സ്നേഹത്തിന്റെ ആത്മാവിൽ പ്രശ്നങ്ങൾ പരിഹരിക്കുക
‘പരസ്പരം സമാധാനത്തിൽ വർത്തിക്കുവിൻ.’—മർക്കോ. 9:50.
1, 2. ഉൽപത്തിപ്പുസ്തകത്തിൽ വ്യക്തികൾ തമ്മിലുള്ള ഏതൊക്കെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു, അത് നമ്മുടെ ശ്രദ്ധ അർഹിക്കുന്നത് എന്തുകൊണ്ട്?
ബൈബിളിൽ കാണുന്ന വ്യക്തികൾ തമ്മിലുള്ള ഭിന്നതകളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉൽപത്തിപ്പുസ്തകത്തിന്റെ ആദ്യത്തെ ഏതാനും അധ്യായങ്ങളിൽത്തന്നെ അവയിൽ ചിലത് കാണാം. കയീൻ ഹാബേലിനെ കൊന്നു. (ഉൽപ. 4:3-8) ലാമെക്ക്, തന്നെ അടിച്ച ഒരു യുവാവിനെ കൊന്നു. (ഉൽപ. 4:23) അബ്രഹാമിന്റെ ഇടയന്മാരും ലോത്തിന്റെ ഇടയന്മാരും തമ്മിൽ വാക്കുതർക്കമുണ്ടായി. (ഉൽപ. 13:5-7) താൻ സാറയെക്കാൾ ശ്രേഷ്ഠയാണെന്ന് ഹാഗാറിനു തോന്നി. സാറയ്ക്ക് അബ്രാഹാമിനോട് പിണക്കം തോന്നി. (ഉൽപ. 16:3-6) യിശ്മായേൽ മറ്റുള്ളവർക്കും മറ്റുള്ളവർ യിശ്മായേലിനും എതിരായിരുന്നു.—ഉൽപ. 16:12.
2 ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്നത് എന്തിനാണ്? കാരണം അപൂർണരായ ഈ മനുഷ്യരുടെ അനുഭവങ്ങളിൽനിന്ന് നമുക്ക് പഠിക്കാനാകും. നമ്മളും അപൂർണരാണ്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലും ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ ബൈബിളിൽ കാണുന്ന നല്ല ആളുകളെ അനുകരിക്കാനും ചീത്ത സ്വഭാവമുള്ളവരെ അനുകരിക്കാതിരിക്കാനും നമുക്കാകും. (റോമ. 15:4) ഇതിലൂടെ, മറ്റുള്ളവരുമായി എങ്ങനെ സമാധാനത്തിലായിരിക്കാമെന്ന് നമുക്ക് പഠിക്കാൻ കഴിയും.
3. ഈ ലേഖനത്തിൽ നമ്മൾ എന്ത് പരിചിന്തിക്കും?
3 ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും എന്തുകൊണ്ടാണ് പരിഹരിക്കേണ്ടതെന്നും അത് എങ്ങനെ ചെയ്യാമെന്നും ഈ ലേഖനത്തിൽ ചർച്ച ചെയ്യും. പ്രശ്നങ്ങൾ പരിഹരിക്കാനും യഹോവയുമായും മറ്റുള്ളവരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ചില അടിസ്ഥാന ബൈബിൾതത്ത്വങ്ങൾ നമ്മൾ പഠിക്കും.
ദൈവദാസർ ഭിന്നതകൾ പരിഹരിക്കേണ്ടത് എന്തുകൊണ്ട്?
4. ലോകമൊട്ടാകെ ഏത് മനോഭാവം വ്യാപിച്ചിരിക്കുന്നു, അതിന്റെ ഫലം എന്താണ്?
