ധാർമിക ശുദ്ധി സംബന്ധിച്ച ദൈവിക വീക്ഷണം
“ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”—യെശയ്യാവു 48:17.
1, 2. (എ) ആളുകൾ പൊതുവെ ലൈംഗിക ധാർമികതയെ എങ്ങനെയാണു വീക്ഷിക്കുന്നത്? (ബി) ലൈംഗിക ധാർമികത സംബന്ധിച്ചുള്ള ക്രിസ്ത്യാനികളുടെ വീക്ഷണമെന്ത്?
ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ ഇന്ന് ധാർമിക നടത്തയെ തികച്ചും വ്യക്തിപരമായ ഒരു കാര്യമായി വീക്ഷിക്കുന്നു. തങ്ങൾക്കു തോന്നുമ്പോഴൊക്കെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു സ്വാഭാവിക രീതിയായിട്ടാണു ലൈംഗികബന്ധങ്ങളെ ആളുകൾ കണക്കാക്കുന്നത്, അല്ലാതെ വിവാഹജീവിതത്തിൽ ഒതുക്കി നിറുത്തേണ്ട ഒന്നായിട്ടല്ല. ആർക്കും പ്രത്യേകിച്ചു ദോഷമൊന്നും സംഭവിക്കാത്തിടത്തോളംകാലം എങ്ങനെ പെരുമാറിയാലും തെറ്റില്ലെന്ന് അവർ കരുതുന്നു. ധാർമികതയുടെ, വിശേഷിച്ചും ലൈംഗികതയുടെ കാര്യത്തിൽ ആരെയും വിധിക്കാൻ പാടില്ല എന്ന അഭിപ്രായക്കാരാണ് അവർ.
2 എന്നാൽ, യഹോവയെ അറിയാൻ ഇടയായിരിക്കുന്നവർ ധാർമികത സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ വീക്ഷണമാണു പുലർത്തുന്നത്. യഹോവയെ സ്നേഹിക്കുകയും അവനെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് അവർ തിരുവെഴുത്തു മാർഗനിർദേശങ്ങൾ സസന്തോഷം പിൻപറ്റുന്നു. യഹോവ തങ്ങളെ സ്നേഹിക്കുന്നുവെന്നും തങ്ങളുടെ നന്മയ്ക്കായി, തങ്ങൾക്കു പ്രയോജനം ചെയ്യുകയും സന്തോഷം കൈവരുത്തുകയും ചെയ്യുന്ന മാർഗനിർദേശം അവൻ പ്രദാനം ചെയ്യുന്നുവെന്നും അവർ തിരിച്ചറിയുന്നു. (യെശയ്യാവു 48:17) ദൈവം ജീവന്റെ ഉറവിടം ആയിരിക്കുന്നതിനാൽ തങ്ങളുടെ ശരീരങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതു സംബന്ധിച്ചുള്ള മാർഗനിർദേശത്തിനായി അവർ അവനിലേക്കു നോക്കുന്നതു തികച്ചും ന്യായയുക്തമാണ്. ജീവൻ പകരുന്നതിനോടു ബന്ധപ്പെട്ടിരിക്കുന്ന ലൈംഗികതയോടുള്ള ബന്ധത്തിൽ ഇതു വിശേഷാൽ സത്യമാണ്.
സ്നേഹവാനായ സ്രഷ്ടാവിൽ നിന്നുള്ള ഒരു ദാനം
3. ലൈംഗിക ബന്ധങ്ങളെ പറ്റി ക്രൈസ്തവലോകം ആളുകളെ എന്താണു പഠിപ്പിച്ചിരിക്കുന്നത്, അതു ബൈബിൾ പഠിപ്പിക്കലുകൾക്കു കടകവിരുദ്ധം ആയിരിക്കുന്നത് എങ്ങനെ?
3 എന്നാൽ മതേതര ലോകത്തിന്റെ നിലപാടിനു വിരുദ്ധമായി, ലൈംഗിക ബന്ധങ്ങൾ ലജ്ജാകരമാണെന്നും പാപമാണെന്നും ആദാമിനെ ഹവ്വാ ലൈംഗികമായി വശീകരിച്ചതാണ് ഏദെൻ തോട്ടത്തിലെ “ആദ്യ പാപം” എന്നുമൊക്കെ ക്രൈസ്തവലോകത്തിലെ ചിലർ പഠിപ്പിച്ചിരിക്കുന്നു. അത്തരമൊരു വീക്ഷണം നിശ്വസ്ത തിരുവെഴുത്തുകൾക്കു കടകവിരുദ്ധമാണ്. ആദ്യ മാനവ ദമ്പതികളെ ബൈബിൾ, “മനുഷ്യനും ഭാര്യയും” എന്നാണു പരാമർശിക്കുന്നത്. (ഉല്പത്തി 2:25) കുട്ടികളെ ഉളവാക്കാൻ പറഞ്ഞുകൊണ്ട് ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: ‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.’ (ഉല്പത്തി 1:28) കുട്ടികളെ ജനിപ്പിക്കാൻ ആദാമിനോടും ഹവ്വായോടും നിർദേശിച്ചിട്ട് ആ നിർദേശം പിൻപറ്റിയതിന്റെ പേരിൽ ദൈവം അവരെ ശിക്ഷിച്ചു എന്നു വിചാരിക്കുന്നതു തികച്ചും ന്യായരഹിതമാണ്.—സങ്കീർത്തനം 19:8.
