ആശയവിനിമയം—വെറും സംസാരത്തെക്കാൾ കവിഞ്ഞത്
ഒരു സംഘം വിനോദയാത്രക്കാർ രമണീയമായ ഒരു പ്രകൃതിദൃശ്യം കാണുന്നതായി വിഭാവന ചെയ്യുക. മുഴുകൂട്ടവും ഒരേ ദൃശ്യമാണു കാണുന്നതെങ്കിലും ഓരോ വ്യക്തിയും അതു വ്യത്യസ്തമായി കാണുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഓരോ വ്യക്തിക്കും അയാളുടേതായ ഒരു വ്യത്യസ്ത കാഴ്ചപ്പാടുണ്ട്. രണ്ടു വ്യക്തികൾ നിൽക്കുന്നതു കൃത്യമായി ഒരേ സ്ഥലത്തല്ല. കൂടാതെ, എല്ലാവരും ശ്രദ്ധകേന്ദ്രീകരിക്കുന്നതു ദൃശ്യത്തിന്റെ ഒരേ ഭാഗത്തുമല്ല. ഓരോ വ്യക്തിക്കും ഒരു വ്യത്യസ്ത വശം പ്രത്യേകിച്ച് ആകർഷകമായി തോന്നുന്നു.
വിവാഹബന്ധത്തിനുള്ളിലും ഇതേ സംഗതി സത്യമാണ്. അവർ വളരെ പൊരുത്തമുള്ളവരായാൽപ്പോലും രണ്ടു പങ്കാളികൾക്കു കാര്യങ്ങളെ സംബന്ധിച്ച് ഒരേ കാഴ്ചപ്പാടു കൃത്യമായി ഉണ്ടായിരിക്കുന്നില്ല. വൈകാരികഘടന, കുട്ടിക്കാലത്തെ അനുഭവം, കുടുംബസ്വാധീനം എന്നിവപോലുള്ള കാര്യങ്ങളിൽ ഭാര്യയും ഭർത്താവും വ്യത്യസ്തരായിരിക്കുന്നു. തൽഫലമായുണ്ടാകുന്ന ഭിന്ന വീക്ഷണഗതികൾക്കു കടുത്ത വിവാദത്തിന്റെ ഒരു ഉറവായിരിക്കാൻ കഴിയും. “വിവാഹം കഴിക്കുന്നവർക്കു വേദനയും വ്യാകുലതയുമുണ്ടാകും.”—1 കൊരിന്ത്യർ 7:28, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ആശയവിനിമയത്തിൽ ഒരു ഏക-ജഡ ബന്ധമായി ഈ ഭിന്നതകളെ കൂട്ടിക്കലർത്താനുള്ള ശ്രമം ഉൾപ്പെടുന്നു. ഇത്, സംസാരിക്കാൻ സമയമുണ്ടാക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. (7-ാം പേജിലെ ചതുരം കാണുക) എന്നാൽ അതിലുമധികം ഉൾപ്പെടുന്നു.
ഉൾക്കാഴ്ച പ്രകടമാക്കൽ
ഒരു ബൈബിൾ സദൃശവാക്യം ഇപ്രകാരം പ്രസ്താവിക്കുന്നു: “ജ്ഞാനിയുടെ ഹൃദയം അയാളുടെ വായ് ഉൾക്കാഴ്ച പ്രകടമാക്കാനിടയാക്കുന്നു, അത് അയാളുടെ അധരങ്ങൾക്കു പ്രേരണാശക്തി കൂട്ടുന്നു.” (സദൃശവാക്യങ്ങൾ 16:23, NW) ഇവിടെ ‘ഉൾക്കാഴ്ച പ്രകടമാക്കാനിടയാക്കുന്നു’ എന്നു തർജമ ചെയ്തിരിക്കുന്ന എബ്രായ വാക്കിന്റെ അർഥം വിവേകിയായിരിക്കുക, മനസ്സിൽ കാര്യങ്ങൾ ശ്രദ്ധാപൂർവം തൂക്കിനോക്കുക എന്നാണ്. അതുകൊണ്ട്, ഫലപ്രദമായ ആശയവിനിമയത്തിന്റെ കേന്ദ്രം ഹൃദയമാണ്, വായല്ല. നന്നായി ആശയവിനിയമം നടത്തുന്ന ഒരുവൻ ഒരു സംസാരിയെക്കാൾ കവിഞ്ഞയാളായിരിക്കണം; അയാൾ സമാനുഭാവമുള്ള ഒരു ശ്രോതാവായിരിക്കണം. (യാക്കോബ് 1:19) ഇണയുടെ ഉപരിപ്ലവമായ പെരുമാററത്തിൽ ഉൾക്കൊണ്ടിരിക്കുന്ന വികാരങ്ങളെയും പ്രശ്നങ്ങളെയും അയാൾ വിവേചിച്ചറിയണം.—സദൃശവാക്യങ്ങൾ 20:5.
