ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക
‘വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യമാകുന്നു.’—എബ്രാ. 11:1.
1, 2. ദൈവരാജ്യം മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുമെന്ന നമ്മുടെ ബോധ്യത്തെ ശക്തിപ്പെടുത്തുന്നത് എന്ത്, എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരേയൊരു പരിഹാരം ദൈവരാജ്യമാണെന്ന് യഹോവയുടെ സാക്ഷികളായ നാം കൂടെക്കൂടെ പറയാറുണ്ട്. ഈ ജീവത്പ്രധാന തിരുവെഴുത്തുസത്യം നാം ഉത്സാഹത്തോടെ ആളുകളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നു. രാജ്യപ്രത്യാശ നമുക്കും വലിയ ആശ്വാസം പകരുന്നു. എന്നാൽ, ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്ന ഒരു യഥാർഥഭരണകൂടമാണ് ദൈവരാജ്യം എന്ന നമ്മുടെ ബോധ്യം എത്ര ശക്തമാണ്? രാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കാൻ നമുക്ക് എന്ത് അടിസ്ഥാനമുണ്ട്?—എബ്രാ. 11:1.
2 മനുഷ്യവർഗത്തോടുള്ള ബന്ധത്തിൽ തന്റെ ഉദ്ദേശ്യം നിറവേറ്റാൻ സർവശക്തൻതന്നെ സ്ഥാപിച്ചിരിക്കുന്ന ഒരു ക്രമീകരണമാണ് മിശിഹൈകരാജ്യം. ഭരിക്കാനുള്ള സമ്പൂർണമായ അവകാശം യഹോവയ്ക്കു മാത്രമാണ് എന്ന ഇളകാത്ത അടിസ്ഥാനത്തിന്മേലാണ് രാജ്യം സ്ഥാപിതമായിരിക്കുന്നത്. രാജാവ്, സഹഭരണാധികാരികൾ, ഭരണപ്രദേശം എന്നിങ്ങനെ രാജ്യത്തിന്റെ സുപ്രധാനഘടകങ്ങൾ വ്യത്യസ്ത ഉടമ്പടികളിലൂടെ നിയമപരമായി ഉറപ്പിച്ചിരിക്കുന്നു. ഈ ഉടമ്പടികൾ നിയമപരമായ കരാറുകൾ പോലെയാണ്. ഇവയിലെല്ലാം ഒന്നാം കക്ഷി ഒന്നുകിൽ ദൈവമോ അല്ലെങ്കിൽ അവന്റെ പുത്രനായ യേശുക്രിസ്തുവോ ആണ്. ഈ ഉടമ്പടികളെക്കുറിച്ച് പരിചിന്തിക്കുകവഴി, ദൈവത്തിന്റെ ഉദ്ദേശ്യം ഒരു കാരണവശാലും പരാജയമടയാതെ എങ്ങനെ യാഥാർഥ്യമായിത്തീരുമെന്ന് മെച്ചമായി മനസ്സിലാക്കാനാകും. അതോടൊപ്പം, ഈ ക്രമീകരണം എത്രത്തോളം ഉറപ്പുള്ളതാണെന്ന് മനസ്സിലാക്കാനും അതു നമ്മെ സഹായിക്കും.—എഫെസ്യർ 2:12 വായിക്കുക.
3. ഈ ലേഖനത്തിലും അടുത്തതിലും നാം എന്തു പരിചിന്തിക്കും?
