നമ്മുടെ അമൂല്യ പൈതൃകം—അതു നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു?
“എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.”—മത്തായി 25:34.
1. ആളുകൾക്ക് പാരമ്പര്യമായി എന്തെല്ലാം ലഭിച്ചിരിക്കുന്നു?
മനുഷ്യർക്കെല്ലാം പാരമ്പര്യമായി പലതും ലഭിച്ചിട്ടുണ്ട്. ചിലരുടെ കാര്യത്തിൽ ആ പൈതൃകം ഭൗതികമായി സുഖപ്രദമായ ഒരു ജീവിതമായിരിക്കാം. മറ്റു ചിലർക്കാണെങ്കിൽ, ദാരിദ്ര്യം ആയിരിക്കാം. മുൻ തലമുറകളിൽ പെട്ട ചിലർ, തങ്ങൾ അനുഭവിക്കുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, മറ്റു വംശത്തിൽ പെട്ടവരെ കഠിനമായി വെറുക്കുന്ന ഒരു പൈതൃകം പിൻതലമുറകൾക്കു കൈമാറിയിരിക്കുന്നു. എന്നാൽ, നമുക്കെല്ലാം പൊതുവായ ഒരു പൈതൃകമുണ്ട്. ആദ്യ മനുഷ്യനായ ആദാമിൽനിന്ന് പാരമ്പര്യമായി ലഭിച്ചിരിക്കുന്ന പാപം. ആ അവകാശം ഒടുവിൽ മരണത്തിലേക്കു നയിക്കുന്നു.—സഭാപ്രസംഗി 9:2, 10; റോമർ 5:12.
2, 3. യഹോവ തുടക്കത്തിൽ ആദാമിന്റെയും ഹവ്വായുടെയും സന്തതികൾക്കു നൽകിയ പൈതൃകം എന്താണ്, അവർക്ക് അതു ലഭിക്കാതെ പോയത് എന്തുകൊണ്ട്?
2 സ്നേഹവാനാം സ്വർഗീയ പിതാവായ യഹോവ തുടക്കത്തിൽ മനുഷ്യവർഗത്തിനു നൽകിയത് വ്യത്യസ്തമായ ഒരു പൈതൃകമായിരുന്നു—പറുദീസാ ഭൂമിയിലെ പൂർണതയുള്ള അവസ്ഥകളിൻ കീഴിലെ നിത്യജീവൻ. നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിനും ഹവ്വായ്ക്കും പൂർണതയുള്ള, പാപരഹിതമായ ഒരു ആരംഭമാണ് ഉണ്ടായിരുന്നത്. യഹോവയാം ദൈവം മനുഷ്യവർഗത്തിന് ഭൂമി ഒരു സമ്മാനമായി നൽകി. (സങ്കീർത്തനം 115:16) മുഴു ഭൂമിയും എങ്ങനെയുള്ളത് ആയിരിക്കണം എന്നതിന്റെ ഒരു മാതൃകയായി ഏദെൻ പറുദീസ അവൻ അവർക്ക് പ്രദാനം ചെയ്തു. മാത്രമല്ല, നമ്മുടെ ആദ്യ മാതാപിതാക്കൾക്ക് അത്ഭുതകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു നിയമനവും അവൻ നൽകി. കുട്ടികളെ ജനിപ്പിക്കുകയും ഭൂമിക്കും അതിലെ സസ്യ-ജന്തുജാലങ്ങൾക്കും വേണ്ടി കരുതുകയും പറുദീസ മുഴു ഭൂമിയിലും വ്യാപിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ആ നിയമനം. (ഉല്പത്തി 1:28; 2:8, 9, 15) അവരുടെ മക്കളും ഈ വേലയിൽ പങ്കുപറ്റുമായിരുന്നു. അവർക്കു കൈമാറാൻ കഴിയുന്ന എത്ര അമൂല്യമായ ഒരു പൈതൃകമായിരിക്കുമായിരുന്നു അത്!
3 എന്നാൽ, അവർ ഇതെല്ലാം ആസ്വദിക്കണമെങ്കിൽ ആദാമിനും ഹവ്വായ്ക്കും അവരുടെ സന്തതികൾക്കും ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കേണ്ടതുണ്ടായിരുന്നു. അവർ ദൈവത്തോടു സ്നേഹവും കടപ്പാടും ഉള്ളവർ ആയിരിക്കേണ്ടിയിരുന്നു. എന്നാൽ ദൈവം നൽകിയതിനെ വിലമതിക്കാൻ ആദാമും ഹവ്വായും പരാജയപ്പെടുകയും അവന്റെ കൽപ്പന ലംഘിക്കുകയും ചെയ്തു. അവർക്കു തങ്ങളുടെ പറുദീസാ ഭവനവും ദൈവം അവരുടെ മുമ്പാകെ വെച്ച ശോഭനമായ പ്രതീക്ഷകളും നഷ്ടമായി. അവർക്ക് ആ നല്ല സംഗതികൾ തങ്ങളുടെ മക്കൾക്കു കൈമാറാൻ കഴിഞ്ഞില്ല.—ഉല്പത്തി 2:16, 17; 3:1-24.
4. ആദാം നഷ്ടപ്പെടുത്തിയ പൈതൃകം നമുക്ക് എങ്ങനെ നേടാനാകും?
