ജീവനുള്ള ദൈവത്താൽ നയിക്കപ്പെടുവിൻ
‘ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയുവിൻ.’—പ്രവൃത്തികൾ 14:15.
1, 2. യഹോവയെ “ജീവനുള്ള ദൈവ”മായി അംഗീകരിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
അപ്പൊസ്തലനായ പൗലൊസും ബർന്നബാസും ലുസ്ത്ര നഗരത്തിൽവെച്ച് ഒരു മനുഷ്യനെ സൗഖ്യമാക്കി. അതു നിരീക്ഷിച്ച ജനങ്ങളോട് പൗലൊസ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.”—പ്രവൃത്തികൾ 14:15.
2 അതേ, യഹോവ ഒരു നിർജീവ പ്രതിമയല്ല, പിന്നെയോ “ജീവനുള്ള ദൈവ”മാണ്! (യിരെമ്യാവു 10:10; 1 തെസ്സലൊനീക്യർ 1:9, 10) ജീവനുള്ളവനാണെന്നു മാത്രമല്ല നമ്മുടെ ജീവന്റെ ഉറവിടവും അവനാണ്. അവൻ ‘എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നു.’ (പ്രവൃത്തികൾ 17:25) നാം ഇന്നും എന്നേക്കും ജീവിതം ആസ്വദിക്കണമെന്നാണ് അവന്റെ ആഗ്രഹം. “അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല” എന്ന് പൗലൊസ് തുടർന്നു പറഞ്ഞു.—പ്രവൃത്തികൾ 14:17.
3. ദൈവം നൽകുന്ന മാർഗനിർദേശത്തിൽ നമുക്ക് ആശ്രയിക്കാനാവുന്നത് എന്തുകൊണ്ട്?
3 നമ്മുടെ ജീവന്റെ കാര്യത്തിൽ ദൈവം പ്രകടമാക്കുന്ന താത്പര്യം അവന്റെ മാർഗനിർദേശത്തിൽ ആശ്രയിക്കാൻ നമുക്കു കാരണം നൽകുന്നു. (സങ്കീർത്തനം 147:8; മത്തായി 5:45) എന്നാൽ, തങ്ങൾക്കു മനസ്സിലാകാത്തതോ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതായി തോന്നുന്നതോ ആയ ഒരു ബൈബിൾ കൽപ്പന കാണുമ്പോൾ ചിലർ മറിച്ച് പ്രതികരിച്ചേക്കാം. എന്നുവരികിലും, യഹോവയുടെ മാർഗനിർദേശത്തെ ആശ്രയിക്കുന്നത് ജ്ഞാനമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഒരു ദൃഷ്ടാന്തം പറഞ്ഞാൽ: പിണം അഥവാ ശവം തൊടുന്നതു വിലക്കിക്കൊണ്ടുള്ള ഒരു നിയമം ദൈവം എന്തുകൊണ്ടു നൽകി എന്ന് ഒരു ഇസ്രായേല്യനു മനസ്സിലായില്ലെങ്കിൽക്കൂടി അത് അനുസരിക്കുന്നത് അയാളുടെ പ്രയോജനത്തിൽ കലാശിക്കുമായിരുന്നു. ഒന്നാമതായി, അയാളുടെ അനുസരണം അയാളെ ജീവനുള്ള ദൈവത്തിലേക്ക് അടുപ്പിക്കുമായിരുന്നു; രണ്ടാമതായി, രോഗങ്ങളിൽനിന്ന് അത് അയാളെ സംരക്ഷിക്കുമായിരുന്നു.—ലേവ്യപുസ്തകം 5:2; 11:24.
4, 5. (എ) ക്രിസ്തീയ കാലഘട്ടത്തിനുമുമ്പ് യഹോവ രക്തത്തെ കുറിച്ച് എന്തു മാർഗനിർദേശം നൽകി? (ബി) രക്തത്തെ കുറിച്ചുള്ള ദൈവത്തിന്റെ മാർഗനിർദേശം ക്രിസ്ത്യാനികൾക്കും ബാധകമാണെന്ന് നമുക്ക് എങ്ങനെ അറിയാം?
4 രക്തം സംബന്ധിച്ചുള്ള ദൈവത്തിന്റെ മാർഗനിർദേശത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. മനുഷ്യൻ രക്തം ഭക്ഷിക്കരുതെന്ന് അവൻ നോഹയോടു പറഞ്ഞു. തുടർന്ന് ന്യായപ്രമാണത്തിൽ, രക്തത്തിന്റെ ഏക അംഗീകൃത ഉപയോഗം പാപമോചനത്തിനായി അത് യാഗപീഠത്തിൽ അർപ്പിക്കുന്നതാണ് എന്ന് ദൈവം വെളിപ്പെടുത്തി. ആ മാർഗനിർദേശങ്ങളിലൂടെ രക്തത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ ഉപയോഗത്തിനു വേണ്ടി, യേശുവിന്റെ മറുവിലയാഗം മുഖാന്തരമുള്ള ജീവരക്ഷയ്ക്കുവേണ്ടി, ദൈവം അടിത്തറപാകുകയായിരുന്നു. (എബ്രായർ 9:14) അതേ, ദൈവത്തിന്റെ മാർഗനിർദേശം നമ്മുടെ ജീവനും ക്ഷേമവും മനസ്സിൽപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു. ഉല്പത്തി 9:4 ചർച്ചചെയ്തുകൊണ്ട് 19-ാം നൂറ്റാണ്ടിലെ ബൈബിൾ പണ്ഡിതനായ ആഡം ക്ലാർക് ഇപ്രകാരം എഴുതി: “[നോഹയോടുള്ള] ഈ കൽപ്പന പൗരസ്ത്യ ക്രിസ്ത്യാനികൾ ഇപ്പോഴും സനിഷ്കർഷം പാലിച്ചുപോരുന്നു . . . ന്യായപ്രമാണത്തിൻകീഴിൽ യാതൊരു രക്തവും ഭക്ഷിക്കാൻ പാടില്ലായിരുന്നു, എന്തുകൊണ്ടെന്നാൽ അത് ലോകത്തിന്റെ പാപത്തിനായി ചൊരിയപ്പെടാനിരുന്ന രക്തത്തിലേക്കു വിരൽചൂണ്ടി; സുവിശേഷത്തിൻകീഴിലും രക്തം ഭക്ഷിക്കുന്നത് വിലക്കിയിരിക്കുന്നു. കാരണം അത് പാപമോചനത്തിനായി ചൊരിയപ്പെട്ടിരിക്കുന്ന രക്തത്തെ പ്രതിനിധാനം ചെയ്യുന്നതായി എല്ലായ്പോഴും കരുതപ്പെടേണ്ടതുണ്ട്.”