4. ദൈവം മനുഷ്യർക്കു ലൈംഗിക പ്രാപ്തികൾ നൽകിയത് എന്തിന്?
4 നമ്മുടെ ആദ്യ മാതാപിതാക്കൾക്കു നൽകിയ അതേ കൽപ്പന ദൈവം നോഹയ്ക്കും പുത്രന്മാർക്കും നൽകി. ലൈംഗിക ബന്ധങ്ങളുടെ പ്രധാന ഉദ്ദേശ്യം കുട്ടികളെ ജനിപ്പിക്കുക ആയിരുന്നു എന്ന് അതു നമുക്കു വ്യക്തമാക്കിത്തരുന്നു. (ഉല്പത്തി 9:1) എന്നിരുന്നാലും, വിവാഹിത ദൈവ ദാസന്മാർ കുട്ടികളെ ജനിപ്പിക്കുക എന്ന ഏക ഉദ്ദേശ്യത്തിൽ ലൈംഗിക ബന്ധങ്ങളെ ഒതുക്കി നിറുത്തേണ്ടതില്ലെന്നു ദൈവവചനം വ്യക്തമാക്കുന്നു. വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾ യഥോചിതം നിവർത്തിക്കാനും അങ്ങനെ ഉല്ലാസം കണ്ടെത്താനും ആ ബന്ധങ്ങളിലൂടെ ഇണകൾക്കു സാധ്യമാകും. കൂടാതെ, പരസ്പരം ആഴമായ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗവുമാണ് അത്.—ഉല്പത്തി 26:8, 9; സദൃശവാക്യങ്ങൾ 5:18, 19; 1 കൊരിന്ത്യർ 7:3-5.
ദൈവിക നിയന്ത്രണം
5. ലൈംഗിക പ്രവർത്തനങ്ങളോടുള്ള ബന്ധത്തിൽ ദൈവം മനുഷ്യർക്ക് ഏതെല്ലാം വിലക്കുകളാണ് ഏർപ്പെടുത്തിയത്?
5 ലൈംഗികത ദൈവത്തിൽ നിന്നുള്ള ഒരു ദാനമായിരിക്കെ, യാതൊരു നിയന്ത്രണവുമില്ലാതെ അതിൽ ഏർപ്പെടാവുന്നതല്ല. വിവാഹബന്ധത്തിന് ഉള്ളിൽപ്പോലും ഈ തത്ത്വം ബാധകമാണ്. (എഫെസ്യർ 5:28-30; 1 പത്രൊസ് 3:1, 7) വിവാഹബാഹ്യ ലൈംഗിക ബന്ധങ്ങളെ ബൈബിൾ വിലക്കുന്നു. ഇക്കാര്യത്തിൽ ബൈബിളിന്റെ നിലപാടു വളരെ സ്പഷ്ടമാണ്. ഇസ്രായേൽ ജനതയ്ക്കു ദൈവം നൽകിയ നിയമം ഇങ്ങനെ നിഷ്കർഷിച്ചിരുന്നു: “വ്യഭിചാരം ചെയ്യരുതു.” (പുറപ്പാടു 20:14) പിന്നീട് യേശുക്രിസ്തു, ഹൃദയത്തിൽനിന്നു പുറപ്പെട്ട് ഒരു വ്യക്തിയെ ദുഷിപ്പിക്കുന്ന ദ്രോഹകരമായ കാര്യങ്ങളിൽ “വ്യഭിചാരം, പരസംഗം” എന്നിവയെയും ഉൾപ്പെടുത്തി. (മർക്കൊസ് 7:21-23) കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് ഈ അനുശാസനം നൽകാൻ പൗലൊസ് അപ്പൊസ്തലൻ നിശ്വസ്തനായി: “ദുർന്നടപ്പു വിട്ടു ഓടുവിൻ.” (1 കൊരിന്ത്യർ 6:18) മാത്രമല്ല, എബ്രായർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ് എഴുതി: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.”—എബ്രായർ 13:4.
6. ബൈബിളിൽ “പരസംഗം” എന്ന പദം എന്തിനെയെല്ലാം അർഥമാക്കുന്നു?
6 “പരസംഗം” എന്ന പദത്തിന്റെ അർഥമെന്താണ്? പോർണിയ എന്നതാണ് അതിന്റെ ഗ്രീക്കു പദം. അത് അവിവാഹിതരായ ആളുകൾ തമ്മിലുള്ള ലൈംഗിക ബന്ധങ്ങളെ പരാമർശിക്കാൻ ചിലപ്പോഴൊക്കെ ഉപയോഗിക്കുന്നുണ്ട്. (1 കൊരിന്ത്യർ 6:9, NW) എന്നാൽ, ചില വാക്യങ്ങളിൽ അതായത്, മത്തായി 5:32-ലും മത്തായി 19:9-ലും മറ്റും ആ പദത്തിനു വിപുലമായ അർഥമാണുള്ളത്. വ്യഭിചാരം, നിഷിദ്ധ ബന്ധുവേഴ്ച, മൃഗസംഭോഗം എന്നിവയ്ക്കും ആ പദം ഉപയോഗിക്കുന്നു. പരസ്പരം വിവാഹിതരാകാത്തവർ തമ്മിലുള്ള അധരസംഭോഗം, ഗുദസംഭോഗം, മറ്റൊരാളുടെ ലൈംഗിക അവയവങ്ങൾ മനഃപൂർവം തലോടൽ തുടങ്ങിയ പ്രവർത്തനങ്ങളെയും പോർണിയയിൽ ഉൾപ്പെടുത്താനാകും. അത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ദൈവവചനം കുറ്റംവിധിക്കുന്നു.—ലേവ്യപുസ്തകം 20:10, 13, 15, 16; റോമർ 1:24, 26, 27, 32.a
ദൈവത്തിന്റെ ധാർമിക നിയമങ്ങളിൽനിന്നു പ്രയോജനം നേടൽ
7. ധാർമിക ശുദ്ധിയുള്ളവർ ആയിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവ?
