-
നോഹയുടെ പെട്ടകവും കപ്പലിന്റെ രൂപമാതൃകയുംഉണരുക!—2007 | ജനുവരി
-
-
ജലപ്രളയത്തിലൂടെ ഭൂഗ്രഹത്തിൽനിന്നു ദുഷ്ടത തുടച്ചുനീക്കാൻ ദൈവം തീരുമാനിച്ചതായി ഉല്പത്തി വിവരണം പറയുന്നു. ഒരു വലിയ പെട്ടകം പണിയാൻ ദൈവം നോഹയോട് ആവശ്യപ്പെട്ടു, അവനും കുടുംബാംഗങ്ങൾക്കും ജന്തുവർഗങ്ങളുടെ ഒരു കൂട്ടത്തിനും ആ മഹാപ്രളയത്തെ അതിജീവിക്കാനായിരുന്നു അത്. മുന്നൂറു മുഴം നീളത്തിലും അമ്പതു മുഴം വീതിയിലും മുപ്പതു മുഴം ഉയരത്തിലുമായി അതു നിർമിക്കാനായിരുന്നു നിർദേശം. (ഉല്പത്തി 6:15) ഒരു കണക്കനുസരിച്ച് പെട്ടകത്തിനു കുറഞ്ഞത് 134 മീറ്റർ നീളവും 22 മീറ്റർ വീതിയും 13 മീറ്റർ ഉയരവും ഉണ്ടായിരിക്കുമായിരുന്നു.a അങ്ങനെ അതിന് ഏകദേശം 40,000 ഘന മീറ്റർ വലുപ്പം വരുമായിരുന്നു, അത് ആദേശം ചെയ്യുന്ന വെള്ളത്തിന്റെ അളവ് ഉല്ലാസക്കപ്പലായ ടൈറ്റാനിക്കിന്റേതിനോട് ഏറെക്കുറെ കിടപിടിക്കുമായിരുന്നു.
-
-
നോഹയുടെ പെട്ടകവും കപ്പലിന്റെ രൂപമാതൃകയുംഉണരുക!—2007 | ജനുവരി
-
-
കാര്യക്ഷമത
പെട്ടകത്തിന്റെ നീളം അതിന്റെ വീതിയുടെ ആറു മടങ്ങും ഉയരത്തിന്റെ പത്തു മടങ്ങും ആയിരുന്നു. നിരവധി ആധുനിക കപ്പലുകൾക്കും സമാനമായ അളവുകളുണ്ട്, വെള്ളത്തിലൂടെ ചലിക്കാൻ എത്രമാത്രം ശക്തി വേണം എന്നതിന്റെ അടിസ്ഥാനത്തിലാണ് അവയുടെ നീളത്തിന്റെയും വീതിയുടെയും അനുപാതം തീരുമാനിക്കുന്നതെങ്കിലും. എന്നാൽ, പെട്ടകം പൊങ്ങിക്കിടന്നാൽ മാത്രം മതിയായിരുന്നു. ഇക്കാര്യത്തിൽ അത് എത്രത്തോളം കാര്യക്ഷമമായിരുന്നിരിക്കാം?
കപ്പലുകൾ കാറ്റിനോടും തിരകളോടും പ്രതികരിക്കുന്ന വിധത്തിന് സീ കീപ്പിങ് ബിഹേവ്യർ എന്നാണു പറയുന്നത്. ഇതും കപ്പലിന്റെ അളവുകളോടു ബന്ധപ്പെട്ടാണിരിക്കുന്നത്. പ്രളയത്തിന് ഇടയാക്കിയ അതിശക്തമായ മഴയെയും പിന്നീട് ദൈവം അടിപ്പിച്ച കാറ്റിനെയും സംബന്ധിച്ച് ബൈബിൾ വിവരിക്കുന്നുണ്ട്. (ഉല്പത്തി 7:11, 12, 17-20; 8:1) കാറ്റും തിരയും എത്ര ശക്തമായിരുന്നുവെന്ന് ബൈബിൾ വെളിപ്പെടുത്തുന്നില്ലെങ്കിലും രണ്ടും വളരെ ശക്തമായിരുന്നിരിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല അവയ്ക്കു വ്യതിയാനവും സംഭവിച്ചിരിക്കാം, ഇന്നത്തെപ്പോലെതന്നെ. കാറ്റിന്റെ ദൈർഘ്യത്തിനും ശക്തിക്കും ആനുപാതികമായി തിരയുടെ ഉയരവും ആക്കവും വർധിക്കുന്നു. കൂടാതെ ഭൗമോപരിതലത്തിലെ ഏതെങ്കിലും തരത്തിലുള്ള ചലനങ്ങളും കൂറ്റൻ തിരകളെ സൃഷ്ടിച്ചിരിക്കാം.
പെട്ടകം മറിയാതവണ്ണം അതിന് ഏറ്റവും സ്ഥിരത പ്രദാനം ചെയ്യുന്ന വിധത്തിലുള്ളതായിരുന്നു അതിന്റെ അളവുകൾ. കൂടാതെ പെട്ടകം നെടുകെ ആടിയുലയാൻ ഇടയാക്കിക്കൊണ്ട് പ്രളയജലം അതിന്മേൽ ചെലുത്തുന്ന ശക്തിയെ ചെറുക്കാൻ പോന്ന വിധത്തിലുള്ളതുമായിരുന്നു ആ രൂപകൽപ്പന. തിരകൾക്കൊപ്പം ഉയരുകയും താഴുകയും ചെയ്തുകൊണ്ട് പെട്ടകം അതിശക്തമായി ആടിയുലയുന്നെങ്കിൽ അത് ഉള്ളിലുള്ള ആളുകൾക്കും മൃഗങ്ങൾക്കും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുമായിരുന്നു. കൂടാതെ അത് പെട്ടകത്തിന്മേൽ അതിശക്തമായ സമ്മർദത്തിനും ഇടയാക്കുമായിരുന്നു. കൂറ്റൻ തിരകളാൽ പെട്ടകത്തിന്റെ രണ്ട് അറ്റങ്ങളും ഒരേ സമയം ഉയർത്തപ്പെടുമ്പോൾ നടുഭാഗം കീഴോട്ടു വളയാനുള്ള സാധ്യതയെ ചെറുക്കാൻ തക്ക ബലമുള്ളത് ആയിരിക്കേണ്ടിയിരുന്നു അത്. എന്നാൽ, അതിശക്തമായ തിരകളുടെ മർദം അനുഭവപ്പെടുന്നത് അതിന്റെ മധ്യഭാഗത്താണെങ്കിൽ യാതൊരു താങ്ങുമില്ലാതെ ഉയർന്നുനിൽക്കുന്ന അഗ്രഭാഗങ്ങളായ അണിയവും അമരവും താഴോട്ടു വളയാനുള്ള സാധ്യതയും ഉണ്ടായിരുന്നു. പെട്ടകത്തിന്റെ നീളവും പൊക്കവും പത്തിന് ഒന്ന് എന്ന അനുപാതത്തിൽ ആയിരിക്കണമെന്നാണ് ദൈവം നോഹയോട് ആവശ്യപ്പെട്ടത്. ഉണ്ടായേക്കാവുന്ന ഏതൊരു സമ്മർദത്തെയും ചെറുക്കാൻ പോന്ന അനുപാതമാണ് അതെന്ന് കപ്പൽ നിർമാതാക്കൾ പിന്നീട് തിക്താനുഭവങ്ങളിലൂടെ പഠിക്കുമായിരുന്നു.
-