ചെറുപ്പക്കാർ ചോദിക്കുന്നു . . .
ഞാൻ എന്റെ സുഹൃത്തിന്റെ കുറ്റം പറയാമോ?
“അവൻ അങ്ങനെ ഒരു കാര്യം ചെയ്യുന്നത് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല,” എന്ന് ലീ ഓർമ്മിക്കുന്നു. ലീ തന്റെ കസിനുമൊത്ത് ബൈക്ക് ഓടിച്ചു പോകുകയായിരുന്നു. അപ്പോഴാണ് തന്നെ അതിശയിപ്പിച്ചുകൊണ്ട് തന്റെ ഉററ സുഹൃത്തായ ക്രിസ് ഒരു കൂട്ടം യുവാക്കളുടെ ഇടയിൽ നിൽക്കുന്നത് അവൻ കണ്ടത്.
ക്രിസ് ഒരു സിഗരററ് വലിക്കുകയായിരുന്നു.
ലീ സ്തബ്ധനായിപ്പോയി, കാരണം, ഇത് ക്രിസിന്റെ അംഗീകൃത ക്രിസ്തീയ വിശ്വാസങ്ങൾക്ക്—അവന്റെ മാതാപിതാക്കളുടെ ആഗ്രഹങ്ങളെക്കുറിച്ച് പറയുകയും വേണ്ട—വിരുദ്ധമായിരുന്നു. (2 കൊരിന്ത്യർ 7:1) ക്രിസ് ഉപായേന സിഗരററ് താഴെയിട്ട് കാൽ കൊണ്ട് തട്ടിക്കളഞ്ഞു, പക്ഷെ അതുകൊണ്ട് ലീ കബളിപ്പിക്കപ്പെട്ടില്ല. ക്രിസിന്റെ ദുഷിച്ച കൂട്ടുകെട്ടുനിമിത്തമുള്ള പ്രശ്നങ്ങളുടെ വെറും ആരംഭം മാത്രമാണ് പുകവലി എന്ന് അവൻ മനസ്സിലാക്കി. ക്രിസിന് സഹായമാവശ്യമായിരിക്കുന്നുവെന്നും തന്നെക്കൊണ്ട് അത് നൽകാൻ കഴിയില്ലെന്നും ലീ തിരിച്ചറിഞ്ഞു. അതേസമയം, ഈ പ്രശ്നം സംബന്ധിച്ച് മററാരോടെങ്കിലും പറയാനും അവൻ വിമുഖനായിരുന്നു. ലീ വിശദീകരിക്കുന്നു: “അവൻ എന്റെ സുഹൃത്തായിരുന്നു, ഒച്ചപ്പാടുണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചില്ല.”
ഒരുപക്ഷേ നിങ്ങൾ സമാനമായ ഒരു അവസ്ഥയിൽ വന്നിരിക്കാം—ഒരു സുഹൃത്ത് മയക്കുമരുന്നുകളിൽ പിരളുകയോ ലൈംഗിക പരീക്ഷണങ്ങൾ നടത്തുകയോ ചതിയ്ക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നതായി പെട്ടെന്ന് അറിയുമ്പോഴുള്ള അവസ്ഥ. ഒരു പ്രശസ്ത യൂത്ത് മാസിക പറയുന്നു: “സ്വകാര്യം പുറത്താക്കൽ. ഒററു കൊടുക്കൽ. ഏഷണിക്കാരനാകൽ. ഒരു സുഹൃത്തിനെപ്പററി എന്തെങ്കിലും പറയുമ്പോൾ തങ്ങൾ അത്തരത്തിലെന്തോ ചെയ്യുന്നതായി ചില കൗമാരപ്രായക്കാർ ഉത്കണ്ഠപ്പെടുന്നു.”
