ജീവന്റെ ദാനത്തെ വേണ്ടവിധം വിലമതിക്കുക
‘ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ [നമ്മുടെ] മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി ശുദ്ധീകരിക്കും.’—എബ്രായർ 9:14.
1. നാം ജീവനു വളരെയധികം വില കൽപ്പിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്?
നിങ്ങളുടെ ജീവന് ഒരു വിലയിടാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ, നിങ്ങൾ എന്തു വില നിശ്ചയിക്കും? നാമെല്ലാം ജീവനെ—നമ്മുടേതായാലും മറ്റുള്ളവരുടേതായാലും—അങ്ങേയറ്റം വിലപ്പെട്ടതായി കരുതുന്നു. ചികിത്സയ്ക്കോ ക്രമമായ വൈദ്യപരിശോധനയ്ക്കോ ആയി നാം ഡോക്ടറെ കാണാൻ പോകുന്നതുതന്നെ അതിന്റെ തെളിവാണ്. ജീവിച്ചിരിക്കാനും ആരോഗ്യം നിലനിറുത്താനും നാം ആഗ്രഹിക്കുന്നു. വൃദ്ധരും ശാരീരിക വൈകല്യങ്ങൾ ഉള്ളവരും പോലും മരിക്കാൻ ആഗ്രഹിക്കുന്നതു വിരളമാണ്; തുടർന്നു ജീവിക്കാനാണ് എല്ലാവരുടെയും ആഗ്രഹം.
2, 3. (എ) സദൃശവാക്യങ്ങൾ 23:22 ഏതു കടപ്പാടിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു? (ബി) സദൃശവാക്യങ്ങൾ 23:22-ൽ പരാമർശിച്ചിരിക്കുന്ന കടപ്പാടിൽ ദൈവം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
2 നിങ്ങൾ ജീവനെ എത്രത്തോളം വിലയുള്ളതായി കരുതുന്നു എന്നത് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കുന്നു. ദൃഷ്ടാന്തത്തിന്, ദൈവവചനം ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.” (സദൃശവാക്യങ്ങൾ 23:22) ഇവിടെ “കേൾക്ക” എന്നതിൽ കേവലം ശ്രവിക്കുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിട്ടുണ്ട്; കേട്ടനുസരിക്കുക എന്നാണ് ഈ സദൃശവാക്യത്തിന്റെ അർഥം. (പുറപ്പാടു 15:26; ആവർത്തനപുസ്തകം 7:12; 13:18; 15:4, 5; യോശുവ 22:2; സങ്കീർത്തനം 81:13) മാതാപിതാക്കളെ കേട്ടനുസരിക്കുന്നതിന് ദൈവവചനം നൽകുന്ന കാരണം എന്താണ്? കേവലം മാതാപിതാക്കൾ നിങ്ങളെക്കാൾ പ്രായമുള്ളവരാണ് അല്ലെങ്കിൽ അവർക്കു കൂടുതൽ അനുഭവപരിചയമുണ്ട് എന്നതല്ല, പിന്നെയോ അവർ നിങ്ങളെ ‘ജനിപ്പിച്ചു’ എന്നതാണ് തിരുവെഴുത്തു നൽകുന്ന കാരണം. “നിനക്കു ജീവൻ നൽകിയ പിതാവിന്റെ വാക്കു കേൾക്കുക” എന്ന് ചില ഭാഷാന്തരങ്ങൾ ഈ വാക്യത്തെ പരിഭാഷ ചെയ്യുന്നു. അതുകൊണ്ട് ആശയമിതാണ്: നിങ്ങളുടെ ജീവനെ നിങ്ങൾ വിലമതിക്കുന്നുണ്ടെങ്കിൽ ആ ജീവന്റെ ഉറവിനോട് നിങ്ങൾക്കു സ്വാഭാവികമായും ഒരു കടപ്പാട് തോന്നും.
3 നിങ്ങൾ ഒരു സത്യക്രിസ്ത്യാനിയാണെങ്കിൽ, നിങ്ങളുടെ ജീവന്റെ ആത്യന്തിക ഉറവായി യഹോവയെ നിങ്ങൾ അംഗീകരിക്കുന്നുണ്ട് എന്നതിനു സംശയമില്ല. നിങ്ങൾക്കു ‘ജീവൻ’ ലഭിച്ചതും നിങ്ങൾ ‘ചരിക്കുന്നതും’ ഇന്ദ്രിയബോധമുള്ള ജീവികളായി പ്രവർത്തിക്കുന്നതും ഇപ്പോൾ ‘സ്ഥിതിചെയ്യുന്നതും’ (ഓശാന ബൈബിൾ) നിത്യജീവൻ ഉൾപ്പെടെയുള്ള ഭാവിയെ കുറിച്ചു നിങ്ങൾക്കു ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കഴിയുന്നതും അവനാലാണ്. (പ്രവൃത്തികൾ 17:28; സങ്കീർത്തനം 36:9; സഭാപ്രസംഗി 3:11) അതുകൊണ്ട് ജീവനെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാനും അതിൻപ്രകാരം പ്രവർത്തിക്കാനും ആഗ്രഹിച്ചുകൊണ്ട്, സദൃശവാക്യങ്ങൾ 23:22-നു ചേർച്ചയിൽ ദൈവം പറയുന്നത് അനുസരണപൂർവം ‘കേൾക്കുന്നത്’ തികച്ചും ഉചിതമായിരിക്കും. അതല്ലാതെ ജീവനെ കുറിച്ചുള്ള മറ്റു വിലയിരുത്തലുകൾക്കു നാം ചെവിതിരിക്കരുത്.
