മേലാൽ പാപം ഇല്ലാതിരിക്കുന്ന സമയം
“നാം പാപികളായി ജനിക്കുന്നുവോ?” ബൈബിൾ പഠിക്കാൻ തുടങ്ങിയ ഉടൻതന്നെ ഐക്യനാടുകളിലുള്ള ഒരു ബിരുദാനന്തരബിരുദ വിദ്യാർഥിയെ ആ ചോദ്യം അമ്പരപ്പിച്ചു. തന്റെ ഹൈന്ദവ പശ്ചാത്തലം നിമിത്തം പാരമ്പര്യസിദ്ധ പാപം എന്ന ആശയം അദ്ദേഹത്തിന് അജ്ഞാതമായിരുന്നു. എന്നാൽ, പാപം തീർച്ചയായും പാരമ്പര്യസിദ്ധമാണെങ്കിൽ അതിന്റെ അസ്തിത്വം നിരാകരിക്കുന്നതോ അവഗണിക്കുന്നതോ നിരർഥകമായിരിക്കുമെന്ന് അദ്ദേഹം ന്യായവാദം ചെയ്തു. ഈ ചോദ്യത്തിനുള്ള ഉത്തരം ഒരുവന് എങ്ങനെ കണ്ടെത്താനാകും?
പാപം പാരമ്പര്യസിദ്ധമാണെങ്കിൽ അതിന് ഒരു ആരംഭം ഉണ്ടായിരുന്നിരിക്കണം. തന്റെ കുട്ടികളിലേക്കു ദുർവാസനകൾ കൈമാറാനിടയാകത്തക്കവിധം ദുഷ്ടനായിട്ടാണോ ആദ്യ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്? അതോ ആ വൈകല്യം പിൽക്കാലത്തു വികാസം പ്രാപിച്ചതാണോ? കൃത്യമായി പറഞ്ഞാൽ പാപത്തിന്റെ തുടക്കം എപ്പോഴായിരുന്നു? നേരേമറിച്ച്, പാപം കേവലം പുറമേയുള്ള, തിൻമയുടെ വേറിട്ട അസ്തിത്വമോ മൗലിക സങ്കൽപ്പമോ ആണെങ്കിൽ, അതിൽനിന്നു സ്വാതന്ത്ര്യം നേടാൻ നമുക്ക് എന്നെങ്കിലും പ്രതീക്ഷിക്കാനാകുമോ?
ഹൈന്ദവ വിശ്വാസമനുസരിച്ച്, ദുരിതവും തിന്മയും സൃഷ്ടിയുടെ അനുബന്ധങ്ങളാണ്. “ദുരിതം [അല്ലെങ്കിൽ തിന്മ], ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറുക മാത്രം ചെയ്യുന്ന, എന്നാൽ പൂർണമായി നീക്കംചെയ്യാനാകാത്ത, വിട്ടുമാറാത്ത വാതരോഗം പോലെയാ”ണെന്ന് ഒരു ഹൈന്ദവ പണ്ഡിതൻ അഭിപ്രായപ്പെടുന്നു. തീർച്ചയായും, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലുടനീളം തിന്മ മനുഷ്യവർഗ ലോകത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്. മമനുഷ്യന്റെ ചരിത്രപരമായ രേഖകൾക്കുമുമ്പേ അവ ഉണ്ടെങ്കിൽ, അതിന്റെ ഉത്ഭവം സംബന്ധിച്ച ആശ്രയയോഗ്യമായ ഉത്തരങ്ങൾ നിശ്ചയമായും മനുഷ്യനെക്കാൾ ഉയർന്ന ഒരു ഉറവിൽനിന്നു വരണം. ആ ഉത്തരങ്ങൾ ദൈവത്തിൽനിന്നു വരണം.—സങ്കീർത്തനം 36:9.
മനുഷ്യൻ—പാപരഹിതനായി സൃഷ്ടിക്കപ്പെട്ടു
മമനുഷ്യന്റെ സൃഷ്ടി സംബന്ധിച്ചു വേദങ്ങളിൽ നൽകിയിരിക്കുന്ന വിവരണങ്ങൾ ആലങ്കാരികമാണെന്ന് ഹൈന്ദവ തത്ത്വചിന്തകനായ നിഖിലാനന്ദ സമ്മതിക്കുന്നു. സമാനമായി, മിക്ക പൗരസ്ത്യ മതങ്ങളും സൃഷ്ടിയെ സംബന്ധിച്ചു കാൽപ്പനികമായ വിശദീകരണങ്ങളേ നൽകുന്നുള്ളൂ. എന്നാൽ, ആദ്യ മമനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണം വിശ്വസിക്കുന്നതിന് യുക്തിപരവും ശാസ്ത്രീയവുമായ കാരണങ്ങളുണ്ട്.a അതിന്റെ ആദ്യത്തെ അധ്യായംതന്നെ പ്രസ്താവിക്കുന്നു: “ദൈവം തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിക്കാൻതുടങ്ങി, ദൈവത്തിന്റെ പ്രതിച്ഛായയിൽ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവൻ അവരെ സൃഷ്ടിച്ചു.”—ഉല്പത്തി 1:27, NW.
“ദൈവത്തിന്റെ പ്രതിച്ഛായയിൽ” സൃഷ്ടിക്കപ്പെടുക എന്നതിന്റെ അർഥമെന്ത്? ഇത്രമാത്രം: മനുഷ്യൻ ദൈവത്തിന്റെ സാദൃശ്യത്തിൽ, അതായത്, മനുഷ്യനെ മൃഗങ്ങളിൽനിന്നു വേർതിരിക്കുന്ന നീതി, ജ്ഞാനം, സ്നേഹം തുടങ്ങിയ ദൈവിക ഗുണങ്ങളോടെ സൃഷ്ടിക്കപ്പെട്ടു. (കൊലൊസ്സ്യർ 3:9, 10 താരതമ്യം ചെയ്യുക.) ഈ ഗുണങ്ങൾ അവനെ ഒരു സ്വതന്ത്ര ധാർമിക കാര്യസ്ഥനാക്കിക്കൊണ്ട് നല്ലതോ ചീത്തയോ തിരഞ്ഞെടുക്കാനുള്ള പ്രാപ്തി അവനു പ്രദാനം ചെയ്തു. ആദ്യമനുഷ്യൻ സൃഷ്ടിക്കപ്പെട്ടപ്പോൾ അവനിൽ പാപമില്ലായിരുന്നു, അവന്റെ ജീവിതത്തിൽ തിന്മയോ ദുരിതമോ ഇല്ലായിരുന്നു.
മനുഷ്യനായ ആദാമിന് യഹോവയാം ദൈവം ഈ കൽപ്പന കൊടുത്തു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) അനുസരിക്കാൻ തീരുമാനിക്കുന്നതിനാൽ ആദാമിനും ഭാര്യയായ ഹവ്വായ്ക്കും തങ്ങളുടെ സ്രഷ്ടാവിനു സ്തുതിയും ബഹുമാനവും കൈവരുത്താനും പാപരഹിതരായി തുടരാനും കഴിയുമായിരുന്നു. നേരേമറിച്ച്, അനുസരണക്കേടിന്റെ ഒരു നടപടി, ദൈവത്തിന്റെ പൂർണതയുള്ള നിലവാരങ്ങളിൽ എത്തിച്ചേരുന്നതിലെ അവരുടെ പരാജയത്തെ സൂചിപ്പിക്കുമായിരുന്നു. അത് അവരെ അപൂർണർ, പാപപൂർണർ ആക്കുമായിരുന്നു.
ആദാമും ഹവ്വായും ദിവ്യരായിട്ടല്ല സൃഷ്ടിക്കപ്പെട്ടത്. എന്നിരുന്നാലും, അവർക്ക് തീർച്ചയായും ഒരളവുവരെ ദിവ്യഗുണങ്ങളും ധാർമിക തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയും ഉണ്ടായിരുന്നു. ദൈവത്തിന്റെ സൃഷ്ടികൾ എന്നനിലയിൽ അവർ പാപരഹിതർ, അല്ലെങ്കിൽ പൂർണർ ആയിരുന്നു. (ഉല്പത്തി 1:31; ആവർത്തനപുസ്തകം 32:4) അവർ ആസ്തിക്യത്തിലേക്കു വന്നത്, ദൈവവും പ്രപഞ്ചവും തമ്മിൽ അപ്പോൾവരെയുണ്ടായിരുന്ന യുഗങ്ങളായുള്ള ഐക്യത്തിനു ഭംഗംവരുത്തിയില്ല. അപ്പോൾപ്പിന്നെ എങ്ങനെയായിരുന്നു പാപത്തിന്റെ തുടക്കം?
പാപത്തിന്റെ ഉത്ഭവം
പാപം ഉത്ഭവിച്ചത് ആത്മമണ്ഡലത്തിലാണ്. ഭൂമിയുടെയും മനുഷ്യന്റെയും സൃഷ്ടിക്കു മുമ്പ് ദൈവം ബുദ്ധിശക്തിയുള്ള ആത്മജീവികളെ—ദൂതൻമാരെ—സൃഷ്ടിച്ചിരുന്നു. (ഇയ്യോബ് 1:6; 2:1; 38:4-7; കൊലൊസ്സ്യർ 1:15-17) ഈ ദൂതൻമാരിൽ ഒരുവൻ സ്വന്തം സൗന്ദര്യത്തിലും ബുദ്ധിയിലും അമിതമായി ഊറ്റംകൊണ്ടു. (യെഹെസ്കേൽ 28:13-15 താരതമ്യം ചെയ്യുക.) കുട്ടികൾക്കു ജന്മംനൽകാൻ ദൈവം ആദാമിനും ഹവ്വായ്ക്കും നൽകിയ നിർദേശത്തിൽനിന്ന്, പെട്ടെന്നുതന്നെ മുഴു ഭൂമിയും നീതിനിഷ്ഠരായ ആളുകളെക്കൊണ്ടു നിറയുമെന്നും അവരെല്ലാം ദൈവത്തെ ആരാധിക്കുമെന്നും ഈ ദൂതനു മനസ്സിലാക്കാൻ കഴിഞ്ഞു. (ഉല്പത്തി 1:27, 28) അവരുടെ ആരാധന തനിക്കു ലഭിക്കണമെന്ന് ഈ ആത്മജീവി ആഗ്രഹിച്ചു. (മത്തായി 4:9, 10) ഈ ആഗ്രഹം വെച്ചുപുലർത്തിയത് തെറ്റായ ഗതി സ്വീകരിക്കുന്നതിലേക്ക് അവനെ നയിച്ചു.—യാക്കോബ് 1:14, 15.
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നുന്നതു വിലക്കുകവഴി, ഹവ്വായ്ക്ക് ഉണ്ടായിരിക്കേണ്ട അറിവ് ദൈവം പിടിച്ചുവെക്കുകയായിരുന്നുവെന്ന് ഒരു സർപ്പത്തിലൂടെ അവളോടു സംസാരിച്ചുകൊണ്ട് ആ മത്സരിയായ ദൂതൻ പറഞ്ഞു. (ഉല്പത്തി 3:1-5) അപ്രകാരം പറയുന്നതു വിദ്വേഷപൂർണമായ ഒരു ഭോഷ്ക്ക്, പാപകരമായ ഒരു നടപടി ആയിരുന്നു. ഭോഷ്ക്കു പറഞ്ഞുകൊണ്ട് ആ ദൂതൻ തന്നെത്തന്നെ ഒരു പാപിയാക്കി. തത്ഫലമായി, അവൻ പിശാച് അഥവാ ദൂഷകൻ എന്നും സാത്താൻ അഥവാ ദൈവത്തിന്റെ എതിരാളി എന്നും വിളിക്കപ്പെട്ടു.—വെളിപ്പാടു 12:9.
സാത്താന്റെ പ്രേരണാത്മകമായ വാദമുഖത്തിന് ഹവ്വായുടെമേൽ പ്രതികൂലമായൊരു ഫലമുണ്ടായിരുന്നു. സാത്താന്റെ വാക്കുകളിൽ ആശ്രയമർപ്പിച്ചുകൊണ്ട് ഹവ്വാ പ്രലോഭിപ്പിക്കപ്പെടാൻ സ്വയം അനുവദിക്കുകയും വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം കുറെ തിന്നുകയും ചെയ്തു. അവളുടെ ഭർത്താവായ ആദാമും അവളോടുചേർന്ന് ആ ഫലം തിന്നു. അങ്ങനെ അവരിരുവരും പാപികളായിത്തീർന്നു. (ഉല്പത്തി 3:6; 1 തിമൊഥെയൊസ് 2:14) തീർച്ചയായും, ദൈവത്തെ അനുസരിക്കാതിരിക്കാൻ തീരുമാനിച്ചതിനാൽ നമ്മുടെ ആദ്യമാതാപിതാക്കൾ പൂർണത നഷ്ടപ്പെടുത്തി തങ്ങളെത്തന്നെ പാപികളാക്കി.
ആദാമിന്റെയും ഹവ്വായുടെയും സന്തതികളുടെ കാര്യമോ? ബൈബിൾ വിശദീകരിക്കുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) പാരമ്പര്യത്തിന്റെ നിയമം അപ്പോൾത്തന്നെ പ്രാബല്യത്തിലുണ്ടായിരുന്നു. തനിക്ക് ഇല്ലാതിരുന്നത് മക്കൾക്കു പകർന്നുകൊടുക്കാൻ ആദാമിനു കഴിഞ്ഞില്ല. (ഇയ്യോബ് 14:4) കുട്ടികളെ ഗർഭംധരിച്ച സമയമായപ്പോഴേക്കും ആദ്യ ദമ്പതികൾ പൂർണത നഷ്ടപ്പെട്ടു പാപികളായിത്തീർന്നിരുന്നു. തത്ഫലമായി, നമുക്കെല്ലാം ഒന്നൊഴിയാതെ പാപം പാരമ്പര്യമായി ലഭിച്ചിരിക്കുന്നു. (സങ്കീർത്തനം 51:5; റോമർ 3:23) ഫലത്തിൽ, തിന്മയും ദുരിതവുമല്ലാതെ മറ്റൊന്നുമല്ല പാപം കൈവരുത്തിയിരിക്കുന്നത്. അതിനുപുറമേ, അതു നിമിത്തം നാമെല്ലാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നു. കാരണം, “പാപത്തിന്റെ ശമ്പളം മരണമത്രേ.”—റോമർ 6:23.
മനസ്സാക്ഷി ‘കുറ്റപ്പെടുത്തുക’യോ ‘ന്യായീകരിക്കുക’യോ ചെയ്യുന്നു
പാപത്തിന് ആദ്യമാനുഷ ജോടിയുടെ സ്വഭാവത്തിന്മേലുള്ള ഫലവും പരിഗണിക്കുക. അവർ തങ്ങളുടെ ശരീര ഭാഗങ്ങൾ മറയ്ക്കുകയും ദൈവത്തിൽനിന്ന് ഒളിക്കാൻ ശ്രമിക്കുകയും ചെയ്തു. (ഉല്പത്തി 3:7, 8) അങ്ങനെ കുറ്റബോധവും ആകുലതയും ലജ്ജയും തോന്നാൻ പാപം കാരണമായി. ഇന്നു മനുഷ്യവർഗത്തിന് ഈ വികാരങ്ങൾ സുപരിചിതമാണ്.
ദയ അർഹിക്കുന്ന ഒരുവനിൽനിന്ന് അതു പിടിച്ചുവെച്ചതു നിമിത്തം മനോവിഷമം അനുഭവിക്കുകയോ ഒരിക്കലും പറയരുതാഞ്ഞ വാക്കുകൾ പറഞ്ഞതിൽ ഖേദം തോന്നുകയോ ചെയ്യാത്തതായി ആരുണ്ട്? (യാക്കോബ് 4:17) അത്തരം അസ്വസ്ഥ വികാരങ്ങൾ നമുക്കുള്ളത് എന്തുകൊണ്ടാണ്? ‘നിയമം നമ്മുടെ ഹൃദയങ്ങളിൽ എഴുതിയിരിക്കുന്നു’ എന്ന് അപ്പോസ്തലനായ പൗലൊസ് വിശദീകരിക്കുന്നു. നമ്മുടെ മനസ്സാക്ഷി തഴമ്പിച്ചിട്ടില്ലെങ്കിൽ ആ നിയമത്തിന്റെ ഏതൊരു ലംഘനവും ഒരു ആന്തരിക വിക്ഷോഭം ഉളവാക്കുന്നു. അതുകൊണ്ട് മനസ്സാക്ഷിയുടെ ശബ്ദമാണ് നമ്മെ ‘കുറ്റപ്പെടുത്തുക’യോ ‘ന്യായീകരിക്കുക’യോ ചെയ്യുന്നത്. (റോമർ 2:15, NW; 1 തിമൊഥെയൊസ് 4:2; തീത്തൊസ് 1:15) നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നമുക്ക് ഒരു ആന്തരിക കുറ്റബോധം അഥവാ പാപബോധം ഉണ്ട്!
പാപപൂർണമായ ഈ ചായ്വുകളെക്കുറിച്ച് പൗലൊസ് തികച്ചും ബോധവാനായിരുന്നു. “നന്മ ചെയ്വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു” എന്ന് അവൻ സമ്മതിച്ചു. “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” അതുകൊണ്ട് പൗലൊസ് ചോദിച്ചു: “ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?”—റോമർ 7:21-24.
പാപത്തിൽനിന്നുള്ള സ്വാതന്ത്ര്യം—എങ്ങനെ?
“ഹൈന്ദവ പാരമ്പര്യത്തിൽ, വിമോചനം എന്നത് ആവർത്തിച്ചുള്ള ജനനമരണങ്ങളിൽനിന്നുള്ള മോചനമാണ്” എന്ന് ഒരു പണ്ഡിതൻ പറയുന്നു. ഒരു പരിഹാരമെന്നനിലയിൽ ബുദ്ധമതം സമാനമായി നിർവാണത്തിലേക്ക്—ബാഹ്യയാഥാർഥ്യം സംബന്ധിച്ച വിസ്മൃതിയുടെ ഒരവസ്ഥയിലേക്ക്—വിരൽചൂണ്ടുന്നു. പാരമ്പര്യസിദ്ധ പാപം എന്ന ആശയം സംബന്ധിച്ച ഗ്രാഹ്യമില്ലാതെ, ഹിന്ദുമതം അസ്തിത്വത്തിൽനിന്നുള്ള ഒരു രക്ഷപ്പെടൽമാത്രം വാഗ്ദാനം ചെയ്യുന്നു.
നേരേമറിച്ച്, ബൈബിളിലെ വിമോചന മാർഗം പാപാവസ്ഥ യഥാർഥമായി നീക്കംചെയ്യുന്നു. തനിക്കെങ്ങനെ പാപത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്നു ചോദിച്ച ശേഷം, അപ്പോസ്തലനായ പൗലൊസ് തുടർന്ന് ഉത്തരം നൽകുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (റോമർ 7:25) അതേ, രക്ഷ ക്രിസ്തുവിലൂടെ ദൈവത്തിൽനിന്നു വരുന്നു.
മത്തായിയുടെ സുവിശേഷമനുസരിച്ച്, “മനുഷ്യപുത്രൻ,” യേശുക്രിസ്തു, “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാ”ൻ വന്നു. (മത്തായി 20:28) 1 തിമൊഥെയൊസ് 2:6-ൽ (NW) രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്, യേശു “എല്ലാവർക്കും വേണ്ടിയുള്ള ഒരു തുല്യ മറുവിലയായി തന്നെത്താൻ കൊടുത്തു.” “മറുവില” എന്ന പദം ബന്ദികളുടെ വിടുതലിനായി കൊടുക്കുന്ന വിലയെ സൂചിപ്പിക്കുന്നു. അത് ഒരു തുല്യ മറുവിലയാണെന്നുള്ള വസ്തുത, നീതിയുടെ തുലാസിനെ സമനിലയിൽ നിർത്താനുള്ള ആ വിലയുടെ കഴിവിന് ഊന്നൽനൽകുന്നു. എന്നാൽ ഒരു മമനുഷ്യന്റെ മരണത്തെ “എല്ലാവർക്കും വേണ്ടിയുള്ള ഒരു തുല്യ മറുവിലയായി” കരുതാൻ കഴിയുന്നതെങ്ങനെ?
നാം ഉൾപ്പെടെയുള്ള മുഴു മനുഷ്യവർഗത്തെയും ആദാം പാപത്തിനും മരണത്തിനും വിറ്റുകളഞ്ഞു. അവൻ കൊടുത്ത വില അല്ലെങ്കിൽ പിഴ അവന്റെ പൂർണ മാനുഷ ജീവനായിരുന്നു. അതു നികത്തുന്നതിന്, മറ്റൊരു പൂർണ മാനുഷ ജീവൻ—ഒരു തുല്യ മറുവില—നൽകേണ്ടതുണ്ടായിരുന്നു. (പുറപ്പാടു 21:23; ആവർത്തനപുസ്തകം 19:21; റോമർ 5:18, 19) അപൂർണ മനുഷ്യർക്ക് ആർക്കും ആ മറുവില നൽകാൻ കഴിയാതിരുന്നതിനാൽ തന്റെ അപരിമേയ ജ്ഞാനത്തിൽ ദൈവം, ഈ വിഷമസന്ധിയിൽനിന്നു പുറത്തു കടക്കുന്നതിന് ഒരു വഴി തുറന്നു. (സങ്കീർത്തനം 49:6, 7) തന്റെ ഏകജാത പുത്രനെ ഒരു പൂർണ മനുഷ്യനായി ജനിക്കാൻ അനുവദിച്ചുകൊണ്ട് ദൈവം അവന്റെ പൂർണതയുള്ള ജീവനെ സ്വർഗത്തിൽനിന്ന് ഭൂമിയിലുള്ള ഒരു കന്യകയുടെ ഗർഭാശയത്തിലേക്കു മാറ്റി.—ലൂക്കൊസ് 1:30-38; യോഹന്നാൻ 3:16-18.
മനുഷ്യവർഗത്തെ വിടുവിക്കുകയെന്ന കൃത്യം നിർവഹിക്കുന്നതിന്, ഭൂമിയിലായിരുന്ന സമയത്തുടനീളം യേശു നിർമലത കാത്തുസൂക്ഷിക്കേണ്ടിയിരുന്നു. അവനതു ചെയ്തു. ഒടുവിൽ അവൻ ഒരു ബലിമരണം വരിച്ചു. ഇപ്രകാരം, മനുഷ്യവർഗത്തെ വിടുവിക്കുന്നതിന് ഒരു മറുവില നൽകാനായി ഒരു പൂർണ മാനുഷ ജീവന്റെ—തന്റെ സ്വന്തം ജീവന്റെ—മൂല്യം ലഭ്യമാണെന്ന് യേശു ഉറപ്പുവരുത്തി.—2 കൊരിന്ത്യർ 5:14; 1 പത്രൊസ് 1:18, 19.
ക്രിസ്തുവിന്റെ മറുവിലയ്ക്ക് നമുക്കുവേണ്ടി ചെയ്യാൻ കഴിയുന്നത്
നമുക്ക് ഇപ്പോൾതന്നെ പ്രയോജനം ചെയ്യാൻ ക്രിസ്തുവിന്റെ മറുവിലയ്ക്കു കഴിയും. അതിൽ വിശ്വാസമർപ്പിക്കുന്നതിനാൽ നമുക്കു ദൈവമുമ്പാകെ ഒരു ശുദ്ധമായ നില ആസ്വദിക്കാനും യഹോവയുടെ സ്നേഹപൂർവകവും ആർദ്രവുമായ പരിപാലനത്തിൻ കീഴിൽ വരാനും കഴിയും. (പ്രവൃത്തികൾ 10:43; റോമർ 3:21-24) നാം ചെയ്തിരിക്കാവുന്ന പാപം സംബന്ധിച്ച കുറ്റബോധത്താൽ നിരാശരാകുന്നതിനു പകരം, മറുവിലയുടെ അടിസ്ഥാനത്തിൽ ദൈവത്തിൽനിന്നുള്ള ക്ഷമ നമുക്കു സൗജന്യമായി തേടാവുന്നതാണ്.—യെശയ്യാവു 1:18; എഫെസ്യർ 1:7; 1 യോഹന്നാൻ 2:1, 2.
മറുവില, മനുഷ്യവർഗത്തിന്റെ പാപത്താലുളവായ രോഗാതുരമായ അവസ്ഥയുടെ പൂർണ സൗഖ്യമാക്കൽ ഭാവിയിൽ സാധ്യമാക്കും. ബൈബിളിലെ അവസാന പുസ്തകം ദൈവത്തിന്റെ സിംഹാസനത്തിൽനിന്നു പുറപ്പെടുന്ന ഒരു “ജീവജലനദി”യെക്കുറിച്ചു വിവരിക്കുന്നു. “ജാതികളുടെ രോഗശാന്തിക്കു ഉതകുന്ന” ഇലകളുള്ള സമൃദ്ധമായ ഫലവൃക്ഷങ്ങൾ ആ നദീതീരത്തുടനീളമുണ്ട്. (വെളിപ്പാടു 22:1, 2) യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും എന്നേക്കും വിടുവിക്കാനുള്ള സ്രഷ്ടാവിന്റെ അത്ഭുതകരമായ കരുതലിനെക്കുറിച്ച് ബൈബിൾ ഇവിടെ പ്രതീകാത്മകമായി സംസാരിക്കുന്നു.
വെളിപ്പാടു പുസ്തകത്തിലെ പ്രാവചനിക ദർശനങ്ങൾ ഉടൻതന്നെ നിവൃത്തിയേറും. (വെളിപ്പാടു 22:6, 7) അപ്പോൾ ശരിയായ ഹൃദയനിലയുള്ള എല്ലാവരും ‘ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതൽ’ പ്രാപിച്ച് പൂർണരായിത്തീരും. (റോമർ 8:20, 21) യഹോവയാം ദൈവത്തെയും മറുവിലയായിത്തീർന്ന വിശ്വസ്ത പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ച് കൂടുതൽ പഠിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?—യോഹന്നാൻ 17:3.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം കാണുക.
[6-ാം പേജിലെ ചിത്രം]
ആദാം മനുഷ്യവർഗത്തിനു പാപവും മരണവും കൈവരുത്തി
[7-ാം പേജിലെ ചിത്രം]
യേശുവിന്റെ മറുവിലയാഗം പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം കൈവരുത്തുന്നു