സർപ്പത്തിന്റെ മുഖംമൂടി മാററന്നു
“ഇപ്പോൾ സത്യദൈവത്തിന്റെ പുത്രൻമാർ യഹോവയുടെ മുമ്പാകെ പ്രവേശിച്ച ദിവസമായിരുന്നു അത്, സാത്താൻ പോലും അവരുടെ ഇടയിൽത്തന്നെ പ്രവേശിക്കാൻ പുറപ്പെട്ടു.”—ഇയ്യോബ് 1:6.
1. സാത്താൻ എന്ന പേരിന്റെ ഉത്ഭവവും അർത്ഥവും എന്താണ്? (ബി) “സാത്താൻ” എന്ന് തിരുവെഴുത്തുകളിൽ എത്ര പ്രാവശ്യമുണ്ട്, ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
സാത്താൻ എന്ന പേരിന്റെ ഉത്ഭവം എങ്ങനെയാണ്? അതിന്റെ അർത്ഥമെന്താണ്? ബൈബിളിലെ അതിന്റെ രംഗവിധാനത്തിൽ അത് മൂന്ന് എബ്രായ അക്ഷരങ്ങളായ (സിൻ), (തേത്ത്), (നൂൻ) എന്നിവയാലാണ് രൂപവൽക്കരിക്കപ്പെട്ടിരിക്കുന്നത്. അവയുടെ വ്യഞ്ജന ബിന്ദുക്കൾ ചേർക്കുമ്പോൾ ഈ അക്ഷരങ്ങൾ ചേർന്ന് “സാത്താൻ” എന്ന പദം രൂപംകൊള്ളുന്നു. അത് എഡ്വേർഡ് ലാംഗ്ടൻ എന്ന പണ്ഡിതൻ പറയുന്നതനുസരിച്ച് “‘എതിർക്കുക’ എന്നോ ‘ഒരു എതിരാളിയായിരിക്കുക അല്ലെങ്കിൽ ഒരു എതിരാളിയായി പ്രവർത്തിക്കുക’ എന്നോ അർത്ഥമുള്ള ഒരു ധാതുവിൽനിന്ന് ഉത്ഭൂതമായിട്ടുള്ളതാണ്.” (1 പത്രോസ് 5:8 താരതമ്യംചെയ്യുക.) സാത്താൻ എന്ന പേർ ബൈബിളിൽ 50-ൽപരം പ്രാവശ്യം കാണുന്നുണ്ടെങ്കിലും അത് എബ്രായ തിരുവെഴുത്തുകളിൽ 18 പ്രാവശ്യമേ കാണുന്നുള്ളു—1 ദിനവൃത്താന്തം, ഇയ്യോബ്, സെഖര്യാവ് എന്നീ പുസ്തകങ്ങളിൽ മാത്രം. അതുകൊണ്ട് ഈ ചോദ്യങ്ങൾ ഉദിക്കുന്നു, സാത്താന്റെ മത്സരത്തെയും പ്രവർത്തനത്തെയുംകുറിച്ച് മനുഷ്യൻ എപ്പോൾ ബോധവാനായി? സാത്താൻ എബ്രായ തിരുവെഴുത്തുകളിൽ എപ്പോൾ വ്യക്തമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു?
2. ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനുശേഷം പെട്ടെന്നുതന്നെ ഏതു ചോദ്യത്തിന് ഉത്തരം നൽകപ്പെട്ടില്ല?
2 ഭൂമിയിൽ മദ്ധ്യപൂർവദേശത്ത് ഒരു പരദീസാതോട്ടമായിരുന്നിടത്ത് പാപവും മത്സരവും എങ്ങനെ നിലവിൽവന്നുവെന്ന് ലളിതമെങ്കിലും ആഴമുള്ള പദങ്ങൾകൊണ്ട് ബൈബിൾ വിശദീകരിക്കുന്നുണ്ട്. (ഉല്പത്തി 2ഉം 3ഉം അദ്ധ്യായങ്ങൾ കാണുക.) ആദാമിനെയും ഹവ്വായെയും അനുസരണക്കേടിനു പ്രേരിപ്പിച്ചവനെ ഒരു സർപ്പമായി തിരിച്ചറിയിച്ചിരിക്കുന്നുവെങ്കിലും സർപ്പം പുറപ്പെടുവിച്ച ശബ്ദത്തിനു പിമ്പിലെ യഥാർത്ഥ ശക്തിയും ബുദ്ധിയും ആരായിരുന്നുവെന്നതിന്റെ പെട്ടെന്നുള്ള സൂചന നൽകപ്പെടുന്നില്ല. എന്നിരുന്നാലും, പരദീസാതോട്ടത്തിൽനിന്നുള്ള തന്റെ ബഹിഷ്ക്കരണത്തിലേക്കു നയിച്ച ഏദനിലെ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാൻ ആദാമിന് ദീർഘസമയമുണ്ടായിരുന്നു.—ഉല്പത്തി 3:17, 18, 23; 5:5.
3. ആദാം വഞ്ചിക്കപ്പെട്ടില്ലെങ്കിലും എങ്ങനെ പാപംചെയ്തു, മനുഷ്യവർഗ്ഗത്തിന് ഫലമെന്തായിരുന്നു?
