പ്രവചനം “മിശിഹായാം രാജാവിന്റെ നാളുകളിൽ” നിവർത്തിക്കപ്പെടുമെന്നു വിശദീകരിച്ചു.
ആദിമുതൽതന്നെ വിശ്വാസമുണ്ടായിരുന്ന മനുഷ്യർ വരാനിരുന്ന സന്തതിയെ അഥവാ രക്ഷകനെക്കുറിച്ചുള്ള ഈ വാഗ്ദത്തത്തിൽ പുളകിതരായത് അതിശയമല്ല. സന്തതി അബ്രഹാമിന്റെ സ്വന്തം വംശത്തിൽ വരുമെന്നും അവന്റെ സ്വന്തം സന്തതികൾ മാത്രമല്ല, “ഭൂമിയിലെ സകല ജനതകളും” ആ സന്തതിമുഖാന്തരം “തങ്ങളേത്തന്നെ അനുഗ്രഹിക്കു”മെന്നും യഹോവ അവനോടു പറഞ്ഞപ്പോഴത്തെ അവന്റെ വികാരങ്ങൾ ഒന്നു സങ്കല്പിക്കുക.—ഉല്പത്തി 22:17, 18, NW.
മിശിഹായും ഭരണവും
പിൽക്കാല പ്രവചനങ്ങൾ ഈ പ്രത്യാശയെ നല്ല ഭരണത്തിന്റെ പ്രതീക്ഷയുമായി ബന്ധപ്പെടുത്തി. ഉല്പത്തി 49:10-ൽ അബ്രഹാമിന്റെ പ്രപൗത്രനായിരുന്ന യഹൂദയോട് ഇങ്ങനെ പറയപ്പെട്ടു: “അവകാശമുള്ളവൻ [ശീലോ, NW] വരുവോളം ചെങ്കോൽ യഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകുകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.” വ്യക്തമായും ഈ “ശീലോ” ഭരിക്കേണ്ടതായിരുന്നു—അവൻ യഹൂദൻമാരെ മാത്രമല്ല, “ജാതികളെ”യും ഭരിക്കും. (ദാനിയേൽ 7:13, 14 താരതമ്യപ്പെടുത്തുക.) പുരാതന യഹൂദൻമാർ ശീലോയെ മിശിഹായായി തിരിച്ചറിഞ്ഞിരുന്നു; യഥാർത്ഥത്തിൽ, ചില യഹൂദ ററാർഗ്ഗങ്ങൾ “ശീലോ” എന്ന പദത്തിനു പകരം കേവലം “മിശിഹാ” അഥവാ “മിശിഹാരാജാവ്” എന്നു വെച്ചു.
നിശ്വസ്ത പ്രവചനത്തിന്റെ വെളിച്ചം തുടർന്നു ശോഭിക്കവേ, ഈ മിശിഹായുടെ ഭരണത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തപ്പെട്ടു. (സദൃശവാക്യങ്ങൾ 4:18) രണ്ടു ശമുവേൽ 7:12-16-ൽ സന്തതി യഹൂദയുടെ ഒരു വംശജനായ ദാവീദുരാജാവിന്റെ വംശാവലിയിൽനിന്നു വരുമെന്ന് അവനോടു പറയപ്പെട്ടു. കൂടാതെ, ഈ സന്തതി ഒരു അസാധാരണ രാജാവായിരിക്കണമായിരുന്നു. അവന്റെ സിംഹാസനം അഥവാ ഭരണാധിപത്യം എന്നേക്കും നിലനിൽക്കും! യെശയ്യാവു 9:6, 7 ഈ ആശയത്തെ പിന്താങ്ങുന്നു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം [“ഗവൺമെൻറ്,” കിംഗ് ജയിംസ് വേർഷൻ] അവന്റെ തോളിൽ ഇരിക്കും. . . . അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചുനിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.”
നിങ്ങൾക്ക് അത്തരമൊരു ഗവൺമെൻറിനെക്കുറിച്ചു സങ്കല്പിക്കാൻ കഴിയുമോ? സമാധാനം സ്ഥാപിക്കുന്നവനും എന്നേക്കും ഭരിക്കുന്നവനുമായ ന്യായവും നീതിയുമുള്ള ഒരു ഭരണാധികാരി. ചരിത്രത്തിലെ വ്യാജ മിശിഹാമാരുടെ ദയനീയ ഘോഷയാത്രയിൽനിന്ന് എത്രയോ വ്യത്യസ്തം! ബൈബിൾമിശിഹാ മതിഭ്രമം പിടിപെട്ട, സ്വയനിയമിതനായ ഒരു നേതാവായിരിക്കുന്നതിനു പകരം, ലോകാവസ്ഥകൾക്കു മാററംവരുത്താൻ ആവശ്യമായ സകല ശക്തിയും അധികാരവുമുള്ള ലോക ഭരണാധികാരിയാണ്.
