അവരുടെ വിശ്വാസം അനുകരിക്കുക സാറ
‘നീ വളരെ സുന്ദരിയാണ്’
മധ്യപൂർവദേശത്തുള്ള തന്റെ വീടിന്റെ അകത്തളത്തിൽനിന്ന് സാറ ചുറ്റും കണ്ണോടിക്കുകയാണ്. ഭാവസാന്ദ്രമായ, വിടർന്ന മിഴികളുള്ള ഈ അതിസുന്ദരിയെ ഒന്ന് ഭാവനയിൽ കാണൂ! ആ കണ്ണുകളിൽ ദുഃഖം നിഴലിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അത് എന്തുകൊണ്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ വീടിന് ഒരുപാട് ചരിത്രം പറയാനുണ്ട്. സാറയും അവളുടെ പ്രിയതമനായ അബ്രാഹാമും സന്തോഷകരമായ അനേകം നിമിഷങ്ങൾ പങ്കിട്ട ഇടമാണ് ഇത്.a അവർ ഒരുമിച്ച് ഈ വീടിനെ ഒരു കുടുംബമാക്കി.
കരകൗശലപ്പണിക്കാരും ശില്പികളും വ്യാപാരികളും ധാരാളമുള്ള സമ്പന്നനഗരമായ ഊർ ദേശത്തായിരുന്നു അവർ താമസിച്ചിരുന്നത്. തീർച്ചയായും അവർക്കു ധാരാളം സമ്പത്തുണ്ടായിരുന്നു. എന്നാൽ സാറയ്ക്ക് വസ്തുവകകൾ സൂക്ഷിക്കാനുള്ള ഒരു ഇടം മാത്രമായിരുന്നില്ല തന്റെ ഭവനം. ഇവിടെയാണ് സാറയും ഭർത്താവും വർഷങ്ങളോളം അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെച്ചത്. ദൈവമായ യഹോവയോട് എത്രയോ തവണ അവർ ഇവിടെവെച്ച് പ്രാർഥിച്ചിരിക്കുന്നു. ഇവിടം പ്രിയപ്പെടാൻ സാറയ്ക്ക് ഇനിയുമുണ്ട് ധാരാളം കാരണങ്ങൾ.
എങ്കിലും തനിക്കു പരിചിതമായ എല്ലാം വിട്ട് ഇവിടെനിന്ന് പോകാൻ സാറ തയ്യാറായി. ഏകദേശം 60 വയസ്സുണ്ടായിരുന്ന സാറ ഒരു പരിചയവുമില്ലാത്ത ദേശത്തേക്ക് യാത്ര ചെയ്യാനും അപകടങ്ങളും ദുരിതങ്ങളും നിറഞ്ഞ, തിരിച്ചുവരവ് പ്രതീക്ഷിക്കാത്ത ഒരു യാത്രയ്ക്കു പോകാനും സന്നദ്ധയായി. ജീവിതത്തെ അടിമുടി മാറ്റുന്ന ഇങ്ങനെയൊരു തീരുമാനമെടുക്കാൻ സാറയെ പ്രേരിപ്പിച്ചത് എന്താണ്? സാറയുടെ വിശ്വാസത്തിൽനിന്ന് നമുക്ക് ഇന്ന് എന്തു പഠിക്കാം?
‘നിന്റെ ദേശം വിട്ടുപോകുക’
ഊർ ദേശത്തായിരിക്കാം സാറ വളർന്നത്. ഇന്ന് ആ നഗരം ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാണ്. എന്നാൽ സാറ ജീവിച്ചിരുന്ന നാളുകളിൽ ഊർ നഗരം അങ്ങനെയായിരുന്നില്ല. ആ കാലത്ത് യൂഫ്രട്ടീസ് നദിയിലൂടെയും അതിന്റെ കൈവഴികളിലൂടെയും വ്യാപാരികളുടെ ചരക്കുകപ്പലുകൾ സ്വൈരവിഹാരം നടത്തി. വളർന്നുകൊണ്ടിരിക്കുന്ന ഈ നഗരത്തിലേക്ക് ദൂരദേശങ്ങളിൽനിന്നുപോലും വിലപിടിപ്പുള്ള കച്ചവടസാധനങ്ങൾ അവർ കൊണ്ടുവന്നു. ഇടുക്കമുള്ള, വളഞ്ഞുപുളഞ്ഞ തെരുവുകളിൽ എപ്പോഴും ജനപ്രവാഹമായിരുന്നു. ആ തുറമുഖത്ത് കപ്പലുകൾ എപ്പോഴും വരുകയും പോകുകയും ചെയ്തു. ചന്തസ്ഥലത്ത് നിറയെ പലപല സാധനങ്ങൾ. ഇത്തരത്തിലുള്ള ഒരു തിരക്കേറിയ നഗരത്തിൽ വളർന്നുവരുന്ന സാറയെ ഒന്നു മനസ്സിൽ കാണുക. അവിടെയുള്ള മിക്കവരെയും സാറയ്ക്ക് അറിയാം, അവരുടെ പേരുകൾപോലും. അവിടെയുള്ളവർക്ക് സാറയെയും അറിയാം. ഈ അതിസുന്ദരിയെ അവർ അറിയാതിരിക്കുമോ? ഇനി, വലിയൊരു കുടുംബവും സാറയ്ക്കുണ്ടായിരുന്നു.