7 ലൈംഗിക നടപടികളോടുള്ള ബന്ധത്തിൽ യഹോവയുടെ നിയമം അനുസരിക്കുന്നത് അപൂർണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിരുന്നേക്കാം. 12-ാം നൂറ്റാണ്ടിലെ വിഖ്യാത തത്ത്വചിന്തകനായ മൈമോനിഡസ് ഇങ്ങനെ എഴുതി: “തോറയിലെ [മോശൈക ന്യായപ്രമാണത്തിലെ] നിയമങ്ങളിൽ അധാർമിക ലൈംഗിക നടപടികളോടുള്ള ബന്ധത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾപോലെ പാലിക്കാൻ ദുഷ്കരമായ വേറൊരു നിയമവും ഇല്ല.” എന്നുവരികിലും, ദൈവത്തിന്റെ മാർഗനിർദേശം പിൻപറ്റുന്നതു നമുക്ക് അത്യധികം പ്രയോജനം ചെയ്യും. (യെശയ്യാവു 48:18) ഉദാഹരണത്തിന്, ലൈംഗികതയുമായി ബന്ധപ്പെട്ട നിയമങ്ങൾ പിൻപറ്റുന്നതു ലൈംഗിക രോഗങ്ങളിൽനിന്നു നമുക്കു സംരക്ഷണമേകുന്നു. അവയിൽ പലതും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്തവയും മാരകവും ആണ്.b വിവാഹപൂർവ ഗർഭധാരണത്തിൽനിന്നും അതു നമുക്കു സംരക്ഷണമേകുന്നു. ദൈവിക ജ്ഞാനം ബാധകമാക്കുന്നതിലൂടെ ശുദ്ധമായ മനസ്സാക്ഷി ലഭിക്കുന്നു. അങ്ങനെ ചെയ്യുന്നത് ആത്മാഭിമാനം വളർത്തിയെടുക്കാനും ബന്ധുക്കളുടെയും വിവാഹപങ്കാളിയുടെയും കുട്ടികളുടെയും ക്രിസ്തീയ സഹോദരീസഹോദരന്മാരുടെയും മറ്റും ആദരവു നേടിയെടുക്കാനും നമ്മെ സഹായിക്കുന്നു. കൂടാതെ, ലൈംഗിക കാര്യങ്ങളോടു ക്രിയാത്മക മനോഭാവം പുലർത്താനും അതു നമ്മെ സഹായിക്കും. അങ്ങനെ അതു ദാമ്പത്യജീവിതത്തിൽ സന്തുഷ്ടി കൈവരുത്തും. ഒരു ക്രിസ്തീയ യുവതി അതു സംബന്ധിച്ച് ഇങ്ങനെ എഴുതി: “ദൈവവചനത്തിലെ സത്യമാണ് ഏറ്റവും വലിയ സംരക്ഷണം. ഞാൻ വിവാഹം കഴിക്കാൻ തയ്യാറാവുകയാണ്. ഇക്കാലമത്രയും ഞാൻ ചാരിത്രശുദ്ധി കാത്തുകൊണ്ടു എന്ന് എന്നെ വിവാഹം കഴിക്കാനിരിക്കുന്ന ക്രിസ്തീയ പുരുഷനോട് എനിക്ക് അഭിമാനപൂർവം പറയാനാകും.”
8. നമ്മുടെ ശുദ്ധമായ നടത്ത നിർമലാരാധനയുടെ ഉന്നമനത്തിൽ കലാശിക്കുന്നത് ഏതെല്ലാം വിധങ്ങളിൽ?
8 ശുദ്ധമായ നടത്തയിലൂടെ സത്യാരാധനയെ കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരണകൾ അകറ്റാനും നാം ആരാധിക്കുന്ന ദൈവത്തിലേക്ക് അവരെ ആകർഷിക്കാനും സാധിക്കും. പത്രൊസ് അപ്പൊസ്തലൻ എഴുതി: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.” (1 പത്രൊസ് 2:12) യഹോവയെ ആരാധിക്കാത്തവർ ഒരുപക്ഷേ നമ്മുടെ നിർമലമായ നടത്ത തിരിച്ചറിയാതിരിക്കുകയോ അത് അംഗീകരിക്കാതിരിക്കുകയോ ചെയ്തേക്കാമെങ്കിലും നമ്മുടെ സ്വർഗീയ പിതാവ് അതു കാണുകയും അംഗീകരിക്കുകയും അവന്റെ മാർഗനിർദേശം പിൻപറ്റാനുള്ള നമ്മുടെ ശ്രമങ്ങളെപ്രതി സന്തോഷിക്കുകയും ചെയ്യുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—സദൃശവാക്യങ്ങൾ 27:11; എബ്രായർ 4:13.
