ഭൂമിയിൽ ദൈവേഷ്ടം നിറവേറുമ്പോൾ
“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ”എന്നുപ്രാർഥിക്കാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ സ്വർഗത്തിൽ പിതാവിനോടൊപ്പം കഴിഞ്ഞിട്ടുള്ള വ്യക്തി എന്ന നിലയിൽ സംസാരിക്കുകയായിരുന്നു യേശു.(മത്തായി 6:10; യോഹന്നാൻ 1:18; 3:13; 8:42)യേശുവിന് ഒരു മനുഷ്യപൂർവഅസ്തിത്വം ഉണ്ടായിരുന്നു. അന്ന് സ്വർഗത്തിലും ഭൂമിയിലും എല്ലാം ദൈവേഷ്ടമനുസരിച്ചു സംഭവിച്ചിരുന്നു. അത് കൃതാർഥതയുടെയും സംതൃപ്തിയുടെയും സന്തുഷ്ട കാലയളവ് ആയിരുന്നു.—സദൃശവാക്യങ്ങൾ 8:27-31.
ദൈവത്തിന്റെ ആദ്യ സൃഷ്ടികൾ ‘അവന്റെ ആജ്ഞ അനുസരിക്കുന്ന, വീരന്മാരായ’ ആത്മജീവികൾ ആയിരുന്നു. അന്നും ഇന്നും ഈ ദൂതന്മാർ ‘അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷകരാണ്.’ (സങ്കീർത്തനം 103:20, 21) അവർക്ക് ഓരോരുത്തർക്കും സ്വന്ത ഇഷ്ടവും ഇച്ഛാസ്വാതന്ത്ര്യവും ഉണ്ടായിരുന്നോ? ഉവ്വ്, ഭൂമിയെ സൃഷ്ടിച്ചപ്പോൾ ‘ദൈവപുത്രന്മാരെല്ലാം സന്തോഷിച്ച് ആർത്തു.’ (ഇയ്യോബ് 38:6) അവരുടെ ആർപ്പുവിളി ദൈവേഷ്ടത്തിൽ അവർക്കു വ്യക്തിപരമായി ഉണ്ടായിരുന്ന സന്തോഷത്തിന്റെ പ്രതിഫലനമായിരുന്നു. തങ്ങളുടെ താത്പര്യങ്ങളെ അവർ ദൈവേഷ്ടത്തോട് അനുരൂപപ്പെടുത്തി.
ഭൂമിയെ സൃഷ്ടിച്ച്, അതിനെ മനുഷ്യവാസത്തിനായി ഒരുക്കിയതിനുശേഷം ദൈവം ആദ്യ മനുഷ്യജോഡിയെ സൃഷ്ടിച്ചു. (ഉല്പത്തി 1-ാം അധ്യായം) അതും സന്തോഷിച്ചാർക്കുന്നതിനുള്ള കാരണമായിരുന്നോ? നിശ്വസ്ത വിവരണം പറയുന്നു: അനന്തരം “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” ഉവ്വ്, പിഴവറ്റതും പൂർണവും തന്നെ.—ഉല്പത്തി 1:31.
നമ്മുടെ ആദ്യമാതാപിതാക്കളെയും അവരുടെ സന്തതികളെയും സംബന്ധിച്ച ദൈവേഷ്ടം എന്തായിരുന്നു? ഉല്പത്തി 1:28 അനുസരിച്ച് അതും ഉത്കൃഷ്ടമായ ഒന്നായിരുന്നു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” ആ അത്ഭുതകരമായ നിയോഗം നിറവേറ്റുന്നതിന് നമ്മുടെ ആദ്യമാതാപിതാക്കളും അവരുടെ സന്തതികളും എന്നേക്കും ജീവിക്കേണ്ടത് ആവശ്യമായിരുന്നു. ദുരന്തങ്ങൾ, അനീതി, ഹൃദയവേദന, മരണം എന്നിവയ്ക്കൊന്നും യാതൊരു കാരണവും ഇല്ലായിരുന്നു.
സ്വർഗത്തിലും ഭൂമിയിലും ദൈവേഷ്ടം ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. ദൈവേഷ്ടം ചെയ്തിരുന്നവരെല്ലാം അത്യാനന്ദം ആസ്വദിച്ചിരുന്നു. പിന്നെ എവിടെയാണു തെറ്റുപറ്റിയത്?
