ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
മെയ് 4-10
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 36–37
“യോസേഫ് അസൂയയുടെ ഇരയാകുന്നു”
w14-E 8/1 12-13
“ഞാൻ കണ്ട സ്വപ്നമൊന്നു കേൾക്കൂ”
ബൈബിൾ ഉത്തരം തരുന്നു: “അപ്പനു തങ്ങളെക്കാൾ ഇഷ്ടം യോസേഫിനോടാണെന്നു കണ്ടപ്പോൾ യോസേഫിന്റെ ചേട്ടന്മാർ യോസേഫിനെ വെറുത്തുതുടങ്ങി. യോസേഫിനോടു സമാധാനത്തോടെ സംസാരിക്കാൻ അവർക്കു കഴിഞ്ഞില്ല.” (ഉൽപത്തി 37:4) സ്വാഭാവികമായും അസൂയ തോന്നാമായിരുന്ന ഒരു സാഹചര്യമായിരുന്നു അവരുടേത്. പക്ഷേ, അവർ ജ്ഞാനപൂർവം പ്രവർത്തിച്ചില്ല, ആ മോശമായ വികാരത്തിന് അവർ വഴങ്ങിക്കൊടുത്തു. (സുഭാഷിതങ്ങൾ 14:30; 27:4) നിങ്ങൾ ആഗ്രഹിച്ചിരുന്ന അംഗീകാരമോ പദവിയോ മറ്റൊരാൾക്കു കിട്ടുമ്പോൾ നിങ്ങൾക്ക് ആ വ്യക്തിയോട് ഉള്ളിൽ അസൂയയും ദേഷ്യവും ഒക്കെ തോന്നിയിട്ടുണ്ടോ? യോസേഫിന്റെ ചേട്ടന്മാരുടെ കാര്യം നോക്കുക. അസൂയ മൂത്ത അവർ, പിന്നീട് ദുഃഖിക്കേണ്ടിവരുമായിരുന്ന പല മോശമായ കാര്യങ്ങളും ചെയ്തു. അവരുടെ പ്രവൃത്തികൾ ക്രിസ്ത്യാനികളെ ഒരു കാര്യം ഓർമിപ്പിക്കുന്നു: “സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കുക.” അതാണ് ജ്ഞാനം.—റോമർ 12:15.
യോസേഫിന് ചേട്ടന്മാരുടെ ഇഷ്ടക്കേടും ദേഷ്യവും ഒക്കെ അറിയാമായിരുന്നു. അതുകൊണ്ട് ചേട്ടന്മാർ അടുത്തുള്ളപ്പോൾ യോസേഫ് തന്റെ മനോഹരമായ നീളൻ കുപ്പായം അവർ കാണാതെ സൂക്ഷിച്ചുവെക്കുമായിരുന്നോ? അങ്ങനെ ചെയ്യാൻ യോസേഫിനു തോന്നിക്കാണും. പക്ഷേ ഒരു കാര്യം ഓർക്കണം, ആ കുപ്പായം യോസേഫിനോടുള്ള തന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായിരിക്കാനാണ് യാക്കോബ് ആഗ്രഹിച്ചത്. അപ്പന്റെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാൻ യോസേഫും ആഗ്രഹിച്ചു. അതുകൊണ്ട് യോസേഫ് വിശ്വസ്തതയോടെ ആ കുപ്പായം ധരിച്ചു. യോസേഫിന്റെ മാതൃകയിൽനിന്ന് നമുക്കും പ്രയോജനം നേടാം. നമ്മുടെ സ്വർഗീയപിതാവ് ഒരിക്കലും പക്ഷപാതം കാണിക്കുന്നില്ല. എങ്കിലും ചിലപ്പോഴൊക്കെ യഹോവ വിശ്വസ്തരായ തന്റെ ദാസന്മാരോടു പ്രത്യേകപരിഗണന കാണിക്കാറുണ്ട്. കൂടാതെ, ആ ദാസന്മാരോട് ഈ ദുഷിച്ച ലോകത്തിലെ ആളുകളിൽനിന്ന് വ്യത്യസ്തരായി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യോസേഫിന്റെ ‘നീളൻ കുപ്പായം’ പോലെ യഥാർഥ ക്രിസ്ത്യാനികളുടെ നല്ല പെരുമാറ്റം അവരെ ചുറ്റുമുള്ളവരിൽനിന്ന് വ്യത്യസ്തരാക്കുന്നു. ഇത് ചിലപ്പോൾ മറ്റുള്ളവരുടെ അസൂയയും ദേഷ്യവും വിളിച്ചുവരുത്തും. (1 പത്രോസ് 4:4) ഒരു ക്രിസ്ത്യാനി താൻ ദൈവത്തിന്റെ ഒരു ദാസനാണെന്ന കാര്യം മറച്ചുവെക്കണോ? വേണ്ടാ. യോസേഫ് തന്റെ കുപ്പായം ഒളിച്ചുവെക്കാതിരുന്നതുപോലെ.—ലൂക്കോസ് 11:33.
w14-E 8/1 13 ¶2-4
“ഞാൻ കണ്ട സ്വപ്നമൊന്നു കേൾക്കൂ”
യോസേഫ് കണ്ട സ്വപ്നങ്ങൾ യഹോവയിൽനിന്നുള്ളതായിരുന്നു. ആ സ്വപ്നങ്ങൾ ശരിക്കും പ്രവചനങ്ങളായിരുന്നു. അതുകൊണ്ട് അവയിലെ സന്ദേശം യോസേഫ് കൈമാറണമെന്നു യഹോവ പ്രതീക്ഷിച്ചു. പിൽക്കാലത്ത് പ്രവാചകന്മാർ അനുസരണംകെട്ട ദൈവജനത്തോട് ദൈവത്തിന്റെ സന്ദേശവും ന്യായവിധികളും അറിയിച്ചിരുന്നു. ഒരർഥത്തിൽ, ഇപ്പോൾ യോസേഫും അതാണ് ചെയ്യേണ്ടിയിരുന്നത്.