ബൈബിൾ സാറയെ പരിചയപ്പെടുത്തുന്നത് അവരുടെ വലിയ വിശ്വാസത്തിന്റെ പേരിലാണ്. എന്നാൽ സാറയുടെ വിശ്വാസം ഊർ ദേശത്തെ ആളുകളുടെ ദൈവമായ ചന്ദ്രദേവനിലായിരുന്നില്ല. അവിടത്തുകാർ ആ ദേവനുവേണ്ടി ഉണ്ടാക്കിയ ഉയർന്ന ഒരു ഗോപുരം ആ നഗരത്തിൽ കാണാമായിരുന്നു. പക്ഷേ സാറ ആരാധിച്ചിരുന്നത് സത്യദൈവമായ യഹോവയെയാണ്. സാറ ആ വിശ്വാസം എങ്ങനെ നേടിയെടുത്തു എന്ന് തിരുവെഴുത്തുകൾ പറയുന്നില്ല. അവളുടെ പിതാവ് ഒരിക്കൽ വിഗ്രഹാരാധിയായിരുന്നു. എന്തുതന്നെയായാലും, സാറ വിവാഹം ചെയ്തത് തന്നെക്കാൾ പത്ത് വയസ്സ് കൂടുതലുള്ള അബ്രാഹാമിനെയാണ്.b (ഉൽപത്തി 17:17) അദ്ദേഹം പിന്നീട് ‘വിശ്വാസത്താൽ നീതീകരിക്കപ്പെട്ട സകലരുടെയും പിതാവ്’ എന്ന് അറിയപ്പെട്ടു. (റോമർ 4:11) അവർ ഒരുമിച്ച് ശക്തമായ ദാമ്പത്യബന്ധം പടുത്തുയർത്തി. പ്രതിസന്ധികൾ തലപൊക്കിയപ്പോൾ അതിനെ മറികടക്കാൻ പരസ്പര ബഹുമാനവും നല്ല ആശയവിനിമയവും വിട്ടുകൊടുക്കാനുള്ള മനസ്സൊരുക്കവും എല്ലാം അവരെ സഹായിച്ചിട്ടുണ്ടാകും. അതിലെല്ലാം ഉപരി അവരുടെ ഐക്യത്തിന്റെ മുഖമുദ്ര ദൈവത്തോടുള്ള സ്നേഹമായിരുന്നു.
സാറ തന്റെ ഭർത്താവിനെ ഏറെ സ്നേഹിച്ചു. ഊരിലുള്ള ബന്ധുക്കളുടെ ഇടയിലാണ് അവരുടെ താമസം. എന്നാൽ അധികം വൈകാതെ അവരുടെ ജീവിതത്തെ ഒരു നിരാശ ബാധിച്ചു. ബൈബിൾ പറയുന്നു: സാറയ്ക്ക് “കുട്ടികളുണ്ടായിരുന്നില്ല, സാറായി വന്ധ്യയായിരുന്നു.” (ഉൽപത്തി 11:30) അന്നത്തെ സംസ്കാരത്തിൽ അത്തരമൊരു സാഹചര്യം സാറയെ വല്ലാതെ ബുദ്ധിമുട്ടിച്ചുകാണും. എന്നാൽ സാറ ദൈവത്തോടും തന്റെ ഭർത്താവിനോടും വിശ്വസ്തയായിനിന്നു. അപ്പനില്ലാതിരുന്ന അവരുടെ സഹോദരപുത്രനായ ലോത്തിനെ അബ്രാഹാമും സാറയും ഒരു മകനെപ്പോലെ കണ്ടു. അവരുടെ ജീവിതം അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു, അന്ന് ആ ദിവസം വലിയൊരു മാറ്റം സംഭവിക്കുന്നതുവരെ.
