തന്റെ ജനത്തെ എങ്ങനെ വിടുവിക്കണമെന്ന് യഹോവയ്ക്ക് അറിയാം
‘തന്റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെന്ന് യഹോവ അറിയുന്നു.’—2 പത്രോ. 2:9, 10.
ഈ കാര്യത്തിൽ നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്:
തന്റെ ഉദ്ദേശ്യനിവൃത്തിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നിശ്ചയിച്ച സമയത്തുതന്നെ യഹോവ നടപ്പിലാക്കും
തന്റെ ജനത്തിനുവേണ്ടി യഹോവ ശക്തി ഉപയോഗിക്കും
മഹാകഷ്ടത്തിന്റെ സമയത്ത് സംഭവങ്ങൾ എങ്ങനെ ചുരുളഴിയുമെന്ന് യഹോവയ്ക്ക് അറിയാം
1. ‘മഹാകഷ്ടത്തിന്റെ’ സമയത്ത് ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും?
സാത്താന്റെ ലോകത്തിന്മേലുള്ള ദൈവത്തിന്റെ ന്യായവിധി ആരംഭിക്കുന്നത് പൊടുന്നനെ, ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. (1 തെസ്സ. 5:2, 3) “യഹോവയുടെ മഹാദിവസം” പുരോഗമിക്കവെ, ആകെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിലായിരിക്കും മനുഷ്യസമൂഹം. (സെഫ. 1:14-17) കഷ്ടപ്പാടും ഇല്ലായ്മകളും അരങ്ങുവാഴുന്ന, “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത” ദുരിതപൂർണമായ ഒരു സമയം.—മത്തായി 24:21, 22 വായിക്കുക.
2, 3. (എ) ‘മഹാകഷ്ടത്തിന്റെ’ സമയത്ത് ദൈവജനം എന്തു നേരിടേണ്ടിവരും? (ബി) വരാനിരിക്കുന്ന സംഭവങ്ങളെ നേരിടാൻ നമ്മെ എന്തു ശക്തീകരിക്കും?
2 “മഹാകഷ്ടം” അതിന്റെ പാരമ്യത്തിലേക്കെത്തുമ്പോൾ ദൈവത്തിന്റെ ജനത്തിനെതിരെ ‘മാഗോഗ്ദേശത്തിലെ ഗോഗ്’ അന്തിമ ആക്രമണം അഴിച്ചുവിടും. ഈ ആക്രമണം നടക്കുമ്പോൾ ‘ഒരു മഹാസൈന്യം’ “ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ” ദൈവജനത്തിനെതിരെ വരും. (യെഹെ. 38:2, 14-16) അന്ന്, ഒരു മനുഷ്യസംഘടനയും യഹോവയുടെ ജനത്തിന്റെ രക്ഷയ്ക്കെത്തില്ല. ദൈവം മാത്രമായിരിക്കും അവരുടെ തുണയ്ക്കെത്തുക. ദൈവജനത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തിൽ ശത്രുക്കൾ എത്തുമ്പോൾ അവർ എങ്ങനെ പ്രതികരിക്കും?
3 നിങ്ങൾ യഹോവയുടെ ഒരു ദാസനാണെങ്കിൽ, മഹാകഷ്ടത്തിന്റെ സമയത്ത് യഹോവയ്ക്ക് തന്റെ ജനത്തെ ജീവനോടെ സംരക്ഷിക്കാനാകുമെന്നും അവൻ അതു ചെയ്യുമെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? പത്രോസ് അപ്പൊസ്തലൻ എഴുതി: “തന്റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെന്നും നീതികെട്ടവരെ ന്യായവിധിദിവസത്തിൽ ഛേദിച്ചുകളയേണ്ടതിനായി എപ്രകാരം സൂക്ഷിക്കണമെന്നും യഹോവ അറിയുന്നു.” (2 പത്രോ. 2:9, 10) മുൻകാലങ്ങളിൽ യഹോവ തന്റെ ജനത്തെ വിടുവിച്ചതിനെക്കുറിച്ചു ധ്യാനിക്കുന്നത് വരാനിരിക്കുന്ന സംഭവങ്ങളെ നേരിടാൻ നമുക്കു ശക്തി പകരും. തന്റെ ജനത്തെ വിടുവിക്കാനുള്ള യഹോവയുടെ പ്രാപ്തിയിൽ നമ്മുടെ വിശ്വാസം വർധിപ്പിക്കുന്ന മൂന്നുദൃഷ്ടാന്തങ്ങൾ ഇപ്പോൾ നോക്കാം.