ജീവനോട് ആദരവു കാണിക്കുക
4. മാനവ ചരിത്രത്തിന്റെ ആരംഭത്തിൽ ജീവനോടുള്ള ആദരവ് ഒരു പ്രധാന വിഷയമെന്ന നിലയിൽ ഉയർന്നുവന്നത് എങ്ങനെ?
4 തങ്ങൾക്കു ബോധിച്ച വിധത്തിൽ ജീവൻ ഉപയോഗിക്കാൻ (അല്ലെങ്കിൽ ദുരുപയോഗം ചെയ്യാൻ) യഹോവ മനുഷ്യനെ അനുവദിച്ചിട്ടില്ല എന്ന് മാനവ ചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ അവൻ വ്യക്തമാക്കി. അസൂയ നിമിത്തം കുപിതനായിത്തീർന്ന കയീൻ നിരപരാധിയായ തന്റെ സഹോദരൻ ഹാബെലിന്റെ ജീവൻ ഹനിച്ചു. ജീവന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം എടുക്കാൻ കയീന് അവകാശമുണ്ടായിരുന്നെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? ദൈവം അങ്ങനെ വിചാരിച്ചില്ല. അവൻ കയീനോട് കണക്കു ചോദിച്ചു: “നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പത്തി 4:10) ഭൂമിയിൽ ചൊരിയപ്പെട്ട ഹാബെലിന്റെ രക്തം അകാലത്തിൽ നിർദാക്ഷിണ്യം പിഴുതെറിയപ്പെട്ട അവന്റെ ജീവനെ പ്രതിനിധാനം ചെയ്തെന്നു കുറിക്കൊള്ളുക. ആ രക്തം പ്രതികാരത്തിനായി ദൈവത്തോടു നിലവിളിച്ചു.—എബ്രായർ 12:24.
5. (എ) ദൈവം നോഹയുടെ നാളിൽ എന്തു വിലക്ക് ഏർപ്പെടുത്തി, അത് ബാധകമായത് ആർക്ക്? (ബി) ഏത് അർഥത്തിലാണ് ഈ വിലക്ക് ഒരു സുപ്രധാന നടപടി ആയിരുന്നത്?
5 പ്രളയാനന്തരം കേവലം എട്ടു പേരടങ്ങിയ മാനവകുടുംബത്തിന് ഒരു പുതിയ തുടക്കം നൽകപ്പെട്ടു. സകല മനുഷ്യർക്കും ബാധകമായ ഒരു പ്രഖ്യാപനത്തിലൂടെ ജീവനും രക്തത്തിനും താൻ കൽപ്പിക്കുന്ന മൂല്യം സംബന്ധിച്ച് ദൈവം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. മൃഗമാംസം ഭക്ഷിക്കാൻ അവൻ മനുഷ്യനെ അനുവദിച്ചു, എന്നാൽ അതോടൊപ്പം പിൻവരുന്ന വിലക്ക് അവൻ ഏർപ്പെടുത്തി: “ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു. പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്.” (ഉല്പത്തി 9:3, 4) ജീവനോടിരിക്കുന്ന ഒരു മൃഗത്തിന്റെ മാംസമോ രക്തമോ മനുഷ്യൻ ഭക്ഷിക്കാൻ പാടില്ലെന്നേ ഇതിന് അർഥമുള്ളു എന്ന് ചില യഹൂദന്മാർ വ്യാഖ്യാനിക്കുന്നു. എന്നാൽ ജീവൻ നിലനിറുത്താനായി രക്തം ഭക്ഷിക്കുന്നതിനെയാണ് ദൈവം ഇവിടെ വിലക്കിയത് എന്ന് സമയം തെളിയിക്കുമായിരുന്നു. കൂടാതെ, രക്തം ഉൾപ്പെട്ട തന്റെ ഉത്കൃഷ്ടമായ ഉദ്ദേശ്യത്തിന്റെ അതായത്, മനുഷ്യവർഗത്തിനു നിത്യജീവൻ നേടുക സാധ്യമാക്കിത്തീർക്കുമായിരുന്ന ഒരു ഉദ്ദേശ്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ഒരു സുപ്രധാന പടിയായിരുന്നു നോഹ മുഖാന്തരമുള്ള അവന്റെ കൽപ്പന.
6. ജീവന്റെ മൂല്യത്തെ സംബന്ധിച്ചുള്ള തന്റെ വീക്ഷണം നോഹ മുഖാന്തരം ദൈവം അടിവരയിട്ടു പറഞ്ഞത് എങ്ങനെ?