4 ആളുകൾക്കിടയിലുള്ള ഭിന്നതകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും പ്രധാനകാരണക്കാരൻ സാത്താനാണ്. കാരണം, തങ്ങൾക്ക് നല്ലതേത് ചീത്തയേത് എന്ന് ദൈവത്തിന്റെ സഹായമില്ലാതെ സ്വയം തീരുമാനിക്കാൻ കഴിയുമെന്നും അങ്ങനെയാണ് ചെയ്യേണ്ടതെന്നും ഉള്ള അവകാശവാദം സാത്താൻ ഏദെനിൽവെച്ച് നടത്തി. (ഉൽപ. 3:1-5) എന്നാൽ ഇന്നത്തെ ലോകത്തിലേക്ക് നോക്കുമ്പോൾ അങ്ങനെ ചെയ്യുന്നതിലൂടെ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നത് പകൽപോലെ വ്യക്തമാണ്. തങ്ങൾക്ക് നല്ലതേത് ചീത്തയേത് എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നാണ് മിക്കവരും വിചാരിക്കുന്നത്. ഇത്തരക്കാർ അഹങ്കാരികളും സ്വാർഥരും മത്സരികളും മറ്റുള്ളവരെക്കുറിച്ച് യാതൊരു ചിന്തയില്ലാത്തവരും ആണ്. അവരുടെ തീരുമാനങ്ങൾ മറ്റുള്ളവരെ വിഷമിപ്പിക്കുമോ എന്നൊന്നും അവർ ചിന്തിക്കാറില്ല. അത്തരം സ്വാർഥമനോഭാവം ഭിന്നതകൾക്ക് വഴിവെക്കുന്നു. നമ്മൾ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണെങ്കിൽ മറ്റുള്ളവരുമായി പല അഭിപ്രായവ്യത്യാസങ്ങളുണ്ടാകാനും അങ്ങനെ പല തെറ്റുകൾ ചെയ്യാനും സാധ്യതയുണ്ടെന്ന് ബൈബിൾ ഓർമിപ്പിക്കുന്നു.—സദൃ. 29:22.
5. ഭിന്നതകൾ പരിഹരിക്കാൻ എങ്ങനെ കഴിയുമെന്നാണ് യേശു ആളുകളെ പഠിപ്പിച്ചത്?
5 എന്തെങ്കിലും ഒരു നഷ്ടമുണ്ടാകുമെന്ന് തോന്നുന്ന സാഹചര്യത്തിൽപ്പോലും സമാധാനം ഉണ്ടാക്കുന്നവരും ഭിന്നതകൾ ഒഴിവാക്കുന്നവരും ആയിരിക്കണമെന്ന് ഗിരിപ്രഭാഷണത്തിലൂടെ യേശു അനുഗാമികളെ പഠിപ്പിച്ചു. ഉദാഹരണത്തിന്, ദയയുള്ളവരായിരിക്കാനും മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാനും ദേഷ്യംപോലെയുള്ള ദുർഗുണങ്ങൾ ഒഴിവാക്കാനും ഭിന്നതകൾ എത്രയും പെട്ടെന്ന് പരിഹരിക്കാനും ശത്രുക്കളെ സ്നേഹിക്കാനും യേശു അവരെ ഉപദേശിച്ചു.—മത്താ. 5:5, 9, 22, 25, 44.
6, 7. (എ) വ്യക്തികൾ തമ്മിലുള്ള ഭിന്നതകൾ എത്രയും പെട്ടെന്നു പരിഹരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദൈവദാസർ സ്വയം ഏത് ചോദ്യങ്ങൾ ചോദിക്കണം?
6 പ്രാർഥിക്കുമ്പോഴും പ്രസംഗപ്രവർത്തനം നടത്തുമ്പോഴും യോഗങ്ങൾക്ക് ഹാജരാകുമ്പോഴും നമ്മൾ യഹോവയെ ആരാധിക്കുകയാണ്. സഹോദരങ്ങളുമായി സമാധാനത്തിൽ ആകുന്നില്ലെങ്കിൽ യഹോവ നമ്മുടെ ആരാധന സ്വീകരിക്കില്ല. (മർക്കോ. 11:25) യഹോവയുടെ സുഹൃത്താകണമെങ്കിൽ, മറ്റുള്ളവർക്കു തെറ്റു പറ്റുമ്പോൾ നമ്മൾ അവരോട് ക്ഷമിക്കണം.—ലൂക്കോസ് 11:4; എഫെസ്യർ 4:32 വായിക്കുക.