നിശ്ശബ്ദതയുടെ നിയമം
വഴിതെററിയ വിശ്വസ്തതയാണ് യുവാക്കൾ ഒരു സുഹൃത്തിന്റെ ദുഷ്പ്രവൃത്തിയെ അറിയിക്കുന്നതിൽ പിൻവാങ്ങി നിൽക്കുന്നതിന്റെ പ്രഥമ കാരണമെന്ന് കാണപ്പെടുന്നു. ശിക്ഷണത്തെ ഹാനികരവും പ്രതികൂലവും നാശകരവുമായ എന്തോ ആയി വീക്ഷിച്ചുകൊണ്ട് അവർ, തങ്ങളുടെ സുഹൃത്തിന്റെ പ്രശ്നങ്ങളെ പൊതിഞ്ഞുവെച്ചാൽ അവന് ഒരു ഉപകാരം ചെയ്യുന്നതായി കരുതുന്നു. സ്വപക്ഷത്യാഗികളും സുവഞ്ചനീയരും മാത്രമേ സ്വന്തം ചങ്ങാതിമാരുടെ സ്വകാര്യം വെളിപ്പെടുത്തുകയുള്ളു എന്ന ആശയത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് ററി. വി. ചലചിത്ര വ്യവസായങ്ങൾ ഈ ധാരണയെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. അതുകൊണ്ട്, മിക്കപ്പോഴും ഒരു അലിഖിത നിശ്ശബ്ദതയുടെ നിയമം യുവാക്കളുടെ ഇടയിൽ വ്യാപരിക്കുന്നു. കാൾ എന്നു പേരുള്ള ഒരു യുവാവ് പറയുന്നതുപോലെ: “ചങ്ങാതികൾക്ക് വേണ്ടി മറെച്ചു വെയ്ക്കുക എന്നുള്ളതാണ് കാര്യം. മററുള്ളവന്റെ കുററം പറയേണ്ടതായി വരുമ്പോൾ അതു ചെയ്യാതിരിക്കുക.”
ആ നിശ്ശബ്ദതയുടെ നിയമം ലംഘിക്കുന്നത് ഒരുവനെ സമപ്രായക്കാരുടെ അധിക്ഷേപത്തിനും സൗഹൃദനഷ്ടത്തിന്റെ സാദ്ധ്യതയ്ക്കും പാത്രീഭൂതനാക്കും. ഉദാഹരണത്തിന് ’ററൻ മാസികയിലെ ഒരു ലേഖനം ഡെബി എന്ന് പേരുള്ള ഒരു പെൺകുട്ടിയെക്കുറിച്ചു പറയുന്നുണ്ട്. ഇവൾ, തന്റെ കൂട്ടുകാരിയായ കെയ്രൻ ഒരു പീടിക മോഷ്ടാവ് ആണെന്ന് അറിഞ്ഞു. അവളെ സഹായിക്കാനുള്ള ശ്രമത്തിൽ, ഡെബി കാര്യം കെയ്രന്റെ മാതാപിതാക്കളോട് പറയാൻ തീരുമാനിച്ചു. കെയ്രൻ ഡെബിയോട് സംസാരിക്കുന്നത് നിർത്തി. അതിലുമേറെ, ഡെബിയുടെ കൂട്ടുകാരും അതുപോലെതന്നെ അവളെ സ്വകാര്യം പാട്ടാക്കുന്നവൾ എന്നു പറഞ്ഞു അധിക്ഷേപിക്കുകയും അകററിനിർത്തുകയും ചെയ്തു. ഡെബി പറയുന്നതനുസരിച്ച് “അത് ഒരു ക്ലേശകരമായ അനുഭവമായിരുന്നു. അതെ, അത് എന്നെ മുറിപ്പെടുത്തി.”
നിങ്ങൾ നിശ്ശബ്ദതയെ ഭഞ്ജിക്കേണമോ?