9. ദൈവത്തിന്റെ മാർഗനിർദേശത്തിനു പിന്നിലെ കാരണങ്ങൾ പൂർണമായി ഗ്രഹിക്കാൻ നമുക്കു സാധിക്കുന്നില്ലെങ്കിലും അതിൽ ഉറച്ച വിശ്വാസം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? വിശദീകരിക്കുക.
9 ഒരുപക്ഷേ ദൈവം ഒരു സംഗതി നമ്മിൽനിന്ന് ആവശ്യപ്പെടുന്നതിന്റെ പിന്നിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കാരണങ്ങളും നമുക്കു പൂർണമായി ഗ്രഹിക്കാൻ സാധിക്കുന്നില്ലെങ്കിൽപ്പോലും നമുക്ക് ഏറ്റവും ഉത്തമമായിരിക്കുന്നത് ദൈവത്തിന് അറിയാം എന്ന ഉറച്ച ബോധ്യം അവനിലുള്ള നമ്മുടെ വിശ്വാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മോശൈക ന്യായപ്രമാണത്തിൽ നിന്നുള്ള ഒരു ഉദാഹരണം പരിചിന്തിക്കുക. സൈനിക പാളയങ്ങളെ കുറിച്ചുള്ള നിയമങ്ങളിൽ ഒരെണ്ണം, പാളയത്തിനു വെളിയിൽ ബാഹ്യത്തിനു പോകുകയും വിസർജ്യം മൂടിക്കളയുകയും ചെയ്യുക എന്നതായിരുന്നു. (ആവർത്തനപുസ്തകം 23:13, 14) ഒരുപക്ഷേ, അത്തരം ഒരു നിർദേശം എന്തിനാണെന്ന് ഇസ്രായേല്യർ ചിന്തിച്ചിരിക്കാം. അത് അനാവശ്യമാണെന്നു പോലും ചിലർക്കു തോന്നിയിരിക്കാം. എന്നിരുന്നാലും, അതിനുശേഷം പ്രസ്തുത നിയമത്തിന്റെ പ്രാധാന്യം വൈദ്യശാസ്ത്രം മനസ്സിലാക്കാൻ തുടങ്ങി. ശുദ്ധജല സ്രോതസ്സ് രോഗാണുമുക്തമായി സൂക്ഷിക്കാനും ഈച്ചയിലൂടെയും മറ്റും പകരുന്ന പല രോഗങ്ങളിൽനിന്നും സംരക്ഷണം നേടാനും അതു സഹായകമായിരിക്കുന്നു. സമാനമായി, വിവാഹ ഇണയുമായി മാത്രമേ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാവൂ എന്ന നിയന്ത്രണം ദൈവം വെച്ചിരിക്കുന്നതിന് ആത്മീയവും സാമൂഹികവും വൈകാരികവും ശാരീരികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ ഉണ്ട്. ധാർമിക ശുദ്ധി നിലനിറുത്തിയ ചിലരുടെ ദൃഷ്ടാന്തങ്ങൾ നമുക്കിപ്പോൾ ബൈബിളിൽനിന്നു പരിചിന്തിക്കാം.
യോസേഫ് —ധാർമിക നടത്തയെപ്രതി അനുഗൃഹീതൻ
10. യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചത് ആർ, അവന്റെ മറുപടി എന്തായിരുന്നു?
10 യാക്കോബിന്റെ മകനായ യോസേഫിനെ കുറിച്ചു നിങ്ങൾ ബൈബിളിൽ വായിച്ചിരിക്കും. 17-ാം വയസ്സിൽ അവൻ ഈജിപ്തിലെ ഫറവോന്റെ അകമ്പടിനായകനായ പോത്തീഫറിന്റെ അടിമ ആയിത്തീർന്നു. യഹോവ യോസേഫിനെ അനുഗ്രഹിച്ചതിന്റെ ഫലമായി പോത്തീഫർ അവനെ തന്റെ മുഴു ഭവനത്തിനും മേൽവിചാരകനായി നിയമിച്ചു. 20 വയസ്സായപ്പോഴേക്കും യോസേഫ് “കോമളനും മനോഹരരൂപിയും ആയി”ത്തീർന്നു. തന്മൂലം, പോത്തീഫറിന്റെ ഭാര്യ അവനിൽ ആകൃഷ്ടയായി അവനെ വശീകരിക്കാൻ ശ്രമിച്ചു. അതിനു വഴങ്ങുന്നത് തന്റെ യജമാനനോടുള്ള വഞ്ചന മാത്രമല്ല ‘ദൈവത്തോടുള്ള പാപ’വും ആണെന്നു വ്യക്തമാക്കിക്കൊണ്ട് യോസേഫ് തന്റെ നിലപാടു വ്യക്തമാക്കി. യോസേഫ് അങ്ങനെ ന്യായവാദം ചെയ്യാൻ കാരണമെന്താണ്?—ഉല്പത്തി 39:1-9.
11, 12. പരസംഗത്തെയും വ്യഭിചാരത്തെയും നിരോധിക്കുന്ന ദിവ്യ ലിഖിത നിയമം ഇല്ലായിരുന്നിട്ടും യോസേഫ് അതിനു വിസമ്മതിച്ചത് എന്തുകൊണ്ട്?
