വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
നോഹ പെട്ടകത്തിൽനിന്ന് ഒരു മലങ്കാക്കയെയും അനന്തരം ഒരു പ്രാവിനെയും പുറത്തേക്കു വിട്ടതെന്തുകൊണ്ട്?
ബൈബിൾ സവിസ്തരമായ വിശദീകരണം നൽകുന്നില്ല. എന്നിരുന്നാലും, നോഹയുടെ പ്രവർത്തനഗതിയിൽ യുക്തിയുള്ളതായി തോന്നുന്നു.
നാല്പതു പകലും 40 രാത്രിയും ഭൂമിക്ക് അത്യധികമായ മഴവീഴ്ച അനുഭവപ്പെട്ടു, അഞ്ചുമാസംകൊണ്ട് പർവതശിഖരങ്ങളെപ്പോലും മൂടിയ ഒരു പ്രളയം വരുത്തി. പിന്നീട് “പെട്ടകം അരാരാത്ത് പർവതത്തിൽ ഉറെച്ചു.” (ഉല്പത്തി 7:6–8:4) മാസങ്ങൾ കഴിഞ്ഞ് “പർവതശിഖരങ്ങൾ കാണായി”വന്നതിനുശേഷം നോഹ “ഒരു മലങ്കാക്കയെ പുറത്തുവിട്ടു . . . അതു പോയും വന്നും കൊണ്ടിരുന്നു.”—ഉല്പത്തി 8:5, 7.
ഒരു മലങ്കാക്ക എന്തുകൊണ്ട്? ഈ പക്ഷി ശക്തനായ ഒരു പറക്കൽവിദഗ്ദ്ധനാണ്, അതിന് ചത്ത മാംസം ഉൾപ്പെടെ വിവിധയിനം ഭക്ഷ്യവസ്തുക്കൾ തിന്നു ജീവിക്കാൻ കഴിയും. അത് മടങ്ങിവരുമോ അതോ വെള്ളം ഇറങ്ങുകയും കര പ്രത്യക്ഷമാവുകയും ചെയ്യുമ്പോൾ ഒരുപക്ഷേ വെളിച്ചത്തായ ശവങ്ങളുടെ അവശിഷ്ടങ്ങൾ തിന്നുകൊണ്ട് പെട്ടകത്തിനു പുറത്തു കഴിയുമോ എന്നറിയാനായിരിക്കാം നോഹ മലങ്കാക്കയെ പുറത്തുവിട്ടത്. ഏതായാലും, മലങ്കാക്ക പുറത്തു കഴിഞ്ഞില്ല. അതു മടങ്ങിവന്നുവെന്ന് ബൈബിൾ പറയുന്നു. എന്നാൽ നോഹയുടെ അടുത്തേക്ക് മടങ്ങിവന്നെന്ന് അത് പറയുന്നില്ല. ഒരുപക്ഷേ പിന്നെയും ഉണ്ടായിരുന്ന വെള്ളങ്ങളിൽ പൊങ്ങിക്കിടക്കുന്ന തീററി കണ്ടെത്തുന്നതിന് പറക്കലുകൾക്കിടയിൽ പെട്ടകത്തിൻമേൽ വിശ്രമിക്കാൻ അത് തിരിച്ചുവന്നിരിക്കാം.
പിന്നീട്, നോഹ ഒരു പ്രാവിനെ പുറത്തുവിടാൻ ഇഷ്ടപ്പെട്ടു. “എന്നാൽ സർവഭൂമിയിലും വെള്ളം കിടക്കകൊണ്ട് പ്രാവ് കാൽവെപ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു” എന്ന് നാം വായിക്കുന്നു. (ഉല്പത്തി 8:9) പ്രളയജലം കുറഞ്ഞോ എന്ന് തീരുമാനിക്കുന്നതിൽ പ്രാവിനു സ്വന്തം വിധത്തിൽ സേവിക്കാൻ കഴിയുമെന്ന് അത് സൂചിപ്പിക്കുന്നു. പ്രാവുകൾ മനുഷ്യരിൽ ഗണ്യമായ വിശ്വാസം പ്രകടമാക്കുന്നു. പെട്ടകത്തിൻമേൽ ഇരിക്കാനല്ല, പിന്നെയോ നോഹയുടെ അടുക്കലേക്കുതന്നെ പ്രാവ് മടങ്ങിവരുമെന്ന് നോഹക്ക് പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു.