എങ്ങനെ? സംഘട്ടനത്തിനു കളമൊരുക്കിയ സാഹചര്യങ്ങളെ നിരീക്ഷിച്ചുകൊണ്ടു ചിലപ്പോൾ ഇതു സാധിക്കാം. നിങ്ങളുടെ ഇണ വൈകാരികമോ ശാരീരികമോ ആയ കടുത്ത സമ്മർദത്തിലാണോ? നിങ്ങളുടെ ഇണയുടെ മാനസികഭാവത്തിനു സംഭാവന ചെയ്യുന്നത് എന്തെങ്കിലും അസുഖമാണോ? ‘ഉചിതമായ അവസരത്തിന് ഉചിതമായ വാക്കു കണ്ടെത്തുന്നത് എന്തൊരു സന്തോഷമാണെ’ന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:23, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) അതുകൊണ്ടു സാഹചര്യങ്ങൾ പരിഗണിക്കുന്നത് തദനുസരണം പ്രതികരിക്കാൻ നിങ്ങളെ സഹായിക്കും.—സദൃശവാക്യങ്ങൾ 25:11.
എന്നിരുന്നാലും, സംഘട്ടനത്തിന്റെ കാരണം പലപ്പോഴും ഇപ്പോഴത്തെ സാഹചര്യങ്ങൾക്കു പുറത്തുള്ള കാര്യങ്ങളിൽ വേരൂന്നിയതായിരിക്കുന്നു.
കഴിഞ്ഞകാലത്തെ മനസ്സിലാക്കൽ
പുരുഷപ്രായത്തിലെ നമ്മുടെ ചിന്തയെ രൂപപ്പെടുത്തുന്നതിൽ കുട്ടിക്കാലത്തെ അനുഭവങ്ങൾ ഏറെ സ്വാധീനിക്കുന്നു. വിവാഹിത ഇണകൾ വ്യത്യസ്ത കുടുംബങ്ങളിൽനിന്നു വരുന്നതിനാൽ, ഭിന്ന വീക്ഷണങ്ങൾ അനിവാര്യമാണ്.
ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭവം ഇതിനെ ദൃഷ്ടാന്തീകരിക്കുന്നു. ഉടമ്പടിയുടെ പെട്ടകം യരൂശലേമിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോൾ ദാവീദ് തന്റെ ആവേശം പരസ്യമായി പ്രകടമാക്കി. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ മീഖളിനെ സംബന്ധിച്ചെന്ത്? ബൈബിൾ ഇങ്ങനെ വിവരിക്കുന്നു: “ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.”—2 ശമൂവേൽ 6:14-16.
മീഖൾ അവളുടെ നീതികെട്ട പിതാവായ ശൌലിന്റെ വിശ്വാസരഹിതമായ പ്രകൃതം പ്രകടമാക്കി. ഇതുകൊണ്ടാണു 16-ാം വാക്യത്തിൽ മീഖളിനെ ദാവീദിന്റെ ഭാര്യയെന്നല്ല “ശൌലിന്റെ മകൾ” എന്നു പരാമർശിച്ചിരിക്കുന്നതെന്നു ബൈബിൾ വ്യാഖ്യാതാക്കളായ സി.എഫ്. കീലും എഫ്. ഡലീററ്ഷും സൂചിപ്പിക്കുന്നു. എങ്ങനെയായാലും, സന്തോഷപ്രദമായ ഈ സംഭവത്തെ സംബന്ധിച്ചു ദാവീദിനും മീഖളിനും ഒരേ കാഴ്ചപ്പാടില്ലായിരുന്നെന്ന് അവർ തമ്മിൽ തുടർന്നുണ്ടായ വാഗ്വാദം വ്യക്തമാക്കുന്നു.—2 ശമൂവേൽ 6:20-23.