ദൈവേഷ്ടത്തിനെതിരെ അപ്രതീക്ഷിതമായ ഒരു വെല്ലുവിളി ഉയർന്നുവന്നു. അപരിഹാര്യമായ ഒന്ന് ആയിരുന്നില്ലെങ്കിലും അത് മനുഷ്യരാശിയെ കുറിച്ചുള്ള ദൈവേഷ്ടം സംബന്ധിച്ചു വലിയ ചിന്താക്കുഴപ്പം സൃഷ്ടിച്ച, ഹൃദയവേദനയുടെയും ദുരിതത്തിന്റെയും ഒരു ദീർഘ കാലയളവിനു നാന്ദി കുറിച്ചു. നാമെല്ലാം അതിന് ഇരയായിരിക്കുന്നു. എന്തായിരുന്നു ആ വെല്ലുവിളി?
ദൈവേഷ്ടം—മത്സരത്തിന്റെ കാലയളവിൽ
മനുഷ്യനെ സംബന്ധിച്ച ദൈവേഷ്ടത്തിൽ കൈകടത്താനുള്ള സാധ്യത ദൈവത്തിന്റെ ആത്മപുത്രന്മാരിൽ ഒരാൾ നിരീക്ഷിച്ചു, സ്വാർഥ നേട്ടത്തിനുള്ള ആഗ്രഹമായിരുന്നു അവന്റെ പദ്ധതിക്കു പിന്നിൽ. ചിന്തിക്കുന്തോറും ആ ആത്മജീവിക്ക് അത് കൂടുതൽ സാധ്യവും ആകർഷകവുമായി തോന്നി. (യാക്കോബ് 1:14, 15) ആദ്യ മനുഷ്യജോഡി ദൈവത്തെക്കാൾ തന്നെ അനുസരിക്കുമെങ്കിൽ ഒരു എതിർ പരമാധികാരത്തെ അംഗീകരിക്കാൻ ദൈവം നിർബന്ധിതനായിത്തീരുമെന്ന് അവൻ കണക്കുകൂട്ടിയിരിക്കണം. അവരെ വധിച്ചാൽ ദൈവോദ്ദേശ്യം പരാജയപ്പെടും എന്നതിനാൽ ദൈവം അതിനു തുനിയില്ലെന്നും അവൻ ചിന്തിച്ചിരിക്കാം. മറിച്ച്, തന്റെ മനുഷ്യസൃഷ്ടി ആരെ അനുസരിക്കുന്നുവോ ആ ആത്മപുത്രന്റെ സ്ഥാനം അംഗീകരിച്ചുകൊണ്ട് ദൈവം തന്റെ ഉദ്ദേശ്യം പരിഷ്കരിക്കേണ്ടിവരുമെന്ന് അവൻ ന്യായവാദം ചെയ്തിരിക്കണം. തന്റെ പ്രവൃത്തിക്കു ചേർച്ചയിൽ ആ മത്സരി പിന്നീട് എതിരാളി എന്നർഥമുള്ള സാത്താൻ എന്നു വിളിക്കപ്പെട്ടു.—ഇയ്യോബ് 1:6.
തന്റെ പദ്ധതി നടപ്പിലാക്കാനായി സാത്താൻ സ്ത്രീയെ സമീപിച്ചു. ‘നിങ്ങൾ മരിക്കയില്ല നിശ്ചയം . . . നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകും’ എന്നു പറഞ്ഞുകൊണ്ട് ദൈവേഷ്ടം അവഗണിക്കാനും ധാർമികമായി സ്വതന്ത്രയായിത്തീരാനും അവൻ ഹവ്വായെ പ്രോത്സാഹിപ്പിച്ചു. (ഉല്പത്തി 3:1-5) കൂടുതൽ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന മെച്ചപ്പെട്ട ഒരു ജീവിതഗതി എന്നു വിചാരിച്ചുകൊണ്ട് ഹവ്വാ അതു സ്വീകരിക്കുകയും ചെയ്തു. പിന്നീട്, തന്നോടൊപ്പം ചേരാൻ അവൾ ഭർത്താവിനെ പ്രേരിപ്പിച്ചു.—ഉല്പത്തി 3:6.