7 തന്റെ എല്ലാ ആരാധകരും ക്ഷമിക്കുന്നവരും മറ്റുള്ളവരുമായി സമാധാനബന്ധം കാത്തുസൂക്ഷിക്കുന്നവരും ആയിരിക്കണമെന്ന് യഹോവ പ്രതീക്ഷിക്കുന്നു. നമുക്ക് സ്വയം ഇങ്ങനെ ചോദിക്കാം: ‘സഹോദരങ്ങളോട് ഞാൻ എത്രയും പെട്ടെന്നു ക്ഷമിക്കാറുണ്ടോ? അവരോടൊപ്പം ആയിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ടോ?’ ക്ഷമിക്കുന്ന കാര്യത്തിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ സഹായത്തിനായി യഹോവയോട് പ്രാർഥിക്കുക. അത്തരം എളിയ പ്രാർഥനകൾ നമ്മുടെ സ്വർഗീയപിതാവ് കേൾക്കുകയും അതിന് ഉത്തരം നൽകുകയും ചെയ്യും.—1 യോഹ. 5:14, 15.
ഒരു പ്രശ്നം നിങ്ങൾക്ക് വിട്ടുകളയാമോ?
8, 9. നമ്മളെ ആരെങ്കിലും വിഷമിപ്പിക്കുന്നെങ്കിൽ നമ്മൾ എന്ത് ചെയ്യണം?
8 നമ്മൾ എല്ലാവരും അപൂർണരാണ്. അതുകൊണ്ട് നമ്മളെ വിഷമിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ മറ്റുള്ളവർ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം. (സഭാ. 7:20; മത്താ. 18:7) അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? പിൻവരുന്ന അനുഭവത്തിൽനിന്ന് നമുക്ക് ഒരു പ്രധാനപ്പെട്ട പാഠം പഠിക്കാം. ഒരു സാമൂഹികകൂടിവരവിൽ ഒരു സഹോദരി രണ്ടു സഹോദരന്മാരെ അഭിവാദനം ചെയ്തു. എന്നാൽ അവരിൽ ഒരാൾക്ക് സഹോദരി അഭിവാദനം ചെയ്ത വിധം ഇഷ്ടമായില്ല. സഹോദരി പോയിക്കഴിഞ്ഞപ്പോൾ ആ സഹോദരൻ, കൂടെയുണ്ടായിരുന്ന സഹോദരനോട് സഹോദരിയെക്കുറിച്ച് കുറ്റം പറയാൻ തുടങ്ങി. അപ്പോൾ, വളരെ പ്രശ്നങ്ങളുണ്ടായിട്ടും 40 വർഷമായി ആ സഹോദരി വിശ്വസ്തമായി യഹോവയെ സേവിച്ചുവരികയാണെന്ന കാര്യം പരാതിപ്പെട്ട സഹോദരനെ മറ്റേ സഹോദരൻ ഓർമിപ്പിച്ചു. സഹോദരനെ വിഷമിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല സഹോദരി അങ്ങനെ ചെയ്തതെന്ന് മറ്റേ സഹോദരന് ഉറപ്പുണ്ടായിരുന്നു. പരാതി പറഞ്ഞ സഹോദരന് തെറ്റിദ്ധാരണ മാറിക്കിട്ടി. ഒരു നിമിഷം ചിന്തിച്ചശേഷം ആദ്യത്തെ സഹോദരൻ പറഞ്ഞു: “സഹോദരൻ പറഞ്ഞതാണ് ശരി.” അദ്ദേഹം അത് വിട്ടുകളയാൻ തീരുമാനിച്ചു.
9 ഈ അനുഭവത്തിൽനിന്ന് നമുക്ക് എന്താണ് പഠിക്കാനുള്ളത്? ആരെങ്കിലും നമ്മളെ വിഷമിപ്പിക്കുമ്പോൾ അതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയാണെന്ന് തീരുമാനിക്കാൻ നമുക്കാകും. നിങ്ങൾ സ്നേഹമുള്ള ഒരാളാണെങ്കിൽ ക്ഷമിക്കും. (സദൃശവാക്യങ്ങൾ 10:12; 1 പത്രോസ് 4:8 വായിക്കുക.) ‘ലംഘനം ക്ഷമിക്കുന്നതിനെ’ സൗന്ദര്യമായിട്ടാണ് യഹോവ വീക്ഷിക്കുന്നത്. (സദൃ. 19:11; സഭാ. 7:9) അടുത്ത തവണ നിങ്ങളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും ആരെങ്കിലും പറയുമ്പോഴോ ചെയ്യുമ്പോഴോ സ്വയം ഇങ്ങനെ ചോദിക്കുക: ‘എനിക്ക് ഇത് വിട്ടുകളയാൻ പറ്റുമോ? ഞാൻ ഇതെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കേണ്ട കാര്യമുണ്ടോ?’
10. (എ) തന്നെ വിമർശിച്ചപ്പോൾ ഒരു സഹോദരി ആദ്യം എങ്ങനെ പ്രതികരിച്ചു? (ബി) മനസ്സമാധാനം നിലനിറുത്താൻ ബൈബിളിലെ ഏത് ആശയം സഹോദരിയെ സഹായിച്ചു?
10 മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തെങ്കിലും മോശമായി പറയുമ്പോൾ അത് കേട്ടില്ലെന്നു നടിക്കാനോ വിട്ടുകളയാനോ ബുദ്ധിമുട്ടായിരിക്കാം. മുൻനിരസേവികയായ ഒരു സഹോദരിയുടെ കാര്യം നോക്കാം. നമുക്ക് ആ സഹോദരിയെ ലൂസി എന്നു വിളിക്കാം. സഭയിലെ ചിലർ ആ സഹോദരി സമയം ചെലവഴിക്കുന്ന വിധത്തെക്കുറിച്ചും സഹോദരിയുടെ ശുശ്രൂഷയുടെ ഗുണമേന്മയെക്കുറിച്ചും വിമർശിച്ചു. അത് ലൂസിയെ വല്ലാതെ വിഷമിപ്പിച്ചു. സഹോദരി പക്വതയുള്ള ചില സഹോദരങ്ങളുടെ സഹായം തേടി. മറ്റുള്ളവർ പറയുന്ന മോശമായ അഭിപ്രായങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം യഹോവ തന്നെക്കുറിച്ച് എന്തായിരിക്കും വിചാരിക്കുന്നതെന്ന് ചിന്തിക്കാൻ ബൈബിൾ ഉപയോഗിച്ച് അവർ ലൂസിയെ പ്രോത്സാഹിപ്പിച്ചു. മത്തായി 6:1-4 (വായിക്കുക.) വായിച്ചപ്പോൾ സഹോദരിക്ക് പ്രോത്സാഹനം ലഭിച്ചു. യഹോവയെ സന്തോഷിപ്പിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് ആ വാക്യങ്ങൾ സഹോദരിയെ ഓർമിപ്പിച്ചു. അങ്ങനെ തന്നെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ വിട്ടുകളയാൻ ലൂസി തീരുമാനിച്ചു. അതുകൊണ്ട് ഇപ്പോൾ മറ്റുള്ളവർ ലൂസിയുടെ ശുശ്രൂഷയെക്കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽപ്പോലും ലൂസി സന്തുഷ്ടയാണ്. കാരണം, യഹോവയെ സന്തോഷിപ്പിക്കാൻ തന്നാലാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന ബോധ്യം ഇപ്പോൾ ലൂസിക്കുണ്ട്.