11 മറ്റുള്ളവർ കണ്ടുപിടിക്കുമോ എന്ന ഭയമായിരുന്നില്ല അത്തരമൊരു തീരുമാനമെടുക്കാൻ യോസേഫിനെ പ്രേരിപ്പിച്ചത്. യോസേഫിന്റെ കുടുംബാംഗങ്ങൾ താമസിച്ചിരുന്നതു വളരെ അകലെയായിരുന്നു. അവൻ മരിച്ചുപോയെന്നാണ് അവന്റെ പിതാവു വിചാരിച്ചിരുന്നത്. യോസേഫ് ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടിരുന്നെങ്കിൽ അതേക്കുറിച്ച് അവന്റെ കുടുംബാംഗങ്ങൾ ഒരിക്കലും അറിയുമായിരുന്നില്ല. പോത്തീഫറും അവന്റെ സേവകരും വീട്ടിൽ ഇല്ലാതിരുന്ന പല സന്ദർഭങ്ങളും ഉണ്ടായിരുന്നതിനാൽ ആ പാതകത്തെ കുറിച്ച് അവരും അറിയാൻ വഴിയില്ലായിരുന്നു. (ഉല്പത്തി 39:11) എങ്കിലും, അത്തരമൊരു നടപടി ദൈവത്തിൽനിന്നു മറയ്ക്കാനാവില്ല എന്ന് യോസേഫിന് അറിയാമായിരുന്നു.
12 യഹോവയെ കുറിച്ചു തനിക്ക് അറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ യോസേഫ് ന്യായവാദം നടത്തിയിരിക്കണം. “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പററിച്ചേരും; അവർ ഏകദേഹമായി തീരും” എന്ന് ഏദെൻ തോട്ടത്തിൽവെച്ച് യഹോവ അരുളിച്ചെയ്ത കാര്യം അവന് അറിയാമായിരുന്നു എന്നതിനു സംശയമില്ല. (ഉല്പത്തി 2:24) കൂടാതെ, യോസേഫിന്റെ പിതാവിന്റെ വലിയമ്മയായിരുന്ന സാറായെ വശീകരിക്കാൻ ശ്രമിച്ച ഒരു ഫെലിസ്ത്യ രാജാവിനോട് യഹോവ പറഞ്ഞതെന്താണെന്നും സാധ്യതയനുസരിച്ച് അവന് അറിയാമായിരുന്നു. യഹോവ ആ രാജാവിനോട് ഇങ്ങനെ പറയുകയുണ്ടായി: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു. . . . നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (ഉല്പത്തി 20:3, 6) വിവാഹത്തെ കുറിച്ച് യഹോവ ഒരു ലിഖിത നിയമം അന്നുവരെ നൽകിയിരുന്നില്ലെങ്കിലും അതു സംബന്ധിച്ചുള്ള അവന്റെ നിലപാടു വളരെ വ്യക്തമായിരുന്നു. യോസേഫിന്റെ ധാർമിക അവബോധവും യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹവും അധാർമികതയിൽ ഏർപ്പെടാതിരിക്കാൻ അവനെ സഹായിച്ചു.
13. സാധ്യതയനുസരിച്ച്, യോസേഫിന് പോത്തീഫറിന്റെ ഭാര്യയിൽനിന്ന് ഒഴിഞ്ഞുമാറി നടക്കാൻ യാതൊരു നിർവാഹവും ഇല്ലാതിരുന്നത് എന്തുകൊണ്ട്?
13 എന്നുവരികിലും, തന്നോടൊപ്പം ശയിക്കാൻ പറഞ്ഞ് പോത്തീഫറിന്റെ ഭാര്യ “ദിനം പ്രതി” യോസേഫിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. ആ സ്ഥിതിക്ക്, അവളുടെ ശ്രദ്ധയിൽ പെടാതെ യോസേഫ് ഒഴിഞ്ഞുമാറി നടക്കാഞ്ഞത് എന്തുകൊണ്ടാണ്? ഒരു അടിമ എന്നനിലയിൽ അവനു പല ജോലികളും ചെയ്യേണ്ടതുണ്ടായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം സ്ഥിതിഗതികൾക്കു മാറ്റം വരുത്താൻ അവനു സാധിക്കുമായിരുന്നില്ല. ഈജിപ്തിലെ വീടുകൾ പണിതിരുന്ന രീതി അനുസരിച്ച് വീടിന്റെ പ്രധാന ഭാഗത്തു കൂടെ വേണമായിരുന്ന കലവറകളിലേക്കു കടന്നു പോകാൻ എന്ന് പുരാവസ്തുശാസ്ത്ര തെളിവുകൾ വ്യക്തമാക്കുന്നു. തന്മൂലം, പോത്തീഫറിന്റെ ഭാര്യയിൽനിന്ന് ഒഴിഞ്ഞുമാറി നടക്കാൻ യോസേഫിനു യാതൊരു നിർവാഹവും ഇല്ലായിരുന്നിരിക്കണം.— ഉല്പത്തി 39:10.
14. (എ) പോത്തീഫറിന്റെ ഭാര്യയുടെ അടുക്കൽനിന്ന് ഓടിപ്പോയ യോസേഫിന് എന്തു സംഭവിച്ചു? (ബി) യോസേഫിന്റെ വിശ്വസ്തതയ്ക്ക് യഹോവ എങ്ങനെ പ്രതിഫലം നൽകി?