4 ആദാം നഷ്ടപ്പെടുത്തിയ പൈതൃകം ലഭിക്കാനുള്ള ഒരു അവസരം ആദാമിന്റെയും ഹവ്വായുടെയും മക്കൾക്ക് ഉണ്ടായിരിക്കത്തക്കവണ്ണം യഹോവ കരുണാപൂർവം ചില കരുതലുകൾ ചെയ്തു. എങ്ങനെ? ദൈവത്തിന്റെ നിയമിത സമയത്ത് അവന്റെ സ്വന്ത പുത്രനായ യേശുക്രിസ്തു ആദാമിന്റെ സന്തതികൾക്കായി പൂർണതയുള്ള തന്റെ മനുഷ്യജീവൻ നൽകി. അങ്ങനെ ക്രിസ്തു അവരെയെല്ലാം വിലയ്ക്കു വാങ്ങി. എന്നാൽ, യഹോവ ആദാമിനും ഹവ്വായ്ക്കും നൽകിയ പൈതൃകം സ്വതവെ അവരുടേത് ആയിത്തീരുന്നില്ല. അവർക്കു ദൈവമുമ്പാകെ അംഗീകാരമുള്ള ഒരു നില ഉണ്ടായിരിക്കണം. യേശുവിന്റെ യാഗത്തിന്റെ പാപപരിഹാര മൂല്യത്തിൽ വിശ്വസിക്കുകയും അനുസരണത്തിലൂടെ ആ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നതിനാൽ മാത്രമേ അവർക്ക് അത്തരമൊരു നില സാധ്യമാകുകയുള്ളൂ. (യോഹന്നാൻ 3:16, 36; 1 തിമൊഥെയൊസ് 2:5, 6; എബ്രായർ 2:9; 5:9) ആ കരുതലിനോടു വിലമതിപ്പു പ്രകടമാക്കുന്ന വിധത്തിലുള്ളതാണോ നിങ്ങളുടെ ജീവിതഗതി?
അബ്രാഹാമിലൂടെ കൈമാറപ്പെട്ട ഒരു അവകാശം
5. യഹോവയുമായുള്ള ബന്ധത്തോട് അബ്രാഹാം എങ്ങനെ വിലമതിപ്പു പ്രകടമാക്കി?
5 ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിന്റെ ഭാഗമെന്ന നിലയിൽ യഹോവ അബ്രാഹാമിനോട് ഒരു പ്രത്യേക വിധത്തിൽ ഇടപെട്ടു. സ്വന്തം ദേശം ഉപേക്ഷിച്ച് താൻ കാണിപ്പാനിരിക്കുന്ന ഒരു ദേശത്തേക്കു പോകാൻ ദൈവം ആ വിശ്വസ്ത മനുഷ്യനോട് ആവശ്യപ്പെട്ടു. അവൻ മനസ്സോടെ ആ നിർദേശം അനുസരിച്ചു. അബ്രാഹാം അവിടെ എത്തിച്ചേർന്ന ശേഷം അവനല്ല, മറിച്ച് അവന്റെ സന്തതിക്ക് ആ ദേശം അവകാശമായി ലഭിക്കുമെന്ന് യഹോവ അവനോടു പറഞ്ഞു. (ഉല്പത്തി 12:1, 2, 7) അവൻ എങ്ങനെയാണ് അതിനോടു പ്രതികരിച്ചത്? യഹോവ തന്നെ നയിക്കുന്നത് എവിടേക്ക് ആയിരുന്നാലും എങ്ങനെ ആയിരുന്നാലും, അവനെ സേവിക്കാൻ അബ്രാഹാം ഒരുക്കമുള്ളവൻ ആയിരുന്നു. കാരണം തന്റെ സന്തതികൾക്ക് അനുഗ്രഹം ലഭിക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. അബ്രാഹാം തന്റേതല്ലാത്ത ഒരു ദേശത്ത് 100 വർഷം, അതായത് തന്റെ മരണംവരെ യഹോവയെ സേവിച്ചു. (ഉല്പത്തി 12:4; 25:8-10) അബ്രാഹാമിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നോ? അബ്രാഹാം തന്റെ ‘സ്നേഹിതൻ’ ആണെന്ന് യഹോവ പറഞ്ഞു.—യെശയ്യാവു 41:8.
6. (എ) തന്റെ പുത്രനെ ബലി ചെയ്യാനുള്ള മനസ്സൊരുക്കത്തിലൂടെ അബ്രാഹാം എന്തു പ്രകടമാക്കി? (ബി) അമൂല്യമായ എന്ത് അവകാശമാണ് അബ്രാഹാമിനു തന്റെ സന്തതിക്കു കൈമാറാൻ കഴിഞ്ഞത്?