ഒരു പ്രശ്നം വിട്ടുകളയാൻ പറ്റാതെവന്നാൽ
11, 12. (എ) ‘സഹോദരന് നിങ്ങൾക്കെതിരെ എന്തെങ്കിലും ഉണ്ടെന്ന്’ തോന്നിയാൽ നിങ്ങൾ എന്തു ചെയ്യണം? (ബി) അബ്രാഹാം തർക്കം പരിഹരിച്ച വിധത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
11 “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നു.” (യാക്കോ. 3:2) നിങ്ങൾ പറഞ്ഞ ഒരു വാക്കോ നിങ്ങളുടെ ഒരു പ്രവൃത്തിയോ, ഒരു സഹോദരനെയോ സഹോദരിയെയോ വിഷമിപ്പിച്ചെന്ന് വിചാരിക്കുക. അപ്പോൾ എന്തു ചെയ്യണം? യേശു പറഞ്ഞത് ഇതാണ്: “നീ യാഗപീഠത്തിങ്കൽ വഴിപാടു കൊണ്ടുവരുമ്പോൾ നിന്റെ സഹോദരന് നിനക്കെതിരെ എന്തെങ്കിലും ഉണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് യാഗപീഠത്തിനു മുമ്പിൽ വെച്ചിട്ട് ആദ്യം പോയി നിന്റെ സഹോദരനുമായി രമ്യതയിലാകുക. പിന്നെ വന്ന് നിന്റെ വഴിപാട് അർപ്പിക്കുക.” (മത്താ. 5:23, 24) അതായത് സഹോദരനുമായി സംസാരിക്കുക. സമാധാനം ഉണ്ടാക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. തർക്കിച്ച് ജയിക്കാനോ കുറ്റം അദ്ദേഹത്തിന്റെ ഭാഗത്താണെന്ന് സമ്മതിപ്പിക്കാനോ ശ്രമിക്കരുത്. പകരം നമ്മുടെ ഭാഗത്ത് വന്ന തെറ്റ് അംഗീകരിക്കുകയും സഹോദരനുമായി സമാധാനത്തിലാകുകയും വേണം. സഹാരാധകരുമായി സമാധാനത്തിലായിരിക്കുന്നതാണ് ഏറ്റവും പ്രധാനം.
12 അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോൾപ്പോലും ദൈവദാസർക്ക് സമാധാനം പാലിക്കാനാകുമെന്ന് ബൈബിൾ കാണിക്കുന്നു. ഒരു സാഹചര്യം നമുക്ക് നോക്കാം. അബ്രാഹാമിനും സഹോദരപുത്രനായ ലോത്തിനും ധാരാളം ആടുമാടുകൾ ഉണ്ടായിരുന്നു. എന്നാൽ അവയെ മേയ്ക്കാൻ മതിയായ സ്ഥലമില്ലായിരുന്നതിനാൽ അവരുടെ ഇടയന്മാർ തമ്മിൽ വാക്കുതർക്കമുണ്ടായി. അബ്രാഹാം സമാധാനം ആഗ്രഹിച്ചതുകൊണ്ട് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാൻ ലോത്തിനെ അനുവദിച്ചു. (ഉൽപ. 13:1, 2, 5-9) അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക! കാണിച്ച ഉദാരതയെപ്രതി നികത്താനാകാത്ത എന്തെങ്കിലും നഷ്ടം അബ്രാഹാമിനുണ്ടായോ? ഇല്ല. ഈ സംഭവത്തിനു