ശേഖേം—താഴ്വരനഗരം
ദൈവം തന്റെ ജനത്തിനുവേണ്ടി തിരഞ്ഞെടുത്ത പ്രദേശത്തിന്റെ ഹൃദയഭാഗത്ത്, ഏബാൽ പർവതത്തിനും ഗെരിസീം പർവതത്തിനും ഇടയിലായി സുരക്ഷിത മായി സ്ഥിതിചെയ്തിരുന്ന നഗരമാണ് ശേഖേം. ഏതാണ്ട് നാലായിരം വർഷംമുമ്പ്, “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്ന വാഗ്ദാനം യഹോവ അബ്രാഹാമിനു കൊടുത്തത് ഇവിടെ വെച്ചായിരുന്നു.—ഉല്പത്തി 12:6, 7.
ഈ വാഗ്ദാനത്തോടുള്ള ചേർച്ചയിൽ, അബ്രാഹാമിന്റെ പൗത്രനായ യാക്കോബ് ശേഖേമിൽ കൂടാരമടിച്ച് ഒരു യാഗപീഠം പണിത് അതിനെ “യിസ്രായേലിന്റെ ദൈവമാണു ദൈവം” എന്നു വിളിച്ചു. തന്റെ കുടുംബത്തിനും ആട്ടിൻകൂട്ടത്തിനും വെള്ളം കൊടുക്കാൻ അവൻ ഈ മേഖലയിൽ ഒരു കിണർ, നൂറ്റാണ്ടുകൾക്കുശേഷവും “യാക്കോബിന്റെ ഉറവു” എന്നു വിളിക്കപ്പെടുമായിരുന്ന ഒരു കിണർ, കുഴിച്ചിരിക്കാം.—ഉല്പത്തി 33:18-20, NW അടിക്കുറിപ്പ്; യോഹന്നാൻ 4:5, 6, 12.
എന്നിരുന്നാലും, യാക്കോബിന്റെ കുടുംബാംഗങ്ങളിൽ എല്ലാവരും സത്യാരാധനയോടു തീക്ഷ്ണത കാട്ടിയില്ല. അവന്റെ പുത്രിയായ ദീനാ ശേഖേമിലെ കനാന്യ പെൺകുട്ടികൾക്കിടയിൽ സുഹൃത്തുക്കളെ തേടി. അപ്പോഴും ചെറുപ്പമായിരുന്ന ദീനാ തന്റെ കുടുംബകൂടാരത്തിലെ സുരക്ഷിതത്വം വിട്ട് അടുത്ത നഗരം സന്ദർശിക്കാനും അവിടെ സുഹൃത്തുക്കളെ തേടാനും തുടങ്ങി.
അവിടത്തെ യുവാക്കൾ തങ്ങളുടെ നഗരത്തിൽ സ്ഥിരമായി, വ്യക്തമായും തനിച്ചു വന്നുപൊയ്ക്കൊണ്ടിരിക്കുന്ന, ഈ യുവ കന്യകയെ എങ്ങനെ വീക്ഷിക്കും? അവിടത്തെ പ്രഭുവിന്റെ മകൻ “അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവൾക്കു പോരായ്കവരുത്തി.” അധാർമികരായ കനാന്യരുമായി സഹവസിച്ച് ദീനാ എന്തിനാണ് അപകടം ക്ഷണിച്ചുവരുത്തിയത്? തന്റെ സമപ്രായക്കാരായ പെൺകുട്ടികളുടെ സൗഹൃദം തനിക്ക് ആവശ്യമാണെന്ന് അവൾക്കു തോന്നിയതുകൊണ്ടായിരുന്നോ? തന്റെ ചില സഹോദരന്മാരെപ്പോലെ അവൾക്കു തന്റേടവും സ്വതന്ത്രചിന്തയും ഉണ്ടായിരുന്നോ? ഉല്പത്തി വിവരണം വായിച്ച്, തങ്ങളുടെ പുത്രി ശേഖേം സന്ദർശിച്ചു വരുത്തിക്കൂട്ടിയ ദുരന്ത ഭവിഷ്യത്തുകൾ നിമിത്തം യാക്കോബിനും ലേയയ്ക്കും അനുഭവപ്പെട്ട മനോവ്യഥയും നാണക്കേടും ഗ്രഹിക്കാൻ ശ്രമിക്കുക.—ഉല്പത്തി 34:1-31; 49:5-7; 1985 ജൂൺ 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജ് 31 കാണുക.
ദിവ്യാധിപത്യ മാർഗനിർദേശങ്ങൾ അവഗണിച്ചതിന്റെ ഫലങ്ങൾ ഏതാണ്ട് 300 വർഷങ്ങൾക്കുശേഷം, പിന്നെയും തലപൊക്കി. യിസ്രായേല്യ ചരിത്രത്തിൽ ഏറ്റവും അവിസ്മരണീയമായ സമ്മേളനങ്ങളിലൊന്ന് യോശുവ ശേഖേമിൽ സംഘടിപ്പിച്ചു. താഴ്വരയിലെ ആ രംഗം ഒന്നു വിഭാവന ചെയ്യുക. യിസ്രായേലിലെ ആറു ഗോത്രങ്ങളിൽനിന്നുള്ള സ്ത്രീപുരുഷന്മാരും കുട്ടികളുമടങ്ങുന്ന പത്തു ലക്ഷത്തിലധികം പേർ ഗെരിസീം പർവതത്തിനുമുമ്പാകെ നിൽക്കുന്നു. താഴ്വരയ്ക്കപ്പുറത്തു മറ്റ് ആറ് ഗോത്രങ്ങളിൽനിന്നുള്ള, ഏതാണ്ട് അത്രയുംതന്നെ ആളുകൾ ഏബാൽ പർവതത്തിനുമുമ്പാകെ നിൽക്കുന്നു.a താഴെ, ഉടമ്പടി പെട്ടകത്തിന് അരികെ, യിസ്രായേല്യരുടെ രണ്ടു ജനക്കൂട്ടങ്ങൾക്ക് ഇടയിൽ പുരോഹിതന്മാരും യോശുവയും നിൽക്കുന്നു. എന്തൊരു പശ്ചാത്തലം!—യോശുവ 8:30-33.
ഈ ബൃഹത്തായ ജനസഞ്ചയത്തിനുമേൽ ഉയർന്നു നിൽക്കുന്ന ഈ രണ്ടു പർവതങ്ങൾ സൗന്ദര്യത്തിന്റെയും തരിശായ അവസ്ഥയുടെയും കടുത്ത വൈരുദ്ധ്യങ്ങൾ എടുത്തുകാട്ടുന്നു. ഗെരിസീമിന്റെ വടക്കെ ചെരിവ് പച്ചയും വളക്കൂറുമുള്ളതായി തോന്നും. എന്നാൽ ഏബാലിന്റേത് ഏറെയും ഉണങ്ങിയും തരിശായും കിടക്കുകയാണ്. യിസ്രായേല്യർ യോശുവ സംസാരിക്കാൻപോകുന്ന നിമിഷവും കാത്തിരിക്കുമ്പോഴത്തെ ആവേശാരവം നിങ്ങൾക്ക് അനുഭവവേദ്യമാകുന്നുണ്ടോ? ഓരോ ശബ്ദവും ഈ പ്രകൃതിദത്തമായ തിയേറ്ററിൽ പ്രതിധ്വനിക്കുന്നു.
നാലുമുതൽ ആറുവരെ മണിക്കൂറെടുത്ത് യോശുവ ‘മോശെയുടെ ന്യായപ്രമാണപുസ്തകം’ വായിക്കുന്നതിനിടയിൽ, ആളുകളും പങ്കെടുക്കുന്നു. (യോശുവ 8:34, 35) വ്യക്തമായും, ഗെരിസീമിനു മുമ്പിലുള്ള യിസ്രായേല്യർ ഓരോ അനുഗ്രഹങ്ങൾക്കുശേഷവും ആമേൻ! പറയുന്നു. അതേസമയം ഏബാലിന്റെ മുമ്പിലുള്ളവരുടെ ആമേൻ! ഓരോ ശാപവചനത്തെയും ഊന്നിപ്പറയുന്നു. ഒരുപക്ഷേ ഏബാൽ പർവതത്തിന്റെ തരിശായ പ്രതീതി അനുസരണക്കേടിന്റെ ദുരന്ത ഭവിഷ്യത്തുകളെക്കുറിച്ച് ആളുകളെ അനുസ്മരിപ്പിക്കാൻ ഉതകുന്നുണ്ടാകാം.
“അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ,” യോശുവ മുന്നറിയിപ്പ് കൊടുക്കുന്നു. പത്തുലക്ഷത്തിലധികം ആളുകളുടെ സ്വരം ഒരുമിച്ചു പ്രതികരിക്കുന്നു: ‘ആമേൻ!’ തുടർന്നു പറയുന്നതിനുമുമ്പായി ഇടിമുഴക്കംപോലുള്ള ഈ പ്രതികരണം തീരാൻ യോശുവ കാത്തുനിൽക്കുന്നു: “കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ഒരിക്കൽക്കൂടി ആറു ഗോത്രങ്ങൾ, അനേകം പരദേശികളോടൊപ്പം ഉച്ചത്തിൽ വിളിച്ചുപറയുന്നു: ‘ആമേൻ!’ (ആവർത്തനപുസ്തകം 27:16, 17) നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, പർവതങ്ങൾക്കിടയിൽ നടന്ന യോഗം നിങ്ങൾ എന്നെങ്കിലും വിസ്മരിക്കുമായിരുന്നോ? അനുസരിക്കേണ്ടതിന്റെ ആവശ്യം നിങ്ങളുടെ മനസ്സിൽ മായാതെ പതിയുമായിരുന്നില്ലേ?
ഏതാണ്ട് 20 വർഷങ്ങൾക്കുശേഷം യോശുവ മരിക്കുന്നതിനു തൊട്ടുമുമ്പ്, തങ്ങളുടെ ദൃഢപ്രതിജ്ഞ പുതുക്കാൻ അവൻ പ്രസ്തുത ജനതയെ ഒരിക്കൽക്കൂടെ ശേഖേമിൽ ഒരുമിച്ചുകൂട്ടി. ഓരോരുത്തരും നടത്തേണ്ട തിരഞ്ഞെടുപ്പ് അവൻ അവർക്കു മുമ്പിൽ വെച്ചു. “നിങ്ങൾ . . . ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” (യോശുവ 24:1, 15) വ്യക്തമായും, വിശ്വാസത്തിനു കരുത്തുപകരുന്ന, ശേഖേമിലെ ഈ കൺവെൻഷനുകൾ അവരുടെ ഹൃദയത്തെ സ്പർശിച്ചു. യോശുവയുടെ മരണത്തിനുശേഷം അനേക വർഷങ്ങളോളം യിസ്രായേല്യർ അവന്റെ വിശ്വസ്ത മാതൃക അനുകരിച്ചു.—യോശുവ 24:31.
ഏതാണ്ട് 15 നൂറ്റാണ്ടുകൾക്കുശേഷം, ഗെരിസീം പർവതത്തിനു താഴെയുള്ള തണലിൽ യേശു വിശ്രമിക്കുമ്പോൾ, ഒരു ഹൃദയോഷ്മളമായ സംഭാഷണം നടന്നു. ദീർഘയാത്രയുടെ ക്ഷീണവുമായി യേശു യാക്കോബിന്റെ ഉറവിനരികെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ശമര്യക്കാരി വെള്ളം കോരാനുള്ള കുടവുമായി എത്തിയത്. യേശു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ, സ്ത്രീ അങ്ങേയറ്റം അമ്പരന്നു. കാരണം യഹൂദന്മാർ ശമര്യക്കാരോടു സംസാരിക്കുകയില്ലായിരുന്നു. അപ്പോൾ അവളുടെ പാത്രത്തിൽനിന്നു വെള്ളം കുടിക്കുന്നതിന്റെ കാര്യം പറയേണ്ടതില്ലല്ലോ. (യോഹന്നാൻ 4:5-9) യേശുവിന്റെ അടുത്ത വാക്കുകൾ അവളെ അത്ഭുതസ്തബ്ധയാക്കി.
“ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും.” (യോഹന്നാൻ 4:13, 14) ആ വാഗ്ദാനത്തിൽ അവൾക്കുള്ള താത്പര്യം വിഭാവന ചെയ്യുക, കാരണം ഈ ആഴമുള്ള കിണറിൽനിന്നു വെള്ളം കൊണ്ടുപോകുന്നത് ക്ഷീണിപ്പിക്കുന്ന ഒരു വേലയായിരുന്നു. യെരൂശലേമിനും ഗെരിസീം പർവതത്തിനും ചരിത്ര പ്രാധാന്യമുണ്ടെങ്കിലും ദൈവത്തെ സമീപിക്കുന്നതിന് അത്യന്താപേക്ഷിതമായ മതപരമായ സ്ഥലങ്ങളല്ലെന്ന് യേശു കൂടുതലായി വിശദമാക്കി. ഹൃദയനിലയ്ക്കും നടത്തയ്ക്കുമാണ് പ്രാധാന്യം, അല്ലാതെ സ്ഥലത്തിനല്ല. “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു,” അവൻ പറഞ്ഞു. (യോഹന്നാൻ 4:23) ആ വാക്കുകൾ എത്ര ആശ്വാസദായകമായിരുന്നിരിക്കണം! വീണ്ടും ഈ താഴ്വര, ആളുകൾ യഹോവയെ സേവിക്കാൻ ഉദ്ബോധിപ്പിക്കപ്പെട്ട ഒരു സ്ഥലമായിത്തീർന്നു.
ഇന്ന്, പുരാതന ശേഖേമിന്റെ അവശിഷ്ടങ്ങൾക്കരികിലായി നാബ്ലസ് നഗരം സ്ഥിതിചെയ്യുന്നു. ഗെരിസീം പർവതവും ഏബാൽ പർവതവും കഴിഞ്ഞകാല സംഭവങ്ങളുടെ മൂകസാക്ഷികളായി താഴ്വരയിൽ ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്നു. ഈ പർവതങ്ങളുടെ അടിവാരത്ത് ഇപ്പോഴും യാക്കോബിന്റെ കിണർ സന്ദർശിക്കാവുന്നതാണ്. അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, യോശുവയും യേശുവും നമ്മെ പഠിപ്പിച്ചതുപോലെ, സത്യാരാധന ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു നാം അനുസ്മരിപ്പിക്കപ്പെടുന്നു.—യെശയ്യാവു 2:2, 3 താരതമ്യം ചെയ്യുക.
[അടിക്കുറിപ്പുകൾ]
a ഗെരിസീം പർവതത്തിനുമുമ്പാകെ നിന്ന ആറു ഗോത്രങ്ങൾ ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ എന്നിവയാണ്. ഏബാൽ പർവതത്തിനുമുമ്പാകെ നിന്ന ആറു ഗോത്രങ്ങൾ രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി എന്നിവയും.—ആവർത്തനപുസ്തകം 27:12, 13.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.