3 പ്രസ്പഷ്ടമായി, മൃഗങ്ങൾ മനുഷ്യബുദ്ധിയോടെ സംസാരിക്കുന്നില്ലെന്ന് ആദാമിന് അറിയാമായിരുന്നു. ഹവ്വായുടെ പരീക്ഷക്കുമുമ്പ് ദൈവം തന്നോട് ഏതെങ്കിലും മൃഗത്തിലൂടെ സംസാരിച്ചിരുന്നില്ലെന്നും അവനറിയാമായിരുന്നു. അതുകൊണ്ട് ദൈവത്തെ അനുസരിക്കാതിരിക്കാൻ തന്റെ ഭാര്യയോട് പറഞ്ഞിരുന്നതാരാണ്? സ്ത്രീ പൂർണ്ണമായും വഞ്ചിക്കപ്പെട്ടിരുന്നെങ്കിലും ആദാം വഞ്ചിക്കപ്പെട്ടില്ലെന്ന് പൗലോസ് പറയുന്നു. (ഉല്പത്തി 3:11-13, 17; 1 തിമൊഥെയോസ് 2:14) ഒരുപക്ഷേ, ഏതോ അദൃശ്യജീവി ദൈവത്തോടുള്ള അനുസരണത്തിൽനിന്നുള്ള ഒരു വ്യത്യസ്തഗതി സമർപ്പിക്കുകയാണെന്ന് ആദാം തിരിച്ചറിഞ്ഞു. എന്നിരുന്നാലും, സർപ്പം അവനെ സമീപിച്ചിരുന്നില്ലെങ്കിലും അനുസരണക്കേടിൽ തന്റെ ഭാര്യയുടെ പക്ഷത്തു നിൽക്കാൻ അവൻ തെരഞ്ഞെടുത്തു. കരുതിക്കൂട്ടിയും മനഃപൂർവവുമുള്ള ആദാമിന്റെ അനുസരണക്കേടിന്റെ പ്രവൃത്തി പൂർണ്ണതയുടെ മൂശയെ പൊട്ടിക്കുകയും പാപത്തിന്റെ വൈകല്യം അവതരിപ്പിക്കുകയും മുൻകൂട്ടിപ്പറയപ്പെട്ട മരണകുററവിധിയിലേക്കു നയിക്കുകയും ചെയ്തു. അങ്ങനെ, സർപ്പത്തിന്റെ കാര്യസ്ഥതയെ ഉപയോഗിച്ചുകൊണ്ട് സാത്താൻ ആദ്യ മാനുഷഘാതകനായിത്തീർന്നു.—യോഹന്നാൻ 8:44; റോമർ 5:12, 14.
4, 5. (എ) സർപ്പത്തിനെതിരായി ഏതു പ്രാവചനിക ന്യായവിധി ഉച്ചരിക്കപ്പെട്ടു? (ബി) ആ പ്രവചനത്തിൽ ഏതു ഗൂഢാർത്ഥങ്ങൾ ഉൾപ്പെട്ടിരുന്നു?
4 ഏദനിലെ മത്സരം ദൈവത്തിൽനിന്നുള്ള ഒരു പ്രാവചനിക ന്യായവിധിയിൽ കലാശിച്ചു. ആ ന്യായവിധിയിൽ ഒരു “പാവനരഹസ്യം” ഉൾപ്പെട്ടിരുന്നു, അത് പൂർണ്ണമായി വെളിപ്പെടാൻ ആയിരക്കണക്കിനു വർഷങ്ങളെടുക്കുമായിരുന്നു. ദൈവം സർപ്പത്തോട് ഇങ്ങനെ പറഞ്ഞു: “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത വെക്കും. അവൻ നിന്നെ തലയിൽ ചതക്കും, നീ അവനെ കുതികാലിൽ ചതക്കും.”—എഫേസ്യർ 5:32; ഉല്പത്തി 3:15.
5 ഈ മർമ്മപ്രധാനമായ പ്രവചനത്തിൽ പല ഗൂഢാർത്ഥങ്ങളടങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ “സ്ത്രീ” ആരെ അർത്ഥമാക്കി? അത് ഹവ്വാ ആയിരുന്നോ, അതോ, ഹവ്വായെക്കാൾ പ്രാധാന്യമുള്ള ഒരു പ്രതീകാത്മക സ്ത്രീ ആയിരുന്നോ? കൂടാതെ, ‘സ്ത്രീയുടെ സന്തതി’ എന്നതിനാലും ‘സർപ്പത്തിന്റെ സന്തതി’ എന്നതിനാലും ആരാണർത്ഥമാക്കപ്പെട്ടത്? സ്ത്രീയുടെ സന്തതിയുമായി ശത്രുതയിലായിരിക്കുന്ന സന്തതിയോടുകൂടിയ സർപ്പം യഥാർത്ഥത്തിൽ ആരായിരുന്നു? നാം താമസിയാതെ ചർച്ച ചെയ്യാനിരിക്കുന്നതുപോലെ, ഈ ചോദ്യങ്ങൾക്ക് തന്റെ തക്ക സമയത്ത് തികവേറിയ ഒരു ഉത്തരം കിട്ടണമെന്ന് യഹോവ നിശ്ചയിച്ചുവെന്ന് തെളിവുണ്ട്.—ദാനിയേൽ 12:4ഉം കൊലോസ്യർ 1:25, 26ഉം താരതമ്യംചെയ്യുക.
സ്വർഗ്ഗങ്ങളിലെ മത്സരത്തിന്റെ കൂടുതലായ തെളിവ്
6. പ്രളയത്തിനു തൊട്ടുമുമ്പ് സ്വർഗ്ഗങ്ങളിൽ മത്സരത്തിന്റെ ഏതു സൂചന കാണപ്പെട്ടു?