ബാല്യകാല പരിശീലനത്തിൽനിന്നുള്ള നിഗൂഢ സ്വാധീനങ്ങൾ ഭർത്താവും ഭാര്യയും കാര്യങ്ങൾ വളരെ വ്യത്യസ്തമായി വീക്ഷിക്കാൻ ഇടയാക്കിയേക്കാമെന്ന് ഈ ദൃഷ്ടാന്തം പ്രകടമാക്കുന്നു. രണ്ടുപേരും യഹോവയെ ഐക്യത്തോടെ സേവിക്കുകയാണെങ്കിൽപ്പോലും ഇതു സത്യമാണ്. ഉദാഹരണത്തിന്, ഒരു കുട്ടിയെന്നനിലയിൽ വേണ്ടുവോളം വൈകാരിക പിന്തുണ ലഭിക്കാഞ്ഞ ഒരു ഭാര്യ അംഗീകാരത്തിന്റെയും പൂർണവിശ്വാസത്തിന്റെയും ആവശ്യം പ്രകടമാക്കിയേക്കാം. ഇത് അവളുടെ ഭർത്താവിനെ കുഴക്കിയേക്കാം. “ഞാൻ അവളെ സ്നേഹിക്കുന്നെന്ന് ഒരു നൂറുവട്ടം ഞാൻ അവളോടു പറയാം, എന്നാലും അതു പോരായിരിക്കും!” എന്ന് അയാൾ ഉൽക്രോശിച്ചേക്കാം.
ഈ സംഗതിയിൽ ആശയവിനിമയത്തിൽ ഉൾപ്പെട്ടിരിക്കുന്നതു “സ്വന്തം താത്പര്യംമാത്രം നോക്കിയാൽ പോരാ; മറിച്ച് മററുള്ളവരുടെ താത്പര്യവും പരിഗണിക്കണം” എന്നതാണ്. (ഫിലിപ്പി 2:4, പി.ഒ.സി. ബൈബിൾ) ആശയവിനിയമം ചെയ്യാൻ ഭർത്താവ് ഭാര്യയെ സ്വന്തം കാഴ്ചപ്പാടിലല്ല, പിന്നെയോ, അവളുടെ കഴിഞ്ഞകാല കാഴ്ചപ്പാടിൽ കാണേണ്ടതുണ്ട്. തീർച്ചയായും, ഭാര്യയും ഭർത്താവിനോട് അതുതന്നെ ചെയ്യാൻ പ്രേരിതയാകണം.—1 കൊരിന്ത്യർ 10:24.
ദുഷ്പെരുമാററത്തിനു വിധേയമാക്കപ്പെട്ട കഴിഞ്ഞകാലമുള്ളപ്പോൾ
ഇണ കുട്ടിയായിരുന്നപ്പോൾ ബലാൽസംഗം ചെയ്യപ്പെടുകയോ ലൈംഗികമായ ദുഷ്പെരുമാററത്തിനു വിധേയമാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ—സങ്കടകരമെന്നു പറയട്ടെ, ഇന്നു വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം—വ്യക്തിപരമായ താത്പര്യം വിശേഷിച്ചും നിർണായകമാണ്. ഉദാഹരണത്തിന്, ലൈംഗിക അടുപ്പത്തിന്റേതായ സമയങ്ങളിൽ, വർത്തമാനകാലത്തെ ഭൂതകാലത്തിൽനിന്നും തന്റെ ഇണയെ അതിക്രമിയിൽനിന്നും ലൈംഗിക ബന്ധങ്ങളെ ലൈംഗിക ദുഷ്പെരുമാററത്തിൽനിന്നും വേർതിരിക്കാനാവുന്നില്ലെന്നു ഭാര്യ കണ്ടെത്തിയേക്കാം. ഇതിന് ഇച്ഛാഭംഗമുളവാക്കാൻ കഴിയും, പ്രത്യേകിച്ചു ഭർത്താവു ഭാര്യയുടെ കാഴ്ചപ്പാടിൽ ലോലമായ ഈ സംഗതി കണക്കിലെടുക്കുന്നില്ലെങ്കിൽ.—1 പത്രൊസ് 3:8.
കഴിഞ്ഞുപോയതിനെ അഴിക്കാനോ അതിന്റെ അനന്തരഫലങ്ങളെ പരിപൂർണമായി ഭേദമാക്കാനോ നിങ്ങൾക്കു കഴിയില്ലെങ്കിലും ദുഃഖിതയായ ഒരു ഇണയെ ആശ്വസിപ്പിക്കാൻ നിങ്ങൾക്കു വളരെയധികം ചെയ്യാൻ കഴിയും. (സദൃശവാക്യം 20:5) എങ്ങനെ? “ഭർത്താക്കൻമാരായ നിങ്ങൾ നിങ്ങളോടുകൂടെ ജീവിക്കുന്ന ഭാര്യമാരെ മനസ്സിലാക്കാൻ ശ്രമിക്കണ”മെന്നു പത്രോസ് എഴുതി. (1 പത്രോസ് 3:7, ഫിലിപ്സ്) നിങ്ങളുടെ ഇണയുടെ കഴിഞ്ഞകാലം മനസ്സിലാക്കുന്നത് ആശയവിനിമയത്തിന്റെ മർമപ്രധാന ഭാഗമാണ്. സമാനുഭാവത്തോടുകൂടിയ ദയാവായ്പു കൂടാതെ നിങ്ങളുടെ വാക്കുകൾ ഉപയോഗശൂന്യമായിരിക്കും.
