അധ്യായം 7
ദൈവത്തെപ്പോലെ നിങ്ങളും ജീവനെ വിലയേറിയതായി കാണുന്നുണ്ടോ?
“ജീവന്റെ ഉറവ് അങ്ങാണല്ലോ.”—സങ്കീർത്തനം 36:9.
1, 2. ദൈവത്തിൽനിന്നുള്ള ഏതു സമ്മാനമാണ് ഇന്നു വളരെ വിലയേറിയതായിരിക്കുന്നത്, എന്തുകൊണ്ട്?
സ്വർഗീയപിതാവ് നമ്മളെ വിലതീരാത്ത ഒരു സ്വത്ത് ഏൽപ്പിച്ചിട്ടുണ്ട്: ദൈവത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ കഴിവുള്ള, ബുദ്ധിശക്തിയുള്ള മനുഷ്യരെന്നനിലയിൽ നമ്മൾ ആസ്വദിക്കുന്ന ജീവൻ. (ഉൽപത്തി 1:27) വിലയേറിയ ആ സമ്മാനം ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിവേചിക്കാൻ നമ്മളെ സജ്ജരാക്കുന്നു. ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിയാൽ നമ്മൾ യഹോവയെ സ്നേഹിക്കുന്ന, ‘ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച’ ആത്മീയപക്വതയുള്ള വ്യക്തികളായി വളരും.—എബ്രായർ 5:14.
2 ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിവേചിക്കാനുള്ള കഴിവ് ഇക്കാലത്ത് വളരെ പ്രധാനമാണ്. കാരണം, ജീവിതത്തിൽ ഉയർന്നുവന്നേക്കാവുന്ന എല്ലാ സാഹചര്യങ്ങൾക്കും പറ്റിയ നിയമങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത രീതിയിൽ വളരെ സങ്കീർണമായിത്തീർന്നിരിക്കുകയാണ് ഇന്നത്തെ ലോകം. വൈദ്യശാസ്ത്രരംഗം ഇക്കാര്യത്തിൽ നല്ലൊരു ഉദാഹരണമാണ്, പ്രത്യേകിച്ചും രക്തം ഉൾപ്പെടുന്ന ഉത്പന്നങ്ങളുടെയും ചികിത്സാരീതികളുടെയും കാര്യത്തിൽ. യഹോവയെ അനുസരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും താത്പര്യത്തോടെയും ഗൗരവത്തോടെയും കാണുന്ന ഒരു കാര്യമാണ് ഇത്. എന്നാൽ ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ മനസ്സിലാക്കുന്നപക്ഷം മനസ്സാക്ഷിക്കു വിരുദ്ധമല്ലാത്തതും ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുന്നതും ആയ ശരിയായ തീരുമാനങ്ങളെടുക്കാൻ നമുക്കു സാധിക്കും. (സുഭാഷിതങ്ങൾ 2:6-11) അത്തരം ചില തത്ത്വങ്ങൾ നോക്കുക.
ജീവനും രക്തവും പവിത്രമാണ്
3, 4. രക്തത്തിന്റെ പവിത്രത ആദ്യമായി തിരുവെഴുത്തുകൾ വ്യക്തമാക്കിയത് എപ്പോൾ, ഏതു തത്ത്വങ്ങളാണ് അതിന് ആധാരമായിരിക്കുന്നത്?
3 കയീൻ ഹാബേലിനെ മൃഗീയമായി കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ്, ജീവനും രക്തവും തമ്മിലുള്ള അഭേദ്യമായ ബന്ധവും അവയുടെ പവിത്രതയും യഹോവ ആദ്യമായി വ്യക്തമാക്കിയത്. “നിന്റെ അനിയന്റെ രക്തം നിലത്തുനിന്ന് എന്നോടു നിലവിളിക്കുന്നു,” ദൈവം കയീനോടു പറഞ്ഞു. (ഉൽപത്തി 4:10) യഹോവയുടെ വീക്ഷണത്തിൽ ഹാബേലിന്റെ രക്തം, അകാലത്തിൽ പൊലിഞ്ഞുപോയ ഹാബേലിന്റെ ജീവനെയാണ് അർഥമാക്കിയത്. അതുകൊണ്ട് ഹാബേലിന്റെ രക്തം പ്രതികാരത്തിനായി ദൈവത്തോടു നിലവിളിച്ചു എന്നു പറയാനാകും.—എബ്രായർ 12:24.
4 നോഹയുടെ കാലത്തെ പ്രളയത്തെത്തുടർന്ന് ജന്തുക്കളുടെ മാംസം കഴിക്കാൻ ദൈവം മനുഷ്യന് അനുവാദം കൊടുത്തു. എന്നാൽ രക്തം ഭക്ഷിക്കരുതായിരുന്നു. ദൈവം പറഞ്ഞു: “പ്രാണനായ രക്തത്തോടുകൂടെ നിങ്ങൾ മാംസം തിന്നരുത്. നിങ്ങളുടെ ജീവരക്തത്തിനും ഞാൻ കണക്കു ചോദിക്കും.” (ഉൽപത്തി 9:4, 5) ഈ കല്പന ഇന്നു ജീവിക്കുന്ന നമ്മൾ ഉൾപ്പെടെ നോഹയുടെ എല്ലാ പിന്മുറക്കാർക്കും ബാധകമാണ്. ദൈവം മുമ്പ് കയീനോടു സൂചിപ്പിച്ച കാര്യത്തിന്—എല്ലാ ജീവികളുടെയും രക്തം അവയുടെ ജീവനെ പ്രതീകപ്പെടുത്തുന്നു എന്ന വസ്തുതയ്ക്ക്—ഇത് അടിവരയിടുന്നു. ജീവന്റെ ഉറവായ യഹോവ, ജീവനോടും രക്തത്തോടും അനാദരവ് കാണിക്കുന്ന എല്ലാവരോടും കണക്കു ചോദിക്കുമെന്നും ആ കല്പന വ്യക്തമാക്കുന്നു.—സങ്കീർത്തനം 36:9.