6 ബൈബിൾ ചരിത്രം വികാസം പ്രാപിക്കുന്നതോടെ മനുഷ്യരെക്കാൾ ഉയർന്ന ഒരു ജീവതലത്തിലെ മത്സരത്തിന്റെ മറെറാരു സൂചന പാപത്തിലേക്കുള്ള മമനുഷ്യന്റെ വീഴ്ചക്കുശേഷം ഏതാണ്ട് 1,500 വർഷം കഴിഞ്ഞ് പ്രളയത്തിനു തൊട്ടുമുമ്പ് വെളിപ്പെടുത്തപ്പെടുന്നു. “സത്യദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാർ സുമുഖികളാണെന്ന് കണ്ടുതുടങ്ങി; അവർ തങ്ങൾക്കിഷ്ടപ്പെട്ടവരെയെല്ലാം തങ്ങൾക്ക് ഭാര്യമാരായി എടുത്തു” എന്ന് ബൈബിൾ വിവരണം നമ്മോടു പറയുന്നു. ഈ പ്രകൃതിവിരുദ്ധബന്ധങ്ങളിലെ സങ്കരസന്തതി “നെഫിലിം” എന്ന് അറിയപ്പെട്ടു, “പുരാതന കാലത്തെ കീർത്തിപ്പെട്ട പുരുഷൻമാരായ ശക്തൻമാർ”തന്നെ. (ഉല്പത്തി 6:1-4; “സത്യദൈവത്തിന്റെ പുത്രൻമാർ” ആരെന്നു മനസ്സിലാക്കാൻ ഇയ്യോബ് 1:6 താരതമ്യംചെയ്യുക.) ഏതാണ്ട് 2,400 വർഷങ്ങൾക്കുശേഷം ഈ സംഭവത്തെക്കുറിച്ച് യൂദാ ചുരുക്കമായി പറഞ്ഞുകൊണ്ട് ഇങ്ങനെ എഴുതി: “തങ്ങളുടെ . . . ഉചിതമായ സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച ദൂതൻമാരെ അവൻ മഹാദിവസത്തിലെ ന്യായവിധിക്കായി കൂരിരുട്ടിൽ നിത്യബന്ധനങ്ങളോടെ വേർതിരിച്ചുനിർത്തിയിരിക്കുന്നു.”—യൂദാ 6; 2 പത്രോസ് 2:4, 5.
7. മമനുഷ്യന്റെ ദുഷ്ടതയുണ്ടെങ്കിലും ബൈബിളിലെ അനേകം ചരിത്രപ്പുസ്തകങ്ങളിൽ എന്ത് വിസ്മയാവഹമായി വിട്ടുകളഞ്ഞിരിക്കുന്നതായി നാം കാണുന്നു?
7 പ്രളയത്തിനുമുമ്പത്തെ ഈ ഘട്ടത്തിൽ “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത ധാരാളമായിരുന്നു, അവന്റെ ഹൃദയത്തിലെ ചിന്തയുടെ ഓരോ ചായ്വും എല്ലാ സമയത്തും ചീത്ത മാത്രമായിരുന്നു.” എന്നിരുന്നാലും, ദൂതമത്സരത്തിന്റെയും മനുഷ്യദുഷ്ടതയുടെയും പിമ്പിലെ ശക്തമായ സ്വാധീനമെന്ന നിലയിൽ നിശ്വസ്ത ഉല്പത്തിപ്പുസ്തകത്തിൽ സാത്താനെ പ്രത്യേകമായി തിരിച്ചറിയിച്ചിട്ടില്ല. (ഉല്പത്തി 6:5) തീർച്ചയായും, വിഗ്രഹാരാധനയിലേക്കും വ്യാജാരാധനയിലേക്കുമുള്ള നിരന്തര പിൻമാററങ്ങളോടുകൂടിയ ഇസ്രായേൽജനതയുടെയും യഹൂദാജനതയുടെയും ചരിത്രത്തിലെങ്ങും ന്യായാധിപൻമാരുടെയും ശമുവേലിന്റെയും രാജാക്കൻമാരുടെയും നിശ്വസ്തപുസ്തകങ്ങളിൽ ഈ സംഭവങ്ങളുടെ പിന്നിലെ അദൃശ്യശക്തിയെന്ന നിലയിൽ സാത്താന്റെ പേർ ഒരിക്കലും പറയുന്നില്ല—താൻ “ഭൂമിയിൽ ഊടാടിനടക്കുകയായിരുന്നു”വെന്ന അവന്റെ സ്വന്തം സമ്മതമുണ്ടായിട്ടും.—ഇയ്യോബ് 1:7; 2:2.
8. ഇയ്യോബ് തന്റെ കഷ്ടപ്പാടിൽ സാത്താൻ വഹിച്ച പങ്ക് ആദ്യം അറിഞ്ഞിരുന്നോ? നാം എങ്ങനെ അറിയുന്നു?