5 യേശുക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സുവിശേഷത്തെ അഥവാ സുവാർത്തയെ കുറിച്ചായിരുന്നിരിക്കാം ഈ പണ്ഡിതൻ പരാമർശിച്ചത്. അതിൽ നമുക്കുവേണ്ടി മരിക്കാനും നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിന് രക്തം ചൊരിയാനുമായി ദൈവം തന്റെ പുത്രനെ അയച്ചത് ഉൾപ്പെട്ടിരിക്കുന്നു. (മത്തായി 20:28; യോഹന്നാൻ 3:16; റോമർ 5:8, 9) ക്രിസ്തുവിന്റെ അനുഗാമികൾ രക്തം വർജിക്കാൻ പിന്നീടു നൽകപ്പെട്ട കൽപ്പനയും ആ പരാമർശത്തിൽ ഉൾക്കൊണ്ടിരിക്കുന്നു.
6. രക്തം സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് എന്തു മാർഗനിർദേശം നൽകപ്പെട്ടു, എന്തുകൊണ്ട്?
6 ദൈവം ഇസ്രായേല്യർക്ക് നൂറുകണക്കിനു വ്യവസ്ഥകൾ കൊടുത്തുവെന്ന് നിങ്ങൾക്കറിയാം. യേശുവിന്റെ മരണത്തോടെ അവന്റെ ശിഷ്യന്മാർ മേലാൽ ആ നിയമങ്ങളെല്ലാം അനുസരിക്കാനുള്ള കടപ്പാടിൻ കീഴിൽ ആയിരുന്നില്ല. (റോമർ 7:4, 6; കൊലൊസ്സ്യർ 2:13, 14, 17; എബ്രായർ 8:6, 13) എന്നിരുന്നാലും, കുറച്ചുകാലത്തിനുശേഷം അടിസ്ഥാനപരമായ ഒരു കടപ്പാടിനെ കുറിച്ച് അതായത്, പുരുഷന്മാരുടെ പരിച്ഛേദനയെ കുറിച്ച് ഒരു ചോദ്യം ഉയർന്നുവന്നു. ക്രിസ്തുവിന്റെ രക്തത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ ആഗ്രഹിക്കുന്ന യഹൂദന്മാരല്ലാത്ത ആളുകൾ, തങ്ങൾ ന്യായപ്രമാണത്തിൻകീഴിലാണ് എന്നു സൂചിപ്പിക്കുംവിധത്തിൽ പരിച്ഛേദന ഏൽക്കേണ്ടതുണ്ടോ? പൊതുയുഗം (പൊ.യു.) 49-ൽ ക്രിസ്തീയ ഭരണസംഘം ആ പ്രശ്നം കൈകാര്യംചെയ്തു. (പ്രവൃത്തികൾ 15-ാം അധ്യായം) പരിച്ഛേദന ഏൽക്കാനുള്ള കടപ്പാട് ന്യായപ്രമാണം നീങ്ങിപ്പോയതോടെ അവസാനിച്ചു എന്ന തീരുമാനത്തിൽ ദൈവാത്മാവിന്റെ സഹായത്താൽ അപ്പൊസ്തലന്മാരും മൂപ്പന്മാരും എത്തിച്ചേർന്നു. എങ്കിലും, ക്രിസ്ത്യാനികൾ ചില ദിവ്യനിയമങ്ങൾ തുടർന്നും അനുസരിക്കേണ്ടിയിരുന്നു. സഭകൾക്കുള്ള ഒരു കത്തിൽ ഭരണസംഘം പിൻവരുന്നപ്രകാരം എഴുതി: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.”—പ്രവൃത്തികൾ 15:28, 29.
7. ക്രിസ്ത്യാനികൾ ‘രക്തം വർജിക്കുന്നത്’ എത്ര പ്രധാനമാണ്?
7 ലൈംഗിക അധാർമികതയോ വിഗ്രഹാരാധനയോ വർജിക്കുന്നത് ധാർമികമായി എത്രത്തോളം പ്രധാനമായിരുന്നുവോ അത്രത്തോളംതന്നെ പ്രാധാന്യമുള്ള ഒന്നായി ‘രക്തം വർജിക്കുന്നതിനെ’ ഭരണസംഘം വീക്ഷിച്ചു എന്നു വ്യക്തം. രക്തം സംബന്ധിച്ചുള്ള വിലക്ക് ഗൗരവപൂർവം എടുക്കേണ്ട ഒന്നാണെന്ന് ഇതു തെളിയിക്കുന്നു. അനുതാപമില്ലാതെ വിഗ്രഹാരാധനയിലോ ലൈംഗിക അധാർമികതയിലോ തുടരുന്ന ക്രിസ്ത്യാനികൾ “ദൈവരാജ്യം അവകാശമാക്കുകയില്ല;” ‘അവർക്കുള്ള ഓഹരി രണ്ടാം മരണമാണ്.’ (1 കൊരിന്ത്യർ 6:9, 10; വെളിപ്പാടു 21:8; 22:15) വ്യത്യാസം ശ്രദ്ധിക്കുക: ജീവരക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവിക മാർഗനിർദേശം അവഗണിക്കുന്നത് നിത്യമരണത്തിലേക്കു നയിക്കുന്നു. യേശുവിന്റെ യാഗത്തോട് ആദരവു കാട്ടുന്നത് നിത്യജീവനിലേക്കും.
8. രക്തം സംബന്ധിച്ചുള്ള ദൈവിക മാർഗനിർദേശം ആദിമ ക്രിസ്ത്യാനികൾ ഗൗരവത്തോടെ എടുത്തു എന്ന് എന്തു സൂചിപ്പിക്കുന്നു?
