ആരായിരുന്നു കയീന്റെ ഭാര്യ?
ബൈബിളിന്റെ ഉത്തരം
ആദ്യദമ്പതികളുടെ മൂത്ത മകനായ കയീൻ തന്റെ സഹോദരിമാരിൽ ഒരാളെയോ അല്ലെങ്കിൽ ഒരടുത്ത ബന്ധുവിനെയോ ആണ് വിവാഹം കഴിച്ചത്. കയീനെയും കുടുംബത്തെയും കുറിച്ച് ബൈബിൾ പറയുന്ന ചില കാര്യങ്ങളിൽനിന്ന് നമുക്കിതു മനസ്സിലാക്കാം.
കയീനെയും കുടുംബത്തെയും കുറിച്ചുള്ള ചില വസ്തുതകൾ
ആദാമിന്റെയും ഹവ്വയുടെയും മക്കളാണ് എല്ലാ മനുഷ്യരും. “ഭൂമി മുഴുവൻ മനുഷ്യർ വസിക്കാനായി ദൈവം ഒരു മനുഷ്യനിൽനിന്ന് (ആദാമിൽനിന്ന്) എല്ലാ ജനതകളെയും ഉണ്ടാക്കി.” (പ്രവൃത്തികൾ 17:26) ആദാമിന്റെ ഭാര്യ ഹവ്വ “ജീവനുള്ള എല്ലാവരുടെയും അമ്മയാകുമായിരുന്നു.” (ഉൽപത്തി 3:20) അങ്ങനെയാകുമ്പോൾ കയീൻ ആദാമിന്റെയും ഹവ്വയുടെയും ഒരു മകളെയോ കൊച്ചുമക്കളിൽ ഒരാളെയോ വിവാഹം ചെയ്തിട്ടുണ്ടാകണം.
ഹവ്വയ്ക്ക് ഉണ്ടായിരുന്ന മക്കളിൽ ആദ്യത്തെ രണ്ടു പേരായിരുന്നു കയീനും ഹാബേലും. (ഉൽപത്തി 4:1, 2) തന്റെ അനിയനെ കൊന്നതിനുശേഷം കയീനെ ദേശത്തുനിന്ന് പുറത്താക്കിയപ്പോൾ അവൻ പറഞ്ഞു: “എന്നെ കാണുന്നവർ എന്നെ കൊല്ലുമെന്ന് ഉറപ്പാണ്.” (ഉൽപത്തി 4:14) കയീൻ ആരെയാണ് പേടിച്ചത്? ബൈബിൾ പറയുന്നത് ആദാമിനു “ആൺമക്കളും പെൺമക്കളും ജനിച്ചു” എന്നാണ്. (ഉൽപത്തി 5:4) സാധ്യതയനുസരിച്ച് ആദാമിന്റെയും ഹവ്വയുടെയും ആ മക്കളെയായിരിക്കണം കയീൻ ഭയന്നത്.
മനുഷ്യചരിത്രത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ അടുത്ത ബന്ധുക്കളെ കല്യാണം കഴിക്കുന്നത് സാധാരണമായിരുന്നു. ഉദാഹരണത്തിന്, വിശ്വസ്ത മനുഷ്യനായ അബ്രാഹാം വിവാഹം കഴിച്ചത് തന്റെ അർധസഹോദരിയെയാണ്. (ഉൽപത്തി 20:12) ഇത്തരം വിവാഹങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത് മോശയുടെ നിയമത്തിലാണ്. അതു വന്നതാകട്ടെ കയീൻ ജീവിച്ചിരുന്നതിനു നൂറ്റാണ്ടുകൾക്കുശേഷവും. (ലേവ്യ 18:9, 12, 13) ഇന്ന്, അടുത്ത ബന്ധത്തിലുള്ളവരെ കല്യാണം കഴിച്ചാൽ അവർക്കുണ്ടാകുന്ന കുട്ടികൾക്ക് വൈകല്യങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ അതിനുള്ള സാധ്യത അന്ന് വളരെ കുറവായിരുന്നു.
ആദാമിനെയും ഹവ്വയെയും അവരുടെ കുടുംബത്തെയും കുറിച്ചുള്ള വിവരണം ബൈബിൾ അവതരിപ്പിക്കുന്നത് കൃത്യതയുള്ള ഒരു ചരിത്രമായിട്ടാണ്. ആദാമിന്റെ വംശപാരമ്പര്യത്തെക്കുറിച്ചുള്ള വിശദീകരണം മോശ എഴുതിയ ഉൽപത്തി പുസ്തകത്തിൽ മാത്രമല്ല ഉള്ളത്. ചരിത്രകാരന്മാരായ എസ്രയുടെയും ലൂക്കോസിന്റെയും എഴുത്തുകളിലും കാണാം. (ഉൽപത്തി 5:3-5; 1 ദിനവൃത്താന്തം 1:1-4; ലൂക്കോസ് 3:38) കയീന്റെ കഥ ബൈബിളെഴുത്തുകാർ ചരിത്രത്തിൽ നടന്ന ഒരു സംഭവമായിട്ടാണ് വിവരിച്ചിരിക്കുന്നത്.—എബ്രായർ 11:4; 1 യോഹന്നാൻ 3:12; യൂദ 11.