അവർ യഹോവയുടെ ഹിതം ചെയ്തു
യിസ്ഹാക്കിനു ഭാര്യയെ കണ്ടെത്തുന്നു
കിണറ്റിൻകരയിലിരുന്ന പ്രായമുള്ള ആ മനുഷ്യൻ ക്ഷീണിച്ചുവലഞ്ഞിരുന്നു. അയാളും പരിചാരകരും പത്ത് ഒട്ടകങ്ങളോടൊപ്പം ബേർ-ശേബയുടെ അയൽപ്രദേശത്തുനിന്നു വടക്കൻ മെസൊപ്പൊത്താമ്യവരെ 800-ലധികം കിലോമീറ്റർ ദൂരം യാത്ര ചെയ്തിരുന്നു.a ഇപ്പോൾ അവർ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നതിനാൽ, ക്ഷീണിച്ചുവലഞ്ഞ ആ സഞ്ചാരി തന്റെ ദുഷ്കരമായ ദൗത്യത്തെക്കുറിച്ചു ചിന്തിക്കാൻ അൽപ്പനേരം അവിടെ തങ്ങി. ആ മനുഷ്യൻ ആരായിരുന്നു, ദുഷ്കരമായ ആ യാത്ര അയാൾ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരുന്നു?
ആ മനുഷ്യൻ അബ്രാഹാമിന്റെ ദാസനായിരുന്നു, ‘അവന്റെ വീട്ടിലെ മൂപ്പൻ.’ (ഉല്പത്തി 24:2) വിവരണത്തിൽ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, സാധ്യതയനുസരിച്ച് അവൻ എല്യേസർ ആയിരിക്കാം. അവനെക്കുറിച്ച് ‘തന്റെ വീട്ടിൽ ജനിച്ച ദാസൻ’ എന്ന് അബ്രാഹാം ഒരിക്കൽ പരാമർശിക്കുന്നുണ്ട്, അവൻ തന്റെ ‘അവകാശി’ ആയിരിക്കുന്നതായി അബ്രാഹാം സംസാരിക്കുകയും ചെയ്തു. (ഉല്പത്തി 15:2, 3) തീർച്ചയായും, അത് അബ്രാഹാമിനും സാറായ്ക്കും കുട്ടികളില്ലാതിരുന്നപ്പോഴാണ്. ഇപ്പോൾ അവരുടെ പുത്രനായ യിസ്ഹാക്കിന് 40 വയസ്സുണ്ട്. ഇനി എല്യേസർ അബ്രാഹാമിന്റെ മുഖ്യ അവകാശി അല്ലെങ്കിൽപോലും അവൻ അബ്രാഹാമിന്റെ ദാസനായിരുന്നു. അതുകൊണ്ട് അബ്രാഹാം ദുഷ്കരമായ ഒരു അപേക്ഷ നടത്തിയപ്പോൾ അവൻ വഴങ്ങി. അതെന്തായിരുന്നു?
വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യം
അബ്രാഹാമിന്റെ നാളിൽ, വിവാഹം കുടുംബത്തിൻമേൽ മാത്രമല്ല, മുഴു ഗോത്രത്തിന്മേലും അല്ലെങ്കിൽ ഗോത്രപിതാവിന്റെ സമുദായത്തിന്മേലും പ്രഭാവം ചെലുത്തിയിരുന്നു. അതുകൊണ്ട് കുട്ടികൾക്കു വേണ്ടി മാതാപിതാക്കൾ ഒരു ഇണയെ തിരഞ്ഞെടുക്കുന്നത് ഒരു ആചാരമായിരുന്നു. എന്നിരുന്നാലും, തന്റെ പുത്രനായ യിസ്ഹാക്കിനു വേണ്ടി ഒരു ഭാര്യയെ കണ്ടുപിടിക്കുന്നതിൽ അബ്രാഹാമിന് ഒരു വിഷമസന്ധി നേരിട്ടു. അവിടത്തെ കനാന്യരുടെ ഭക്തികെട്ട വഴികൾ അവരിലൊരാളുമായുള്ള വിവാഹം അചിന്തനീയമാക്കിത്തീർത്തു. (ആവർത്തനപുസ്തകം 18:9-12) സ്വന്തം ഗോത്രത്തിലുള്ളവരെ വിവാഹം കഴിക്കുക പുരുഷനെ സംബന്ധിച്ചിടത്തോളം പതിവായിരുന്നെങ്കിലും, അബ്രാഹാമിന്റെ ബന്ധുക്കൾ താമസിച്ചിരുന്നത് നൂറുകണക്കിനു കിലോമീറ്റർ അകലെ വടക്കുള്ള മെസൊപ്പൊത്താമ്യയിലായിരുന്നു. യിസ്ഹാക്കിനെ അവിടേക്കു മാറ്റാൻ കഴിയുമായിരുന്നില്ല. കാരണം യഹോവ, “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം,” അതായത് കനാന്യദേശം, “കൊടുക്കുമെന്നു” യഹോവ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്തിരുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ഉല്പത്തി 24:7) അതുകൊണ്ട്, അബ്രാഹാം എല്യേസറിനോട് ഇങ്ങനെ പറഞ്ഞു: “എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കു”ക.—ഉല്പത്തി 24:4.
ദീർഘ യാത്ര പൂർത്തിയാക്കി, കിണറ്റിൻകരയിൽ വിശ്രമിച്ചുകൊണ്ട് എല്യേസർ തന്റെ ദൗത്യത്തെക്കുറിച്ചു ചിന്തിച്ചു. രാത്രിയിലേക്കുള്ള വെള്ളം കോരിക്കൊണ്ടുപോകാൻ സ്ത്രീകൾ കിണറ്റിൻകരയിലേക്കു വരുമെന്ന് അവൻ മനസ്സിലാക്കി. അതുകൊണ്ട് അവൻ യഹോവയോടപേക്ഷിച്ചു: “നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.”—ഉല്പത്തി 24:14.
അവൻ പ്രാർഥിച്ചുകൊണ്ടിരിക്കെത്തന്നെ റിബെക്കാ എന്നു പേരുള്ള സുന്ദരിയായ ഒരു സ്ത്രീ അടുത്തുവന്നു. “നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം” എന്ന് എല്യേസർ അവളോടു പറഞ്ഞു. വെള്ളം കൊടുത്തശേഷം റിബെക്കാ പറഞ്ഞു: “നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം.” അത് വലിയൊരു വാഗ്ദാനമായിരുന്നു, കാരണം ദാഹിച്ചിരിക്കുന്ന ഒരു ഒട്ടകത്തിന് വെറും പത്തു മിനിറ്റുകൊണ്ട് 95 ലിറ്റർ വെള്ളം കുടിച്ചുതീർക്കാൻ സാധിക്കും! എല്യേസറിന്റെ ഒട്ടകങ്ങൾ ദാഹിച്ചാണിരുന്നതെങ്കിലും അല്ലെങ്കിലും, ചെയ്യാമെന്നു താൻ വാഗ്ദാനം ചെയ്ത ജോലി ശ്രമകരമാണെന്ന് അവൾക്ക് അറിയാമായിരുന്നിരിക്കണം. തീർച്ചയായും അവൾ “പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണററിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.”—ഉല്പത്തി 24:15-20.
യഹോവയുടെ മാർഗനിർദേശം മനസ്സിലാക്കിയ എല്യേസർ റിബെക്കായ്ക്ക് ഒരു പൊൻമൂക്കുത്തിയും രണ്ടു പൊൻവളകളും നൽകി, അവയ്ക്ക് ഇന്നത്തെ വിലയനുസരിച്ച് ഏകദേശം 50,000 രൂപ വരും. താൻ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ പൗത്രിയാണെന്നു റിബെക്കാ പറഞ്ഞപ്പോൾ, എല്യേസർ ദൈവത്തിനു നന്ദി നൽകി. “യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ” എന്ന് അവൻ പറഞ്ഞു. (ഉല്പത്തി 24:22-27) എല്യേസറിനെ റിബെക്കായുടെ വീട്ടിലേക്കു കൊണ്ടുവന്നു. കാലക്രമത്തിൽ, റിബെക്കാ യിസ്ഹാക്കിന്റെ ഭാര്യയായിത്തീർന്നു. മിശിഹാ ആയ യേശുവിന്റെ പൂർവിക മാതാവായിത്തീരുന്ന പദവി അവൾക്കു ലഭിച്ചു.