8 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഏതുവിധത്തിലാണ് രക്തത്തെ കുറിച്ചുള്ള ദൈവിക മാർഗനിർദേശം മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്തത്? ക്ലാർക്കിന്റെ പരാമർശം ഓർമിക്കുക: ‘സുവിശേഷത്തിൻകീഴിൽ രക്തം ഭക്ഷിക്കുന്നത് വിലക്കിയിരിക്കുന്നു. കാരണം അത് പാപമോചനത്തിനായി ചൊരിയപ്പെട്ടിരിക്കുന്ന രക്തത്തെ പ്രതിനിധാനം ചെയ്യുന്നതായി എല്ലായ്പോഴും കരുതപ്പെടേണ്ടതുണ്ട്.’ ആദിമ ക്രിസ്ത്യാനികൾ ഇതിനെ ഗൗരവപൂർവം എടുത്തു എന്ന് ചരിത്രം സാക്ഷ്യം പറയുന്നു. തെർത്തുല്യൻ ഇങ്ങനെ എഴുതി: “ദ്വന്ദ്വയുദ്ധം നടന്ന ഗോദായിൽനിന്ന് ദുഷ്ട കുറ്റവാളികളുടെ ചുടുചോര ദാഹാർത്തിയോടെ കോരിയെടുക്കുകയും . . . തങ്ങളുടെ അപസ്മാരം ഭേദമാക്കാൻ അതു കൊണ്ടുപോകുകയും ചെയ്യുന്നവരെക്കുറിച്ചു പരിചിന്തിക്കുക.” വിജാതികൾ രക്തം ഭക്ഷിച്ചിരുന്നെങ്കിലും ക്രിസ്ത്യാനികളെ കുറിച്ച് തെർത്തുല്യൻ ഇങ്ങനെ പറഞ്ഞു: “മൃഗങ്ങളുടെ രക്തംപോലും [അവർ] ഭക്ഷിക്കുന്നില്ല . . . ക്രിസ്ത്യാനികളുടെ വിചാരണകളിൽ നിങ്ങൾ അവർക്ക് രക്തം നിറഞ്ഞ സോസിജുകൾ കൊടുക്കുന്നു. അത് അവർക്കു നിഷിദ്ധമാണെന്ന് തീർച്ചയായും നിങ്ങൾക്കറിയാം.” അതേ, ജീവനു ഭീഷണി നേരിട്ട സന്ദർഭങ്ങളിൽ പോലും ക്രിസ്ത്യാനികൾ രക്തം ഭക്ഷിക്കുമായിരുന്നില്ല. ദൈവത്തിന്റെ മാർഗനിർദേശം അവർക്ക് അത്ര പ്രധാനപ്പെട്ടതായിരുന്നു.
9. രക്തം വർജിക്കുന്നതിൽ അതു നേരിട്ടു ഭക്ഷിക്കുന്നത് ഒഴിവാക്കുന്നതിനു പുറമേ മറ്റെന്തുകൂടി ഉൾപ്പെട്ടു?
9 ക്രിസ്ത്യാനികൾ നേരിട്ട് രക്തം ഭക്ഷിക്കുകയോ കുടിക്കുകയോ, രക്തം വാർന്നുപോകാത്ത മാംസമോ രക്തം ചേർത്ത ഭക്ഷണമോ കഴിക്കുകയോ ചെയ്യരുതെന്നു മാത്രമേ ഭരണസംഘം ഉദ്ദേശിച്ചുള്ളുവെന്ന് ചിലർ ചിന്തിച്ചേക്കാം. ദൈവം നോഹയ്ക്കു നൽകിയ കൽപ്പനയുടെ പ്രാഥമിക അർഥം അതുതന്നെയായിരുന്നു എന്നതു ശരിതന്നെ. മാത്രമല്ല, ‘ശ്വാസംമുട്ടിച്ചത്തത്,’ അതായത് രക്തം വാർന്നുപോകാത്ത മാംസം ‘ഒഴിഞ്ഞിരിക്കേണം’ എന്ന് അപ്പൊസ്തലിക ശാസനം ക്രിസ്ത്യാനികളോട് ആവശ്യപ്പെടുകയും ചെയ്തു. (ഉല്പത്തി 9:3, 4; പ്രവൃത്തികൾ 21:25) എന്നിരുന്നാലും, അതിലും കൂടുതൽ കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആദിമ ക്രിസ്ത്യാനികൾക്ക് അറിയാമായിരുന്നു. ചിലപ്പോഴൊക്കെ ചികിത്സയുടെ ഭാഗമായി രക്തം കഴിച്ചിരുന്നു. അപസ്മാരം ഭേദമാക്കാനുള്ള ശ്രമത്തിൽ ചില വിജാതീയർ ചുടുരക്തം കുടിച്ചിരുന്നത് തെർത്തുല്യൻ നിരീക്ഷിക്കുകയുണ്ടായി. കൂടാതെ, രോഗ ചികിത്സയിലും ആരോഗ്യ സംരക്ഷണം എന്നു കരുതപ്പെട്ടിരുന്ന നടപടികളിലും രക്തത്തിന് മറ്റുപല ഉപയോഗങ്ങളും ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ട് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം രക്തം വർജിക്കുന്നതിൽ, “വൈദ്യശാസ്ത്രപരമായ” കാരണങ്ങൾക്കായി അതു ശരീരത്തിലേക്ക് എടുക്കാതിരിക്കുന്നതും ഉൾപ്പെട്ടു. അങ്ങനെ ചെയ്യുന്നത് അവരുടെ ജീവൻ അപകടത്തിൽ ആക്കുമായിരുന്നെങ്കിൽ പോലും അവർ ആ നിലപാടിൽ ഉറച്ചുനിന്നു.
രക്തം ചികിത്സയിൽ
10. ചികിത്സയിൽ രക്തം ഉപയോഗിച്ചുവരുന്ന ഏതാനും വിധങ്ങൾ ഏതൊക്കെയാണ്, ഇത് ഏതു ചോദ്യം ഉയർത്തുന്നു?
10 ചികിത്സയിൽ രക്തം ഉപയോഗിക്കുന്നത് ഇന്ന് സർവസാധാരണമാണ്. ആദ്യ കാലത്ത് രക്തപ്പകർച്ചയിൽ രക്തം അപ്പാടെ കുത്തിവെച്ചിരുന്നു. ദാതാവിൽനിന്നു ശേഖരിച്ചുവെച്ചിട്ട് രോഗിക്ക്, ഒരുപക്ഷേ യുദ്ധത്തിൽ മുറിവേറ്റയാൾക്ക് അതു നൽകിയിരുന്നു. കാലാന്തരത്തിൽ, ഗവേഷകർ രക്തത്തെ പ്രാഥമിക ഘടകങ്ങളായി വേർതിരിക്കാൻ പഠിച്ചു. വേർതിരിച്ചെടുത്ത ഘടകങ്ങൾ ആവശ്യാനുസരണം വ്യത്യസ്ത രോഗികൾക്കു കുത്തിവെച്ചുകൊണ്ട്, ഒരുപക്ഷേ പ്ലാസ്മ ഒരാൾക്കും അരുണ രക്താണുക്കൾ മറ്റൊരാൾക്കും നൽകിക്കൊണ്ട്, ദാനം ചെയ്യപ്പെട്ട രക്തം കൂടുതൽ ആളുകൾക്കു വീതിച്ചു നൽകാൻ ഡോക്ടർമാർക്കു കഴിഞ്ഞു. ഗവേഷണം പിന്നെയും പുരോഗമിച്ചപ്പോൾ, പ്ലാസ്മപോലുള്ള ഒരു പ്രാഥമിക ഘടകത്തെത്തന്നെ ഒട്ടനവധി ഘടകാംശങ്ങളായി വിഘടിപ്പിച്ചെടുക്കുക സാധ്യമാണെന്ന് അവർ കണ്ടെത്തി. അങ്ങനെ, അതു കുറെക്കൂടെ രോഗികൾക്കു വീതിച്ചു നൽകാമെന്നായി. ഈ വഴിക്കുള്ള ഗവേഷണം ഇപ്പോഴും തുടരുകയാണ്, ഘടകാംശങ്ങളുടെ പുതിയപുതിയ ഉപയോഗങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടുമിരിക്കുന്നു. ഒരു ക്രിസ്ത്യാനി ഇതിനോട് എങ്ങനെ പ്രതികരിക്കണം? എന്തുതന്നെവന്നാലും ഒരു രക്തപ്പകർച്ച സ്വീകരിക്കുകയില്ല എന്ന് അയാൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ രക്തത്തിലെ ഒരു പ്രാഥമിക ഘടകം, ഒരുപക്ഷേ സാന്ദ്രിത അരുണ രക്താണുക്കൾ, സ്വീകരിക്കാൻ ഡോക്ടർ അയാളെ പ്രോത്സാഹിപ്പിക്കുന്നു. അതല്ലെങ്കിൽ ഒരു പ്രാഥമിക ഘടകത്തിൽനിന്നു വിഘടിപ്പിച്ചെടുത്ത ഒരു ഘടകാംശം നൽകുന്നതായിരിക്കാം ചികിത്സയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ, രക്തം പവിത്രമാണെന്നും ക്രിസ്തുവിന്റെ രക്തം ആത്യന്തിക അർഥത്തിൽ ജീവരക്ഷാകരമാണെന്നും മനസ്സിൽ പിടിച്ചുകൊണ്ട് ഒരു ദൈവദാസന് എങ്ങനെ തീരുമാനം എടുക്കാൻ കഴിയും?
