ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മാർച്ച് 2-8
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 22–23
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 853 ¶5-6
മുന്നറിവ്, മുൻനിർണയം
മുൻകൂട്ടി കാണുന്നതിനുള്ള കഴിവ് ദൈവം എങ്ങനെയാണ് ഉപയോഗിക്കുന്നത്? ദൈവം എല്ലാ കാര്യങ്ങളും മുൻകൂട്ടി കാണുന്നെന്നും എല്ലാവരുടെയും ഭാവി തീരുമാനിച്ചുവെച്ചിട്ടുണ്ടെന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ ശരിക്കും ദൈവം, ഏതെല്ലാം കാര്യങ്ങൾ മുൻകൂട്ടി കാണണമെന്നു വിവേചനയോടെ തീരുമാനിക്കുകയാണു ചെയ്യുന്നത്. ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കും ദൈവത്തിന്റെ വ്യക്തിത്വത്തിനും ചേർച്ചയിലാണ് ദൈവം ഇതു ചെയ്യുന്നത്. ദൈവം എല്ലാം മുൻകൂട്ടി കാണുന്നില്ല എന്നു തെളിയിക്കുന്ന പല വിവരണങ്ങളും ബൈബിളിലുണ്ട്, ഓരോ സന്ദർഭത്തിലും അപ്പോഴുള്ള സാഹചര്യം പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്തതിനെക്കുറിച്ചുള്ള വിവരണങ്ങൾ.
അതിലൊന്നാണ് ഉൽപത്തി 11:5-8-ലെ സംഭവം. ദൈവം ഭൂമിയിലേക്കു ശ്രദ്ധ തിരിച്ച് ബാബേലിലെ സാഹചര്യം പരിശോധിക്കുകയും അതിനു ശേഷം അവിടെ നടന്ന നിർമാണപദ്ധതി നിറുത്തിക്കളയാനുള്ള തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇനി, സൊദോമിലും ഗൊമോറയിലും ദുഷ്ടത പെരുകാൻ തുടങ്ങിയപ്പോൾ (ദൂതന്മാരെ അയച്ച്) അവിടത്തെ സാഹചര്യം വിലയിരുത്താൻ പോകുകയാണെന്ന് യഹോവ അബ്രാഹാമിനോടു പറഞ്ഞു. “എന്റെ അടുത്ത് എത്തിയ മുറവിളിപോലെയാണോ അവർ പ്രവർത്തിക്കുന്നതെന്ന് അറിയാൻ ഞാൻ ഇറങ്ങിച്ചെല്ലും. അങ്ങനെയല്ലെങ്കിൽ എനിക്ക് അത് അറിയാൻ കഴിയുമല്ലോ” എന്നാണു ദൈവം പറഞ്ഞത്. (ഉൽ 18:20-22; 19:1) പിന്നീട് അബ്രാഹാം യിസ്ഹാക്കിനെ യാഗം അർപ്പിക്കാൻ തുനിഞ്ഞപ്പോൾ യഹോവ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: “നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാഞ്ഞതിനാൽ നീ ദൈവഭയമുള്ളവനാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി.”—ഉൽ 22:11, 12; നെഹ 9:7, 8 താരതമ്യം ചെയ്യുക; ഗല 4:9.
വയൽസേവനത്തിനു സജ്ജരാകാം
it-1-E 604 ¶5
നീതിമാന്മാരായി പ്രഖ്യാപിക്കുന്നു
ക്രിസ്തുവിന്റെ മരണത്തിനു മുമ്പ് അബ്രാഹാമിനെ എങ്ങനെയാണു നീതിമാനായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്?
