മരണാനന്തര ജീവിതം—ബൈബിൾ എന്തു പറയുന്നു?
“നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.”—ഉല്പത്തി 3:19.
1, 2. (എ) മരണാനന്തര ജീവിതത്തെ കുറിച്ച് ഭിന്നമായ എന്തെല്ലാം ആശയങ്ങളാണ് ഉള്ളത്? (ബി) മനുഷ്യൻ വാസ്തവത്തിൽ എന്താണ് എന്നതു സംബന്ധിച്ചു ബൈബിൾ പഠിപ്പിക്കുന്നതു മനസ്സിലാക്കാൻ നാം എന്തു പരിശോധിക്കണം?
“സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ ദൈവം സ്നേഹിക്കുന്നു എന്ന വിശ്വാസത്തിനു നിരക്കാത്തതാണു നിത്യദണ്ഡന സിദ്ധാന്തം. . . . ഏതാനും വർഷങ്ങൾ ചെയ്ത തെറ്റുകളെ പ്രതി, തിരുത്താനുള്ള അവസരം ലഭിക്കാതെ, ആത്മാവ് നിത്യമായി ദണ്ഡിപ്പിക്കപ്പെടും എന്നു വിശ്വസിക്കുന്നത് സകല ന്യായബോധത്തിനും എതിരാണ്” എന്ന് ഹൈന്ദവ തത്ത്വചിന്തകനായ നിഖിലാനന്ദ അഭിപ്രായപ്പെട്ടു.
2 നിഖിലാനന്ദയെ പോലുള്ള പലരും നിത്യദണ്ഡനം എന്ന പഠിപ്പിക്കലിൽ അസ്വസ്ഥരാണ്. സമാനമായി, നിർവാണം പ്രാപിച്ച് പ്രകൃതിയിൽ ലയിക്കുന്നതു പോലുള്ള ആശയങ്ങൾ ഉൾക്കൊള്ളാൻ മറ്റു ചിലർക്കു ബുദ്ധിമുട്ടുണ്ട്. തങ്ങളുടെ വിശ്വാസങ്ങൾക്ക് അടിസ്ഥാനം ബൈബിൾ ആണെന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ പോലും, മനുഷ്യൻ എന്താണ് എന്നതും മരിക്കുമ്പോൾ അവന് എന്തു സംഭവിക്കുന്നു എന്നതുമൊക്കെ സംബന്ധിച്ച് ഭിന്നമായ ആശയങ്ങളാണ് ഉള്ളത്. എന്നാൽ, മനുഷ്യൻ സൃഷ്ടിക്കപ്പെട്ട വിധത്തെ കുറിച്ചു വാസ്തവത്തിൽ ബൈബിൾ എന്താണു പറയുന്നത്? അതു മനസ്സിലാക്കാൻ, നെഫെഷ് എന്ന എബ്രായ പദത്തിന്റെയും സൈക്കി എന്ന ഗ്രീക്കു പദത്തിന്റെയും അർഥം നാം പരിശോധിക്കേണ്ടതുണ്ട്.
നെഫെഷ്, സൈക്കി—ബൈബിൾ പറയുന്ന പ്രകാരം
3. (എ) നെഫെഷ് എന്ന എബ്രായ പദത്തിന്റെ അർഥം എന്ത്? (ബി) “ദേഹി” എന്ന പദം മുഴു വ്യക്തിയെയും കുറിക്കുന്നതായി ഉല്പത്തി 2:7 സ്ഥിരീകരിക്കുന്നത് എങ്ങനെ?
3 നെഫെഷ് എന്ന എബ്രായ പദം എബ്രായ തിരുവെഴുത്തുകളിൽ 754 പ്രാവശ്യം കാണാം. എന്താണ് നെഫെഷ് എന്നതിന്റെ അർഥം? ബൈബിൾ-മത നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, അത് “സാധാരണമായി ഒരു ജീവിയെ ഒന്നാകെ, ഒരു വ്യക്തിയെ മുഴുവനായി പരാമർശിക്കുന്നു.” മലയാളം ബൈബിളിൽ ഈ പദം ദേഹി, ജീവജന്തു, ജലജന്തു, മനുഷ്യൻ, പ്രാണൻ, ജീവൻ എന്നിങ്ങനെയൊക്കെ തർജമ ചെയ്തിരിക്കുന്നു. മനുഷ്യൻ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന ബൈബിളിന്റെ സരളമായ വിവരണം ഇതിനു തെളിവാണ്. ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തിയിൽ ഇങ്ങനെ പറയുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി [നെഫെഷ് ആയി] തീർന്നു.” (ഉല്പത്തി 2:7) അതുകൊണ്ട്, ആദാം “ദേഹിയായി തീർന്നു” എന്നു ബൈബിൾ പറയുമ്പോൾ, അമർത്യമായ ഒരു സംഗതി അവന്റെ ഉള്ളിൽ നിവേശിപ്പിച്ചുവെന്ന് അർഥമില്ല. മറിച്ച്, അവൻ ജീവനുള്ള ഒരു വ്യക്തി ആയിത്തീർന്നു എന്നു മാത്രമേ അതിന് അർഥമുള്ളൂ. തന്മൂലം, ഇവിടത്തെ “ദേഹി” എന്ന പദം മുഴു വ്യക്തിയെയും പരാമർശിക്കുന്നു.