ഒരു ആഗോള പ്രളയത്തെ അതിജീവിക്കുന്നു
4. പ്രളയത്തിനു മുമ്പ് കാര്യങ്ങൾ സമയബന്ധിതമായി ചെയ്യേണ്ടിയിരുന്നത് എന്തുകൊണ്ട്?
4 നോഹയുടെ നാളിലെ പ്രളയത്തെക്കുറിച്ചുള്ള ബൈബിൾവിവരണമാണ് ആദ്യത്തേത്. യഹോവയുടെ ഹിതം നിറവേറുന്നതുമായി ബന്ധപ്പെട്ട് സമയത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. പ്രളയം തുടങ്ങുന്നതിനു മുമ്പ്, പെട്ടകംപണി എന്ന ബൃഹത്തായ ദൗത്യം പൂർത്തിയാക്കുകയും ജന്തുജാലങ്ങളെ സുരക്ഷിതമായി അതിനുള്ളിൽ കയറ്റുകയും വേണമായിരുന്നു. ഉല്പത്തിയിലെ വിവരണം പറയുന്നതനുസരിച്ച്, പ്രളയം എപ്പോൾ തുടങ്ങണമെന്നു തീരുമാനിക്കാൻ പെട്ടകം പണിതു കഴിയുന്നതുവരെ ദൈവം കാത്തിരുന്നില്ല. അങ്ങനെ കാത്തിരുന്നെങ്കിൽ, പെട്ടകം പണിതു തീരാൻ താമസിച്ചാൽ ദൈവം അതിനനുസരിച്ച് തന്റെ സമയപ്പട്ടിക ക്രമീകരിക്കേണ്ടിയിരുന്നു എന്നു വരും. എന്നാൽ പെട്ടകം പണിയാൻ നോഹയോടു പറയുന്നതിന് വളരെ മുമ്പുതന്നെ പ്രളയം തുടങ്ങേണ്ട സമയം ദൈവം തീരുമാനിച്ചിരുന്നു. നമുക്ക് അത് എങ്ങനെ അറിയാം?
5. ഉല്പത്തി 6:3-ൽ യഹോവയുടെ ഏതു പ്രഖ്യാപനം രേഖപ്പെടുത്തിയിരിക്കുന്നു, ആ പ്രഖ്യാപനം നടന്നത് എപ്പോൾ?
5 യഹോവ സ്വർഗത്തിൽ ഒരു പ്രഖ്യാപനം നടത്തുന്നതിനെക്കുറിച്ച് ഉല്പത്തി 6:3-ൽ കാണാം: “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും.” ഇത് ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യത്തെക്കുറിച്ചുള്ള പ്രസ്താവനയായിരുന്നില്ല. താൻ ഭൂമിയിൽനിന്ന് ദുഷ്ടത തുടച്ചുനീക്കുന്നത് എപ്പോഴായിരിക്കും എന്നതിന്റെ വിധിപ്രഖ്യാപനമായിരുന്നു അത്.a പ്രളയം ആരംഭിച്ചത് ബി.സി. 2370-ൽ ആയതുകൊണ്ട് യഹോവ ഈ പ്രഖ്യാപനം നടത്തിയത് ബി.സി. 2490-ൽ ആണെന്ന് നാം അനുമാനിക്കുന്നു. അന്ന് നോഹയ്ക്ക് 480 വയസ്സ്. (ഉല്പ. 7:6) ഏകദേശം 20 വർഷത്തിനു ശേഷം, ബി.സി. 2470-ൽ നോഹ പിതാവായി. (ഉല്പ. 5:32) പ്രളയം തുടങ്ങാൻ ഏതാണ്ട് 100 വർഷം ശേഷിച്ചിരുന്ന ആ സമയത്തും, മനുഷ്യരാശി മണ്മറയാതിരിക്കുന്നതിൽ നോഹയ്ക്കുള്ള പ്രത്യേകഭാഗധേയത്തെക്കുറിച്ച് യഹോവ അവനോട് ഒന്നും പറഞ്ഞിരുന്നില്ല. നോഹയോട് ഇക്കാര്യം വെളിപ്പെടുത്താൻ യഹോവ പിന്നെയും എത്രനാൾ കാത്തിരിക്കുമായിരുന്നു?