അബ്രാഹാമിന്റെ വിശ്വാസത്തിന്റെയും വിശ്വാസത്തിനു ചേർന്ന പ്രവൃത്തികളുടെയും അടിസ്ഥാനത്തിലാണ് ‘അബ്രാഹാമിനെ നീതിമാനായി കണക്കാക്കിയത്.’ (റോമ 4:20-22) അബ്രാഹാമും ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തരായ മറ്റുള്ളവരും പാപമില്ലാത്ത പൂർണമനുഷ്യരായിരുന്നു എന്നല്ല ഇതിന് അർഥം. എന്നാൽ, സന്തതിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചതുകൊണ്ടും ദൈവത്തിന്റെ കല്പനകൾ അനുസരിക്കാൻ നല്ല ശ്രമം ചെയ്തതുകൊണ്ടും ദൈവം അവരെ മറ്റു മനുഷ്യരെപ്പോലെ നീതികെട്ടവരായി കണക്കാക്കിയില്ല. (ഉൽ 3:15; സങ്ക 119:2, 3) ദൈവത്തിൽനിന്ന് അകന്നുപോയ മനുഷ്യവർഗത്തോടുള്ള താരതമ്യത്തിൽ യഹോവ സ്നേഹപൂർവം അവരെ കുറ്റമറ്റവരായി കണക്കാക്കി. (സങ്ക 32:1, 2; എഫ 2:12) അങ്ങനെ, അവർക്കു വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ദൈവത്തിന് ആ അപൂർണമനുഷ്യരുമായി ഇടപെടാനും അവരെ അനുഗ്രഹിക്കാനും കഴിയുമായിരുന്നു. അതേസമയം തന്റെ നീതിയുള്ള നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായും വന്നില്ല. (സങ്ക 36:10) എന്നാൽ തങ്ങൾക്കു പാപത്തിൽനിന്ന് വിടുതൽ ആവശ്യമാണെന്ന് ആ വിശ്വസ്തമനുഷ്യർ തിരിച്ചറിഞ്ഞു. ദൈവം വിടുവിക്കുന്ന സമയത്തിനായി അവർ കാത്തിരിക്കുകയും ചെയ്തു.—സങ്ക 49:7-9; എബ്ര 9:26.
മാർച്ച് 9-15
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 24
“യിസ്ഹാക്കിന് ഒരു ഭാര്യ”
wp16.3-E 14 ¶3
“പോകാൻ ഞാൻ തയ്യാറാണ്”
കനാനിലെ സ്ത്രീകളിൽനിന്ന് തന്റെ മകനായ യിസ്ഹാക്കിന് ഒരു ഭാര്യയെ തിരഞ്ഞെടുക്കില്ലെന്ന് എലീയേസെരിനെക്കൊണ്ട് അബ്രാഹാം സത്യം ചെയ്യിച്ചു. എന്തുകൊണ്ട്? കനാന്യർ ദൈവമായ യഹോവയെ ബഹുമാനിക്കുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. അവരുടെ മോശമായ പ്രവൃത്തികൾക്ക് യഹോവ അവരെ ശിക്ഷിക്കാൻ പോകുകയാണെന്ന് അബ്രാഹാമിന് അറിയാമായിരുന്നു. തന്റെ പ്രിയപുത്രനായ യിസ്ഹാക്ക് അവരോടു കൂടുതൽ അടുക്കാനും അവരുടെ അധാർമികപ്രവൃത്തികൾ ചെയ്യാനും അബ്രാഹാം ആഗ്രഹിച്ചില്ല. ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുന്നതിൽ യിസ്ഹാക്കിന് ഒരു വലിയ പങ്കുണ്ടെന്നും അബ്രാഹാമിന് അറിയാമായിരുന്നു.—ഉൽ 15:16; 17:19; 24:2-4.
