അധ്യായം 20
ഒരു ബഹുജന മഹാപുരുഷാരം
1. നൂററിനാൽപ്പത്തിനാലായിരത്തിന്റെ മുദ്രയിടൽ വർണിച്ചശേഷം മററ് ഏതു കൂട്ടത്തെ യോഹന്നാൻ കാണുന്നു?
നൂററിനാൽപ്പത്തിനാലായിരത്തിന്റെ മുദ്രയിടൽ വർണിച്ച ശേഷം എല്ലാ തിരുവെഴുത്തിലുംവെച്ച് ഏററം പുളകപ്രദമായ വെളിപാടുകളിലൊന്ന് യോഹന്നാൻ തുടർന്നു റിപ്പോർട്ടു ചെയ്യുന്നു. “ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉളളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെളളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞുകൊണ്ട് അതു റിപ്പോർട്ടുചെയ്യുകയിൽ അവന്റെ ഹൃദയം ആനന്ദംകൊണ്ടു തുളളിയിട്ടുണ്ടാകണം. (വെളിപ്പാടു 7:9) അതെ, നാലു കാററുകളുടെ പിടിച്ചുനിർത്തൽ, ആത്മീയ ഇസ്രായേലിന്റെ 1,44,000 അംഗങ്ങൾക്കു പുറമേ മറെറാരു കൂട്ടത്തിന്റെ രക്ഷക്ക് അവസരം നൽകുന്നു; പല ഭാഷക്കാരടങ്ങിയ ഒരു സാർവദേശീയ മഹാപുരുഷാരത്തിന്റെ തന്നെ.a—വെളിപ്പാടു 7:1.
2. ലൗകിക ഭാഷ്യകാരൻമാർ മഹാപുരുഷാരത്തെ വിശദീകരിച്ചിരിക്കുന്നതെങ്ങനെ, കഴിഞ്ഞകാലത്തു ബൈബിൾ വിദ്യാർഥികൾപോലും ഈ കൂട്ടത്തെ എങ്ങനെ വീക്ഷിച്ചു?
2 ലൗകിക ഭാഷ്യകാരൻമാർ, ഈ മഹാപുരുഷാരത്തെ ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്ത ജഡിക യഹൂദേതരർ അല്ലെങ്കിൽ സ്വർഗത്തിൽ പോകാനുളള ക്രിസ്തീയ രക്തസാക്ഷികൾ ആണെന്നു വ്യാഖ്യാനിച്ചിരിക്കുന്നു. ബൈബിൾ വിദ്യാർഥികൾ പോലും കഴിഞ്ഞകാലത്ത് ഇവരെ ഒരു രണ്ടാം സ്വർഗീയ വർഗമായി കണക്കാക്കുകയുണ്ടായി, 1886-ൽ വേദാധ്യയന പത്രിക 1-ാം വാല്യത്തിൽ, യുഗങ്ങളുടെ ദൈവിക നിർണയത്തിൽ കുറിക്കൊണ്ടിരുന്നപ്രകാരം തന്നെ: “അവർക്കു സിംഹാസനമാകുന്ന സമ്മാനവും ദിവ്യസ്വഭാവവും നഷ്ടമാകുന്നു, എന്നാൽ ഒടുവിൽ ദിവ്യസ്വഭാവത്തെക്കാൾ താണ ഒരു നിരയിലേക്ക് ആത്മജീവികളെന്ന നിലയിൽ ജനനം പ്രാപിക്കും. ഇവർ യഥാർഥത്തിൽ പ്രതിഷ്ഠിക്കപ്പെട്ടവരാണെങ്കിലും തങ്ങളുടെ ജീവിതം ബലിയായി വെച്ചുകൊടുക്കാൻ അവർ പരാജയപ്പെടുന്ന അളവോളം ലോകത്തിന്റെ ആത്മാവ് അവരെ കീഴടക്കിയിരിക്കുന്നു.” പിന്നീട് 1930-ൽ ആ ആശയം പ്രകാശം (ഇംഗ്ലീഷ്) ഒന്നാം പുസ്തകത്തിൽ പ്രകടമാക്കപ്പെട്ടു: “ഈ മഹാപുരുഷാരം ആയിത്തീരുന്നവർ കർത്താവിനുവേണ്ടി തീക്ഷ്ണതയുളള സാക്ഷികൾ ആയിത്തീരാനുളള ക്ഷണത്തോടു പ്രതികരിക്കുന്നതിൽ പരാജയപ്പെടുന്നു.” അവർ സത്യത്തിന്റെ പരിജ്ഞാനമുളളവരെങ്കിലും അതു പ്രസംഗിക്കുവാൻ ഒന്നും ചെയ്യാതിരുന്ന സ്വയനീതിക്കാരുടെ ഒരു സംഘമായി വർണിക്കപ്പെട്ടു. അവർ ക്രിസ്തുവിനോടുകൂടെ വാഴുന്നതിൽ പങ്കെടുക്കുകയില്ലാത്ത ഒരു രണ്ടാം വർഗമായി സ്വർഗത്തിൽ എത്തേണ്ടിയിരുന്നു.
3. (എ) പ്രസംഗവേലയിൽ പിന്നീടു ശുഷ്കാന്തിയുളളവരായിത്തീർന്ന ചില നീതിപ്രകൃതർക്ക് ഏതു പ്രത്യാശ നീട്ടിക്കൊടുക്കപ്പെട്ടു? (ബി) ദ വാച്ച്ടവർ 1923-ൽ ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച ഉപമ എങ്ങനെ വിശദീകരിച്ചു?
3 എന്നിരുന്നാലും, പിൽക്കാലത്തു പ്രസംഗവേലയിൽ അത്യന്തം ശുഷ്കാന്തിയുളളവർ ആയിത്തീർന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ മററു കൂട്ടാളികൾ ഉണ്ടായിരുന്നു. അവർക്കു സ്വർഗത്തിൽ പോകാനുളള പ്രതീക്ഷകൾ ഇല്ലായിരുന്നു. വാസ്തവത്തിൽ, അവരുടെ പ്രത്യാശ യഹോവയുടെ ജനം 1918 മുതൽ 1922 വരെ വിശേഷവൽക്കരിച്ച ഒരു പരസ്യപ്രസംഗത്തിന്റെ വിഷയത്തോടു ചേർച്ചയിൽ ആയിരുന്നു. ആദിമരൂപത്തിൽ, ഇത് “ലോകം അവസാനിച്ചിരിക്കുന്നു—ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല” എന്നതായിരുന്നു.b അതിനുശേഷം ഉടനെ 1923 ഒക്ടോബർ 15-ലെ വാച്ച് ടവർ മാസിക ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ ഉപമ വിശദീകരിച്ചു (മത്തായി 25:31-46), ഇപ്രകാരം പറഞ്ഞുകൊണ്ട്: “ചെമ്മരിയാടുകൾ ജനതകളിലെ എല്ലാ ആളുകളെയും, യേശുക്രിസ്തുവിനെ കർത്താവായി മനസ്സിൽ അംഗീകരിക്കുന്നവരും അവന്റെ വാഴ്ചയിൻകീഴിൽ നല്ലകാലത്തിനായി പ്രത്യാശയോടെ നോക്കിപ്പാർത്തിരിക്കുന്നവരും ആയ നീതിപ്രകൃതമുളളവരെ പ്രതിനിധാനം ചെയ്യുന്നു, ആത്മജനനം പ്രാപിച്ചവരെയല്ല.”
4. ഭൗമിക വർഗത്തെ സംബന്ധിച്ച വെളിച്ചം 1931-ൽ കൂടുതൽ ശോഭിച്ചതെങ്ങനെ? 1932-ൽ? 1934-ൽ?