8 ഇയ്യോബിന്റെയും അവന്റെ പീഡാനുഭവങ്ങളുടെയും അർത്ഥവത്തായ വിവരണം നാം പരിചിന്തിക്കുമ്പോൾ പോലും, ഇയ്യോബ് തന്റെ പരീക്ഷകൾ ശത്രുവായ സാത്താനിൽനിന്നാണെന്ന് ഒരിക്കലും ആരോപിക്കുന്നില്ല. പ്രസ്പഷ്ടമായി, അവന്റെ നടത്തയുടെ പരിണതഫലത്തിൽ തൂങ്ങിനിന്ന വിവാദവിഷയത്തെക്കുറിച്ച് അവന് ആ സമയത്ത് അറിവില്ലായിരുന്നു. (ഇയ്യോബ് 1:6-12) യഹോവയുടെ മുമ്പാകെ ഇയ്യോബിന്റെ നിർമ്മലതയെ വെല്ലുവിളിച്ചുകൊണ്ടാണ് സാത്താൻ ഈ പ്രതിസന്ധിയുളവാക്കിയിരിക്കുന്നതെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെ, “നീ ഇപ്പോഴും നിന്റെ നിർമ്മലത മുറുകെപ്പിടിക്കുകയാണോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” എന്ന വാക്കുകളോടെ ഇയ്യോബിന്റെ ഭാര്യ അവനെ ശകാരിച്ചപ്പോൾ അവൻ ഇങ്ങനെ മാത്രമാണ് ഉത്തരംപറഞ്ഞത്: “നമുക്ക് സത്യദൈവത്തിൽനിന്ന് നൻമ മാത്രം സ്വീകരിക്കുകയും തിൻമ സ്വീകരിക്കാതിരിക്കുകയും ചെയ്യാമോ?” തന്റെ പീഡാനുഭവങ്ങളുടെ യഥാർത്ഥ ഉറവ് അറിയാതെ അവൻ പ്രത്യക്ഷത്തിൽ അവ ദൈവത്തിൽനിന്നു വരുന്നതായും സ്വീകരിക്കേണ്ടവയായും വീക്ഷിച്ചു. അങ്ങനെ അത് ഇയ്യോബിന്റെ നിർമ്മലതയുടെ വളരെ കഠിനമായ ഒരു പരിശോധനയായിത്തീർന്നു.—ഇയ്യോബ് 1:21; 2:9, 10.
9. മോശയേസംബന്ധിച്ച് ഏതു ന്യായമായ ചോദ്യം ഉന്നയിക്കാൻ കഴിയും?
9 ഇപ്പോൾ ഒരു ചോദ്യം ഉദിക്കുന്നു. നാം വിശ്വസിക്കുന്നതുപോലെ, ഇയ്യോബിന്റെ പുസ്തകം മോശയാണെഴുതിയതെങ്കിൽ, സാത്താൻ ഭൂമിയിൽ ഊടാടിനടക്കുകയായിരുന്നുവെന്ന് അവനറിയാമായിരുന്നതുകൊണ്ട് അവൻതന്നെ എഴുതിയ പഞ്ചഗ്രന്ഥിയിലെ ഏതെങ്കിലും പുസ്തകത്തിൽ അവൻ സാത്താന്റെ പേർ പറയാത്തതെന്തുകൊണ്ട്? അതെ, എബ്രായ തിരുവെഴുത്തുകളിൽ സാത്താനെക്കുറിച്ച് വളരെ അപൂർവമായി പറഞ്ഞിരിക്കുന്നതെന്തുകൊണ്ട്?a
സാത്താന്റെ പരിമിതമായ വെളിവാക്കൽ
10. സാത്താനെ എബ്രായ തിരുവെഴുത്തുകളിൽ പരിമിതമായി മാത്രം വെളിപ്പെടുത്തിയിരിക്കുന്നതെങ്ങനെ?
10 ഭൂതനിശ്വസ്ത പ്രവർത്തനങ്ങളെ അപലപിക്കുന്നുവെങ്കിലും യഹോവ തന്റെ ജ്ഞാനത്തിൽ തന്റെ ശത്രുവായ സാത്താനെ എബ്രായ തിരുവെഴുത്തുകളിൽ പരിമിതമായി മാത്രം വെളിപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് അവന് നല്ല കാരണങ്ങളുണ്ടായിരുന്നുവെന്ന് സ്പഷ്ടമാണ്. (ലേവ്യപുസ്തകം 17:7; ആവർത്തനം 18:10-13; 32:16, 17; 2 ദിനവൃത്താന്തം 11:15) അങ്ങനെ, എബ്രായ എഴുത്തുകാർക്ക് സാത്താനെയും അവന്റെ സ്വർഗ്ഗങ്ങളിലെ മത്സരപ്രവർത്തനത്തെയും കുറിച്ച് കുറെ അറിവുണ്ടായിരുന്നിരിക്കണമെങ്കിലും ദൈവജനത്തിന്റെയും അവർക്കു ചുററുമുണ്ടായിരുന്ന ജനതകളുടെയും പാപങ്ങളെ വിവരിക്കാനും തുറന്നുകാട്ടാനും അവരുടെ ദുഷ്ടതക്കെതിരായി പ്രബോധനം കൊടുക്കാനും മാത്രമെ അവർ നിശ്വസ്തരാക്കപ്പെട്ടുള്ളു. (പുറപ്പാട് 20:1-17; ആവർത്തനം 18:9-13) സാത്താന്റെ പേർ അപൂർവമായി മാത്രമേ പറയപ്പെട്ടുള്ളു.