wp16.3-E 14 ¶4
“പോകാൻ ഞാൻ തയ്യാറാണ്”
ഹാരാനിലെ കിണറ്റിൻകരയിൽ വന്നപ്പോൾ താൻ യഹോവയോടു പ്രാർഥിച്ചെന്ന് എലീയേസെർ തന്റെ ആതിഥേയരോടു പറഞ്ഞു. എലീയേസെർ പ്രാർഥിച്ചത്, യിസ്ഹാക്ക് വിവാഹം കഴിക്കേണ്ട യുവതിയെ യഹോവ തിരഞ്ഞെടുക്കണമെന്നാണ്. എങ്ങനെ? യിസ്ഹാക്ക് വിവാഹം ചെയ്യാൻ ദൈവം ആഗ്രഹിക്കുന്ന യുവതി കിണറ്റിൻകരയിൽ വരാൻ ഇടയാക്കേണമേയെന്ന് അദ്ദേഹം ദൈവത്തോട് അപേക്ഷിച്ചു. കുടിക്കാൻ വെള്ളം ചോദിക്കുമ്പോൾ എലീയേസെരിനു മാത്രമല്ല, കൂടെയുള്ള ഒട്ടകങ്ങൾക്കും അവൾ വെള്ളം കൊടുക്കണമായിരുന്നു. (ഉൽ 24:12-14) ആരാണ് അപ്പോൾ കിണറ്റിൻകരയിൽ വരുകയും പറഞ്ഞതുപോലെയെല്ലാം കൃത്യമായി ചെയ്യുകയും ചെയ്തത്? റിബെക്ക! തന്റെ കുടുംബാംഗങ്ങളോട് എലീയേസെർ ഈ കഥ പറഞ്ഞപ്പോൾ റിബെക്ക അതു കേട്ടെങ്കിൽ റിബെക്കയ്ക്ക് എന്തു തോന്നിക്കാണുമെന്നു സങ്കൽപ്പിക്കുക!
wp16.3-E 14 ¶6-7
“പോകാൻ ഞാൻ തയ്യാറാണ്”
യാത്ര തിരിക്കുന്നതിനു മുമ്പ് എലീയേസെർ അബ്രാഹാമിനോട് ഇങ്ങനെ ചോദിച്ചിരുന്നു: “എന്നോടൊപ്പം വരാൻ പെൺകുട്ടി തയ്യാറല്ലെങ്കിലോ?” അപ്പോൾ അബ്രാഹാം ഇങ്ങനെ പറഞ്ഞു: ‘എങ്കിൽ എന്നോടു ചെയ്ത ആണയിൽനിന്ന് നീ ഒഴിവുള്ളവനായിരിക്കും.’ (ഉൽപത്തി 24:39, 41) ബഥൂവേലിന്റെ വീട്ടിലും പെൺകുട്ടിയുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുത്തു. തന്റെ യാത്രയുടെ ഉദ്ദേശ്യം സഫലമായിക്കാണാൻ എലീയേസെർ അതിയായി ആഗ്രഹിച്ചതുകൊണ്ട് അടുത്ത ദിവസംതന്നെ റിബെക്കയെയുംകൂട്ടി കനാനിലേക്കു മടങ്ങിപ്പോകാൻ റിബെക്കയുടെ വീട്ടുകാരോട് അദ്ദേഹം അനുവാദം ചോദിച്ചു. പക്ഷേ കുറഞ്ഞത് പത്തു ദിവസം കൂടെയെങ്കിലും റിബെക്ക തങ്ങളുടെകൂടെ നിൽക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഒടുവിൽ, “നമുക്ക് അവളെ വിളിച്ച് അവളോടു ചോദിക്കാം” എന്ന് അവർ തീരുമാനിച്ചു.—ഉൽപത്തി 24:57.