11. രക്തം സംബന്ധിച്ച് വൈദ്യശാസ്ത്രപരമായി കൃത്യതയുള്ള ഏതു നിലപാട് കാലങ്ങളായി യഹോവയുടെ സാക്ഷികൾ സ്വീകരിച്ചുപോന്നിരിക്കുന്നു?
11 പതിറ്റാണ്ടുകൾ മുമ്പുതന്നെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എന്ന വൈദ്യശാസ്ത്ര പ്രസിദ്ധീകരണത്തിന് അവർ ഒരു ലേഖനം സംഭാവന ചെയ്യുകയുണ്ടായി. (നവംബർ 27, 1981; രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? പേജ് 27-9-ൽ പുനർമുദ്രണം ചെയ്യപ്പെട്ടത്)a ലേഖനം ഉല്പത്തി, ലേവ്യപുസ്തകം, പ്രവൃത്തികൾ എന്നിവയിൽനിന്ന് ഉദ്ധരിച്ചു. അത് ഇങ്ങനെ പറഞ്ഞു: “ഈ വാക്യങ്ങളിൽ വൈദ്യശാസ്ത്രപരമായ പദങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടില്ലെങ്കിലും അവ രക്തം അപ്പാടെ പകരുന്നതും അരുണാണുക്കൾ, പ്ലാസ്മ, ശ്വേതാണുക്കൾ, പ്ലെയ്ററ്ലൈററ് എന്നിവയുടെ ഉപയോഗവും വിലക്കുന്നു എന്നതാണ് സാക്ഷികളുടെ വീക്ഷണം.” 2001-ലെ അടിയന്തിര ശുശ്രൂഷ (ഇംഗ്ലീഷ്) എന്ന പാഠപുസ്തകം “രക്ത ഘടന” എന്ന തലക്കെട്ടിനുതാഴെ ഇപ്രകാരം പ്രസ്താവിച്ചു: “പ്ലാസ്മ, അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പേറ്റ്ലെറ്റുകൾ എന്നിങ്ങനെ വിവിധ ഘടകങ്ങളാൽ നിർമിതമാണ് രക്തം.” അതുകൊണ്ട് വൈദ്യശാസ്ത്രപരമായ വസ്തുതകളോടുള്ള ചേർച്ചയിൽ, യഹോവയുടെ സാക്ഷികൾ രക്തം അപ്പാടെയോ രക്തത്തിലെ നാലു പ്രാഥമിക ഘടകങ്ങളോ സ്വീകരിക്കാൻ വിസമ്മതിക്കുന്നു.
12. (എ) രക്തത്തിന്റെ പ്രാഥമിക ഘടകങ്ങളിൽനിന്നു വിഘടിപ്പിച്ചെടുക്കുന്ന ഘടകാംശങ്ങൾ സംബന്ധിച്ച് ഏതു നിലപാട് വ്യക്തമാക്കപ്പെട്ടിരിക്കുന്നു? (ബി) ഇതിനെ കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ എവിടെ കണ്ടെത്താവുന്നതാണ്?
12 വൈദ്യശാസ്ത്ര ലേഖനം ഇങ്ങനെ തുടർന്നു: “സാക്ഷികളുടെ മതപരമായ ഗ്രാഹ്യം [ഘടകാംശങ്ങളായ] അൽബുമിൻ, ഇമ്മ്യൂൺ ഗ്ലോബുലൻസ്, ഹീമോഫിലിയാക് തയ്യാറിപ്പുകൾ [ഔഷധങ്ങൾ] എന്നിവയുടെ ഉപയോഗത്തെ പൂർണമായി വിലക്കുന്നില്ല. ഇവ സ്വീകരിക്കാമോ എന്ന് ഓരോ സാക്ഷിയും വ്യക്തിപരമായി തീരുമാനിക്കേണ്ടതുണ്ട്.” 1981 മുതൽ ചികിത്സാപരമായ ഉപയോഗങ്ങൾക്കായി നിരവധി ഘടകാംശങ്ങൾ (നാലു പ്രാഥമിക ഘടകങ്ങളിൽ ഏതിൽനിന്നും വിഘടിപ്പിച്ചെടുക്കുന്ന അംശങ്ങൾ) വേർതിരിച്ചെടുത്തിട്ടുണ്ട്. 2000 ജൂൺ 15 ലക്കം വീക്ഷാഗോപുരം “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തി, ഈ വിഷയം സംബന്ധിച്ച് സഹായകമായ വിവരങ്ങൾ നൽകുകയുണ്ടായി. ഇന്നത്തെ ദശലക്ഷക്കണക്കിനു വായനക്കാരുടെ പ്രയോജനത്തിനുവേണ്ടി ഈ മാസികയുടെ 29-31 പേജുകളിൽ ആ ഉത്തരം പുനർമുദ്രണം ചെയ്തിട്ടുണ്ട്. അതിൽ വളരെ വിശദാംശങ്ങളും ന്യായവാദങ്ങളും കൊടുത്തിട്ടുണ്ട്, എങ്കിലും അതെല്ലാം 1981-ൽ നൽകപ്പെട്ട അടിസ്ഥാന ആശയങ്ങളുമായി യോജിപ്പിലാണെന്ന് നിങ്ങൾക്കു കാണാൻ കഴിയും.