4 കുറച്ചു വർഷങ്ങൾക്കുശേഷം, 1931-ൽ സംസ്ഥാപനം (ഇംഗ്ലീഷ്) ഒന്നാം പുസ്തകം എസെക്കിയേൽ 9-ാം അധ്യായം ചർച്ചചെയ്തു. ലോകാവസാനത്തിൽ സംരക്ഷണത്തിനായി നെററിയിൽ അടയാളമിടപ്പെടുന്ന വ്യക്തികളെ മേൽപ്പറഞ്ഞ ഉപമയിലെ ചെമ്മരിയാടുകളായി തിരിച്ചറിയിച്ചുകൊണ്ടുതന്നെ. വ്യാജമതഭക്തരെ നശിപ്പിക്കുന്നതിൽ യേഹുവിന്റെ തീക്ഷ്ണത കാണാൻ അഭിഷിക്ത ഇസ്രായേല്യ രാജാവായ യേഹുവിനോടൊത്തു രഥത്തിൽ കയറിപ്പോയ ഇസ്രായേല്യേതരനായ യോനാദാബിന്റെ നേരായ ഹൃദയഭാവം 1932-ൽ പ്രകാശനം ചെയ്ത സംസ്ഥാപനം മൂന്നാം പുസ്തകം വർണിച്ചു. (2 രാജാക്കൻമാർ 10:15-17) ആ പുസ്തകം ഇപ്രകാരം അഭിപ്രായപ്പെട്ടു: “യേഹൂവേല [യഹോവയുടെ ന്യായവിധികൾ ഘോഷിക്കൽ] പുരോഗമിക്കുന്ന ഇക്കാലത്ത്, സൻമനസ്സുളളവരും സാത്താന്റെ സ്ഥാപനത്തോടു യോജിപ്പില്ലാത്തവരും നീതിയുടെ പക്ഷത്തു തങ്ങളുടെ നിലപാടു സ്വീകരിക്കുന്നവരും അർമഗെദോന്റെ സമയത്ത് ആ പ്രതിസന്ധിയിലൂടെ കർത്താവിനാൽ സംരക്ഷിക്കപ്പെടുന്നവരും ഭൂമിയിലെ നിത്യജീവൻ നൽകപ്പെടുന്നവരുമായ ഭൂമിയിലുളള ജനവർഗത്തെ യോനാദാബ് പ്രതിനിധാനം ചെയ്തു, അഥവാ മുൻനിഴലാക്കി. ഇവർ ‘ചെമ്മരിയാടു’വർഗം ആയിത്തീരുന്നു.” ഭൗമിക പ്രത്യാശയുളള ഈ ക്രിസ്ത്യാനികൾ യഹോവക്കു സമർപ്പിക്കണമെന്നും സ്നാപനമേൽക്കണമെന്നും 1934-ൽ ദ വാച്ച്ടവർ വ്യക്തമാക്കി. ഈ ഭൗമിക വർഗത്തെക്കുറിച്ചുളള പ്രകാശം എന്നത്തേതിലും അധികം ശോഭിക്കുകയായിരുന്നു.—സദൃശവാക്യങ്ങൾ 4:18.
5. (എ) മഹാപുരുഷാരത്തിന്റെ ഏതു തിരിച്ചറിയിക്കൽ 1935-ൽ നടത്തപ്പെട്ടു? (ബി) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷിക്കുന്നവർ എഴുന്നേററു നിൽക്കാൻ 1935-ൽ ജെ. എഫ്. റതർഫോർഡ് സമ്മേളിതരോട് ആവശ്യപ്പെട്ടപ്പോൾ എന്തു സംഭവിച്ചു?
5 വെളിപ്പാടു 7:9-17-ന്റെ ഗ്രാഹ്യം അതിന്റെ സകല തിളക്കത്തോടുംകൂടെ ഇപ്പോൾ ഉദിക്കാൻ പോകയായിരുന്നു! (സങ്കീർത്തനം 97:11) യു.എസ്.എ.യിലെ വാഷിങ്ടൻ ഡി.സി.യിൽ 1935 മേയ് 30 മുതൽ ജൂൺ 3 വരെ നടത്താൻ പട്ടികപ്പെടുത്തിയ ഒരു കൺവെൻഷൻ, യോനാദാബിനാൽ ചിത്രീകരിക്കപ്പെട്ടവർക്ക് “ഒരു യഥാർഥ ആശ്വാസവും പ്രയോജനവും” ആയിരിക്കുമെന്ന പ്രത്യാശ വീക്ഷാഗോപുരം മാസിക ആവർത്തിച്ച പ്രകടമാക്കിയിരുന്നു. അത് അപ്രകാരമെന്നു തെളിഞ്ഞു! ഏതാണ്ട് 20,000 വരുന്ന സമ്മേളിതരോടു വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറായ ജെ. എഫ്. റതർഫോർഡ് “മഹാപുരുഷാരം” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പുളകപ്രദമായ പ്രസംഗത്തിൽ ആധുനിക നാളിലെ വേറെ ആടുകളും വെളിപ്പാടു 7:9-ലെ മഹാപുരുഷാരവും ഒന്നുതന്നെയാണെന്നുളളതിന്റെ തിരുവെഴുത്തുപരമായ തെളിവു നൽകി. ഈ പ്രസംഗത്തിന്റെ പാരമ്യത്തിൽ പ്രസംഗകൻ “ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷയുളള എല്ലാവരും ദയവായി എഴുന്നേററുനിൽക്കുമോ?” എന്നു ചോദിച്ചു. സദസ്സിന്റെ അധികപങ്കും എഴുന്നേററു നിൽക്കുമ്പോൾ പ്രസിഡൻറ് പ്രഖ്യാപിച്ചു: “നോക്കൂ! മഹാപുരുഷാരം!” ഒരു നിശബ്ദതക്കുശേഷം ഇടിമുഴക്കംപോലെ കരഘോഷമുണ്ടായി. യോഹന്നാൻവർഗവും യോനാദാബ് സമൂഹവും എത്ര ഹർഷോൻമത്തരായി! അടുത്ത ദിവസം 840 പുതിയ സാക്ഷികൾ സ്നാപനപ്പെടുത്തപ്പെട്ടു, ഇവരിൽ അധികപങ്കും മഹാപുരുഷാരമാണെന്ന് അവകാശപ്പെടുന്നവർ ആയിരുന്നു.
മഹാപുരുഷാരത്തിന്റെ താദാത്മ്യം സ്ഥിരീകരിക്കൽ
6. (എ) മഹാപുരുഷാരം ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷിക്കുന്ന ആധുനിക നാളിലെ സമർപ്പിത ക്രിസ്ത്യാനികളുടെ സമൂഹമാണെന്നു നമുക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) മഹാപുരുഷാരത്തിന്റെ വെളള അങ്കികൾ എന്തിനെ പ്രതീകപ്പെടുത്തുന്നു?
6 ദൈവത്തിന്റെ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷിക്കുന്ന ആധുനിക നാളിലെ സമർപ്പിത ക്രിസ്ത്യാനികളുടെ ഈ സമൂഹമാണു മഹാപുരുഷാരമെന്നു നമുക്ക് എങ്ങനെ വളരെ ഉറപ്പിച്ചു പറയാൻ കഴിയും? മുമ്പ്, “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നു . . . ദൈവത്തിന്നായി വിലെക്കു വാങ്ങ”പ്പെട്ട സ്വർഗീയ സംഘത്തെ യോഹന്നാൻ ദർശനത്തിൽ കണ്ടിരുന്നു. (വെളിപ്പാടു 5:9, 10) മഹാപുരുഷാരത്തിനു സമാനമായ ഒരു ഉത്ഭവമാണുളളത്, എന്നാൽ ഒരു വ്യത്യസ്ത ഭാഗധേയവും. ദൈവത്തിന്റെ ഇസ്രായേലിൽനിന്നു വ്യത്യസ്തമായി അവരുടെ സംഖ്യ മുൻനിശ്ചിതമല്ല. എത്രപേരുണ്ടായിരിക്കുമെന്ന് ഒരു മനുഷ്യനും മുൻകൂട്ടി പറയാൻ കഴിയില്ല. അവരുടെ അങ്കികൾ കുഞ്ഞാടിന്റെ രക്തത്തിൽ അലക്കി വെളുപ്പിക്കപ്പെടുന്നു, യേശുവിന്റെ യാഗത്തിലുളള തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് യഹോവയുടെ മുമ്പാകെ നീതിയുളള ഒരു നില ഉണ്ടെന്നുളളതിനെ പ്രതീകപ്പെടുത്തുന്നതുതന്നെ. (വെളിപ്പാടു 7:14) തങ്ങളുടെ രാജാവെന്ന നിലയിൽ മിശിഹായെ വാഴ്ത്തിക്കൊണ്ട് അവർ കുരുത്തോല വീശുകയും ചെയ്യുന്നു.
7, 8. (എ) കുരുത്തോല വീശൽ നിസ്സംശയമായും അപ്പോസ്തലനായ യോഹന്നാനെ ഏതു സംഭവങ്ങൾ ഓർമിപ്പിച്ചു? (ബി) മഹാപുരുഷാരത്തിൽപ്പെട്ടവർ കുരുത്തോല വീശുന്നുവെന്ന വസ്തുതയുടെ പ്രാധാന്യം എന്താണ്?
7 യോഹന്നാൻ ഈ ദർശനത്തിൽ നോക്കിക്കൊണ്ടിരിക്കെ, അവന്റെ ചിന്തകൾ 60 വർഷം മുമ്പത്തെ യേശുവിന്റെ ഭൂമിയിലെ അവസാന ആഴ്ചയിലേക്കു പോയിട്ടുണ്ടാകണം. യേശുവിനെ യെരുശലേമിലേക്കു സ്വാഗതം ചെയ്യാൻ പൊ.യു. 33, നീസാൻ 9-നു ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ അവർ “ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.” (യോഹന്നാൻ 12:12, 13) അതുപോലെതന്നെ, മഹാപുരുഷാരത്തിന്റെ ഭാഗത്തെ കുരുത്തോലവീശലും ആർപ്പുവിളിയും യഹോവയുടെ നിയമിതരാജാവെന്ന നിലയിൽ യേശുവിനെ അംഗീകരിക്കുന്നതിലുളള അവരുടെ അളവററ സന്തോഷം പ്രകടമാക്കുന്നു.