3 ക്രിസ്തുയേശു മുഖാന്തരമുള്ള മിശിഹൈകരാജ്യവുമായി ബന്ധപ്പെട്ട ആറ് പ്രധാന ഉടമ്പടികളെക്കുറിച്ച് ബൈബിൾ പറയുന്നു. അവ (1) അബ്രാഹാമ്യ ഉടമ്പടി, (2) ന്യായപ്രമാണ ഉടമ്പടി, (3) ദാവീദിക ഉടമ്പടി, (4) മൽക്കീസേദെക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഉടമ്പടി, (5) പുതിയ ഉടമ്പടി, (6) രാജ്യ ഉടമ്പടി എന്നിവയാണ്. ഓരോ ഉടമ്പടിയും രാജ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നും ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള ദൈവോദ്ദേശ്യം നിറവേറ്റുക എന്ന ലക്ഷ്യം മുൻനിറുത്തി ഓരോന്നും എന്തു ധർമം നിർവഹിക്കുന്നെന്നും നമുക്കു പരിശോധിക്കാം.—“ദൈവം തന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്ന വിധം” എന്ന ചാർട്ട് കാണുക.
ദൈവോദ്ദേശ്യം നിറവേറ്റപ്പെടുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന ഒരു വാഗ്ദാനം
4. മനുഷ്യരോടുള്ള ബന്ധത്തിൽ യഹോവ നടത്തിയ ഏത് പ്രഖ്യാപനങ്ങളെക്കുറിച്ചാണ് ഉല്പത്തിപ്പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്?
4 നമ്മുടെ മനോഹരമായ ഭൂഗ്രഹം വാസയോഗ്യമാക്കിയശേഷം മനുഷ്യരോടുള്ള ബന്ധത്തിൽ യഹോവ മൂന്ന് പ്രഖ്യാപനങ്ങൾ നടത്തി: (1) താൻ മനുഷ്യവർഗത്തെ തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കും, (2) മനുഷ്യർ മുഴുഭൂമിയിലേക്കും പറുദീസ വ്യാപിപ്പിക്കുകയും നീതിയുള്ള സന്തതികളെക്കൊണ്ട് ഭൂമി നിറയ്ക്കുകയും വേണം, (3) നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം മനുഷ്യൻ തിന്നരുത്. (ഉല്പ. 1:26, 28; 2:16, 17) മനുഷ്യനെയും ഭൂമിയെയും കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിക്ക് ഈ മൂന്ന് ഉത്തരവുകളിൽ കൂടുതലായി ഒന്നും ആവശ്യമില്ലായിരുന്നു. മനുഷ്യനെ സൃഷ്ടിച്ചശേഷം, ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടാൻ പിന്നെയുള്ള രണ്ട് ഉത്തരവുകൾ മനുഷ്യൻ അനുസരിക്കുകയേ വേണ്ടിയിരുന്നുള്ളൂ. അങ്ങനെയെങ്കിൽപ്പിന്നെ, ഉടമ്പടികൾ ആവശ്യമായി വന്നത് എങ്ങനെയാണ്?
5, 6. (എ) സാത്താൻ യഹോവയുടെ ഉദ്ദേശ്യം തകിടംമറിക്കാൻ ശ്രമിച്ചതെങ്ങനെ? (ബി) ഏദെനിൽ വെച്ച് സാത്താൻ ഉയർത്തിയ വെല്ലുവിളിയോട് യഹോവ പ്രതികരിച്ചത് എങ്ങനെ?
5 ഒരു മത്സരത്തിന് തിരികൊളുത്തിക്കൊണ്ട് യഹോവയുടെ ഉദ്ദേശ്യം തകിടംമറിക്കാൻ പിശാചായ സാത്താൻ നീചമായ ഒരു ശ്രമം നടത്തി. മനുഷ്യന്റെ ഭാഗത്ത് അനുസരണം ആവശ്യമായിരുന്ന ഉത്തരവിനെ കേന്ദ്രീകരിച്ചാണ് അവൻ അതിന് ശ്രമിച്ചത്. യഹോവയുടെ പ്രഖ്യാപനങ്ങളിൽ സാത്താന് എളുപ്പത്തിൽ സ്വാധീനിക്കാനാകുമായിരുന്നത് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുതെന്നുള്ള കല്പന ആയിരുന്നു. അത് ലംഘിക്കാൻ അവൻ ആദ്യ സ്ത്രീയായ ഹവ്വായെ വശീകരിച്ചു. (ഉല്പ. 3:1-5; വെളി. 12:9) അങ്ങനെ, തന്റെ സൃഷ്ടികളെ ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ സാത്താൻ വെല്ലുവിളിച്ചു. കൂടാതെ, വിശ്വസ്ത ദൈവദാസർ ദൈവത്തെ സേവിക്കുന്നത് സ്വാർഥനേട്ടങ്ങൾക്കുവേണ്ടിയാണെന്ന് പിന്നീട് സാത്താൻ ആരോപിക്കുകയും ചെയ്തു.—ഇയ്യോ. 1:9-11; 2:4, 5.