4. സൈക്കി എന്ന ഗ്രീക്കു പദത്തിന്റെ അർഥം എന്ത്?
4 എന്താണു സൈക്കി? നെഫെഷ് എന്ന വാക്കുപോലെ, മിക്കപ്പോഴും ഒരു മുഴു വ്യക്തിയെ പരാമർശിക്കുന്നതാണ് ഈ പദവും. അതിന്റെ അർഥം മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ പരിചിന്തിക്കുക: “എല്ലാവർക്കും (സൈക്കി) ഭയമായി.” (പ്രവൃത്തികൾ 2:43) “ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും (സൈക്കി) ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും.” (പ്രവൃത്തികൾ 3:23) “ഏതു മനുഷ്യനും (സൈക്കി) ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ.” (റോമർ 13:1) “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ (സൈക്കി), വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.” (1 പത്രൊസ് 3:20) വ്യക്തമായും, നെഫെഷ് എന്ന പദം പോലെ, സൈക്കി എന്ന വാക്കും മുഴു വ്യക്തിയെ സൂചിപ്പിക്കുന്നു. പണ്ഡിതനായ നൈജൽ ടേർണർ പറയുന്നതനുസരിച്ച്, ഈ വാക്ക് സ്വാഭാവിക മനുഷ്യനെ, വ്യക്തിയെ, ദൈവത്തിന്റെ റൂഹ് [പ്രവർത്തനനിരതമായ ശക്തി] നിശ്വസിക്കപ്പെട്ട ഭൗതിക ശരീരത്തെ സൂചിപ്പിക്കുന്നു. . . . ഊന്നൽ മുഴു വ്യക്തിക്കുമാണ്.”
5. നെഫെഷ് എന്ന എബ്രായ പദവും സൈക്കി എന്ന ഗ്രീക്കു പദവും മറ്റെന്തിനെ കൂടി പരാമർശിക്കുന്നു?
5 ബൈബിളിലെ നെഫെഷ്, സൈക്കി എന്നീ പദങ്ങൾ മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും ബാധകമാണ് എന്നതാണു രസാവഹം. ഉദാഹരണത്തിന് സമുദ്രജീവികളെ സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള വിവരണത്തിൽ, ദൈവം പിൻവരുന്ന പ്രകാരം കൽപ്പിച്ചതായി ഉല്പത്തി 1:20 പറയുന്നു: “വെള്ളത്തിൽ ജലജന്തുക്കൾ [എബ്രായയിൽ, നെഫെഷ്] കൂട്ടമായി ജനിക്കട്ടെ.” അടുത്ത സൃഷ്ടിദിവസം, “അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ [എബ്രായയിൽ, നെഫെഷ്] ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു.”—ഉല്പത്തി 1:24; വെളിപ്പാടു 16:3 താരതമ്യം ചെയ്യുക.
6. നെഫെഷ്, സൈക്കി എന്നീ വാക്കുകൾ മറ്റെന്തിനെയും പരാമർശിക്കുന്നു?
6 അതുകൊണ്ട്, ഒരു വ്യക്തിയെയോ മൃഗത്തെയോ വ്യക്തിയുടെ ജീവനെയോ മൃഗത്തിന്റെ ജീവനെയോ പരാമർശിക്കാൻ ബൈബിളിൽ നെഫെഷ്, സൈക്കി എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത്. (മുകളിലത്തെ ചതുരം കാണുക.) മനുഷ്യൻ എന്താണ് എന്നതു സംബന്ധിച്ച ബൈബിളിന്റെ നിർവചനം സരളവും യോജിപ്പുള്ളതും മനുഷ്യരുടെ സങ്കീർണമായ തത്ത്വശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും കലരാത്തതുമാണ്. ആ സ്ഥിതിക്ക്, ഒരു അടിയന്തിര ചോദ്യം ഉയർന്നുവരുന്നു: ബൈബിൾ പറയുന്ന പ്രകാരം, മരിക്കുമ്പോൾ മനുഷ്യന് എന്തു സംഭവിക്കുന്നു?
മരിച്ചവർ അബോധാവസ്ഥയിൽ ആണ്
7, 8. (എ) മരിച്ചവരുടെ അവസ്ഥയെ കുറിച്ചു തിരുവെഴുത്തുകൾ എന്തു വെളിപ്പെടുത്തുന്നു? (ബി) ഒരു വ്യക്തിയുടെ ഏതെങ്കിലും ഭാഗം മരണത്തെ അതിജീവിക്കുന്നതായി ബൈബിൾ സൂചിപ്പിക്കുന്നുണ്ടോ?
7 മരിച്ചവരുടെ അവസ്ഥ എന്താണെന്ന് സഭാപ്രസംഗി 9:5, 10-ൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “മരിച്ചവർ യാതൊന്നും അറിയുന്നില്ല . . . ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ബുദ്ധിയോ ഇല്ല.” (മോഫറ്റ്) അതിനാൽ മരണം എന്നത് അസ്തിത്വരഹിതമായ ഒരു അവസ്ഥ ആണ്. ഒരാൾ മരിക്കുമ്പോൾ, “അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു” എന്നു സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 146:4) മരിച്ചവർ അബോധാവസ്ഥയിൽ, നിഷ്ക്രിയാവസ്ഥയിൽ ആണ്.