14 അങ്ങനെയിരിക്കെ, പോത്തീഫറിന്റെ ഭാര്യയും യോസേഫും ഒഴികെ മറ്റാരും വീട്ടിൽ ഇല്ലാതിരുന്ന ഒരു സമയത്ത് അവൾ യോസേഫിന്റെ വസ്ത്രത്തിൽ കടന്നുപിടിച്ച്: “എന്നോടു കൂടെ ശയിക്ക” എന്നു പറഞ്ഞ് നിർബന്ധിച്ചു. വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ച് യോസേഫ് പുറത്തേക്ക് ഓടിക്കളഞ്ഞു. അങ്ങനെ അവമാനിതയായതിൽ ക്രോധംപൂണ്ട് അവൾ, യോസേഫ് തന്നെ ബലാത്സംഗം ചെയ്യാൻ മുതിർന്നെന്നു കുറ്റമാരോപിച്ചു. അതിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമായിരുന്നു? ദൃഢമായ വിശ്വസ്തതയ്ക്ക് യഹോവ ഉടനടി അവനു പ്രതിഫലം നൽകിയോ? ഇല്ല. യോസേഫിന്റെ കാലിൽ വിലങ്ങുവെച്ച് പോത്തീഫർ അവനെ കാരാഗൃഹത്തിൽ ആക്കി. (ഉല്പത്തി 39:12-20; സങ്കീർത്തനം 105:19) അത് അനീതിയായി കണ്ട യഹോവ ഒടുവിൽ യോസേഫിനെ കാരാഗൃഹത്തിൽനിന്നു കൊട്ടാരത്തിലേക്ക് ഉയർത്തി. ഈജിപ്തിൽ ഫറവോൻ കഴിഞ്ഞുള്ള തൊട്ടടുത്ത സ്ഥാനം നൽകിയതിനു പുറമേ, ഭാര്യയെയും മക്കളെയും നൽകി യഹോവ അവനെ അനുഗ്രഹിച്ചു. (ഉല്പത്തി 41:14, 15, 39-45, 50-52) പിന്നീട്, 3,500 വർഷങ്ങൾക്കുമുമ്പ്, അന്നുമുതൽ ഇങ്ങോട്ട് ജീവിച്ചിരുന്നിട്ടുള്ള എല്ലാ ദൈവദാസന്മാരുടെയും പ്രയോജനത്തിനായി യോസേഫിന്റെ ദൃഢമായ വിശ്വസ്തതയെ കുറിച്ച് തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിവെച്ചു. ദൈവത്തിന്റെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻപറ്റിയതുകൊണ്ടുള്ള എത്ര വലിയ അനുഗ്രഹങ്ങൾ! സമാനമായി ഇന്ന്, ധാർമിക വിശ്വസ്ത പാലിക്കുന്നതുകൊണ്ടു നമുക്ക് എല്ലായ്പോഴും ഉടനടി പ്രയോജനങ്ങൾ ലഭിച്ചെന്നുവരില്ല. എങ്കിലും, യഹോവ അതു മനസ്സിലാക്കി തക്ക സമയത്തു നമ്മെ അനുഗ്രഹിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—2 ദിനവൃത്താന്തം 16:9.
ഇയ്യോബ് ‘കണ്ണുമായി ചെയ്ത നിയമം’
15. ഇയ്യോബ് തന്റെ ‘കണ്ണുമായി ചെയ്ത നിയമം’ എന്തായിരുന്നു?
15 ദൃഢമായ വിശ്വസ്തത പുലർത്തിയ മറ്റൊരു വ്യക്തിയാണ് ഇയ്യോബ്. പിശാച് കൊണ്ടുവന്ന പീഡനങ്ങൾക്കിടയിൽ ഇയ്യോബ് തന്റെ ജീവിതത്തെ കുറിച്ച് അവലോകനം ചെയ്തു. ഏതെങ്കിലും വിധത്തിൽ, വിശേഷിച്ചും ലൈംഗികത സംബന്ധിച്ച യഹോവയുടെ തത്ത്വങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ താൻ കഠിന ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്ന് അവൻ പ്രഖ്യാപിച്ചു. ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോബ് 31:1) യഹോവയോടു ദൃഢമായ വിശ്വസ്തത പുലർത്തുന്നതിനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതിന് താൻ കാമാസക്തമായ കണ്ണുകളോടെ ഒരു സ്ത്രീയെ നോക്കുകപോലും ചെയ്യില്ലെന്ന് ഇയ്യോബ് ദൃഢനിശ്ചയം ചെയ്തിരുന്നു. അതേസമയം, അനുദിന ജീവിതത്തിൽ അവൻ സ്ത്രീകളെ കാണുകയും അവർക്കുവേണ്ട സഹായം നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രേമാത്മക ലക്ഷ്യങ്ങൾ നേടുന്നതിന് അവൻ ഒരിക്കലും മുതിർന്നില്ല. പരിശോധനകൾ തുടങ്ങുന്നതിനു മുമ്പ് അവൻ അത്യധികം സമ്പന്നനും ‘സകലപൂർവ്വദിഗ്വാസികളിലും മഹാനും’ ആയിരുന്നു. (ഇയ്യോബ് 1:3) എന്നുവരികിലും, തന്റെ സമ്പത്ത് ഉപയോഗിച്ച് അവൻ അന്യ സ്ത്രീകളെ വശീകരിക്കാൻ ശ്രമിച്ചില്ല. യുവ സ്ത്രീകളുമായി അധാർമിക ബന്ധങ്ങളിൽ ഏർപ്പെടുന്നതിനെ കുറിച്ച് അവൻ ചിന്തിച്ചതുപോലുമില്ല.