5, 6. രക്തം പവിത്രവും അമൂല്യവും ആണെന്നു മോശയിലൂടെ ദൈവം നൽകിയ നിയമം വ്യക്തമാക്കിയത് എങ്ങനെ? (“ജീവികളുടെ ജീവനെ മാനിക്കുക” എന്ന ചതുരവും കാണുക.)
5 ഈ രണ്ട് അടിസ്ഥാനസത്യങ്ങളും മോശയിലൂടെ കൊടുത്ത നിയമത്തിൽ കാണാം. ലേവ്യ 17:10, 11 ഇങ്ങനെ പറയുന്നു: “(ആരെങ്കിലും) ഏതെങ്കിലും തരം രക്തം കഴിക്കുന്നെങ്കിൽ ഞാൻ അവന് എതിരെ തിരിയും. പിന്നെ അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കില്ല. കാരണം ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്. ഈ രക്തമാണല്ലോ അതിൽ അടങ്ങിയിട്ടുള്ള ജീവൻ മുഖാന്തരം പാപപരിഹാരം വരുത്തുന്നത്. അതുകൊണ്ട് പാപപരിഹാരം വരുത്താൻവേണ്ടി യാഗപീഠത്തിൽ ഉപയോഗിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു.”a—“പാപപരിഹാരം വരുത്താനുള്ള രക്തത്തിന്റെ കഴിവ്” എന്ന ചതുരം കാണുക.
6 ഒരു മൃഗത്തിന്റെ രക്തം യാഗപീഠത്തിൽ ഉപയോഗിക്കാത്തപക്ഷം അതു നിലത്ത് ഒഴിച്ചുകളയണമായിരുന്നു. ജീവൻ അതിന്റെ യഥാർഥത്തിലുള്ള ഉടമയ്ക്കു തിരിച്ചുകൊടുക്കുന്നതിന്റെ പ്രതീകമായിരുന്നു അത്. (ആവർത്തനം 12:16; യഹസ്കേൽ 18:4) എന്നാൽ, ശരീരകലകളിൽനിന്ന് രക്തം പരിപൂർണമായി നീക്കംചെയ്യപ്പെടുന്നെന്ന് ഉറപ്പാക്കാൻ ഇസ്രായേല്യർ അങ്ങേയറ്റത്തെ നടപടിക്രമങ്ങൾ പിൻപറ്റേണ്ടിയിരുന്നില്ല എന്നതു ശ്രദ്ധിക്കുക. അറുത്ത് കൊല്ലുകയും ശരിയായി രക്തം വാർന്നുപോകാൻ അനുവദിക്കുകയും ചെയ്താൽ ശുദ്ധമായ മനസ്സാക്ഷിയോടെ അവർക്കു മാംസം കഴിക്കാമായിരുന്നു. കാരണം, ആ നടപടി ജീവദാതാവിന് അർഹമായ ആദരവ് നൽകുമായിരുന്നു.
7. ദാവീദ് രക്തത്തിന്റെ പവിത്രതയോട് ആദരവ് കാട്ടിയത് എങ്ങനെ?
7 ദൈവത്തിന്റെ “മനസ്സിന് ഇണങ്ങിയ” പുരുഷനായ ദാവീദിനു രക്തം സംബന്ധിച്ച ദൈവനിയമത്തിനു പിന്നിലെ തത്ത്വങ്ങൾ അറിയാമായിരുന്നു. (പ്രവൃത്തികൾ 13:22) ഒരിക്കൽ ദാവീദ് ദാഹിച്ച് വലഞ്ഞ സാഹചര്യത്തിൽ, കൂട്ടത്തിൽപ്പെട്ട മൂന്നു പേർ ശത്രുപാളയത്തിലേക്കു കടന്നുചെന്ന് അവിടെയുള്ള ഒരു കിണറ്റിൽനിന്ന് വെള്ളവുമായി മടങ്ങിയെത്തി. ദാവീദിന്റെ പ്രതികരണം എന്തായിരുന്നു? ദാവീദ് ചോദിച്ചു, “സ്വന്തം ജീവൻ പണയംവെച്ച് പോയ ഈ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കാനോ!” ദാവീദിനെ സംബന്ധിച്ചിടത്തോളം, ആ വെള്ളം അവരുടെ ജീവരക്തമായിരുന്നു. അതുകൊണ്ട്, ദാഹം ഗണ്യമാക്കാതെ ദാവീദ് അത് “യഹോവയുടെ സന്നിധിയിൽ നിലത്ത് ഒഴിച്ചു.”—2 ശമുവേൽ 23:15-17.
8, 9. ക്രിസ്തീയസഭ സ്ഥാപിതമായതോടെ രക്തവും ജീവനും സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തിനു മാറ്റംവന്നോ? വിശദീകരിക്കുക.