സമാനമായി, ലീ അത്തരം ക്ലേശവും ക്ഷതവും അവഗണിച്ചുകൊണ്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. ലീ പറയുന്നു: “ആരോടെങ്കിലും പറയേണ്ടതാണ് എന്നെനിക്ക് അറിയാമായിരുന്നതുകൊണ്ട് എന്റെ മനസ്സാക്ഷി എന്നെ തിന്നുകൊണ്ടിരുന്നു!” ഇത് ഉല്പത്തി 37:2-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം നമ്മെ അനുസ്മരിപ്പിക്കുന്നു: “യോസേഫ്, പതിനേഴു വയസ്സുള്ളപ്പോൾ, തന്റെ സഹോദരൻമാരോടൊത്ത് ആടുകളെ മേയിക്കാൻ ഇടയായി . . . അതുകൊണ്ട് യോസേഫ് അവരെക്കുറിച്ച് ഒരു മോശമായ വർത്തമാനം അവരുടെ പിതാവിന്റെ അടുക്കൽ കൊണ്ടുവന്നു.” സാദ്ധ്യതയനുസരിച്ച് ഈ വർത്തമാനം അത്ര ലഘുവായ കാര്യം സംബന്ധിച്ചതായിരുന്നില്ല, കാരണം “മോശമായ” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന മൂല എബ്രായ പദത്തിന് “ദുഷിച്ച” എന്ന് അർത്ഥവും വരാവുന്നതാണ്. ഒരുപക്ഷേ യോസേഫിന്റെ സഹോദരൻമാർ ഏതെങ്കിലും തരത്തിൽ കുടുംബത്തിന്റെ സാമ്പത്തിക താല്പര്യങ്ങളെ തകിടം മറിക്കുകയായിരുന്നിരിക്കാം. സംഗതി എന്തായിരുന്നിരുന്നാലും, താൻ നിശബ്ദനായി നിന്നാൽ തന്റെ സഹോദരൻമാരുടെ ആത്മീയ ക്ഷേമം അപകടത്തിലാകുമായിരുന്നു എന്ന് യോസേഫ് അറിഞ്ഞിരുന്നു.
തെററായ നടപടികളെയോ തിരുവെഴുത്തു വിരുദ്ധമായ ചിന്തകളെയോ കാര്യമാക്കാതിരിക്കുന്നത് ഒരു പല്ലുവേദന അവഗണിക്കാൻ ശ്രമിക്കുന്നതിനോട് സാമ്യപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഇഷ്ടംപോലെ ചിരിച്ച് വേദനയെല്ലാം സഹിച്ചാലും പല്ലിലെ പോട് പോകുകയില്ല. സത്യത്തിൽ, ജീർണ്ണത വ്യാപിക്കാൻ നിങ്ങൾ കേവലം അനുവദിക്കുക ആയിരിക്കും ചെയ്യുന്നത്. തൽസമാനമായി, പാപം ഒരു ജീർണ്ണിപ്പിക്കുന്ന, ദുഷിപ്പിക്കുന്ന ശക്തിയാണ്. ദുഷിപ്പിനെ തടഞ്ഞില്ലെങ്കിൽ അത് കൂടുതൽ ദുഷിപ്പിനെ ജനിപ്പിക്കും എന്നതിന് ഒരു മാററവുമില്ല. (ഗലാത്യർ 6:8) മററു വാക്കുകളിൽ പറഞ്ഞാൽ തെററു ചെയ്യുന്ന ഒരു സുഹൃത്തിന് സഹായം—ഒരുപക്ഷേ ശക്തമായ തിരുവെഴുത്തു ശിക്ഷണത്തിന്റെ രൂപത്തിൽ—ലഭിച്ചില്ലെങ്കിൽ അവനോ അവളോ ദുഷ്ടതയിലേക്ക് കൂടുതൽ ആഴത്തിൽ ആണ്ടുപോകും.—സഭാപ്രസംഗി 8:11.