6. പെട്ടകം നിർമിക്കാൻ യഹോവ നോഹയോട് കൽപ്പിച്ചത് എപ്പോൾ?
6 നോഹയ്ക്ക് മക്കൾ ജനിച്ച് ദശകങ്ങൾ കഴിഞ്ഞായിരിക്കണം താൻ ചെയ്യാൻപോകുന്ന കാര്യം യഹോവ അവനു വെളിപ്പെടുത്തിയത്. നമുക്ക് എങ്ങനെ ഈ നിഗമനത്തിലെത്താം? പെട്ടകം നിർമിക്കാനുള്ള കൽപ്പന നോഹയ്ക്ക് ലഭിക്കുമ്പോൾ, അവന്റെ പുത്രന്മാർ വളർന്നു വലുതായി വിവാഹം കഴിച്ചിരുന്നെന്ന് നിശ്വസ്ത രേഖ നമ്മോടു പറയുന്നു. യഹോവ അവനോട് ഇങ്ങനെ പറഞ്ഞു: “നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.” (ഉല്പ. 6:9-18) അതുകൊണ്ട്, സാധ്യതയനുസരിച്ച് പെട്ടകം നിർമിക്കാനുള്ള നിയോഗം നോഹയ്ക്ക് ലഭിച്ചപ്പോൾ പ്രളയത്തിന് 40-ഓ 50-ഓ വർഷമേ ശേഷിച്ചിരുന്നുള്ളൂ.
7. (എ) നോഹയും കുടുംബവും വിശ്വാസം പ്രകടമാക്കിയത് എങ്ങനെ? (ബി) എപ്പോഴാണ് പ്രളയം ആരംഭിക്കുന്ന കൃത്യസമയം യഹോവ നോഹയോടു പറഞ്ഞത്?
7 പെട്ടകത്തിന്റെ നിർമാണം പുരോഗമിക്കവെ, ദൈവം തന്റെ ഉദ്ദേശ്യം എങ്ങനെയായിരിക്കും നടപ്പിലാക്കുകയെന്നും പ്രളയം എപ്പോൾ തുടങ്ങുമെന്നും ഒക്കെ നോഹയും കുടുംബവും ചിന്തിച്ചിട്ടുണ്ടാവും. എങ്കിലും, എല്ലാ വിശദാംശങ്ങളും അറിയാത്തതുകൊണ്ട് അവർ പെട്ടകത്തിന്റെ പണി നിറുത്തിക്കളഞ്ഞില്ല. ബൈബിൾരേഖ പറയുന്നു: “ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.” (ഉല്പ. 6:22) പ്രളയം തുടങ്ങുന്നതിന് ഏഴുദിവസം മുമ്പു മാത്രമാണ് യഹോവ കൃത്യസമയം നോഹയ്ക്ക് വെളിപ്പെടുത്തിയത്—ജന്തുജാലങ്ങളെ പെട്ടകത്തിൽ കയറ്റാൻ മാത്രം തികയുന്ന വെറും ഏഴുദിവസം! അങ്ങനെ, “നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തീയ്യതി” ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നപ്പോഴേക്കും എല്ലാം ചെയ്തുതീർന്നിരുന്നു.—ഉല്പ. 7:1-5, 11.
8. തന്റെ ജനത്തെ എപ്പോൾ വിടുവിക്കണമെന്ന കാര്യം യഹോവയ്ക്ക് അറിയാമെന്ന് പ്രളയത്തെക്കുറിച്ചുള്ള വിവരണം ഉറപ്പുതരുന്നത് എങ്ങനെ?