6 ദൈവം തുടർന്ന് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും. ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്.” (ഉല്പത്തി 9:5, 6) മനുഷ്യന്റെ രക്തം അവന്റെ ജീവനെ പ്രതിനിധാനം ചെയ്യുന്നതായി ദൈവം വീക്ഷിക്കുന്നുവെന്ന് മുഴു മനുഷ്യരാശിയോടുമുള്ള അവന്റെ ഈ പ്രഖ്യാപനത്തിൽനിന്നു നിങ്ങൾക്കു കാണാൻ കഴിയും. ഒരു വ്യക്തിക്കു ജീവൻ നൽകുന്നത് സ്രഷ്ടാവാണ്, രക്തത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ആ ജീവൻ ആരും അപഹരിക്കാൻ പാടില്ല. കയീനെപ്പോലെ ആരെങ്കിലും കൊലപാതകം ചെയ്യുന്നെങ്കിൽ കൊലപാതകിയുടെ ജീവൻ ‘പകരം ചോദിക്കാൻ’ സ്രഷ്ടാവിന് അവകാശമുണ്ട്.
7. രക്തത്തെ കുറിച്ച് ദൈവം നോഹയോടു നടത്തിയ പ്രഖ്യാപനത്തിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
7 തന്റെ പ്രഖ്യാപനത്തിലൂടെ, രക്തം ദുരുപയോഗം ചെയ്യരുതെന്ന് ദൈവം മനുഷ്യരോടു കൽപ്പിക്കുകയായിരുന്നു. എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രക്തം സംബന്ധിച്ച ദൈവത്തിന്റെ ആ വീക്ഷണത്തിനു പിന്നിൽ എന്തായിരുന്നു? വാസ്തവത്തിൽ, ഇതിനുള്ള ഉത്തരം ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പഠിപ്പിക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രൈസ്തവലോകത്തിലെ പല സഭകളും ആ ഉപദേശത്തെ തള്ളിക്കളഞ്ഞിരിക്കുകയാണെങ്കിലും, വാസ്തവത്തിൽ ക്രിസ്തീയ സന്ദേശത്തിന്റെ അന്തസ്സത്തതന്നെ അതാണ്. എന്താണ് ആ ഉപദേശം, നിങ്ങളുടെ ജീവനും തീരുമാനങ്ങളും പ്രവർത്തനങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
രക്തം—അതിന്റെ ഉചിതമായ ഉപയോഗം എന്തായിരുന്നു?
8. ന്യായപ്രമാണത്തിൽ രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് യഹോവ എന്തു വിലക്ക് ഏർപ്പെടുത്തി?
8 ഇസ്രായേല്യർക്കു ന്യായപ്രമാണം നൽകിയപ്പോൾ ജീവനെയും രക്തത്തെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ യഹോവ പ്രദാനം ചെയ്യുകയുണ്ടായി. അങ്ങനെ തന്റെ ഉദ്ദേശ്യനിവൃത്തിയിലേക്കു നയിക്കുന്ന കൂടുതലായ ഒരു പടികൂടി അവൻ സ്വീകരിച്ചു. ധാന്യം, എണ്ണ, വീഞ്ഞ് തുടങ്ങിയവ വഴിപാടുകളായി ദൈവത്തിന് അർപ്പിക്കാൻ ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. (ലേവ്യപുസ്തകം 2:1-4; 23:13; സംഖ്യാപുസ്തകം 15:1-5) കൂടാതെ മൃഗയാഗങ്ങളും ഉണ്ടായിരുന്നു. അവയെ കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞു: “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു. അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു . . . എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചത്.” മാത്രമല്ല, ഒരു വേട്ടക്കാരനോ കർഷകനോ ഒരു മൃഗത്തെ ഭക്ഷണത്തിനായി കൊല്ലുന്നെങ്കിൽ അവൻ അതിന്റെ രക്തം വാർന്നുപോകാൻ അനുവദിച്ചശേഷം മണ്ണിട്ടു മൂടണം എന്നും യഹോവ കൽപ്പിച്ചു. ഭൂമി യഹോവയുടെ പാദപീഠം ആയതിനാൽ, രക്തം ഭൂമിയിൽ ഒഴിച്ചുകളയുമ്പോൾ ജീവൻ അതിന്റെ ദാതാവിനു തിരികെ നൽകപ്പെടുന്നു എന്ന വസ്തുത താൻ അംഗീകരിക്കുന്നുവെന്ന് അയാൾ പ്രകടമാക്കുമായിരുന്നു.—ലേവ്യപുസ്തകം 17:11-13; യെശയ്യാവു 66:1.