11, 12. എബ്രായ ബൈബിളെഴുത്തുകാർ സാത്താനെയും അവന്റെ സ്വാധീനത്തെയുംകുറിച്ച് അജ്ഞരല്ലായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
11 ഏദനിലെ സംഭവങ്ങളുടെയും “സത്യദൈവത്തിന്റെ പുത്രൻമാരുടെ” അധഃപതനത്തിന്റെയും ഇയ്യോബിന്റെ പുസ്തകത്തിലെ രേഖയുടെയും വീക്ഷണത്തിൽ നിശ്വസ്ത എബ്രായ ബൈബിളെഴുത്തുകാർ സാത്താന്റെ പ്രകൃതാതീത ദുഷ്ട സ്വാധീനത്തെക്കുറിച്ച് അജ്ഞരല്ലായിരുന്നു. ക്രി.മു. ആറാം നൂററാണ്ടിന്റെ ഒടുവിൽ എഴുതിയ സെഖര്യാ പ്രവാചകന് മഹാപുരോഹിതനായ യോശുവായുടെയും “അവനെ എതിർക്കാൻ അവന്റെ വലത്തുഭാഗത്തു നിൽക്കുന്ന സാത്താന്റെയും” ഒരു ദർശനമുണ്ടായി. “അപ്പോൾ യഹോവയുടെ ദൂതൻ സാത്താനോട്: ‘സാത്താനെ, യഹോവ നിന്നെ ശകാരിക്കട്ടെ, അതെ, യഹോവ നിന്നെ ശകാരിക്കട്ടെ’ എന്നു പറഞ്ഞു.” (സെഖര്യാവ് 3:1, 2) കൂടാതെ, ക്രി.മു. അഞ്ചാം നൂററാണ്ടിൽ ഇസ്രായേലിന്റെയും യഹൂദയുടെയും ചരിത്രം എഴുതിയപ്പോൾ എസ്രാശാസ്ത്രി “സാത്താൻ ഇസ്രായേലിനെതിരെ എതിർത്തുനിൽക്കാനും ഇസ്രായേലിനെ എണ്ണാൻ ദാവീദിനെ ഉത്സാഹിപ്പിക്കാനും തുടങ്ങി”യെന്ന് പ്രസ്താവിച്ചു.—1 ദിനവൃത്താന്തം 21:1.
12 അങ്ങനെ, സെഖര്യാവിന്റെ കാലമായപ്പോഴേക്ക് തിരുവെഴുത്തുകളിൽ സാത്താന്റെ റോൾ ഏറെ വ്യക്തമായിത്തീരാൻ പരിശുദ്ധാത്മാവ് അനുവദിക്കുകയായിരുന്നു. എന്നാൽ ഈ ദുഷ്ടജീവി ദൈവവചനത്തിൽ പൂർണ്ണമായി തുറന്നുകാട്ടപ്പെടുന്നതിന് മറെറാരു അഞ്ച് നൂററാണ്ടുകൾകൂടെ കടന്നുപോകുമായിരുന്നു. സാത്താനെ പൂർണ്ണമായി തുറന്നുകാട്ടുന്നതിനുള്ള ഈ സമയനിർണ്ണയത്തിന് ബൈബിളിന്റെ അടിസ്ഥാനത്തിൽ നമുക്ക് എന്തു കാരണം കണ്ടെത്താൻ കഴിയും?
ഗൂഢാർത്ഥം അറിയാനുള്ള താക്കോൽ
13-15. (എ) എബ്രായ തിരുവെഴുത്തുകളിൽ സാത്താനെ പരിമിതമായി മാത്രം വെളിപ്പെടുത്തിയിരിക്കുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാനുള്ള താക്കോൽ ഏത് അടിസ്ഥാനസത്യങ്ങളാണ്? (ബി) യേശുവിന്റെ വരവോടെ സാത്താൻ വെളിച്ചത്തു വരുത്തപ്പെട്ടതെങ്ങനെ?
13 ദൈവവചനത്തിൽ വിശ്വാസമുള്ള ക്രിസ്ത്യാനിക്ക് ഇവക്കും നാം ഉന്നയിച്ച മുൻചോദ്യങ്ങൾക്കുമുള്ള അടിസ്ഥാന താക്കോൽ ബൈബിൾ മുഴുവനായും മാനുഷ വൈദഗ്ദ്ധ്യത്തിന്റെ ഒരു ഉല്പന്നം, കേവലം ഒരു വിശിഷ്ട സാഹിത്യകൃതി ആയിരിക്കുന്നതുപോലെ അമിതകൃത്തിപ്പിൽ കാണപ്പെടുന്നില്ല. താക്കോൽ വെളിപ്പെടുത്തപ്പെടുന്നത് രണ്ട് അടിസ്ഥാന ബൈബിൾസത്യങ്ങളിലാണ്. ഒന്ന്, ശലോമോൻരാജാവ് എഴുതിയതുപോലെ: “നീതിമാൻമാരുടെ പാത പകൽ ദൃഢമായി സ്ഥാപിതമാകുന്നതുവരെ അധികമധികം പ്രകാശമേറിവരുന്ന ഉജ്ജ്വല പ്രകാശംപോലെയാകുന്നു.” (സദൃശവാക്യങ്ങൾ 4:18; ദാനിയേൽ 12:4; 2 പത്രോസ് 1:19-21 താരതമ്യപ്പെടുത്തുക.) ദൈവവചനത്തിൽ സത്യം ദൈവത്തിന്റെ തക്കസമയത്ത് ക്രമേണയാണ് വെളിപ്പെടുത്തപ്പെടുന്നത്, അങ്ങനെയുള്ള സത്യത്തിന്റെ ആവശ്യവും അവ ഗ്രഹിക്കാനുള്ള അവന്റെ ദാസൻമാരുടെ പ്രാപ്തിയുമനുസരിച്ചുതന്നെ.—യോഹന്നാൻ 16:12, 13; 6:48-69 താരതമ്യപ്പെടുത്തുക.
14 രണ്ടാമത്തെ അടിസ്ഥാന സത്യം അപ്പോസ്തലനായ പൗലോസ് ശിഷ്യനായ തിമൊഥെയോസിനെഴുതിയതിൽ അടങ്ങിയിരിക്കുന്നു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തികൾക്കും പൂർണ്ണസജ്ജനായി തികച്ചും യോഗ്യനാകേണ്ടതിന് ഉപദേശത്തിനും . . . പ്രയോജനകരവുമാകുന്നു.” (2 തിമൊഥെയോസ് 3:16, 17) ദൈവപുത്രനായ യേശു സാത്താനെ തുറന്നുകാട്ടും, അത് തിരുവെഴുത്തിൽ രേഖപ്പെടുത്തുകയും അങ്ങനെ യഹോവയുടെ പരമാധികാരത്തിനനുകൂലമായി സാത്താനെതിരെ ഉറച്ചുനിൽക്കാൻ ക്രിസ്തീയസഭയെ സജ്ജമാക്കുകയും ചെയ്യും.—യോഹന്നാൻ 12:28-31; 14:30.