8 തന്റെ ജനത്തെ വിടുവിക്കേണ്ട കൃത്യ സമയവും ഏറ്റവും നല്ല വിധവും എക്കാലത്തും അറിയാവുന്നവനാണ് യഹോവയെന്ന് പ്രളയത്തെക്കുറിച്ചുള്ള ബൈബിൾവിവരണം തെളിയിക്കുന്നു. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം അടുത്തുവരവെ നമുക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം: യഹോവ ഉദ്ദേശിച്ചതെല്ലാം അവൻ നിശ്ചയിച്ച കൃത്യ സമയത്തുതന്നെ നിവൃത്തിയേറും. ആ “നാളും നാഴികയും” പോലും തെറ്റില്ല.—മത്താ. 24:36; ഹബക്കൂക് 2:3 വായിക്കുക.
ചെങ്കടലിങ്കൽ വിടുവിക്കപ്പെട്ടു
9, 10. ഈജിപ്റ്റുകാരുടെ സൈന്യത്തെ കെണിയിലാക്കാൻ യഹോവ തന്റെ ജനത്തെ ഉപയോഗിച്ചത് എങ്ങനെ?
9 തന്റെ ഉദ്ദേശ്യനിവൃത്തിയോടു ബന്ധപ്പെട്ട സംഭവങ്ങൾ ഏതു സമയത്ത് നിവൃത്തിയേറണമെന്ന കാര്യത്തിന്മേൽ യഹോവയ്ക്ക് പൂർണനിയന്ത്രണമുണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. രണ്ടാമത്തെ ദൃഷ്ടാന്തം, യഹോവ തന്റെ ജനത്തെ വിടുവിക്കുമെന്ന ബോധ്യത്തിന് അടിവരയിടുന്ന മറ്റൊരു കാരണം നൽകുന്നു: തന്റെ ഉദ്ദേശ്യം നടപ്പിലാകുന്നെന്ന് ഉറപ്പുവരുത്താൻ അവൻ തന്റെ അപാരമായ ശക്തി ഉപയോഗിക്കും. തന്റെ ജനത്തെ ഏതു സാഹചര്യത്തിൽനിന്നും വിടുവിക്കാനാകുമെന്ന് യഹോവയ്ക്ക് അത്ര ഉറപ്പായതിനാൽ ചിലപ്പോഴൊക്കെ ശത്രുക്കളെ കെണിയിലേക്ക് ആകർഷിക്കാൻപോലും അവൻ അവരെ ഉപയോഗിച്ചിട്ടുണ്ട്. ഇസ്രായേല്യരെ ഈജിപ്റ്റിന്റെ അടിമത്തത്തിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നപ്പോൾ അതാണ് സംഭവിച്ചത്.
10 ഈജിപ്റ്റ് വിട്ടുപോന്ന ഇസ്രായേല്യർ എണ്ണത്തിൽ 30 ലക്ഷത്തോളം വരുമായിരുന്നു. ഇസ്രായേല്യർ ആകെ ആശയക്കുഴപ്പത്തിലായെന്ന് ഫറവോനു തോന്നുന്ന വിധത്തിൽ മോശ ഇസ്രായേല്യരെ നയിക്കാൻ യഹോവ ഇടയാക്കി. (പുറപ്പാടു 14:1-4 വായിക്കുക.) പ്രലോഭനം സഹിക്കവയ്യാതെ, തന്റെ മുൻ അടിമകളായിരുന്ന ഇസ്രായേല്യരെ സൈന്യസമേതം പിന്തുടർന്ന ഫറവോൻ ചെങ്കടലിൽവെച്ച് അവരെ കുടുക്കിലാക്കി. പ്രത്യക്ഷത്തിൽ, രക്ഷപ്പെടാൻ മാർഗങ്ങൾ ഒന്നുംതന്നെയില്ലായിരുന്നു. (പുറ. 14:5-10) പക്ഷേ, ഇസ്രായേല്യർ അപകടാവസ്ഥയിലായിരുന്നില്ല. എന്തുകൊണ്ട്? അവർക്കുവേണ്ടി യഹോവ ഇടപെടാനിരിക്കുകയായിരുന്നു.