സാറയുടെ അടുത്ത് എത്തിയ അബ്രാഹാം ഇപ്പോൾ ആവേശത്തിന്റെ കൊടുമുടിയിലാണ്. തൊട്ടുമുമ്പ് സംഭവിച്ച കാര്യങ്ങൾ അബ്രാഹാമിന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ‘ദൈവം പ്രത്യക്ഷപ്പെട്ടു! ഞാൻ ആരാധിക്കുന്ന എന്റെ ദൈവം, സ്വന്തം ദൂതനെ അയച്ച് എന്നോടു സംസാരിച്ചു!’ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് ആകാംക്ഷ വിരിഞ്ഞ കണ്ണുകളോടെ തന്റെ പ്രിയ ഭർത്താവിനോട്, “ദൈവം എന്താണ് പറഞ്ഞത്, ദയവായി എന്നോടു പറയൂ!” എന്നു പറയുന്ന സാറയെ മനസ്സിൽ കാണുക. കണ്ട കാര്യങ്ങൾ പ്രിയതമയോട് വിവരിക്കാൻ ആവേശം കാരണം അബ്രാഹാമിനാകുന്നില്ല. ഒരിടത്തിരുന്ന് അവയെല്ലാം അബ്രാഹാം ഒരിക്കൽക്കൂടി ചിന്തിച്ചുകാണും. എന്നിട്ട് യഹോവ തന്നോടു പറഞ്ഞ കാര്യം സാറയെ അറിയിച്ചു: “നിന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട് ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു വരുക.” (പ്രവൃത്തികൾ 7:2, 3) ആവേശമൊക്കെ ഒന്ന് കെട്ടടങ്ങിയപ്പോൾ യഹോവ തങ്ങൾക്കു തന്ന നിയമനത്തെക്കുറിച്ചായി പിന്നെ അവരുടെ മുഴുചിന്തയും. ഇപ്പോഴുള്ള സുഖകരമായ ജീവിതമൊക്കെ വിട്ട് അവർ ഇനി നാടോടികളെപ്പോലെ കഴിയണം! സാറ എന്തു പറഞ്ഞുകാണും? അവളുടെ പ്രതികരണം എന്താണെന്ന് അബ്രാഹാം സൂക്ഷിച്ചുനോക്കിയിട്ടുണ്ടാകും. അത്തരമൊരു വലിയ മാറ്റം ഉണ്ടാകുമ്പോൾ അവൾ മനസ്സോടെ അബ്രാഹാമിനെ പിന്തുണയ്ക്കുമോ?
സാറയ്ക്ക് നേരിടേണ്ടിവന്നതുപോലൊരു സാഹചര്യം നമുക്ക് അത്ര പരിചിതമല്ലായിരിക്കാം. നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ദൈവം എന്നോടോ എന്റെ ഇണയോടോ ഇതുപോലൊരു കാര്യം ചെയ്യാൻ പറഞ്ഞിട്ടില്ലല്ലോ.’ നമുക്കെല്ലാം ഒരുപോലെയല്ല തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുന്നത് എന്നത് ശരിയാണ്. നമ്മൾ ജീവിക്കുന്നത് ഭൗതികവസ്തുക്കളാൽ ചുറ്റപ്പെട്ട ഒരു ലോകത്തിലാണ്. നമ്മുടെതന്നെ സുഖത്തിനും സമ്പത്തിനും സുരക്ഷയ്ക്കും ഒക്കെ ഒന്നാം സ്ഥാനം നൽകാൻ അവ നമ്മളെ പ്രേരിപ്പിക്കുന്നു. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പു നടത്താനാണ് ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. നമ്മളെത്തന്നെ സന്തോഷിപ്പിക്കുന്നതിനു പകരം ആത്മീയകാര്യങ്ങൾക്കു പ്രഥമസ്ഥാനം നൽകിക്കൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാൻ അതു പറയുന്നു. (മത്തായി 6:33) സാറ ചെയ്തതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോൾ, സ്വയം നമ്മൾ ഇങ്ങനെ ചോദിച്ചേക്കാം: ‘എന്റെ ജീവിതത്തിൽ ഞാൻ എന്ത് തിരഞ്ഞെടുക്കും?’