ഉണങ്ങിയ നിലത്തു മാത്രമേ പ്രാവുകൾ ഇരിക്കുകയുള്ളുവെന്ന് പറയപ്പെടുന്നു, അവ താഴ്വരകളിൽ താണുപറക്കുന്നതായും സസ്യങ്ങൾ ഭക്ഷിക്കുന്നതായും അറിയപ്പെടുന്നു. (യെഹെസ്ക്കേൽ 7:16) ഗ്രിസ്മെക്സ് ആനിമൽ ലൈഫ് എൻസൈക്ലോപ്പീഡിയാ ഇങ്ങനെ സൂചിപ്പിക്കുന്നു: “വിത്തുകളും കുരുക്കളും തിന്നുന്ന സകല മാടപ്രാവുകളെയും പ്രാവുകളെയും കുറിച്ചു സത്യമായിരിക്കുന്നതുപോലെ, മഞ്ഞ് [അല്ലെങ്കിൽ വെള്ളം] തങ്ങിനിൽക്കുമ്പോൾ തീററിതിന്നുന്നതിന് പ്രയാസമുണ്ട്, സാദ്ധ്യതയുള്ള അവയുടെ തീററിസാധനങ്ങൾ നിലത്ത് ഉപരിതലത്തിലാകയാൽത്തന്നെ.” അതുകൊണ്ട് അത് ഉണങ്ങിയ നിലമോ മുളച്ചുവരുന്ന ചെടികളോ കണ്ടെത്തിയതായുള്ള എന്തെങ്കിലും തെളിവ് പ്രാവ് നോഹയുടെ അടുക്കലേക്ക് തിരികെ കൊണ്ടുവന്നേക്കാം. നോഹ പ്രാവിനെ പുറത്തുവിട്ട ആദ്യപ്രാവശ്യം അത് നോഹയുടെ അടുക്കലേക്ക് കേവലം മടങ്ങിവന്നു. രണ്ടാം പ്രാവശ്യം പ്രാവ് ഒരു ഒലിവിലയുമായിട്ടാണ് മടങ്ങിവന്നത്. മൂന്നാം പ്രാവശ്യം അത് മടങ്ങിവന്നില്ല, നോഹക്ക് പെട്ടകത്തിൽനിന്ന് ഇറങ്ങാൻ സാധിക്കുമെന്നും അത് സുരക്ഷിതമാണെന്നും തെളിവുനൽകിക്കൊണ്ടുതന്നെ.—ഉല്പത്തി 8:8-12.
ചിലർ ഇവ ആകസ്മിക വിശദാംശങ്ങളാണെന്ന് കരുതിയേക്കാമെന്നിരിക്കെ, പൂർണ്ണവിശദീകരണങ്ങൾ നൽകാനുള്ള യാതൊരു ആയാസവും കൂടാതെ വിവരണം വളരെ കൃത്യമായിരിക്കുന്നുവെന്ന വസ്തുത ബൈബിളിന്റെ വിശ്വാസ്യതയെ പ്രതിഫലിപ്പിക്കുന്നു. ഈ വിവരണത്തെ ആസൂത്രണംചെയ്തതോ കെട്ടിച്ചമച്ചതോ ആയിട്ടല്ല, പിന്നെയോ സത്യസന്ധമായി കൃത്യതയുള്ളതായി അംഗീകരിക്കുന്നതിന് അത് നമുക്ക് കൂടുതലായ ന്യായം നൽകുന്നു. വിപുലമായ വിശദാംശങ്ങളുടെയും വിശദീകരണങ്ങളുടെയും അഭാവം നോഹ പുനരുത്ഥാനംപ്രാപിക്കുകയും തന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ നൽകാൻ സാധിക്കുകയും ചെയ്യുന്ന സമയത്ത് അവനോട് കൗതുകകരമായ എന്തെല്ലാം ചോദിക്കാൻ വിശ്വസ്തക്രിസ്ത്യാനികൾക്ക് നോക്കിപ്പാർത്തിരിക്കാൻ കഴിഞ്ഞേക്കുമെന്നും സൂചിപ്പിക്കുന്നു.—എബ്രായർ 11:7, 39.