9. ന്യായപ്രമാണ പ്രകാരം രക്തം എന്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാമായിരുന്നുള്ളൂ, ഇതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
9 നമ്മെ യാതൊരു വിധത്തിലും ബാധിക്കാത്ത വെറുമൊരു മതാനുഷ്ഠാനമായിരുന്നില്ല ആ നിയമം. ഇസ്രായേല്യർ രക്തം ഭക്ഷിക്കാൻ പാടില്ലായിരുന്നതിന്റെ കാരണം നിങ്ങൾ ശ്രദ്ധിച്ചോ? ദൈവം ഇങ്ങനെ പറഞ്ഞു: “അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു . . . എന്നു ഞാൻ യിസ്രായേൽ മക്കളോടു കല്പിച്ചത്.” എന്തായിരുന്നു കാരണം? “യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു [രക്തം] നിങ്ങൾക്കു തന്നിരിക്കുന്നു.” മനുഷ്യർ രക്തം ഭക്ഷിക്കരുത് എന്ന് ദൈവം നോഹയോടു കൽപ്പിച്ചതിന്റെ കാരണം സംബന്ധിച്ച് ഇത് ഉൾക്കാഴ്ച നൽകുന്നത് നിങ്ങൾ കാണുന്നുവോ? അനേകരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒരു സവിശേഷ ഉപയോഗത്തിനു മാത്രമായി രക്തത്തെ മാറ്റിവെച്ചുകൊണ്ട് ഉത്കൃഷ്ട പ്രാധാന്യമുള്ള ഒന്നായി അതിനെ വീക്ഷിക്കാൻ സ്രഷ്ടാവ് തീരുമാനിച്ചു. പാപത്തെ മറയ്ക്കുന്നതിൽ (പാപപരിഹാരത്തിൽ) അത് നിർണായകമായ ഒരു ധർമം നിറവേറ്റേണ്ടിയിരുന്നു. അതുകൊണ്ട് ന്യായപ്രമാണത്തിൻകീഴിൽ രക്തത്തിന്റെ ഏക ദൈവാംഗീകൃത ഉപയോഗം യഹോവയുടെ ക്ഷമ തേടിയിരുന്ന ഇസ്രായേല്യർ പാപപരിഹാരത്തിനുവേണ്ടി അത് യാഗപീഠത്തിന്മേൽ അർപ്പിച്ചിരുന്നതു മാത്രമായിരുന്നു.
10. പൂർണമായ പാപമോചനത്തിലേക്കു നയിക്കാൻ മൃഗങ്ങളുടെ രക്തം അപര്യാപ്തമായിരുന്നത് എന്തുകൊണ്ട്, എന്നാൽ ന്യായപ്രമാണത്തിൻകീഴിലെ യാഗങ്ങൾ ഇസ്രായേല്യരെ എന്ത് ഓർമിപ്പിച്ചു?
10 ഈ ആശയം ക്രിസ്ത്യാനിത്വത്തിന് അന്യമല്ല. ന്യായപ്രമാണത്തിലെ ഈ ദിവ്യനിർദേശിത ക്രമീകരണത്തെ പരാമർശിച്ചുകൊണ്ട് ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി: “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.” (എബ്രായർ 9:22) ന്യായപ്രമാണപ്രകാരമുള്ള യാഗങ്ങൾ ഇസ്രായേല്യരെ പാപരഹിതരായ പൂർണമനുഷ്യർ ആക്കിത്തീർത്തില്ല എന്ന് പൗലൊസ് വ്യക്തമാക്കി. അവൻ ഇങ്ങനെ എഴുതി: “ആണ്ടുതോറും അവയാൽ [യാഗങ്ങളാൽ] പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.” (എബ്രായർ 10:1-4) എങ്കിലും അത്തരം യാഗങ്ങൾ ഒരു ഉദ്ദേശ്യം സാധിച്ചിരുന്നു. പൂർണമായ പാപമോചനം നേടുന്നതിന് കൂടുതലായ എന്തോ ആവശ്യമുള്ള പാപികളാണു തങ്ങളെന്ന് അത് ഇസ്രായേല്യരെ ഓർമിപ്പിച്ചു. മൃഗങ്ങളുടെ ജീവനെ പ്രതിനിധാനം ചെയ്ത രക്തത്തിന് മനുഷ്യരുടെ പാപത്തെ പൂർണമായി മറയ്ക്കാൻ കഴിയുമായിരുന്നില്ലെങ്കിൽപ്പിന്നെ ഏതെങ്കിലും ജീവരക്തത്തിന് അതു സാധ്യമാകുമായിരുന്നോ?
ജീവദാതാവിന്റെ പരിഹാരം
11. മൃഗരക്തം ഉപയോഗിച്ചുള്ള യാഗങ്ങൾ മറ്റെന്തിലേക്കോ വിരൽചൂണ്ടുകയായിരുന്നെന്ന് നാം എങ്ങനെ മനസ്സിലാക്കുന്നു?
11 ന്യായപ്രമാണം വാസ്തവത്തിൽ, ദൈവോദ്ദേശ്യം പൂർത്തീകരിക്കുന്നതിൽ അതിലും വളരെ ഫലപ്രദമായ ഒരു സംഗതിയിലേക്കു വിരൽചൂണ്ടുകയായിരുന്നു. പൗലൊസ് ഇങ്ങനെ ചോദിച്ചു: “എന്നാൽ ന്യായപ്രമാണം എന്തിന്ന്?” അവൻതന്നെ ഇങ്ങനെ ഉത്തരം പറഞ്ഞു: “വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ [മോശെയുടെ] കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാത്യർ 3:19) സമാനമായി, മറ്റൊരു സന്ദർഭത്തിൽ പൗലൊസ് ഇപ്രകാരം എഴുതി: “ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ല.”—എബ്രായർ 10:1.
12. രക്തത്തോടുള്ള ബന്ധത്തിൽ ദൈവോദ്ദേശ്യം ചുരുളഴിയുന്നത് നമുക്ക് എങ്ങനെ കാണാനാവും?