8 ആദാമിനെ വിധിച്ചുകൊണ്ട് ദൈവം പറഞ്ഞു: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) ദൈവം ആദാമിനെ നിലത്തെ പൊടിയിൽനിന്നു സൃഷ്ടിച്ചിട്ട് അവനു ജീവൻ നൽകുന്നതിനു മുമ്പ്, അവൻ അസ്തിത്വരഹിതൻ ആയിരുന്നു. മരിച്ചപ്പോൾ അവൻ വീണ്ടും ആ അവസ്ഥയിലായി. അവനു ലഭിച്ച ശിക്ഷ മറ്റൊരു മണ്ഡലത്തിലേക്കുള്ള മാറ്റമല്ല, മറിച്ച് മരണം ആയിരുന്നു. തുടർന്നും ജീവിച്ചിരിക്കുന്ന അമർത്യമായ ഒരു ഭാഗം അവനിൽ ഉണ്ടായിരുന്നോ? ഇല്ല. ഒരാൾ മരിക്കുമ്പോൾ അയാൾ പൂർണമായി മരിക്കുന്നു എന്ന് ബൈബിൾ പറയുന്നു. നെഫെഷിന്റെയും സൈക്കിയുടെയും ഉള്ളിൽ അമർത്യമായ എന്തെങ്കിലും ഉള്ളതായി അതു പഠിപ്പിക്കുന്നില്ല. അമർത്യ ആത്മാവിൽ വിശ്വസിക്കുന്ന ഒരുവന് ഇത് അസാധാരണമായി തോന്നിയേക്കാം. എന്നാൽ മരിക്കുമ്പോൾ മുഴു വ്യക്തിയും, അതായത് നെഫെഷ് അഥവാ സൈക്കി, ആണു മരിക്കുന്നത്. യാതൊന്നും അതിജീവിക്കുന്നതായി പറഞ്ഞിട്ടില്ല.
9. റാഹേലിന്റെ ‘ജീവൻ പോകുന്ന സമയം’ എന്നു പറയുന്നതിനാൽ ബൈബിൾ എന്ത് അർഥമാക്കുന്നു?
9 രണ്ടാമത്തെ മകനെ പ്രസവിക്കവേ റാഹേലിനു സംഭവിച്ച ദാരുണ മരണത്തെ കുറിച്ച് ഉല്പത്തി 35:18-ൽ കാണുന്ന പ്രസ്താവന സംബന്ധിച്ചോ? അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ജീവൻ [നെഫെഷ്] പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു.” മരണത്തിൽ തന്നെ വിട്ടുപോയ ഒരു ആന്തരിക വ്യക്തി റാഹേലിന് ഉണ്ടായിരുന്നുവെന്ന് ഈ ഭാഗം പ്രകടമാക്കുന്നുണ്ടോ? തീർച്ചയായും ഇല്ല. നെഫെഷിന് ഒരു വ്യക്തിയുടെ ജീവനെ അർഥമാക്കാൻ കഴിയും എന്ന് ഇതു വ്യക്തമായും പ്രകടമാക്കുന്നു. അതുകൊണ്ടാണ് ‘ജീവൻ പോകുന്ന സമയം’ എന്നതിനെ “അവളുടെ ജീവൻ അസ്തമിച്ചുകൊണ്ടിരിക്കെ,” (നോക്സ്) “അവൾ അന്ത്യശ്വാസം വലിച്ചപ്പോൾ,” (യെരുശലേം ബൈബിൾ) “ജീവൻ അവളിൽനിന്നു പോയപ്പോൾ” (അടിസ്ഥാന ഇംഗ്ലീഷിലെ ബൈബിൾ) എന്നു മറ്റു ബൈബിളുകളിൽ ആ ഭാഗം തർജമ ചെയ്തിരിക്കുന്നത്. റാഹേലിന്റെ നിഗൂഢമായ ഒരു ഭാഗം അവളുടെ മരണത്തെ അതിജീവിച്ചു എന്നതിനു യാതൊരു സൂചനയുമില്ല.
10. വിധവയുടെ ഉയിർപ്പിക്കപ്പെട്ട മകന്റെ പ്രാണൻ ഏത് അർഥത്തിലാണ് ‘അവനിലേക്കു മടങ്ങിവന്നത്’?
10 1 രാജാക്കന്മാർ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിധവയുടെ പുത്രനെ ഉയിർപ്പിച്ച കാര്യവും ഇതിനോടു സമാനമാണ്. ഏലീയാവ് കുട്ടിക്കു വേണ്ടി പ്രാർഥിച്ചുവെന്ന് 21-ാം വാക്യത്തിൽ നാം വായിക്കുന്നു. 22-ാം വാക്യം ഇങ്ങനെ പറയുന്നു: “യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ [നെഫെഷ്] അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.” വീണ്ടും, “പ്രാണൻ” എന്ന പദം ജീവനെ അർഥമാക്കുന്നു. അതിനാൽ, ന്യൂ അമേരിക്കൻ സ്റ്റാൻഡേർഡ് ബൈബിൾ അവിടെ ഇങ്ങനെ പറയുന്നു: “കുട്ടിയുടെ ജീവൻ അവനിലേക്കു മടങ്ങിവന്നു, അവനു ജീവൻ വെച്ചു.” അതേ, കുട്ടിയിലേക്കു മടങ്ങിവന്നത് നിഴൽ പോലുള്ള എന്തെങ്കിലും അല്ല, ജീവൻ ആണ്. ഇതിനോടു ചേർച്ചയിൽ ഏലീയാവ് കുട്ടിയുടെ മാതാവിനോട് പറഞ്ഞു: “ഇതാ, നിന്റെ മകൻ [മുഴു വ്യക്തിയും] ജീവിച്ചിരിക്കുന്നു.”—1 രാജാക്കന്മാർ 17:23.