തൊട്ടുപിന്നാലെ, നഷ്ടമായതിലും വളരെയധികം നൽകിക്കൊണ്ട് അബ്രാഹാമിനെ അനുഗ്രഹിക്കുമെന്ന് യഹോവ ഉറപ്പ് കൊടുക്കുന്നു. (ഉൽപ. 13:14-17) എന്താണ് നമുക്കുള്ള പാഠം? നമുക്ക് എന്തെങ്കിലും നഷ്ടം വന്നാൽപ്പോലും സ്നേഹത്തോടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ യഹോവ നമ്മളെ അനുഗ്രഹിക്കും, നിശ്ചയം! [1]
13. നിർദയമായ വാക്കുകളോട് ഒരു മേൽവിചാരകൻ എങ്ങനെയാണ് പ്രതികരിച്ചത്, ഈ അനുഭവത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
13 അടുത്തകാലത്തെ ഒരു അനുഭവം നോക്കാം. കൺവെൻഷൻ ഡിപ്പാർട്ടുമെന്റിൽ പുതുതായി നിയമിതനായ ഒരു മേൽവിചാരകൻ, തന്റെ ഡിപ്പാർട്ടുമെന്റിൽ സഹായിക്കാമോ എന്ന് ഒരു സഹോദരനോട് ചോദിച്ചു. എന്നാൽ മുമ്പ് ആ ഡിപ്പാർട്ടുമെന്റിൽ സേവിച്ചിരുന്ന മേൽവിചാരകനോട് അപ്പോഴും ദേഷ്യം ഉണ്ടായിരുന്നതുകൊണ്ട് ആ സഹോദരൻ മര്യാദയില്ലാതെ സംസാരിച്ചിട്ട് ഫോൺ വെച്ചു. പുതിയ മേൽവിചാരകന് വിഷമം ഒന്നും തോന്നിയില്ല; എന്നാൽ അത് പൂർണമായി വിട്ടുകളയാനും കഴിഞ്ഞില്ല. അതുകൊണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് അദ്ദേഹം ആ സഹോദരനെ വിളിച്ചിട്ട് നേരിൽ കണ്ട് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അടുത്ത ആഴ്ച അവർ രാജ്യഹാളിൽവെച്ച് തമ്മിൽ കണ്ടു. പ്രാർഥിച്ചശേഷം, അവർ ഒരു മണിക്കൂർ സംസാരിച്ചു. മുൻമേൽവിചാരകനോട് ദേഷ്യം തോന്നാനുണ്ടായ കാരണം ആ സഹോദരൻ പറഞ്ഞു. അപ്പോൾ പുതിയ മേൽവിചാരകൻ അദ്ദേഹം പറഞ്ഞതെല്ലാം ദയയോടെ കേട്ടതിനുശേഷം സഹായകമായ തിരുവെഴുത്തുകൾ അദ്ദേഹവുമായി ചർച്ച ചെയ്തു. അങ്ങനെ അവർ തമ്മിൽ സമാധാനത്തിലാകുകയും കൺവെൻഷനിൽ ഒരുമിച്ച് സേവിക്കുകയും ചെയ്തു. പുതിയ മേൽവിചാരകൻ തന്നോട് ദയയോടെയും സൗമ്യതയോടെയും സംസാരിച്ചതിൽ ആ സഹോദരന് വളരെ വിലമതിപ്പു തോന്നി.
മൂപ്പന്മാരെ ഉൾപ്പെടുത്തണമോ?
14, 15. (എ) മത്തായി 18:15-17-ലെ ഉപദേശം പ്രാവർത്തികമാക്കേണ്ടത് എപ്പോൾ? (ബി) യേശു നിർദേശിച്ച മൂന്നു പടികൾ ഏതെല്ലാമാണ്, അവ പ്രാവർത്തികമാക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യം എന്തായിരിക്കണം?