റിബെക്ക ഇപ്പോൾ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കണമായിരുന്നു, റിബെക്കയുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു തീരുമാനം. റിബെക്ക ഇപ്പോൾ എന്തു പറയും? പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് തന്നെ അയയ്ക്കരുതേ എന്ന് അപേക്ഷിച്ചുകൊണ്ട് പിതാവിന്റെയും സഹോദരന്റെയും സഹതാപം പിടിച്ചുപറ്റാൻ റിബെക്ക ശ്രമിക്കുമോ? അതോ യഹോവ വഴി നയിക്കുന്ന സംഭവങ്ങളുടെ ഭാഗമാകുന്നത് ഒരു പദവിയായി അവൾ കാണുമോ? പെട്ടെന്നുതന്നെ തന്റെ ജീവിതത്തിലുണ്ടാകാൻപോകുന്ന മാറ്റത്തെക്കുറിച്ച് റിബെക്ക ചിന്തിച്ചത് എന്താണെന്നു റിബെക്കയുടെ ഉത്തരത്തിൽനിന്ന് നമുക്കു മനസ്സിലാക്കാം. റിബെക്ക പറഞ്ഞു: “പോകാൻ ഞാൻ തയ്യാറാണ്.”—ഉൽപത്തി 24:58.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
wp16.3-E 12-13
“പോകാൻ ഞാൻ തയ്യാറാണ്”
ഒരു ദിവസം വൈകുന്നേരം കുടത്തിൽ വെള്ളം നിറച്ച് കഴിഞ്ഞപ്പോൾ പ്രായമുള്ള ഒരാൾ ഓടി റിബെക്കയുടെ അടുത്ത് വന്നിട്ട് ഇങ്ങനെ ചോദിച്ചു: “കുടത്തിൽനിന്ന് എനിക്കു കുറച്ച് വെള്ളം കുടിക്കാൻ തരുമോ?” അൽപ്പം വെള്ളത്തിനുവേണ്ടിയുള്ള ആ മനുഷ്യന്റെ യാചന റിബെക്കയെ സ്പർശിച്ചു. ആ മനുഷ്യൻ കുറെ ദൂരം യാത്ര ചെയ്തുവന്നതാണെന്നു റിബെക്കയ്ക്കു മനസ്സിലായി. അതുകൊണ്ട് റിബെക്ക തോളിൽനിന്ന് കുടം കൈയിലിറക്കി അയാൾക്കു വേണ്ടുവോളം കുടിക്കാൻ കൊടുത്തു. അയാൾക്കു പത്ത് ഒട്ടകങ്ങളുണ്ടെന്നും അവയ്ക്കു കുടിക്കാൻ തൊട്ടിയിൽ വെള്ളമില്ലെന്നും റിബെക്ക ശ്രദ്ധിച്ചു. അയാളുടെ കണ്ണുകൾ സഹായത്തിനായി തന്നോട് അപേക്ഷിക്കുന്നതുപോലെ റിബെക്കയ്ക്കു തോന്നി. കഴിയുന്നതുപോലെ സഹായിക്കാൻ റിബെക്ക ആഗ്രഹിച്ചു. അതുകൊണ്ട് റിബെക്ക പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വേണ്ടുവോളം വെള്ളം കോരിക്കൊടുക്കാം.”—ഉൽപത്തി 24:17-19.
ഒട്ടകങ്ങൾക്കു ‘കുറച്ച് വെള്ളം’ കൊടുക്കാമെന്നല്ല, ‘വേണ്ടുവോളം വെള്ളം’ കൊടുക്കാമെന്നാണു റിബെക്ക പറഞ്ഞതെന്നു ശ്രദ്ധിക്കുക. നല്ല ദാഹമുള്ള ഒരു ഒട്ടകം ഒറ്റയടിക്ക് 95 ലിറ്റർവരെ വെള്ളം കുടിക്കും! പത്ത് ഒട്ടകങ്ങൾക്കും അത്രയും ദാഹമുണ്ടായിരുന്നെങ്കിൽ, അവയ്ക്കെല്ലാം വെള്ളം കൊടുക്കാൻ റിബെക്ക മണിക്കൂറുകളോളം അധ്വാനിക്കേണ്ടിവന്നേനേ. പിന്നീട് നടന്ന സംഭവങ്ങളിൽനിന്ന് കാണാൻ കഴിയുന്നത്, ആ ഒട്ടകങ്ങൾക്കു വലിയ ദാഹമില്ലായിരുന്നു എന്നാണ്.* പക്ഷേ ഒട്ടകങ്ങൾക്കു വെള്ളം കൊടുക്കാമെന്നു പറഞ്ഞപ്പോൾ റിബെക്കയ്ക്ക് അത് അറിയാമായിരുന്നോ? ഇല്ല. പ്രായമുള്ള ഈ അപരിചിതനോട് ആതിഥ്യമര്യാദ കാണിക്കുന്നതിന് എന്തു ചെയ്യാനും റിബെക്ക തയ്യാറായിരുന്നു, അതിനായി ആഗ്രഹിക്കുകപോലും ചെയ്തു. എലീയേസെർ റിബെക്കയുടെ സഹായം സ്വീകരിച്ചു. റിബെക്ക കുടത്തിൽ വീണ്ടുംവീണ്ടും വെള്ളം നിറച്ചുകൊണ്ടുവന്ന് തൊട്ടിയിലേക്ക് ഒഴിക്കുന്നത് എലീയേസെർ നോക്കിനിന്നു.—ഉൽപത്തി 24:20, 21.