11, 12. (എ) തന്റെ ജനത്തിനുവേണ്ടി യഹോവ ഇടപെട്ടത് എങ്ങനെ? (ബി) യഹോവ ഇടപെട്ടതിന്റെ ഫലം എന്തായിരുന്നു, ഈ വിവരണം യഹോവയെക്കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
11 അത്രയും നേരം മുമ്പിൽ നിന്ന് ഇസ്രായേല്യരെ നയിച്ചുകൊണ്ടിരുന്ന ‘മേഘസ്തംഭം’ പിമ്പിലേക്കു മാറി; ഫറവോന്റെ സൈന്യത്തെ അന്ധകാരത്തിലാക്കുകയും ഇസ്രായേല്യരുടെ അടുത്ത് എത്തുന്നതിൽനിന്ന് അവരെ തടയുകയും ചെയ്തു. എന്നാൽ, ഇസ്രായേല്യർക്ക് മേഘസ്തംഭം രാത്രിയിൽപ്പോലും പ്രകാശം നൽകിക്കൊണ്ടിരുന്നു. (പുറപ്പാടു 14:19, 20 വായിക്കുക.) യഹോവ മഹാശക്തിയുള്ള കിഴക്കൻകാറ്റ് അടിപ്പിച്ച് കടലിനെ വിഭാഗിക്കുകയും അവിടം ‘ഉണങ്ങിയ നിലമാക്കുകയും’ ചെയ്തു. “അന്നു രാത്രി മുഴുവനും” കാറ്റ് അടിച്ചുവെന്നും “യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി” എന്നുമുള്ള വിവരണത്തിൽനിന്ന് ഇതിന് ധാരാളം സമയമെടുത്തുകാണുമെന്ന് മനസ്സിലാക്കാം. രഥങ്ങളിൽ പാഞ്ഞടുത്തുകൊണ്ടിരുന്ന ഫറവോന്റെ സൈന്യത്തെ വെച്ചുനോക്കുമ്പോൾ ഇസ്രായേല്യർ ഇഴഞ്ഞുനീങ്ങുകയായിരുന്നു. എന്നാൽ, ഈജിപ്റ്റുകാർ ഇസ്രായേല്യർക്ക് ഒപ്പമെത്താൻ യാതൊരു സാധ്യതയുമില്ലായിരുന്നു. കാരണം, യഹോവയാണ് ഇസ്രായേല്യർക്കുവേണ്ടി പോരാടിയിരുന്നത്. അവൻ “മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി. അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഓട്ടം പ്രയാസമാക്കി.”—പുറ. 14:21-25.
12 ഇസ്രായേല്യർ സുരക്ഷിതമായി മറുകരപറ്റിയപ്പോൾ യഹോവ മോശയോട് ഇങ്ങനെ കൽപ്പിച്ചു: “വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻമേലും കുതിരപ്പടയുടെ മേലും മടങ്ങിവരേണ്ടതിന്നു കടലിന്മേൽ കൈ നീട്ടുക.” തങ്ങളെ വിഴുങ്ങാൻ പാഞ്ഞടുക്കുന്ന സമുദ്രജലത്തിൽനിന്ന് രക്ഷപ്പെടാൻ പടയാളികൾ ശ്രമിച്ചപ്പോൾ, “യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.” രക്ഷപ്പെടാൻ പഴുതുകൾ ഒന്നുമില്ലാഞ്ഞതിനാൽ “അവരിൽ ഒരുത്തൻ പോലും ശേഷിച്ചില്ല.” (പുറ. 14:26-28) ഏതു സാഹചര്യത്തിൽനിന്നും തന്റെ ജനത്തെ വിടുവിക്കാൻ ശക്തനാണെന്ന് യഹോവ അങ്ങനെ തെളിയിച്ചു.
യെരുശലേമിന്റെ നാശത്തെ അതിജീവിക്കുന്നു
13. യേശു എന്ത് നിർദേശങ്ങൾ നൽകി, അവന്റെ അനുഗാമികൾക്ക് എന്തിനെക്കുറിച്ച് അറിയാൻ താത്പര്യമുണ്ടായിരുന്നിരിക്കണം?