15 ഈ കാരണങ്ങളാൽ ഉല്പത്തി 3:15ലെ ഗൂഢാർത്ഥങ്ങൾ സാവധാനത്തിൽ മറനീക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ മാർഗ്ഗനിർദ്ദേശത്തിൽ എബ്രായ തിരുവെഴുത്തുകൾ വരാനിരുന്ന മശിഹായുടെ അഥവാ സന്തതിയുടെ മേൽ പ്രകാശസ്ഫുരണങ്ങൾ വീഴ്ത്തി. (യെശയ്യാവ് 9:6, 7; 53:1-12) ഇതിനു സമാന്തരമായി, ദൈവത്തിന്റെ എതിരാളിയും മനുഷ്യവർഗ്ഗത്തിന്റെ ശത്രുവുമായ സാത്താന്റെ റോളിൻമേലുള്ള വെളിച്ചത്തിന്റെ ചെറിയ മിന്നലുകൾ അവയിൽ അടങ്ങിയിരിക്കുന്നു. എന്നാൽ യേശുവിന്റെ വരവോടെ സാത്താൻ വാഗ്ദത്തസന്തതിയായ യേശുക്രിസ്തുവിനെതിരെ ഹീനവും പ്രത്യക്ഷവുമായ നടപടി സ്വീകരിച്ചപ്പോൾ അവൻ പൂർണ്ണമായും വെളിച്ചത്തുവരുത്തപ്പെട്ടു. ക്രിസ്തീയയുഗത്തിന്റെ ഒന്നാം നൂററാണ്ടിൽ സംഭവങ്ങൾ വികാസംപ്രാപിച്ചപ്പോൾ യഹോവയുടെ സ്വർഗ്ഗീയ ആത്മസ്ഥാപനമായ “സ്ത്രീ”യുടെയും സന്തതിയായ യേശുക്രിസ്തുവിന്റെയും റോളുകൾ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ വ്യക്തമാക്കപ്പെട്ടു. അതേസമയം, “ആദ്യ പാമ്പായ” സാത്താന്റെ റോൾ അധികം തികവോടെ വെളിച്ചത്തു കൊണ്ടുവരപ്പെട്ടു.—വെളിപ്പാട് 12:1-9; മത്തായി 4:1-11; ഗലാത്യർ 3:16; 4:26.
പാവനരഹസ്യം മറനീക്കപ്പെടുന്നു
16, 17. “ക്രിസ്തുവിന്റെ പാവനരഹസ്യ”ത്തിൽ എന്താണ് ഉൾപ്പെട്ടിരുന്നത്?
16 അപ്പോസ്തലനായ പൗലോസ് “ക്രിസ്തുവിന്റെ പാവനരഹസ്യ”ത്തെക്കുറിച്ച് വിപുലമായി എഴുതി. (എഫേസ്യർ 3:2-4; റോമർ 11:25; 16:25) ഈ പാവനരഹസ്യം ഒടുവിൽ ആദ്യപാമ്പായ പിശാചായ സാത്താനെ തകർക്കുന്ന യഥാർത്ഥ സന്തതിയോടു ബന്ധപ്പെട്ടതായിരുന്നു. (വെളിപ്പാട് 20:1-3, 10) രഹസ്യത്തിൽ ആ “സന്തതി”യുടെ ആദ്യനും പ്രമുഖനുമായ അംഗം യേശു ആണെന്നും എന്നാൽ “സന്തതി”യുടെ എണ്ണം തികക്കാൻ അവനോടുകൂടെ ആദ്യം യഹൂദൻമാരിൽനിന്നും പിന്നീട് ശമര്യരിൽനിന്നും വിജാതീയരിൽനിന്നും “കൂട്ടവകാശികൾ” ചേരുമെന്നുമുള്ള വസ്തുത ഉൾപ്പെട്ടിരുന്നു.—റോമർ 8:17; ഗലാത്യർ 3:16, 19, 26-29; വെളിപ്പാട് 7:4; 14:1.
17 പൗലോസ് വിശദീകരിക്കുന്നു: “ഈ മർമ്മം ആത്മാവിനാൽ അവന്റെ വിശുദ്ധ അപ്പോസ്തലൻമാർക്കും പ്രവാചകൻമാർക്കും ഇപ്പോൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതുപോലെ മററു തലമുറകൾക്ക് അത് അറിയിക്കപ്പെട്ടില്ല.” ആ രഹസ്യം എന്തായിരുന്നു? “അതായത്, ജനതകളിലെ ആളുകൾ സുവാർത്തയാൽ ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ ശരീരത്തിന്റെ കൂട്ടവകാശികളും സഹ അംഗങ്ങളും നമ്മോടുകൂടെ വാഗ്ദത്തത്തിൽ പങ്കാളികളുമായിരിക്കണമെന്നുതന്നെ.”—എഫേസ്യർ 3:5, 6; കൊലോസ്യർ 1:25-27.
18. (എ) “പാവനരഹസ്യ”ത്തിന്റെ അർത്ഥം വെളിപ്പെടുത്താൻ സമയം ആവശ്യമായിരുന്നുവെന്ന് പൗലോസ് പ്രകടമാക്കുന്നതെങ്ങനെ? (ബി) ഈ വെളിപ്പെടുത്തൽ “ആദ്യപാമ്പി”നെക്കുറിച്ചുള്ള ഗ്രാഹ്യത്തെ ബാധിക്കുന്നതെങ്ങനെ?