ബൈബിളിൽ കാണുന്ന ആത്മാവ് എന്ന പദത്തിന്റെ കാര്യമോ?
11. ബൈബിളിലെ “ആത്മാവ്” എന്ന പദം മരണത്തെ അതിജീവിക്കുന്ന, ശരീരത്തെ വിട്ടുപോകുന്ന ഒരു ഭാഗത്തെ പരാമർശിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
11 ബൈബിളിൽ ആത്മാവ് [എബ്രായയിൽ, റുവാക്ക്; ഗ്രീക്കിൽ, ന്യൂമ] എന്നു ചിലപ്പോൾ തർജമ ചെയ്തിരിക്കുന്ന വാക്കുകളുടെ അടിസ്ഥാന അർഥം “ശ്വാസം” എന്നാണ്. പല ബൈബിളുകളിലും ആ വാക്കുകൾ വിവർത്തനം ചെയ്തിരിക്കുന്നതും അങ്ങനെയാണ്. അതുകൊണ്ട്, ഒരു വ്യക്തി മരിക്കുമ്പോൾ “അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു” എന്നു സങ്കീർത്തനം 146:4 മിക്ക ബൈബിളുകളിലും തർജമ ചെയ്തിരിക്കുന്നതായി കാണാം. ‘ആത്മാവ് പോകുന്നു’ എന്നതുകൊണ്ട് അമർത്യമായ, ബോധമുള്ള എന്തോ ഒന്ന് അദൃശ്യ ലോകത്ത് ജീവിക്കാനായി ശരീരത്തെ വിട്ടുപോകുന്നു എന്നല്ല ആ ഭാഷാന്തരങ്ങൾ അർഥമാക്കുന്നത്. അങ്ങനെ ആയിരിക്കാൻ ആവില്ല. കാരണം, സങ്കീർത്തനക്കാരൻ തുടർന്നു പറയുന്നു: “അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു” (“അവന്റെ സകല ചിന്തയും അവസാനിക്കുന്നു,” ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ).
12. റുവാക്ക് എന്ന എബ്രായ പദവും ന്യൂമ എന്ന ഗ്രീക്കു പദവും മറ്റെന്തിനെ കൂടി സൂചിപ്പിക്കുന്നു?
12 എന്നാൽ ഈ എബ്രായ, ഗ്രീക്കു പദങ്ങൾ “ശ്വാസം” എന്നല്ല എപ്പോഴും വിവർത്തനം ചെയ്യാറുള്ളത്. കാരണം, ശ്വസനത്തെക്കാൾ അധികം കാര്യങ്ങളെ അവ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ആഗോള ജലപ്രളയ സമയത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും നാശത്തെക്കുറിച്ചു വിവരിക്കുന്ന ഉല്പത്തി 7:22 ഇങ്ങനെ പറയുന്നു: ‘കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസം [“ജീവശക്തിയുടെ (എബ്രായ, റുവാക്ക്) ശ്വാസം,” NW] ഉള്ളത് ഒക്കെയും ചത്തു.’ അതുകൊണ്ട്, ബൈബിളിൽ “ജീവശക്തി” എന്നു ചിലപ്പോൾ പരിഭാഷപ്പെടുത്തിയിരിക്കുന്ന റുവാക്ക് എന്ന എബ്രായ പദം സകല ജീവികളിലും, മനുഷ്യരിലും മൃഗങ്ങളിലും, ശ്വാസോച്ഛ്വാസത്താൽ നിലനിർത്തപ്പെടുന്ന പ്രവർത്തന നിരതമായ ജീവശക്തിയെ പരാമർശിക്കുന്നു.
13. ഒരു വ്യക്തി മരിക്കുമ്പോൾ, ബൈബിളിൽ പറഞ്ഞിരിക്കുന്ന ആത്മാവ് എങ്ങനെയാണു ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നത്?