6 ഏദെനിൽവെച്ച് സാത്താൻ ഉയർത്തിയ വെല്ലുവിളിയോട് യഹോവ എങ്ങനെ പ്രതികരിക്കുമായിരുന്നു? മത്സരികളെ നശിപ്പിച്ചുകൊണ്ട് അവന് അവരുടെ മത്സരഗതി അവസാനിപ്പിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ ആദാമിന്റെയും ഹവ്വായുടെയും പിൻഗാമികളെക്കൊണ്ട് ഭൂമിയെ നിറയ്ക്കാനുള്ള യഹോവയുടെ ഉദ്ദേശ്യം നിറവേറാതെ പോകുമായിരുന്നു. മത്സരികളെ അപ്പോൾ അവിടെവെച്ച് നശിപ്പിക്കുന്നതിനു പകരം ജ്ഞാനിയായ സ്രഷ്ടാവ് അർഥസമ്പുഷ്ടമായ ഒരു പ്രവചനം—ഏദെനിക വാഗ്ദാനം—ഉച്ചരിച്ചു. സകല വിശദാംശങ്ങളും സഹിതം തന്റെ വാക്കുകൾ നിറവേറ്റുമെന്ന് അവൻ അതിലൂടെ ഉറപ്പു നൽകി.—ഉല്പത്തി 3:15 വായിക്കുക.
7. ഏദെനിക വാഗ്ദാനം സർപ്പത്തെയും അതിന്റെ സന്തതിയെയും കുറിച്ച് എന്ത് ഉറപ്പുനൽകുന്നു?
7 ഏദെനിക വാഗ്ദാനത്തിലൂടെ യഹോവ സർപ്പത്തിനും അതിന്റെ സന്തതിക്കും എതിരെ ന്യായവിധി പുറപ്പെടുവിച്ചു. സർപ്പം പിശാചായ സാത്താനെ കുറിക്കുന്നു; ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തിനെതിരെ നിലയുറപ്പിക്കുന്ന എല്ലാവരെയുമാണ് സർപ്പത്തിന്റെ സന്തതി ചിത്രീകരിക്കുന്നത്. സാത്താനെ നശിപ്പിക്കാനുള്ള അധികാരം സത്യദൈവം സ്ത്രീയുടെ സന്തതിക്ക് നൽകി. അങ്ങനെ, ഏദെൻ തോട്ടത്തിലെ മത്സരത്തിനു കാരണക്കാരനായ സാത്താനും അവൻ വരുത്തിവെച്ച സകല വിനകളും നീക്കം ചെയ്യപ്പെടുമെന്ന് ഏദെനിക വാഗ്ദാനം ഊന്നിപ്പറഞ്ഞു. മാത്രമല്ല, ഇതു നിർവഹിക്കപ്പെടുന്നത് ഏതു മുഖാന്തരത്താലാണെന്നും അതു വ്യക്തമാക്കുന്നു.
8. സ്ത്രീയെയും അവളുടെ സന്തതിയെയും കുറിച്ച് എന്തു പറയാനാകും?