13 തന്റെ ഉദ്ദേശ്യനിവൃത്തിക്കായി സംഭവങ്ങൾ എങ്ങനെ ഇതൾവിരിയുമെന്ന് യഹോവയ്ക്ക് കൃത്യമായി അറിയാം. നാം പരിചിന്തിക്കാൻപോകുന്ന മൂന്നാമത്തെ ദൃഷ്ടാന്തം ഇത് വ്യക്തമാക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ യെരുശലേമിന്റെ ഉപരോധത്തെക്കുറിച്ചുള്ളതാണ് അത്. എ.ഡി. 70-ലെ യെരുശലേമിന്റെ നാശത്തിനു മുമ്പ് യെഹൂദ്യയിലും യെരുശലേമിലും ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ അതിജീവനത്തിനു സഹായിക്കുന്ന നിർദേശങ്ങൾ യഹോവ തന്റെ പുത്രനിലൂടെ നൽകി. യേശു ഇങ്ങനെ പറഞ്ഞു: “ദാനിയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ, ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നിൽക്കുന്നതു കാണുമ്പോൾ . . . യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.” (മത്താ. 24:15, 16) പക്ഷേ, ഈ പ്രവചനം നിവൃത്തിയേറുകയാണെന്ന് യേശുവിന്റെ അനുഗാമികൾ എങ്ങനെ മനസ്സിലാക്കുമായിരുന്നു?
14. ഒന്നിനു പുറകെ ഒന്നായി നടന്ന സംഭവങ്ങൾ യേശുവിന്റെ നിർദേശങ്ങളുടെ അർഥം മനസ്സിലാക്കാൻ സഹായിച്ചത് എങ്ങനെ?
14 സംഭവങ്ങൾ ഓരോന്നായി നിവൃത്തിയേറവെ യേശുവിന്റെ വാക്കുകളുടെ അർഥം വ്യക്തമായിത്തീർന്നു. എ.ഡി. 66-ൽ യഹൂദവിപ്ലവം അടിച്ചമർത്താനായി സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിൽ റോമൻസൈന്യം യെരുശലേമിലെത്തി. യഹൂദതീവ്രവാദികൾ ആലയമതിൽക്കെട്ടിനുള്ളിൽ അഭയം തേടിയപ്പോൾ റോമൻപടയാളികൾ ആലയത്തിന്റെ മതിൽ പൊളിച്ചുതുടങ്ങി. വിഗ്രഹാരാധനാപരമായ പതാകകളുമായി ഒരു പുറജാതിസേന (“മ്ലേച്ഛത”) യെരുശലേമിലെ ആലയമതിലോളം (“വിശുദ്ധസ്ഥലത്ത്”) എത്തിനിൽക്കുന്നതു കണ്ടപ്പോൾ, ജാഗ്രതയോടിരുന്ന ക്രിസ്ത്യാനികൾക്ക് കാര്യം മനസ്സിലായി. യേശുവിന്റെ അനുഗാമികൾക്ക് ‘മലകളിലേക്ക് ഓടിപ്പോകാനുള്ള’ സമയമായിരുന്നു അത്. എന്നാൽ ഉപരോധത്തിലായിരിക്കുന്ന ഒരു നഗരത്തിൽനിന്ന് അവർ എങ്ങനെ പുറത്തു കടക്കും? കാര്യങ്ങൾ ഉടൻതന്നെ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലെത്തുമായിരുന്നു.
15, 16. (എ) യേശു വ്യക്തമായി ഏതു നിർദേശം നൽകി, അവന്റെ അനുഗാമികൾ അത് അനുസരിക്കേണ്ടത് പ്രധാനമായിരുന്നത് എന്തുകൊണ്ട്? (ബി) നമ്മുടെ വിടുതൽ എന്തിനെ ആശ്രയിച്ചിരിക്കും?