16. ഇയ്യോബ് വിവാഹിതരായ ക്രിസ്ത്യാനികൾക്ക് ഉത്തമ മാതൃക ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) മലാഖിയുടെ നാളിൽ ആളുകളുടെ പെരുമാറ്റം ഇയ്യോബിന്റേതിൽനിന്നു വളരെ വ്യത്യസ്തമായിരുന്നത് എങ്ങനെ, നമ്മുടെ നാളുകളിലോ?
16 അങ്ങനെ, സാഹചര്യങ്ങൾ അനുകൂലമായിരുന്നപ്പോഴും പ്രതികൂലമായിരുന്നപ്പോഴും ഇയ്യോബ് ധാർമിക വിശ്വസ്തത പുലർത്തി. അക്കാരണത്താൽ യഹോവ അവനെ സമൃദ്ധമായി അനുഗ്രഹിച്ചു. (ഇയ്യോബ് 1:10; 42:12) വിവാഹിതരായ ക്രിസ്തീയ സ്ത്രീപുരുഷന്മാർക്ക് ഇയ്യോബ് എത്ര നല്ല മാതൃകയാണ്! യഹോവ അവനെ അത്രയധികം സ്നേഹിച്ചതിൽ തെല്ലും അതിശയമില്ല! നേരെ മറിച്ച്, ഇന്ന് അനേകരുടെയും പെരുമാറ്റം പ്രവാചകനായ മലാഖിയുടെ നാളിലെ ആളുകളുടേതിനു വളരെ സമാനമാണ്. യുവ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനു പല ഭർത്താക്കന്മാരും ഭാര്യമാരെ ഉപേക്ഷിച്ചതിനെ കുറ്റപ്പെടുത്തിക്കൊണ്ട് ആ പ്രവാചകൻ സംസാരിച്ചു. ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ കണ്ണുനീർകൊണ്ട് യഹോവയുടെ യാഗപീഠം മൂടി. ഇണയോട് “അവിശ്വസ്തത കാണിച്ചിരിക്കുന്ന”വരെ ദൈവം കുറ്റംവിധിച്ചു.—മലാഖി 2:13-16.
ചാരിത്രശുദ്ധിയുള്ള ഒരു യുവതി
17. ശൂലേമ്യ കന്യക “കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം” പോലെ ആയിരുന്നത് എങ്ങനെ?
17 ദൃഢമായ വിശ്വസ്തത പാലിച്ച മൂന്നാമത് ഒരാളെ കുറിച്ചു പരിചിന്തിക്കാം. ശൂലേമ്യ കന്യക. സുന്ദരിയായിരുന്ന ആ തരുണിയിൽ ഒരു ഇടയബാലൻ മാത്രമല്ല ഇസ്രായേലിലെ സമ്പന്ന രാജാവായ ശലോമോനും ആകൃഷ്ടനായി. ചാരിത്രശുദ്ധി കാത്തുകൊണ്ട ശൂലേമ്യ കന്യക തനിക്കു ചുറ്റുമുള്ളവരുടെ ആദരവു നേടിയെടുത്തതായി ഉത്തമഗീതത്തിലെ ഹൃദ്യമായ ആ കഥ വെളിപ്പെടുത്തുന്നു. അവളുടെ സ്നേഹം പിടിച്ചുപറ്റാനായില്ലെങ്കിലും അവളെക്കുറിച്ച് ഒരു കഥയെഴുതാൻ ശലോമോൻ നിശ്വസ്തനായി. അവൾ സ്നേഹിച്ചിരുന്ന ഇടയനും നിർമലമായ നടത്തയെപ്രതി അവളെ ആദരിച്ചു. ശൂലേമ്യ കന്യക, “കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം” ആണെന്ന് ഒരു സന്ദർഭത്തിൽ അവൻ അഭിപ്രായപ്പെട്ടു. (ഉത്തമഗീതം 4:12) പുരാതന ഇസ്രായേലിലെ സുന്ദരമായ തോട്ടങ്ങൾ പലതരം പച്ചക്കറികളും സൗരഭ്യമുതിർക്കുന്ന പുഷ്പങ്ങളും തല ഉയർത്തിനിൽക്കുന്ന വൃക്ഷങ്ങളും നിറഞ്ഞവയായിരുന്നു. അത്തരം തോട്ടങ്ങളെ വേലിയോ മതിലോ കെട്ടി തിരിച്ച് പൂട്ടുള്ള കവാടങ്ങൾ പിടിപ്പിച്ചിരുന്നു. (യെശയ്യാവു 5:5) ആ ഇടയനെ സംബന്ധിച്ചിടത്തോളം, ശൂലേമ്യ കന്യകയുടെ ധാർമിക ശുദ്ധിയും സൗന്ദര്യവും അപൂർവ ഭംഗിയുള്ള അത്തരമൊരു തോട്ടത്തിനു സമാനമായിരുന്നു. അവൾ തികഞ്ഞ ചാരിത്രശുദ്ധി ഉള്ളവളായിരുന്നു. തന്റെ ഭാവി വരനു മാത്രമേ അവൾ ആർദ്രസ്നേഹം നൽകുമായിരുന്നുള്ളൂ.
