നിങ്ങൾക്ക് ഒരു അമർത്യ ആത്മാവ് ഉണ്ടോ?
“എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (2 തിമൊഥെയൊസ് 3:16, 17) അതേ, സത്യദൈവമായ യഹോവയിൽനിന്നു വരുന്ന സത്യങ്ങൾ അടങ്ങിയ ഒരു ഗ്രന്ഥമാണ് ബൈബിൾ.—സങ്കീർത്തനം 83:18.
യഹോവയാണ് മനുഷ്യന്റെയും മറ്റെല്ലാറ്റിന്റെയും സ്രഷ്ടാവ്. (എബ്രായർ 3:4; വെളിപ്പാടു 4:11) അതുകൊണ്ട് മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നുവെന്ന് അവനു നന്നായി അറിയാം. മരണശേഷം ഉള്ള അവസ്ഥ എന്താണ് എന്നതിനെ കുറിച്ചുള്ള ശരിയായ, തൃപ്തികരമായ ഉത്തരങ്ങൾ അവൻ തന്റെ നിശ്വസ്ത വചനമായ ബൈബിളിൽ നൽകിയിട്ടുണ്ട്.
ആത്മാവ് എന്താണ്?
ബൈബിളിൽ “ആത്മാവ്” എന്നു തർജമ ചെയ്തിരിക്കുന്ന വാക്കുകളുടെ അടിസ്ഥാന അർഥം “ശ്വാസം” എന്നാണ്. എന്നാൽ വെറും ശ്വാസോച്ഛ്വാസ പ്രക്രിയയെ അല്ല അത് അർഥമാക്കുന്നത്. ഉദാഹരണത്തിന്, ബൈബിൾ എഴുത്തുകാരനായ യാക്കോബ് പറയുന്നു: “ആത്മാവില്ലാത്ത ശരീരം . . . നിർജ്ജീവമാകുന്നു.” (യാക്കോബ് 2:26) അതുകൊണ്ട്, ശരീരത്തിനു ജീവൻ നൽകുന്നത് എന്തോ അതാണ് ആത്മാവ്.
ജീവൻ നൽകുന്ന ഈ ശക്തി കേവലം ഒരുവന്റെ ശ്വാസം അല്ലെങ്കിൽ ശ്വാസകോശത്തിലൂടെ കയറിയിറങ്ങുന്ന വായു ആയിരിക്കാവുന്നതല്ല. എന്തുകൊണ്ട്? കാരണം, ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസം നിലച്ചശേഷം കുറച്ചു സമയം കൂടി അയാളുടെ ശരീരകോശങ്ങളിൽ ജീവൻ ഉണ്ടായിരിക്കും, ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച് “ഏതാനും മിനിട്ടു കൂടി.” അതുകൊണ്ടാണ് ഈ സമയത്ത് ഒരുവനെ പുനർജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ചെയ്യുന്നെങ്കിൽ അതു പലപ്പോഴും വിജയിക്കുന്നത്. എന്നാൽ ശരീരകോശങ്ങളിലെ ജീവന്റെ സ്ഫുലിംഗം അണഞ്ഞുപോയാൽ പിന്നെ എത്ര ശ്രമം ചെയ്താലും ഒരു വ്യക്തിയെ ജീവനിലേക്കു തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ല. എത്രതന്നെ ശ്വാസം അല്ലെങ്കിൽ വായു കടത്തിവിട്ടാലും ശരി, ഒരൊറ്റ കോശത്തെ പോലും പുനർജീവിപ്പിക്കുക സാധ്യമല്ല. അപ്പോൾ, ആത്മാവ് എന്നു പറയുന്നത് അദൃശ്യമായ ജീവശക്തി, കോശങ്ങളെയും വ്യക്തിയെയും ജീവനോടെ നിലനിറുത്തുന്ന ജീവന്റെ സ്ഫുലിംഗമാണ്. ഈ ജീവശക്തി ശ്വാസോച്ഛ്വാസ പ്രക്രിയയാൽ നിലനിറുത്തപ്പെടുന്നു.—ഇയ്യോബ് 34:14, 15.