‘അവർ ദേശം വിട്ടുപോയി’
സാധനങ്ങൾ ഓരോന്നായി കെട്ടിപ്പെറുക്കവെ ഏത് എടുക്കേണം ഏത് എടുക്കേണ്ടാ എന്നൊക്കെയുള്ള ആശയക്കുഴപ്പത്തിലാണ് സാറ ഇപ്പോൾ. കഴുതയ്ക്കും ഒട്ടകത്തിനും ചുമക്കാവുന്നതിലും അധികം സാധനസാമഗ്രികളൊന്നും സാറയ്ക്ക് എടുക്കാനാകില്ല. കാരണം നാടോടികളായി ജീവിക്കേണ്ടിവരുമ്പോൾ അതൊട്ടും പ്രായോഗികമല്ല. ഒരു സംശയവും വേണ്ടാ, അവർക്കുള്ള അനേകം വസ്തുക്കൾ ഒന്നുകിൽ അവർ വിറ്റുകാണും അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തുകാണും. ഇനി, നഗരത്തിലാകുമ്പോൾ ധാന്യവും മാംസവും പഴങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ഒക്കെ അങ്ങാടിയിൽനിന്ന് അവർക്കു പെട്ടെന്ന് വാങ്ങാമായിരുന്നു. എന്നാൽ ഇപ്പോൾ അവർക്കു നഗരജീവിതത്തിന്റെ ഈ സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിക്കണം.
ഒരുപക്ഷേ ആ വീടുതന്നെ വിട്ടുപോകുന്നതു സാറയ്ക്കു ബുദ്ധിമുട്ടായിരുന്നിരിക്കാം. ഊർ ദേശത്ത് പുരാവസ്തുഗവേഷകർ കണ്ടെത്തിയതുപോലുള്ള ഒരു വീടായിരുന്നു ഇവരുടേതെങ്കിൽ, സാറയ്ക്ക് ശരിക്കും ചില ജീവിതസുഖങ്ങൾതന്നെയാണ് നഷ്ടപ്പെട്ടത്. ധാരാളം മുറികളും ശുദ്ധജല സ്രോതസ്സും ജലവിതരണസംവിധാനവും ഒക്കെയുള്ളവയായിരുന്നു അവിടത്തെ ചില വീടുകൾ. ചെറിയ വീടുകൾക്കുപോലും കെട്ടുറപ്പുള്ള മേൽക്കൂരയും ഭിത്തികളും അടച്ചുറപ്പുള്ള വാതിലുകളും ഉണ്ടായിരുന്നു. ഇവ കള്ളന്മാരിൽനിന്നും ആ കാലങ്ങളിൽ സാധാരണമായിരുന്ന സിംഹം, പുലി, കരടി, ചെന്നായ് എന്നിവയിൽനിന്നും ഒക്കെ സംരക്ഷണം നൽകുമായിരുന്നു. എന്നാൽ ഇതുപോലൊരു സംരക്ഷണം ഒരു കൂടാരം നൽകുമോ?
ഇനി കുടുംബത്തെക്കുറിച്ചോ? സാറ ആരെയൊക്കെ ഉപേക്ഷിച്ച് പോകണമായിരുന്നു? “നിന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട്” പോകാനുള്ള ദൈവത്തിന്റെ കല്പന സാറയെ ഏറെ വിഷമിപ്പിച്ചിരിക്കാം. കാരണം കൂടപ്പിറപ്പുകളും അവരുടെ മക്കളും മറ്റു ബന്ധുമിത്രാദികളും ഒക്കെയായി സാറയ്ക്ക് ഉറ്റവരും ഉടയവരും അനേകരുണ്ട്. അവരെയൊക്കെ ഇനി എന്നെങ്കിലും കാണാൻ കഴിയുമോ! സ്നേഹമയിയും വാത്സല്യനിധിയും ആയ ഈ സ്ത്രീക്ക് ഈ വേർപിരിയൽ ഹൃദയഭേദകമായിരുന്നിരിക്കണം. എങ്കിലും, ഓരോ ദിവസവും തന്റെ മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് പോകാനുള്ള ആ ദിവസത്തിനുവേണ്ടി അവൾ മാനസികമായി ഒരുങ്ങി.
ബുദ്ധിമുട്ടുകൾ ഒന്നും കാര്യമാക്കാതെ, നിശ്ചയിച്ച ദിവസത്തിൽത്തന്നെ പുറപ്പെടുന്നതിനുവേണ്ടി സാറ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അബ്രാഹാമിനും സാറയ്ക്കും ഒപ്പം കുടുംബത്തിലെ കാരണവരായ 200 വയസ്സുള്ള തേരഹുമുണ്ട്. (ഉൽപത്തി 11:31) പ്രായംചെന്ന ഈ പിതാവിനെ നോക്കാൻ സാറ ഒരുപാടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. യഹോവയെ അനുസരിച്ചുകൊണ്ട് “കൽദയരുടെ ദേശം വിട്ട്” പോകാൻ ലോത്തും അവരോടൊപ്പമുണ്ട്.—പ്രവൃത്തികൾ 7:4.