6 അനേക വർഷക്കാലത്തെ കാത്തിരുപ്പിനു ശേഷമാണ് അബ്രാഹാമിന് യിസ്ഹാക് ജനിക്കുന്നത്. അവൻ യിസ്ഹാക്കിനെ അതിയായി സ്നേഹിച്ചിരുന്നു. എന്നാൽ ആ ബാലൻ വളർന്നപ്പോൾ അവനെ കൊണ്ടുപോയി യാഗം കഴിക്കാൻ യഹോവ അബ്രാഹാമിനോട് ആവശ്യപ്പെട്ടു. തന്റെ പുത്രനെ ഒരു മറുവിലയായി നൽകുന്നതിൽ ദൈവംതന്നെ ചെയ്യാനിരിക്കുന്ന ഒരു കാര്യമാണ് താൻ പ്രകടിപ്പിക്കാൻ പോകുന്നതെന്ന് അബ്രാഹാം അറിഞ്ഞിരുന്നില്ല. എങ്കിലും തന്നോട് ആവശ്യപ്പെട്ടതു പോലെ അവൻ യിസ്ഹാക്കിനെ യാഗമായി അർപ്പിക്കാൻ തുനിഞ്ഞു. അപ്പോൾ യഹോവയുടെ ദൂതൻ അബ്രാഹാമിനെ അതിൽനിന്നു വിലക്കി. (ഉല്പത്തി 22:9-14) അബ്രാഹാമിനോടുള്ള തന്റെ വാഗ്ദാനങ്ങൾ യിസ്ഹാക് വഴി നിവൃത്തിയേറുമെന്ന് യഹോവ നേരത്തേതന്നെ പറഞ്ഞിരുന്നു. അക്കാരണത്താൽ, മുമ്പ് മരിച്ചവരിൽനിന്ന് ആരെയും ജീവനിലേക്കു കൊണ്ടുവന്നിരുന്നില്ലെങ്കിൽ പോലും യിസ്ഹാക്കിനെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ ദൈവത്തിനു കഴിയുമെന്ന് അബ്രാഹാമിന് ശക്തമായ വിശ്വാസമുണ്ടായിരുന്നു. (ഉല്പത്തി 17:15-18; എബ്രായർ 11:17-19) അബ്രാഹാം തന്റെ മകനെപ്പോലും നൽകാൻ സന്നദ്ധനായതിനാൽ യഹോവ ഇങ്ങനെ പ്രസ്താവിച്ചു. “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 22:15-18) ഉല്പത്തി 3:15-ൽ പറഞ്ഞിരിക്കുന്ന സന്തതി, അതായത് മിശിഹൈക വിമോചകൻ, അബ്രാഹാമിന്റെ വംശാവലിയിലൂടെ വരുമെന്ന് അതു സൂചിപ്പിച്ചു. കൈമാറാൻ കഴിയുന്ന എത്ര അമൂല്യമായ ഒരു പൈതൃകം!
7. തങ്ങൾക്കു ലഭിച്ച അവകാശത്തോട് അബ്രാഹാമും യിസ്ഹാക്കും യാക്കോബും വിലമതിപ്പു പ്രകടമാക്കിയത് എങ്ങനെ?
7 യഹോവ അപ്പോൾ ചെയ്ത കാര്യത്തിന്റെ പ്രാധാന്യം അബ്രാഹാമിന് മനസ്സിലായില്ല. “വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ” അവന്റെ പുത്രൻ യിസ്ഹാക്കിനോ പൗത്രൻ യാക്കോബിനോ അത് അറിയില്ലായിരുന്നു. എന്നാൽ അവർക്കെല്ലാം യഹോവയിൽ ശക്തമായ വിശ്വാസം ഉണ്ടായിരുന്നു. ദേശത്തെ ഏതെങ്കിലും നഗരരാജ്യങ്ങളുടെ ഭാഗമായിരുന്നില്ല അവർ. മെച്ചമായ ഒന്നിനു വേണ്ടി, “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി” അവർ കാത്തിരുന്നു. (എബ്രായർ 11:8-10, 13-16) എന്നാൽ, അബ്രാഹാമിലൂടെ ലഭിച്ച അവകാശത്തിന്റെ മൂല്യം അവന്റെ സന്തതികളിൽ എല്ലാവരുമൊന്നും വിലമതിച്ചില്ല.
അവകാശത്തെ തുച്ഛീകരിച്ച ചിലർ
8. തനിക്കു ലഭിച്ച അവകാശത്തിന്റെ പവിത്രതയെ താൻ വിലമതിക്കുന്നില്ല എന്ന് ഏശാവ് പ്രകടമാക്കിയത് എങ്ങനെ?
8 യാക്കോബിന്റെ ഏറ്റവും മൂത്ത മകനായ ഏശാവ് ആദ്യജാതൻ എന്ന നിലയിലുള്ള തന്റെ ജന്മാവകാശത്തെ വിലമതിക്കാൻ പരാജയപ്പെട്ടു. അവൻ വിശുദ്ധ കാര്യങ്ങൾക്കു വിലകൽപ്പിച്ചില്ല. അങ്ങനെയിരിക്കെ, ഒരു നാൾ ആദ്യജാതൻ എന്ന നിലയിലുള്ള തന്റെ ജന്മാവകാശം അവൻ സഹോദരനായ യാക്കോബിനു വിറ്റു. എന്തിനു വേണ്ടി? അപ്പവും പയറുകൊണ്ടുള്ള പായസവും കിട്ടാൻ വേണ്ടി. (ഉല്പത്തി 25:29-34; എബ്രായർ 12:14-17) അബ്രാഹാമിനു ദൈവം നൽകിയ വാഗ്ദാനങ്ങൾ ഏതു ജനതയിലൂടെ നിവർത്തിക്കപ്പെടുമായിരുന്നോ ആ ജനത, ദൈവം ഇസ്രായേൽ എന്നു പേരു മാറ്റിയ യാക്കോബിൽനിന്ന് ഉത്ഭവിച്ചു. ആ പ്രത്യേക അവകാശം അവർക്ക് എന്തിനുള്ള അവസരങ്ങളാണ് തുറന്നു കൊടുത്തത്?