മനുഷ്യർക്കു മാത്രമേ ഈ ആത്മാവ് ഉള്ളോ? ശരിയായ ഉത്തരം കണ്ടെത്താൻ ബൈബിൾ നമ്മെ സഹായിക്കുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും “ശ്വാസം [“ആത്മാവ്,” NW) ഒന്നത്രേ” എന്നു ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതി. അവൻ ഇങ്ങനെ ചോദിച്ചു: “മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?” (സഭാപ്രസംഗി 3:19-21) അതുകൊണ്ട് മനുഷ്യർക്കും മൃഗങ്ങൾക്കും ആത്മാവ് ഉള്ളതായി പറഞ്ഞിരിക്കുന്നു. അതെങ്ങനെയാണ്?
ആത്മാവിനെ അഥവാ ജീവശക്തിയെ ഒരു യന്ത്രത്തിലൂടെയോ ഉപകരണത്തിലൂടെയോ പ്രവഹിക്കുന്ന വൈദ്യുതിയോട് ഉപമിക്കാൻ കഴിയും. ഏത് ഉപകരണത്തെ പ്രവർത്തിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ച് അദൃശ്യമായ വൈദ്യുതി നിറവേറ്റുന്ന ധർമങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് ഒരു ഇലക്ട്രിക് സ്റ്റൗവിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ അതു ചൂട് ഉളവാക്കുന്നു. അതുപോലെ വൈദ്യുതിയുടെ സഹായത്തോടെ ഒരു കമ്പ്യൂട്ടറിന് വിവരങ്ങൾ പ്രോസസ് ചെയ്യാനും ടെലിവിഷന് ചിത്രങ്ങളും ശബ്ദവും ഉത്പാദിപ്പിക്കാനും കഴിയുന്നു. എന്നാൽ വൈദ്യുതിക്ക് അതു പ്രവർത്തിപ്പിക്കുന്ന ഉപകരണത്തിന്റെ സവിശേഷതകളൊന്നും ഇല്ല. അത് ഒരു ശക്തി മാത്രമാണ്. സമാനമായി, ജീവശക്തിക്ക് അതു ജീവിപ്പിക്കുന്ന ജീവിയുടെ സ്വഭാവ സവിശേഷതകൾ ഒന്നുമില്ല. അതിന് വ്യക്തിത്വമോ ചിന്താപ്രാപ്തിയോ ഇല്ല. മനുഷ്യർക്കും മൃഗങ്ങൾക്കും ‘ഒരേ ആത്മാവ്’ ആണുള്ളത്. (സഭാപ്രസംഗി 3:19) അതുകൊണ്ട്, ഒരു വ്യക്തി മരിക്കുമ്പോൾ അയാളുടെ ആത്മാവ് ഒരു ആത്മജീവിയെന്ന നിലയിൽ മറ്റൊരു മണ്ഡലത്തിൽ ജീവിതം തുടരുന്നില്ല.
അങ്ങനെയെങ്കിൽ, മരിച്ചവരുടെ അവസ്ഥ എന്താണ്? ഒരു വ്യക്തി മരിക്കുമ്പോൾ ആത്മാവിന് എന്തു സംഭവിക്കുന്നു?
‘നീ പൊടിയിൽ തിരികെ ചേരും’
ആദ്യ മനുഷ്യനായ ആദാം മനഃപൂർവം ദൈവകൽപ്പന ലംഘിച്ചപ്പോൾ ദൈവം അവനോടു പറഞ്ഞു: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) യഹോവ ആദാമിനെ പൊടിയിൽനിന്നു സൃഷ്ടിക്കുന്നതിനു മുമ്പ് ആദാം എവിടെയായിരുന്നു? ഒരിടത്തും ഇല്ലായിരുന്നു എന്നതാണു വാസ്തവം, അവൻ അസ്തിത്വത്തിലേ ഇല്ലായിരുന്നു! അതുകൊണ്ട് യഹോവയാം ദൈവം ആദാമിനോട് അവൻ “പൊടിയിൽ തിരികെ ചേരും” എന്നു പറഞ്ഞപ്പോൾ, ആദാം മരിച്ച്, വീണ്ടും നിലത്തെ മൂലകങ്ങളുടെ ഭാഗമായി തീരും എന്ന് അവൻ അർഥമാക്കി. അല്ലാതെ, ആദാം ഒരു ആത്മ മണ്ഡലത്തിലേക്കു മാറുകയില്ലായിരുന്നു. മരിക്കുമ്പോൾ ആദാം വീണ്ടും അസ്തിത്വരഹിതൻ ആയിത്തീരുമായിരുന്നു. അവനു ലഭിച്ച ശിക്ഷ മരണം—ജീവനില്ലാത്ത അവസ്ഥ—ആയിരുന്നു, അല്ലാതെ മറ്റൊരു മണ്ഡലത്തിലേക്കുള്ള മാറ്റം ആയിരുന്നില്ല.—റോമർ 6:23.