14 രണ്ടു ക്രിസ്ത്യാനികൾ തമ്മിലുള്ള മിക്ക പ്രശ്നങ്ങളും അവർക്കുതന്നെ പരിഹരിക്കാവുന്നതും അവർതന്നെ പരിഹരിക്കേണ്ടതും ആണ്. എന്നിരുന്നാലും എപ്പോഴും ഇത് സാധിച്ചെന്നുവരില്ല. മത്തായി 18:15-17 (വായിക്കുക.) പറയുന്നതനുസരിച്ച് ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സഹായം വേണ്ടിവന്നേക്കാം. അവിടെ, യേശു “പാപം” എന്നു പറഞ്ഞത് ക്രിസ്ത്യാനികൾ തമ്മിലുള്ള നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങളെ ഉദ്ദേശിച്ചല്ല. നമുക്ക് അത് എങ്ങനെ അറിയാം? സഹോദരനോടും സാക്ഷികളോടും ഉത്തരവാദിത്വപ്പെട്ട മറ്റു സഹോദരങ്ങളോടും സംസാരിച്ച് കഴിഞ്ഞിട്ടും പാപം ചെയ്ത വ്യക്തി മാനസാന്തരപ്പെടാൻ കൂട്ടാക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ “വിജാതീയനെയും ചുങ്കക്കാരനെയുംപോലെ” കാണാനാണ് യേശു പറഞ്ഞത്. യേശു പറഞ്ഞ ആ വാക്കുകൾ അർഥമാക്കുന്നത് അദ്ദേഹത്തെ സഭയിൽനിന്ന് പുറത്താക്കണം എന്നാണ്. ദൂഷണവും വഞ്ചനയും പോലുള്ള ‘പാപങ്ങൾ’ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ വ്യഭിചാരം, സ്വവർഗരതി, വിശ്വാസത്യാഗം, വിഗ്രഹാരാധന അല്ലെങ്കിൽ മൂപ്പന്മാർതന്നെ കൈകാര്യം ചെയ്യേണ്ട ചില കടുത്ത പാപങ്ങൾ ഒന്നും ഇതിൽപ്പെടുന്നില്ല.
15 യേശു ഈ ഉപദേശം നൽകിയതിന്റെ ലക്ഷ്യം എന്താണ്? സഹോദരനെ സ്നേഹിക്കുന്നതുകൊണ്ട് നമുക്ക് അദ്ദേഹത്തെ എങ്ങനെ സഹായിക്കാമെന്ന് കാണിക്കാനാണ്. (മത്താ. 18:12-14) ഈ ഉപദേശം നമുക്ക് എങ്ങനെ പിൻപറ്റാം? (1) മറ്റുള്ളവരെ ഉൾപ്പെടുത്താതെ സഹോദരനുമായി സമാധാനത്തിലാകാൻ ശ്രമിക്കണം. അതിന് ചിലപ്പോൾ അദ്ദേഹവുമായി പല തവണ സംസാരിക്കേണ്ടിവന്നേക്കാം. എന്നിട്ടും സമാധാനത്തിലാകാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യണം? (2) ഈ പ്രശ്നത്തെക്കുറിച്ച് അറിയാവുന്നവരോ തെറ്റായി എന്തെങ്കിലും സംഭവിച്ചോ എന്ന് വിലയിരുത്താൻ കഴിവുള്ളവരോ ആയ ആരെയെങ്കിലുംകൂടി ഉൾപ്പെടുത്തിക്കൊണ്ട് ആ സഹോദരനോട് സംസാരിക്കുക. പ്രശ്നം പരിഹരിച്ചാൽ “നീ നിന്റെ സഹോദരനെ നേടി.” എന്നാൽ ആ സഹോദരനോട് പലവട്ടം സംസാരിച്ചിട്ടും അദ്ദേഹവുമായി സമാധാനത്തിലാകാൻ കഴിയുന്നില്ലെങ്കിൽ (3) പ്രശ്നം മൂപ്പന്മാരെ അറിയിക്കുക.
16. യേശുവിന്റെ ഉപദേശം പിൻപറ്റുന്നത് പ്രായോഗികവും സ്നേഹപൂർവകവും ആണെന്ന് എന്ത് തെളിയിക്കുന്നു?