15 പ്രത്യക്ഷത്തിൽ കാരണമൊന്നുമില്ലാതെ സെസ്റ്റ്യസ് ഗാലസിന്റെ സേന യെരുശലേമിൽനിന്ന് പിൻവാങ്ങുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ തീവ്രവാദികൾ ഇവരെ പിന്തുടർന്നു. പരസ്പരം പോരടിച്ചിരുന്നവർ നഗരം വിട്ട ഈ സമയത്ത് യേശുവിന്റെ അനുഗാമികൾക്ക് രക്ഷപ്പെടാൻ പെട്ടെന്ന് അവസരം ലഭിച്ചു. വസ്തുവകകളെല്ലാം പിമ്പിൽ വിട്ട് ഒട്ടും സമയം പാഴാക്കാതെ നഗരം വിടണമെന്ന് യേശു വ്യക്തമായി നിർദേശിച്ചിരുന്നു. (മത്തായി 24:17, 18 വായിക്കുക.) ഈ സത്വരനടപടി ആവശ്യമായിരുന്നോ? ഉത്തരത്തിനായി കാത്തിരിക്കേണ്ടിവന്നില്ല. ദിവസങ്ങൾക്കുള്ളിൽ തീവ്രവാദികൾ തിരിച്ചെത്തി യെഹൂദ്യയിലെയും യെരുശലേമിലെയും നിവാസികളെ വിപ്ലവത്തിൽ പങ്കുചേരാൻ നിർബന്ധിച്ചുതുടങ്ങി. യഹൂദന്മാരിൽ ചിലർ സംഘംതിരിഞ്ഞ് അധികാരത്തിനുവേണ്ടി പോരടിച്ചതുമൂലം നഗരത്തിനുള്ളിലെ അവസ്ഥകൾ പെട്ടെന്നുതന്നെ വഷളായി. നഗരത്തിൽനിന്ന് ഓടിപ്പോകുക വളരെ ബുദ്ധിമുട്ടായിത്തീർന്നു. എ.ഡി. 70-ൽ റോമാക്കാർ തിരിച്ചെത്തിയപ്പോൾ ഓടിപ്പോക്ക് തീർത്തും അസാധ്യമായി. (ലൂക്കോ. 19:43) നഗരം വിടാൻ താമസിച്ചവരെല്ലാം കുടുങ്ങിപ്പോയി! യേശുവിന്റെ നിർദേശം അനുസരിച്ച് മലകളിലേക്ക് ഓടിപ്പോയവർ തങ്ങളുടെ ജീവൻ രക്ഷിച്ചു. അതെ, തന്റെ ജനത്തെ എങ്ങനെ വിടുവിക്കണമെന്ന് യഹോവയ്ക്ക് അറിയാം. ഈ വസ്തുത ആ ക്രിസ്ത്യാനികൾ അനുഭവിച്ചറിഞ്ഞു. എന്താണ് ഈ വിവരണം നമ്മെ പഠിപ്പിക്കുന്നത്?
16 മഹാകഷ്ടത്തിന്റെ സമയത്ത് സംഭവങ്ങൾ ഓരോന്നായി ചുരുളഴിയുമ്പോൾ ക്രിസ്ത്യാനികൾ ദൈവത്തിന്റെ വചനത്തിൽനിന്നും അവന്റെ സംഘടനയിൽനിന്നും വരുന്ന നിർദേശങ്ങൾ അനുസരിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, ‘മലകളിലേക്ക് ഓടിപ്പോകാനുള്ള’ യേശുവിന്റെ കൽപ്പനയ്ക്ക് ഒരു ആധുനികകാല നിവൃത്തിയുണ്ടാകും. നമ്മുടെ ഓടിപ്പോക്ക് എങ്ങനെയായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.b എന്നാൽ ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം: ആ നിർദേശങ്ങൾ ബാധകമാക്കേണ്ട സമയമാകുമ്പോൾ യഹോവ അതിന്റെ അർഥം വ്യക്തമാക്കിത്തരും. നമ്മുടെ വിടുതൽ നമ്മുടെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നന്നായിരിക്കും: ‘തന്റെ ജനത്തിന് യഹോവ ഇപ്പോൾ നൽകുന്ന നിർദേശങ്ങളോട് ഞാൻ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഞാൻ ഉടനടി അത് അനുസരിക്കുന്നുണ്ടോ, അതോ അനുസരിക്കാൻ വിമുഖത കാട്ടുന്നുണ്ടോ?’—യാക്കോബ് 3:17.