നമുക്കുള്ള പാഠങ്ങൾ
യിസ്ഹാക്കിനു വേണ്ടി ദൈവഭക്തയായ ഒരു ഇണയെ കണ്ടെത്തുന്നതിനുള്ള എല്യേസറിന്റെ പ്രാർഥനാപൂർവമായ ശ്രമത്തെ യഹോവ അനുഗ്രഹിച്ചു. എങ്കിലും, അബ്രാഹാമിലൂടെ ഒരു സന്തതിയെ ഉളവാക്കുമെന്നുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തോട് യിസ്ഹാക്കിന്റെ വിവാഹം നേരിട്ടു ബന്ധപ്പെട്ടിരുന്നതായി ഓർമിക്കുക. അതുകൊണ്ട്, ഒരിണയ്ക്കു വേണ്ടി പ്രാർഥിക്കുന്ന ഏവർക്കും അത്ഭുതകരമായ വിധത്തിൽ ഇണയെ ലഭിക്കുമെന്നു നിഗമനം ചെയ്യാൻ ഈ വൃത്താന്തം കാരണമാകരുത്. എങ്കിലും, നാം യഹോവയുടെ തത്ത്വങ്ങളോടു പറ്റിനിൽക്കുകയാണെങ്കിൽ വിവാഹജീവിതത്തിന്റെയോ ഏകാകിത്വത്തിന്റെയോ വെല്ലുവിളികളെ സഹിച്ചുനിൽക്കുന്നതിനുള്ള ശക്തി അവൻ നമുക്കു തരും.—1 കൊരിന്ത്യർ 7:8, 9, 28; ഫിലിപ്പിയർ 4:11-13 താരതമ്യം ചെയ്യുക.
യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നതിന് എല്യേസർ നല്ല ശ്രമം ചെലുത്തേണ്ടതുണ്ടായിരുന്നു. യഹോവയുടെ നിലവാരങ്ങളുമായി അനുരൂപപ്പെടുന്നത് എല്ലായ്പോഴും എളുപ്പമല്ലെന്നു നാമും മനസ്സിലാക്കിയേക്കാം. ഉദാഹരണത്തിന്, ദിവ്യാധിപത്യ പ്രവർത്തനത്തിനു വിഘ്നം സൃഷ്ടിക്കാത്ത ഒരു ജോലി, ദൈവഭയമുള്ള ഒരിണ, പരിപുഷ്ടിപ്പെടുത്തുന്ന സ്നേഹിതർ, അധമമല്ലാത്ത വിനോദം എന്നിവ കണ്ടെത്തുക ദുഷ്കരമായിരിക്കാം. (മത്തായി 6:33; 1 കൊരിന്ത്യർ 7:39; 15:33; എഫെസ്യർ 4:17-19) എന്നിരുന്നാലും, ബൈബിൾ തത്ത്വങ്ങൾക്കു വിട്ടുവീഴ്ച വരുത്താൻ വിസമ്മതിക്കുന്നവരെ നിലനിർത്താൻ യഹോവയ്ക്കു കഴിയും. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാ വഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും” എന്നതാണു ബൈബിളിന്റെ വാഗ്ദത്തം.—സദൃശവാക്യങ്ങൾ 3:5, 6.
[അടിക്കുറിപ്പുകൾ]
a ഒട്ടകങ്ങളുടെ ശരാശരി വേഗത പരിഗണിക്കുമ്പോൾ, ആ യാത്ര പൂർത്തിയാക്കാൻ 25 ദിവസത്തിലധികം എടുത്തിരിക്കാം.