അങ്ങനെ ഒരു സുഹൃത്തിന്റെ ദുഷ്പ്രവൃത്തി മറെച്ചു വെയ്ക്കുന്നത് ഒരു നൻമയും ചെയ്യില്ല, അപരിഹാര്യമായ ദ്രോഹം വരുത്തികൂട്ടുകയും ചെയ്യും. യോസേഫ് തന്റെ സഹോദരൻമാരുടെ ദുഷ്പ്രവൃത്തിയെക്കുറിച്ച് അറിവു നൽകാൻ പ്രേരിതനായതിൽ അപ്പോൾ അതിശയിക്കാനില്ല! ഇന്ന് ക്രിസ്ത്യാനികളെ സംബന്ധിച്ച് എന്ത്? ബൈബിൾ ഇപ്രകാരം പ്രബോധിപ്പിക്കുന്നു: “സഹോദരൻമാരെ, ഒരു മനുഷ്യൻ താനറിയാതെ ഒരു തെററായ കാൽചുവട് വെയ്ക്കുന്നെങ്കിൽതന്നെ, ആത്മീയയോഗ്യതയുള്ള നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ അവനെ യഥാസ്ഥാനപ്പെടുത്തുവാൻ ശ്രമിക്ക.” (ഗലാത്യർ 6:1) തെററു ചെയ്ത ഒരു സുഹൃത്തിനെ യഥാസ്ഥാനപ്പെടുത്താനുള്ള തിരുവെഴുത്തു യോഗ്യതകൾ നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ കരുതുന്നില്ലായിരിക്കാം എന്നത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ സഹായിക്കാൻ യോഗ്യൻ ആയ ആരെയെങ്കിലും ഈ കാര്യം ധരിപ്പിക്കുന്നത് നന്നായിരിക്കുകയില്ലേ? എന്തിനധികം, അപ്രകാരം ചെയ്യുന്നതിനെ അവഗണിക്കുന്നത് നിങ്ങളെ ‘അയാളുടെ പാപങ്ങളിൽ ഒരു കൂട്ടാളി’ ആക്കുകപോലും ചെയ്തേക്കാം! (1 തിമൊഥെയോസ് 5:22; ലേവ്യപുസ്തകം 5:1 താരതമ്യപ്പെടുത്തുക.) ദൈവത്തോടും അവന്റെ നീതിയുള്ള പ്രമാണങ്ങളോടും ഉള്ള നിങ്ങളുടെ തന്നെ വിശ്വസ്തതയെ അത് ചോദ്യം ചെയ്യും.—സങ്കീർത്തനം 18:25.
നിങ്ങളുടെ സുഹൃത്തിനെ സമീപിക്കൽ
അങ്ങനെ നിങ്ങൾ നിങ്ങളുടെ സുഹൃത്തിനെ സമീപിച്ച് അവന്റെ കുററം അവന്റെ മുമ്പാകെ വെളിപ്പെടുത്തുക എന്നത് അനുപേക്ഷണീയമാണ്. (മത്തായി 18:15 താരതമ്യപ്പെടുത്തുക.) ഇത് നിങ്ങളുടെ ഭാഗത്ത് ധൈര്യവും തന്റേടവും ആവശ്യമാക്കിത്തീർക്കുന്നു. ഇനി, അഥവാ അല്പം എതിർപ്പ് നേരിടേണ്ടി വന്നാൽ ആശ്ചര്യപ്പെടരുത്, കാരണം ഒഴികഴിവുകൾ കണ്ടെത്തുക എന്നുള്ളത് ഒരു മാനുഷിക പ്രവണതയാണ്. ദൃഢമായി നിന്ന് അയാളുടെ പാപം സംബന്ധിച്ച് ബോദ്ധ്യപ്പെടുത്തുന്ന തെളിവ് നൽകുക, നിങ്ങൾ എന്ത് അറിഞ്ഞിരിക്കുന്നുവെന്നും എങ്ങനെ അറിയാനിടയായി എന്നും വ്യക്തമായി പറയുക. (യോഹന്നാൻ 16:8 താരതമ്യപ്പെടുത്തുക.) ‘ആരോടും പറയില്ല’ എന്ന് വാക്ക് കൊടുക്കാതിരിക്കുക, കാരണം, ദുഷ്പ്രവൃത്തിയെ കുററം വിധിക്കുന്ന ദൈവത്തിന്റെ കണ്ണിൽ അത്തരം ഒരു വാഗ്ദാനം പൊള്ളയാണ്.—സദൃശവാക്യങ്ങൾ 28:13.