wp16.3-E 13, അടിക്കുറിപ്പ്
“പോകാൻ ഞാൻ തയ്യാറാണ്”
റിബെക്ക വെള്ളം കോരാൻ വന്നപ്പോൾ സന്ധ്യയാകാറായിരുന്നു. കിണറ്റിൻകരയിൽ റിബെക്ക ഒത്തിരി സമയം നിന്നെന്നു വിവരണം സൂചിപ്പിക്കുന്നില്ല. കാരണം റിബെക്ക തിരിച്ച് ചെന്നപ്പോൾ വീട്ടിലുള്ളവരെല്ലാം ഉറങ്ങിയെന്നോ റിബെക്കയെ അന്വേഷിച്ച് ആരെങ്കിലും കിണറ്റിൻകരയിൽ വന്നന്നോ ബൈബിൾ പറയുന്നില്ല.
wp16.3-E 15 ¶3
“പോകാൻ ഞാൻ തയ്യാറാണ്”
ആ യാത്രാസംഘം നെഗെബ് ദേശത്തുകൂടെ സഞ്ചരിക്കുകയായിരുന്നു. ഇരുട്ടു പരക്കാറായിരുന്നു. അപ്പോൾ ഒരു മനുഷ്യൻ വെളിമ്പ്രദേശത്തുകൂടി നടക്കുന്നതു റിബെക്ക കണ്ടു. അദ്ദേഹം ധ്യാനനിരതനായിരുന്നു. “ഉടൻ റിബെക്ക ഒട്ടകപ്പുറത്തുനിന്ന് താഴെ ഇറങ്ങി.” (ഒരുപക്ഷേ ഒട്ടകം താഴ്ന്നുതരാൻപോലും റിബെക്ക കാത്തുനിന്നുകാണില്ല.) എന്നിട്ട് “നമ്മളെ സ്വീകരിക്കാൻ വെളിമ്പ്രദേശത്തുകൂടി നടന്നുവരുന്ന അയാൾ ആരാണ്” എന്ന് എലീയേസെരിനോടു ചോദിച്ചു. അതു യിസ്ഹാക്കാണെന്നു മനസ്സിലാക്കിയപ്പോൾ റിബെക്ക തന്റെ തല മൂടി. (ഉൽപത്തി 24:62-65) എന്തുകൊണ്ട്? തന്റെ ഭർത്താവാകാൻപോകുന്നയാളോടുള്ള ബഹുമാനം കാണിക്കാനായിരുന്നു അത്. അത്തരം കീഴ്പെടൽ ഒരു പഴഞ്ചൻ ഏർപ്പാടായി ഇന്നു പലർക്കും തോന്നിയേക്കാം. പക്ഷേ സ്ത്രീകൾക്കും അതുപോലെ പുരുഷന്മാർക്കും റിബെക്കയുടെ താഴ്മയിൽനിന്ന് പലതും പഠിക്കാനുണ്ട് എന്നതാണു വാസ്തവം. കാരണം താഴ്മ എന്ന മനോഹരമായ ഗുണത്തിന്റെ കാര്യത്തിൽ ഇനിയും മെച്ചപ്പെടാനില്ല എന്ന് ആർക്കെങ്കിലും പറയാനാകുമോ?