8 സ്ത്രീയുടെ സന്തതി ആരായിരിക്കുമായിരുന്നു? അവൻ സർപ്പത്തിന്റെ തല തകർക്കുന്നതിനാൽ, അതായത് ആത്മജീവിയായ പിശാചായ സാത്താനെ ‘ഒടുക്കിക്കളയുന്നതിനാൽ,’ ഈ സന്തതി ഒരു ആത്മവ്യക്തിയായിരിക്കണം. (എബ്രാ. 2:14) അതുകൊണ്ടുതന്നെ ഈ സന്തതിക്കു ജന്മം നൽകുന്ന സ്ത്രീയും ഒരു അക്ഷരീയസ്ത്രീ ആയിരിക്കില്ല. യഹോവ ഏദെനിക വാഗ്ദാനം നൽകി ഏകദേശം 4,000 വർഷത്തോളം ഈ സ്ത്രീയും അവളുടെ സന്തതിയും ആരാണെന്നത് ഒരു രഹസ്യമായി തുടർന്നു. അതേസമയം സർപ്പത്തിന്റെ സന്തതി പെരുകിക്കൊണ്ടിരുന്നു. ഈ കാലയളവിൽ, യഹോവ സ്ത്രീയുടെ സന്തതിയെ തിരിച്ചറിയാൻ സഹായിക്കുന്ന പല ഉടമ്പടികൾ ചെയ്യുകയും മനുഷ്യകുടുംബത്തിന് സാത്താൻ വരുത്തിവെച്ച ദുരന്തം ഈ സന്തതിയിലൂടെ നീക്കംചെയ്യുമെന്ന് തന്റെ ദാസന്മാർക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു.
സന്തതിയെ തിരിച്ചറിയിക്കുന്ന ഒരു ഉടമ്പടി
9. എന്താണ് അബ്രാഹാമ്യ ഉടമ്പടി, അത് എപ്പോഴാണ് നിലവിൽ വന്നത്?
9 സാത്താന്റെ മേൽ വിധി പുറപ്പെടുവിച്ച് ഏകദേശം 2,000 വർഷങ്ങൾക്കു ശേഷം ഗോത്രപിതാവായ അബ്രാഹാമിനോട് മെസൊപ്പൊട്ടേമിയയിലെ ഊർ നഗരത്തിലുള്ള തന്റെ ഭവനം വിട്ട് കനാൻ ദേശത്തേക്കു പോകാൻ യഹോവ കൽപ്പിച്ചു. (പ്രവൃ. 7:2, 3) യഹോവ അവനോട് ഇങ്ങനെ അരുളിച്ചെയ്തു: “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ. 12:1-3) യഹോവയാം ദൈവം അബ്രാഹാമുമായി ചെയ്ത അബ്രാഹാമ്യ ഉടമ്പടിയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെയാണ്. എപ്പോഴാണ് ദൈവം ആദ്യമായി ഈ ഉടമ്പടി ചെയ്തതെന്ന് കൃത്യമായി നമുക്ക് അറിയില്ല. എന്നാൽ, ഈ ഉടമ്പടി നിലവിൽ വന്നത് ബി.സി. 1943-ൽ അബ്രാഹാമിന് 75 വയസ്സുണ്ടായിരുന്നപ്പോൾ അവൻ ഹാരാൻ വിട്ട് യൂഫ്രട്ടീസ് നദി കടന്ന സമയത്താണ്.
10. (എ) ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ അചഞ്ചലമായ വിശ്വാസമുണ്ടെന്ന് അബ്രാഹാം തെളിയിച്ചത് എങ്ങനെ? (ബി) സ്ത്രീയുടെ സന്തതിയെക്കുറിച്ച് എന്തു വിശദാംശങ്ങൾ യഹോവ ക്രമേണ വെളിപ്പെടുത്തി?