അസുഖമനുഭവിച്ചിരുന്നവരുടെ വ്യാധികൾ യേശു വ്യക്തിപരമായി ഒരിക്കലും അനുഭവിച്ചിട്ടില്ലായിരുന്നു, എന്നിട്ടുപോലും അങ്ങനെയുള്ളവരെ അഭിമുഖീകരിച്ചപ്പോൾ അവിടുന്നു “മനസ്സലിഞ്ഞു.” (മത്തായി 14:14) സമാനമായി, നിങ്ങളുടെ ഭാര്യ അനുഭവിച്ചതുപോലുള്ള അതേ അവഗണനയോ ദുഷ്പെരുമാററമോ നിങ്ങൾ വ്യക്തിപരമായി അനുഭവിച്ചിട്ടില്ലായിരിക്കാം, എന്നാൽ അവളുടെ വ്യഥയെ നിസ്സാരീകരിക്കുന്നതിനു പകരം അവളുടെ കഴിഞ്ഞകാലത്തെ അംഗീകരിക്കയും അവൾക്കു നിങ്ങളുടെ പിന്തുണ നൽകുകയും ചെയ്യുക. (സദൃശവാക്യങ്ങൾ 18:13) പൗലോസ് ഇപ്രകാരം എഴുതി: “ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.”—റോമർ 15:1.
നീരസത്താൽ കെണിയിലകപ്പെടുന്നു
വിവാഹം ഒരു വിലയേറിയ പാത്രം പോലെയാണ്. വ്യഭിചാരത്താൽ അതിനു കേടുവരുത്തപ്പെടുമ്പോൾ കണക്കാക്കാനാവാത്ത ദോഷം സംഭവിക്കുന്നു. (സദൃശവാക്യങ്ങൾ 6:32) നിരപരാധിയായ ഇണ ക്ഷമിക്കാൻ തീരുമാനിക്കുന്നെങ്കിൽ പൊട്ടിയ കഷണങ്ങൾ അനുരഞ്ജനത്തിലൂടെ ഒട്ടിച്ചുചേർക്കാൻ കഴിഞ്ഞേക്കാമെന്നതു സത്യമാണ്. എന്നാൽ പൊട്ടലുകൾ അവശേഷിക്കുന്നു, വാദപ്രതിവാദത്തിനിടയിൽ ആ പൊട്ടലുകളിൻമേൽ നോക്കാനും കഴിഞ്ഞകാലത്തെ ഒരു ആയുധമെന്നനിലയിൽ അവ ഉപയോഗിക്കാനും ഒരു ചായ്വ് ഉണ്ടായേക്കാം.
ഇണയുടെ അവിശ്വസ്തതയോടുള്ള സാധാരണമായ ഒരു പ്രതികരണമാണു നീരസം. എന്നാൽ നിങ്ങൾ നിങ്ങളുടെ ഇണയോടു ക്ഷമിച്ചെങ്കിൽ, അതിലൂടെ നിങ്ങൾ നേടിയ നൻമ പാഴാക്കിക്കളയാൻ തളംകെട്ടിനിൽക്കുന്ന അമർഷത്തെ അനുവദിക്കുന്നതിനെതിരെ സൂക്ഷിക്കുക. അത് അകത്തു നിശബ്ദമായി തിളച്ചുമറിഞ്ഞാലും നിർദയം തുറന്നുവിട്ടാലും, അണയാത്ത അമർഷം രണ്ട് ഇണകൾക്കും ദോഷം ചെയ്യുന്നു. എന്തുകൊണ്ട്? ഒരു ഡോക്ടർ ഇപ്രകാരം സൂചിപ്പിക്കുന്നു: “നിങ്ങളുടെ വിവാഹപങ്കാളി നിങ്ങളെ ദ്രോഹിച്ചുവെന്നു നിങ്ങൾ വിചാരിക്കുന്നെങ്കിൽ അതു നിങ്ങൾ ഇപ്പോഴും അയാളെ സംബന്ധിച്ചു കരുതുന്നതുകൊണ്ടാണ്. അതുകൊണ്ടു പിൻവാങ്ങുന്നതിനാലോ പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നതിനാലോ നിങ്ങൾ നിങ്ങളുടെ ഇണയെ മുറിപ്പെടുത്തുന്നു എന്നു മാത്രമല്ല നിങ്ങളെത്തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. തികവുള്ളതായിരിക്കണം എന്നു നിങ്ങൾ ആഗ്രഹിക്കുന്ന ബന്ധത്തെ നിങ്ങൾ കൂടുതലായി തകർക്കുകയായിരിക്കും ചെയ്യുന്നത്.”