യൂഫ്രട്ടീസ് നദിയോരത്തുകൂടെ ആ സംഘം ആദ്യം സഞ്ചരിച്ചുനീങ്ങിയത് ഏതാണ്ട് 600 മൈൽ (960 കി.മീ.) വടക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഹാരാനിലേക്കായിരുന്നു. കുറച്ചുകാലം അവർ ഹാരാനിൽ പാർത്തു. ഇവിടെവെച്ചായിരിക്കാം മുന്നോട്ടു യാത്ര ചെയ്യാൻ കഴിയാത്തവിധം തേരഹ് അവശനായിത്തീർന്നത്. 205-ാം വയസ്സിൽ അദ്ദേഹം മരിക്കുന്നതുവരെ ആ കുടുംബം അവിടെ തുടർന്നു. അവരുടെ അടുത്ത യാത്ര ആരംഭിക്കുന്നതിനുമുമ്പ് യഹോവ വീണ്ടും അബ്രാഹാമിനോടു സംസാരിക്കുന്നു. ആ പ്രദേശത്തുനിന്ന് താൻ കാണിക്കാനിരിക്കുന്ന മറ്റൊരു ദേശത്തേക്കു പോകാൻ യഹോവ അബ്രാഹാമിനോടു വീണ്ടും പറഞ്ഞു. ഈ സന്ദർഭത്തിലാണ് അതിശയിപ്പിക്കുന്ന ഈ വാഗ്ദാനം യഹോവ നൽകിയത്: ‘ഞാൻ നിന്നെ ഒരു മഹാജനതയാക്കും.’ (ഉൽപത്തി 12:2-4) എന്നാൽ ഹാരാൻ വിടുമ്പോൾ അബ്രാഹാമിന് 75-ഉം സാറയ്ക്ക് 65-ഉം വയസ്സായിരുന്നു, അവർക്കു കുട്ടികളില്ലായിരുന്നു. പിന്നെ എങ്ങനെയാണ് അബ്രാഹാമിൽനിന്ന് ഒരു മഹാജനത ഉണ്ടാകുന്നത്? ബഹുഭാര്യത്വം അന്ന് സർവസാധാരണമായിരുന്നു. അബ്രാഹാം മറ്റൊരു ഭാര്യയെ സ്വീകരിക്കുമോ? സാറ അതെക്കുറിച്ച് പലതും ചിന്തിച്ചുകൂട്ടിയിരിക്കാം.
എന്തായിരുന്നാലും അവർ ഹാരാൻ വിട്ട് മുന്നോട്ടുനീങ്ങി. ഇപ്പോൾ അവരുടെകൂടെ ആരൊക്കെയുണ്ട്? അബ്രാഹാമിന്റെ കുടുംബവും ഹാരാനിൽവെച്ച് അവർ സ്വരുക്കൂട്ടിയ എല്ലാ വസ്തുവകകളും “അവർ സ്വന്തമാക്കിയ ആളുകളും” ഒക്കെ അവരോടൊപ്പം ഉണ്ടായിരുന്നെന്ന് വിവരണം പറയുന്നു. (ഉൽപത്തി 12:5) ആരായിരുന്നു ‘അവർ സ്വന്തമാക്കിയ ആളുകൾ?’ സാധ്യതയനുസരിച്ച് ജോലിക്കാരായിരിക്കാം. കേൾക്കാൻ മനസ്സുകാണിച്ച എല്ലാവരോടും അബ്രാഹാമും സാറയും അവരുടെ വിശ്വാസത്തെക്കുറിച്ച് തീർച്ചയായും സംസാരിച്ചുകാണും. ജൂതന്മാരുടെ ചില പുരാതനനിരൂപണങ്ങൾ പറയുന്നത് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ആളുകൾ മതപരിവർത്തനം ചെയ്തുവന്നവരായിരിക്കാം എന്നാണ്. അവർ അബ്രാഹാമിനോടും സാറയോടും ഒപ്പം യഹോവയെ ആരാധിച്ചുപോന്നു. അതു ശരിയാണെങ്കിൽ, തന്റെ ദൈവത്തെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും വളരെ ബോധ്യത്തോടെയായിരിക്കും സാറ സംസാരിച്ചത്, സാറയുടെ വിശ്വാസം അത്ര ഉറപ്പുള്ളതായിരുന്നു. ഇതെക്കുറിച്ച് ആഴമായി ചിന്തിക്കുന്നത് വിശ്വാസവും പ്രത്യാശയും വിരളമായിരിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്ന നമുക്ക് ഏറെ സഹായകമാണ്. ബൈബിൾപഠനത്തിൽനിന്ന് നിങ്ങൾക്കു ഗുണം ചെയ്ത കാര്യങ്ങൾ മറ്റുള്ളവർക്ക് എന്തുകൊണ്ട് പകർന്നുകൊടുത്തുകൂടാ!