10 കൂടുതലായ വിശദാംശങ്ങൾ നൽകിക്കൊണ്ട് യഹോവ അബ്രാഹാമിനോട് പലതവണ തന്റെ വാഗ്ദാനം ആവർത്തിച്ചു. (ഉല്പ. 13:15-17; 17:1-8, 16) തന്റെ ഒരേ ഒരു മകനെ യാഗം കഴിക്കാനുള്ള മനസ്സൊരുക്കം കാണിച്ചുകൊണ്ട് അബ്രാഹാം യഹോവയുടെ വാഗ്ദാനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം പ്രകടമാക്കിയപ്പോൾ, നിബന്ധനകളോ ഉപാധികളോ ഇല്ലാത്ത ഒരു വാഗ്ദാനം കൊടുത്തുകൊണ്ട് യഹോവ തന്റെ ഉടമ്പടി ഒന്നുകൂടി ഉറപ്പിച്ചു. (ഉല്പത്തി 22:15-18; എബ്രായർ 11:17, 18 വായിക്കുക.) അബ്രാഹാമ്യ ഉടമ്പടി പ്രാബല്യത്തിലായ ശേഷം സ്ത്രീയുടെ സന്തതിയെക്കുറിച്ചുള്ള സുപ്രധാനവിശദാംശങ്ങൾ യഹോവ ക്രമേണ വെളിപ്പെടുത്തി. ഈ സന്തതി: അബ്രാഹാമിന്റെ വംശത്തിൽ ജനിക്കും; ഒന്നിലധികം പേർ ചേർന്നതായിരിക്കും; ഒരു രാജകീയ ധർമം നിറവേറ്റും; ശത്രുക്കളെയെല്ലാം നശിപ്പിക്കും; അനേകർക്ക് ഒരു അനുഗ്രഹമായിരിക്കും.
11, 12. അബ്രാഹാമ്യ ഉടമ്പടിക്ക് ഒരു വലിയ നിവൃത്തിയുണ്ടെന്നു തിരുവെഴുത്തുകൾ പ്രകടമാക്കുന്നത് എങ്ങനെ, അത് നമ്മെ എങ്ങനെ ബാധിക്കുന്നു?
11 അബ്രാഹാമിന്റെ സന്തതി വാഗ്ദത്തദേശം അവകാശപ്പെടുത്തിയപ്പോൾ അബ്രാഹാമ്യ ഉടമ്പടിക്ക് അക്ഷരീയ നിവൃത്തിയുണ്ടായി. എന്നാൽ, ആ ഉടമ്പടിയിലെ വാക്കുകൾക്ക് ഒരു ആത്മീയനിവൃത്തിയുംകൂടെയുണ്ടെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (ഗലാ. 4:22-25) ഈ വലിയ നിവൃത്തിയിൽ, അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗം ക്രിസ്തുവും ഉപഭാഗം 1,44,000 ആത്മാഭിഷിക്ത ക്രിസ്ത്യാനികളും ആണെന്ന് അപ്പൊസ്തലനായ പൗലോസ് നിശ്ശ്വസ്തതയിൽ വിശദീകരിച്ചു. (ഗലാ. 3:16, 29; വെളി. 5:9, 10; 14:1, 4) ഈ സന്തതിക്ക് ജന്മം നൽകുന്ന സ്ത്രീ ആരാണ്? അത് ‘മീതെയുള്ള യെരുശലേം,’ അതായത് ദൈവത്തിന്റെ സംഘടനയുടെ സ്വർഗീയഭാഗം ആണ്. അതിൽ വിശ്വസ്തരായ ആത്മസൃഷ്ടികൾ ഉൾക്കൊള്ളുന്നു. (ഗലാ. 4:26, 31) അബ്രാഹാമ്യ ഉടമ്പടി വാഗ്ദാനം ചെയ്യുന്നതുപോലെ, സ്ത്രീയുടെ സന്തതി മനുഷ്യവർഗത്തിന്മേൽ അനുഗ്രഹങ്ങൾ ചൊരിയും.