മരിച്ചു പോയിരിക്കുന്ന മറ്റുള്ളവരെ സംബന്ധിച്ചെന്ത്? മരിച്ചവരുടെ അവസ്ഥ എന്താണെന്ന് സഭാപ്രസംഗി 9:5, 10 വ്യക്തമാക്കുന്നുണ്ട്. അവിടെ ഇങ്ങനെ പറയുന്നു: “മരിച്ചവരോ ഒന്നും അറിയുന്നില്ല. . . . നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ, പരിജ്ഞാനമോ ഇല്ല.” (ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) അതിനാൽ മരണം അസ്തിത്വരഹിതമായ ഒരു അവസ്ഥയാണ്. ഒരാൾ മരിക്കുമ്പോൾ, അവന്റെ ശ്വാസം [“ആത്മാവ്,” NW] പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു” എന്നു സങ്കീർത്തനക്കാരൻ എഴുതി.—സങ്കീർത്തനം 146:4.
അപ്പോൾ വ്യക്തമായും, മരിച്ചവർ അസ്തിത്വത്തിൽ ഇല്ല. അവർക്ക് ഒന്നും അറിയാൻ കഴിയില്ല. അവർക്ക് നിങ്ങളെ കാണാനോ നിങ്ങൾ പറയുന്നതു കേൾക്കാനോ നിങ്ങളോടു സംസാരിക്കാനോ കഴിയില്ല, നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ ആവില്ല. നിങ്ങൾ മരിച്ചവരെ ഭയപ്പെടേണ്ട ഒരു ആവശ്യവും ഇല്ല. എന്നാൽ മരിക്കുമ്പോൾ ഒരു വ്യക്തിയുടെ ആത്മാവ് അയാളിൽനിന്നു “പോകുന്നു” എന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണ്?
ആത്മാവ് ‘ദൈവത്തിന്റെ അടുക്കലേക്കു മടങ്ങുന്നു’
ഒരാൾ മരിക്കുമ്പോൾ “ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 12:7) ആത്മാവ് അക്ഷരീയമായി ആകാശത്തിലൂടെ സഞ്ചരിച്ച് ദൈവത്തിന്റെ അടുക്കൽ എത്തുന്നു എന്നാണോ ഇതിന്റെ അർഥം? തീർച്ചയായും അല്ല! ബൈബിളിൽ ‘മടങ്ങുക’ എന്ന പദം ഉപയോഗിച്ചിരിക്കുന്ന രീതി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യഥാർഥ നീക്കം ആവശ്യമാക്കിത്തീർക്കുന്നില്ല. ഉദാഹരണത്തിന്, അവിശ്വസ്ത ഇസ്രായേല്യരോട് ഇങ്ങനെ പറയപ്പെട്ടു: “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാഖി 3:7) തങ്ങളുടെ പാപഗതി വിട്ടുതിരിഞ്ഞ് വീണ്ടും ദൈവത്തിന്റെ നീതിപൂർവകമായ നിലവാരങ്ങളുമായി ചേർച്ചയിൽ വരിക എന്നാണ് ഇസ്രായേല്യർ യഹോവയുടെ അടുക്കലേക്കു ‘മടങ്ങുക’ എന്നതുകൊണ്ട് അർഥമാക്കിയത്. യഹോവ ഇസ്രായേല്യരുടെ അടുക്കലേക്കു ‘മടങ്ങുന്നതിന്റെ’ അർഥം അവൻ വീണ്ടും തന്റെ അനുകൂല ശ്രദ്ധ അവരിലേക്കു തിരിക്കുമെന്നായിരുന്നു. രണ്ടു കൂട്ടരുടെയും കാര്യത്തിൽ മനോഭാവത്തിലുള്ള ഒരു മാറ്റമാണ് ഉൾപ്പെട്ടിരുന്നത്. അല്ലാതെ, ഒരു പ്രദേശത്തുനിന്നു മറ്റൊന്നിലേക്കുള്ള അക്ഷരീയ സ്ഥലംമാറ്റം ആയിരുന്നില്ല.