അതായിരുന്നില്ല അവരെ സംബന്ധിച്ച ദൈവേഷ്ടം. അവർ പ്രവർത്തിച്ചത് സ്വന്ത ഇഷ്ടം അനുസരിച്ചാണ്. അതു ദുരന്തപൂർണമായ പരിണതഫലങ്ങൾ കൈവരുത്തുമായിരുന്നു. അത്തരമൊരു ഗതി അവരെ മരണത്തിലേക്കു നയിക്കുമെന്നു ദൈവം മുന്നറിയിപ്പു കൊടുത്തിരുന്നു. (ഉല്പത്തി 3:3) ദൈവത്തിൽനിന്നു സ്വതന്ത്രരായി വിജയകരമായ ജീവിതം നയിക്കാനല്ല അവർ സൃഷ്ടിക്കപ്പെട്ടത്. (യിരെമ്യാവു 10:23) അതിനുപുറമേ, അവർ അപൂർണരായിത്തീരുകയും അപൂർണതയും മരണവും തങ്ങളുടെ സന്തതികളിലേക്കു കൈമാറുകയും ചെയ്യുമായിരുന്നു. (റോമർ 5:12) സാത്താന് ഈ ദുഷ്ഫലങ്ങൾ ഇല്ലായ്മ ചെയ്യാൻ കഴിയുമായിരുന്നില്ല.
ഈ സംഭവവികാസങ്ങൾ മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം അഥവാ ഇഷ്ടം എന്നെന്നേക്കുമായി മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നോ? ഒരിക്കലുമല്ല. (യെശയ്യാവു 55:9-11) എന്നാൽ അവ ഈ ചോദ്യങ്ങൾ ഉയർത്തി: സാത്താൻ അവകാശപ്പെട്ടതുപോലെ മനുഷ്യവർഗത്തിന് എന്നെങ്കിലും ‘നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകാൻ’ കഴിയുമോ? അതായത്, മതിയായ സമയം ലഭിച്ചാൽ ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും ശരിയും തെറ്റും, ഗുണവും ദോഷവും വ്യക്തിപരമായി നിർണയിക്കാൻ നമുക്കു കഴിയുമോ? ഏറ്റവും മികച്ച ഭരണകർത്താവ് എന്ന നിലയിൽ ദൈവം നമ്മുടെ സമ്പൂർണ അനുസരണം അർഹിക്കുന്നുണ്ടോ? അവന്റെ ഇഷ്ടം നാം പൂർണമായി അനുസരിക്കേണ്ടതുണ്ടോ? ഈ ചോദ്യങ്ങൾക്ക് നിങ്ങൾ എങ്ങനെ ഉത്തരം പറയും?
ബുദ്ധിയുള്ള സകല സൃഷ്ടികളുടെയും മുമ്പാകെ ഈ പ്രശ്നങ്ങൾക്കു തീർപ്പു കൽപ്പിക്കുന്നതിന് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ: സ്വാതന്ത്ര്യം കാംക്ഷിച്ചവർക്ക് അതു നൽകിക്കൊണ്ട് തങ്ങളുടെ വാദം തെളിയിക്കാനുള്ള അവസരം നൽകുക. കേവലം അവരെ കൊല്ലുന്നതുകൊണ്ട് ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നില്ല. മനുഷ്യവർഗത്തെ തൃപ്തികരമായ ഒരു കാലയളവോളം സ്വതന്ത്രരായി വിടുന്നത് പ്രശ്നപരിഹാരത്തിന് ഉതകുമായിരുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തിൽനിന്നു വേറിട്ടുപോയതിന്റെ ഫലങ്ങൾ പ്രകടമാകുമായിരുന്നു. സ്ത്രീക്കു മക്കൾ ഉണ്ടാകും എന്നു പറഞ്ഞപ്പോൾ താൻ ഈ വിധത്തിൽ ആയിരിക്കും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ദൈവം സൂചിപ്പിച്ചു. അങ്ങനെ മനുഷ്യകുലം ആവിർഭവിച്ചു. നാം ഇന്ന് ജീവനോടെ ഇരിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്!—ഉല്പത്തി 3:16, 20.