എന്നിരുന്നാലും സദൃശവാക്യങ്ങൾ 18:13 മുന്നറിയിപ്പു നൽകുന്നു: “ആരെങ്കിലും താൻ കേൾക്കുന്നതിന് മുൻപായി ഒരു കാര്യത്തെക്കുറിച്ച് മറുപടി പറയുന്നുവെങ്കിൽ, അത് അവന്റെ ഭാഗത്തെ ഭോഷത്വമാകുന്നു.” ഒരുപക്ഷേ എന്തെങ്കിലും തെററിദ്ധാരണ ഉണ്ടായിരുന്നിരിക്കാം. അതുമല്ലെങ്കിൽ, നിങ്ങളുടെ സുഹൃത്തിന് തന്റെ പ്രശ്നം പുറത്തുവന്നതിലും ഉള്ളുതുറന്ന് ഒന്ന് സംസാരിക്കാൻ ഒരാളെ ലഭിച്ചതിലും ആശ്വാസം തോന്നിയേക്കാം. അതുകൊണ്ട് ഒരു നല്ല ശ്രോതാവ് ആയിരിക്കുക. (യാക്കോബ് 1:19) അയാളുടെ വികാരങ്ങളുടെ സ്വതന്ത്രമായ പ്രവാഹത്തെ “നിങ്ങൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു . . . ” അല്ലെങ്കിൽ “അത് ഞാനായിരുന്നെങ്കിൽ . . . ” എന്നിങ്ങനെയുള്ള ന്യായവിധി ധ്വനിപ്പിക്കുന്ന പദപ്രയോഗങ്ങൾ ഉപയോഗിച്ച് ഞെരുക്കാതിരിക്കുക. ഇവ ആ സുഹൃത്തിന്റെ നിസ്സഹായതയെയും കുററബോധത്തെയും ദൃഢമാക്കുക മാത്രമേ ചെയ്യുകയുള്ളു. അതുപോലെ, “നിനക്ക് എങ്ങനെ അത് സാധിച്ചു!” എന്നപോലെയുള്ള ഞെട്ടൽ പ്രയോഗങ്ങൾ ഒരു മോശമായ സാഹചര്യത്തെ ഏറെ മോശമാക്കുകയേയുള്ളു.
ഇയ്യോബിന്റെ മൂന്ന് “ആശ്വാസകരെ”ക്കുറിച്ചുള്ള ബൈബിൾ വിവരണം മനസ്സിലേക്ക് കൊണ്ടുവരുക. അവർ ഇയ്യോബിനെ കുററംവിധിക്കുന്നതിലധികം ഒന്നും ചെയ്തില്ല. നിന്ദിച്ചുകൊണ്ടുള്ള അവരുടെ കുററാരോപണങ്ങൾക്ക് വിധേയനായശേഷം, ഇയ്യോബ് പറഞ്ഞു: “നിങ്ങൾ തരുന്ന ആശ്വാസം വെറും പീഡനമാണ്. നിങ്ങൾ എന്നേയ്ക്കും ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുവാൻ പോകുന്നുവോ? . . . നിങ്ങൾ എന്റെ സ്ഥാനത്തും ഞാൻ നിങ്ങളുടെ സ്ഥാനത്തുമായിരുന്നെങ്കിൽ, . . . ഉപദേശം കൊണ്ട് നിങ്ങളെ ശക്തീകരിക്കുന്നതിനും നിങ്ങളെ ആശ്വസിപ്പിക്കുന്നതിനായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനും എനിക്ക് കഴിയുമായിരുന്നു.” (ഇയ്യോബ് 16:1-5, ററഡേയ്സ് ഇംഗ്ലീഷ് വേർഷൻ) അതുകൊണ്ട് സഹാനുഭൂതി കാണിക്കാൻ ശ്രമിക്കുകയും നിങ്ങളുടെ സുഹൃത്തിന് അനുഭവപ്പെടുന്നത് നിങ്ങൾക്കും അനുഭവപ്പെടുകയും വേണം. (1 പത്രോസ് 3:8) ഇതിന് നിങ്ങൾ എന്തു പറയുന്നു എന്നതിനെയും എങ്ങനെ പറയുന്നു എന്നതിനെയും ഉറപ്പിക്കാൻ കഴിയും.