9. തങ്ങളുടെ ആത്മീയ അവകാശം, യാക്കോബിന്റെ അഥവാ ഇസ്രായേലിന്റെ സന്തതികൾക്ക് എന്തു വിടുതലാണു കൈവരുത്തിയത്?
9 ക്ഷാമമുണ്ടായ ഒരു സമയത്ത് യാക്കോബും കുടുംബവും ഈജിപ്തിലേക്കു മാറിപ്പാർത്തു. എണ്ണത്തിൽ പെരുകി ഒരു വലിയ ജനത ആയിത്തീർന്ന അവർ അവിടെ അടിമകളായിത്തീർന്നു. എന്നാൽ, അബ്രാഹാമുമായുള്ള ഉടമ്പടി യഹോവ മറന്നുകളഞ്ഞില്ല. തന്റെ നിയമിത സമയത്ത് ദൈവം ഇസ്രായേൽ പുത്രന്മാരെ അടിമത്തത്തിൽനിന്നു വിടുവിച്ചു. മാത്രമല്ല, താൻ അബ്രാഹാമിനു വാഗ്ദാനം ചെയ്ത “പാലും തേനും ഒഴുകുന്ന ദേശത്തേക്കു” അവരെ കൊണ്ടുവരാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു.—പുറപ്പാടു 3:7, 8; ഉല്പത്തി 15:18-21.
10. സീനായി പർവതത്തിങ്കൽ, ഇസ്രായേൽ പുത്രന്മാരുടെ അവകാശത്തോടുള്ള ബന്ധത്തിൽ കൂടുതലായ എന്ത് അസാധാരണ സംഭവവികാസങ്ങൾ നടന്നു?
10 ഇസ്രായേൽ പുത്രന്മാർ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രാമധ്യേ ആയിരുന്നപ്പോൾ, യഹോവ അവരെ സീനായി പർവതത്തിങ്കൽ കൂട്ടിവരുത്തി. അവിടെവെച്ച് അവൻ അവരോടു പറഞ്ഞു: “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” (പുറപ്പാടു 19:5, 6) ജനം ഐകകണ്ഠ്യേന അതിനു സമ്മതിച്ചപ്പോൾ, മറ്റൊരു ജനതയോടും ചെയ്യാത്ത ഒന്ന് യഹോവ ചെയ്തു—അവൻ അവർക്കു തന്റെ ന്യായപ്രമാണം നൽകി.—സങ്കീർത്തനം 147:19, 20.
11. ഇസ്രായേൽ പുത്രന്മാരുടെ ആത്മീയ പൈതൃകത്തിൽ ഉൾപ്പെട്ടിരുന്ന ചില അമൂല്യ കാര്യങ്ങൾ ഏതെല്ലാം?
11 എത്ര മഹത്തായ ഒരു ആത്മീയ പൈതൃകമാണ് ആ പുതിയ ജനതയ്ക്കു ലഭിച്ചത്! അവർ ഏക സത്യദൈവത്തെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ദൈവം ഈജിപ്തിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന അവർക്ക് സീനായി പർവതത്തിൽവെച്ച് ന്യായപ്രമാണം നൽകിയപ്പോൾ ഉണ്ടായ ഭയജനകമായ സംഭവങ്ങൾ നേരിൽ കാണാനുള്ള അവസരം ലഭിച്ചു. ‘ദൈവത്തിൽനിന്ന്’ കൂടുതലായ ‘അരുളപ്പാടുകൾ’ പ്രവാചകന്മാരിലൂടെ ലഭിച്ചപ്പോൾ അവരുടെ പൈതൃകം ഒന്നുകൂടി സമ്പന്നമായി. (റോമർ 3:1, 2) യഹോവ അവരെ തന്റെ സാക്ഷികളായി തിരഞ്ഞെടുത്തു. (യെശയ്യാവു 43:10-12) മിശിഹൈക സന്തതി അവരുടെ ജനതയിൽനിന്നു ജനിക്കേണ്ടിയിരുന്നു. ന്യായപ്രമാണം അവനിലേക്കു വിരൽചൂണ്ടി. അത് അവനെ തിരിച്ചറിയിക്കുകയും ആ മിശിഹാ തങ്ങൾക്ക് എത്രമാത്രം ആവശ്യമാണെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുമായിരുന്നു. (ഗലാത്യർ 3:19, 24) മാത്രമല്ല, പുരോഹിതന്മാരുടെയും വിശുദ്ധ ജനതയുടെയും ഒരു രാജ്യമെന്ന നിലയിൽ മിശിഹൈക സന്തതിയോടൊപ്പം സേവിക്കാനുള്ള അവസരവും അവർക്കു ലഭിക്കുമായിരുന്നു.—റോമർ 9:4, 5.
12. വാഗ്ദത്ത ദേശത്തു പ്രവേശിച്ചെങ്കിലും, ഇസ്രായേല്യർ ഏതു കാര്യത്തിൽ പരാജയപ്പെട്ടു? എന്തുകൊണ്ട്?