18 “ക്രിസ്തുവിന്റെ അളവററ ധനത്തെക്കുറിച്ചുള്ള സുവാർത്ത” പ്രഖ്യാപിക്കാനും “സകലവും സൃഷ്ടിച്ച ദൈവത്തിൽ അനിശ്ചിത ഭൂതകാലത്ത് മറഞ്ഞിരുന്ന പാവനരഹസ്യം എങ്ങനെ നൽകപ്പെടുന്നുവെന്ന് മനുഷ്യരെ കാണിക്കുന്നതിനും” എല്ലാവരിലുംവെച്ച് താൻ ഉപയോഗിക്കപ്പെടുന്നതിൽ പൗലോസിന് മതിപ്പുണ്ടായി. അല്ലെങ്കിൽ അവൻ കൊലോസ്യരോട് പ്രസ്താവിച്ചതുപോലെ “കഴിഞ്ഞുപോയ വ്യവസ്ഥിതികളിൽനിന്നും കഴിഞ്ഞുപോയ തലമുറകളിൽനിന്നും മറഞ്ഞിരുന്ന പാവനരഹസ്യം. എന്നാൽ ഇപ്പോൾ അത് തന്റെ വിശുദ്ധൻമാർക്ക് വെളിവാക്കപ്പെട്ടിരിക്കുന്നു.” യുക്തിയാനുസൃതം, “സന്തതി”യെക്കുറിച്ചുള്ള രഹസ്യം ഒടുവിൽ വെളിപ്പെടുത്തപ്പെട്ടെങ്കിൽ അതിൽ വലിയ എതിരാളിയായ “ആദ്യപാമ്പി”ന്റെ പൂർണ്ണമായ മുഖംമൂടി മാററലും ഉൾപ്പെടും. തെളിവനുസരിച്ച് സാത്താനുമായുള്ള വാദവിഷയം മശിഹായുടെ വരവുവരെ സർവ്വപ്രധാനമാക്കാൻ യഹോവ ഇഷ്ടപ്പെട്ടില്ല. സന്തതിയായ ക്രിസ്തുയേശു അല്ലാതെ ആർ സാത്താന്റെ മുഖംമൂടി മാററുന്നതാണ് മെച്ചം?—എഫേസ്യർ 3:8, 9; കൊലോസ്യർ 1:26.
യേശു എതിരാളിയെ തുറന്നുകാട്ടുന്നു
19. യേശു എതിരാളിയെ വെളിച്ചത്താക്കിയതെങ്ങനെ?
19 തന്റെ ശുശ്രൂഷയുടെ പ്രാരംഭത്തിൽതന്നെ, യേശു ഈ വാക്കുകളിൽ പരീക്ഷകനെ ഊററമായി തള്ളിക്കളഞ്ഞു: “സാത്താനേ ദൂരെപോകൂ! എന്തെന്നാൽ ‘നിന്റെ ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത്, അവനു മാത്രമാണ് നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്’ എന്ന് എഴുതപ്പെട്ടിരിക്കുന്നു.” (മത്തായി 4:3, 10) മറെറാരു വ്യത്യസ്ത സന്ദർഭത്തിൽ, തന്നോട് കൊലപാതകപരമായ ലക്ഷ്യമുണ്ടായിരുന്ന ദൂഷകരായ മതശത്രുക്കളുടെ പ്രേരകനെ അപലപിച്ചുകൊണ്ടും ഏദനിലെ സർപ്പത്തിന്റെ പിന്നിലെ ശക്തിയെന്ന നിലയിൽ അവനെ തുറന്നുകാട്ടിക്കൊണ്ടും ആ ശത്രുക്കളെ വെളിച്ചത്താക്കിക്കൊണ്ട് യേശു പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവരാണ്, നിങ്ങൾ നിങ്ങളുടെ പിതാവിന്റെ ആഗ്രഹങ്ങൾ പ്രവർത്തിക്കാൻ ഇച്ഛിക്കുന്നു. ആ ഒരുവൻ അവൻ തുടങ്ങിയപ്പോൾ ഒരു മനുഷ്യഘാതകനായിരുന്നു, അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല, എന്തുകൊണ്ടെന്നാൽ സത്യം അവനിലില്ല. അവൻ നുണ പറയുമ്പോൾ അവൻ തന്റെ സ്വന്ത സ്വഭാവമനുസരിച്ച് പറയുന്നു, എന്തുകൊണ്ടെന്നാൽ അവൻ ഒരു നുണയനും നുണയുടെ പിതാവുമാകുന്നു.”—യോഹന്നാൻ 8:44
20. സാത്താനെ വെളിച്ചത്താക്കാൻ യേശുവിന് എന്ത് അടിസ്ഥാനമുണ്ടായിരുന്നു?