13 അങ്ങനെയെങ്കിൽ, ഒരാൾ മരിക്കുമ്പോൾ “ആത്മാവു (റുവാക്ക്) അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും” എന്ന് സഭാപ്രസംഗി 12:7 പറയുന്നതിന്റെ അർഥം എന്താണ്? ആത്മാവ് അക്ഷരീയമായി ആകാശത്തിലൂടെ സഞ്ചരിച്ച് ദൈവത്തിന്റെ അടുക്കൽ എത്തുന്നു എന്നാണോ അതിന്റെ അർഥം? ആ അർഥമൊന്നും അതിനില്ല. നേരത്തെ പരാമർശിച്ചതു പോലെ, ദേഹത്തിന്റെ മരണാനന്തരം തുടർന്നും ജീവിച്ചിരിക്കുന്ന നിഴൽപോലുള്ള, അമർത്യമായ ഒന്നിനെ റുവാക്ക് ഒരിക്കലും അർഥമാക്കുന്നില്ല. ബൈബിളിൽ പറഞ്ഞിരിക്കുന്ന റുവാക്ക് എന്നതു ജീവശക്തി ആയതിനാൽ അതു “ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും” എന്നു പറയുമ്പോൾ, ഒരു വ്യക്തിയെ സംബന്ധിച്ച ഏതൊരു ഭാവി ജീവിതപ്രതീക്ഷയും പൂർണമായും ദൈവത്തിൽ നിക്ഷിപ്തമായിരിക്കുന്നു എന്നാണ് അർഥം. ഒരു വ്യക്തിയെ ജീവനിലേക്കു വരാൻ ഇടയാക്കിക്കൊണ്ട് റുവാക്കിനെ അഥവാ ജീവശക്തിയെ പുനഃസ്ഥിതീകരിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. (സങ്കീർത്തനം 104:30) എന്നാൽ അങ്ങനെ ചെയ്യാൻ ദൈവം ഉദ്ദേശിക്കുന്നുണ്ടോ?
‘അവൻ ഉയിർത്തെഴുന്നേൽക്കും’
14. ലാസർ മരിച്ചപ്പോൾ അവന്റെ സഹോദരിമാർക്കു സമാശ്വാസം കൈവരുത്താൻ യേശു എന്തു പറയുകയും പ്രവർത്തിക്കുകയും ചെയ്തു?
14 യെരൂശലേമിന്റെ കിഴക്കു മാറി മൂന്നു കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചു പട്ടണമാണ് ബേഥാന്യ. മാർത്തയും മറിയയും തങ്ങളുടെ സഹോദരനായ ലാസറിന്റെ അകാല മരണത്തിൽ ദുഃഖിച്ചിരിക്കുകയാണ്. യേശു അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. കാരണം അവന് ലാസറിനോടും അവന്റെ സഹോദരിമാരോടും സ്നേഹമുണ്ടായിരുന്നു. അവന്റെ സഹോദരിമാരെ യേശുവിന് എങ്ങനെ സാന്ത്വനിപ്പിക്കാൻ കഴിയുമായിരുന്നു? കെട്ടിച്ചമച്ച എന്തെങ്കിലും കഥ പറഞ്ഞുകൊണ്ടല്ല, മറിച്ച് സത്യം പറഞ്ഞുകൊണ്ട്. “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും” എന്ന് യേശു പറഞ്ഞു. എന്നിട്ട് യേശു കല്ലറയ്ക്കൽ ചെന്ന് ലാസറെ ഉയിർപ്പിച്ചു—നാലു ദിവസമായി മരിച്ചുകിടന്ന ആ മനുഷ്യൻ ജീവനിലേക്കു വന്നു!—യോഹന്നാൻ 11:18-23, 38-44.
15. യേശു പറയുകയും പ്രവർത്തിക്കുകയും ചെയ്ത സംഗതികളോടു മാർത്ത എങ്ങനെ പ്രതികരിച്ചു?
15 ലാസർ “ഉയിർത്തെഴുന്നേല്ക്കും” എന്ന യേശുവിന്റെ പ്രസ്താവന മാർത്തയെ അമ്പരപ്പിച്ചോ? തീർച്ചയായും ഇല്ല. കാരണം, “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു” എന്ന് അവൾ പറഞ്ഞു. പുനരുത്ഥാന വാഗ്ദത്തത്തിൽ അവൾക്ക് അപ്പോൾത്തന്നെ വിശ്വാസം ഉണ്ടായിരുന്നു. അപ്പോൾ, “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും” എന്ന് യേശു അവളോടു പറഞ്ഞു. (യോഹന്നാൻ 11:23-25) ജീവനിലേക്കുള്ള ലാസറിന്റെ പുനഃസ്ഥിതീകരണം അവളുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാനും മറ്റുള്ളവരിൽ വിശ്വാസം ഉൾനടാനും സഹായിച്ചു. (യോഹന്നാൻ 11:45) എന്നാൽ “പുനരുത്ഥാനം” എന്ന പദപ്രയോഗത്തിന്റെ യഥാർഥ അർഥം എന്താണ്?
16. “പുനരുത്ഥാനം” എന്ന പദത്തിന്റെ അർഥം എന്ത്?
16 “വീണ്ടുമുള്ള ഒരു എഴുന്നേൽക്കൽ” എന്ന് അക്ഷരീയ അർഥമുള്ള അനസ്താസിസ് എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് “പുനരുത്ഥാനം.” “മരിച്ചവരുടെ പുനരുജ്ജീവനം” (എബ്രായ, തെച്ചിയാത്ത് ഹാമ്മെതിം) എന്ന് അർഥമുള്ള ഒരു പദമാണ് ഗ്രീക്കിൽനിന്ന് എബ്രായയിലേക്കു പരിഭാഷ നടത്തിയിരുന്നവർ അനസ്താസിസ് എന്നതിന്റെ തർജമയായി ഉപയോഗിച്ചത്.a അതുകൊണ്ട്, മരണം എന്ന നിർജീവ അവസ്ഥയിൽനിന്ന് ഒരാളെ എഴുന്നേൽപ്പിക്കുന്നത് പുനരുത്ഥാനത്തിൽ ഉൾപ്പെടുന്നു—ആ വ്യക്തിയുടെ ജീവിതസ്വഭാവം പുനഃസ്ഥാപിച്ച് വീണ്ടും സജീവമാക്കുക എന്നാണ് അതിനർഥം.