12 യഹോവ തന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ ഇസ്രായേല്യരെ വാഗ്ദത്ത ദേശത്തേക്കു നയിച്ചു. എന്നാൽ പൗലൊസ് അപ്പൊസ്തലൻ വിശദീകരിച്ചതുപോലെ, വിശ്വാസരാഹിത്യത്താൽ ആ ദേശം “സ്വസ്ഥത”യുള്ള ഒരു സ്ഥലം ആയിത്തീർന്നില്ല. ഒരു ജനത എന്ന നിലയിൽ അവർ ‘ദൈവത്തിന്റെ സ്വസ്ഥത’യിൽ പ്രവേശിച്ചില്ല. കാരണം, ആദാമിന്റെയും ഹവ്വായുടെയും സൃഷ്ടിക്കു ശേഷം തുടങ്ങിയ ദൈവത്തിന്റെ സ്വസ്ഥതാ ദിവസത്തിന്റെ ഉദ്ദേശ്യം ഗ്രഹിക്കാനും അതിനു ചേർച്ചയിൽ പ്രവർത്തിക്കാനും അവർ പരാജയപ്പെട്ടു.—എബ്രായർ 4:3-10.
13. തങ്ങളുടെ ആത്മീയ പൈതൃകത്തെ വിലമതിക്കാൻ പരാജയപ്പെട്ടതിനാൽ ഒരു ജനത എന്ന നിലയിൽ ഇസ്രായേലിന് എന്തുനഷ്ടമായി?
13 രാജകീയ പുരോഹിതവർഗവും വിശുദ്ധ ജനതയും എന്ന നിലയിൽ, മിശിഹായുടെ സ്വർഗീയ രാജ്യത്തിൽ അവനോടൊപ്പം ഭരിക്കാനിരിക്കുന്ന മുഴുവൻ അംഗങ്ങളെയും നൽകാൻ സ്വാഭാവിക ഇസ്രായേലിനു കഴിയുമായിരുന്നു. എന്നാൽ അവർ തങ്ങളുടെ അമൂല്യ പൈതൃകത്തെ വിലമതിച്ചില്ല. സ്വാഭാവിക ഇസ്രായേല്യരിൽ ഒരു ശേഷിപ്പു മാത്രമേ മിശിഹാ വന്നപ്പോൾ അവനെ സ്വീകരിച്ചുള്ളൂ. തത്ഫലമായി, മുൻകൂട്ടി പറയപ്പെട്ട പുരോഹിത രാജ്യത്തിൽ അവരുടെ ഇടയിൽനിന്ന് ചെറിയ ഒരു കൂട്ടം ആളുകളേ ചേർക്കപ്പെട്ടുള്ളൂ. ആ രാജ്യം സ്വാഭാവിക ഇസ്രായേലിന്റെ പക്കൽ നിന്നെടുത്ത് “അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു” നൽകി. (മത്തായി 21:43) ആ ജനത ഏതായിരുന്നു?
ഒരു സ്വർഗീയ അവകാശം
14, 15. (എ) യേശുവിന്റെ മരണശേഷം ജനതകൾ അബ്രാഹാമിന്റെ “സന്തതി” മുഖാന്തരം അനുഗ്രഹിക്കപ്പെടാൻ തുടങ്ങിയത് എങ്ങനെ? (ബി) ‘ദൈവത്തിന്റെ ഇസ്രായേലി’ലെ അംഗങ്ങൾക്ക് എന്താണ് അവകാശമായി ലഭിക്കുന്നത്?
14 രാജ്യം ലഭിച്ച ജനത ‘ദൈവത്തിന്റെ യിസ്രായേൽ,’ ആത്മീയ ഇസ്രായേൽ ആണ്. അതിൽ യേശുക്രിസ്തുവിന്റെ 1,44,000 അഭിഷിക്ത അനുഗാമികൾ അടങ്ങിയിരിക്കുന്നു. (ഗലാത്യർ 6:16; വെളിപ്പാടു 5:9, 10; 14:1-3) ഇവരിൽ ചിലർ സ്വാഭാവിക യഹൂദന്മാരാണ്, എന്നാൽ മിക്കവരും പുറജാതീയ ജനതകളിൽ നിന്നുള്ളവരാണ്. അങ്ങനെ, അബ്രാഹാമിന്റെ “സന്തതി” മുഖാന്തരം സകല ജനതകളും അനുഗ്രഹിക്കപ്പെടുമെന്ന യഹോവയുടെ വാഗ്ദാനം നിറവേറാൻ തുടങ്ങി. (പ്രവൃത്തികൾ 3:25, 26; ഗലാത്യർ 3:8, 9) ആ പ്രാഥമിക നിവൃത്തിയിൽ, ജനതകളിൽ നിന്നുള്ളവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും അവരെ യഹോവയാം ദൈവം ആത്മീയ പുത്രന്മാരായി ദത്തെടുക്കുകയും ചെയ്തു. അങ്ങനെ അവർ യേശുക്രിസ്തുവിന്റെ സഹോദരന്മാർ ആയിത്തീർന്നു. അതിനാൽ അവരും “സന്തതി”യുടെ ഉപവിഭാഗം ആയിത്തീർന്നു.—ഗലാത്യർ 3:28, 29.
15 തന്റെ മരണത്തിനു മുമ്പ് യേശു, ആ പുതിയ ജനതയുടെ ഭാഗം ആയിത്തീരാനിരുന്ന അംഗങ്ങൾക്ക് പുതിയ ഉടമ്പടി പരിചയപ്പെടുത്തി. യേശുവിന്റെതന്നെ രക്തം അതിനെ സാധൂകരിക്കുമായിരുന്നു. അവന്റെ ആ യാഗത്തിലുള്ള അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആ ഉടമ്പടിയിലേക്ക് എടുക്കപ്പെടുന്നവർ “എന്നേക്കുമായി പരിപൂർണ്ണരാക്കപ്പെ”ടുമായിരുന്നു. (എബ്രായർ 10:14-18, പി.ഒ.സി. ബൈബിൾ) അവർ ‘നീതീകരണം’ പ്രാപിക്കുകയും അങ്ങനെ അവരുടെ പാപങ്ങൾക്ക് ക്ഷമ ലഭിക്കുകയും ചെയ്യുമായിരുന്നു. (1 കൊരിന്ത്യർ 6:11) അതുകൊണ്ട് ആ അർഥത്തിലാണ് അവർ, പാപം ചെയ്യുന്നതിനു മുമ്പ് ആദാം ആയിരുന്ന അവസ്ഥയിൽ ആയിത്തീരുന്നത്. എന്നാൽ ഒരു ഭൗമിക പറുദീസയിൽ ആയിരിക്കില്ല അവർ ജീവിക്കുന്നത്. സ്വർഗത്തിൽ അവർക്കായി ഒരു സ്ഥലം ഒരുക്കാൻ പോകുകയാണെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 14:2, 3) ‘തങ്ങൾക്കായി സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്ന അവകാശം’ ലഭിക്കാൻ തക്കവണ്ണം അവർ തങ്ങളുടെ ഭൗമിക പ്രത്യാശകൾ ഉപേക്ഷിക്കുന്നു. (1 പത്രൊസ് 1:4, 5) അവർ സ്വർഗത്തിൽ എന്തായിരിക്കും ചെയ്യുക? യേശു ഇപ്രകാരം വിശദീകരിച്ചു: ‘ഞാൻ നിങ്ങൾക്കു രാജ്യം നിയമിച്ചുതരുന്നു.’—ലൂക്കൊസ് 22:29.
16. അഭിഷിക്ത ക്രിസ്ത്യാനികൾക്ക് അത്ഭുതകരമായ എന്തു നിയോഗമാണു ലഭിക്കാൻ പോകുന്നത്?
16 സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കുന്നവർ, യഹോവയുടെ പരമാധികാരത്തിന് എതിരെയുള്ള മത്സരത്തിന്റെ സകല കണികകളും ഭൂമിയിൽനിന്ന് നീക്കിക്കളയും. (വെളിപ്പാടു 2:26, 27) അബ്രാഹാമിന്റെ ആത്മീയ സന്തതിയുടെ ഉപവിഭാഗം എന്ന നിലയിൽ, സകല ജനതകളിലെയും ആളുകൾക്ക് സമ്പൂർണ ജീവന്റെ അനുഗ്രഹം കൈവരുത്തുന്നതിൽ അവർക്ക് ഒരു പങ്കുണ്ടായിരിക്കും. (റോമർ 8:17-21) അവരുടേത് എത്ര അമൂല്യമായ ഒരു അവകാശമാണ്!—എഫെസ്യർ 1:16-18.
17. തങ്ങളുടെ പൈതൃകത്തിന്റെ ഏതെല്ലാം വശങ്ങളാണു ഭൂമിയിൽ ആയിരിക്കവെ, അഭിഷിക്ത ക്രിസ്ത്യാനികൾ ആസ്വദിക്കുന്നത്?
17 യേശുവിന്റെ അഭിഷിക്ത അനുഗാമികളുടെ പൈതൃകം പൂർണമായും ഭാവിയിൽ ലഭിക്കാനിരിക്കുന്നതല്ല. മറ്റാർക്കും സാധിക്കാത്ത ഒരു വിധത്തിൽ ഏകസത്യദൈവമായ യഹോവയെ അറിയാൻ യേശു ഒന്നാം നൂറ്റാണ്ടിൽ തന്റെ ശിഷ്യന്മാരെ സഹായിച്ചു. (മത്തായി 11:27; യോഹന്നാൻ 17:3, 26) ‘യഹോവയിൽ ആശ്രയിക്കുക’ എന്നതിന്റെ അർഥമെന്തെന്നും അവനെ അനുസരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നും യേശു വാക്കാലും പ്രവൃത്തിയാലും അവരെ പഠിപ്പിച്ചു. (എബ്രായർ 2:13; 5:7-9) ദൈവോദ്ദേശ്യം സംബന്ധിച്ച സത്യത്തിന്റെ പരിജ്ഞാനവും അതു സംബന്ധിച്ച പൂർണമായ ഒരു ഗ്രാഹ്യത്തിലേക്ക് പരിശുദ്ധാത്മാവ് അവരെ നയിക്കുമെന്ന ഉറപ്പും യേശു അവർക്കു നൽകി. (യോഹന്നാൻ 14:24-26) ദൈവരാജ്യത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ അവൻ അവരെ സഹായിച്ചു. (മത്തായി 6:10, 33) സാക്ഷ്യം നൽകാനും യെരൂശലേമിലെയും യെഹൂദ്യയിലെയും ശമര്യയിലെയും ഭൂമിയുടെ അതിവിദൂര ഭാഗത്തെയും ആളുകളെ ശിഷ്യരാക്കാനുമുള്ള നിയമനം അവൻ അവർക്കു നൽകി.—മത്തായി 24:14; 28:19, 20; പ്രവൃത്തികൾ 1:8.