അതേ, ദേഷ്യമടക്കാതെ നിങ്ങളുടെ വിവാഹബന്ധത്തിലെ ഭിന്നതകളെ രഞ്ജിപ്പിക്കാൻ നിങ്ങൾക്ക് ഒട്ടും സാധിക്കില്ല. അതുകൊണ്ടു വികാരങ്ങൾ ചൂടുപിടിച്ചിരിക്കാത്ത ഒരു സമയത്ത് ഇണയുമായി നിങ്ങളുടെ വികാരങ്ങൾ ചർച്ച ചെയ്യുക. നിങ്ങൾ എന്തു കാരണത്താൽ ദ്രോഹിക്കപ്പെടുന്നതായി വിചാരിക്കുന്നുവെന്നും സമാശ്വസിക്കപ്പെടാൻ നിങ്ങൾക്ക് എന്താണ് ആവശ്യമായിരിക്കുന്നതെന്നും ബന്ധം കാത്തുസൂക്ഷിക്കാൻ നിങ്ങൾ എന്തു ചെയ്യുമെന്നും വിശദീകരിക്കുക. തർക്കത്തിൽ ഒരു ശക്തമായ പിടിയുണ്ടായിരിക്കാൻ കഴിഞ്ഞകാലത്തെ കേവലം ഒരായുധമായി ഒരിക്കലും ഉപയോഗിക്കരുത്.
ആസക്തി ആശയവിനിമയത്തെ അപകടപ്പെടുത്തുന്നു
ഇണ മദ്യമോ മയക്കുമരുന്നോ ദുരുപയോഗപ്പെടുത്തുമ്പോൾ വിവാഹം കടുത്ത വേദനയ്ക്കു വിധേയമാകുന്നു. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ അബീഗയിലിന്റേതിനോടു സമാനമായ അവസ്ഥയിലായിരിക്കാം. അവളുടെ ഭർത്താവായ നാബാൽ “വളരെയധികം മദ്യപിച്ചിരുന്ന” സമയത്ത് അയാളുടെ ബുദ്ധിഹീനമായ പെരുമാററത്തിന്റെ ഭവിഷ്യത്തുകൾ നീക്കം ചെയ്യാൻ അബീഗയിൽ അടിയന്തിരമായി പരിശ്രമിക്കയായിരുന്നു. (1 സാമുവൽ 25:18-31, 36, പി.ഒ.സി. ബൈബിൾ) ആശക്തിയാൽ വലഞ്ഞ ഒരു ഇണയും ആ ഇണയുടെ സ്വഭാവം മാററാനുള്ള ശ്രമത്തിൽ മുഴുകിയിരിക്കുന്ന മറേറ ഇണയും ഉൾപ്പെട്ടിരിക്കുന്ന വിവാഹബന്ധങ്ങൾ പലപ്പോഴും നാബാലിന്റെയും അബീഗയിലിന്റെയും ഭവനത്തിനു സദൃശമായിരിക്കുന്നു.a
ഒരു ആസക്തൻ അതിൽനിന്നു വിമുക്തനാകാൻ തുടങ്ങുമ്പോൾ വലിയ ആശ്വാസം അനുഭവപ്പെടുന്നതു മനസ്സിലാക്കാം. എന്നാൽ അത് ആരംഭം മാത്രമേ ആകുന്നുള്ളൂ. അതിശക്തമായ ഒരു കൊടുങ്കാററ് ഒരു ചെറിയ പട്ടണത്തിൽ കെടുതികൾ വിതച്ചുകൊണ്ടിരിക്കുന്നതു വിഭാവന ചെയ്യുക. വീടുകൾ തകർന്നുവീഴുന്നു, മരങ്ങൾ കടപുഴകി വീഴുന്നു, ടെലിഫോൺ കമ്പികൾ നിലംപതിക്കുന്നു. കൊടുങ്കാററു തീരുമ്പോൾ വലിയ ആഹ്ലാദമുണ്ടാകുന്നു. എന്നാൽ ഇപ്പോൾ വിപുലമായ അററകുററപ്പണികൾ ആവശ്യമാണ്. ഒരു ഇണ വിമുക്തമാകാൻ തുടങ്ങുമ്പോഴും ഇതു സത്യമാണ്. തകർന്നടിഞ്ഞ ബന്ധങ്ങൾ വീണ്ടും കെട്ടിപ്പടുക്കണം. വിശ്വാസവും വിശ്വസ്തയും വീണ്ടും സ്ഥാപിച്ചെടുക്കണം. ആശയവിനിമയമാർഗങ്ങൾ പുനർനിർമിക്കണം. സുഖം പ്രാപിച്ചുവരുന്ന ഒരു ആസക്തന്, നട്ടുവളർത്താൻ ബൈബിൾ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്ന “പുതിയ വ്യക്തിത്വ”ത്തിന്റെ ഒരു ഭാഗമാണു ക്രമേണയുള്ള ഈ പുനർനിർമാണം. ഈ പുതിയ വ്യക്തിത്വത്തിൽ “നിങ്ങളുടെ മനസ്സിനെ കർമോദ്യുക്തമാക്കുന്ന ശക്തി” ഉൾക്കൊണ്ടിരിക്കണം—എഫെസ്യർ 4:22-24; കൊലോസ്യർ 3:9, 10, NW.