യോസേഫ് നയപൂർവം ചേട്ടന്മാരോടു പറഞ്ഞു: “ഞാൻ കണ്ട സ്വപ്നമൊന്നു കേൾക്കൂ.” യോസേഫിന്റെ സഹോദരന്മാർക്ക് ആ സ്വപ്നത്തിന്റെ അർഥം മനസ്സിലായി. അവർക്ക് അതു തീരെ രസിച്ചില്ല. അപ്പോൾ അവർ യോസേഫിനോട്, “നീ നിന്നെത്തന്നെ രാജാവാക്കി ഞങ്ങളെ ഭരിക്കുമെന്നാണോ” എന്നു ചോദിച്ചു. വിവരണം തുടരുന്നു: “യോസേഫിന്റെ സ്വപ്നങ്ങളും യോസേഫ് പറഞ്ഞ കാര്യങ്ങളും കാരണം അവർക്കു യോസേഫിനോടുള്ള വെറുപ്പു കൂടി.” യോസേഫ് തന്റെ രണ്ടാമത്തെ സ്വപ്നം അപ്പനോടും ചേട്ടന്മാരോടും വിവരിച്ചു. അപ്പോഴും അവരുടെ പ്രതികരണം അങ്ങനെതന്നെയായിരുന്നു. “അപ്പൻ യോസേഫിനെ ശകാരിച്ചുകൊണ്ട് പറഞ്ഞു: ‘എന്താണു നിന്റെ ഈ സ്വപ്നത്തിന്റെ അർഥം? ഞാനും നിന്റെ അമ്മയും ചേട്ടന്മാരും നിന്റെ മുന്നിൽ വന്ന് നിന്നെ കുമ്പിട്ട് നമസ്കരിക്കുമെന്നാണോ?’” ഒരുപക്ഷേ യഹോവ തന്റെ മകനിലൂടെ സന്ദേശങ്ങൾ നൽകിയതാണോ എന്ന് യാക്കോബ് ചിന്തിച്ചുകാണും. ഏതായാലും യാക്കോബ് യോസേഫിന്റെ വാക്കുകൾ മനസ്സിൽ സൂക്ഷിച്ചു.—ഉൽപത്തി 37:6, 8, 10, 11.
ആളുകൾ എതിർക്കുന്നതും അവർക്ക് ഇഷ്ടമില്ലാത്തതും ആയ ഒരു പ്രാവചനിക സന്ദേശം അറിയിക്കാൻ യഹോവ ആവശ്യപ്പെടുന്ന ആദ്യത്തെയോ അവസാനത്തെയോ ദാസനായിരുന്നില്ല യോസേഫ്. അങ്ങനെയുള്ള സന്ദേശവുമായി വന്ന ഏറ്റവും വലിയ ആളായിരുന്നു യേശു. യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹന്നാൻ 15:20) ഏതു പ്രായത്തിലുമുള്ള ക്രിസ്ത്യാനികൾക്കും യുവാവായ യോസേഫിന്റെ വിശ്വാസത്തിൽനിന്നും ധൈര്യത്തിൽനിന്നും ധാരാളം കാര്യങ്ങൾ പഠിക്കാം.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 678
ഏദോം
ഏദോം, “ചുവന്ന” എന്ന് അർഥം
യാക്കോബിന്റെ ഇരട്ട സഹോദരനായ ഏശാവിനെ വിളിച്ചിരുന്ന വേറൊരു പേരാണ് ഏദോം. (ഉൽ 36:1) തന്റെ ജന്മാവകാശം ഒരു പാത്രം ചുവന്ന സൂപ്പിനുവേണ്ടി വിറ്റുകളഞ്ഞതുകൊണ്ടാണ് ഏശാവിന് ആ പേരു വന്നത്. (ഉൽ 25:30-34) രസകരമെന്നു പറയട്ടെ, ജനിച്ചപ്പോൾ ഏശാവിനു നല്ല ചുവന്ന നിറമായിരുന്നു. (ഉൽ 25:25) പിന്നീട് ഏശാവും പിൻമുറക്കാരും താമസമുറപ്പിച്ച പ്രദേശങ്ങൾക്കും സമാനമായ ഒരു നിറമാണ് ഉണ്ടായിരുന്നത്.