പക്ഷേ, നിങ്ങളുടെ സുഹൃത്തിനെ സഹായിക്കാൻ നിങ്ങളാലാവുന്നത് നിങ്ങൾ ചെയ്യുമ്പോൾ, മിക്കപ്പോഴും നിങ്ങൾക്ക് നൽകാൻ കഴിയുന്നതിലേറെ സഹായം ആ സാഹചര്യം ആവശ്യമാക്കിത്തീർക്കുന്നു. അപ്പോൾ, അയാൾ തന്റെ മാതാപിതാക്കളോട് അല്ലെങ്കിൽ ഉത്തരവാദിത്വമുള്ള മററ് മുതിർന്നവരോട് തെററ് വെളിപ്പെടുത്താൻ നിർബന്ധിക്കുക. നിങ്ങളുടെ സുഹൃത്ത് അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നുവെങ്കിലോ? ഒരു ന്യായമായ സമയത്തിനുള്ളിൽ അയാൾ കാര്യം നേരെയാക്കിയില്ലെങ്കിൽ, അപ്പോൾ ഒരു യഥാർത്ഥ സ്നേഹിതനെന്നനിലയിൽ, അയാൾക്കുവേണ്ടി നിങ്ങൾ ആരെയെങ്കിലും സമീപിക്കേണ്ടിവരും എന്ന് അയാളെ അറിയിക്കുക.
“ഒരു യഥാർത്ഥ സ്നേഹിതൻ” ആയിരിക്കൽ
“ഒരു യഥാർത്ഥ സ്നേഹിതൻ എക്കാലത്തും സ്നേഹമുള്ളവനാണ്, കഷ്ടകാലത്ത് അവൻ ഒരു സഹോദരനുമാകുന്നു” എന്ന് സദൃശവാക്യങ്ങൾ 17:17 നമ്മെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ എന്തുകൊണ്ട് അങ്ങനെ ഒരു നടപടിയെടുത്തു എന്ന് ആദ്യം നിങ്ങളുടെ സ്നേഹിതൻ മനസ്സിലാക്കാതിരുന്നേക്കാം എന്നത് സത്യംതന്നെ. അവൻ അതിനെ വിലമതിക്കാതെയും ഇരുന്നേക്കാം. അവൻ ദുഃഖിതനായി നിങ്ങളുടെ സൗഹൃദത്തെ എടുത്തുചാടി അവസാനിപ്പിക്കുകപോലും ചെയ്തേക്കാം. പക്ഷേ പരിഭ്രമിക്കരുത്. തന്റെ വികാരങ്ങളെ വിലയിരുത്തുന്നതിനും നിങ്ങൾ അവന്റെ നിലനിൽക്കുന്ന ക്ഷേമത്തിലും നൻമയിലും യഥാർത്ഥത്തിൽ തൽപരനായിരുന്നുവെന്നും തിരിച്ചറിയുന്നതിനും നിങ്ങളുടെ സ്നേഹിതന് സമയം കൊടുക്കുക.