12 അബ്രാഹാമ്യ ഉടമ്പടി സ്വർഗരാജ്യത്തിന് നിയമപരമായ അടിത്തറ നൽകുന്നു. അതു രാജാവിനും സഹഭരണാധികാരികൾക്കും രാജ്യം അവകാശമാക്കാൻ വഴി തുറക്കുന്നു. (എബ്രാ. 6:13-18) ഈ ഉടമ്പടി എത്ര കാലത്തേക്ക് നിലവിലുണ്ടായിരിക്കും? ഉല്പത്തി 17:7 അനുസരിച്ച് ഇത് ഒരു “നിത്യ” ഉടമ്പടിയാണ്. മിശിഹൈകരാജ്യം ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുകയും ഭൂമിയിലെ മുഴുകുടുംബങ്ങളെയും അനുഗ്രഹിക്കുകയും ചെയ്യുന്നതുവരെ ഈ ഉടമ്പടി പ്രാബല്യത്തിലുണ്ടായിരിക്കും. (1 കൊരി. 15:23-26) എന്നാൽ, തുടർന്ന് ഭൂമിയിൽ ജീവിക്കുന്ന എല്ലാവരും അതിന്റെ നിത്യമായ പ്രയോജനങ്ങൾ ആസ്വദിക്കും. നീതിയുള്ള മനുഷ്യർ “ഭൂമിയിൽ നിറ”യും എന്ന തന്റെ വാഗ്ദാനം യഹോവ നിവർത്തിക്കുകതന്നെ ചെയ്യുമെന്ന് അബ്രാഹാമ്യ ഉടമ്പടി വ്യക്തമാക്കുന്നു!—ഉല്പ. 1:28.
രാജ്യം നിലനിൽക്കുമെന്ന് ഉറപ്പാക്കുന്ന ഒരു ഉടമ്പടി
13, 14. മിശിഹൈകഭരണത്തെക്കുറിച്ച് ദാവീദിക ഉടമ്പടി എന്ത് ഉറപ്പുനൽകുന്നു?
13 മിശിഹൈകരാജ്യം പ്രതിനിധാനം ചെയ്യുന്ന യഹോവയുടെ പരമാധികാരം, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളിൽ അടിയുറച്ചതാണെന്ന സുപ്രധാനസത്യം ഏദെനിക വാഗ്ദാനവും അബ്രാഹാമ്യ ഉടമ്പടിയും സ്ഥിരീകരിക്കുന്നു. (സങ്കീ. 89:14) എന്നാൽ ഈ മിശിഹൈകഭരണം ദുർഭരണമായി അധഃപതിച്ച് നീക്കം ചെയ്യപ്പെടുമോ? അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് മറ്റൊരു നിയമപരമായ ഉടമ്പടി ഉറപ്പു തരുന്നു.
14 ദാവീദിക ഉടമ്പടിയിലൂടെ പുരാതന ഇസ്രായേലിലെ ദാവീദ് രാജാവിന് യഹോവ കൊടുത്ത വാഗ്ദാനം പരിചിന്തിക്കുക. (2 ശമൂവേൽ 7:12, 16 വായിക്കുക.) ദാവീദ് യെരുശലേമിൽ ഭരിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്റെ വംശപരമ്പരയിൽ മിശിഹാ വരുമെന്ന ഈ ഉടമ്പടി യഹോവ ചെയ്തത്. (ലൂക്കോ. 1:30-33) അങ്ങനെ, സന്തതി വരുന്ന വംശാവലി യഹോവ കുറച്ചുകൂടെ വ്യക്തമാക്കി. മിശിഹൈകരാജ്യത്തിന്റെ സിംഹാസനത്തിന് “അവകാശമുള്ളവൻ” ദാവീദിന്റെ വംശത്തിൽ വരുമെന്ന് അത് സ്ഥിരീകരിച്ചു. (യെഹെ. 21:25-27) യേശുവിലൂടെ ദാവീദിന്റെ രാജത്വം “എന്നേക്കും സ്ഥിരമായിരിക്കും.” ദാവീദിന്റെ സന്തതി “ശാശ്വതമായും അവന്റെ സിംഹാസനം . . . സൂര്യനെപ്പോലെയും ഇരിക്കും.” (സങ്കീ. 89:34-37) അതെ, മിശിഹായുടെ ഭരണം ഒരിക്കലും ഒരു ദുർഭരണമായി അധഃപതിക്കുകയില്ല. അതിന്റെ ഭരണനേട്ടങ്ങൾ നിത്യം നിലനിൽക്കും!