8 നിസ്സംശയമായും, കുരുത്തോലകളും ആർപ്പുവിളിയും പുരാതന ഇസ്രായേല്യരുടെ കൂടാരപ്പെരുന്നാളിനെക്കുറിച്ചും യോഹന്നാനെ അനുസ്മരിപ്പിക്കുന്നു. ഈ ഉത്സവത്തിനായി യഹോവ ഇപ്രകാരം കൽപ്പിച്ചു: “ആദ്യദിവസം ഭംഗിയുളള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആററലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം.” കുരുത്തോലകൾ സന്തോഷത്തിന്റെ ഒരു അടയാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. താത്കാലിക കൂടാരങ്ങൾ, യഹോവ ഈജിപ്ററിൽനിന്നു തന്റെ ജനത്തെ രക്ഷിച്ചു മരുഭൂമിയിൽ കൂടാരങ്ങളിൽ വസിക്കാൻ ഇടയാക്കിയെന്നുളളതിന്റെ ഒരു സ്മരണയായിരുന്നു. “പരദേശിയും അനാഥനും വിധവയും” ഈ ഉത്സവത്തിൽ പങ്കുപററിയിരുന്നു. മുഴു ഇസ്രായേലും “സന്തോഷിക്കേണ”മായിരുന്നു.—ലേവ്യപുസ്തകം 23:40; ആവർത്തനപുസ്തകം 16:13-15.
9. ഏതു സന്തോഷകരമായ ആർത്തുവിളിയിൽ മഹാപുരുഷാരം ചേരുന്നു?
9 അപ്പോൾ, ആത്മീയ ഇസ്രായേലിന്റെ ഭാഗമല്ലെങ്കിലും മഹാപുരുഷാരം കുരുത്തോല വീശുന്നത് ഉചിതമായിരുന്നു, എന്തെന്നാൽ സന്തോഷത്തോടും നന്ദിയോടുംകൂടെ അവർ രക്ഷയും വിജയവും ദൈവത്തിൽനിന്നും കുഞ്ഞാടിൽനിന്നും വരുന്നതായി കണക്കാക്കുന്നു. യോഹന്നാൻ ഇവിടെ നിരീക്ഷിക്കുന്നതുപോലെ: “രക്ഷ എന്നുളളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.” (വെളിപ്പാടു 7:10) അവർ എല്ലാ ജനവർഗങ്ങളിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും മഹാപുരുഷാരം “അത്യുച്ചത്തിൽ” ഏകസ്വരത്തിൽ ആർത്തുവിളിക്കുന്നു. അവരുടെ രാഷ്ട്രങ്ങളും ഭാഷകളും പലതായിട്ടുപോലും അവർക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയുന്നു?
10. രാഷ്ട്രങ്ങളുടെയും ഭാഷകളുടെയും ഭിന്നതയുണ്ടായിരുന്നിട്ടും മഹാപുരുഷാരത്തിന് “അത്യുച്ചത്തി”ൽ ഒററക്കെട്ടായി ആർത്തു വിളിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
10 ഈ മഹാപുരുഷാരം ഇന്നു ഭൂമിയിലുളള യഥാർഥത്തിൽ ഏകീകൃതമായ ഒരേയൊരു ബഹുരാഷ്ട്രസ്ഥാപനത്തിന്റെ ഭാഗമാണ്. അവർക്കു പല രാജ്യങ്ങളിലേക്കായി പല നിലവാരങ്ങൾ ഇല്ല, എന്നാൽ അവർ എവിടെ ജീവിച്ചാലും യോജിപ്പോടെ ബൈബിളിലെ ശരിയായ തത്ത്വങ്ങൾ ബാധകമാക്കുന്നു. അവർ ദേശീയ വിപ്ലവപ്രസ്ഥാനങ്ങളിൽ ഉൾപ്പെടുന്നില്ല, എന്നാൽ സത്യമായും ‘വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു.’ (യെശയ്യാവു 2:4) ക്രൈസ്തവലോകത്തിലെ മതങ്ങൾ ചെയ്യുന്നതുപോലെ കുഴഞ്ഞതോ പരസ്പര വിരുദ്ധമോ ആയ ദൂതുകൾ ഘോഷിക്കത്തക്കവണ്ണം അവർ വിഭാഗങ്ങളോ വകുപ്പുകളോ ആയി ഭിന്നിച്ചിരിക്കുന്നില്ല; തങ്ങൾക്കുവേണ്ടി ഈ സ്തുതി നടത്താൻ ഒരു ഉദ്യോഗസ്ഥ വൈദികവർഗത്തിന് അവർ അതു വിട്ടുകൊടുക്കുന്നുമില്ല. അവർ ഒരു ത്രിത്വ ദൈവത്തിന്റെ ദാസരല്ലാത്തതുകൊണ്ട്, അവർ രക്ഷക്കായി പരിശുദ്ധാത്മാവിനോടു കടപ്പെട്ടിരിക്കുന്നുവെന്ന് ആർത്തുവിളിക്കുന്നില്ല. അവർ സത്യത്തിന്റെ ഏക നിർമലഭാഷ സംസാരിക്കുമ്പോൾ ഭൂമിശാസ്ത്രപരമായി അവർ ഏതാണ്ട് 200 പ്രദേശങ്ങളിൽ ഭൂമിയിലെമ്പാടും കഴിയുന്നെങ്കിലും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ അവർ ഒററക്കെട്ടാണ്. (സെഫന്യാവു 3:9) ഉചിതമായും, അവർ തങ്ങളുടെ രക്ഷ, രക്ഷയുടെ ദൈവമായ യഹോവയിൽനിന്ന് അവന്റെ രക്ഷയുടെ മുഖ്യകാര്യസ്ഥനായ യേശുക്രിസ്തു മുഖാന്തരം വരുന്നുവെന്നു പരസ്യമായി സമ്മതിക്കുന്നു.—സങ്കീർത്തനം 3:8; എബ്രായർ 2:10.
11. അവരുടെ ഉച്ചത്തിലുളള ശബ്ദം കൂടുതൽ ഉച്ചത്തിലാക്കാൻ മഹാപുരുഷാരത്തിൽ പെട്ടവരെ ആധുനിക സാങ്കേതികവിദ്യ സഹായിച്ചിരിക്കുന്നതെങ്ങനെ?
11 ഏകീകൃത മഹാപുരുഷാരത്തിന്റെ ഉച്ചത്തിലുളള ശബ്ദം കൂടുതൽ ഉച്ചത്തിലായിത്തീരാൻ ആധുനിക സാങ്കേതികവിദ്യ സഹായിച്ചിരിക്കുന്നു. ഭൂമിയിൽ മറെറാരു മതസമൂഹത്തിനും ബൈബിൾ പഠനസഹായികൾ 200-ലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല, എന്തുകൊണ്ടെന്നാൽ മറെറാരു കൂട്ടവും ഒരു ഏകീകൃത ദൂതുമായി ഭൂമിയിലെ എല്ലാ ആളുകളെയും സമീപിക്കുന്നതിൽ തത്പരരല്ല. ഇതിനുളള കൂടുതലായ ഒരു സഹായമായി യഹോവയുടെ സാക്ഷികളുടെ അഭിഷിക്ത ഭരണസംഘത്തിന്റെ മേൽനോട്ടത്തിൽ ഒരു ബഹുഭാഷാ ഇലക്ട്രോണിക് ഫോട്ടോ ടൈപ്പ് സെററിങ് സിസ്ററം (മെപ്സ്) വികസിപ്പിക്കപ്പെട്ടു. ഈ പുസ്തകം എഴുതുന്ന സമയത്തു മെപ്സ് സംവിധാനം ഉപയോഗിച്ച് 100-ലധികം രാജ്യങ്ങളിൽ പരിഭാഷപ്പെടുത്തിയ പാഠം അച്ചടിക്കാൻ തയ്യാറാക്കപ്പെടുന്നു. അവരുടെ മുഖ്യ അർധമാസികയായ വീക്ഷാഗോപുരം 85-ഓളം ഭാഷകളിൽ ഏകകാലികമായി പ്രസിദ്ധീകരിക്കാൻ ഇതു സഹായിച്ചിരിക്കുന്നു. യഹോവയുടെ ജനം ഇതുപോലുളള പുസ്തകങ്ങളും ഏകകാലികമായി അനേക ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. അങ്ങനെ ബഹുഭൂരിപക്ഷവും മഹാപുരുഷാരമാകുന്ന യഹോവയുടെ സാക്ഷികൾക്കു കോടിക്കണക്കിനു പ്രസിദ്ധീകരണങ്ങൾ ഏറെ നന്നായി അറിയപ്പെടുന്ന എല്ലാ ഭാഷകളിലും ഓരോ വർഷവും വിതരണം ചെയ്യാൻ കഴിയുന്നു, ദൈവവചനം പഠിക്കുന്നതിനും മഹാപുരുഷാരത്തിന്റെ ഉച്ചസ്വരത്തോടു തങ്ങളുടെ ശബ്ദങ്ങൾ കൂട്ടുന്നതിനും എല്ലാ ഗോത്രങ്ങളിലും ഭാഷകളിലുമുളള കൂടുതൽ ജനസമൂഹങ്ങളെ പ്രാപ്തരാക്കിക്കൊണ്ടുതന്നെ.—യെശയ്യാവു 42:10, 12.
സ്വർഗത്തിലോ ഭൂമിയിലോ?
12, 13. മഹാപുരുഷാരം “സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു” ഏതു വിധത്തിൽ?
12 “സിംഹാസനത്തിന്നു . . . മുമ്പാകെ നിൽക്കുന്നതു” മഹാപുരുഷാരം സ്വർഗത്തിലാണെന്ന് അർഥമാക്കുന്നില്ലെന്നു നാം എങ്ങനെ അറിയുന്നു? ഈ ആശയത്തിനു വളരെ വ്യക്തമായ തെളിവുണ്ട്. ഉദാഹരണത്തിന്, “മുമ്പാകെ” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു വാക്ക് (ഇനോപിയോൻ) അക്ഷരാർഥത്തിൽ “ദൃഷ്ടിയിൽ” എന്നർഥമാക്കുന്നു. യഹോവയുടെ “മുമ്പാകെ” അഥവാ “ദൃഷ്ടിയിൽ” ഇവിടെ ഭൂമിയിൽ നിൽക്കുന്ന മനുഷ്യരെ സംബന്ധിച്ച് ഈ വാക്കു പല പ്രാവശ്യം ഉപയോഗിക്കപ്പെടുന്നു. (1 തിമൊഥെയൊസ് 5:21; 2 തിമൊഥെയൊസ് 2:14; റോമർ 14:22; ഗലാത്യർ 1:20) ഒരു സന്ദർഭത്തിൽ ഇസ്രായേല്യർ മരുഭൂമിയിലായിരുന്നപ്പോൾ മോശ അഹരോനോടു പറഞ്ഞു: “യഹോവയുടെ മുമ്പാകെ അടുത്തു വരുവിൻ; എന്തെന്നാൽ അവൻ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും പറക.” (പുറപ്പാടു 16:9) ആ സന്ദർഭത്തിൽ യഹോവയുടെ മുമ്പാകെ നിൽക്കുന്നതിന് ഇസ്രായേല്യർ സ്വർഗത്തിലേക്കു മാററപ്പെടേണ്ടതില്ലായിരുന്നു. (താരതമ്യം ചെയ്യുക: ലേവ്യപുസ്തകം 24:8.) പകരം, അവിടെ മരുഭൂമിയിൽത്തന്നെ, അവർ യഹോവയുടെ ദൃഷ്ടിയിൽ നിന്നു, അവന്റെ ശ്രദ്ധ അവരുടെമേൽ ഉണ്ടായിരുന്നു.
13 കൂടുതലായി നാം വായിക്കുന്നു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ . . . വരുമ്പോൾ . . . സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും.”c ഈ പ്രവചനം നിറവേറുമ്പോൾ മുഴു മനുഷ്യവർഗവും സ്വർഗത്തിലല്ല. തീർച്ചയായും “നിത്യഛേദനത്തിലേക്കു പോകുന്നവർ” [NW] സ്വർഗത്തിലല്ല. (മത്തായി 25:31-33, 41, 46) പകരം, മനുഷ്യവർഗം യേശുവിന്റെ ദൃഷ്ടിയിൽ ഭൂമിയിൽ നിൽക്കുന്നു, അവരെ ന്യായം വിധിക്കുന്നതിന് അവൻ തന്റെ ശ്രദ്ധ തിരിക്കുന്നു. അതുപോലെതന്നെ, മഹാപുരുഷാരം യഹോവയുടെയും അവന്റെ രാജാവായ യേശുക്രിസ്തുവിന്റെയും ദൃഷ്ടിയിൽ നിൽക്കുന്നതിനാൽ അത് “സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ” ആകുന്നു. ക്രിസ്തുവിൽനിന്ന് അതിന് അനുകൂലമായ ഒരു വിധി ലഭിക്കുന്നു.
14. (എ) “സിംഹാസനത്തിന്റെ ചുററിലും” [സ്വർഗീയ] ‘സീയോൻ മലയിലും’ ആയിരിക്കുന്നതായി വർണിക്കപ്പെടുന്നതാർ? (ബി) മഹാപുരുഷാരം ദൈവത്തെ “അവന്റെ ആലയത്തിൽ” സേവിക്കുന്നെങ്കിലും ഇത് അവരെ ഒരു പുരോഹിതവർഗമാക്കാത്തത് എന്തുകൊണ്ട്?
14 ഇരുപത്തിനാലു മൂപ്പൻമാരും 1,44,000 ആകുന്ന അഭിഷിക്ത സംഘവും യഹോവയുടെ “സിംഹാസനത്തിന്റെ ചുററിലും” [സ്വർഗീയ] ‘സീയോൻ മലയിലും’ ആയിരിക്കുന്നതായി വർണിക്കപ്പെടുന്നു. (വെളിപ്പാടു 4:4; 14:1) മഹാപുരുഷാരം ഒരു പുരോഹിതവർഗമല്ല, ആ ഉന്നതസ്ഥാനം നേടുന്നില്ല. അതു ദൈവത്തെ “അവന്റെ ആലയത്തിൽ” സേവിക്കുന്നതായി പിന്നീടു വെളിപ്പാടു 7:15-ൽ വർണിക്കുന്നുവെന്നതു സത്യം തന്നെ. എന്നാൽ ഈ ആലയം അതിവിശുദ്ധമാകുന്ന അന്തർമന്ദിരത്തെ പരാമർശിക്കുന്നില്ല. പിന്നെയോ അതു ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരമാണ്. ഇവിടെ “ആലയം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന നാവോസ് എന്ന ഗ്രീക്കു പദം മിക്കപ്പോഴും യഹോവയുടെ ആരാധനക്കുവേണ്ടി ഉയർത്തപ്പെട്ട മുഴു സൗധവും എന്ന വിശാലമായ ഒരർഥം നൽകുന്നു. ഇന്ന്, ഇതു സ്വർഗവും ഭൂമിയും ഉൾപ്പെടുന്ന ഒരു ആത്മീയ ഘടനയാണ്.—താരതമ്യം ചെയ്യുക: മത്തായി 26:61; 27:5, 39, 40; മർക്കൊസ് 15:29, 30; യോഹന്നാൻ 2:19-21, ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
ഒരു സാർവത്രിക സ്തുതിഘോഷം
15, 16. (എ) മഹാപുരുഷാരത്തിന്റെ പ്രത്യക്ഷതയോടുളള സ്വർഗത്തിലെ പ്രതികരണം എന്താണ്? (ബി) ദൈവോദേശ്യത്തിന്റെ ഓരോ പുതിയ വെളിപാടിനോടും യഹോവയുടെ ആത്മസൃഷ്ടി എങ്ങനെ പ്രതികരിക്കുന്നു? (സി) ഭൂമിയിലുളള നമുക്ക് ആ സ്തുതിഗീതത്തിൽ എങ്ങനെ ചേരാൻ കഴിയും?
15 മഹാപുരുഷാരം യഹോവയെ സ്തുതിക്കുകയാണ്, എന്നാൽ മററുളളവരും അവനു സ്തുതികൾ പാടുന്നു. യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “സകലദൂതൻമാരും സിംഹാസനത്തിന്റെയും മൂപ്പൻമാരുടെയും നാലു ജീവികളുടെയും ചുററും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണുവീണു; ആമേൻ; നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.”—വെളിപ്പാടു 7:11, 12.