‘അവർ ഈജിപ്തിലേക്കു പോയി’
ബി.സി. 1943 നീസാൻ മാസം 14-ാം തീയതി അവർ യൂഫ്രട്ടീസ് നദി കടന്നിട്ടുണ്ടാകണം. യഹോവ കാണിച്ചുകൊടുത്ത ദേശത്ത് എത്താനായി അവർ തെക്കുഭാഗത്തേക്കു നടന്നുനീങ്ങി. (പുറപ്പാട് 12:40, 41) ആ ദേശത്തിന്റെ സൗന്ദര്യവും വൈവിധ്യവും സുഖകരമായ കാലാവസ്ഥയും ഒക്കെ ആസ്വദിച്ചുകൊണ്ട് ചുറ്റും കണ്ണോടിക്കുന്ന സാറയെ ഒന്നു വിഭാവന ചെയ്യുക. ശെഖേമിന് അടുത്തുള്ള മോരെയിലെ വലിയ മരങ്ങൾക്കിടയിൽവെച്ച് യഹോവ അബ്രാഹാമിന് വീണ്ടും പ്രത്യക്ഷനാകുന്നു. ഇത്തവണ യഹോവ പറയുന്നു: “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു കൊടുക്കാൻപോകുന്നു.” അബ്രാഹാമിനെ സംബന്ധിച്ചിടത്തോളം, “സന്തതി” എന്ന് യഹോവ പറഞ്ഞ ആ ഒറ്റ പദപ്രയോഗത്തിന് വലിയ അർഥമുണ്ട്! ഏദെൻ തോട്ടത്തിൽവെച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞ സന്തതിയെക്കുറിച്ച് അബ്രാഹാം അപ്പോൾ തീർച്ചയായും ചിന്തിച്ചുകാണും. ആ സന്തതി ഒരിക്കൽ സാത്താനെ നശിപ്പിക്കുമായിരുന്നു. അബ്രാഹാമിലൂടെ ഉത്ഭവിക്കുന്ന ജനത ഭൂമിയിലുള്ള സകല ആളുകൾക്കും അനുഗ്രഹം നേടിക്കൊടുക്കുമെന്ന് യഹോവ ഇതിനോടകംതന്നെ പറഞ്ഞിട്ടുണ്ട്.—ഉൽപത്തി 3:15; 12:2, 3, 6, 7.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, അക്കാലത്തെ പ്രശ്നങ്ങൾ അവരെയും ബുദ്ധിമുട്ടിച്ചു. കനാനിൽ ക്ഷാമം ഉണ്ടായപ്പോൾ കുടുംബത്തെയും കൂട്ടി തെക്കുദേശത്തുള്ള ഈജിപ്തിലേക്കു പോകാൻ അബ്രാഹാം തീരുമാനിച്ചു. പക്ഷേ ആ പ്രദേശത്തും മറ്റൊരു അപകടം പതിയിരിപ്പുണ്ടായിരുന്നു. അതു മനസ്സിലാക്കി അബ്രാഹാം സാറയോട് ഇങ്ങനെ പറഞ്ഞു: “ദയവായി ഇങ്ങനെ ചെയ്യൂ! നീ വളരെ സുന്ദരിയാണെന്ന് എനിക്ക് അറിയാം. ഈജിപ്തുകാർ നിന്നെ കാണുമ്പോൾ, ‘ഇത് അയാളുടെ ഭാര്യയാണ്’ എന്നു പറയുമെന്ന് എനിക്ക് ഉറപ്പാണ്. അവർ എന്നെ കൊന്നുകളയും; നിന്നെ ജീവനോടെ വെക്കും. അതുകൊണ്ട് ദയവുചെയ്ത് നീ എന്റെ പെങ്ങളാണെന്നു പറയണം. അങ്ങനെ ചെയ്താൽ എനിക്ക് ആപത്തൊന്നും സംഭവിക്കില്ല; ഞാൻ രക്ഷപ്പെടും.” (ഉൽപത്തി 12:10-13) ഇങ്ങനെയൊക്കെ പറയാൻ എന്തുകൊണ്ടായിരിക്കാം അബ്രാഹാം സാറയോടു പറഞ്ഞത്?