വരാനിരിക്കുന്നതിനായി ശക്തീകരിക്കപ്പെടുന്നു
17. ദൈവജനത്തിനെതിരെ നടക്കാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് ഹബക്കൂക്കിന്റെ പ്രവചനം എന്തു വെളിപ്പെടുത്തുന്നു?
17 തുടക്കത്തിൽ പരാമർശിച്ച ഗോഗിന്റെ അന്തിമ ആക്രമണത്തിലേക്ക് നമുക്കു വീണ്ടുമൊന്ന് ശ്രദ്ധ തിരിക്കാം. ഇതേക്കുറിച്ച് ഹബക്കൂക്കും പ്രവചിച്ചിരുന്നു. “ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കംഹേതുവായി എന്റെ അധരം വിറെച്ചു” എന്നും “എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി” എന്നും പ്രവാചകൻ പറഞ്ഞു. എന്നാൽ അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: ‘അവൻ (ദൈവം) ജനത്തെ (അതായത്, ആക്രമിക്കാൻ വരുന്ന സൈന്യത്തെ) ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കും (“കഷ്ടകാലം ഞാൻ നിശ്ശബ്ദനായി കാത്തിരിക്കും,” പി.ഒ.സി. ബൈബിൾ).’ (ഹബ. 3:16) ദൈവജനത്തിനുനേരെ നടക്കാൻ പോകുന്ന ആക്രമണത്തെക്കുറിച്ച് കേട്ടപ്പോൾത്തന്നെ പ്രവാചകന്റെ ഉദരം കുലുങ്ങുകയും ചുണ്ടുകൾ വിറയ്ക്കുകയും ശക്തി ക്ഷയിക്കുകയും ചെയ്തു. ഗോഗിന്റെ മഹാസൈന്യം നമ്മെ ആക്രമിക്കാൻ പാഞ്ഞടുക്കുമ്പോൾ അത് ഭയജനകമായിരുന്നേക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. എങ്കിലും, യഹോവ തന്റെ ജനത്തെ വിടുവിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ പ്രവാചകൻ യഹോവയുടെ മഹാദിവസത്തിനായി നിശ്ശബ്ദം കാത്തിരുന്നു. നമുക്കും അതേ ബോധ്യമുണ്ടായിരിക്കാനാകും.—ഹബ. 3:18, 19.
18. (എ) വരാനിരിക്കുന്ന ആക്രമണത്തെ നാം ഭയക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) അടുത്തതായി നാം എന്തു പരിചിന്തിക്കും?
18 തന്റെ ജനത്തെ വിടുവിക്കേണ്ടത് എങ്ങനെയെന്ന് യഹോവയ്ക്ക് അറിയാമെന്ന് സംശയലേശമെന്യേ തെളിയിക്കുന്നതാണ് നാം കണ്ട മൂന്നുദൃഷ്ടാന്തങ്ങളും. അവന്റെ ഉദ്ദേശ്യം ഒരിക്കലും പരാജയപ്പെടില്ല; വിജയം സുനിശ്ചിതമാണ്. യഹോവ വിജയം വരിക്കുമ്പോൾ ആ ജയോത്സവത്തിൽ പങ്കെടുക്കാൻ, പക്ഷേ നാം അവസാനംവരെ വിശ്വസ്തരായി നിൽക്കണം. ആകട്ടെ, ഇപ്പോൾ നമ്മുടെ വിശ്വസ്തത കാത്തുസൂക്ഷിക്കാൻ യഹോവ എങ്ങനെയാണ് സഹായിക്കുന്നത്? അതാണ് അടുത്ത ലേഖനത്തിന്റെ വിഷയം.
[അടിക്കുറിപ്പുകൾ]
a 2010 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 30-31 പേജുകൾ കാണുക.
b 1999 മെയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-ാം പേജ് കാണുക.
[24-ാം പേജിലെ ചിത്രം]
ഫറവോന്റെ സൈന്യം ഇസ്രായേല്യർക്ക് വാസ്തവത്തിൽ ഒരു ഭീഷണിയായിരുന്നോ?