മഹാപുരുഷാരത്തിനുള്ള ഒരു വിശിഷ്ട പൈതൃകം
18. അബ്രാഹാമിന്റെ “സന്തതി” മുഖാന്തരം സകല ജനതകളും അനുഗ്രഹിക്കപ്പെടുമെന്ന യഹോവയുടെ വാഗ്ദാനം ഇന്നു നിവൃത്തിയേറുന്നത് ഏതു വിധത്തിൽ?
18 രാജ്യാവകാശികൾ അഥവാ ‘ചെറിയ ആട്ടിൻകൂട്ടം’ ആകുന്ന ആത്മീയ ഇസ്രായേലിൽ പെട്ട മുഴുവൻ അംഗങ്ങളുംതന്നെ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. (ലൂക്കൊസ് 12:32) ദശാബ്ദങ്ങളായി യഹോവ സകല ജനതകളിലും നിന്നുള്ള മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ, അബ്രാഹാമിന്റെ “സന്തതി” മുഖാന്തരം സകല ജനതകളിലെയും ആളുകൾ അനുഗ്രഹിക്കപ്പെടുമെന്ന യഹോവയുടെ വാഗ്ദാനം വലിയ ഒരു വിധത്തിൽ ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, അഭിഷിക്തരെപ്പോലെ ഈ അനുഗൃഹീതരും യഹോവയ്ക്കു വിശുദ്ധ സേവനം അർപ്പിക്കുകയും തങ്ങളുടെ രക്ഷ ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു എന്നു തിരിച്ചറിയുകയും ചെയ്യുന്നു. (വെളിപ്പാടു 7:9, 10) ആ സന്തുഷ്ട കൂട്ടത്തിന്റെ ഭാഗമായിരിക്കാനുള്ള യഹോവയുടെ ആർദ്രമായ ക്ഷണം നിങ്ങൾ സ്വീകരിച്ചിരിക്കുന്നുവോ?
19. ഇപ്പോൾ അനുഗ്രഹിക്കപ്പെടുന്ന, ജനതകളിലെ ആളുകൾ ഏതു പൈതൃകത്തിലേക്ക് ഉറ്റുനോക്കുന്നു?
19 ചെറിയ ആട്ടിൻകൂട്ടത്തിന്റെ ഭാഗമല്ലാത്തവർക്ക് എന്ത് അമൂല്യ പൈതൃകമാണ് യഹോവ വെച്ചുനീട്ടുന്നത്? അതു സ്വർഗത്തിലുള്ള ഒരു അവകാശമല്ല. ആദാമിനു തന്റെ മക്കൾക്കു കൈമാറാൻ കഴിയുമായിരുന്ന പൈതൃകമാണ് അത്—പറുദീസാ ഭൂമിയിലെ പൂർണ അവസ്ഥകളിൻ കീഴിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ. ‘മരണമോ ദുഃഖമോ മുറവിളിയോ കഷ്ടതയോ ഉണ്ടായിരിക്കുകയില്ലാത്ത’ ഒരു ലോകമായിരിക്കും അത്. (വെളിപ്പാടു 21:4, 5) അതുകൊണ്ട്, ദൈവത്തിന്റെ നിശ്വസ്ത വചനത്തിൽ കാണുന്ന ഈ ആഹ്വാനത്തിനു ചെവി കൊടുക്കുക: “യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:3, 4, 10, 11, 29.
20. അഭിഷിക്ത ക്രിസ്ത്യാനികൾക്കു ലഭിക്കുന്ന ആത്മീയ പൈതൃകത്തിൽ ഏറെയും “വേറെ ആടുകൾ” ആസ്വദിക്കുന്നത് എങ്ങനെ?
20 യേശുവിന്റെ “വേറെ ആടുകൾ”ക്ക് അവകാശം ലഭിക്കുന്നത് സ്വർഗരാജ്യത്തിന്റെ ഭൗമിക മണ്ഡലത്തിൽ ആയിരിക്കും. (യോഹന്നാൻ 10:16എ) അവർ സ്വർഗത്തിൽ ആയിരിക്കുകയില്ലെങ്കിലും, അഭിഷിക്തർ ആസ്വദിക്കുന്ന ആത്മീയ പൈതൃകത്തിൽ നല്ലൊരു അംശവും അവരിലേക്കു കൈമാറപ്പെടുന്നു. ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന അമൂല്യ വാഗ്ദാനങ്ങളുടെ ഗ്രാഹ്യം വേറെ ആടുകൾക്കു ലഭിച്ചിരിക്കുന്നത് അഭിഷിക്തരിലൂടെ, അഥവാ “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെയാണ്. (മത്തായി 24:45-47, NW; 25:34) ഈ അഭിഷിക്തരും വേറെ ആടുകളും ഐക്യത്തിൽ ഏകസത്യദൈവമായ യഹോവയെ ആരാധിക്കുന്നു. (യോഹന്നാൻ 17:20, 21) യേശുവിന്റെ യാഗത്തിന്റെ പാപപരിഹാര മൂല്യത്തെപ്രതി അവർ ദൈവത്തിനു നന്ദി കരേറ്റുകയും ചെയ്യുന്നു. യേശുക്രിസ്തു എന്ന ഒരു ഇടയന്റെ കീഴിൽ അവർ ഒരുമിച്ചു പ്രവർത്തിക്കുന്നു. (യോഹന്നാൻ 10:16ബി) സ്നേഹത്തിൽ വസിക്കുന്ന ഒരു ആഗോള സഹോദരവർഗത്തിന്റെ ഭാഗമാണ് അവരെല്ലാം. യഹോവയുടെയും അവന്റെ രാജ്യത്തിന്റെയും സാക്ഷികൾ ആയിരിക്കുകയെന്ന പദവിയിൽ അവർക്കെല്ലാം പങ്കുണ്ട്. അതേ, നിങ്ങൾ യഹോവയുടെ സമർപ്പിച്ചു സ്നാപനമേറ്റ ഒരു ദാസനാണെങ്കിൽ ഇതെല്ലാം നിങ്ങളുടെ ആത്മീയ പൈതൃകത്തിൽ ഉൾപ്പെടുന്നു.