12 ചുരുക്കത്തിൽ, നാം എന്താണ് കണ്ടത്? മനുഷ്യർക്കു ജീവൻ നിലനിറുത്തുന്നതിനായി മൃഗമാംസം കഴിക്കാം എന്ന് നോഹയുടെ നാളിൽ ദൈവം അരുളിച്ചെയ്തു, എന്നാൽ അവർ രക്തം ഭക്ഷിക്കാൻ പാടില്ലായിരുന്നു. “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്” എന്ന് പിന്നീട് ദൈവം പ്രസ്താവിച്ചു. അതേ, ജീവനെ പ്രതിനിധാനം ചെയ്യുന്ന ഒന്നായി രക്തത്തെ വീക്ഷിക്കാൻ തീരുമാനിച്ചുകൊണ്ട് ദൈവം ഇങ്ങനെ പറഞ്ഞു: “യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു [രക്തം] നിങ്ങൾക്കു തന്നിരിക്കുന്നു.” എന്നാൽ ദൈവോദ്ദേശ്യം വിസ്മയകരമായ ഒരു വിധത്തിൽ ഇനിയും ഇതൾവിരിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലായിരുന്നു. ഏതു നന്മകൾ?
13. യേശുവിന്റെ മരണം പ്രധാനമായിരുന്നത് എന്തുകൊണ്ട്?
13 ‘സാക്ഷാൽ സ്വരൂപം’ അഥവാ യാഥാർഥ്യം യേശുക്രിസ്തുവിന്റെമരണത്തെ കേന്ദ്രീകരിച്ചായിരുന്നു. യേശു പീഡിപ്പിക്കപ്പെടുകയും സ്തംഭത്തിലേറ്റപ്പെടുകയും ചെയ്തതായി നിങ്ങൾക്ക് അറിയാമല്ലോ. അവൻ ഒരു കുറ്റവാളിയെപ്പോലെ മരിച്ചു. പൗലൊസ് ഇങ്ങനെ എഴുതി: “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്ക സമയത്തു അഭക്തർക്കു വേണ്ടി മരിച്ചു. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമർ 5:6, 8) തന്റെ മരണം മുഖാന്തരം ക്രിസ്തു നമ്മുടെ പാപങ്ങളെ മറയ്ക്കാനുള്ള മറുവില പ്രദാനം ചെയ്തു. ആ മറുവിലയാണ് ക്രിസ്തീയ സന്ദേശത്തിന്റെ ജീവനാഡി. (മത്തായി 20:28; യോഹന്നാൻ 3:16; 1 കൊരിന്ത്യർ 15:3; 1 തിമൊഥെയൊസ് 2:6) രക്തവും ജീവനുമായി ഇതിന് എന്തു ബന്ധമാണുള്ളത്, നിങ്ങളുടെ ജീവൻ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
14, 15. (എ) എഫെസ്യർ 1:7-ൽ ചില ഭാഷാന്തരങ്ങൾ യേശുവിന്റെ മരണത്തിന് ഊന്നൽ നൽകുന്നത് എങ്ങനെ? (ബി) എന്നാൽ എഫെസ്യർ 1:7-ലെ ഏതു വസ്തുത ശ്രദ്ധിക്കപ്പെടാതെ പോയേക്കാം?
14 ചില ക്രൈസ്തവ സഭകൾ യേശുവിന്റെ മരണത്തിന് ഊന്നൽ നൽകുന്നു. “യേശു എനിക്കുവേണ്ടി മരിച്ചു” എന്നതുപോലുള്ള പദപ്രയോഗങ്ങൾ അവരുടെ ഇടയിൽ പറഞ്ഞുകേൾക്കാം. ചില ബൈബിൾ ഭാഷാന്തരങ്ങൾ എഫെസ്യർ 1:7 തർജമ ചെയ്തിരിക്കുന്നത് എങ്ങനെയെന്നു നോക്കുക: “അവനിലും അവന്റെ മരണം മുഖാന്തരവുമാണ് നമുക്കു വിമോചനം ഉള്ളത്, അതായത്, നമ്മുടെ അതിക്രമങ്ങളുടെ നീക്കം ചെയ്യൽ.” (ഫ്രാങ്ക് ഷൈൽ ബാലന്റൈന്റെ ദി അമേരിക്കൻ ബൈബിൾ, 1902) “ക്രിസ്തുവിന്റെ മരണത്താൽ നാം സ്വതന്ത്രരാക്കപ്പെടുന്നു, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു.” (ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം, 1966) “ക്രിസ്തുവിൽ, ക്രിസ്തുവിലൂടെ, അവന്റെ ബലി മുഖാന്തരം ആണ് നാം വിമോചിതരായിരിക്കുന്നത്, പാപങ്ങളുടെ ക്ഷമയെ അർഥമാക്കുന്ന ഒരു വിമോചനം തന്നെ.” (ഇംഗ്ലീഷിലുള്ള പുതിയ നിയമത്തിന്റെ ബെർക്കെലേ ഭാഷാന്തരം, 1969) “ക്രിസ്തുവിന്റെ മരണം മുഖാന്തരമാണ് നമ്മുടെ പാപങ്ങൾ മോചിക്കപ്പെടുന്നത്, നാം സ്വതന്ത്രരാക്കപ്പെടുന്നത്.” (ദ ട്രാൻസ്ലേറ്റേഴ്സ് ന്യൂ ടെസ്റ്റമെന്റ്, 1973) ഈ വിവർത്തനങ്ങളിൽ യേശുവിന്റെ മരണത്തിന് ഊന്നൽ നൽകിയിരിക്കുന്നത് നിങ്ങൾക്കു കാണാൻ കഴിയും. എന്നാൽ, ‘യേശുവിന്റെ മരണം പ്രാധാന്യമർഹിക്കുന്നതുതന്നെ ആണല്ലോ, പിന്നെ ഈ തർജമകൾക്ക് എന്താണൊരു കുറവ്?’ എന്ന് ചിലർ ചോദിച്ചേക്കാം.