നിങ്ങളുടെ മനസ്സാക്ഷി വഹിക്കുന്ന പങ്ക്
13, 14. (എ) മനസ്സാക്ഷി എന്നാൽ എന്ത്, രക്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതിന്റെ പങ്ക് എന്ത്? (ബി) മാംസം ഭക്ഷിക്കുന്നതു സംബന്ധിച്ച് ദൈവം ഇസ്രായേല്യർക്ക് എന്തു മാർഗനിർദേശം നൽകി, എന്നാൽ ഏതു ചോദ്യങ്ങൾ ഉയർന്നുവന്നിരിക്കാം?
13 അത്തരം വിവരങ്ങൾ മനസ്സാക്ഷിയെ മുന്നോട്ടു കൊണ്ടുവരുന്നു. എന്തുകൊണ്ട്? ദൈവത്തിന്റെ മാർഗനിർദേശം അനുസരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ക്രിസ്ത്യാനികൾ യോജിപ്പുള്ളവരാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ മനസ്സാക്ഷി രംഗത്തു വരുന്നു. മിക്കപ്പോഴും ധാർമികതയോടു ബന്ധപ്പെട്ടവ പോലുള്ള കാര്യങ്ങളിൽ വസ്തുതകൾ തൂക്കിനോക്കി അവ സംബന്ധിച്ച് തീരുമാനത്തിൽ എത്തിച്ചേരാനുള്ള സഹജ പ്രാപ്തിയാണ് മനസ്സാക്ഷി. (റോമർ 2:14, 15) എന്നിരുന്നാലും, നിങ്ങൾക്കറിയാവുന്നതുപോലെ എല്ലാവരുടെയും മനസ്സാക്ഷി ഒരുപോലെയല്ല.b ചിലരുടേത് “ബലഹീനമനസ്സാക്ഷി” ആണെന്ന് ബൈബിൾ പരാമർശിക്കുന്നു. അതിന്റെ അർഥം മറ്റുചിലരുടെ മനസ്സാക്ഷി ശക്തമാണ് എന്നാണല്ലോ. (1 കൊരിന്ത്യർ 8:12) ദൈവത്തിന്റെ ഇഷ്ടത്തെയും ചിന്തകളെയും സംബന്ധിച്ച ഗ്രാഹ്യത്തിലും അവ കണക്കിലെടുത്തുകൊണ്ടു തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിലും ക്രിസ്ത്യാനികൾ വ്യത്യസ്ത അളവിലാണ് പുരോഗതി പ്രാപിച്ചിട്ടുള്ളത്. ഇതിനെ നമുക്ക് മാംസം ഭക്ഷിച്ചിരുന്ന യഹൂദന്മാരുടെ സാഹചര്യത്തോട് താരതമ്യം ചെയ്യാം.
14 ദൈവം പറയുന്നത് അനുസരിക്കുന്ന ഒരു വ്യക്തി രക്തം വാർന്നു പോകാത്ത മാംസം ഭക്ഷിക്കുകയില്ല എന്ന് സംശയത്തിന് ഇടയില്ലാത്തവിധം ബൈബിൾ വ്യക്തമാക്കുന്നു. ആ കൽപ്പന അങ്ങേയറ്റം പ്രധാനപ്പെട്ട ഒന്നായിരുന്നു. കാരണം ഒരു അടിയന്തിര സാഹചര്യത്തിൽ ആയിരുന്നിട്ടുകൂടി ഇസ്രായേല്യ പടയാളികൾ രക്തത്തോടു കൂടെ മാംസം ഭക്ഷിച്ചപ്പോൾ അവർ ഗുരുതരമായ ലംഘനം അഥവാ പാപം സംബന്ധിച്ച് കുറ്റക്കാരായിരുന്നു. (ആവർത്തനപുസ്തകം 12:15, 16; 1 ശമൂവേൽ 14:31-35) എന്നിരുന്നാലും മാംസം ഭക്ഷിക്കുന്നതിനോടുള്ള ബന്ധത്തിൽ പല ചോദ്യങ്ങളും ഉയർന്നുവന്നിരിക്കാം. ഒരു ഇസ്രായേല്യൻ ഒരു ആടിനെ കൊല്ലുമ്പോൾ എത്രപെട്ടെന്ന് അതിന്റെ രക്തം കളയേണ്ടിയിരുന്നു? രക്തം വാർന്നുപോകാൻ അയാൾ മൃഗത്തിന്റെ കഴുത്ത് അറുക്കേണ്ടതുണ്ടായിരുന്നോ? അതിനെ പിൻകാലുകളിൽ കെട്ടിത്തൂക്കി ഇടേണ്ടതുണ്ടായിരുന്നോ? ഉണ്ടെങ്കിൽ എത്ര നേരം? വലിപ്പമുള്ള ഒരു മാടിനെ ആണെങ്കിൽ അയാൾ എന്തു ചെയ്യുമായിരുന്നു? രക്തം വാർന്നു പോകാൻ അനുവദിച്ച ശേഷം പോലും കുറച്ചു രക്തം മാംസത്തിൽ ഉണ്ടായിരുന്നേക്കാം. ആ മാംസം അയാൾക്കു തിന്നാമായിരുന്നോ? ആരു തീരുമാനിക്കുമായിരുന്നു?
15. മാംസം ഭക്ഷിക്കുന്നതു സംബന്ധിച്ച് ചില യഹൂദന്മാർ എങ്ങനെ പ്രതികരിച്ചു, എന്നാൽ ദൈവം എന്തു മാർഗനിർദേശമാണു നൽകിയത്?