സമാനമായി, മരണത്തിങ്കൽ ആത്മാവ് ദൈവത്തിന്റെ അടുക്കലേക്കു ‘മടങ്ങുമ്പോൾ’ ഭൂമിയിൽനിന്നു സ്വർഗത്തിലേക്കുള്ള ഒരു അക്ഷരീയ മാറ്റം നടക്കുന്നില്ല. ഒരു മനുഷ്യന്റെ ജീവശക്തി ഇല്ലാതായാൽ പിന്നെ അയാളെ വീണ്ടും ജീവിപ്പിക്കാൻ കഴിവുള്ളത് ദൈവത്തിനു മാത്രമാണ്. അതുകൊണ്ട്, ആത്മാവ് “ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും” എന്നു പറയുമ്പോൾ, ആ വ്യക്തിയെ സംബന്ധിച്ച ഏതൊരു ഭാവി ജീവിതപ്രതീക്ഷയും പൂർണമായും ദൈവത്തിൽ നിക്ഷിപ്തമായിരിക്കുന്നു എന്നാണ് അർഥം.
ഉദാഹരണമെന്ന നിലയിൽ, യേശുക്രിസ്തുവിന്റെ മരണത്തെ കുറിച്ചുള്ള തിരുവെഴുത്തു വിവരണം ശ്രദ്ധിക്കുക. സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് പറയുന്നു: “യേശു അത്യുച്ചത്തിൽ പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കൊസ് 23:46) യേശുവിന്റെ ആത്മാവ് അവനെ വിട്ടു പോയപ്പോൾ അവൻ അക്ഷരീയമായി സ്വർഗത്തിലേക്കു യാത്രയായില്ല. മരിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് യേശു ഉയിർപ്പിക്കപ്പെട്ടത്. അതിനും 40 ദിവസത്തിനു ശേഷം മാത്രമാണ് അവൻ സ്വർഗാരോഹണം ചെയ്തത്. (പ്രവൃത്തികൾ 1:2, 3, 9) എന്നാൽ മരണസമയത്ത്, തന്നെ ജീവനിലേക്കു തിരികെ കൊണ്ടുവരാനുള്ള യഹോവയുടെ ശക്തിയിൽ മുഴുവനായി ആശ്രയിച്ചുകൊണ്ട് പൂർണ ഉറപ്പോടെ അവൻ തന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഏൽപ്പിച്ചു.
അതേ, ദൈവത്തിന് ഒരാളെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാൻ കഴിയും. (സങ്കീർത്തനം 104:30) ഇത് എത്ര മഹത്തായ ഒരു പ്രത്യാശയിലേക്കാണു വഴിതുറക്കുന്നത്!