15 നിങ്ങളുടെ കൈവശം മേൽപ്പറഞ്ഞതുപോലുള്ള ഭാഷാന്തരങ്ങൾ മാത്രമാണുള്ളതെങ്കിൽ ഒരു സുപ്രധാന ആശയം നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകാനുള്ള സാധ്യതയുണ്ട്. ബൈബിൾ നൽകുന്ന സന്ദേശത്തെ കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യത്തെ അതു പരിമിതപ്പെടുത്തുകയും ചെയ്തേക്കാം. എഫെസ്യർ 1:7-ന്റെ മൂല പാഠത്തിൽ “രക്തം” എന്ന് അർഥമുള്ള ഒരു ഗ്രീക്കു പദം അടങ്ങിയിരിക്കുന്നു എന്ന വസ്തുത അത്തരം പരിഭാഷകൾ മൂടിക്കളയുന്നു. എന്നാൽ പുതിയലോക ഭാഷാന്തരം പോലുള്ള നിരവധി ബൈബിളുകൾ മൂലപാഠത്തെ കൂടുതൽ കൃത്യമായി പരിഭാഷപ്പെടുത്തുന്നു: “അവൻ മുഖേന, ആ ഒരുവന്റെ രക്തത്താൽ നമുക്കു മറുവിലയാലുള്ള വിടുതൽ, അതേ, അവന്റെ അനർഹദയയുടെ സമൃദ്ധിക്കൊത്തു [നമ്മുടെ] ലംഘനങ്ങളുടെ മോചനം ഉണ്ട്.”
16. ‘ആ ഒരുവന്റെ രക്തം’ എന്നുള്ള പരിഭാഷ നമ്മുടെ മനസ്സിലേക്ക് ഏതെല്ലാം ആശയങ്ങൾ കൊണ്ടുവരേണ്ടതാണ്?
16 ‘ആ ഒരുവന്റെ രക്തം’ എന്നുള്ള പരിഭാഷ അർഥസമ്പുഷ്ടമാണ്; ഉൾപ്പെട്ടിരിക്കുന്ന അനേകം സംഗതികൾ അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരേണ്ടതാണ്. കേവലം ഒരു മരണത്തെക്കാൾ അധികം ആവശ്യമായിരുന്നു, അത് പൂർണമനുഷ്യനായ യേശുവിന്റെ മരണം ആണെങ്കിൽപ്പോലും. ന്യായപ്രമാണത്താൽ, വിശേഷിച്ചും പാപപരിഹാര ദിവസത്താൽ മുൻനിഴലാക്കപ്പെട്ട കാര്യങ്ങൾ അവൻ നിവൃത്തിയിലേക്കു കൊണ്ടുവന്നു. ആ പ്രത്യേക ദിവസം നിർദിഷ്ട മൃഗങ്ങളെ യാഗമർപ്പിക്കുമായിരുന്നു. തുടർന്ന് മഹാപുരോഹിതൻ അവയുടെ രക്തത്തിൽ കുറെ സമാഗമന കൂടാരത്തിന്റെയോ ആലയത്തിന്റെയോ അതിവിശുദ്ധത്തിലേക്ക് എടുത്തുകൊണ്ടുപോയി ദൈവത്തിന്, അവന്റെ സന്നിധിയിൽ എന്നപോലെ കാഴ്ചവെക്കുമായിരുന്നു.—പുറപ്പാടു 25:22; ലേവ്യപുസ്തകം 16:2-19.
17. പാപപരിഹാര ദിവസത്താൽ മുൻനിഴലാക്കപ്പെട്ട കാര്യങ്ങൾ യേശു നിവർത്തിച്ചത് എങ്ങനെ?