17. (എ) ആളുകളെ ഉയിർപ്പിക്കുന്നത് യഹോവയാം ദൈവത്തിനും യേശുക്രിസ്തുവിനും ഒരു പ്രശ്നമല്ലാത്തത് എന്തുകൊണ്ട്? (ബി) സ്മാരക കല്ലറകളിൽ ഉള്ളവരെ സംബന്ധിച്ച് എന്തു വാഗ്ദാനമാണ് യേശു നടത്തിയത്?
17 നിസ്സീമമായ ജ്ഞാനവും സമ്പൂർണമായ ഓർമയും ഉള്ളതിനാൽ ഒരാളെ ഉയിർപ്പിക്കാൻ യഹോവയാം ദൈവത്തിനു നിഷ്പ്രയാസം സാധിക്കും. ആളുകൾ ജീവിച്ചിരുന്നപ്പോഴത്തെ അവരുടെ പ്രത്യേകതകൾ—വ്യക്തിത്വ സവിശേഷതകൾ, വ്യക്തി ചരിത്രം, സ്വഭാവ വിശദാംശങ്ങൾ എന്നിവയൊക്കെ—ഓർത്തിരിക്കുന്നത് അവനു പ്രശ്നമല്ല. (ഇയ്യോബ് 12:13; യെശയ്യാവു 40:26 താരതമ്യം ചെയ്യുക.) മാത്രമല്ല, ലാസറിന്റെ അനുഭവം സൂചിപ്പിക്കുന്നതു പോലെ മരിച്ചവരെ ഉയിർപ്പിക്കാൻ യേശുക്രിസ്തു മനസ്സൊരുക്കമുള്ളവനും പ്രാപ്തനുമാണ്. (ലൂക്കൊസ് 7:11-17-ഉം 8:40-56-ഉം താരതമ്യം ചെയ്യുക.) വാസ്തവത്തിൽ, യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “കല്ലറകളിൽ [“സ്മാരക കല്ലറകളിൽ,” NW] ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) അതേ, യഹോവയുടെ സ്മരണയിൽ ഉള്ള എല്ലാവരും പുനരുത്ഥാനം ചെയ്യുമെന്ന് യേശുക്രിസ്തു വാഗ്ദത്തം ചെയ്തു. വ്യക്തമായും ബൈബിൾ പറയുന്നതനുസരിച്ച്, ഒരു വ്യക്തി മരിക്കുമ്പോൾ അയാളിൽ അമർത്യമായ യാതൊന്നും തുടർന്നു ജീവിക്കുന്നില്ല. മറിച്ച്, മരണത്തിനുള്ള പരിഹാരം പുനരുത്ഥാനമാണ്. മരിച്ചവർ ശതകോടിക്കണക്കിനാണ്. ദൈവത്തിന്റെ സ്മരണയിൽ ഉള്ളവരിൽ വേറെ ആരാണു പുനരുത്ഥാനം കാത്തിരിക്കുന്നത്?
18. ആർ പുനരുത്ഥാനം പ്രാപിക്കും?
18 യഹോവയുടെ ദാസന്മാർ എന്ന നിലയിൽ നീതിനിഷ്ഠരായി ജീവിച്ചവർ ആയിരിക്കും പുനരുത്ഥാനം ചെയ്യപ്പെടുക. എന്നിരുന്നാലും, ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുമോ ഇല്ലയോ എന്ന് പ്രകടമാക്കാതെ കോടിക്കണക്കിന് ആളുകൾ മരിച്ചിട്ടുണ്ട്. അവർക്ക് യഹോവയുടെ വ്യവസ്ഥകൾ സംബന്ധിച്ച് അറിയില്ലായിരുന്നു, അല്ലെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനുള്ള സമയം ലഭിച്ചിട്ടില്ലായിരുന്നു. ദൈവത്തിന്റെ സ്മരണയിൽ ഉള്ളതിനാൽ അവരും പുനരുത്ഥാനം പ്രാപിക്കും. കാരണം, ബൈബിൾ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
19. (എ) പുനരുത്ഥാനം സംബന്ധിച്ച് യോഹന്നാൻ അപ്പൊസ്തലന് എന്തു ദർശനമാണു ലഭിച്ചത്? (ബി) “തീപ്പൊയ്ക”യിൽ ‘തള്ളിയിട’പ്പെട്ടത് എന്താണ്, എന്താണ് ആ വാക്കിന്റെ അർഥം?
19 പുനരുത്ഥാനം പ്രാപിച്ചവർ ദൈവസിംഹാസനത്തിനു മുമ്പാകെ നിൽക്കുന്ന ഉജ്വലമായ ദർശനം അപ്പൊസ്തലനായ യോഹന്നാനു ലഭിച്ചു. അതേക്കുറിച്ചു വർണിച്ചുകൊണ്ട് അവൻ എഴുതി: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും [“ഹേഡീസും,” NW] തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും [“ഹേഡീസിനെയും,” NW] തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.” (വെളിപ്പാടു 20:12-14) അതേക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കുക! മരിച്ചവരെങ്കിലും ദൈവത്തിന്റെ സ്മരണയിലുള്ള സകലരും മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയായ ഹേഡീസിൽ നിന്ന്, അഥവാ ഷിയോളിൽ നിന്ന്, വിടുവിക്കപ്പെടും. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:31; NW) അപ്പോൾ “മരണവും ഹേഡീസും” സമ്പൂർണ നാശത്തെ പ്രതീകപ്പെടുത്തുന്ന “തീപ്പൊയ്ക”യിലേക്ക് എറിയപ്പെടും. മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴി അങ്ങനെ ഇല്ലാതാകും.