16 യഹോവ ഭൂമിയെ സൃഷ്ടിച്ചപ്പോൾ അവന്റെ വിശുദ്ധ ദൂതൻമാരെല്ലാം “ഘോഷിച്ചുല്ലസിക്കയും ദൈവപുത്രൻമാരെല്ലാം സന്തോഷിച്ചാർക്കുകയും” ചെയ്തു. (ഇയ്യോബ് 38:6) യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഓരോ പുതിയ വെളിപാടും ദൂതൻമാരുടെ സമാനമായ സ്തുതിഘോഷങ്ങളെ ഉണർത്തിയിട്ടുണ്ടാകണം. ഇരുപത്തിനാലു മൂപ്പൻമാർ—തങ്ങളുടെ സ്വർഗീയ മഹത്ത്വത്തിൽ ആയ 1,44,000—കുഞ്ഞാടിനെ അംഗീകരിച്ചുകൊണ്ട് ഉച്ചത്തിൽ ആർക്കുമ്പോൾ ദൈവത്തിന്റെ മറെറല്ലാ സ്വർഗീയ ജീവികളും ദൈവത്തിനും യേശുക്രിസ്തുവിനുമുളള സ്തുതികളുമായി അവരോടു ചേരുന്നു. (വെളിപ്പാടു 5:9-14) ഇതിനകം, ആത്മമണ്ഡലത്തിൽ മഹത്ത്വമാർന്ന ഒരു സ്ഥാനത്തേക്കു വിശ്വസ്തരായ അഭിഷിക്ത മനുഷ്യരെ യഹോവ പുനരുത്ഥാനപ്പെടുത്തിയതിൽ, അവന്റെ ഉദ്ദേശ്യത്തിന്റെ നിവൃത്തി കണ്ട് ഈ ജീവികൾ അത്യധികം സന്തോഷിക്കുന്നു. ഇപ്പോൾ മഹാപുരുഷാരം പ്രത്യക്ഷപ്പെടുമ്പോൾ യഹോവയുടെ വിശ്വസ്ത സ്വർഗീയ ജീവികളെല്ലാം സ്വരൈക്യത്തോടെ സ്തുതിച്ചുകൊണ്ടു പൊട്ടിയാർക്കുന്നു. സത്യമായും, കർത്താവിന്റെ ദിവസം യഹോവയുടെ എല്ലാ ദാസർക്കും ജീവിച്ചിരിക്കുന്നതിനു പുളകപ്രദമായ ഒരു കാലമാണ്. (വെളിപ്പാടു 1:10) ഇവിടെ ഭൂമിയിൽ, യഹോവയുടെ രാജ്യത്തിനു സാക്ഷ്യം നൽകിക്കൊണ്ടു സ്തുതിഗീതത്തിൽ പങ്കെടുക്കുന്നതിനു നാം എത്ര പദവിയുളളവരാണ്!
മഹാപുരുഷാരം പ്രത്യക്ഷപ്പെടുന്നു
17. (എ) ഇരുപത്തിനാലു മൂപ്പൻമാരിൽ ഒരാൾ ഏതു ചോദ്യം ഉന്നയിക്കുന്നു, മൂപ്പന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞുവെന്നത് എന്തു സൂചിപ്പിക്കുന്നു? (ബി) മൂപ്പന്റെ ചോദ്യത്തിന് എപ്പോൾ ഉത്തരം നൽകപ്പെട്ടു?
17 യോഹന്നാന്റെ കാലം മുതൽ കർത്താവിന്റെ ദിവസത്തിലേക്കു കടന്നു കഴിഞ്ഞും അഭിഷിക്ത ക്രിസ്ത്യാനികൾ മഹാപുരുഷാരത്തിന്റെ തിരിച്ചറിയൽ സംബന്ധിച്ചു കുഴഞ്ഞവരായിരുന്നു. അപ്പോൾ സ്വർഗത്തിൽ എത്തിക്കഴിഞ്ഞ അഭിഷിക്തരെ പ്രതിനിധാനം ചെയ്ത് 24 മൂപ്പൻമാരിൽ ഒരാൾ യുക്തമായ ഒരു ചോദ്യം ചോദിച്ച് യോഹന്നാന്റെ ചിന്തയെ ഉണർത്തുന്നത് ഉചിതമാണ്. “മൂപ്പൻമാരിൽ ഒരുത്തൻ എന്നോടു: വെളളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു. യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു”. (വെളിപ്പാടു 7:13, 14എ) അതെ, ആ മൂപ്പന് ഉത്തരം കണ്ടെത്താനും യോഹന്നാനു നൽകാനും കഴിയുമായിരുന്നു. ഇരുപത്തിനാലു മൂപ്പൻമാരുടെ സംഘത്തിൽ പുനരുത്ഥാനം പ്രാപിച്ചവർ ഇന്നു ദിവ്യസത്യങ്ങൾ അറിയിക്കുന്നതിൽ ഉൾപ്പെട്ടിരുന്നേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു. ഭൂമിയിലുളള യോഹന്നാൻവർഗത്തെ സംബന്ധിച്ചടത്തോളം, യഹോവ അവരുടെയിടയിൽ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ അടുത്തു നിരീക്ഷിച്ചതിനാൽ അവർക്കു മഹാപുരുഷാരത്തിന്റെ താദാത്മ്യം മനസ്സിലാക്കാൻ കഴിഞ്ഞു. യഹോവയുടെ തക്കസമയത്ത്, 1935-ൽ ദിവ്യാധിപത്യ നഭോമണ്ഡലത്തിൽ അറിയിക്കപ്പെട്ട ദിവ്യവെളിച്ചത്തിന്റെ ഉജ്ജ്വലമായ മിന്നലിനെ അവർ പെട്ടെന്നു വിലമതിച്ചു.
18, 19. (എ) യോഹന്നാൻവർഗം 1920-കളിലും 1930-കളിലും ഏതു പ്രത്യാശ ഊന്നിപ്പറഞ്ഞു, എന്നാൽ വർധിച്ച അളവിൽ ആരാണ് ദൂതിനോടു പ്രതികരിച്ചത്? (ബി) മഹാപുരുഷാരത്തിന്റെ 1935-ലെ തിരിച്ചറിയിക്കൽ 1,44,000-ത്തെ സംബന്ധിച്ച് എന്തു സൂചിപ്പിച്ചു? (സി) സ്മാരക സ്ഥിതിവിവരക്കണക്ക് എന്തു വെളിപ്പെടുത്തുന്നു?
18 യോഹന്നാൻവർഗം 1920-കളിലും 1930-കളുടെ ആദ്യഭാഗത്തും പ്രസിദ്ധീകരണങ്ങളിലും പ്രസംഗവേലയിലും സ്വർഗീയ പ്രത്യാശ ഊന്നിപ്പറഞ്ഞിരുന്നു. പ്രത്യക്ഷത്തിൽ, 1,44,000-ത്തിന്റെ പൂർണസംഖ്യ അപ്പോഴും തികയാനുണ്ടായിരുന്നു. എന്നാൽ ദൂതിനു ചെവികൊടുക്കുകയും സാക്ഷ്യവേലയിൽ തീക്ഷ്ണത പ്രകടമാക്കുകയും ചെയ്തവരിൽ വർധിച്ചുവരുന്ന ഒരു സംഖ്യ പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുളള താത്പര്യം വെച്ചുപുലർത്താനിടയായി. അവർക്കു സ്വർഗത്തിൽ പോകാൻ ആഗ്രഹം ഇല്ലായിരുന്നു. അതല്ലായിരുന്നു അവരുടെ വിളി. അവർ ചെറിയ ആട്ടിൻകൂട്ടത്തിന്റെ ഭാഗമല്ലായിരുന്നു, പിന്നെയോ വേറെ ആടുകളുടെ ഭാഗമായിരുന്നു. (ലൂക്കൊസ് 12:32; യോഹന്നാൻ 10:16) അവർ 1935-ൽ വേറെ ആടുകളുടെ മഹാപുരുഷാരമെന്ന നിലയിൽ തിരിച്ചറിയിക്കപ്പെട്ടത് 1,44,000-ത്തിന്റെ തിരഞ്ഞെടുപ്പ് ഏതാണ്ടു പൂർത്തിയായി എന്നതിന്റെ ഒരു സൂചനയായിരുന്നു.
19 ഈ നിഗമനത്തെ സ്ഥിതിവിവരക്കണക്കു പിന്താങ്ങുന്നുവോ? ഉവ്വ്. യഹോവയുടെ 59,047 സാക്ഷികൾ 1938-ൽ ശുശ്രൂഷയിൽ പങ്കുപററി. ഇവരിൽ 36,732 പേർ യേശുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകാഘോഷത്തിൽ ചിഹ്നങ്ങളിൽ പങ്കുപററി, അങ്ങനെ അവർക്ക് ഒരു സ്വർഗീയ വിളിയുണ്ടെന്നു സൂചിപ്പിച്ചുകൊണ്ടുതന്നെ. അന്നു മുതലുളള വർഷങ്ങളിൽ പങ്കുപററുന്നവരുടെ എണ്ണം ക്രമേണ കുറഞ്ഞുവന്നിരിക്കുന്നു, മുഖ്യമായും യഹോവയുടെ വിശ്വസ്തസാക്ഷികൾ മരണത്തിൽ തങ്ങളുടെ ഭൗമികഗതി അവസാനിപ്പിച്ചതിനാൽത്തന്നെ. 1993-ൽ സ്മാരക ചിഹ്നങ്ങളിൽ 8,693 പേർ മാത്രമേ പങ്കുപററിയുളളൂ—ഗോളമാസകലം ആ ആചരണത്തിൽ ഹാജരായ 1,18,65,765 പേരുടെ വെറും 0.1 ശതമാനത്തിൽ കുറവു മാത്രം.
20. (എ) രണ്ടാം ലോകമഹായുദ്ധകാലത്തു സൊസൈററിയുടെ പ്രസിഡൻറ് മഹാപുരുഷാരത്തെക്കുറിച്ചു സ്വകാര്യമായി എന്തഭിപ്രായം പറഞ്ഞു? (ബി) മഹാപുരുഷാരം വലിയ ഒന്നാണെന്ന് ഏതു വസ്തുതകൾ ഇപ്പോൾ തെളിയിക്കുന്നു?