മത്സരിയായ ആത്മപുത്രനെയും മനുഷ്യരെയും അവർ ആഗ്രഹിക്കുന്നത് എന്തും ചെയ്യാൻ ദൈവം അനുവദിക്കുമെന്ന് ഇത് അർഥമാക്കിയില്ല. ദൈവം ആർക്കും തന്റെ പരമാധികാരം ഒഴിഞ്ഞുകൊടുത്തിട്ടില്ല, തന്റെ ഉദ്ദേശ്യത്തിനു മാറ്റം വരുത്തിയിട്ടുമില്ല. (സങ്കീർത്തനം 83:18) മത്സരത്തിന്റെ സൂത്രധാരനെ എന്നെന്നേക്കുമായി തകർക്കുന്നതുംമത്സരംനിമിത്തം ഉണ്ടായിട്ടുള്ള എല്ലാ ദുഷ്ഫലങ്ങളും ഇല്ലായ്മ ചെയ്യുന്നതും സംബന്ധിച്ചു മുൻകൂട്ടി പറഞ്ഞുകൊണ്ട് അവൻ അതു വ്യക്തമാക്കി. (ഉല്പത്തി 3:15) അതുകൊണ്ട് മാനവകുലത്തിനു പ്രാരംഭം മുതൽത്തന്നെ ആശ്വാസത്തിന്റെ വാഗ്ദാനം ഉണ്ടായിരുന്നു.
എന്നാൽ നമ്മുടെ ആദ്യമാതാപിതാക്കൾ തങ്ങളെത്തന്നെയും തങ്ങളുടെ സന്തതികളെയും ദൈവത്തിന്റെ ഭരണത്തിൽനിന്നു വേർപെടുത്തിയിരുന്നു. അവരുടെ തീരുമാനത്തിന്റെ സങ്കടകരമായ പരിണതഫലങ്ങളിൽനിന്നെല്ലാം അവരെ രക്ഷിക്കണമെങ്കിൽ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ദൈവേഷ്ടം അവരുടെമേൽ അടിച്ചേൽപ്പിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്താൽ ഫലത്തിൽ അത് ദൈവത്തിന്റെ സഹായം കൂടാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവരെ അനുവദിക്കാതിരിക്കുന്നതിനു തുല്യമാകുമായിരുന്നു.
തീർച്ചയായും വ്യക്തികൾക്ക് ദൈവഭരണം തിരഞ്ഞെടുക്കാമായിരുന്നു. ഈ കാലത്തേക്കുള്ള ദൈവഹിതം മനസ്സിലാക്കാനും കഴിയുന്നത്ര അതിനോടു പറ്റിനിൽക്കാനും അവർക്കു സാധിക്കുമായിരുന്നു. (സങ്കീർത്തനം 143:10) എന്നാൽ മനുഷ്യവർഗത്തിന്റെ പൂർണ സ്വാതന്ത്ര്യം സംബന്ധിച്ച വിവാദവിഷയം പരിഹരിക്കപ്പെടുന്നതുവരെ അവരും പ്രശ്നവിമുക്തർ ആയിരിക്കുമായിരുന്നില്ല.
വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ തുടക്കം മുതൽത്തന്നെ പ്രകടമായിരുന്നു. മനുഷ്യകുലത്തിലെ ആദ്യജാതനായ കയീൻ, ‘തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ട്’ സഹോദരനെ കൊന്നു. (1 യോഹന്നാൻ 3:12) ദൈവം കയീനു മുന്നറിയിപ്പു കൊടുക്കുകയും പിന്നീടു ശിക്ഷിക്കുകയും ചെയ്തതിൽനിന്ന് അത് ദൈവേഷ്ടം ആയിരുന്നില്ല എന്നു തെളിയുന്നു. (ഉല്പത്തി 4:3-12) കയീൻ സാത്താൻ വാഗ്ദാനം ചെയ്ത ധാർമിക സ്വാതന്ത്ര്യം തിരഞ്ഞെടുത്തു. അങ്ങനെ അവൻ ‘ദുഷ്ടനിൽനിന്നുള്ളവൻ’ ആയിത്തീർന്നു. മറ്റുള്ളവരും സമാനഗതി അനുവർത്തിച്ചു.