ലെനാർഡിനെയും ഇലനെയും മയക്കുമരുന്നുകളുടെ ദുരുപയോഗം നിർത്താൻ ഒരു ബൈബിളധ്യയനം സഹായിച്ചെങ്കിലും മനസ്സിനെ കർമോദ്യുക്തമാക്കുന്ന ശക്തി മുഴുവനായി പ്രവർത്തനത്തിലേക്ക് വന്നിരുന്നില്ല.b താമസിയാതെ മററ് ആസക്തികളും തലപൊക്കി. “ഇരുപതു വർഷത്തോളം ഞങ്ങൾ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാനും തൃപ്തികരമായ ഒരു വിവാഹജീവിതം സാധ്യമാക്കാനും ശ്രമിച്ചു, എന്നാൽ അത് എപ്പോഴും ഞങ്ങളുടെ പിടിയിൽനിന്നു വഴുതിപ്പോകുകയായിരുന്നു” എന്ന് ഇലൻ പറയുന്നു. “ഞങ്ങളുടെ ആസാക്ഷികൾ ആഴത്തിൽ വേരൂന്നിയവയായിരുന്നു. പഠനത്തിലൂടെയും പ്രാർഥനയിലൂടെയും അവ ഒഴിവാക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല.”
ലെനാർഡും ഇലനും തങ്ങളുടെ ആസക്തിയുടെ കാരണങ്ങൾ മനസ്സിലാക്കാൻ ബുദ്ധ്യുപദേശം തേടി. കുട്ടികളോടുള്ള ദുഷ്പെരുമാററം, മദ്യാസക്തി, സ്ത്രീകളോടുള്ള ആദരവ് എന്നിവ സംബന്ധിച്ച ‘വിശ്വസ്തനും വിവേകിയുമായ അടിമ’യിൽനിന്നുള്ള സമയോചിത വിവരങ്ങൾ വിശേഷാൽ സഹായകമായി.c (മത്തായി 24:45-47) “പാളിച്ചകൾ മാററാനും ബന്ധം പുനഃസ്ഥാപിക്കാനും അതു ഞങ്ങളെ സഹായിച്ചു,” എന്ന് ഇലൻ പറയുന്നു.
പ്രശ്നങ്ങൾ പരിഹരിക്കൽ
തന്റെ പുത്രനായ ഏശാവിന്റെ ഭാര്യമാരെ സംബന്ധിച്ചു റിബേക്കയ്ക്കു ദുസ്സഹമായ വ്യഥയനുഭവപ്പെട്ടു. അവളുടെ മറേറ പുത്രനായ യാക്കോബ് ഏശാവിന്റെ മാതൃക പിൻപററിയേക്കുമെന്നു ഭയപ്പെട്ടുകൊണ്ടു ഭർത്താവായ ഇസ്ഹാക്കിനോട് ഇപ്രകാരം പറഞ്ഞുകൊണ്ടു റിബേക്ക തന്റെ ആശാഭംഗം വെളിപ്പെടുത്തി: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിനു ജീവിക്കുന്നു?”—ഉല്പത്തി 27:46.