16 ഒട്ടുമിക്ക സാഹചര്യങ്ങളിലും മത്തായി 18:15-17-ൽ കാണുന്ന മൂന്നു പടികളും ഉപയോഗിക്കേണ്ടിവരില്ല. ഇത് സന്തോഷം തരുന്ന ഒരു കാര്യമാണ്. കാരണം, മിക്ക സാഹചര്യങ്ങളിലും പാപം ചെയ്ത വ്യക്തി തെറ്റു തിരിച്ചറിയുകയും അതുമൂലം ഉണ്ടായ പ്രശ്നം പരിഹരിക്കുകയും ചെയ്യും. അപ്പോൾപ്പിന്നെ അദ്ദേഹത്തെ പുറത്താക്കേണ്ടിവരില്ല. സമാധാനം ആഗ്രഹിക്കുന്നതുകൊണ്ട് പ്രശ്നമുള്ളയാൾ അദ്ദേഹത്തോട് ക്ഷമിച്ചേക്കാം. അതുകൊണ്ട് യേശുവിന്റെ ഉപദേശത്തിൽനിന്ന് ഒരു കാര്യം വ്യക്തമാണ്, എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടൻതന്നെ മൂപ്പന്മാരുടെ അടുത്ത് പോകാൻ തിടുക്കംകൂട്ടരുത്. പകരം, ആദ്യത്തെ രണ്ടു പടികൾ പിൻപറ്റണം. തെറ്റായ എന്തെങ്കിലും നടന്നെന്ന് വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ മൂപ്പന്മാരെ അറിയിക്കേണ്ടതുള്ളൂ.
17. മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ കഠിനശ്രമം ചെയ്യുമ്പോൾ നമ്മൾ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കും?
17 അപൂർണരായിരിക്കുന്നിടത്തോളം കാലം നമ്മൾ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതി: “വാക്കിൽ തെറ്റാത്തവനായി ആരെങ്കിലും ഉണ്ടെങ്കിൽ അവൻ തന്റെ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ടു നിയന്ത്രിക്കാൻ പ്രാപ്തനായ പൂർണമനുഷ്യൻ ആകുന്നു.” (യാക്കോ. 3:2) ഭിന്നതകൾ പരിഹരിക്കുന്നതിന് നമ്മൾ ‘സമാധാനം അന്വേഷിച്ചു പിന്തുടരാൻ’ കഠിനശ്രമം ചെയ്യണം. (സങ്കീ. 34:14) മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ സഹോദരങ്ങളുമായി നമുക്ക് നല്ല സൗഹൃദമുണ്ടാകും. ഇത് നമ്മളെ ഐക്യമുള്ളവരാക്കി നിറുത്തും. (സങ്കീ. 133:1-3) ഏറ്റവും പ്രധാനമായി ‘സമാധാനം നൽകുന്ന ദൈവമായ’ യഹോവയുമായി നമുക്ക് ഒരു അടുത്ത ബന്ധം ഉണ്ടാകും. (റോമ. 15:33) സ്നേഹത്തിന്റെ ആത്മാവിൽ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ നമുക്ക് ഈ അനുഗ്രഹങ്ങളെല്ലാം ലഭിക്കും.
^ [1] (ഖണ്ഡിക 12) സമാധാനത്തോടെ പ്രശ്നങ്ങൾ പരിഹരിച്ചവരിൽ ചിലരാണ്: ഏശാവുമായുള്ള പ്രശ്നം പരിഹരിച്ച യാക്കോബ്, (ഉൽപ. 27:41-45; 33:1-11) കൂടപ്പിറപ്പുകളുമായുള്ള പ്രശ്നം പരിഹരിച്ച യോസേഫ്, (ഉൽപ. 45:1-15) എഫ്രയീമ്യരുമായുള്ള പ്രശ്നം പരിഹരിച്ച ഗിദെയോൻ തുടങ്ങിയവർ. (ന്യായാ. 8:1-3) ഇതുപോലുള്ള മറ്റു ബൈബിൾകഥാപാത്രങ്ങളെക്കുറിച്ചും നിങ്ങൾക്ക് ചിന്തിക്കാനായേക്കും.