1,500-ലധികം വർഷം കടന്നു പോയപ്പോഴേക്കും “ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” (ഉല്പത്തി 6:11) ഭൂമിയെ നാശത്തിൽനിന്നു രക്ഷിക്കാൻ സുനിശ്ചിത നടപടികൾ ആവശ്യമായിരുന്നു. ഒരു ആഗോള പ്രളയം വരുത്തിക്കൊണ്ട് ദൈവം നടപടി സ്വീകരിക്കുകയും തന്റെ നീതിനിഷ്ഠമായ വഴികൾക്കൊത്തു ജീവിച്ചവരായി അന്ന് ആകെ ഉണ്ടായിരുന്ന ഏതാനും പേരെ സംരക്ഷിക്കുകയും ചെയ്തു. അങ്ങനെ, നോഹ, ഭാര്യ, പുത്രന്മാർ, പുത്രഭാര്യമാർ എന്നിവർ പ്രളയത്തെ അതിജീവിച്ചു. (ഉല്പത്തി 7:1) നാമെല്ലാം അവരുടെ പിൻതലമുറക്കാരാണ്.
അന്നുമുതൽ ഇന്നോളം തന്റെ ഇഷ്ടം അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് ദൈവം മാർഗനിർദേശം നൽകിയിട്ടുണ്ട്. മാർഗനിർദേശത്തിനായി തന്നിലേക്കു നോക്കുന്ന ഏതൊരുവനും പ്രയോജനം ലഭിക്കുമാറ് തന്റെ വാക്കുകൾ രേഖപ്പെടുത്താൻ അവൻ വിശ്വസ്ത പുരുഷന്മാരെ നിശ്വസ്തരാക്കി. ആ ലിഖിതരേഖയാണ് ബൈബിൾ. (2 തിമൊഥെയൊസ് 3:16) വിശ്വസ്ത മനുഷ്യർ താനുമായി നല്ലൊരു ബന്ധത്തിലേക്കു വരുന്നതിനും തന്റെ സ്നേഹിതർ പോലും ആയിത്തീരുന്നതിനും അവൻ സ്നേഹപൂർവം അനുവദിച്ചു. (യെശയ്യാവു 41:8) സ്വാതന്ത്ര്യത്തിന്റെ ഈ സഹസ്രാബ്ദങ്ങളിൽ മനുഷ്യവർഗം അഭിമുഖീകരിച്ചിട്ടുള്ള ദുരിതങ്ങളെ സഹിഷ്ണുതയോടെ നേരിടുന്നതിന് അവൻ തന്റെ ദാസർക്കു ശക്തി പകർന്നിരിക്കുന്നു. (സങ്കീർത്തനം 46:1; ഫിലിപ്പിയർ 4:13) ഇതിനെല്ലാം നാം എത്രയധികം നന്ദിയുള്ളവർ ആയിരിക്കേണ്ടതാണ്!
ദൈവേഷ്ടം സമ്പൂർണമായി നിറവേറുമ്പോൾ
ദൈവം മനുഷ്യവർഗത്തിനുവേണ്ടി ഇതുവരെ ചെയ്തിട്ടുള്ളത് മനുഷ്യരെ സംബന്ധിച്ച അവന്റെ ഇഷ്ടത്തിന്റെ സമ്പൂർണ പ്രതിഫലനമല്ല. ക്രിസ്തീയ അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ എഴുതി: “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) ഈ പ്രതീകാത്മക വിവരണം മനുഷ്യവർഗത്തെ ഭരിക്കാൻ പോകുന്ന ഒരു പുതിയ ഭരണകൂടത്തെയും അതിനു കീഴിൽ ജീവിക്കുന്ന ഒരു പുതിയ മനുഷ്യ സമുദായത്തെയും അർഥമാക്കുന്നു.
സ്പഷ്ടമായ ഭാഷയിൽ പ്രവാചകനായ ദാനീയേൽ എഴുതി: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) ഈ പ്രവചനം, പൂർണ പരാജയം എന്നു തെളിഞ്ഞിരിക്കുന്ന ഇന്നത്തെ ലോക വ്യവസ്ഥിതിയുടെ അന്ത്യത്തിലേക്കും തത്സ്ഥാനത്തു വരാൻ പോകുന്ന രാജ്യം അഥവാ ദൈവത്തിന്റെ ഭരണത്തിലേക്കുമാണു വിരൽചൂണ്ടുന്നത്. എത്ര പുളകപ്രദമായ സുവാർത്ത! ഇന്നത്തെ ലോകത്തെ അതിക്രമംകൊണ്ടു നിറയ്ക്കുകയും ഭൂമിയെ വീണ്ടും നാശത്തിന്റെ വക്കിൽ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്ന സംഘർഷങ്ങളും സ്വാർഥതയും ഒരുനാൾ പഴങ്കഥയായി മാറും.