ഇനി നമുക്ക് ലീയുടെയും ഡെബിയുടെയും കാര്യത്തിലേയ്ക്കു തിരികെ വരാം. ലീ പറയുന്നു: “ഞാൻ മറെറാരാളോട് പറഞ്ഞതിനാൽ ശരിയായതു ചെയ്തു എന്നെനിക്കറിയാം. എന്റെ മനസ്സാക്ഷിക്ക് വളരെ ആശ്വാസം തോന്നി. കാരണം ക്രിസിന് അവനാവശ്യമായിരുന്ന സഹായം ലഭിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൻ വന്ന് ഞാൻ ചെയ്ത കാര്യത്തിൽ അവന് വിഷമമൊന്നുമില്ലെന്ന് എന്നോട് പറഞ്ഞു. അതും എനിക്ക് ആശ്വാസം നൽകി.” എല്ലാ സ്നേഹിതരും അനുകൂലമായി പ്രതിവർത്തിക്കില്ല എന്നത് സത്യംതന്നെ. ഡെബി ഇപ്രകാരം ഓർക്കുന്നു: “കെയ്രൻ ഇങ്ങനെ തുടരുന്നതിനും ഒരു യൗവ്വന ദുഷ്കൃത്യരേഖയുമായി ജയിലിൽ ചെന്ന് അവസാനിക്കുന്നതിനോ പോലും അവളെ അനുവദിക്കാനാവില്ലെന്ന് എനിക്കറിയാമായിരുന്നു.” ഒടുവിൽ, കെയ്രന്റെ സുഹൃത്തുക്കൾ അവരുടെ വൃത്തികെട്ട വിമർശനങ്ങൾ നിർത്തി. ഡെബി പറയുന്നു: “ഞാൻ പുതിയ സ്നേഹിതരെ കണ്ടെത്തി. ഞാൻ അതിജീവിക്കുകയും ഈ വഴിയിൽ ധാരാളം പഠിക്കുകയും ചെയ്തു.”
നിങ്ങളുടെ ചങ്ങാതി നിങ്ങളുടെ ധീരമായ പ്രവർത്തനങ്ങളെ നീരസത്തോടെ വീക്ഷിക്കുന്നതിൽ തുടരുന്നുവെങ്കിൽ, വ്യക്തമായും അവനോ അവളോ ഒന്നാമതായി ഒരിക്കലും ഒരു യഥാർത്ഥ സുഹൃത്തായിരുന്നിട്ടില്ല. എന്നാലും, സത്യക്രിസ്ത്യാനികളുടെ ഇടയിൽ നിങ്ങളുടെ ഉന്നതതത്വങ്ങളെ പുകഴ്ത്തുന്ന ആളുകളുണ്ട്, അവരിൽ ചിലർ അതിന്റെ ഫലമായി നിങ്ങളുടെ സൗഹൃദം തേടുകപോലും ചെയ്തേക്കാം. ഏററവും കുറഞ്ഞത്, ദൈവത്തോടുള്ള നിങ്ങളുടെ വിശ്വസ്തത തെളിയിച്ചു എന്നും നിങ്ങളെത്തന്നെ ഒരു യഥാർത്ഥ സ്നേഹിതനെന്ന് കാണിച്ചിരിക്കുന്നു എന്നും അറിയുന്നതിന്റെ സംതൃപ്തി നിങ്ങൾക്കുണ്ടാകും. (g88 9/8)
[19-ാം പേജിലെ ആകർഷകവാക്യം]
നിങ്ങളുടെ സുഹൃത്ത് സ്വയം സഹായം ലഭിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ, അവനുവേണ്ടി നിങ്ങൾ പ്രവർത്തിക്കേണ്ടത് ആവശ്യമായി വന്നേക്കാം
[21-ാം പേജിലെ ചിത്രം]
ഒരു സ്നേഹിതൻ ഗുരുതരമായ കുഴപ്പത്തിലേക്ക് പോകുന്നു എന്ന് നിങ്ങൾ അറിയുന്നുവെങ്കിൽ എന്തു ചെയ്യണം?