it-1-E 561-562
സൂക്ഷിപ്പ്
ഒരു ഇടയനോ മൃഗങ്ങളുടെ സൂക്ഷിപ്പുകാരനോ മറ്റൊരാളുടെ ഒരു കൂട്ടം ആടുകളെയോ മൃഗങ്ങളെയോ സൂക്ഷിക്കാൻ സമ്മതിച്ചാൽ ആ മൃഗങ്ങളെ സംരക്ഷിച്ചുകൊള്ളാമെന്ന് അദ്ദേഹം നിയമാനുസൃതം വാക്കു കൊടുക്കുകയാണ്. അതായത്, ആ മൃഗങ്ങൾക്ക് തീറ്റ കൊടുക്കുമെന്നും ആരും മോഷ്ടിച്ചുകൊണ്ടുപോകാതെ സൂക്ഷിക്കുമെന്നും എന്തെങ്കിലും കുഴപ്പം സംഭവിക്കുകയാണെങ്കിൽ നഷ്ടപരിഹാരം തന്നുകൊള്ളാമെന്നും അദ്ദേഹം ഉടമസ്ഥന് ഉറപ്പു കൊടുക്കുകയാണ്. പക്ഷേ, അദ്ദേഹത്തിന് എല്ലാ കാര്യത്തിലും ഉത്തരവാദിത്വം ഇല്ലായിരുന്നു. ഉദാഹരണത്തിന്, കാട്ടുമൃഗങ്ങളുടെ ആക്രമണംപോലെ മനുഷ്യന്റെ നിയന്ത്രണത്തിൽ പെടാത്ത കാര്യങ്ങൾകൊണ്ട് അപകടം സംഭവിക്കുകയാണെങ്കിൽ നിയമം അദ്ദേഹത്തിന് ഒഴിവ് കൊടുത്തിട്ടുണ്ട്. പക്ഷേ, മൃഗങ്ങളെ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ അദ്ദേഹം ഉടമസ്ഥനെ ജന്തുവിന്റെ കീറിപ്പറിഞ്ഞ ദേഹം പോലെ എന്തെങ്കിലും തെളിവുകൂടി നൽകണമായിരുന്നു. ഉടമസ്ഥൻ ആ തെളിവുകൾ പരിശോധിക്കും. എന്നിട്ട് മൃഗങ്ങളെ സൂക്ഷിച്ചയാളിന്റെ ഭാഗത്ത് കുറ്റമില്ല എന്ന് പരസ്യമായി സമ്മതിക്കുകയും ചെയ്യുമായിരുന്നു,
മറ്റൊരാളെ സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന ഏതു വസ്തുവിന്റെ കാര്യത്തിലും, കുടുംബാംഗങ്ങളുടെ കാര്യത്തിൽപ്പോലും, ഈ തത്ത്വം ബാധകമായിരുന്നു. ഉദാഹരണത്തിന്, ഒരു വീട്ടിലെ മൂത്ത മകനെ മറ്റു മക്കളുടെ നിയമപരമായ സംരക്ഷകനായി കണ്ടിരുന്നു. ഉൽപത്തി 37:18-30-ൽ നാം കാണുന്നതുപോലെ, സഹോദരന്മാർ യോസേഫിനെ കൊല്ലാൻ പദ്ധതിയിട്ടപ്പോൾ മൂത്ത മകനായ രൂബേൻ യോസേഫിനെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ കാരണം നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാം. രൂബേൻ “ഇങ്ങനെ പറഞ്ഞു: ‘നമ്മൾ അവന്റെ ജീവനെടുക്കാൻ പാടില്ല.’ . . . ‘രക്തം ചൊരിയരുത്. അവന്റെ മേൽ കൈവയ്ക്കരുത്.’ യോസേഫിനെ അവരുടെ കൈയിൽനിന്ന് രക്ഷിച്ച് അപ്പന്റെ അടുത്ത് എത്തിക്കുക എന്നതായിരുന്നു രൂബേന്റെ ഉദ്ദേശ്യം.” യോസേഫിനെ കാണാതായപ്പോൾ വളരെയധികം ഉത്കണ്ഠ തോന്നിയ രൂബേൻ ‘വസ്ത്രം കീറുകയും’ പരിഭ്രമത്തോടെ ഇങ്ങനെ പറയുകയും ചെയ്തു: “കുട്ടിയെ കാണാനില്ല! ഞാൻ, ഞാൻ ഇനി എന്തു ചെയ്യും?” യോസേഫിനെ കാണാതായതിനു താൻ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നു രൂബേന് അറിയാമായിരുന്നു. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാകാൻ യോസേഫിനെ ഒരു വന്യമൃഗം കൊന്നുകളഞ്ഞെന്നു തോന്നിപ്പിക്കുന്ന തെളിവ് സഹോദരന്മാർ കെട്ടിച്ചമച്ചു. അതിനുവേണ്ടി അവർ യോസേഫിന്റെ കുപ്പായം ഒരു ആടിന്റെ രക്തത്തിൽ മുക്കിയെടുത്തു. എന്നിട്ട്, ആ തെളിവ് കൊണ്ടുപോയി അവരുടെ പിതാവും കുടുംബത്തിന്റെ ന്യായാധിപനും ആയിരുന്ന യാക്കോബിനെ കാണിച്ചു. ഈ തെളിവുണ്ടായിരുന്നതുകൊണ്ട് യാക്കോബ് രൂബേനെ കുറ്റക്കാരനായി കണ്ടില്ല. കാരണം, യോസേഫ് കൊല്ലപ്പെട്ടെന്ന് യാക്കോബ് വിശ്വസിച്ചു.—ഉൽ 37:31-33.
മെയ് 11-17
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 38–39
“യഹോവ ഒരിക്കലും യോസേഫിനെ ഉപേക്ഷിച്ചില്ല”
w14-E 11/1 12 ¶4-5
“ഇത്ര വലിയൊരു തെറ്റു ഞാൻ ചെയ്യുന്നത് എങ്ങനെ?”