17 പൗലൊസ് വിശദീകരിക്കുന്നതുപോലെ, പാപപരിഹാര ദിവസത്താൽ മുൻനിഴലാക്കപ്പെട്ട കാര്യങ്ങൾ യേശു നിവർത്തിച്ചു. ആദ്യമായി, “തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി [“അറിയാതെ ചെയ്തുപോയ തെറ്റുകൾക്കു വേണ്ടി,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം (NIBV)]” അർപ്പിച്ച രക്തവുമായി വർഷത്തിൽ ഒരിക്കൽ ഇസ്രായേലിലെ മഹാപുരോഹിതൻ അതിവിശുദ്ധത്തിൽ പ്രവേശിച്ചിരുന്നതിനെ കുറിച്ച് അവൻ പരാമർശിക്കുന്നു. (എബ്രായർ 9:6, 7) ആ മാതൃകയ്ക്കു ചേർച്ചയിൽ ഒരു ആത്മ വ്യക്തിയായി ഉയിർപ്പിക്കപ്പെട്ട ശേഷം യേശു സ്വർഗത്തിലേക്കു പ്രവേശിച്ചു. ജഡ-രക്ത നിർമിതമായ ശരീരമില്ലാത്ത ഒരു ആത്മ വ്യക്തി എന്ന നിലയിൽ “നമുക്കു വേണ്ടി ദൈവസന്നിധിയിൽ” പ്രത്യക്ഷനാകാൻ അവനു കഴിയുമായിരുന്നു. അവൻ ദൈവമുമ്പാകെ എന്താണ് കാഴ്ചവെച്ചത്? അക്ഷരീയമായ ഒന്നുമായിരുന്നില്ല, മറിച്ച് വളരെ അർഥവത്തായ മറ്റൊന്നായിരുന്നു അവന്റ പക്കലുണ്ടായിരുന്നത്. പൗലൊസ് ഇങ്ങനെ തുടർന്നു: ‘ക്രിസ്തുവോ മഹാപുരോഹിതനായി വന്നിട്ട് ആട്ടുകൊററന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. ആട്ടുകൊററന്മാരുടെയും കാളകളുടെയും രക്തം ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?’ അതേ, യേശു തന്റെ ജീവരക്തത്തിന്റെ മൂല്യമാണ് ദൈവത്തിനു കാഴ്ചവെച്ചത്.—എബ്രായർ 9:11-14, 24, 28; 10:11-14; 1 പത്രൊസ് 3:18.
18. രക്തത്തെ കുറിച്ചുള്ള ബൈബിൾ പ്രസ്താവനകൾ ഇന്നത്തെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ട്?
18 ഈ ദിവ്യ സത്യം, ബൈബിൾ രക്തത്തോടുള്ള ബന്ധത്തിൽ പറയുന്ന വിസ്മയകരമായ സകല കാര്യങ്ങളും, അതായത് ദൈവം രക്തത്തെ പ്രത്യേക വിധത്തിൽ വീക്ഷിക്കുന്നത് എന്തുകൊണ്ട്, നാം അതിനെ എങ്ങനെ വീക്ഷിക്കണം, രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് അവൻ നൽകിയിട്ടുള്ള വിലക്കുകളെ നാം ആദരിക്കേണ്ടത് എന്തുകൊണ്ട്, എന്നിങ്ങനെയുള്ള സംഗതികൾ ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ വായിക്കുമ്പോൾ ക്രിസ്തുവിന്റെ രക്തം എന്ന പരാമർശം നിരവധി തവണ നിങ്ങൾക്കു കാണാൻ കഴിയും. (ചതുരം കാണുക.) ഓരോ ക്രിസ്ത്യാനിയും ‘അവന്റെ [യേശുവിന്റെ] രക്തത്തിൽ’ വിശ്വാസമർപ്പിക്കണം എന്നാണ് ഇതു വ്യക്തമാക്കുന്നത്. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (റോമർ 3:25, NIBV) ‘അവൻ [യേശു] ചൊരിഞ്ഞ രക്തം മുഖാന്തരം’ മാത്രമേ നമുക്കു പാപങ്ങളുടെ ക്ഷമ നേടാനും ദൈവവുമായി സമാധാനത്തിൽ വരാനും സാധിക്കുകയുള്ളൂ. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (കൊലൊസ്സ്യർ 1:20) യേശു തന്നോടൊപ്പം സ്വർഗത്തിൽ ഭരിക്കാനായി പ്രത്യേക ഉടമ്പടി ചെയ്തിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം ഇതു സത്യമാണ് എന്നതിനു സംശയമില്ല. (ലൂക്കൊസ് 22:20, 28-30; 1 കൊരിന്ത്യർ 11:25; എബ്രായർ 13:20) എന്നാൽ വരാൻപോകുന്ന ‘മഹോപദ്രവത്തെ’ അതിജീവിച്ച് ഭൗമിക പറുദീസയിൽ നിത്യജീവൻ പ്രാപിക്കാനുള്ള “മഹാപുരുഷാര”ത്തെ സംബന്ധിച്ചും അതു സത്യമാണ്. പ്രതീകാത്മകമായി, അവർ ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിക്കുന്നു.’ (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—വെളിപ്പാടു 7:9, 14.
19, 20. (എ) രക്തത്തിന്റെ ഉപയോഗം സംബന്ധിച്ചു വിലക്കുകൾ വെക്കാൻ ദൈവം തീരുമാനിച്ചത് എന്തുകൊണ്ട്, നാം അതിനെ എങ്ങനെ വീക്ഷിക്കണം? (ബി) നാം എന്ത് അറിയാൻ താത്പര്യമുള്ളവരായിരിക്കണം?