തന്റെ വികാരങ്ങളെപ്പററി റിബേക്ക ദൃഢമായി സംസാരിച്ചെങ്കിലും അവൾ ഇസ്ഹാക്കിനെ വ്യക്തിപരമായി കുററപ്പെടുത്തിയില്ലെന്നതു ശ്രദ്ധിക്കുക. “എല്ലാം നിങ്ങളുടെ കുററമാണ്” എന്നോ “നിങ്ങൾക്ക് ഈ സാഹചര്യത്തിൻമേൽ മെച്ചമായ നിയന്ത്രണം വേണ്ടതായിരുന്നു” എന്നോ അവൾ പറഞ്ഞില്ല! പ്രത്യുത, ആ പ്രശ്നം തന്നെ എപ്രകാരം ബാധിച്ചു എന്നു വർണിക്കാൻ റിബേക്ക “ഞാൻ” എന്ന സർവനാമമാണ് ഉപയോഗിച്ചത്. ഈ സമീപനം ഇസ്ഹാക്കിന്റെ മുഖം രക്ഷിക്കാനുള്ള ആഗ്രഹത്തെയല്ല, പകരം അദ്ദേഹത്തിന്റെ സഹാനുഭാവത്തെ ഉത്തേജിപ്പിച്ചു. താൻ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്നു വിചാരിക്കാതെ, റിബേക്കയുടെ അപേക്ഷയോടുള്ള ഇസ്ഹാക്കിന്റെ പ്രതികരണം പ്രത്യക്ഷത്തിൽ സത്വരമായിരുന്നു.—ഉല്പത്തി 28:1, 2.
റിബേക്കയുടെ മാതൃകയിൽനിന്നു ഭാര്യാഭർത്താക്കൻമാർക്കു പഠിക്കാൻ കഴിയും. ഒരു സംഘട്ടനം ഉണ്ടാകുമ്പോൾ പരസ്പരം ആക്രമിക്കുന്നതിനുപകരം പ്രശ്നത്തെ ആക്രമിക്കുക. റിബേക്കയെപ്പോലെ അതു നിങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു നിങ്ങളുടെ കുണ്ഠിതം പ്രകടിപ്പിക്കുക. “എനിക്കു ആശാഭംഗം തോന്നുന്നു, എന്തെന്നാൽ . . ” എന്നോ “എന്നെ തെററിദ്ധരിക്കുന്നതായി എനിക്കു തോന്നുന്നു എന്തെന്നാൽ . . .” എന്നോ പറയുന്നത് “നിങ്ങൾ എന്നെ തകർക്കുകയാണ്!” എന്നോ “നിങ്ങൾ എന്നെ ഒരിക്കലും മനസ്സിലാക്കുന്നില്ല!” എന്നോ പറയുന്നതിനെക്കാൾ വളരെയേറെ ഫലപ്രദമാണ്.
നിലനിൽപ്പിനെക്കാൾ കൂടുതൽ
ആദ്യ മാനുഷ ദമ്പതികളായ ആദാമിന്റെയും ഹവ്വായുടെയും വിവാഹബന്ധം പുത്രൻമാരുടെയും പുത്രിമാരുടെയും ഒരു കുടുംബത്തെ ഉത്പാദിപ്പിച്ചുകൊണ്ടു നൂററാണ്ടുകളോളം നിലനിന്നു. (ഉല്പത്തി 5:3-5) എന്നാൽ അവരുടെ വിവാഹബന്ധം അനുകരണാർഹമാണെന്ന് അതിനർഥമില്ല. നേരത്തെതന്നെ സ്വാതന്ത്ര്യത്തിന്റെ ഒരു ആത്മാവും സ്രഷ്ടാവിന്റെ നീതിയുള്ള നിയമങ്ങളോടുള്ള അവഗണനയും അവരുടെ ഏകജഡ ബന്ധത്തെ ഉലച്ചു.
സമാനമായി, ഇന്ന് ഒരു വിവാഹം നിലനിൽക്കുന്നതായിരുന്നേക്കാമെങ്കിലും ആശയവിനിമയത്തിന്റെ മർമപ്രധാന ഘടകങ്ങൾ ഇല്ലാതിരുന്നേക്കാം. ദൃഢമായി ഉറച്ച ന്യായവാദങ്ങളെയും അനുചിതമായ വ്യക്തിത്വ സ്വഭാവവിശേഷങ്ങളെയും പിഴുതെറിയേണ്ടതുണ്ടായിരിക്കാം. (2 കൊരിന്ത്യർ 10:4, 5 താരതമ്യപ്പെടുത്തുക.) ഇതു തുടർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയയാണ്. എന്നാൽ പരിശ്രമം മൂല്യമുള്ളതാണ്. യഹോവയാം ദൈവത്തിനു വൈവാഹിക ക്രമീകരണത്തിൽ ആഴമായ താത്പര്യമുണ്ട്, കാരണം അവിടുന്നാണ് അതിന്റെ നിർമാതാവ്. (മലാഖി 2:14-16; എബ്രായർ 13:4) അതുകൊണ്ടു നാം നമ്മുടെ ഭാഗം നിർവഹിക്കുന്നെങ്കിൽ അവിടുന്നു നമ്മുടെ പരിശ്രമങ്ങളെ അംഗീകരിക്കുമെന്നും വൈവാഹിക ആശയവിനിമയത്തിലെ ഏതു തകരാറും പരിഹരിക്കുന്നതിന് ആവശ്യമായ ജ്ഞാനവും ശക്തിയും നൽകുമെന്നും ദൃഢവിശ്വാസമുള്ളവരായിരിക്കാൻ നമുക്കു സാധിക്കും.—സങ്കീർത്തനം 25:4, 5; 119:34 താരതമ്യപ്പെടുത്തുക.