“യിശ്മായേല്യർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുവന്നു. അവിടെവെച്ച്, ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനും കാവൽക്കാരുടെ മേധാവിയും ആയ പോത്തിഫർ എന്ന ഈജിപ്തുകാരൻ യോസേഫിനെ അവരുടെ കൈയിൽനിന്ന് വാങ്ങി.” (ഉൽപത്തി 39:1) ഈ ഏതാനും വാക്കുകളിൽനിന്ന്, അപമാനഭാരത്താൽ തല കുനിച്ച് നിൽക്കുന്ന യോസേഫിന്റെ ചിത്രം നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? യോസേഫ് ഇപ്പോൾ വിറ്റുപോകുന്ന വെറും ഒരു വിൽപ്പനച്ചരക്കു മാത്രം! നോക്കൂ, പുതിയ യജമാനന്റെ പിന്നാലെ തിരക്കുപിടിച്ച തെരുവുകളിലൂടെ പുതിയ വീട്ടിലേക്ക് യോസേഫ് നടക്കുന്നു.
വീട്! ഇതുവരെ യോസേഫ് കണ്ട് പരിചയിച്ചതിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു അത്. കൂടാരങ്ങളിൽ താമസിക്കുന്ന ഒരു നാടോടി കുടുംബത്തിലാണ് യോസേഫ് വളർന്നുവന്നത്. ആടിനെ മേയ്ച്ചുകൊണ്ട് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അവർ കൂടെക്കൂടെ മാറി താമസിക്കുമായിരുന്നു. ഇവിടെ, പോത്തിഫറിനെപ്പോലുള്ള ധനികരായ ഈജിപ്തുകാർ തിളങ്ങുന്ന ചായം പൂശിയ മനോഹരമായ വീടുകളിലാണ് താമസിച്ചിരുന്നത്. പുരാവസ്തുഗവേഷകർ പറയുന്നത്, പുരാതന ഈജിപ്തുകാർക്ക് ചുറ്റുമതിലുള്ള, പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങൾ വലിയ ഇഷ്ടമായിരുന്നു എന്നാണ്. ആ പൂന്തോട്ടങ്ങൾ പപ്പൈറസ്, താമര തുടങ്ങിയ ജലസസ്യങ്ങൾ വളരുന്ന കുളങ്ങളും തണൽ മരങ്ങളും ഉള്ളവയായിരുന്നു. കൂടാതെ, പൂന്തോട്ടങ്ങളുടെ നടുവിൽ തലയുയർത്തിനിന്നിരുന്ന അത്തരം ചില വീടുകൾക്ക് കാറ്റുകൊള്ളാൻ വരാന്തകളും വായുസഞ്ചാരത്തിന് പൊക്കംകൂടിയ ജനലുകളും ഊണുമുറി ഉൾപ്പെടെ ധാരാളം മുറികളും ജോലിക്കാർക്കുള്ള കെട്ടിടങ്ങളും ഒക്കെ ഉണ്ടായിരുന്നു.
w14-E 11/1 14-15
“ഇത്ര വലിയൊരു തെറ്റു ഞാൻ ചെയ്യുന്നത് എങ്ങനെ?”
അന്നത്തെ ഈജിപ്തിലെ തടവറകളെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ല. അവിടെനിന്ന് കിട്ടിയ അവശിഷ്ടങ്ങളിൽനിന്ന് പുരാവസ്തുശാസ്ത്രജ്ഞർക്ക് മനസ്സിലാക്കാൻ കഴിയുന്നത്, ആ തടവറകൾ ഭൂമിക്കടിയിലെ ഇരുട്ടുമുറികളും അറകളും ഉണ്ടായിരുന്ന കോട്ടകൾപോലെയുള്ള കെട്ടിടങ്ങളായിരുന്നു എന്നാണ്. പിന്നീട് യോസേഫ് അതിനെ വിളിച്ചത് “കുഴി” എന്നാണ്. വെളിച്ചം കടന്നുചെല്ലാത്ത, മോചനത്തിന്റെ യാതൊരു സാധ്യതയുമില്ലാത്ത ഒരു സ്ഥലമായിരുന്നു അത് എന്ന് ആ വാക്കു സൂചിപ്പിക്കുന്നു. (ഉൽപത്തി 40:15, അടിക്കുറിപ്പ്) “അവർ യോസേഫിന്റെ കാലുകളെ വിലങ്ങുകൊണ്ട് ബന്ധിച്ചു, കഴുത്തിൽ ചങ്ങല അണിയിച്ചു” എന്ന സങ്കീർത്തനത്തിലെ വാക്കുകൾ കാണിക്കുന്നത്, യോസേഫ് കൂടുതലായ ഉപദ്രവങ്ങൾക്ക് ഇരയായി എന്നാണ്. (സങ്കീർത്തനം 105:17, 18) ഈജിപ്തുകാർ ചില തടവുകാരുടെ കൈകൾ പുറകിലേക്കാക്കി മുട്ടുകൾ കൂട്ടിക്കെട്ടിയിരുന്നു. ഇനി ചിലരുടെ കഴുത്ത് ഇരുമ്പുപട്ടകൊണ്ട് ബന്ധിച്ചിരുന്നു. ഒരു കുറ്റവും ചെയ്യാതിരുന്ന യോസേഫ് എത്രമാത്രം ദുഷ്പെരുമാറ്റമാണു സഹിക്കേണ്ടിവന്നത്!