19 വ്യക്തമായും രക്തത്തിന് ദൈവദൃഷ്ടിയിൽ സവിശേഷമായ ഒരു അർഥമുണ്ട്. നമുക്കും അത് അങ്ങനെതന്നെ ആയിരിക്കണം. ജീവനെ ഗൗരവത്തോടെ കാണുന്ന സ്രഷ്ടാവിന്, മനുഷ്യൻ രക്തം ഉപയോഗിച്ച് ചെയ്യുന്ന സംഗതികളിൽ വിലക്കുകൾ വെക്കാൻ അവകാശമുണ്ട്. നമ്മുടെ ജീവനിലുള്ള അവന്റെ ആഴമായ താത്പര്യം നിമിത്തം, അത്യധികം പ്രാധാന്യമർഹിക്കുന്ന ഒരേയൊരു വിധത്തിൽ മാത്രം ഉപയോഗിക്കുന്നതിനായി രക്തത്തെ മാറ്റിവെക്കാൻ അവൻ തീരുമാനിച്ചു. നിത്യജീവൻ സാധ്യമാക്കുന്ന ഏക മാർഗമായിരുന്നു അത്. അതിൽ യേശുവിന്റെ അമൂല്യമായ രക്തം ഉൾപ്പെട്ടിരുന്നു. രക്തം—യേശുവിന്റെ രക്തം—ഉപയോഗിച്ചുകൊണ്ട് നമ്മുടെ ക്ഷേമത്തിനായി ഈ ജീവരക്ഷാകരമായ വിധത്തിൽ യഹോവയാം ദൈവം പ്രവർത്തിച്ചിരിക്കുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! കൂടാതെ നമുക്കുവേണ്ടി ഒരു യാഗമെന്ന നിലയിൽ തന്റെ രക്തം ഒഴുക്കിയ യേശുവിനോടും നാം എത്രയധികം നന്ദിയുള്ളവരായിരിക്കണം! അതേ, പിൻവരുന്നപ്രകാരം പറഞ്ഞപ്പോഴുള്ള അപ്പൊസ്തലനായ യോഹന്നാന്റെ ചേതോവികാരം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ: “നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.”—വെളിപ്പാടു 1:5, 6.
20 സർവജ്ഞാനിയും ജീവദാതാവുമായ ദൈവത്തിന്റെ മനസ്സിൽ കാലങ്ങളായി ഉള്ളതായിരുന്നു രക്തത്തിന്റെ ഈ ജീവരക്ഷാകരമായ ധർമം. അങ്ങനെയെങ്കിൽ, ‘നമ്മുടെ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയുംമേൽ ഇതിന് എന്തു പ്രഭാവം ഉണ്ടായിരിക്കണം’ എന്ന് നാം ചോദിച്ചേക്കാം. അടുത്ത ലേഖനം ഈ ചോദ്യത്തിനുള്ള ഉത്തരം നൽകും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ഹാബെലും നോഹയും ഉൾപ്പെട്ട വിവരണങ്ങളിൽനിന്ന് രക്തം സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണത്തെ കുറിച്ചു നമുക്ക് എന്തു പഠിക്കാനാവും?
• രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച് ന്യായപ്രമാണത്തിൽ ദൈവം ഏതു വിലക്ക് ഏർപ്പെടുത്തി, എന്തുകൊണ്ട്?
• പാപപരിഹാര ദിവസത്താൽ മുൻനിഴലാക്കപ്പെട്ട കാര്യങ്ങൾ യേശു നിവർത്തിച്ചത് എങ്ങനെ?
• യേശുവിന്റെ രക്തത്തിന് നമ്മുടെ ജീവൻ രക്ഷിക്കാനാകുന്നത് എങ്ങനെ?
[18-ാം പേജിലെ ചതുരം]
ഏതു രക്തമാണ് ജീവൻ രക്ഷിക്കുന്നത്?
‘നിങ്ങളെത്തന്നേയും താൻ സ്വന്ത [പുത്രന്റെ] രക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.’—പ്രവൃത്തികൾ 20:28.
“അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.”—റോമർ 5:9.
‘നിങ്ങൾ പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു. മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.’—എഫെസ്യർ 2:12, 13.
“അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, . . . സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.”—കൊലൊസ്സ്യർ 1:19, 20.
‘അതുകൊണ്ടു സഹോദരന്മാരേ, യേശുവിന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യം നമുക്കുണ്ട്.’—എബ്രായർ 10:19-21.
“വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു . . . അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ.”—1 പത്രൊസ് 1:18, 19.
“അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.”—1 യോഹന്നാൻ 1:7.
“പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി.”—വെളിപ്പാടു 5:9.
“നമ്മുടെ സഹോദരന്മാരെ . . . കുററം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു.”—വെളിപ്പാടു 12:10, 11.
[16-ാം പേജിലെ ചിത്രം]
പാപമോചനത്തിൽ രക്തത്തിന് ഒരു ധർമം നിറവേറ്റാനുണ്ടെന്ന് ന്യായപ്രമാണത്തിലൂടെ ദൈവം വ്യക്തമാക്കി
[17-ാം പേജിലെ ചിത്രം]
യേശുവിന്റെ രക്തം മുഖാന്തരം അനേകരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു