‘ഭൂമി അവകാശമാക്കാൻ’ നിങ്ങൾ തയ്യാറാണോ?
“സൗമ്യരായവർ സന്തുഷ്ടർ; കാരണം അവർ ഭൂമി അവകാശമാക്കും” എന്ന യേശുവിന്റെ വാഗ്ദാനം നടന്നുകാണാൻ നമ്മളെല്ലാം ആകാംക്ഷയോടെ നോക്കിയിരിക്കുന്നു. (മത്താ. 5:5) അഭിഷിക്തക്രിസ്ത്യാനികൾ സ്വർഗത്തിലിരുന്ന് യേശുവിനോടൊപ്പം ഭൂമിയെ ഭരിക്കുമ്പോൾ അവർ ഭൂമി അവകാശമാക്കുകയാണ്. (വെളി. 5:10; 20:6) എന്നാൽ ഇന്ന് യഹോവയുടെ ആരാധകരായിരിക്കുന്ന ഭൂരിഭാഗം പേരും ഭൂമിയിൽ എന്നെന്നും പൂർണാരോഗ്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടെ ജീവിച്ചുകൊണ്ട് ഭൂമി അവകാശമാക്കാനാണു കാത്തിരിക്കുന്നത്. അതിനുവേണ്ടി അവർക്കു പല പ്രധാനപ്പെട്ട കാര്യങ്ങളും ചെയ്യാനുണ്ടാകും. അതിൽ മൂന്നെണ്ണമാണു ഭൂമിയെ ഒരു പറുദീസയാക്കുക, പുനരുത്ഥാനത്തിൽ വരുന്നവർക്കു വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുക, അവരെ പഠിപ്പിക്കുക എന്നിവ. പുതിയ ഭൂമിയിൽ ഇതൊക്കെ ചെയ്യാൻ ശരിക്കും നിങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് ഇപ്പോൾത്തന്നെ എങ്ങനെ തെളിയിക്കാം?
ഭൂമിയെ ഒരു പറുദീസയാക്കാൻ നിങ്ങൾ തയ്യാറാണോ?
‘ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിക്കാൻ’ യഹോവ മനുഷ്യരോടു കല്പിച്ചു. (ഉൽപ. 1:28) ഇങ്ങനെയൊരു കല്പന നൽകിയതിലൂടെ ക്രമേണ മുഴുഭൂമിയും ഒരു പറുദീസയാകുമെന്ന് യഹോവ സൂചിപ്പിക്കുകയായിരുന്നു. എന്നെന്നും ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഭാവിയിൽ ദൈവത്തിന്റെ ആ കല്പന അനുസരിക്കേണ്ടതുണ്ട്. എന്നാൽ ഭൂമി ഒരു പറുദീസയാക്കുന്നതിനു തുടക്കമിടാൻ പണ്ടത്തെപ്പോലെ ഒരു ഏദെൻ തോട്ടമില്ല. അതുകൊണ്ട് അർമഗെദോൻ കഴിഞ്ഞാൽ ഉടൻതന്നെ ഭൂമി മൊത്തം വൃത്തിയാക്കുന്നതിനു നമുക്ക് ഒരുപാടു ജോലികൾ ചെയ്യേണ്ടതായിവരും. നല്ല കഠിനാധ്വാനം ആവശ്യമായ ജോലികളായിരിക്കും അതൊക്കെ.
ബാബിലോണിൽ പ്രവാസത്തിലായിരുന്ന ഇസ്രായേൽ ജനതയ്ക്കു സ്വദേശത്തേക്കു മടങ്ങിവന്നപ്പോൾ ചെയ്യാനുണ്ടായിരുന്ന ജോലിയെക്കുറിച്ചായിരിക്കാം അതു നമ്മളെ ഓർമിപ്പിക്കുന്നത്. 70 വർഷം അവരുടെ ദേശം ആൾത്താമസമില്ലാതെ കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. പക്ഷേ യഹോവയുടെ അനുഗ്രഹത്താൽ അവർക്കു ദേശം മനോഹരമാക്കാൻ കഴിയുമെന്ന് യശയ്യ മുൻകൂട്ടിപ്പറഞ്ഞിരുന്നു. പ്രവചനം പറയുന്നത് ഇങ്ങനെയാണ്: “ദൈവം സീയോന്റെ വിജനമായ പ്രദേശങ്ങൾ ഏദെൻപോലെയും അവളുടെ മരുപ്രദേശം യഹോവയുടെ തോട്ടംപോലെയും ആക്കും.” (യശ. 51:3) ആ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെതന്നെ യഹോവ ഇസ്രായേല്യരുടെ ദേശം മനോഹരമാക്കാൻ അവരെ സഹായിച്ചു. അതുപോലെ ഭൂമി കൈവശമാക്കുന്നവർക്ക് യഹോവയുടെ അനുഗ്രഹത്താൽ അർമഗെദോനു ശേഷം ഭൂമിയെ മനോഹരമായ ഒരു പറുദീസയാക്കാൻ കഴിയും. എന്നാൽ ആ പ്രവർത്തനത്തിൽ ഉൾപ്പെടാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ടെന്നു തെളിയിക്കാൻ നിങ്ങൾക്ക് ഇപ്പോൾത്തന്നെ പല കാര്യങ്ങളും ചെയ്യാനാകും.
അതിനായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യം വീടും പരിസരവും ഒക്കെ വൃത്തിയും വെടിപ്പും ആയി സൂക്ഷിക്കുക എന്നതാണ്. ചുറ്റുമുള്ളവർ ഒരുപക്ഷേ അതൊന്നും ചെയ്യുന്നില്ലെങ്കിലും നിങ്ങൾക്ക് അങ്ങനെ ചെയ്യാനാകും. അതുപോലെ രാജ്യഹാളും സമ്മേളനഹാളും വൃത്തിയായി സൂക്ഷിക്കാനും അവയുടെ അറ്റകുറ്റപ്പണികളൊക്കെ ചെയ്യാനും നിങ്ങൾക്കു സഹായിക്കാവുന്നതാണ്. ഇനി, സാഹചര്യം അനുവദിക്കുന്നെങ്കിൽ ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനുവേണ്ടിയുള്ള അപേക്ഷാഫാറം പൂരിപ്പിച്ചുകൊടുക്കുകയും ചെയ്യാം. അതിലൂടെ ഒരു ആവശ്യമുണ്ടാകുന്ന സമയത്ത് സഹോദരങ്ങളെ സഹായിക്കാൻ മനസ്സുണ്ടെന്നാണു നിങ്ങൾ തെളിയിക്കുന്നത്. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘പുതിയ ഭൂമി അവകാശമാക്കാൻ യഹോവ എന്നെ അനുവദിക്കുകയാണെങ്കിൽ അവിടെ ഉപകാരപ്പെടുന്ന ചില വൈദഗ്ധ്യങ്ങളും കഴിവുകളും ഒക്കെ ഇപ്പോൾത്തന്നെ എനിക്കു പഠിച്ചെടുക്കാനാകുമോ?’
പുനരുത്ഥാനപ്പെടുന്നവരെ സഹായിക്കാൻ നിങ്ങൾ തയ്യാറാണോ?
യായീറോസിന്റെ മകളെ ഉയിർപ്പിച്ച ഉടനെതന്നെ അവൾക്കു കഴിക്കുന്നതിന് എന്തെങ്കിലും കൊടുക്കാൻ യേശു പറഞ്ഞു. (മർക്കോ. 5:42, 43) 12 വയസ്സുള്ള ഒരു കുട്ടിക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ യേശു പറഞ്ഞതുപോലെ ‘സ്മാരകക്കല്ലറകളിലുള്ള എല്ലാവരും പുറത്തുവരുമ്പോൾ’ അവർക്കുവേണ്ടി കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിക്കുക. (യോഹ. 5:28, 29) അതെക്കുറിച്ചുള്ള കൂടുതലായ വിശദാംശങ്ങളൊന്നും ബൈബിൾ പറയുന്നില്ലെങ്കിലും ന്യായമായും നമുക്ക് ഊഹിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. പുനരുത്ഥാനത്തിൽ വരുന്നവർക്കു ഭക്ഷണം, താമസസൗകര്യം, വസ്ത്രം എന്നിവയൊക്കെ വേണ്ടിവരുമല്ലോ. അതൊക്കെ കണ്ടെത്താൻ അവരെ സഹായിക്കുന്നതിനു നമ്മൾ ഒരുപാടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ടാകും. എന്നാൽ അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഇപ്പോൾത്തന്നെ നിങ്ങൾക്കു തെളിയിക്കാനാകും. അതിനായി ചെയ്യാനാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
ഭൂമിയെ അവകാശമാക്കാൻ തയ്യാറാണെന്ന് ഇപ്പോൾത്തന്നെ നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?
നിങ്ങളുടെ സഭ സന്ദർശിക്കാൻ സർക്കിട്ട് മേൽവിചാരകൻ വരുന്നുണ്ടെന്ന് അറിയിപ്പു കിട്ടുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അദ്ദേഹത്തെ വിളിക്കാൻ നിങ്ങൾക്കു പേര് കൊടുക്കാനാകുമോ? പ്രത്യേക മുഴുസമയസേവനത്തിലായിരുന്ന ഒരാൾ നിയമനമാറ്റം കിട്ടി ബെഥേലിൽനിന്ന് നിങ്ങളുടെ പ്രദേശത്തേക്കു വരുമ്പോഴോ പ്രായമായതിന്റെ പേരിൽ ഒരു സർക്കിട്ട് മേൽവിചാരകൻ തന്റെ നിയമനത്തിൽനിന്ന് മാറുമ്പോഴോ താമസത്തിനുള്ള സൗകര്യം കണ്ടെത്താൻ അവരെ സഹായിക്കാൻ നിങ്ങൾക്കു കഴിയുമോ? ഇനി, നിങ്ങളുടെ പ്രദേശത്ത് മേഖലാ കൺവെൻഷനോ പ്രത്യേക കൺവെൻഷനോ നടക്കുന്നുണ്ടെങ്കിൽ കൺവെൻഷനു മുമ്പും ശേഷവും സ്വമേധാസേവനം ചെയ്യാനോ മറ്റു സ്ഥലങ്ങളിൽനിന്ന് കൺവെൻഷൻ കൂടാൻ വരുന്നവരെ സ്വാഗതം ചെയ്യാനോ നിങ്ങൾക്കാകുമോ?
പുനരുത്ഥാനത്തിൽ വരുന്നവരെ പഠിപ്പിക്കാൻ നിങ്ങൾ തയ്യാറാണോ?
പ്രവൃത്തികൾ 24:15 പറയുന്നതനുനുസരിച്ച് കോടിക്കണക്കിന് ആളുകൾ പുനരുത്ഥാനപ്പെട്ട് വരും. അവരിൽ പലരും യഹോവയെക്കുറിച്ച് അറിയാൻ അവസരം കിട്ടാതെ മരിച്ചുപോയവരായിരിക്കും. എന്നാൽ പുതിയ ഭൂമിയിൽ യഹോവയെക്കുറിച്ച് പഠിക്കാനുള്ള വലിയ അവസരം അവർക്കുണ്ടായിരിക്കും.a നല്ല അനുഭവപരിചയമുള്ള, വിശ്വസ്തരായ ദൈവദാസന്മാർ ഇവരെ പഠിപ്പിക്കുന്നതിൽ പങ്കുചേരും. (യശ. 11:9) യൂറോപ്പിലും തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും ഒക്കെ സന്തോഷവാർത്ത അറിയിച്ച ഷാർലറ്റ് സഹോദരിയുടെ വാക്കുകൾ ശ്രദ്ധിക്കുക. സഹോദരി പറയുന്നു: “പുനരുത്ഥാനത്തിൽ വരുന്നവരെ പഠിപ്പിക്കാൻ ഞാൻ നോക്കിയിരിക്കുകയാണ്. മുമ്പ് ജീവിച്ചിരുന്ന ചില വ്യക്തികളെക്കുറിച്ചൊക്കെ വായിക്കുമ്പോൾ ഞാൻ മിക്കപ്പോഴും ഇങ്ങനെ ചിന്തിക്കാറുണ്ട്: ‘യഹോവയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഈ വ്യക്തിയുടെ ജീവിതം എത്ര വ്യത്യസ്തമായിരുന്നേനെ!’ ഇങ്ങനെയുള്ളവരെ യഹോവയെക്കുറിച്ചും യഹോവയെ സേവിക്കുന്നതിലൂടെ അവരുടെ ജീവിതം എങ്ങനെയായിത്തീരും എന്നതിനെക്കുറിച്ചും ഒക്കെ പഠിപ്പിക്കാൻ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുകയാണ്.”
യേശുവിനു മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തരായ പല ദൈവദാസന്മാർക്കും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടാകും. ഇങ്ങനെയൊന്നു ചിന്തിക്കുക: ദാനിയേൽ എഴുതിയ പ്രവചനങ്ങൾ എങ്ങനെ നിറവേറിയെന്ന് അദ്ദേഹത്തിന് അറിയില്ല. (ദാനി. 12:8) അതെക്കുറിച്ച് ദാനിയേലിനു വിശദീകരിച്ചുകൊടുക്കാൻ അവസരം കിട്ടുകയാണെങ്കിൽ നമ്മുടെ സന്തോഷം എത്ര വലുതായിരിക്കും! അതിനെ ഒരു ബഹുമതിയായി നമ്മൾ കാണില്ലേ? ഇനി, രൂത്തിനോടും നൊവൊമിയോടും അവരുടെ വംശപരമ്പരയിലാണു മിശിഹ ജനിച്ചതെന്നു പറഞ്ഞുകൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഈ ഭൂമിയിലുള്ള ധാരാളം പേരെ ഇതുപോലെ അനേകം കാര്യങ്ങൾ പഠിപ്പിക്കാനുള്ള അവസരം നമുക്കുണ്ടായിരിക്കും. അവരെ പഠിപ്പിക്കുമ്പോൾ ഇന്നത്തെപ്പോലെ ശ്രദ്ധാശൈഥില്യങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നുമുണ്ടായിരിക്കില്ല.
പുനരുത്ഥാനത്തിൽ വരുന്നവരെ പഠിപ്പിക്കാൻ നിങ്ങൾക്കു ശരിക്കും ആഗ്രഹമുണ്ടെന്ന് ഇപ്പോൾത്തന്നെ എങ്ങനെ കാണിക്കാം? പഠിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടും പതിവായി സന്തോഷവാർത്ത അറിയിച്ചുകൊണ്ടും നമുക്ക് അതു കാണിക്കാം. (മത്താ. 24:14) എന്നാൽ പ്രായമോ മറ്റു സാഹചര്യങ്ങളോ നിമിത്തം കൂടുതലായി ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടാൻ കഴിയുന്നില്ലെങ്കിലോ? അപ്പോൾപ്പോലും നിങ്ങളായിരിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക. അതിലൂടെ അവരെ പഠിപ്പിക്കാനുള്ള ആഗ്രഹം നിങ്ങൾ തെളിയിക്കുകയാണ്.
അതുകൊണ്ട് പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ഭൂമി അവകാശമാക്കാൻ നിങ്ങൾ തയ്യാറാണോ? ഭൂമി ഒരു പറുദീസയാക്കാനും പുനരുത്ഥാനത്തിൽ വരുന്നവർക്കു വേണ്ട താമസസൗകര്യവും മറ്റും ഒരുക്കിക്കൊടുക്കാനും അവരെ പഠിപ്പിക്കാനും ഒക്കെ കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ആവേശം തോന്നുന്നുണ്ടോ? ഭൂമി അവകാശമാക്കുമ്പോൾ ചെയ്യേണ്ടിവരുന്നതുപോലുള്ള പല കാര്യങ്ങളും ചെയ്യാനുള്ള അവസരം ഇപ്പോൾത്തന്നെ നമുക്കുണ്ട്. അതിൽ മുഴുമനസ്സോടെ പങ്കെടുത്തുകൊണ്ട് അതിനായി കാത്തിരിക്കുകയാണെന്നു നമുക്കു തെളിയിക്കാം.
a 2022 സെപ്റ്റംബർ ലക്കം വീക്ഷാഗോപുരത്തിലെ “അനേകരെ നീതിയിലേക്കു കൊണ്ടുവരുന്നു” എന്ന ലേഖനം കാണുക.