8 രക്തം സംബന്ധിച്ച് ദൈവം നോഹയ്ക്കു കല്പന കൊടുത്ത് ഏകദേശം 2,400 വർഷങ്ങൾക്കും നിയമയുടമ്പടി നിലവിൽവന്ന് ഏകദേശം 1,500 വർഷങ്ങൾക്കും ശേഷം, ഇങ്ങനെ എഴുതാൻ യഹോവ ആദ്യകാലക്രിസ്തീയസഭയുടെ ഭരണസംഘത്തെ പ്രചോദിപ്പിച്ചു: “നിങ്ങളെ കൂടുതൽ ഭാരപ്പെടുത്തരുതെന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയതുകൊണ്ട് പിൻവരുന്ന പ്രധാനകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക: വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, രക്തം, ശ്വാസംമുട്ടി ചത്തത്, ലൈംഗിക അധാർമികത എന്നിവ ഒഴിവാക്കുക.”—പ്രവൃത്തികൾ 15:28, 29.
9 രക്തം പവിത്രമാണെന്നും അതു ദുരുപയോഗം ചെയ്യുന്നതു വിഗ്രഹാരാധനയോ ലൈംഗിക അധാർമികതയോ പോലെ ധാർമികതയ്ക്കു നിരക്കാത്തതാണെന്നും ആദ്യകാലഭരണസംഘം തിരിച്ചറിഞ്ഞിരുന്നെന്നു വ്യക്തം. സത്യക്രിസ്ത്യാനികൾ ഇന്ന് ആ നിലപാടിനോടു പറ്റിനിൽക്കുന്നു. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ചിന്തിക്കുന്നതുകൊണ്ട് രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന കാര്യങ്ങളിൽ യഹോവയ്ക്ക് ഇഷ്ടമുള്ള തീരുമാനങ്ങളെടുക്കാൻ അവർക്കാകുന്നു.
രക്തം ഉൾപ്പെട്ട ചികിത്സാരീതികൾ
10, 11. (എ) രക്തത്തിന്റെയും അതിന്റെ പ്രാഥമികഘടകങ്ങളുടെയും ഉപയോഗത്തെ യഹോവയുടെ സാക്ഷികൾ എങ്ങനെ കാണുന്നു? (ബി) രക്തത്തോടു ബന്ധപ്പെട്ട ഏതു കാര്യങ്ങളിൽ ക്രിസ്ത്യാനികൾക്കു വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നേക്കാം?
10 രക്തപ്പകർച്ച നിരസിക്കുന്നതും രക്തപ്പകർച്ചയ്ക്കായി സ്വന്തം രക്തം ദാനംചെയ്യുകയോ സൂക്ഷിച്ചുവെക്കുകയോ ചെയ്യാതിരിക്കുന്നതും ആണ് ‘രക്തം ഒഴിവാക്കുന്നതിൽ’ ഉൾപ്പെട്ടിരിക്കുന്നതെന്ന് യഹോവയുടെ സാക്ഷികൾക്ക് അറിയാം. ദൈവനിയമത്തോടുള്ള ആദരവ് കാരണം അവർ രക്തത്തിന്റെ പ്രാഥമികഘടകങ്ങളായ അരുണരക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിവ വർജിക്കുന്നു.
11 ഈ ഘടകങ്ങളെ ഘടകാംശങ്ങളായി വിഘടിപ്പിച്ച് പല വിധങ്ങളിൽ ഉപയോഗിക്കുന്ന രീതി ഇന്നു നിലവിലുണ്ട്. ഒരു ക്രിസ്ത്യാനിക്ക് അത്തരം ഘടകാംശങ്ങൾ ഉപയോഗിക്കാനാകുമോ? അദ്ദേഹം അവയെ “രക്ത”മായിത്തന്നെ കാണണോ? അതു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ഡയാലിസിസ്, ഹീമോഡൈലൂഷൻ, സെൽ സാൽവേജ് എന്നിങ്ങനെ രോഗിയുടെ സ്വന്തം രക്തം ഉൾപ്പെടുന്ന ചികിത്സകളുടെ കാര്യത്തിലും (രക്തം മുന്നമേ സ്റ്റോർ ചെയ്യാതിരിക്കുന്നിടത്തോളം) ഇതേ തത്ത്വം ബാധകമാണ്.—അനുബന്ധത്തിലെ “രക്തത്തിന്റെ ഘടകാംശങ്ങളും ശസ്ത്രക്രിയാനടപടികളും” എന്ന ഭാഗം കാണുക.
12. മനസ്സാക്ഷിപരമായ കാര്യങ്ങളെ നമ്മൾ എങ്ങനെ വീക്ഷിക്കണം, എങ്ങനെ കൈകാര്യം ചെയ്യണം?
12 മനസ്സാക്ഷിക്കു വിട്ടിരിക്കുന്ന കാര്യങ്ങളിൽ നമ്മൾ എന്തു തീരുമാനമെടുത്താലും യഹോവയ്ക്ക് അതു പ്രശ്നമല്ലെന്നാണോ? ഒരിക്കലുമല്ല, നമ്മുടെ ചിന്തകളിലും ഉൾപ്രേരണകളിലും ദൈവത്തിനു വലിയ താത്പര്യമുണ്ട്. (സുഭാഷിതങ്ങൾ 17:3; 24:12 വായിക്കുക.) അതുകൊണ്ട് ഒരു മരുന്നോ ചികിത്സാരീതിയോ സംബന്ധിച്ച് പ്രാർഥനാപൂർവം പഠിച്ചശേഷം നമ്മൾ നമ്മുടെ ബൈബിൾപരിശീലിതമനസ്സാക്ഷിക്കു ചേർച്ചയിൽ തീരുമാനമെടുക്കണം. (റോമർ 14:2, 22, 23) നമ്മൾ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടതു മറ്റുള്ളവരല്ല. “എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു” എന്നു നമ്മൾ ആരോടും ചോദിക്കാനും പാടില്ല. അത്തരം കാര്യങ്ങളിൽ ഓരോ ക്രിസ്ത്യാനിയും ‘സ്വന്തം ചുമടു ചുമക്കണം.’b—ഗലാത്യർ 6:5; റോമർ 14:12; “രക്തത്തെ ഞാൻ പവിത്രമായി കാണുന്നുണ്ടോ?” എന്ന ചതുരം കാണുക.