ഒരു അനുപമ പ്രതീക്ഷ!
20. മരിച്ച കോടിക്കണക്കിന് ആളുകൾ എങ്ങനെയുള്ള ചുറ്റുപാടിലേക്ക് ആയിരിക്കും ഉയിർപ്പിക്കപ്പെടുക?
20 കോടിക്കണക്കിന് ആളുകൾ ഉയിർപ്പിക്കപ്പെടുമ്പോൾ ശൂന്യമായ ഒരു ഭൂമിയിലെ ജീവനിലേക്ക് ആയിരിക്കില്ല അവർ തിരികെ വരുന്നത്. (യെശയ്യാവു 45:18) മനോഹരമായ ചുറ്റുപാടിലേക്ക് ആയിരിക്കും അവർ പുനരുത്ഥാനം പ്രാപിക്കുക. താമസസൗകര്യവും വസ്ത്രങ്ങളും ധാരാളം ഭക്ഷ്യവസ്തുക്കളും തങ്ങൾക്കായി ഒരുക്കിവെച്ചിരിക്കുന്നത് അവർ കാണും. (സങ്കീർത്തനം 67:6; 72:16; യെശയ്യാവു 65:21, 22) ആരായിരിക്കും ഈ ഒരുക്കങ്ങളൊക്കെ നടത്തുക? വ്യക്തമായും, ഭൗമിക പുനരുത്ഥാനം തുടങ്ങുന്നതിനു മുമ്പ് പുതിയ ലോകത്തിൽ ജീവിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. ആരായിരിക്കും അവർ?
21, 22. അന്ത്യകാലത്തു ജീവിക്കുന്നവർക്ക് അനുപമമായ എന്തു പ്രതീക്ഷയാണ് ഉള്ളത്?
21 നാം ജീവിക്കുന്നത് ഈ വ്യവസ്ഥിതിയുടെ ‘അന്ത്യകാലത്ത്’ ആണെന്നു ബൈബിൾ പ്രവചന നിവൃത്തി കാണിക്കുന്നു.b (2 തിമൊഥെയൊസ് 3:1) പെട്ടെന്നുതന്നെ യഹോവയാം ദൈവം മനുഷ്യ കാര്യാദികളിൽ ഇടപെടുകയും ഭൂമിയിൽ നിന്ന് ദുഷ്ടത തുടച്ചുനീക്കുകയും ചെയ്യും. (സങ്കീർത്തനം 37:10, 11; സദൃശവാക്യങ്ങൾ 2:21, 22) അപ്പോൾ ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നവർക്ക് എന്തു സംഭവിക്കും?
22 യഹോവ ദുഷ്ടരോടൊപ്പം നീതിമാന്മാരെ നശിപ്പിക്കുകയില്ല. (സങ്കീർത്തനം 145:20) അവൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല, ഭൂമിയിൽനിന്ന് സകല തിന്മയും നീക്കം ചെയ്യുന്ന സമയത്തും അവൻ അങ്ങനെ ചെയ്യുകയില്ല. (ഉല്പത്തി 18:22, 23, 26 താരതമ്യം ചെയ്യുക.) വാസ്തവത്തിൽ, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” “മഹോപദ്രവ”ത്തിൽ (NW) നിന്നു പുറത്തു വരുന്നതായി ബൈബിളിലെ അവസാന പുസ്തകം പറയുന്നു. (വെളിപ്പാടു 7:9-14) അതേ, ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിക്ക് അറുതി വരുത്തുന്ന മഹോപദ്രവത്തെ ഒരു മഹാപുരുഷാരം അതിജീവിക്കും, അവർ ദൈവത്തിന്റെ പുതിയ ലോകത്തിൽ പ്രവേശിക്കും. അവിടെ, മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കുന്ന ദൈവത്തിന്റെ അത്ഭുതകരമായ കരുതലിൽനിന്ന് അനുസരണമുള്ള മനുഷ്യർ പൂർണ പ്രയോജനം നേടും. (വെളിപ്പാടു 22:1, 2) അങ്ങനെ, “മഹാപുരുഷാരം” ഒരിക്കലും മരിക്കേണ്ടി വരില്ല. എത്ര അനുപമമായ ഒരു പ്രതീക്ഷ!
മരണം ഇല്ലാത്ത ജീവിതം
23, 24. ഭൂമിയിലെ പറുദീസയിൽ മരണം ഇല്ലാത്ത ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
23 വിസ്മയാവഹമായ ഈ പ്രത്യാശ വിശ്വസനീയമാണോ? തീർച്ചയായും! ആളുകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്ന ഒരു കാലം വരുമെന്ന് യേശുക്രിസ്തു സൂചിപ്പിക്കുകയുണ്ടായി. തന്റെ സ്നേഹിതനായ ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പ് യേശു മാർത്തയോടു പറഞ്ഞു: “ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല.”—യോഹന്നാൻ 11:26.