ഈ പ്രതീക്ഷ നമ്മുടെ പ്രക്ഷുബ്ധകാലങ്ങളിൽ അഗാധമായി അർത്ഥവത്താണ്. മനുഷ്യവർഗ്ഗത്തിന് ഇങ്ങനെയുള്ള ഒരു പ്രത്യാശയുടെ അത്യാവശ്യം ഇതിലുമധികം ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. വ്യാജപ്രത്യാശകളോടു പററിനിൽക്കുക വളരെ എളുപ്പമാകയാൽ നമ്മിലോരോരുത്തരും ഈ ചോദ്യത്തിന്റെ ഒരു അവധാനപൂർവകമായ പഠനം നടത്തുന്നതു മർമ്മപ്രധാനമാണ്: അനേകരും വിശ്വസിക്കുന്നതുപോലെ നസറേത്തിലെ യേശു മുൻകൂട്ടിപ്പറയപ്പെട്ട മിശിഹാ ആയിരുന്നോ? അടുത്ത ലേഖനം ഈ സംഗതി പരിചിന്തിക്കും.
[6-ാം പേജിലെ ചതുരം]
ബ്രുക്ലിനിൽ ഒരു മിശിഹാ?
ഇസ്രയേലിൽ അടുത്ത കാലത്തു പോസ്റററുകളും പരസ്യപ്പലകകളും നിയോൺ സൈൻബോർഡുകളും “മിശിഹായുടെ വരവിനുവേണ്ടി ഒരുങ്ങുക” എന്നു പ്രഖ്യാപിച്ചു. ഈ 4,00,000 ഡോളറിന്റെ പരസ്യപ്രസ്ഥാനം ഒരു അതിയാഥാസ്ഥിതിക ഹാസിഡിക യഹൂദ മതവിഭാഗമായ ലാബാവിററ്ചേഴ്സ് നടത്തിയതായിരുന്നു. രണ്ടുലക്ഷത്തിഅമ്പതിനായിരം അംഗങ്ങളുള്ള ഈ സംഘത്തിന്റെ ഇടയിൽ ന്യൂയോർക്ക്, ബ്രുക്ലിനിലെ തങ്ങളുടെ മഹാറബ്ബിയായ മെനാഹം മെൻഡൽ ഷ്നീർസൺ മിശിഹാ ആണെന്നുള്ള വ്യാപകമായ വിശ്വാസമുണ്ട്. എന്തുകൊണ്ട്? ഷ്നീർസൺ തീർച്ചയായും പഠിപ്പിക്കുന്നതു മിശിഹാ ഈ തലമുറയിൽ വരുമെന്നാണ്. ന്യൂസ്വീക്ക് മാസിക പറയുന്നതനുസരിച്ച്, മിശിഹാ വരുന്നതിനുമുമ്പു 90 വയസ്സുള്ള ഈ റബ്ബി മരിക്കുകയില്ലെന്നു ലാബാവിററ്ചെർ ഉദ്യോഗസ്ഥൻമാർ ശഠിക്കുന്നു. ഓരോ തലമുറയും മിശിഹാ ആകാൻ യോഗ്യതയുള്ള ഒരു മനുഷ്യനെയെങ്കിലും ഉളവാക്കുന്നുണ്ടെന്നാണ് ഈ വിഭാഗം പഠിപ്പിച്ചിരിക്കുന്നത്. ഷ്നീർസൺ അങ്ങനെയുള്ള ഒരു മനുഷ്യനാണെന്ന് അയാളുടെ അനുഗാമികൾക്കു തോന്നുന്നു, അയാൾ ഒരു പിൻഗാമിയെ നിയമിച്ചിട്ടുമില്ല. എന്നിരുന്നാലും, മിക്ക യഹൂദൻമാരും അയാളെ മിശിഹായായി സ്വീകരിക്കുന്നില്ല എന്നു ന്യൂസ്വീക്ക് പറയുന്നു. ന്യൂസ്ഡേ പത്രം പറയുന്നതനുസരിച്ചു 96 വയസ്സു പ്രായമുള്ള വിമത റബ്ബിയായ എലിയേസർ ഷാക്ക് അയാളെ ഒരു “വ്യാജ മിശിഹാ” എന്നു വിളിച്ചിരിക്കുന്നു.
[7-ാം പേജിലെ ചിത്രം]
ക്രേത്തയിലെ മോശ മിശിഹായാണെന്നുള്ള വിശ്വാസം അനേകർക്കു ജീവൻ നഷ്ടപ്പെടാനിടയാക്കി