ഇതു കുറച്ച് കാലത്തേക്കുള്ള ഒരു പ്രശ്നമായിരുന്നില്ല. “യോസേഫ് (തടവറയിൽ) കഴിഞ്ഞു” എന്നു വിവരണം പറയുന്നു. അതെ, ആ ഭയജനകമായ സ്ഥലത്ത് യോസേഫിനു വർഷങ്ങൾ കഴിയേണ്ടിവന്നു. എന്നെങ്കിലും മോചിതനാകുമോ എന്നു യോസേഫിന് അറിയാമായിരുന്നില്ല. ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോയി, ആഴ്ചകളായി, മാസങ്ങളായി. നിരാശയുടെ പടുകുഴിയിൽ വീഴാതിരിക്കാൻ യോസേഫ് എന്തു ചെയ്തു?
“യഹോവ യോസേഫിനോടുകൂടിരുന്ന് യോസേഫിനോട് അചഞ്ചലമായ സ്നേഹം കാണിച്ചു” എന്ന വാക്കുകളിൽ അതിനുള്ള ഉത്തരം കാണാം. (ഉൽപത്തി 39:21) ഒരു തടവറയ്ക്കും, ഒരു ചങ്ങലയ്ക്കും, ഒരു ഇരുട്ടറയ്ക്കും യഹോവയുടെ അചഞ്ചലസ്നേഹത്തെ തടയാൻ കഴിയില്ല. അത് യഹോവയുടെ വിശ്വസ്തദാസരുടെ അടുത്ത് എത്തുകതന്നെ ചെയ്യും. (റോമർ 8:38, 39) യോസേഫ് തന്റെ വിഷമങ്ങളെല്ലാം സ്നേഹമുള്ള സ്വർഗീയപിതാവിനോടു പറയുന്നതും “ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന” ദൈവത്തിൽനിന്ന് യോസേഫിന് ആശ്വാസം ലഭിക്കുന്നതും നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? (2 കൊരിന്ത്യർ 1:3, 4; ഫിലിപ്പിയർ 4:6, 7) യഹോവ യോസേഫിനുവേണ്ടി മറ്റ് എന്തുകൂടി ചെയ്തു? “തടവറയുടെ മേലധികാരിക്കു യോസേഫിനോട് ഇഷ്ടം തോന്നാൻ ദൈവം ഇടവരുത്തി” എന്നു നമ്മൾ വായിക്കുന്നു.
w14-E 11/1 15 ¶2
“യഹോവ യോസേഫിനോടുകൂടിരുന്ന് യോസേഫിനോട് അചഞ്ചലമായ സ്നേഹം കാണിച്ചു” എന്ന വാക്കുകളിൽ അതിനുള്ള ഉത്തരം കാണാം. (ഉൽപത്തി 39:21) ഒരു തടവറയ്ക്കും, ഒരു ചങ്ങലയ്ക്കും, ഒരു ഇരുട്ടറയ്ക്കും യഹോവയുടെ അചഞ്ചലസ്നേഹത്തെ തടയാൻ കഴിയില്ല. അത് യഹോവയുടെ വിശ്വസ്തദാസരുടെ അടുത്ത് എത്തുകതന്നെ ചെയ്യും. (റോമർ 8:38, 39) യോസേഫ് തന്റെ വിഷമങ്ങളെല്ലാം സ്നേഹമുള്ള സ്വർഗീയപിതാവിനോടു പറയുന്നതും “ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന” ദൈവത്തിൽനിന്ന് യോസേഫിന് ആശ്വാസം ലഭിക്കുന്നതും നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുമോ? (2 കൊരിന്ത്യർ 1:3, 4; ഫിലിപ്പിയർ 4:6, 7) യഹോവ യോസേഫിനുവേണ്ടി മറ്റ് എന്തുകൂടി ചെയ്തു? “തടവറയുടെ മേലധികാരിക്കു യോസേഫിനോട് ഇഷ്ടം തോന്നാൻ ദൈവം ഇടവരുത്തി” എന്നു നമ്മൾ വായിക്കുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 555
ഓനാൻ
(ഓനാൻ) (ഉത്പാദന ശക്തി, ഊർജം എന്നൊക്കെ അർഥമുള്ള മൂല പദത്തിൽനിന്ന് വരുന്നു.)