24 ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ നിങ്ങൾ വാഞ്ഛിക്കുന്നുവോ? “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്ന് യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു. (1 യോഹന്നാൻ 2:17) ദൈവഹിതം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാൻ ദൃഢനിശ്ചയം ചെയ്യുന്നതിനുള്ള സമയം ഇപ്പോഴാണ്. അങ്ങനെ ചെയ്യുകവഴി, ഇപ്പോൾത്തന്നെ ദൈവഹിതം ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളോടൊപ്പം ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ നിങ്ങൾക്കു കഴിയും.
[അടിക്കുറിപ്പുകൾ]
a “പുനരുത്ഥാനം” എന്ന വാക്ക് എബ്രായ തിരുവെഴുത്തുകളിൽ ഇല്ലെങ്കിലും, ഇയ്യോബ് 14:13, ദാനീയേൽ 12:13, ഹോശേയ 13:14 എന്നിവിടങ്ങളിൽ പുനരുത്ഥാന പ്രത്യാശയുടെ വ്യക്തമായ പരാമർശമുണ്ട്.
b വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 98-107 പേജുകൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ നെഫെഷ്, സൈക്കി എന്നീ വാക്കുകളുടെ അടിസ്ഥാന അർഥം എന്ത്?
◻ മരിക്കുമ്പോൾ മനുഷ്യന് എന്തു സംഭവിക്കുന്നു?
◻ ബൈബിൾ അനുസരിച്ച്, മരണത്തിനുള്ള പരിഹാരം എന്ത്?
◻ ഇന്നു വിശ്വസ്തരുടെ അനുപമ പ്രതീക്ഷ എന്താണ്?
[15-ാം പേജിലെ ചതുരം]
നെഫെഷ്, സൈക്കി—ജീവൻ എന്ന അർഥത്തിൽ
ചിലപ്പോൾ നെഫെഷ്, സൈക്കി എന്നീ പദങ്ങൾ ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ ജീവനെ പരാമർശിക്കുന്നു. അക്കാരണത്താലാണു മലയാളം ബൈബിളിൽ അതു വ്യത്യസ്ത വിധങ്ങളിൽ വിവർത്തനം ചെയ്തിരിക്കുന്നത്. ജീവനുള്ള മുഴു വ്യക്തിയെ പരാമർശിക്കാൻ ബൈബിൾ എഴുത്തുകാർ ഉപയോഗിച്ച നെഫെഷ്, സൈക്കി എന്നീ വാക്കുകളെ “ദേഹി” എന്നു വിവർത്തനം ചെയ്തിരിക്കുന്നു. അതിനാൽ ഒരാൾ ഒരു ദേഹി ആണെന്ന് അവർക്കു പറയാൻ കഴിഞ്ഞു. എന്നാൽ ഒരു വ്യക്തി ജീവനോടിരിക്കുമ്പോൾ, അയാൾക്കുള്ള ജീവനെ പരാമർശിക്കാനും നെഫെഷ്, സൈക്കി എന്നീ വാക്കുകൾതന്നെ ഉപയോഗിക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, പ്രസ്തുത വാക്കുകളെ സാധാരണമായി “ജീവൻ” അഥവാ “പ്രാണൻ” എന്നു പരിഭാഷപ്പെടുത്തുന്നു.
ഉദാഹരണത്തിന്, ഗിബെയോന്യർ യോശുവയോട് ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് നിങ്ങളുടെ മുന്നേറ്റത്തിൽ ഭയന്ന് ജീവൻ (എബ്രായയിൽ, നെഫെഷ്) രക്ഷിക്കാൻ ഇങ്ങനെ ചെയ്തുപോയി.” വ്യക്തമായും, തങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്നു ഗിബെയോന്യർ ഭയപ്പെട്ടു. (യോശുവ 9:24, പി.ഒ.സി. ബൈബിൾ; പുറപ്പാടു 4:19-ഉം സദൃശവാക്യങ്ങൾ 12:10-ഉം താരതമ്യം ചെയ്യുക.) “മനുഷ്യപുത്രൻ . . . അനേകർക്കു വേണ്ടി തന്റെ ജീവനെ (എബ്രായയിൽ, നെഫെഷ്) മറുവിലയായി കൊടുപ്പാ”ൻ വന്നു എന്നു പറഞ്ഞപ്പോൾ യേശു സമാനമായ ഒരു പദമാണ് ഉപയോഗിച്ചത്. (മത്തായി 20:28) ഈ ഓരോ വാക്യങ്ങളിലും ‘ജീവൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം നെഫെഷ് ആണ്.
[15-ാം പേജിലെ ചിത്രം]
ഇവയെല്ലാം “നെഫെഷുകൾ” അഥവാ “സൈക്കികൾ” ആണ്
[കടപ്പാട]
മൂളിപ്പക്ഷി: U.S. Fish and Wildlife Service, Washington, D.C./Dean Biggins
[17-ാം പേജിലെ ചിത്രം]
മരണത്തിനുള്ള പരിഹാരം പുനരുത്ഥാനം ആണെന്ന് യേശു പ്രകടമാക്കി
[18-ാം പേജിലെ ചിത്രം]
“ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല.”—യോഹന്നാൻ 11:26.