20 രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മഹാപുരുഷാരത്തിന്റെ കൊയ്ത്തിനു വിരാമമിടാൻ സാത്താൻ കഠിനശ്രമം ചെയ്തു. അനേകം രാജ്യങ്ങളിൽ യഹോവയുടെ വേല നിയന്ത്രിക്കപ്പെട്ടു. ആ ഇരുണ്ട നാളുകളിൽ, 1942 ജനുവരിയിലെ തന്റെ മരണത്തിനു തൊട്ടുമുമ്പു വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറായിരുന്ന ജെ. എഫ്. റതർഫോർഡ് ഇപ്രകാരം പറയുന്നതായി കേട്ടു: “മഹാപുരുഷാരം ഏതായാലും വളരെ വലുതാകാൻ പോകുന്നില്ലെന്നു തോന്നുന്നു.” എന്നാൽ ദിവ്യ അനുഗ്രഹം മറിച്ചായിരുന്നു! ലോകവ്യാപകമായി ശുശ്രൂഷചെയ്യുന്ന സാക്ഷികളുടെ എണ്ണം 1946 ആയപ്പോഴേക്കും 1,76,456 ആയി കുതിച്ചുയർന്നു—ഇവരിൽ മിക്കവരും മഹാപുരുഷാരം ആയിരുന്നു. 1993-ൽ 231 വ്യത്യസ്ത ദേശങ്ങളിലായി യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്ന 47,09,889 സാക്ഷികൾ ഉണ്ടായിരുന്നു—സത്യമായും ഒരു മഹാപുരുഷാരം! ആ സംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു.
21. (എ) കർത്താവിന്റെ ദിവസത്തിലെ ദൈവജനത്തിന്റെ കൊയ്ത്ത് യോഹന്നാന്റെ ദർശനത്തോടു പൂർണ യോജിപ്പിലായിരിക്കുന്നതെങ്ങനെ? (ബി) ചില പ്രധാനപ്പെട്ട പ്രവചനങ്ങൾ എങ്ങനെ നിവൃത്തിയേറാൻ തുടങ്ങി?
21 കർത്താവിന്റെ ദിവസത്തിലെ ദൈവജനത്തിന്റെ കൊയ്ത്ത് അങ്ങനെ യോഹന്നാന്റെ ദർശനത്തോടു പൂർണ യോജിപ്പിലായിരിക്കുന്നു: ആദ്യം 1,44,000-ത്തിന്റെ ശേഷിക്കുന്ന അംഗങ്ങളുടെ കൂട്ടിച്ചേർക്കൽ വേല; പിന്നീടു മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർക്കൽ. യെശയ്യാവ് പ്രവചിച്ചതുപോലെ, ഇപ്പോൾ “അന്ത്യകാലത്തു” എല്ലാ ജനതകളിലെയും ആളുകൾ യഹോവയുടെ സത്യാരാധനയിൽ പങ്കെടുക്കാൻ ഒഴുകിയെത്തുകയാണ്. വാസ്തവത്തിൽ, യഹോവയുടെ ‘പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും’ സൃഷ്ടിയോടുളള വിലമതിപ്പിൽ നാം മോദിക്കുന്നു. (യെശയ്യാവു 2:2-4; 65:17, 18) ദൈവം “സ്വർഗ്ഗത്തിലും ഭൂമിയിലുമുളളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായി” കൂട്ടിച്ചേർക്കുകയാണ്. (എഫെസ്യർ 1:10) സ്വർഗീയ രാജ്യത്തിന്റെ അഭിഷിക്ത അവകാശികൾ—യേശുവിന്റെ നാളിനുശേഷമുളള നൂററാണ്ടുകളിൽ തിരഞ്ഞെടുക്കപ്പെട്ടവർതന്നെ—ആണ് “സ്വർഗ്ഗത്തിലു”ളളതു. ഇപ്പോൾ വേറെ ആടുകളുടെ മഹാപുരുഷാരം “ഭൂമിയിലുളള”തിന്റെ ആദ്യ അംഗങ്ങൾ എന്നനിലയിൽ പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ ആ ക്രമീകരണത്തോടു ചേർച്ചയിൽ സേവിക്കുന്നതു നിങ്ങൾക്കു നിത്യസന്തുഷ്ടിയെ അർഥമാക്കിയേക്കാം.
മഹാപുരുഷാരത്തിന്റെ അനുഗ്രഹങ്ങൾ
22. മഹാപുരുഷാരത്തെക്കുറിച്ച് യോഹന്നാനു കൂടുതലായ ഏതു വിവരം ലഭിക്കുന്നു?
22 ദിവ്യസരണിയിലൂടെ യോഹന്നാന് ഈ മഹാപുരുഷാരത്തെക്കുറിച്ചു കൂടുതലായ വിവരം ലഭിക്കുന്നു: “അവൻ [മൂപ്പൻ] എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.”—വെളിപ്പാടു 7:14ബി, 15.
23. മഹാപുരുഷാരം ‘പുറത്തുവരുന്ന’ മഹോപദ്രവം എന്താണ്?
23 മുമ്പൊരു സന്ദർഭത്തിൽ, രാജ്യമഹത്ത്വത്തിലുളള തന്റെ സാന്നിധ്യം “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ട”ത്തിൽ പാരമ്യത്തിലെത്തുമെന്ന് യേശു പറഞ്ഞിരുന്നു. (മത്തായി 24:21, 22) ആ പ്രവചനത്തിന്റെ നിവൃത്തിയായി, സാത്താന്റെ ലോകവ്യവസ്ഥിതിയെ നശിപ്പിക്കുന്നതിനു ദൂതൻമാർ ഭൂമിയിലെ നാലു കാററുകളെ അഴിച്ചുവിടും. ആദ്യം നീങ്ങിപ്പോകുന്നതു വ്യാജമതലോകസാമ്രാജ്യമാകുന്ന മഹാബാബിലോൻ ആയിരിക്കും. തുടർന്ന് ഉപദ്രവത്തിന്റെ അത്യുച്ചാവസ്ഥയിൽ യേശു ഭൂമിയിലുളള 1,44,000-ത്തിന്റെ ശേഷിപ്പിനെ ബഹുജന മഹാപുരുഷാരത്തോടുകൂടെ വിടുവിക്കും.—വെളിപ്പാടു 7:1; 18:2.
24. മഹാപുരുഷാരത്തിൽപ്പെട്ട വ്യക്തികൾ അതിജീവനത്തിനായി യോഗ്യത നേടുന്നതെങ്ങനെ?
24 മഹാപുരുഷാരത്തിൽപ്പെട്ട വ്യക്തികൾ അതിജീവനത്തിനായി യോഗ്യത നേടുന്നതെങ്ങനെ? അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്ന”തായി മൂപ്പൻ യോഹന്നാനോടു പറയുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ, അവരുടെ വീണ്ടെടുപ്പുകാരൻ എന്നനിലയിൽ അവർ യേശുവിൽ വിശ്വാസം പ്രകടമാക്കിയിരിക്കുന്നു, യഹോവക്ക് ഒരു സമർപ്പണം നടത്തിയിരിക്കുന്നു, അവരുടെ സമർപ്പണത്തെ ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തിയിരിക്കുന്നു, നീതിപൂർവകമായ നടത്തയാൽ “നല്ല മനഃസാക്ഷിയുളളവരായി”രിക്കുകയും ചെയ്തിരിക്കുന്നു. (1 പത്രൊസ് 3:16, 21; മത്തായി 20:28) അങ്ങനെ അവർ യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധരും നീതിമാൻമാരും ആണ്. അവർ “ലോകത്താലുളള കളങ്കം പററാതെ” തങ്ങളെത്തന്നെ സൂക്ഷിക്കുകയും ചെയ്യുന്നു.—യാക്കോബ് 1:27.
25. (എ) മഹാപുരുഷാരം യഹോവയുടെ “ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്ന”തെങ്ങനെ? (ബി) യഹോവ മഹാപുരുഷാരത്തിന്റെമേൽ ‘തന്റെ കൂടാരം വിരിക്കുന്നത്’ എങ്ങനെ?