ചില വിമർശകർ പറയുന്നതുപോലെ അബ്രാഹാം ഒരു നുണയനോ ഭീരുവോ ഒന്നും ആയിരുന്നില്ല. സത്യത്തിൽ സാറ അദ്ദേഹത്തിന്റെ അർധസഹോദരിതന്നെയാണ്. അബ്രാഹാമിന്റെ ഈ നീക്കം വളരെ ജാഗ്രതയോടെയായിരുന്നു. അബ്രാഹാമിലൂടെ ഒരു സന്തതിയും ഒരു ജനതയും ഉത്ഭവിക്കണം എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണെന്നും അതിലും പ്രധാനമായി മറ്റൊന്നുമില്ലെന്നും അബ്രാഹാമിനും സാറയ്ക്കും നന്നായി അറിയാം. അതുകൊണ്ട് അബ്രാഹാമിന്റെ സുരക്ഷ ഇപ്പോൾ മറ്റെന്തിനെക്കാളും പ്രധാനമാണ്. ഇനി, ചില പുരാവസ്തുഗവേഷകരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതുപോലെ, ഭർത്താവിനെ കൊന്ന് ഭാര്യയെ സ്വന്തമാക്കുന്ന രീതി ഈജിപ്തിൽ അധികാരത്തിലുള്ള ചിലർക്കുണ്ടായിരുന്നു. ഇത് അബ്രാഹാം ഉൾപ്പെടെ അവിടെയുള്ളവർക്കെല്ലാം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അബ്രാഹാം ബുദ്ധിപൂർവം നീങ്ങി, സാറ താഴ്മയോടെ അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ചു.
അധികം വൈകിയില്ല, അബ്രാഹാം ഭയന്നതുതന്നെ സംഭവിച്ചു. സാറയുടെ ആ പ്രായത്തിലും അവൾക്കുണ്ടായിരുന്ന സൗന്ദര്യം ഫറവോന്റെ ചില പ്രഭുക്കന്മാരെ അമ്പരപ്പിച്ചു. അവർ അതു ഫറവോനെ അറിയിച്ചു. ആ സ്ത്രീയെ അരമനയിലേക്കു കൊണ്ടുവരാൻ ഫറവോൻ കല്പിച്ചു. ആ സമയത്ത് അബ്രാഹാമിനുണ്ടായിരുന്ന കടുത്ത ആശങ്കയും സാറയ്ക്കുണ്ടായിരുന്ന ഉൾഭയവും നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാൽ സാറയോട് അവർ ഇടപെട്ടത് ഒരു ബന്ദിയോട് എന്നപോലെയല്ല മറിച്ച് ഒരു അതിഥിയോടെന്നപോലെ ആദരവോടെയായിരുന്നു. ചക്കരവാക്കുകൾ പറഞ്ഞും സമ്പത്തിന്റെ പെരുപ്പം കാണിച്ചും സാറയെ ആകർഷിക്കാൻ ചിലപ്പോൾ ഫറവോൻ ശ്രമിച്ചിരിക്കാം. അങ്ങനെ പതിയെപ്പതിയെ അവളുടെ “സഹോദരനെ” കൈയിലെടുത്ത് അവളെ തന്റെ ഭാര്യയാക്കാൻ ഫറവോൻ പദ്ധതികൾ മനഞ്ഞു.—ഉൽപത്തി 12:14-16.
കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്നുകൊണ്ട് ഈജിപ്തിന്റെ വിജനതയിലേക്കു നോക്കി നിൽക്കുകയാണ് സാറ. വീണ്ടും ഇതാ, മേൽക്കൂരയും അടച്ചുറപ്പും ഉള്ള ഒരു ഭവനം, നല്ല ഭക്ഷണസാധനങ്ങൾ. ഇവിടെ ജീവിക്കുന്നതിനെക്കുറിച്ച് സാറയ്ക്ക് എന്തു തോന്നിക്കാണും? ഊർ ദേശത്ത് അവൾ കണ്ടതിനെക്കാൾ മഹത്തരമായ ജീവിതമാണ് ഇവിടെ. ആ ആഡംബരജീവിതത്തിന്റെ പളപളപ്പിൽ അവളുടെ മനംമയങ്ങിയോ? അബ്രാഹാമിനെ ഉപേക്ഷിച്ച് ഫറവോന്റെ ഭാര്യയാകാൻ സാറ തീരുമാനിച്ചിരുന്നെങ്കിൽ സാത്താൻ അതൊരു ആഘോഷമാക്കിയേനേ! പക്ഷേ സാറ അങ്ങനെയൊന്നും ചെയ്തില്ല. അവൾ തന്റെ ഭർത്താവിനോടും തന്റെ വിവാഹബന്ധത്തോടും സർവോപരി ദൈവത്തോടും വിശ്വസ്തയായിരുന്നു. സദാചാരമൂല്യങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ഇന്നത്തെ ലോകത്തിൽ വിവാഹിതരായ ഓരോരുത്തരും ഇത്തരം വിശ്വസ്തത കാണിച്ചിരുന്നെങ്കിൽ! സാറയുടെ വിശ്വസ്തത നിങ്ങളുടെ പ്രിയപ്പെട്ടവരോടും സുഹൃത്തുക്കളോടും ഉള്ള ഇടപെടലുകളിൽ പകർത്താൻ നിങ്ങൾക്കാകുമോ?