മാർച്ച് 16-22
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 25-26
“ഏശാവ് ജന്മാവകാശം വിൽക്കുന്നു”
it-1-E 1242
യാക്കോബ്
അപ്പന്റെ ഇഷ്ടപുത്രനായിരുന്നു ഏശാവ്. ഏശാവ് ഒരു വേട്ടക്കാരനായിരുന്നു. വേട്ടയാടി, അലഞ്ഞ് തിരിഞ്ഞ് നടക്കാനായിരുന്നു അയാൾക്ക് ഇഷ്ടം. യാക്കോബ് അതുപോലെയല്ലായിരുന്നു. “യാക്കോബ് കുറ്റമറ്റവനായിരുന്നു (എബ്രായയിൽ, താം). യാക്കോബ് കൂടാരങ്ങളിൽ താമസിച്ചു” എന്നു ബൈബിൾ പറയുന്നു. യാക്കോബ് ശാന്തസ്വഭാവമുള്ളവനായിരുന്നു. വീട്ടുകാര്യങ്ങളൊക്കെ വിശ്വസ്തതയോടെ ചെയ്ത് ആടുകളെ മേയ്ച്ച് ജീവിച്ചിരുന്ന യാക്കോബിനെയായിരുന്നു അമ്മയ്ക്ക് ഏറെ ഇഷ്ടം. (ഉൽ 25:27, 28, അടിക്കുറിപ്പ്) ദൈവാംഗീകാരമുള്ളവരെ കുറിക്കാനായി താം എന്ന എബ്രായ പദം മറ്റിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ‘രക്തദാഹികൾ നിരപരാധികളെയെല്ലാം വെറുക്കുന്നെങ്കിലും’ “(കുറ്റമില്ലാത്ത) മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും” എന്ന് യഹോവ ഉറപ്പു കൊടുക്കുന്നു. (സുഭ 29:10; സങ്ക 37:37) ദൈവത്തോട് എന്നും വിശ്വസ്തനായിരുന്ന ഇയ്യോബ് “നേരുള്ളവനും നിഷ്കളങ്കനും (എബ്രായയിൽ താം) ആയിരുന്നു.”—ഇയ്യ 1:1, 8; 2:3.
it-1-E 835
ആദ്യജാതൻ
ആദ്യകാലംമുതലേ മൂത്ത മകനു വീട്ടിൽ ആദരണീയമായ ഒരു സ്ഥാനമുണ്ടായിരുന്നു. അപ്പന്റെ കാലശേഷം കുടുംബകാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നത് മൂത്ത മകനായിരുന്നു. അപ്പന്റെ സ്വത്തിൽ ഇരട്ടി ഓഹരി മൂത്ത മകനു കിട്ടുമായിരുന്നു. (ആവ 21:17) ഒരിക്കൽ യോസേഫ് തന്റെ സഹോദരന്മാർക്ക് ഒരു വിരുന്ന് ഒരുക്കിയപ്പോൾ മൂത്ത മകന്റെ അവകാശം കണക്കിലെടുത്താണു രൂബേനെ ഇരുത്തിയത്. (ഉൽ 43:33) പക്ഷേ മക്കളുടെ പേര് പറയുമ്പോൾ ബൈബിൾ എപ്പോഴും ആദ്യം മൂത്ത മകന്റെ പേര് പറയാറില്ല. മിക്കപ്പോഴും പ്രമുഖരായ അല്ലെങ്കിൽ വിശ്വസ്തരായ മക്കളുടെ പേരാണ് ആദ്യം പറയുന്നത്.—ഉൽ 6:10; 1ദിന 1:28; ഉൽ 11:26, 32 താരതമ്യം ചെയ്യുക; ഉൽ 12:4.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 245 ¶6
നുണ
മറ്റുള്ളവർക്കു ദ്രോഹം ചെയ്യുന്ന നുണകൾ പറയുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നുണ്ട്. എന്നാൽ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ, അത് അറിയാൻ അർഹതയില്ലാത്ത ആളുകളോടു പറയണം എന്ന് ഇതിന് അർഥമില്ല. യേശുക്രിസ്തു ഈ ഉപദേശം തന്നു: “വിശുദ്ധമായതു നായ്ക്കൾക്ക് ഇട്ടുകൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുകയുമരുത്; അവ ആ മുത്തുകൾ ചവിട്ടിക്കളയുകയും തിരിഞ്ഞ് നിങ്ങളെ ആക്രമിക്കുകയും ചെയ്യാൻ ഇടയാകരുതല്ലോ.” (മത്ത 7:6) യേശുതന്നെ ഈ തത്ത്വം ബാധകമാക്കി. യേശു എപ്പോഴും ആളുകളോട് എല്ലാ വിവരങ്ങളും പറയുകയോ ചില ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം കൊടുക്കുകയോ ചെയ്തില്ല. അങ്ങനെ ചെയ്താൽ അനാവശ്യമായ പ്രശ്നങ്ങളുണ്ടാകുമെന്നു യേശുവിന് അറിയാമായിരുന്നു. (മത്ത 15:1-6; 21:23-27; യോഹ 7:3-10) ഇതേ കാരണത്താലാണ് അബ്രാഹാമും യിസ്ഹാക്കും രാഹാബും എലീശയും സത്യാരാധകരല്ലാത്തവരോടു കൃത്യമായ വിവരങ്ങൾ പറയുകയോ അവർക്ക് എല്ലാ വിവരങ്ങളും നൽകുകയോ ചെയ്യാതിരുന്നത്.—ഉൽ 12:10-19; 20-ാം അധ്യായം; 26:1-10; യോശ 2:1-6; യാക്ക 2:25; 2രാജ 6:11-23.
മാർച്ച് 23-29
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 27–28
“യാക്കോബ് അർഹിച്ച അനുഗ്രഹം യാക്കോബിനു കിട്ടി”
it-1-E 341 ¶6
അനുഗ്രഹം
ഗോത്രപിതാക്കന്മാരുടെ കാലത്ത്, മിക്കപ്പോഴും അപ്പൻ മരിക്കുന്നതിനു മുമ്പ് ആൺമക്കളെ അനുഗ്രഹിച്ചിരുന്നു. വളരെ പ്രധാനമായി കണ്ടിരുന്ന ഒരു കാര്യമായിരുന്നു അത്. അതിനു വലിയ വില കല്പിച്ചിരുന്നു. വൃദ്ധനായി കാഴ്ച തീരെ മങ്ങിയിരുന്ന യിസ്ഹാക്ക്, മൂത്ത മകൻ ഏശാവാണു തന്റെ മുന്നിൽ വന്നിരിക്കുന്നതെന്നു കരുതി യാക്കോബിന് അനുഗ്രഹം കൊടുത്തു. ഏശാവിനെ അനുഗ്രഹിക്കുന്നതിനു മുമ്പ്, പ്രീതിയും സമൃദ്ധിയും ലഭിക്കുമെന്നു പറഞ്ഞ് യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു. യാക്കോബിനു പ്രീതിയും സമൃദ്ധിയും കിട്ടേണമേ എന്ന് യഹോവയോടു പ്രാർഥിക്കുന്നതുപോലെയായിരുന്നു അത്. (ഉൽ 27:1-4, 23-29; 28:1, 6; എബ്ര 11:20; 12:16, 17) പിന്നെ, യിസ്ഹാക്ക് അറിഞ്ഞുകൊണ്ടുതന്നെ താൻ കൊടുത്ത അനുഗ്രഹം ഉറപ്പിക്കുകയും ആ അനുഗ്രഹത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു, (ഉൽ 28:1-4) മരിക്കുന്നതിനു മുമ്പ് യാക്കോബ്, യോസേഫിന്റെ രണ്ട് ആൺമക്കളെ അനുഗ്രഹിച്ചതിനു ശേഷമാണ് തന്റെ പുത്രന്മാരെ അനുഗ്രഹിച്ചത്. (ഉൽ 48:9, 20; 49:1-28; എബ്ര 11:21) സമാനമായി, മോശ തന്റെ മരണത്തിനു മുമ്പ് ഇസ്രായേൽ ജനതയെ അനുഗ്രഹിച്ചു. (ആവ 33:1) ഈ അവസരങ്ങളിലെല്ലാം, അവർ പ്രാവചനികമായി സംസാരിക്കുകയായിരുന്നു എന്നാണ് പിന്നീടുണ്ടായ സംഭവങ്ങൾ കാണിക്കുന്നത്. ചില സന്ദർഭങ്ങളിൽ, അനുഗ്രഹം നൽകുന്നയാൾ അതു സ്വീകരിക്കുന്നയാളുടെ തലയിൽ കൈ വെച്ചിരുന്നു.—ഉൽ 48:13, 14.