[അടിക്കുറിപ്പുകൾ]
a മദ്യാസക്തരുടെ കുടുംബങ്ങൾക്കുവേണ്ടിയുള്ള സഹായം 1992 മെയ് 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 3-7 പേജുകളിൽ ചർച്ച ചെയ്തിട്ടുണ്ട്.
b പേരുകൾക്കു മാററം വരുത്തിയിരിക്കുന്നു.
c ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്ന് ഒക്ടോബർ 8-ലെയും 1992 മെയ് 22-ലെയും 1992 ജൂലൈ 8-ലെയും ഉണരുക!യുടെ (ഇംഗ്ലീഷ്) ലക്കങ്ങൾ കാണുക.
[6-ാം പേജിലെ ചതുരം]
“കൂടുതൽ സമയം ലഭിച്ചതു പാഴ്വസ്തുക്കൾക്കായിരുന്നു!”
വൈവാഹിക വൈഷമ്യങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ഒരു ഭർത്താവിനോടും ഭാര്യയോടും വീട്ടിലെ പാഴ്വസ്തുക്കൾ നീക്കം ചെയ്യാൻ അവർ വാരംന്തോറും എന്തുമാത്രം സമയം ചെലവിടുന്നു എന്നു കണക്കാക്കാൻ ആവശ്യപ്പെട്ടു. ആഴ്ചയിൽ 35 മിനിറേറാളം അഥവാ ദിവസേന 5 മിനിററ് എന്നായിരുന്നു അവരുടെ ഉത്തരം. പിന്നീട്, ഒരുമിച്ചുള്ള സംഭാഷണത്തിനായി അവർ എന്തുമാത്രം സമയം ചെലവഴിക്കുന്നു എന്ന് അവരോടു ചോദിച്ചു. ഭർത്താവ് ഞെട്ടിപ്പോയി. “കൂടുതൽ സമയം ലഭിച്ചതു പാഴ്വസ്തുക്കൾക്കായിരുന്നു!” എന്ന് അയാൾ അറിയിച്ചു. തുടർന്ന് അയാൾ ഇതും പറഞ്ഞു: “ഒരു വിവാഹം നിലനിർത്താൻ ദിവസേന അഞ്ചു മിനിററ് സമയം മതിയാകുമെന്നു ഞങ്ങൾ വിചാരിക്കുന്നെങ്കിൽ ഞങ്ങൾ ഞങ്ങളെത്തന്നെ വഞ്ചിക്കുകയാണ്. വിവാഹബന്ധത്തെ വളർത്താൻ തീർച്ചയായും അത്രയും സമയം പോരാ.”
[7-ാം പേജിലെ ചതുരം]
അടിസ്ഥാന നിയമങ്ങൾ വെക്കുക
◻ ഒരു സമയത്ത് ഒരു കാര്യം മാത്രം ചർച്ചചെയ്യുക (1 കൊരിന്ത്യർ 14:33, 40)
◻ വികാരങ്ങൾ പ്രകടിപ്പിക്കുക; കുററാരോപണങ്ങൾ നടത്താതിരിക്കുക (ഉല്പത്തി 27:46)
◻ ദേഹോപദ്രവമേൽപ്പിക്കാൻ പാടില്ല (എഫെസ്യർ 5:28, 29)
◻ ചീത്തവിളിക്കരുത് (സദൃശവാക്യങ്ങൾ 26:20)
◻ അനുരഞ്ജനത്തിനു ലക്ഷ്യം വെക്കുക, ജയിക്കാനല്ല (ഉല്പത്തി 13:8, 9)
[4-ാം പേജിലെ ചിത്രം]
വികാരങ്ങൾ പ്രകടിപ്പിക്കുക; കുററാരോപണങ്ങൾ ഉന്നയിക്കരുത്
[8-ാം പേജിലെ ചിത്രം]
ഒരു സംഘട്ടനം ഉണ്ടാകുമ്പോൾ പരസ്പരം ആക്രമിക്കുന്നതിനുപകരം പ്രശ്നത്തെ ആക്രമിക്കുക