ഉറപ്പുള്ള ഒരു പ്രത്യാശ
ബൈബിൾ പറയുന്നു: “കല്ലറകളിൽ [“സ്മാരക കല്ലറകളിൽ,” NW] ഉള്ളവർ എല്ലാവരും [യേശുവിന്റെ] ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) അതേ, യഹോവയുടെ സ്മരണയിൽ ഉള്ള എല്ലാവരും പുനരുത്ഥാനം ചെയ്യുമെന്ന്, ജീവനിലേക്കു തിരികെ വരുത്തപ്പെടുമെന്ന്, യേശുക്രിസ്തു വാഗ്ദാനം ചെയ്തു. യഹോവയുടെ ദാസന്മാർ എന്ന നിലയിൽ നീതിനിഷ്ഠരായി ജീവിച്ചവർ തീർച്ചയായും അക്കൂട്ടത്തിൽ ഉണ്ടായിരിക്കും. എന്നിരുന്നാലും, ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുമോ ഇല്ലയോ എന്നു പ്രകടമാക്കാതെ ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചിട്ടുണ്ട്. അവർക്ക് യഹോവയുടെ വ്യവസ്ഥകൾ സംബന്ധിച്ച് അറിയില്ലായിരുന്നു, അല്ലെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനുള്ള സമയം ലഭിച്ചിട്ടില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികളും ദൈവത്തിന്റെ സ്മരണയിൽ ഉണ്ട്. അവരും പുനരുത്ഥാനം പ്രാപിക്കും. കാരണം, ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
ഇന്ന്, വിദ്വേഷം, പോരാട്ടം, അക്രമം, രക്തച്ചൊരിച്ചിൽ, മലിനീകരണം, രോഗം എന്നിവകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു. ഇത്തരമൊരു ഭൂമിയിലേക്കാണ് മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നതെങ്കിൽ അവരുടെ സന്തോഷം അധികകാലം നീണ്ടുനിൽക്കുകയില്ല. എന്നാൽ പിശാചായ സാത്താന്റെ അധീനതയിലുള്ള ഇപ്പോഴത്തെ ലോക വ്യവസ്ഥിതിക്ക് സത്വരം അവസാനം വരുത്തുമെന്ന് സ്രഷ്ടാവ് വാഗ്ദാനം ചെയ്തിരിക്കുന്നു. (സദൃശവാക്യങ്ങൾ 2:21, 22; ദാനീയേൽ 2:44; 1 യോഹന്നാൻ 5:19) നീതിനിഷ്ഠരായ ആളുകൾ അടങ്ങിയ ഒരു മനുഷ്യ സമുദായം—“പുതിയ ഭൂമി”—അപ്പോൾ വിസ്മയകരമായ ഒരു യാഥാർഥ്യം ആയിത്തീരും.—2 പത്രൊസ് 3:13.
ആ സമയത്ത് “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) മരണം വരുത്തുന്ന വേദന പോലും നീക്കം ചെയ്യപ്പെടും. എന്തുകൊണ്ടെന്നാൽ ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:4, 5) “സ്മാരക കല്ലറകളിൽ” ഉള്ളവരെ സംബന്ധിച്ചിടത്തോളം എത്ര മഹത്തായ ഒരു പ്രത്യാശ!
ഭൂമിയിൽനിന്നു ദുഷ്ടത തുടച്ചുനീക്കുമ്പോൾ യഹോവ ദുഷ്ടരോടൊപ്പം നീതിമാന്മാരെയും നശിപ്പിക്കുകയില്ല. (സങ്കീർത്തനം 37:10, 11; 145:20) വാസ്തവത്തിൽ, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയുടെ നാശത്തിൽ കലാശിക്കുന്ന “മഹോപദ്രവ”ത്തിൽ (NW) നിന്നു പുറത്തു വരും. (വെളിപ്പാടു 7:9-14) അതുകൊണ്ട് മരിച്ചവർ തിരിച്ചു വരുമ്പോൾ അവരെ സ്വാഗതം ചെയ്യാനായി ഒരു വൻപുരുഷാരം ഉണ്ടായിരിക്കും.
മരിച്ചു പോയിട്ടുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ നിങ്ങൾ വാഞ്ഛിക്കുന്നുവോ? ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ, ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യങ്ങളും സംബന്ധിച്ച സൂക്ഷ്മ പരിജ്ഞാനം നിങ്ങൾ നേടേണ്ടതുണ്ട്. (യോഹന്നാൻ 17:3, NW) യഹോവയാം ദൈവം “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.”—1 തിമൊഥെയൊസ് 2:3, 4.
[4-ാം പേജിലെ ചിത്രം]
“നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും”
[5-ാം പേജിലെ ചിത്രം]
ആത്മാവിനെ വൈദ്യുതിയോട് ഉപമിക്കാൻ കഴിയും
[7-ാം പേജിലെ ചിത്രം]
പുനരുത്ഥാനം നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തും