15 അത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന തീക്ഷ്ണതയുള്ള ഒരു യഹൂദനെ കുറിച്ചു സങ്കൽപ്പിക്കുക. അങ്ങാടിയിൽ വിൽക്കുന്ന മാംസം ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്ന് അയാൾ ചിന്തിച്ചിരിക്കാം, വിഗ്രഹാർപ്പിതമായിരിക്കാനുള്ള സാധ്യത ഉള്ളപ്പോൾ മറ്റൊരു യഹൂദൻ മാംസം ഭക്ഷിക്കുന്നത് വേണ്ടെന്നു വെച്ചാക്കാമെന്നതുപോലെതന്നെ. രക്തം കളയാനുള്ള അനുഷ്ഠാനങ്ങൾ പിൻപറ്റിയശേഷം മാത്രമായിരിക്കാം മറ്റു ചില യഹൂദന്മാർ മാംസം തിന്നിരുന്നത്.c (മത്തായി 23:23, 24) വ്യത്യസ്തമായ അത്തരം പ്രതികരണങ്ങളെ കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു? അത്തരം സംഗതികൾ ദൈവം ആവശ്യപ്പെട്ടിട്ടില്ലായിരുന്നതിനാൽ തീർപ്പു കൽപ്പിക്കാനായി ഒരു കെട്ട് ചോദ്യങ്ങൾ റബ്ബിമാരുടെ ഒരു സംഘത്തിന് അയയ്ക്കുന്നതായിരുന്നിരിക്കുമോ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉചിതം? അങ്ങനെയൊരു കീഴ്വഴക്കം യഹൂദന്മാരുടെ ഇടയിൽ വികാസം പ്രാപിച്ചെങ്കിലും രക്തം സംബന്ധിച്ചുള്ള തീരുമാനങ്ങൾക്കായി സത്യാരാധകർ അത്തരമൊരു വിധത്തിൽ നീങ്ങാൻ യഹോവ നിർദേശം നൽകിയിട്ടില്ലാത്തതിൽ നമുക്കു സന്തോഷിക്കാം. ശുദ്ധിയുള്ള മൃഗങ്ങളെ അറുക്കുന്നതും അവയുടെ രക്തം കളയുന്നതും സംബന്ധിച്ച അടിസ്ഥാന മാർഗനിർദേശം ദൈവം നൽകി, അവൻ കൂടുതൽ വിശദാംശങ്ങളിലേക്കു കടന്നില്ല.—യോഹന്നാൻ 8:32.
16. രക്തത്തിലെ ഒരു പ്രാഥമിക ഘടകത്തിൽനിന്നു വേർതിരിച്ചെടുത്ത തീരെ ചെറിയ ഒരു ഘടകാംശത്തിന്റെ കുത്തിവെപ്പ് സ്വീകരിക്കുന്നതു സംബന്ധിച്ച് ക്രിസ്ത്യാനികൾക്ക് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
16 മുമ്പ് 11, 12 ഖണ്ഡികകളിൽ പറഞ്ഞതുപോലെ, യഹോവയുടെ സാക്ഷികൾ രക്തം അപ്പാടെയോ രക്തത്തിലെ നാലു പ്രാഥമിക ഘടകങ്ങളായ പ്ലാസ്മ, അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിവയോ യാതൊരു കാരണവശാലും സ്വീകരിക്കുകയില്ല. എന്നാൽ ഒരു പ്രാഥമിക ഘടകത്തിൽനിന്നു വേർതിരിച്ചെടുത്ത ഒരു ഘടകാംശത്തെ സംബന്ധിച്ചെന്ത്? ഉദാഹരണത്തിന്, ഏതെങ്കിലും രോഗത്തിനെതിരെ പോരാടാനോ സർപ്പവിഷത്തെ നിർവീര്യമാക്കാനോ കഴിവുള്ള പ്രതിദ്രവ്യങ്ങൾ (antibodies) അടങ്ങിയിട്ടുള്ള സീറങ്ങൾ സ്വീകരിക്കാമോ? (30-ാം പേജിലെ 4-ാം ഖണ്ഡിക കാണുക.) വേർതിരിക്കപ്പെട്ടാൽപ്പിന്നെ അത്തരം സൂക്ഷ്മ ഘടകാംശങ്ങൾ ഫലത്തിൽ രക്തമല്ലെന്നും തന്നിമിത്തം ‘രക്തം വർജിക്കാനുള്ള’ കൽപ്പനയിൻകീഴിൽ അവ വരുന്നില്ലെന്നും ചിലർ നിഗമനം ചെയ്യുന്നു. (പ്രവൃത്തികൾ 15:29; 21:25; പേജ് 31, ഖണ്ഡിക 1) അതിന്റെ ഉത്തരവാദിത്വം അവർക്കുള്ളതാണ്. മറ്റു ക്രിസ്ത്യാനികളുടെ മനസ്സാക്ഷി, രക്തത്തിൽനിന്ന് (മനുഷ്യന്റെയോ മൃഗത്തിന്റെയോ) എടുത്തിട്ടുള്ള സകലതും, ഏതെങ്കിലും ഒരു പ്രാഥമിക ഘടകത്തിൽനിന്നു വേർതിരിച്ചെടുത്ത ഒരു സൂക്ഷ്മ ഘടകാംശം പോലും, നിരസിക്കാൻ അവരെ പ്രചോദിപ്പിക്കുന്നു.d ഇനിയും ചിലരാകട്ടെ രോഗത്തിനെതിരെ പോരാടാനോ സർപ്പവിഷത്തെ നിർവീര്യമാക്കാനോ കഴിവുള്ള പ്ലാസ്മ പ്രോട്ടീൻ കുത്തിവെപ്പുകൾ സ്വീകരിക്കുമ്പോൾത്തന്നെ മറ്റു ഘടകാംശങ്ങൾ നിരസിച്ചേക്കാം. മാത്രമല്ല, പ്രാഥമിക ഘടകങ്ങളിൽ ഏതിൽനിന്നെങ്കിലും വേർതിരിച്ചെടുത്തിട്ടുള്ള ചില ഉത്പന്നങ്ങൾ ആ പ്രാഥമിക ഘടകത്തോടു വളരെ സമാനമായ വിധത്തിൽ പ്രവർത്തിക്കുകയും ജീവൻ നിലനിറുത്തുന്നതിൽ അതിനോളംതന്നെ പ്രാധാന്യമുള്ള ഒരു ധർമം ശരീരത്തിൽ നിറവേറ്റുകയും ചെയ്യുന്നതു നിമിത്തം മിക്ക ക്രിസ്ത്യാനികളും അവയെ അസ്വീകാര്യമായി വീക്ഷിക്കും.
17. (എ) രക്തത്തിലെ ഘടകാംശങ്ങളെ സംബന്ധിച്ച് നാം ചോദ്യങ്ങളെ നേരിടുമ്പോൾ നമ്മുടെ മനസ്സാക്ഷിക്ക് നമ്മെ സഹായിക്കാൻ കഴിയുന്നത് എങ്ങനെ? (ബി) ഈ കാര്യത്തിൽ തീരുമാനമെടുക്കുന്നത് വളരെ ഗൗരവമുള്ള സംഗതി ആയിരിക്കുന്നത് എന്തുകൊണ്ട്?
17 മനസ്സാക്ഷിയെ കുറിച്ചു ബൈബിൾ പറയുന്നത് നാം അത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ സഹായകമാണ്. ദൈവവചനം എന്തു പറയുന്നുവെന്ന് മനസ്സിലാക്കി നിങ്ങളുടെ മനസ്സാക്ഷിയെ അതനുസരിച്ച് വാർത്തെടുക്കാൻ പരിശ്രമിക്കുക എന്നതാണ് ഒന്നാമത്തെ പടി. അങ്ങനെ ചെയ്യുന്നത്, നിങ്ങൾക്കു വേണ്ടി ഒരു തീരുമാനം എടുക്കാൻ മറ്റൊരാളോട് ആവശ്യപ്പെടാതെ ദൈവിക മാർഗനിർദേശത്തിനു ചേർച്ചയിൽ സ്വയം തീരുമാനമെടുക്കാൻ നിങ്ങളെ സജ്ജരാക്കും. (സങ്കീർത്തനം 25:4, 5) ‘ഇത് മനസ്സാക്ഷിക്കു വിട്ടിരിക്കുന്ന കാര്യമല്ലേ, അതുകൊണ്ട് എങ്ങനെ ചെയ്താലെന്താ’ എന്ന് രക്തത്തിന്റെ ഘടകാംശങ്ങൾ സ്വീകരിക്കുന്നതിനോടുള്ള ബന്ധത്തിൽ ചിലയാളുകൾ ചിന്തിച്ചിട്ടുണ്ട്. അത് തെറ്റായ ന്യായവാദമാണ്. ഒരു സംഗതി മനസ്സാക്ഷിക്കു വിട്ടിരിക്കുന്നു എന്നതുകൊണ്ട് അത് നിസ്സാരമാണ് എന്ന് അർഥമില്ല. അതിനു ഗുരുതരമായ ഭവിഷ്യത്തുകൾ വരുത്തിവെക്കാൻ കഴിഞ്ഞേക്കാം. നമ്മുടേതിൽ നിന്നു വ്യത്യസ്തമായ മനസ്സാക്ഷിയുള്ളവരെ അതു ബാധിച്ചേക്കാം എന്നതാണ് ഒരു സംഗതി. അങ്ങാടിയിൽകൊണ്ടുവന്ന് വിൽക്കുന്ന വിഗ്രഹാർപ്പിതമായിരിക്കാൻ സാധ്യതയുള്ള മാംസത്തെ കുറിച്ചുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിൽ നാം ഈ ആശയം കാണുന്നു. മറ്റുള്ളവരുടെ ‘ബലഹീനമനസ്സാക്ഷിയെ ദണ്ഡിപ്പിക്കാ’തിരിക്കാൻ ഒരു ക്രിസ്ത്യാനി ജാഗ്രതയുള്ളവനായിരിക്കേണ്ടതാണ്. അയാൾ മറ്റുള്ളവരെ ഇടറിക്കുന്നെങ്കിൽ, ‘ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ സഹോദരൻ നശിച്ചുപോകാൻ’ ഇടയാക്കിയേക്കാം. അതു ക്രിസ്തുവിനോടുള്ള പാപമാണ്. അതുകൊണ്ട്, രക്തത്തിലെ സൂക്ഷ്മ ഘടകാംശങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം വ്യക്തിപരമാണെങ്കിലും അതീവ ഗൗരവത്തോടെ വേണം അവ കൈക്കൊള്ളാൻ.—1 കൊരിന്ത്യർ 8:8, 11-13; 10:25-31.
18. രക്തത്തോടു ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ മനസ്സാക്ഷി തഴമ്പിച്ചു പോകുന്നത് ഒഴിവാക്കാൻ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ സാധിക്കും?
18 രക്തം സംബന്ധിച്ചുള്ള തീരുമാനങ്ങളുടെ ഗൗരവത്തിന് അടിവരയിടുന്ന ബന്ധപ്പെട്ട മറ്റൊരു സംഗതിയുണ്ട്. അത്തരം തീരുമാനങ്ങൾക്ക് നിങ്ങളുടെ മേൽ ഉണ്ടായിരുന്നേക്കാവുന്ന ഫലം ആണ് അത്. രക്തത്തിലെ ഒരു സൂക്ഷ്മ ഘടകാംശംപോലും സ്വീകരിക്കുന്നത് നിങ്ങളുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുമെങ്കിൽ നിങ്ങൾ അത് അവഗണിക്കരുത്. “ഓ, അതിനു കുഴപ്പമൊന്നുമില്ല; എത്രയോപേർ അങ്ങനെ ചെയ്യുന്നു” എന്ന് മറ്റാരെങ്കിലും പറയുന്നതുകൊണ്ട് നിങ്ങൾ നിങ്ങളുടെ മനസ്സാക്ഷിയെ അടിച്ചമർത്തുകയും അരുത്. ഇന്ന് ദശലക്ഷങ്ങൾ തങ്ങളുടെ മനസ്സാക്ഷിയെ അവഗണിക്കുന്നുവെന്നത് മനസ്സിൽ പിടിക്കുക. അങ്ങനെ അവരുടെ മനസ്സാക്ഷി തഴമ്പിച്ചുപോകുന്നു, നുണപറഞ്ഞാലോ മറ്റു തെറ്റുകൾ ചെയ്താലോ ഒന്നും അവർക്ക് യാതൊരു മനസ്സാക്ഷിക്കുത്തും തോന്നാതാകുന്നു. അത്തരമൊരു ഗതി ഒഴിവാക്കാൻ ക്രിസ്ത്യാനികൾ തീർച്ചയായും ആഗ്രഹിക്കുന്നു.—2 ശമൂവേൽ 24:10; 1 തിമൊഥെയൊസ് 4:1-3.
19. രക്തത്തോടു ബന്ധപ്പെട്ട ചികിത്സാപ്രശ്നങ്ങളിൽ തീരുമാനം എടുക്കുമ്പോൾ നമ്മുടെ മനസ്സിൽ എന്തിനായിരിക്കണം ഏറ്റവും പ്രാധാന്യം?