പൗരോഹിത്യസേവനം ഉറപ്പാക്കാൻ വേണ്ടിയുള്ള ഒരു ഉടമ്പടി
15-17. മൽക്കീസേദെക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഉടമ്പടിപ്രകാരം സന്തതിക്ക് മറ്റ് ഏത് ഉത്തരവാദിത്വംകൂടെ ലഭിക്കും, എന്തുകൊണ്ട്?
15 സ്ത്രീയുടെ സന്തതി രാജാവായി ഭരിക്കുമെന്ന് അബ്രാഹാമ്യ ഉടമ്പടിയും ദാവീദിക ഉടമ്പടിയും വ്യക്തമാക്കി. എന്നാൽ സകല ജനതകൾക്കും അനുഗ്രഹങ്ങൾ ചൊരിയുന്നതിന് സന്തതി രാജാവായിരുന്നാൽ മാത്രം മതിയാകുമായിരുന്നില്ല, ഒരു പുരോഹിതനായും സേവിക്കണമായിരുന്നു. ഒരു പുരോഹിതൻ അർപ്പിക്കുന്ന യാഗത്തിനു മാത്രമേ അവരെ അവരുടെ പാപാവസ്ഥയിൽനിന്ന് മോചിപ്പിക്കാനും യഹോവയുടെ സാർവത്രികകുടുംബത്തിന്റെ ഭാഗമാക്കാനും കഴിയുമായിരുന്നുള്ളൂ. ഇതിനുവേണ്ടി ജ്ഞാനിയായ സ്രഷ്ടാവ് മറ്റൊരു നിയമപരമായ ക്രമീകരണം ചെയ്തു. അതാണ് മൽക്കീസേദെക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഉടമ്പടി.
16 താൻ യേശുവുമായി നേരിട്ട് ഒരു ഉടമ്പടിയിൽ ഏർപ്പെടുമെന്ന് യഹോവ ദാവീദ് രാജാവിലൂടെ വെളിപ്പെടുത്തി. ആ ഉടമ്പടി രണ്ട് ലക്ഷ്യങ്ങൾ സാധിക്കുമായിരുന്നു. ഒന്ന്, യേശു ശത്രുക്കളെയെല്ലാം കീഴ്പെടുത്തുന്നതുവരെ ദൈവത്തിന്റെ ‘വലത്തുഭാഗത്തിരിക്കും.’ രണ്ട്, അവൻ “മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിത”നായിരിക്കും. (സങ്കീർത്തനം 110:1, 2, 4 വായിക്കുക.) “മല്ക്കീസേദെക്കിന്റെ വിധത്തിൽ” എന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? അബ്രാഹാമിന്റെ സന്തതികൾ വാഗ്ദത്തദേശം അവകാശമാക്കുന്നതിന് വളരെ മുമ്പ് ശാലേമിലെ രാജാവായിരുന്നു മൽക്കീസേദെക്ക്. ഒരേസമയം “രാജാവും അത്യുന്നത ദൈവത്തിന്റെ പുരോഹിതനു”മായിട്ടാണ് അവൻ സേവിച്ചിരുന്നത്. (എബ്രാ. 7:1-3) യഹോവ നേരിട്ടായിരുന്നു അവനെ അങ്ങനെ നിയമിച്ചത്. ഒരേസമയം രാജാവും പുരോഹിതനും ആയി എബ്രായതിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ഒരേ ഒരാൾ അവനാണ്. തന്നെയുമല്ല, അവന്റെ മുൻഗാമിയെയൊ പിൻഗാമിയെയൊ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ “എന്നേക്കും ഒരു പുരോഹിതൻ” എന്ന് അവനെ വിളിക്കാൻ കഴിയുമായിരുന്നു.