ദൈവത്തിന്റെ നിയമങ്ങളിലെ പിതൃതുല്യസ്നേഹം
13. യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും യഹോവയെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? ദൃഷ്ടാന്തീകരിക്കുക.
13 യഹോവ ജ്ഞാനിയായ ഒരു നിയമനിർമാതാവ് മാത്രമല്ല, മക്കളുടെ ക്ഷേമത്തിൽ ആഴമായ താത്പര്യമുള്ള സ്നേഹവാനായ പിതാവുമാണെന്നു ബൈബിളിലെ നിയമങ്ങളും തത്ത്വങ്ങളും വെളിപ്പെടുത്തുന്നു. (സങ്കീർത്തനം 19:7-11) ആരോഗ്യസംബന്ധമായ കാരണങ്ങളാൽ നൽകിയതല്ലെങ്കിലും, ‘രക്തം ഒഴിവാക്കുക’ എന്ന കല്പന രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽനിന്ന് നമ്മളെ സംരക്ഷിക്കുന്നു. (പ്രവൃത്തികൾ 15:20) രക്തരഹിതശസ്ത്രക്രിയയെ ആധുനികവൈദ്യശാസ്ത്രത്തിന്റെ “അത്യുത്തമചികിത്സാവിധി” എന്നാണു വൈദ്യരംഗത്തുള്ള അനേകരും വിശേഷിപ്പിക്കുന്നത്. എന്നാൽ അത്തരം സംഭവവികാസങ്ങൾ യഹോവയുടെ അത്യഗാധമായ ജ്ഞാനത്തെയും പിതൃതുല്യസ്നേഹത്തെയും എടുത്തുകാട്ടുകയാണു ചെയ്യുന്നതെന്നു സത്യക്രിസ്ത്യാനികൾക്ക് അറിയാം.—യശയ്യ 55:9 വായിക്കുക; യോഹന്നാൻ 14:21, 23.
14, 15. (എ) തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹം ഏതു നിയമങ്ങളിൽ പ്രതിഫലിച്ചുകാണാം? (ബി) ഈ സുരക്ഷാനിയമങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
14 പുരാതനകാലത്തെ ഇസ്രായേൽ ജനതയുടെ ക്ഷേമത്തിലുള്ള ദൈവത്തിന്റെ താത്പര്യത്തിന്റെ പ്രതിഫലനമായിരുന്നു ദൈവം അവർക്കു നൽകിയ പല നിയമങ്ങളും. ഉദാഹരണത്തിന്, വീടുകളുടെ ടെറസ് പല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്നതുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാൻ അതിനു ചുറ്റും പാരപ്പറ്റ് അഥവാ കൈമതിൽ ഉണ്ടാക്കണമെന്നു ദൈവം പറഞ്ഞിരുന്നു. (ആവർത്തനം 22:8; 1 ശമുവേൽ 9:25, 26; നെഹമ്യ 8:16; പ്രവൃത്തികൾ 10:9) അപകടകാരികളായ കാളകൾ മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണം എന്നതായിരുന്നു മറ്റൊരു കല്പന. (പുറപ്പാട് 21:28, 29) ഈ നിബന്ധനകൾ അവഗണിക്കുന്നത് ഒരാൾക്കു മറ്റുള്ളവരുടെ ക്ഷേമത്തിൽ യാതൊരു താത്പര്യവുമില്ല എന്നതിന്റെ തെളിവായിരുന്നു, അതു രക്തം ചൊരിഞ്ഞതിന്റെ കുറ്റം വരുത്തിവെക്കുകയും ചെയ്യുമായിരുന്നു.
15 ഈ നിയമങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ നിങ്ങൾക്ക് എങ്ങനെ ബാധകമാക്കാം? നിങ്ങളുടെ വാഹനം, ഡ്രൈവിങ് ശീലങ്ങൾ, വളർത്തുമൃഗങ്ങൾ, വീട്, ജോലിസ്ഥലം, വിനോദപരിപാടികൾ എന്നിവയെക്കുറിച്ച് ചിന്തിക്കരുതോ? ചില നാടുകളിൽ ചെറുപ്പക്കാർക്കിടയിലെ മരണത്തിന്റെ മുഖ്യകാരണം അപകടങ്ങളാണ്. മിക്കപ്പോഴും അതിന് ഇടയാക്കുന്നതു സാഹസികതയും. എന്നാൽ ദൈവസ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ ജീവനെ വിലയേറിയതായി കാണുകയും അപകടംപിടിച്ച കാര്യങ്ങൾ ചെയ്ത് രസിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ചെറുപ്പക്കാരായ തങ്ങൾക്ക് ഒരു അപകടവും സംഭവിക്കില്ലെന്നു ചിന്തിക്കാൻമാത്രം ബുദ്ധിഹീനരല്ല അവർ. അപകടകരമായ കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് അവർ തങ്ങളുടെ യൗവനം ആസ്വദിക്കുന്നു.—സഭാപ്രസംഗകൻ 11:9, 10.
16. ഗർഭച്ഛിദ്രത്തോടു ബന്ധപ്പെട്ട ബൈബിൾതത്ത്വം ഏതാണ്? (അടിക്കുറിപ്പും കാണുക.)
16 അജാതശിശുക്കളുടെ ജീവൻപോലും ദൈവത്തിന്റെ ദൃഷ്ടിയിൽ അമൂല്യമാണ്. പുരാതനകാലത്ത് ഇസ്രായേലിൽ ആരെങ്കിലും ഒരു ഗർഭിണിയെ ക്ഷതമേൽപ്പിച്ചതുകൊണ്ട് അവളോ കുട്ടിയോ മരിച്ചുപോയാൽ കുറ്റക്കാരനെ ദൈവം കൊലപാതകിയായി കാണുമായിരുന്നു. അയാൾ “ജീവനു പകരം ജീവൻ” കൊടുക്കേണ്ടിയിരുന്നു.c (പുറപ്പാട് 21:22, 23 വായിക്കുക.) ഓരോ വർഷവും എണ്ണമറ്റ അജാതശിശുക്കൾ സ്വാർഥതയുടെയും കുത്തഴിഞ്ഞ ലൈംഗികതയുടെയും ബലിക്കല്ലിൽ നിഷ്കരുണം കൊലചെയ്യപ്പെടുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്തായിരിക്കും തോന്നുന്നതെന്ന് ഓർത്തുനോക്കൂ!
17. ദൈവികനിലവാരങ്ങൾ മനസ്സിലാക്കുന്നതിനു മുമ്പ് ഗർഭച്ഛിദ്രം നടത്തിയ ഒരു സ്ത്രീയെ നിങ്ങൾ എങ്ങനെ ആശ്വസിപ്പിക്കും?
17 ബൈബിൾസത്യങ്ങൾ സംബന്ധിച്ച് ഒന്നും അറിയാതിരുന്ന കാലത്ത് ഗർഭച്ഛിദ്രം നടത്തിയ ഒരു സ്ത്രീയെക്കുറിച്ച് എന്തു പറയാനാകും? അവരോടു ദൈവം കരുണ കാണിക്കില്ലെന്നാണോ? ഒരിക്കലുമല്ല. യേശു ചൊരിഞ്ഞ രക്തത്തിന്റെ അടിസ്ഥാനത്തിൽ യഹോവ തന്നോടു ക്ഷമിക്കുമെന്ന് യഥാർഥമായ പശ്ചാത്താപമുള്ള ഒരാൾക്ക് ഉറച്ച് വിശ്വസിക്കാനാകും. (സങ്കീർത്തനം 103:8-14; എഫെസ്യർ 1:7) ക്രിസ്തുതന്നെ ഇങ്ങനെ പറഞ്ഞു: “നീതിമാന്മാരെയല്ല, പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്.”—ലൂക്കോസ് 5:32.
വിദ്വേഷം പിഴുതുമാറ്റുക
18. രക്തച്ചൊരിച്ചിലിന്റെ മുഖ്യകാരണത്തെ ബൈബിൾ തിരിച്ചറിയിക്കുന്നത് എങ്ങനെ?
18 നമ്മൾ മറ്റുള്ളവരെ ദ്രോഹിക്കരുതെന്നു മാത്രമല്ല, രക്തച്ചൊരിച്ചിലിനു കാരണമാകുന്ന വിദ്വേഷംതന്നെ നമ്മുടെ മനസ്സിൽനിന്ന് പിഴുതെറിയണം എന്നാണ് യഹോവ ആഗ്രഹിക്കുന്നത്. “സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്” എന്നു യോഹന്നാൻ അപ്പോസ്തലൻ എഴുതി. (1 യോഹന്നാൻ 3:15) അത്തരമൊരാൾ തന്റെ സഹോദരനെ ഇഷ്ടപ്പെടാതിരിക്കുക മാത്രമല്ല, അയാൾ മരിച്ചുപോയിരുന്നെങ്കിൽ എന്ന് ആശിക്കുകപോലും ചെയ്യുന്നു. മിക്കപ്പോഴും, ദുഷ്ടലക്ഷ്യത്തോടെയുള്ള അപവാദത്തിന്റെയോ വ്യാജാരോപണങ്ങളുടെയോ രൂപത്തിൽ ആ വിദ്വേഷം പുറത്ത് വന്നേക്കാം. ദൈവത്തിന്റെ ശിക്ഷാവിധി അർഹിക്കുന്നത്ര ഗുരുതരമായ എന്തെങ്കിലും സഹോദരൻ ചെയ്തു എന്നതുപോലുള്ള രൂക്ഷമായ ആരോപണങ്ങളായിരിക്കും അവ. (ലേവ്യ 19:16; ആവർത്തനം 19:18-21; മത്തായി 5:22) ഹൃദയത്തിൽ ഉറഞ്ഞുകൂടിയേക്കാവുന്ന വിദ്വേഷവും പകയും നമ്മൾ ഒഴിവാക്കേണ്ടത് എത്ര പ്രധാനമാണ്!—യാക്കോബ് 1:14, 15; 4:1-3.
19. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്ന ഒരാൾ സങ്കീർത്തനം 11:5; ഫിലിപ്പിയർ 4:8, 9 തുടങ്ങിയ തിരുവെഴുത്തുകളെ എങ്ങനെ വീക്ഷിക്കുന്നു?
19 യഹോവയെപ്പോലെ ജീവനെ അമൂല്യമായി കാണുകയും ദൈവത്തിന്റെ സ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ എല്ലാ തരത്തിലുമുള്ള അക്രമവും ഒഴിവാക്കുന്നു. “അക്രമം ഇഷ്ടപ്പെടുന്നവനെ ദൈവം വെറുക്കുന്നു” എന്നു സങ്കീർത്തനം 11:5 പറയുന്നു. ആ പ്രസ്താവന ദൈവത്തിന്റെ വ്യക്തിത്വത്തിലേക്കു വെളിച്ചംവീശുക മാത്രമല്ല ചെയ്യുന്നത്. നമ്മുടെ ജീവിതത്തിനു വഴികാട്ടിയായ ഒരു തത്ത്വംകൂടിയാണ് അത്. അക്രമവാസനയ്ക്കു വളംവെക്കുന്ന ഏതൊരു തരം വിനോദപരിപാടിയും ഒഴിവാക്കാൻ ദൈവത്തോടു സ്നേഹമുള്ളവരെ അതു പ്രചോദിപ്പിക്കുന്നു. സമാനമായി, യഹോവ “സമാധാനത്തിന്റെ ദൈവ”മാണെന്ന പ്രസ്താവന, സ്നേഹം ജനിപ്പിക്കുന്നതും അത്യുത്തമമായതും പ്രശംസനീയമായതും ആയ കാര്യങ്ങൾകൊണ്ട് മനസ്സു നിറയ്ക്കാൻ ദൈവദാസന്മാരെ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതു സമാധാനത്തിനു കളമൊരുക്കും.—ഫിലിപ്പിയർ 4:8, 9 വായിക്കുക.
രക്തച്ചൊരിച്ചിലിന്റെ കുറ്റം പേറുന്ന സംഘടനകളിൽനിന്ന് വിട്ടുനിൽക്കുക
20-22. ലോകത്തോടുള്ള ബന്ധത്തിൽ ക്രിസ്ത്യാനികൾ എന്തു നിലപാടു സ്വീകരിക്കുന്നു, എന്തുകൊണ്ട്?
20 ദൈവത്തിന്റെ വീക്ഷണത്തിൽ സാത്താന്റെ ലോകം മുഴുവൻ രക്തക്കറ പുരണ്ടതാണ്. ക്രൂരമൃഗങ്ങൾ എന്നനിലയിൽ തിരുവെഴുത്തുകൾ വിശേഷിപ്പിക്കുന്ന അതിന്റെ രാഷ്ട്രീയവ്യവസ്ഥിതി, യഹോവയുടെ ദാസന്മാർ ഉൾപ്പെടെ ദശലക്ഷങ്ങളെ കൊന്നൊടുക്കിയിരിക്കുന്നു. (ദാനിയേൽ 8:3, 4, 20-22; വെളിപാട് 13:1, 2, 7, 8) അത്തരം മൃഗീയശക്തികളുമായി കൈകോർക്കുന്ന വാണിജ്യലോകവും ശാസ്ത്രവും, സങ്കൽപ്പിക്കാവുന്നതിലേക്കും വിപത്കരമായ ആയുധങ്ങൾ നിർമിച്ചുകൊണ്ട് വൻലാഭം കൊയ്യുന്നു. “ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്” എന്ന പ്രസ്താവന എത്രയോ സത്യം!—1 യോഹന്നാൻ 5:19.
21 ‘ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടും’ രാഷ്ട്രീയകാര്യങ്ങളിലും യുദ്ധങ്ങളിലും നിഷ്പക്ഷത പാലിക്കുന്നതുകൊണ്ടും യേശുവിന്റെ അനുഗാമികൾ, വ്യക്തികൾ എന്ന നിലയിലും ഒരു സമൂഹം എന്ന നിലയിലും രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നു.d (യോഹന്നാൻ 15:19; 17:16) മറ്റുള്ളവർ കഠിനമായി ഉപദ്രവിക്കുമ്പോൾ അവർ യേശുവിനെപ്പോലെ ശാന്തരായി നിലകൊള്ളുന്നു. ശത്രുക്കളെ സ്നേഹിക്കുന്ന അവർ, ശത്രുക്കൾക്കുവേണ്ടി പ്രാർഥിക്കുകപോലും ചെയ്യുന്നു.—മത്തായി 5:44; റോമർ 12:17-21.
22 സർവോപരി, രക്തച്ചൊരിച്ചിലിന്റെ കുറ്റം ഏറ്റവും അധികം ചുമക്കുന്ന ലോകമതസാമ്രാജ്യമായ “ബാബിലോൺ എന്ന മഹതി”യുമായുള്ള എല്ലാ ബന്ധവും സത്യക്രിസ്ത്യാനികൾ ഒഴിവാക്കുന്നു. “പ്രവാചകന്മാരുടെയും വിശുദ്ധരുടെയും ഭൂമിയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം ഈ നഗരത്തിലാണു കണ്ടത്” എന്നു ദൈവവചനം പറയുന്നു. അതുകൊണ്ട് “എന്റെ ജനമേ, . . . അവളിൽനിന്ന് പുറത്ത് കടക്ക്” എന്നാണ് അതു നമുക്കു തരുന്ന മുന്നറിയിപ്പ്.—വെളിപാട് 17:6; 18:2, 4, 24.
23. ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് വരുന്നതിൽ എന്താണ് ഉൾപ്പെടുന്നത്?
23 ബാബിലോൺ എന്ന മഹതിയെ വിട്ടുപോരുന്നതിന് അതിലെ അംഗത്വം പിൻവലിച്ചാൽ മാത്രം പോരാ. വ്യാജമതങ്ങൾ വെച്ചുപൊറുപ്പിക്കുകയോ പരസ്യമായി അംഗീകരിക്കുകയോ ചെയ്യുന്ന അധാർമികത, രാഷ്ട്രീയകാര്യങ്ങളിലെ ഉൾപ്പെടൽ, പണത്തോടുള്ള അത്യാർത്തി തുടങ്ങിയ തിരുവെഴുത്തുവിരുദ്ധമായ കാര്യങ്ങൾ വെറുക്കുന്നതും അതിൽപ്പെടുന്നു. (സങ്കീർത്തനം 97:10 വായിക്കുക; വെളിപാട് 18:7, 9, 11-17) ഇവയെല്ലാം എത്രമാത്രം രക്തച്ചൊരിച്ചിലിനു വഴിവെക്കുന്നു!
24, 25. (എ) രക്തച്ചൊരിച്ചിലിന്റെ കുറ്റമുള്ള ഒരാൾക്കു പശ്ചാത്താപമുണ്ടെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിനു കരുണ കാണിക്കാനാകും? (ബി) ഇതു ബൈബിൾകാലങ്ങളിലെ ഏതു ക്രമീകരണത്തെ ഓർമിപ്പിക്കുന്നു?
24 സമർപ്പിച്ച് സ്നാനമേറ്റ് സത്യാരാധകരാകുന്നതിനു മുമ്പ് നമ്മൾ ഓരോരുത്തരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സാത്താന്റെ ഈ വ്യവസ്ഥിതിയെ പിന്തുണച്ചിരുന്നു, അത് ഒരളവുവരെ നമ്മുടെ മേൽ രക്തച്ചൊരിച്ചിലിന്റെ കുറ്റവും വരുത്തിവെച്ചു. എങ്കിലും, ജീവിതത്തിനു മാറ്റം വരുത്തുകയും ക്രിസ്തു മോചനവിലയായി അർപ്പിച്ച ബലിയിൽ വിശ്വാസം വളർത്തിയെടുക്കുകയും ജീവിതം ദൈവത്തിനു സമർപ്പിക്കുകയും ചെയ്തതുകൊണ്ട് ദൈവത്തിന്റെ കരുണയ്ക്കും ആത്മീയസംരക്ഷണത്തിനും നമ്മൾ യോഗ്യരായിത്തീർന്നു. (പ്രവൃത്തികൾ 3:19) ആ സംരക്ഷണം, ബൈബിൾകാലങ്ങളിലെ അഭയനഗരങ്ങളെ ഓർമിപ്പിക്കുന്നു.—സംഖ്യ 35:11-15; ആവർത്തനം 21:1-9.
25 എന്തായിരുന്നു ആ ക്രമീകരണം? ഒരു ഇസ്രായേല്യൻ യാദൃച്ഛികമായി മറ്റൊരാളുടെ മരണത്തിന് ഇടയാക്കിയാൽ അയാൾ അഭയനഗരത്തിലേക്ക് ഓടിപ്പോകണമായിരുന്നു. ചുമതലപ്പെട്ട ന്യായാധിപന്മാർ അക്കാര്യം വിചാരണ ചെയ്തതിനു ശേഷം മഹാപുരോഹിതന്റെ മരണംവരെ അയാൾ അഭയനഗരത്തിൽ താമസിക്കുകയും ചെയ്യേണ്ടിയിരുന്നു. പിന്നീട് അയാൾ സ്വതന്ത്രനാകുമായിരുന്നു. ദൈവത്തിന്റെ കരുണയുടെയും ദൈവം മനുഷ്യജീവനു കല്പിക്കുന്ന മൂല്യത്തിന്റെയും എത്ര തിളക്കമാർന്ന ദൃഷ്ടാന്തം! പുരാതനകാലത്തെ ആ അഭയനഗരങ്ങളെപ്പോലെ, ജീവന്റെയും രക്തത്തിന്റെയും പവിത്രത സംബന്ധിച്ച ദൈവനിയമം അബദ്ധവശാൽ ലംഘിക്കുന്നവരെ മരണശിക്ഷയിൽനിന്ന് ഒഴിവാക്കാനായി, ക്രിസ്തു മോചനവിലയായി അർപ്പിച്ച ബലിയുടെ അടിസ്ഥാനത്തിൽ ദൈവം ഒരു ക്രമീകരണം ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് അതിനോടു വിലമതിപ്പു തോന്നുന്നുണ്ടോ? അതു നിങ്ങൾക്ക് എങ്ങനെ കാണിക്കാം? സംരക്ഷണത്തിനായുള്ള ദൈവത്തിന്റെ ക്രമീകരണത്തെ അംഗീകരിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതാണ് അതിനുള്ള ഒരു മാർഗം, പ്രത്യേകിച്ചും “മഹാകഷ്ടത” അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത്.—മത്തായി 24:21; 2 കൊരിന്ത്യർ 6:1, 2.