20 സാത്താനെ ഇത്ര നിശ്ചയത്തോടെ എങ്ങനെ യേശുവിന് അപലപിക്കാൻ കഴിഞ്ഞു? അവന് അവനെ ഇത്ര നന്നായി എങ്ങനെ അറിയാൻ കഴിഞ്ഞു? എന്തുകൊണ്ടെന്നാൽ അവൻ സാത്താനുമായി സ്വർഗ്ഗത്തിൽ ഒന്നിച്ചു ജീവിച്ചിരുന്നു! പരമാധികാരിയാം കർത്താവായ യഹോവക്കെതിരെ അവൻ അഹങ്കാരപൂർവം മത്സരിക്കുന്നതിനുമുമ്പേതന്നെ വചനമെന്ന നിലയിൽ യേശുവിന് അവനെ അറിയാമായിരുന്നു. (യോഹന്നാൻ 1:1-3; കൊലോസ്യർ 1:15, 16) ഏദനിലെ സാത്താനിലൂടെയുള്ള അവന്റെ തന്ത്രപ്രവർത്തനങ്ങൾ അവൻ നിരീക്ഷിച്ചിരുന്നു. ഭ്രാതൃഹന്താവായിരുന്ന കയീന്റെമേൽ അവനുണ്ടായിരുന്ന തന്ത്രപരമായ സ്വാധീനം അവൻ കണ്ടിട്ടുണ്ടായിരുന്നു. (ഉല്പത്തി 4:3-8; 1 യോഹന്നാൻ 3:12) പിന്നീട്, യഹോവയുടെ സ്വർഗ്ഗീയസദസ്സിൽ “സത്യദൈവത്തിന്റെ പുത്രൻമാർ പ്രവേശിച്ചപ്പോൾ” അവിടെ യേശു സന്നിഹിതനായിരുന്നു. “സാത്താൻ പോലും അവരുടെ ഇടയിൽത്തന്നെ പ്രവേശിക്കാൻ പുറപ്പെട്ടു.” (ഇയ്യോബ്1:6; 2:1) അതെ, യേശുവിന് അവനെ ഉള്ളുവരെ അറിയാമായിരുന്നു, അവന്റെ തനിനിറം തുറന്നുകാട്ടാൻ അവൻ ഒരുക്കമായിരുന്നു—ഒരു നുണയനും ഒരു കൊലപാതകിയും ഒരു ദൂഷകനും ദൈവത്തിന്റെ ഒരു എതിരാളിയും എന്നുതന്നെ!—സദൃശവാക്യങ്ങൾ 8:22-31; യോഹന്നാൻ 8:58.
21. ഏതു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്?
21 ഇത്ര ശക്തനായ ശത്രു മനുഷ്യവർഗ്ഗത്തെയും അതിന്റെ ചരിത്രത്തെയും സ്വാധീനിക്കുന്നതുകൊണ്ട് ഇപ്പോഴത്തെ ചോദ്യങ്ങൾ ഇവയാണ്: സാത്താൻ ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകളിൽ കൂടുതലായി എത്രത്തോളം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു? നമുക്ക് അവന്റെ കുതന്ത്രങ്ങളെ എങ്ങനെ ചെറുത്തുനിൽക്കാനും നമ്മുടെ ക്രിസ്തീയനിർമ്മലത പാലിക്കാനും കഴിയും?—എഫേസ്യർ 6:11, രാജ്യവരിമദ്ധ്യവിവർത്തനം. (w88 9/1)
[അടിക്കുറിപ്പുകൾ]
a പിശാച്—പുരാതനകാലം മുതൽ ആദിമക്രിസ്ത്യനിത്വംവരെ തിൻമയുടെ ധാരണ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പ്രൊഫസ്സർ റസ്സൽ ഇങ്ങനെ പറയുന്നു: “പഴയ നിയമത്തിൽ പിശാച് പൂർണ്ണമായി വികസിതമായിട്ടില്ലെന്നുള്ള വസ്തുത ആധുനിക യഹൂദ, ക്രിസ്തീയ ദൈവശാസ്ത്രത്തിൽ അവന്റെ അസ്തിത്വത്തെ തള്ളിക്കളയാൻ കാരണമായിരിക്കുന്നില്ല. അത് ഉത്ഭവസംബന്ധമായ ഈ അസംബന്ധമായിരിക്കും: ഒരു പദത്തിന്റെയോ—ഒരു ആശയത്തിന്റെയോ—സത്യം അതിന്റെ ആദിമരൂപത്തിൽ കാണപ്പെടണമെന്നതുതന്നെ. എന്നാൽ ചരിത്രപരമായ സത്യം കാലക്രമേണയുള്ള വികാസമാണ്.”—പേജ് 174.
നിങ്ങൾ ഓർക്കുന്നുണ്ടോ?
◻ ഉല്പത്തി 3:15-നോടുള്ള ബന്ധത്തിൽ ഏതു ഗൂഢാർത്ഥങ്ങൾ വിശദീകരിക്കപ്പെടേണ്ടതുണ്ട്?
◻ എബ്രായ തിരുവെഴുത്തുകളിൽ സ്വർഗ്ഗങ്ങളിലെ മത്സരത്തിന്റെ എന്തു തെളിവുണ്ട്?
◻ സാത്താനെക്കുറിച്ച് എബ്രായ തിരുവെഴുത്തുകളിൽ അപൂർവമായി മാത്രം പറഞ്ഞിരിക്കുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ഏതു രണ്ടു സത്യങ്ങൾ നമ്മെ സഹായിക്കുന്നു?
◻ “ക്രിസ്തുവിന്റെ പാവനരഹസ്യ”ത്തിന് സാത്താന്റെയും അവന്റെ റോളിന്റെയും വെളിപ്പെടുത്തലിനോട് എന്ത് ബന്ധമുണ്ട്?
[22-ാം പേജിലെ ചിത്രങ്ങൾ]
സാത്താന്റെ സ്വാധീനം പ്രളയത്തിനു മുമ്പത്തെ ലോകത്തിലെ മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ സുവ്യക്തമായിരുന്നു
[23-ാം പേജിലെ ചിത്രങ്ങൾ]
ഇയ്യോബിന്റെ നിർമ്മലതസംബന്ധിച്ച് ദൈവത്തെ വെല്ലുവിളിച്ചത് സാത്താനായിരുന്നു—ഒരു യഥാർത്ഥ വ്യക്തിയായിരുന്നു