17 യഹോവ യേശുവുമായി ചെയ്ത ഈ ഉടമ്പടിപ്രകാരം ഒരു പുരോഹിതനായി സേവിക്കാൻ ദൈവം അവനെ നേരിട്ട് നിയമിച്ചു. അവൻ ‘മൽക്കീസേദെക്കിന്റെ മാതൃകപ്രകാരം എന്നേക്കും ഒരു പുരോഹിതനായി’ തുടരും. (എബ്രാ. 5:4-6) ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള തന്റെ ആദിമോദ്ദേശ്യം നിറവേറ്റാനായി മിശിഹൈകരാജ്യം ഉപയോഗിക്കാൻ യഹോവ തന്നെത്തന്നെ നിയമപരമായി ബാധ്യസ്ഥനാക്കിയിരിക്കുന്നു അഥവാ കടപ്പാടിൻകീഴിലാക്കിയിരിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.
ഉടമ്പടികൾ രാജ്യത്തിന് നിയമപരമായ അടിത്തറ പാകുന്നു
18, 19. (എ) നാം പരിചിന്തിച്ച ഉടമ്പടികൾ ദൈവരാജ്യത്തെക്കുറിച്ച് എന്തെല്ലാം വെളിപ്പെടുത്തുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
18 നാം പരിചിന്തിച്ച ഉടമ്പടികളിൽനിന്നും അവ ഓരോന്നും മിശിഹൈകരാജ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നും രാജ്യക്രമീകരണം നിയമപരമായ കരാറുകളിലൂടെ എങ്ങനെ ഉറപ്പാക്കപ്പെട്ടിരിക്കുന്നെന്നും മനസ്സിലാക്കാനാകും. ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം സ്ത്രീയുടെ സന്തതിയിലൂടെ നിറവേറ്റാൻ ഏദെനിക വാഗ്ദാനത്തിലൂടെ യഹോവ സ്വയം ബാധ്യസ്ഥനാക്കി. ആ സന്തതി ആരായിരിക്കും? സന്തതി എന്തെല്ലാം ധർമങ്ങൾ നിർവഹിക്കും? ഇതിനെല്ലാമുള്ള രൂപരേഖ അബ്രാഹാമ്യ ഉടമ്പടി പ്രദാനം ചെയ്യുന്നു.
19 സന്തതിയുടെ പ്രഥമഭാഗം ഏതു വംശത്തിൽ വരുമെന്ന് ദാവീദിക ഉടമ്പടി തിരിച്ചറിയിക്കുന്നു. അനുഗ്രഹങ്ങൾ നിത്യം നിലനിൽക്കത്തക്കവിധം ഭൂമിയുടെ മേൽ ഭരണം നടത്താനുള്ള അവകാശം അത് അവന് കൊടുക്കുകയും ചെയ്യുന്നു. മൽക്കീസേദെക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഉടമ്പടി, സന്തതി പൗരോഹിത്യവേല ചെയ്യുമെന്ന് ഉറപ്പാക്കുന്നു. എന്നാൽ മനുഷ്യവർഗത്തെ പൂർണതയിലേക്ക് ഉയർത്തുന്നത് യേശു ഒറ്റയ്ക്കല്ല. രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കാൻ മറ്റു ചിലരും അഭിഷേകം ചെയ്യപ്പെടുന്നു. അവർ എവിടെനിന്ന് വരും? അടുത്ത ലേഖനത്തിൽ അത് പരിചിന്തിക്കുന്നതായിരിക്കും.