യഹൂദയ്ക്ക് കനാന്യനായ ശൂവയുടെ മകളിലുണ്ടായ രണ്ടാമത്തെ മകനാണ് ഓനാൻ. (ഉൽ 38:2-4; 1ദിന 2:3) എന്തോ തെറ്റു ചെയ്തതുകൊണ്ട് യഹോവ ഓനാന്റെ ചേട്ടനായ ഏരിനെ കൊന്നുകളഞ്ഞു. ഏരിന് മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് ചേട്ടന്റെ വിധവയായ താമാറിനെ വിവാഹം കഴിക്കാനും ഭർത്തൃസഹോദരധർമം അനുഷ്ഠിച്ച് ചേട്ടനുവേണ്ടി മക്കളെ ജനിപ്പിക്കാനും യഹൂദ ഓനാനോടു പറഞ്ഞു. ഒരു മകൻ ഉണ്ടാകുകയാണെങ്കിൽ ആ കുട്ടിയെ ഓനാന്റെ പിൻഗാമിയായി കണക്കാക്കുമായിരുന്നില്ല. മാത്രമല്ല, യഹൂദയുടെ മൂത്ത മകനായ ഏരിന് കിട്ടേണ്ടിയിരുന്ന അവകാശം ആ മകനു കിട്ടുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരു അവകാശി ഉണ്ടായില്ലെങ്കിൽ ആ അവകാശം ഓനാന് കിട്ടുമായിരുന്നു. അതുകൊണ്ട് “സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ” താമാറുമായി ബന്ധപ്പെട്ടപ്പോഴെല്ലാം “ഓനാൻ ബീജം നിലത്ത് വീഴ്ത്തിക്കളഞ്ഞു.” ഓനാൻ സ്വയംഭോഗം ചെയ്യുകയായിരുന്നില്ല. കാരണം ബൈബിൾവിവരണം പറയുന്നത് “സഹോദരന്റെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോഴെല്ലാം ഓനാൻ” ബീജം നിലത്ത് വീഴ്ത്തിക്കളഞ്ഞു എന്നാണ്. അതായത് താമാറിന്റെ ജനനേന്ദ്രിയത്തിലേക്ക് തന്റെ ബീജം പോകാൻ ഓനാൻ മനഃപൂർവം അനുവദിച്ചില്ല. സ്വയംഭോഗം ചെയ്തതുകൊണ്ടല്ല, പകരം പിതാവിനോടുള്ള അനുസരണക്കേടും അവന്റെ അത്യാഗ്രഹവും ദൈവത്തിന്റെ വിവാഹക്രമീകരണത്തോടുള്ള അനാദരവും കൊണ്ടാണ് യഹോവ ഓനാനെ കൊന്നുകളഞ്ഞത്. അങ്ങനെ, മക്കളില്ലാതെ ഓനാനും മരിച്ചു.—ഉൽ 38:6-10; 46:12; സംഖ 26:19.
മെയ് 18-24
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 40-41
“യഹോവ യോസേഫിനെ വിടുവിക്കുന്നു”
w15-E 2/1 14 ¶4-5
“സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?”
പാനപാത്രവാഹകൻ യോസേഫിനെ മറന്നിരിക്കാം. പക്ഷേ യഹോവ ഒരിക്കലും മറന്നില്ല. ഒരു രാത്രി യഹോവ ഫറവോനെ രണ്ട് അസാധാരണ സ്വപ്നങ്ങൾ കാണിച്ചു. ആദ്യത്തേതിൽ, കാണാൻ ഭംഗിയുള്ള, കൊഴുത്ത ഏഴു പശുക്കൾ നൈൽ നദിയിൽനിന്ന് കയറിവന്നു. അവയ്ക്കു പിന്നാലെ, മെലിഞ്ഞ് വിരൂപമായ ഏഴു പശുക്കൾകൂടി കയറിവന്നു. മെലിഞ്ഞ പശുക്കൾ, കൊഴുത്ത പശുക്കളെ തിന്നുകളഞ്ഞു. പിന്നീട് ഫറവോൻ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടിൽ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകൾ വിളഞ്ഞുവന്നു. അവയ്ക്കു പിന്നാലെ, കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞ, ശുഷ്കിച്ച ഏഴു കതിരുകൾ വളർന്നുവന്നു. ശുഷ്കിച്ച ഏഴു കതിരുകൾ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. സ്വപ്നങ്ങൾ കാരണം രാവിലെ വളരെ അസ്വസ്ഥനായാണ് ഫറവോൻ ഉണർന്നത്. അദ്ദേഹം തന്റെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് സ്വപ്നത്തിന്റെ അർഥം പറയാൻ ആവശ്യപ്പെട്ടു. പക്ഷേ, അവരെല്ലാം പരാജയപ്പെട്ടു. (ഉൽപത്തി 41:1-8) അവർക്ക് ഒന്നും പറയാൻ സാധിച്ചില്ലെന്നാണോ അതോ അവർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞെന്നാണോ അതിനർഥം? നമുക്ക് അറിഞ്ഞുകൂടാ. ഏതായാലും ഫറവോൻ നിരാശയിലായി. എങ്കിലും എങ്ങനെയും ഈ സ്വപ്നത്തിന്റെ അർഥം അറിയാൻ അദ്ദേഹം ആഗ്രഹിച്ചു.
ഒടുവിൽ പാനപാത്രവാഹകൻ യോസേഫിനെ ഓർത്തു. അദ്ദേഹത്തിനു മനസ്സാക്ഷിക്കുത്ത് തോന്നി. രണ്ടു വർഷം മുമ്പ് തന്റെയും അപ്പക്കാരന്റെയും സ്വപ്നങ്ങൾ വ്യാഖ്യാനിച്ച സമർഥനായ ചെറുപ്പക്കാരന്റെ കാര്യം അദ്ദേഹം ഫറവോനോടു പറഞ്ഞു. പെട്ടെന്നുതന്നെ ഫറവോൻ തടവറയിൽനിന്ന് യോസേഫിനെ വരുത്തി.—ഉൽപത്തി 41:9-13.
w15-E 2/1 14-15
“സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?”
താഴ്മയുള്ള, വിശ്വസ്തരായ ആളുകളെയാണ് യഹോവയ്ക്ക് ഇഷ്ടം. അതുകൊണ്ടാണ് ജ്ഞാനികൾക്കും മന്ത്രവാദികൾക്കും മനസ്സിലാക്കാൻ കഴിയാതിരുന്ന സ്വപ്നത്തിന്റെ അർഥം യഹോവ യോസേഫിനു വെളിപ്പെടുത്തിയത്. ഫറവോൻ കണ്ട രണ്ടു സ്വപ്നങ്ങളുടെയും അർഥം ഒന്നുതന്നെയാണെന്നു യോസേഫ് പറഞ്ഞു. ഒരേ കാര്യംതന്നെ രണ്ടു സ്വപ്നങ്ങളിലൂടെ കാണിച്ചുകൊണ്ട് അക്കാര്യം ‘തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നെന്ന്’ യഹോവ അറിയിക്കുകയായിരുന്നു. അത് ഉറപ്പായും നടക്കുമായിരുന്നു. കൊഴുത്ത പശുക്കളും പുഷ്ടിയുള്ള കതിരുകളും ഈജിപ്തിൽ വരാനിരുന്ന സമൃദ്ധിയുടെ ഏഴു വർഷങ്ങളാണു സൂചിപ്പിച്ചത്. അതേസമയം മെലിഞ്ഞ പശുക്കളും വാടിക്കരിഞ്ഞ കതിരുകളും ആ കാലത്തിനു പിന്നാലെ വരാനിരുന്ന ക്ഷാമത്തിന്റെ ഏഴു വർഷങ്ങൾ സൂചിപ്പിച്ചു. ആ ക്ഷാമകാലം ദേശത്തിന്റെ സമൃദ്ധി വിഴുങ്ങിക്കളയുമായിരുന്നു.—ഉൽപത്തി 41:25-32.
w15-E 2/1 15 ¶3
“സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?”
ഫറവോൻ പറഞ്ഞതുപോലെതന്നെ ചെയ്തു. ഫറവോന്റെ ആജ്ഞയനുസരിച്ച് യോസേഫിനെ ലിനൻവസ്ത്രങ്ങൾ ധരിപ്പിക്കുകയും കഴുത്തിൽ സ്വർണാഭരണം അണിയിക്കുകയും ചെയ്തു. കൂടാതെ, തന്റെ മുദ്രമോതിരവും രാജരഥവും ദേശത്തുടനീളം സഞ്ചരിച്ച് യോസേഫിന്റെ പദ്ധതി നടപ്പിലാക്കാനുള്ള സമ്പൂർണ അധികാരവും ഫറവോൻ യോസേഫിനു കൊടുത്തു. (ഉൽപത്തി 41:42-44) ഒന്ന് ആലോചിച്ചുനോക്കൂ, തലേ രാത്രി തടവിൽ കിടന്നുറങ്ങിയ യോസേഫ് അന്നു രാത്രി കൊട്ടാരത്തിലാണു തല ചായ്ച്ചത്. ഇന്നലത്തെ കുറ്റവാളി ഇന്ന് ഇതാ, ഈജിപ്തിലെ രണ്ടാമത്തെ ഭരണാധികാരി! യോസേഫ് യഹോവയിൽ അർപ്പിച്ച വിശ്വാസം പാഴായില്ല എന്നതു വ്യക്തമല്ലേ? ഇത്രയും വർഷം തന്റെ ദാസൻ അനുഭവിച്ച അനീതിയെല്ലാം യഹോവ കാണുന്നുണ്ടായിരുന്നു. ഏറ്റവും കൃത്യമായ സമയത്ത്, ഏറ്റവും ഭംഗിയായ വിധത്തിൽ യഹോവ അതിനെല്ലാം പരിഹാരം കണ്ടു. ഇസ്രായേലിന്റെ ഭാവിജനതയെ സംരക്ഷിക്കുക എന്നൊരു ഉദ്ദേശ്യവും യഹോവയ്ക്കുണ്ടായിരുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w15-E 11/1 9 ¶1-3
നിങ്ങൾക്ക് അറിയാമോ?
ഫറവോനെ കാണാൻ പോകുന്നതിനു മുമ്പ് യോസേഫ് ക്ഷൗരം ചെയ്തത് എന്തുകൊണ്ട്?
ഉൽപത്തിയിലെ വിവരണം അനുസരിച്ച്, ഫറവോൻ തന്റെ കുഴപ്പിക്കുന്ന സ്വപ്നങ്ങളുടെ അർഥം അറിയാനായി എബ്രായതടവുകാരനായ യോസേഫിനെ എത്രയും പെട്ടെന്ന് തന്റെ മുമ്പിൽ കൊണ്ടുവരണമെന്നു കല്പിച്ചു. യോസേഫ് തടവിലായിട്ട് കുറെ വർഷങ്ങളായിരുന്നു. ഫറവോൻ ധൃതിയിലായിരുന്നെങ്കിലും ക്ഷൗരം ചെയ്തിട്ടാണു യോസേഫ് പോയത്. (ഉൽപത്തി 39:20-23; 41:1, 14) ചെറുതൊന്നു തോന്നിപ്പിക്കുന്ന ഈ ഒരു കാര്യം എഴുത്തുകാരൻ എടുത്തുപറഞ്ഞത് കാണിക്കുന്നത്, അദ്ദേഹത്തിന് ഈജിപ്തിലെ രീതികളെക്കുറിച്ച് നന്നായി അറിയാമായിരുന്നു എന്നാണ്.