25 അതിനു പുറമേ, അവർ യഹോവയുടെ തീക്ഷ്ണതയുളള സാക്ഷികൾ ആയിത്തീർന്നിരിക്കുന്നു—“അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധി”ച്ചുകൊണ്ടുതന്നെ. നിങ്ങൾ ഈ സമർപ്പിത മഹാപുരുഷാരത്തിൽപ്പെട്ട ഒരാളാണോ? അങ്ങനെയെങ്കിൽ, അവന്റെ വലിയ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരങ്ങളിൽ അവിരാമം യഹോവയെ സേവിക്കുകയെന്നതു നിങ്ങളുടെ പദവിയാണ്. ഇന്ന് അഭിഷിക്തരുടെ മാർഗനിർദേശത്തിൻ കീഴിൽ മഹാപുരുഷാരം സാക്ഷ്യവേലയുടെ അധികപങ്കും നിർവഹിച്ചുകൊണ്ടിരിക്കുന്നു. ലൗകിക ഉത്തരവാദിത്വങ്ങളുണ്ടെങ്കിലും അവരിൽ ലക്ഷക്കണക്കിനാളുകൾ പയനിയർമാർ എന്നനിലയിൽ മുഴുസമയ ശുശ്രൂഷക്ക് ഇടം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ നിങ്ങൾ ആ കൂട്ടത്തിൽ ഉൾപ്പെട്ടാലും ഇല്ലെങ്കിലും, മഹാപുരുഷാരത്തിലെ ഒരു സമർപ്പിത അംഗമെന്ന നിലയിൽ നിങ്ങളുടെ വിശ്വാസവും പ്രവൃത്തികളും നിമിത്തം നിങ്ങൾ ദൈവത്തിന്റെ ഒരു സ്നേഹിതനെന്നനിലയിൽ നീതിമാനായി പ്രഖ്യാപിക്കപ്പെടുകയും തന്റെ കൂടാരത്തിൽ ഒരതിഥിയായി സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നതിൽ നിങ്ങൾക്കു സന്തോഷിക്കാൻ കഴിയും. (സങ്കീർത്തനം 15:1-5; യാക്കോബ് 2:21-26) യഹോവ അങ്ങനെ തന്നെ സ്നേഹിക്കുന്നവരുടെമേൽ ‘തന്റെ കൂടാരം വിരിക്കു’കയും ഒരു നല്ല ആതിഥേയനെന്ന നിലയിൽ അവരെ സംരക്ഷിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 18:10.
26. മഹാപുരുഷാരം മറേറത് അനുഗ്രഹങ്ങൾ ആസ്വദിക്കും?
26 മൂപ്പൻ തുടരുന്നു: “ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല; സിംഹാസനത്തിന്റെ മദ്ധ്യേ ഉളള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.” (വെളിപ്പാടു 7:16, 17) അതെ, യഹോവ യഥാർഥത്തിൽ അതിഥിപ്രിയനാണ്! എന്നാൽ ഈ വാക്കുകൾക്ക് അഗാധമായ എന്തർഥമുണ്ട്?
27. (എ) മൂപ്പന്റെ വാക്കുകളോടു സമാനമായ ചിലത് യെശയ്യാവ് എങ്ങനെ പ്രവചിച്ചു? (ബി) യെശയ്യാവിന്റെ പ്രവചനം പൗലോസിന്റെ നാളിൽ ക്രിസ്തീയ സഭയിൽ നിവൃത്തിയേറിത്തുടങ്ങിയെന്ന് എന്തു പ്രകടമാക്കുന്നു?
27 സമാനമായ പദപ്രയോഗമുളള ഒരു പ്രവചനം നമുക്കു പരിചിന്തിക്കാം: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; . . . അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുളളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.” (യെശയ്യാവു 49:8, 10; ഇതുകൂടെ കാണുക: സങ്കീർത്തനം 121:5, 6.) അപ്പോസ്തലനായ പൗലോസ് ഈ പ്രവചനത്തിന്റെ ഒരു ഭാഗം ഉദ്ധരിക്കുകയും പൊ.യു. 33-ലെ പെന്തക്കോസ്തിൽ തുടങ്ങിയ ‘രക്ഷാദിവസത്തിനു’ ബാധകമാക്കുകയും ചെയ്തു. അവൻ എഴുതി: “‘പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു’ എന്നു അവൻ [യഹോവ] അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.”—2 കൊരിന്ത്യർ 6:2.
28, 29. (എ) യെശയ്യാവിന്റെ വാക്കുകൾ ഒന്നാം നൂററാണ്ടിൽ എങ്ങനെ നിവൃത്തിയേറി? (ബി) വെളിപ്പാടു 7:16-ലെ വാക്കുകൾ മഹാപുരുഷാരത്തിന്റെ സംഗതിയിൽ എങ്ങനെ നിറവേറിയിരിക്കുന്നു? (സി) മഹാപുരുഷാരത്തെ “ജീവജലത്തിന്റെ ഉറവുകളി”ലേക്കു നയിക്കുന്നതിൽനിന്ന് എന്തു ഫലം ഉണ്ടാകും? (ഡി) മഹാപുരുഷാരം മനുഷ്യവർഗത്തിൽ അതുല്യരാകാനിരിക്കുന്നത് എന്തുകൊണ്ട്?
28 വിശക്കുകയില്ല, ദാഹിക്കുകയില്ല, പൊളളിക്കുന്ന ചൂട് അനുഭവപ്പെടുകയില്ല എന്ന വാഗ്ദത്തത്തിന് അന്ന് എന്തു പ്രയുക്തിയുണ്ടായി? തീർച്ചയായും, ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ അക്ഷരാർഥത്തിലുളള വിശപ്പും ദാഹവും ചിലപ്പോഴൊക്കെ അനുഭവിച്ചു. (2 കൊരിന്ത്യർ 11:23-27) എങ്കിലും ഒരു ആത്മീയ വിധത്തിൽ അവർക്കു സമൃദ്ധിയുണ്ടായിരുന്നു. അവർ ആത്മീയ കാര്യങ്ങൾക്കായി വിശക്കുകയോ ദാഹിക്കുകയോ ചെയ്യാതവണ്ണം അവർക്കുവേണ്ടി സമൃദ്ധമായി കരുതിയിരുന്നു. അതിനു പുറമേ, പൊ.യു. 70-ൽ യഹൂദവ്യവസ്ഥിതിയെ നശിപ്പിച്ചപ്പോൾ തന്റെ കോപത്തിൻചൂട് അവരുടെമേൽ തട്ടാൻ യഹോവ ഇടയാക്കിയില്ല. വെളിപ്പാടു 7:16-ലെ വാക്കുകൾക്ക് ഇന്നു മഹാപുരുഷാരത്തെ സംബന്ധിച്ചു സമാനമായ ഒരു ആത്മീയ നിവൃത്തിയുണ്ട്. അഭിഷിക്ത ക്രിസ്ത്യാനികളോടൊപ്പം അവർ സമൃദ്ധമായ ആത്മീയ കരുതലുകൾ ആസ്വദിക്കുന്നു.—യെശയ്യാവു 65:13; നഹൂം 1:6, 7.
29 സാത്താന്റെ വ്യവസ്ഥിതി അസ്തമിക്കാറായ ഈ വർഷങ്ങളിൽ ഇല്ലായ്മകളുടെയോ സമ്മർദങ്ങളുടെയോ രൂപത്തിൽ നിങ്ങൾ എന്തുതന്നെ സഹിക്കേണ്ടിവന്നാലും നിങ്ങൾ മഹാപുരുഷാരത്തിൽപ്പെട്ട ഒരാളാണെങ്കിൽ നിങ്ങളുടെ നല്ല ഹൃദയനില നിങ്ങൾ “സന്തോഷിച്ച് ആർക്കാൻ” ഇടയാക്കും. (യെശയ്യാവ് 65:14, NW) ആ അർഥത്തിൽ, ഇപ്പോൾപോലും, നിങ്ങളുടെ ‘കണ്ണുകളിൽ നിന്നു കണ്ണുനീരെല്ലാം തുടച്ചുകളയാൻ’ യഹോവക്കു കഴിയും. ദൈവത്തിന്റെ പ്രതികൂല ന്യായവിധിയുടെ പൊളളുന്ന ‘വെയിൽ’ മേലാൽ നിങ്ങളെ ഭീഷണിപ്പെടുത്തുകയില്ല. നാശത്തിന്റെ നാലു കാററുകൾ അഴിച്ചുവിടപ്പെടുമ്പോൾ യഹോവയുടെ അപ്രീതിയാകുന്ന പൊളളിക്കുന്ന ‘ചൂടിൽനിന്നു’ നിങ്ങൾ ഒഴിവാക്കപ്പെട്ടേക്കാം. ആ നശീകരണം പൂർത്തിയായ ശേഷം, നവജീവൻ പകരുന്ന “ജീവജലത്തിന്റെ ഉറവുകളിൽ” നിന്നു പൂർണമായി പ്രയോജനം അനുഭവിക്കുന്നതിനു കുഞ്ഞാടു നിങ്ങളെ നയിക്കും. ഇവ നിങ്ങൾ നിത്യജീവൻ നേടുന്നതിനു യഹോവ ചെയ്യുന്ന എല്ലാ കരുതലുകളെയും പ്രതിനിധാനം ചെയ്യുന്നു. നിങ്ങൾ ക്രമമായി മാനുഷപൂർണതയിലേക്ക് ഉയർത്തപ്പെടുമ്പോൾ കുഞ്ഞാടിന്റെ രക്തത്തിലുളള നിങ്ങളുടെ വിശ്വാസം സംസ്ഥാപിക്കപ്പെടും. മരിക്കേണ്ട ആവശ്യമില്ലാത്ത “ലക്ഷങ്ങൾ” എന്ന നിലയിൽ മഹാപുരുഷാരത്തിൽപ്പെട്ട നിങ്ങൾ മനുഷ്യവർഗത്തിൽ അതുല്യരായിരിക്കും! പൂർണമായ അർഥത്തിൽ, നിങ്ങളുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുനീക്കപ്പെട്ടിരിക്കും.—വെളിപ്പാടു 21:4.