ഇതൊക്കെ എപ്പോൾ സംഭവിക്കും? യേശുവിന്റെ ശിഷ്യന്മാർ അവനോട് “അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.” ഭാഗികമായി യേശു ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:3, 14.
ഈ പ്രസംഗവേല ഭൂവ്യാപകമായി നടക്കുകയാണ് എന്നത് നന്നായി അറിയപ്പെടുന്ന ഒരു വസ്തുതയാണ്. നിങ്ങളുടെ പരിസരത്ത് നിങ്ങൾ അതു നിരീക്ഷിച്ചിട്ടുണ്ടായിരിക്കാം. ഇവരും വിശ്വസിക്കുന്നു (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ പ്രൊഫസർ ചാൾസ് എസ്. ബ്രേഡൻ എഴുതുന്നു: “യഹോവയുടെ സാക്ഷികൾ തങ്ങളുടെ സന്ദേശംകൊണ്ട് അക്ഷരീയമായിത്തന്നെ ലോകത്തെ നിറച്ചിരിക്കുന്നു. ദൈവരാജ്യസുവാർത്ത പ്രചരിപ്പിക്കാൻ മറ്റൊരു മതസംഘടനയും യഹോവയുടെ സാക്ഷികളെപ്പോലെ തീക്ഷ്ണതയും സ്ഥിരോത്സാഹവും കാണിച്ചിട്ടില്ല.” സാക്ഷികൾ 230-ലധികം രാജ്യങ്ങളിലായി ഏതാണ്ട് 400 ഭാഷകളിൽ സജീവമായി സുവാർത്ത പ്രസംഗിക്കുന്നു. ഈ പ്രാവചനിക വേല മുമ്പൊരിക്കലും ഇത്ര വ്യാപകമായി, ഒരു ആഗോള അടിസ്ഥാനത്തിൽ നിർവഹിക്കപ്പെട്ടിട്ടില്ല. മാനുഷ ഭരണകൂടങ്ങളുടെ സ്ഥാനത്ത് ദൈവരാജ്യം സ്ഥാപിതമാകാനുള്ള സമയം സമീപിക്കുകയാണ് എന്നതിന്റെ നിരവധി തെളിവുകളിൽ ഒന്നാണ് ഇത്.
“നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പറഞ്ഞുകൊണ്ട് ഏതു രാജ്യത്തിനുവേണ്ടി പ്രാർഥിക്കാനാണോ മാതൃകാ പ്രാർഥനയിൽ യേശു പഠിപ്പിച്ചത് ആ രാജ്യത്തെ കുറിച്ചു തന്നെയാണ് പ്രസംഗിക്കപ്പെടും എന്നും അവൻ പറഞ്ഞത്. (മത്തായി 6:10) അതേ, മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യം അഥവാ ഇഷ്ടം നിവർത്തിക്കുന്നതിനുവേണ്ടി ദൈവം ഉപയോഗിക്കുന്ന ഉപാധി ആ രാജ്യം ആയിരിക്കും.
അത് എന്താണ് അർഥമാക്കുന്നത്? വെളിപ്പാടു 21:3-5എ ഇങ്ങനെ വിശദീകരിക്കുന്നു: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” അപ്പോൾ തീർച്ചയായും ഭൂമിയിലും സ്വർഗത്തിലും ദൈവേഷ്ടം പൂർണമായും നിറവേറും.a അതിൽ ഭാഗഭാക്കാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?
[അടിക്കുറിപ്പ്]
a ദൈവരാജ്യത്തെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വിലാസത്തിൽ എഴുതുകയോ ചെയ്യുക.
[5-ാം പേജിലെ ചിത്രം]
ദൈവേഷ്ടത്തിൽനിന്നുള്ള സ്വാതന്ത്ര്യം ദുരന്തം വരുത്തിവെച്ചു