താടി വളർത്തുന്നത്, എബ്രായർ ഉൾപ്പെടെ പണ്ടത്തെ പല ജനതകളിലും സാധാരണമായിരുന്നു. അതിൽനിന്ന് വ്യത്യസ്തമായി, ഒരു ബൈബിൾ വിജ്ഞാനകോശം (Cyclopedia of Biblical, Theological, and Ecclesiastical Literature) പറയുന്നതനുസരിച്ച് “താടി വളർത്തുന്നതു നിഷിദ്ധമായി കണ്ടിരുന്ന ഒരേ ഒരു പൗരസ്ത്യ ദേശമായിരുന്നു പുരാതനകാലത്തെ ഈജിപ്തുകാർ.”
താടി മാത്രം ക്ഷൗരം ചെയ്താൽ മതിയായിരുന്നോ? ബിബ്ലിക്കൽ ആർക്കിയോളജിക്കൽ റിവ്യൂ എന്ന മാസിക പറയുന്നതനുസരിച്ച്, ഈജിപ്തിലെ ആചാരപ്രകാരം ഒരാൾ ക്ഷേത്രത്തിൽ എങ്ങനെയാണോ കടക്കുന്നത് അതുപോലെ വേണമായിരുന്നു ഫറവോന്റെ മുമ്പിൽ പോകാൻ. അങ്ങനെയാണെങ്കിൽ, യോസേഫ് തന്റെ തലയും ശരീരവും മുഴുവൻ ക്ഷൗരം ചെയ്യണമായിരുന്നു.
മെയ് 25-31
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 42-43
“യോസേഫ് ആത്മനിയന്ത്രണം പാലിക്കുന്നു”
it-2-E 108 ¶4
യോസേഫ്
വർഷങ്ങൾക്കു മുമ്പ് യോസേഫിനെ അടിമയായി വിറ്റതിനു ദൈവം തരുന്ന ശിക്ഷയാണു തങ്ങൾ അനുഭവിക്കുന്നതെന്നു യോസേഫിന്റെ ചേട്ടന്മാർക്കു തോന്നി. തങ്ങളുടെ മുമ്പിൽ നിൽക്കുന്നതു യോസേഫാണെന്ന് അറിയാതെ, പറ്റിപ്പോയ തെറ്റിനെക്കുറിച്ച് അവർ സംസാരിച്ചു. അവർക്കു പശ്ചാത്താപമുണ്ടെന്ന് ആ വാക്കുകൾ കേട്ടപ്പോൾ യോസേഫിനു മനസ്സിലായി. അപ്പോൾ അവരുടെ മുന്നിൽനിന്ന് മാറിപ്പോയി യോസേഫ് കരഞ്ഞു. അതു കഴിഞ്ഞ്, അവരുടെ ഏറ്റവും ഇളയ അനിയനെ കൊണ്ടുവരണമെന്നു യോസേഫ് ചേട്ടന്മാരോടു പറഞ്ഞു. അതുവരെ യോസേഫ് ശിമെയോനെ ബന്ധിയാക്കി.—ഉൽ 42:21-24.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 795
രൂബേൻ
രൂബേന്റെ നല്ല ഗുണങ്ങൾ വെളിപ്പെടുത്തുന്ന ചില സംഭവങ്ങളുണ്ട്. ഉദാഹരണത്തിന്, യോസേഫിനെ കൊല്ലുന്നതിനു പകരം പൊട്ടക്കിണറ്റിൽ ഇടാൻ രൂബേൻ തന്റെ ഒൻപതു സഹോദരന്മാരോടു പറഞ്ഞു. പിന്നീട് തിരിച്ചുവന്ന് രഹസ്യമായി യോസേഫിനെ രക്ഷിക്കുക എന്നതായിരുന്നു രൂബേന്റെ ഉദ്ദേശ്യം. (ഉൽ 37:18-30) 20-ലധികം വർഷങ്ങൾക്കു ശേഷം, ചാരപ്പണി ചെയ്യാനാണ് ഈജിപ്തിൽ അവർ വന്നത് എന്ന ആരോപണമുണ്ടായപ്പോൾ, യോസേഫിനോടു മോശമായി പെരുമാറിയതിന്റെ ശിക്ഷയാണു തങ്ങൾ അനുഭവിക്കുന്നതെന്ന് സഹോദരന്മാർ പരസ്പരം പറഞ്ഞു. യോസേഫിനെ കൊല്ലാനുള്ള പദ്ധതിയിൽ തനിക്കു പങ്കില്ലായിരുന്നു എന്ന് ഈ സമയത്ത് രൂബേൻ അവരെ ഓർമിപ്പിച്ചു. (ഉൽ 42:9-14, 21, 22) പിന്നീട്, ഈജിപ്തിലേക്കുള്ള അവരുടെ രണ്ടാമത്തെ യാത്രയിൽ ബന്യാമീനെ കൂടെ വിടാൻ യാക്കോബ് സമ്മതിക്കാതിരുന്നപ്പോൾ രൂബേൻ ഇങ്ങനെ പറഞ്ഞു: “ഞാൻ (ബന്യാമീനെ) അപ്പന്റെ അടുത്ത് തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ എന്റെ രണ്ട് ആൺമക്കളെ അപ്പനു കൊന്നുകളയാം.”—ഉൽ 42:37.