21, 22. നമ്മുടെ ആത്മീയ പൈതൃകത്തെ അമൂല്യമായി കരുതുന്നു എന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ സാധിക്കും?
21 ഈ ആത്മീയ പൈതൃകം നിങ്ങൾക്ക് എത്ര അമൂല്യമാണ്? ദൈവഹിതത്തിന് ജീവിതത്തിൽ ഏറ്റവും പ്രമുഖ സ്ഥാനം ഉണ്ടായിരിക്കത്തക്ക അത്ര അമൂല്യമായി നിങ്ങൾ ആ പൈതൃകത്തെ കാണുന്നുവോ? അതിന്റെ ഒരു തെളിവ് എന്ന നിലയിൽ, ക്രിസ്തീയ സഭയിലെ എല്ലാ യോഗങ്ങളിലും സംബന്ധിക്കാൻ തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും അവൻ നൽകുന്ന ബുദ്ധിയുപദേശം നിങ്ങൾ ചെവിക്കൊള്ളുന്നുവോ? (എബ്രായർ 10:24, 25) പ്രതികൂല സാഹചര്യങ്ങളിൻ മധ്യേയും ദൈവത്തെ ആരാധിക്കുന്നതിൽ തുടരാൻ കഴിയുമാറ് അത്രയ്ക്കും അമൂല്യമായി നിങ്ങൾ ആ പൈതൃകത്തെ കരുതുന്നുവോ? അതു നഷ്ടമാകുന്നതിലേക്കു നിങ്ങളെ നയിച്ചേക്കാവുന്ന ഒരു ഗതി സ്വീകരിക്കാനുള്ള ഏതു പ്രലോഭനത്തെയും ചെറുത്തുനിൽക്കാൻ നിങ്ങളെ ശക്തീകരിക്കാൻ പോന്നത്ര ഉറപ്പുള്ളതാണോ അതിനോടുള്ള നിങ്ങളുടെ വിലമതിപ്പ്?
22 ദൈവം നമുക്കു നൽകിയിരിക്കുന്ന ആത്മീയ പൈതൃകത്തെ നമുക്കെല്ലാം അമൂല്യമായി കരുതാം. മുന്നിലുള്ള പറുദീസയിൽ നാം ദൃഷ്ടികൾ ദൃഢമായി പതിപ്പിച്ചിരിക്കെ, യഹോവ നൽകുന്ന ആത്മീയ പദവികളിൽ നമുക്കു പൂർണമായി പങ്കുപറ്റാം. യഹോവയുമായുള്ള ബന്ധത്തെ കേന്ദ്രീകരിച്ചു നമ്മുടെ ജീവിതം കെട്ടിപ്പടുക്കുകവഴി, ദൈവം നമുക്കു നൽകിയിരിക്കുന്ന പൈതൃകത്തെ വാസ്തവത്തിൽ എത്ര അമൂല്യമായി കരുതുന്നു എന്നതിനു നാം ശക്തമായ തെളിവു നൽകുകയായിരിക്കും ചെയ്യുക. “എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും” എന്നു പറയുന്നവരുടെ കൂട്ടത്തിൽ നമ്മളും ഉണ്ടായിരിക്കുമാറാകട്ടെ.—സങ്കീർത്തനം 145:1.
നിങ്ങൾ എങ്ങനെ വിശദീകരിക്കും?
• ആദാം ദൈവത്തോടു വിശ്വസ്തൻ ആയിരുന്നെങ്കിൽ, എങ്ങനെയുള്ള ഒരു പൈതൃകം നമുക്കു കൈമാറാൻ അവനു കഴിയുമായിരുന്നു?
• തങ്ങൾക്കു ലഭ്യമായ അവകാശത്തോട് അബ്രാഹാമിന്റെ സന്തതികൾ എങ്ങനെയാണു പ്രതികരിച്ചത്?
• ക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികൾക്കു ലഭിച്ചിരിക്കുന്ന പൈതൃകത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
• മഹാപുരുഷാരത്തിന്റെ പൈതൃകം എന്താണ്, തങ്ങൾ അതു ശരിക്കും വിലമതിക്കുന്നു എന്ന് അവർക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
[20-ാം പേജിലെ ചിത്രങ്ങൾ]
അമൂല്യമായ ഒരു അവകാശം സംബന്ധിച്ച വാഗ്ദാനം അബ്രാഹാമിന്റെ സന്തതിക്കു ലഭിച്ചു
[23-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ ആത്മീയ പൈതൃകത്തെ നിങ്ങൾ വിലമതിക്കുന്നുവോ?