ഫറവോനും കുടുംബത്തിനും ബാധകൾ വരുത്തിക്കൊണ്ട് തന്റെ പ്രിയദാസിയായ സാറയെ സംരക്ഷിക്കുന്നതിനായി യഹോവ ഇടപെട്ടു. സാറ അബ്രാഹാമിന്റെ ഭാര്യയാണെന്നു തിരിച്ചറിഞ്ഞ ഫറവോൻ അവളെ ഭർത്താവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. മാത്രമല്ല ആ മുഴുകുടുംബത്തോടും ഈജിപ്ത് വിട്ടുപോകാനും പറഞ്ഞു. (ഉൽപത്തി 12:17-20) തന്റെ പ്രിയതമയെ തിരിച്ചു കിട്ടിയപ്പോൾ അബ്രാഹാം എന്തുമാത്രം സന്തോഷിച്ചുകാണും! “നീ വളരെ സുന്ദരിയാണെന്ന് എനിക്ക് അറിയാം” എന്ന് സ്നേഹപൂർവം സാറയോടു അബ്രാഹാം പറഞ്ഞ വാക്കുകൾ നിങ്ങൾ ഓർക്കുന്നുണ്ടോ? എന്നാൽ ഇപ്പോൾ സാറയുടെ ബാഹ്യസൗന്ദര്യത്തെക്കാൾ മാറ്റുകൂട്ടുന്ന മറ്റൊരു സൗന്ദര്യത്തെയാണ് അബ്രാഹാം കൂടുതൽ വിലമതിക്കുന്നത്. യഹോവ വിലയേറിയതായി കാണുന്ന ആന്തരികസൗന്ദര്യമാണ് അത്. (1 പത്രോസ് 3:1-5) നമുക്കെല്ലാം നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു സൗന്ദര്യം. ഭൗതികവസ്തുക്കളെക്കാൾ ആത്മീയകാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടും ദൈവപരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ടും പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ ദൈവത്തിന്റെ ഉയർന്ന ധാർമികനിലവാരങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടും നമുക്കും സാറയുടെ വിശ്വാസം അനുകരിക്കാം.
a ആദ്യം അവരുടെ പേരുകൾ അബ്രാം, സാറായി എന്നായിരുന്നു. എന്നാൽ യഹോവ അവർക്ക് അനുഗ്രഹിച്ചുനൽകിയ പേരിലാണ് അവർ പിന്നീട് അറിയപ്പെട്ടത്.—ഉൽപത്തി 17:5, 15.
b സാറ അബ്രാഹാമിന്റെ അർധസഹോദരിയാണ്. അവരുടെ രണ്ടു പേരുടെയും പിതാവ് തേരഹായിരുന്നെങ്കിലും അമ്മമാർ വേറെയായിരുന്നു. (ഉൽപത്തി 20:12) ഇത്തരത്തിൽ ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഇന്ന് ഉചിതമല്ലെങ്കിലും അന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു എന്ന കാര്യം ഓർക്കുക. ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയ പൂർണതയോട് വളരെ അടുത്തായിരുന്നു അന്നത്തെ മനുഷ്യരെല്ലാം. അന്നത്തെ ആളുകൾ നല്ല ആരോഗ്യമുള്ളവരായതിനാൽ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്താൽപ്പോലും ജനിതക വൈകല്യങ്ങളുള്ള മക്കൾ ഉണ്ടാകില്ലായിരുന്നു. എന്നാൽ 400 വർഷങ്ങൾക്കു ശേഷം മനുഷ്യന്റെ ആയുർദൈർഘ്യം നമ്മുടേതിനോടു സമാനമായി. ആ കാലഘട്ടത്തിൽ മോശയ്ക്കു കൊടുത്ത നിയമ ഉടമ്പടി അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗികബന്ധങ്ങൾ വിലക്കി.—ലേവ്യ 18:6.