19 ഈ മാസികയുടെ 29-31 പേജുകളിൽ പുനർമുദ്രണം ചെയ്തിരിക്കുന്ന ഉത്തരം അതിന്റെ ഉപസംഹാരത്തോടടുത്ത് ഇങ്ങനെ പറയുന്നു: “ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളും മനസ്സാക്ഷിപരമായ തീരുമാനങ്ങളും ആയിരിക്കാം ഉള്ളത് എന്ന വസ്തുത രക്തം സംബന്ധിച്ച പ്രശ്നം ഒരു പ്രാധാന്യമില്ലാത്ത സംഗതിയാണെന്നു സൂചിപ്പിക്കുന്നുണ്ടോ? ഇല്ല. ഇത് പ്രാധാന്യമുള്ളതു തന്നെയാണ്.” ‘ജീവനുള്ള ദൈവത്തോടുള്ള’ നിങ്ങളുടെ ബന്ധം ഉൾപ്പെട്ടിരിക്കുന്നതിനാൽ അതു വിശേഷാൽ സത്യമാണ്. ആ ബന്ധത്തിനു മാത്രമേ, യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ രക്ഷാശക്തിയുടെ അടിസ്ഥാനത്തിൽ നമ്മെ നിത്യജീവനിലേക്കു നയിക്കാൻ കഴിയൂ. രക്തം മൂലം ദൈവം ചെയ്തുകൊണ്ടിരിക്കുന്ന സംഗതി നിമിത്തം, അതായത് ആളുകളുടെ ജീവൻ രക്ഷിക്കുന്നതുനിമിത്തം അതിനോട് ആഴമായ ആദരവ് നട്ടുവളർത്തുക. പൗലൊസ് യഥോചിതം ഇങ്ങനെ എഴുതി: “നിങ്ങൾ . . . പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ. മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—എഫെസ്യർ 2:12, 13.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
b ഒരിക്കൽ പൗലൊസും മറ്റു നാലു ക്രിസ്ത്യാനികളും തങ്ങളെത്തന്നെ ആചാരപരമായി ശുദ്ധീകരിക്കാൻ ആലയത്തിൽ പോകുകയുണ്ടായി. ന്യായപ്രമാണം മേലാൽ പ്രാബല്യത്തിലുണ്ടായിരുന്നില്ല, എങ്കിലും യെരൂശലേമിലെ മൂപ്പന്മാരുടെ ബുദ്ധിയുപദേശം അനുസരിച്ച് പൗലൊസ് പ്രവർത്തിച്ചു. (പ്രവൃത്തികൾ 21:23-25) എന്നിരുന്നാലും, തങ്ങൾ ഒരിക്കലും ആലയത്തിൽ പോകുകയോ അത്തരമൊരു ആചാരം അനുഷ്ഠിക്കുകയോ ചെയ്യുകയില്ലെന്ന് തീരുമാനിച്ചിരുന്ന ക്രിസ്ത്യാനികൾ ഉണ്ടായിരുന്നിരിക്കാം. അന്ന് ആളുകളുടെ മനസ്സാക്ഷികൾ തമ്മിൽ വ്യത്യാസമുണ്ടായിരുന്നു, ഇന്നും അത് അങ്ങനെതന്നെയാണ്.
c യഹൂദവിധിപ്രകാരം മാംസം ഭക്ഷ്യയോഗ്യമാക്കാൻ സ്വീകരിക്കേണ്ട “സങ്കീർണവും വിശദാംശ ബഹുലവുമായ” ചിട്ടവട്ടങ്ങൾ എൻസൈക്ലോപീഡിയ ജൂഡായിക്ക അക്കമിട്ടു നിരത്തുന്നു. മാംസം എത്രനേരം വെള്ളത്തിൽ ഇടണം, വെള്ളം വാർന്നുപോകാൻ അത് എങ്ങനെ ഒരു പലകയിൽ വെക്കണം, അതിൽ തേക്കേണ്ട ഉപ്പ് ഏതു തരത്തിലുള്ളതായിരിക്കണം, തുടർന്ന് തണുത്ത വെള്ളത്തിൽ അത് എത്ര പ്രാവശ്യം കഴുകണം എന്നിവയെ കുറിച്ചെല്ലാം അതു പറയുന്നു.
d അടുത്തയിടയായി, ചില കുത്തിവെപ്പുകളിലെ മുഖ്യ അഥവാ സജീവ ഘടകം രക്തത്തിൽനിന്നുള്ളതല്ലാത്ത ഒരു കൃത്രിമ ഉത്പന്നമാണ്. എന്നാൽ ചിലതിൽ ചെറിയ അളവിൽ ആൽബുമിൻ പോലുള്ള, രക്തത്തിലെ ഘടകാംശങ്ങൾ അടങ്ങിയിരിക്കാം.—1994 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
• രക്തം സംബന്ധിച്ച് ദൈവം നോഹയ്ക്കും ഇസ്രായേല്യർക്കും ക്രിസ്ത്യാനികൾക്കും എന്തു മാർഗനിർദേശം നൽകി?
• രക്തത്തോടുള്ള ബന്ധത്തിൽ യഹോവയുടെ സാക്ഷികൾ പൂർണമായും എന്തു നിരസിക്കുന്നു?
• രക്തത്തിലെ ഏതെങ്കിലും പ്രാഥമിക ഘടകത്തിൽനിന്ന് വേർതിരിച്ചെടുത്ത ഘടകാംശങ്ങൾ സ്വീകരിക്കുന്നതു സംബന്ധിച്ച് ഓരോരുത്തരും മനസ്സാക്ഷി അനുസരിച്ചു തീരുമാനിക്കണം എന്നു പറയുന്നത് ഏത് അർഥത്തിലാണ്, എന്നാൽ അത് എന്ത് അർഥമാക്കുന്നില്ല?
• തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ദൈവത്തോടുള്ള നമ്മുടെ ബന്ധം നാം മനസ്സിൽ ഒന്നാമതു വെക്കേണ്ടത് എന്തുകൊണ്ട്?
[22-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
രക്തം സംബന്ധിച്ചുള്ള അടിസ്ഥാനപരമായ നിലപാട്
രക്തം അപ്പാടെ (whole blood)
▾ ▾ ▾ ▾
സ്വീകാര്യമല്ല അരുണ ശ്വേത പ്ലേറ്റ്ലെറ്റുകൾ പ്ലാസ്മ
രക്താണുക്കൾ രക്താണുക്കൾ
ക്രിസ്ത്യാനി ▾ ▾ ▾ ▾
തീരുമാനിക്കേണ്ടത് അരുണ ശ്വേത പ്ലേറ്റ്ലെറ്റുകളിൽനിന്നു പ്ലാസ്മയിൽനിന്നു
രക്താണുക്കളിൽനിന്നു രക്താണുക്കളിൽനിന്നു വിഘടിപ്പിച്ചെടുത്ത വിഘടിപ്പിച്ചെടുത്ത
വിഘടിപ്പിച്ചെടുത്ത വിഘടിപ്പിച്ചെടുത്ത ഘടകാംശങ്ങൾ ഘടകാംശങ്ങൾ
ഘടകാംശങ്ങൾ ഘടകാംശങ്ങൾ
[20-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനികൾ ‘രക്തം വർജിക്കണം’ എന്ന് ഭരണസംഘം തീരുമാനത്തിലെത്തി
[23-ാം പേജിലെ ചിത്രം]
രക്തത്തിലെ ഘടകാംശങ്ങൾ സ്വീകരിക്കുന്നതിനോടുള്ള ബന്ധത്തിൽ തീരുമാനം എടുക്കുമ്പോൾ നിങ്ങളുടെ മനസ്സാക്ഷിയെ അവഗണിക്കരുത്