18. യോസേഫ്, ഇയ്യോബ്, ശൂലേമ്യ കന്യക എന്നിവരുടെ ദൃഷ്ടാന്തങ്ങൾ നമ്മെ എന്തിനെ കുറിച്ച് ഓർമിപ്പിക്കുന്നു?
18 ധാർമിക വിശ്വസ്തതയുടെ കാര്യത്തിൽ ശൂലേമ്യ കന്യക ക്രിസ്തീയ സ്ത്രീകൾക്ക് ഉത്കൃഷ്ടമായ ഒരു മാതൃകയാണ്. ആ ശൂലേമ്യ പെൺകുട്ടിയുടെ സദ്ഗുണങ്ങളെ യഹോവ വിലമതിക്കുകയും യോസേഫിനെയും ഇയ്യോബിനെയും പോലെതന്നെ അവളെയും അനുഗ്രഹിക്കുകയും ചെയ്തു. നമുക്കു മാർഗനിർദേശം പ്രദാനം ചെയ്യുന്നതിനായി ദൈവത്തോടുള്ള അവരുടെ ദൃഢമായ വിശ്വസ്തതയുടെ തെളിവായ പ്രവൃത്തികളെ കുറിച്ചുള്ള വൃത്താന്തം ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വിശ്വസ്തത പാലിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ ഇന്നു ബൈബിളിൽ രേഖപ്പെടുത്തുന്നില്ലെങ്കിലും തന്റെ ഹിതം ചെയ്യാൻ ശ്രമിക്കുന്നവർക്കായി യഹോവയുടെ പക്കൽ ഒരു “സ്മരണപുസ്തകം” ഉണ്ട്. നാം ധാർമിക ശുദ്ധിയുള്ളവരായി ജീവിക്കാൻ ശ്രമിക്കവെ യഹോവ ആനന്ദിക്കുകയും ‘ശ്രദ്ധവെച്ചു കേൾക്കുക’യും ചെയ്യുന്നുവെന്ന കാര്യം നമുക്ക് ഒരിക്കലും മറക്കാതിരിക്കാം.—മലാഖി 3:16.
19. (എ) ധാർമിക ശുദ്ധിയെ നാം എങ്ങനെ വീക്ഷിക്കണം? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ച ചെയ്യുന്നതായിരിക്കും?
19 അവിശ്വാസികൾ നമ്മെ പരിഹസിച്ചേക്കാമെങ്കിലും നമ്മുടെ സ്നേഹനിധിയായ സ്രഷ്ടാവിനെ അനുസരിക്കുന്നതിൽ നാം ആനന്ദിക്കുന്നു. ഉന്നതമായ, അതേ ദൈവികമായ ധാർമിക നിലവാരം പുലർത്തുന്നവരാണു നാം. അതിനെപ്രതി നമുക്ക് അഭിമാനിക്കാനാകും, അങ്ങേയറ്റം മൂല്യവത്തായി അതിനെ വീക്ഷിക്കാനാകും. ശുദ്ധമായ ധാർമിക നിലപാടു കൈക്കൊള്ളുന്നതിന്റെ ഫലമായി നമുക്കു ദൈവാനുഗ്രഹത്തെപ്രതി ആനന്ദിക്കാനും അനന്ത ഭാവിക്കുള്ള പ്രത്യാശ വെച്ചുപുലർത്താനും സാധിക്കും. എന്നാൽ, പ്രായോഗികതലത്തിൽ നമുക്ക് എങ്ങനെ ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളാനാകും? അടുത്ത ലേഖനത്തിൽ ഈ സുപ്രധാന ചോദ്യം ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a 1983 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 29-31 പേജുകൾ കാണുക.
b ദുഃഖകരമെന്നു പറയട്ടെ, നിരപരാധിയായ ഒരു ക്രിസ്ത്യാനിക്ക് ദൈവത്തിന്റെ മാർഗനിർദേശം പിൻപറ്റാത്ത അവിശ്വാസിയായ ഇണയിലൂടെ ലൈംഗികരോഗം പിടിപെടുന്ന സാഹചര്യങ്ങൾ ഉയർന്നുവരാറുണ്ട്.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ലൈംഗിക ബന്ധങ്ങളെ കുറിച്ചു ബൈബിൾ എന്താണു പഠിപ്പിക്കുന്നത്?
• “പരസംഗം” എന്ന പദത്തിന് ബൈബിളിൽ എന്തെല്ലാം അർഥങ്ങളുണ്ട്?
• ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതുകൊണ്ടു നമുക്ക് എങ്ങനെ പ്രയോജനം നേടാം?
• യോസേഫ്, ഇയ്യോബ്, ശൂലേമ്യ കന്യക എന്നിവർ ഇന്നു ക്രിസ്ത്യാനികൾക്ക് ഉത്തമ ദൃഷ്ടാന്തം ആയിരിക്കുന്നത് എന്തുകൊണ്ട്?
[9-ാം പേജിലെ ചിത്രം]
യോസേഫ് അധാർമിക പ്രവർത്തനത്തിൽ ഏർപ്പെടാതെ ഓടിക്കളഞ്ഞു
[10-ാം പേജിലെ ചിത്രം]
ശൂലേമ്യ കന്യക “കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം” പോലെ ആയിരുന്നു
[11-ാം പേജിലെ ചിത്രം]
ഇയ്യോബ് ‘തന്റെ കണ്ണുമായി നിയമം’ ചെയ്തു