ജീവനു വിലകല്പിക്കുക—ദൈവരാജ്യസന്ദേശം ഘോഷിച്ചുകൊണ്ട്
26-28. നമ്മുടെ സാഹചര്യം യഹസ്കേൽ പ്രവാചകന്റെ നാളുകളിലേതിനോടു സമാനമായിരിക്കുന്നത് എങ്ങനെ, ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമുക്ക് എങ്ങനെ കഴിയും?
26 ഇന്നത്തെ ദൈവജനത്തിന്റെ സാഹചര്യം യഹസ്കേൽ പ്രവാചകന്റെ നാളുകളിലേതിനോടു സമാനമാണെന്നു കാണാം. ഇസ്രായേൽഗൃഹത്തിന്റെ ആത്മീയകാവൽക്കാരനായിരുന്ന യഹസ്കേലിനോട് യഹോവ പറഞ്ഞു: “എന്റെ വായിൽനിന്ന് സന്ദേശം കേൾക്കുമ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം.” ദൈവം കൊടുത്ത ആ നിയമനം അവഗണിക്കുന്നപക്ഷം, യരുശലേം ന്യായം വിധിക്കപ്പെടുമ്പോൾ കൊല്ലപ്പെടുന്നവരുടെ രക്തത്തിന് യഹസ്കേൽ കണക്കു ബോധിപ്പിക്കേണ്ടിവരുമായിരുന്നു. (യഹസ്കേൽ 33:7-9) എന്നാൽ അനുസരണപൂർവം പ്രവർത്തിച്ചതുകൊണ്ട് യഹസ്കേലിന്റെ മേൽ രക്തച്ചൊരിച്ചിലിന്റെ കുറ്റം വന്നില്ല.
27 ഇന്നു സാത്താന്റെ മുഴുലോകവും നാശത്തിന്റെ വക്കിലാണ്. അതുകൊണ്ട്, ദൈവരാജ്യസന്ദേശത്തോടൊപ്പം ദൈവം “പ്രതികാരം ചെയ്യുന്ന ദിവസത്തെയും” പ്രസിദ്ധമാക്കുന്നത് ഒരു കടമയും പദവിയും ആയിട്ടാണ് യഹോവയുടെ സാക്ഷികൾ കാണുന്നത്. (യശയ്യ 61:2; മത്തായി 24:14) ജീവത്പ്രധാനമായ ഈ പ്രവർത്തനത്തിൽ നിങ്ങൾ നന്നായി പങ്കെടുക്കുന്നുണ്ടോ? പൗലോസ് അപ്പോസ്തലൻ തന്റെ പ്രസംഗനിയമനം ഗൗരവമായെടുത്തു. തത്ഫലമായി, “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല. ഒന്നും മറച്ചുവെക്കാതെ ദൈവത്തിന്റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്” എന്നു പൗലോസിനു പറയാൻ കഴിഞ്ഞു. (പ്രവൃത്തികൾ 20:26, 27) എത്ര നല്ലൊരു മാതൃക!
28 യഹോവ വീക്ഷിക്കുന്നതുപോലെ ജീവനെയും രക്തത്തെയും വീക്ഷിക്കുന്നതുകൊണ്ടുമാത്രം യഹോവയുടെ ഊഷ്മളമായ പിതൃതുല്യസ്നേഹത്തിൽ നിലനിൽക്കാൻ നമുക്കാകില്ല. അടുത്ത അധ്യായത്തിൽ കാണാൻപോകുന്നതുപോലെ, നമ്മൾ യഹോവയുടെ ദൃഷ്ടിയിൽ എപ്പോഴും ശുദ്ധരായിരിക്കേണ്ടതുണ്ട്.
a “ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്” എന്ന ദൈവത്തിന്റെ പ്രസ്താവനയെക്കുറിച്ച് സയന്റിഫിക് അമേരിക്കൻ എന്ന പത്രിക പറയുന്നു: “ആലങ്കാരികമായി മാത്രമല്ല അക്ഷരാർഥത്തിലും ഈ പ്രസ്താവന സത്യമാണ്; ഓരോ തരം രക്തകോശങ്ങളും ജീവന് അനിവാര്യമാണ്.”
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക!-യുടെ 2006 ആഗസ്റ്റ് ലക്കം 3-12 പേജുകൾ കാണുക.
c ഗർഭിണി മരിച്ചാൽ മാത്രമേ അതിന് ഉത്തരവാദിയായ വ്യക്തിക്കു മരണശിക്ഷ ലഭിക്കൂ എന്ന അർഥത്തിലാണു ചില ഭാഷാന്തരങ്ങൾ ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എബ്രായ മൂലപാഠത്തിലെ പദപ്രയോഗം സ്ത്രീക്കു മാത്രം സംഭവിക്കുന്ന ദോഷത്തെയല്ല കുറിക്കുന്നതെന്നു ബൈബിൾ നിഘണ്ടുകർത്താക്കൾ പറയുന്നു. ഭ്രൂണത്തിന്റെ പ്രായം ഇക്കാര്യത്തിലുള്ള യഹോവയുടെ വീക്ഷണത്തെ സ്വാധീനിക്കുന്നതായി ബൈബിൾ ഒരിടത്തും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
d “ലോകത്തിൽനിന്ന് എങ്ങനെ വേറിട്ടുനിൽക്കാം?” എന്ന അഞ്ചാം അധ്യായം കാണുക.
e വിശദവിവരങ്ങൾക്ക് അനുബന്ധത്തിലെ “രക്തത്തിന്റെ ഘടകാംശങ്ങളും ശസ്ത്രക്രിയാനടപടികളും” എന്ന ഭാഗം കാണുക.