മാർച്ച് 30–ഏപ്രിൽ 5
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 29-30
“യാക്കോബ് വിവാഹം കഴിക്കുന്നു”
it-2-E 341 ¶3
വിവാഹം
ചടങ്ങ്. ഇസ്രായേലിൽ വിവാഹത്തിനു പ്രത്യേകിച്ച് ഔദ്യോഗികമായ ചടങ്ങുകളൊന്നും ഇല്ലായിരുന്നെങ്കിലും സന്തോഷത്തിന്റെ അവസരങ്ങളായിരുന്നു അവ. വിവാഹദിവസം വധു തന്റെ വീട്ടിൽവെച്ച് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ആദ്യം, കുളിച്ച് സുഗന്ധതൈലം പൂശും. (രൂത്ത് 3:3 താരതമ്യം ചെയ്യുക; യഹ 23:40) പിന്നെ തോഴിമാരുടെ സഹായത്തോടെ ചിത്രപ്പണി ചെയ്ത ഒരു വെള്ളവസ്ത്രം ധരിച്ച്, മാറിൽ അലങ്കാരക്കച്ചകൾ കെട്ടും. (യിര 2:32; വെളി 19:7, 8; സങ്ക 45:13, 14) ഇനി ചിലപ്പോൾ അവൾ ആഭരണങ്ങളും അണിയുമായിരുന്നു. (യശ 49:18; 61:10; വെളി 21:2) വീട്ടിലെ സാമ്പത്തികസ്ഥിതിക്ക് അനുസരിച്ചായിരിക്കും ഒരുക്കങ്ങൾ. ഇനി, തല മുതൽ പാദം വരെ അവൾ ഒരു നേർത്ത മൂടുപടവും ധരിച്ചിരുന്നു. (യശ 3:19, 23) അതുകൊണ്ടാണു ലാബാനു വളരെ എളുപ്പത്തിൽ യാക്കോബിനെ പറ്റിക്കാൻ കഴിഞ്ഞത്. മൂടുപടം ധരിച്ചിരുന്നതുകൊണ്ട് റാഹേലിനു പകരം ലേയയെയാണു ലാബാൻ തന്നതെന്നു യാക്കോബിനു മനസ്സിലായില്ല. (ഉൽ 29:23, 25) സമാനമായി, യിസ്ഹാക്കിനെ ആദ്യം കണ്ടപ്പോൾ റിബെക്കയും മൂടുപടം എടുത്ത് തല മൂടി. (ഉൽ 24:65) ഭർത്താവിന്റെ അധികാരത്തിനു കീഴ്പെടുന്നെന്നു കാണിക്കാനായിരുന്നു ഇത്.—1കൊ 11:5, 10.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 50
ദത്തെടുക്കൽ
തങ്ങളുടെ ദാസിമാരിലൂടെ യാക്കോബിനുണ്ടായ മക്കളെ തങ്ങളുടെ ‘മടിയിൽ പ്രസവിച്ച’ സ്വന്തം മക്കളായാണു റാഹേലും ലേയയും കണ്ടത്. (ഉൽ 30:3-8, 12, 13, 24) ദാസിമാരുടെ മക്കൾക്ക്, യാക്കോബ് നിയമപരമായി വിവാഹം കഴിച്ചവരുടെ മക്കൾക്കുള്ള അതേ അവകാശമുണ്ടായിരുന്നു. ആ മക്കൾ ഒരു തരത്തിലും ജാരസന്തതികളായിരുന്നില്ല. ദാസിമാർ ഭാര്യമാരുടെ സ്വത്തായിരുന്നതുകൊണ്ട്, റാഹേലിനും ലേയയ്ക്കും ആ മക്കളുടെ പേരിലും സ്വത്തിന് അവകാശമുണ്ടായിരുന്നു.