വിളി ഉറപ്പാക്കൽ
30. യോഹന്നാന്റെ ദർശനത്തിൽ ഏതു ശോഭനമായ കാഴ്ച നമുക്കു തുറന്നു തരുന്നു, ആർക്കു “നില്പാൻ” കഴിയും?
30 ഈ വാക്കുകൾ എന്തൊരു ശോഭനമായ കാഴ്ചയാണു നമുക്കു തുറന്നു തരുന്നത്! യഹോവതന്നെ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നു, സ്വർഗീയരും ഭൗമികരുമായ അവന്റെ ദാസൻമാരെല്ലാം അവനെ സ്തുതിക്കുന്നതിൽ ഒന്നിക്കുന്നു. വർധിക്കുന്ന ഈ സ്തുതിഗീതത്തിൽ പങ്കെടുക്കുന്നത് എന്തൊരു ആശ്ചര്യകരമായ പദവിയാണെന്ന് അവന്റെ ഭൗമിക ദാസൻമാർ വിലമതിക്കുന്നു. വളരെ പെട്ടെന്നുതന്നെ, യഹോവയും ക്രിസ്തുയേശുവും ന്യായവിധി നടപ്പാക്കും, അപ്പോൾ ഈ നിലവിളിയും കേൾക്കും: ‘അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും?’ (വെളിപ്പാടു 6:17) ഉത്തരമോ? മനുഷ്യവർഗത്തിൽ ഒരു ന്യൂനപക്ഷം മാത്രം, ജഡത്തിൽ ശേഷിക്കുന്ന മുദ്രയേററ 1,44,000-ത്തിൽ പെടുന്നവരും അവരോടുകൂടെ ‘നിൽക്കുന്ന’, അതായത് അതിജീവിക്കുന്ന വേറെ ആടുകളുടെ ഒരു മഹാപുരുഷാരവും തന്നെ.—താരതമ്യം ചെയ്യുക: യിരെമ്യാവു 35:19; 1 കൊരിന്ത്യർ 16:13.
31. യോഹന്നാന്റെ ദർശനത്തിന്റെ നിവൃത്തി അഭിഷിക്തരും മഹാപുരുഷാരവുമാകുന്ന ക്രിസ്ത്യാനികളെ എങ്ങനെ ബാധിക്കണം?
31 ഈ വസ്തുതയുടെ വീക്ഷണത്തിൽ യോഹന്നാൻവർഗമാകുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ “ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്ന”തിൽ തീവ്രശ്രമം ചെയ്യുന്നു. (ഫിലിപ്പിയർ 3:14) ഈ നാളുകളിലെ സംഭവങ്ങൾ തങ്ങളുടെ ഭാഗത്തു പ്രത്യേക സഹിഷ്ണുത ആവശ്യമാക്കിത്തീർക്കുന്നുവെന്ന് അവർക്കു പൂർണ ബോധമുണ്ട്. (വെളിപ്പാടു 13:10) അനേകവർഷം വിശ്വസ്തമായി യഹോവയെ സേവിച്ചശേഷം തങ്ങളുടെ പേരുകൾ ‘സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നതിൽ’ സന്തോഷിച്ചുകൊണ്ട് അവർ വിശ്വാസം മുറുകെപ്പിടിക്കുന്നു. (ലൂക്കൊസ് 10:20; വെളിപ്പാടു 3:5) “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ” മാത്രം “രക്ഷിക്കപ്പെടും” എന്നു മഹാപുരുഷാരവും അറിയുന്നു. (മത്തായി 24:13) ഒരു സംഘമെന്ന നിലയിൽ മഹാപുരുഷാരം മഹോപദ്രവത്തിൽനിന്നു പുറത്തുവരാൻ അടയാളമിടപ്പെട്ടിരിക്കുന്നുവെന്നിരിക്കെ അതിലെ അംഗങ്ങൾ ശുദ്ധരും കർമനിരതരും ആയിരിക്കാൻ തീവ്രശ്രമം ചെയ്യേണ്ടതുണ്ട്.
32. യഹോവയുടെ കോപദിവസത്തിൽ രണ്ടുകൂട്ടം മാത്രമേ ‘നിൽക്കുകയുളളു’ എന്ന വസ്തുത, ഏത് അടിയന്തിര സാഹചര്യത്തെ ഊന്നിപ്പറയുന്നു?
32 ഈ രണ്ടു കൂട്ടങ്ങൾക്കു പുറമേ മററാരെങ്കിലും യഹോവയുടെ കോപദിവസത്തിൽ ‘നിൽക്കും’ എന്നതിന് ഒരു തെളിവും ഇല്ല. ഓരോ വർഷവും യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിൽ സംബന്ധിച്ചുകൊണ്ട് ഒരളവുവരെ അവന്റെ യാഗത്തോട് ആദരവു കാണിക്കുകയും, എന്നാൽ സമർപ്പിച്ചു സ്നാപനമേററ യഹോവയുടെ ദാസരായിത്തീർന്ന് അവന്റെ സേവനത്തിൽ കർമനിരതരായിത്തീരുന്ന അളവോളം യേശുവിന്റെ യാഗത്തിൽ ഇതുവരെ വിശ്വാസം പ്രകടമാക്കിയിട്ടില്ലാത്ത ലക്ഷങ്ങളെ സംബന്ധിച്ച് ഇത് എന്തർഥമാക്കും? കൂടാതെ, ഒരിക്കൽ പ്രവർത്തനനിരതരായിരുന്നവരും എന്നാൽ തങ്ങളുടെ ഹൃദയം “ഉപജീവനചിന്തകളാൽ ഭാരപ്പെ”ടാൻ അനുവദിച്ചവരും ആയ ആളുകളെ സംബന്ധിച്ചെന്ത്? അത്തരക്കാരെല്ലാം, “സംഭവിപ്പാനുളള എല്ലാററിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ”—യേശുക്രിസ്തുവിന്റെ—“മുമ്പിൽ നില്പാനും . . . പ്രാപ്തരാകേണ്ടതിന്നു” ഉണരാനും ഉണർന്നിരിക്കാനും ഇടയാകട്ടെ. കാലം ചുരുങ്ങിയിരിക്കുന്നു!—ലൂക്കൊസ് 21:34-36.
[അടിക്കുറിപ്പുകൾ]
a ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പു കാണുക.
b ഏപ്രിൽ 1, 1918-ലെ ദ വാച്ച് ടവർ 98-ാം പേജ്.
c അക്ഷരാർഥത്തിൽ “അവന്റെ മുമ്പിൽ,” ദ കിങ്ഡം ഇൻറർലീനിയർ ട്രാൻസ്ലേഷൻ ഓഫ് ദ ഗ്രീക്ക് സ്ക്രിപ്ച്ചേഴ്സ്.
[119-ാം പേജിലെ ചതുരം]
വ്യാഖ്യാനങ്ങൾ ദൈവത്തിനുളളത്
അനേക ദശകങ്ങളോളം യോഹന്നാൻവർഗം മഹാപുരുഷാരത്തിന്റെ താദാത്മ്യം സംബന്ധിച്ച് അന്വേഷണം നടത്തി, എന്നാൽ തൃപ്തികരമായ ഒരു വിശദീകരണം കണ്ടെത്തിയില്ല. എന്തുകൊണ്ട്? “വ്യാഖ്യാനം ദൈവത്തിനുളളതല്ലയോ?” എന്നു പറഞ്ഞപ്പോൾ, വിശ്വസ്തനായ യോസേഫിന്റെ വാക്കുകളിൽ നാം ഉത്തരം കണ്ടെത്തുന്നു. (ഉല്പത്തി 40:8) ദൈവം തന്റെ പ്രവചനങ്ങളുടെ നിവൃത്തി വ്യാഖ്യാനിക്കുന്നത് എങ്ങനെ, എപ്പോൾ? സാധാരണഗതിയിൽ, അന്വേഷണം നടത്തുന്ന തന്റെ ദാസൻമാർക്ക് അവയുടെ അർഥം വ്യക്തമായി ഗ്രഹിക്കാൻ കഴിയേണ്ടതിന് അതു നിവൃത്തിയേറാൻ സമയമാകുമ്പോഴാണ്, അല്ലെങ്കിൽ അത് നിവൃത്തിയേറുമ്പോഴാണു ദൈവം അതു ചെയ്യുന്നത്. ഈ ഗ്രാഹ്യം “നമ്മുടെ ഉപദേശത്തിന്നായിട്ടു നമുക്കു തിരുവെഴുത്തുകളാലുളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ” നൽകപ്പെടുന്നു.—റോമർ 15:4.
[124-ാം പേജിലെ ചതുരം]
മഹാപുരുഷാരത്തിലെ അംഗങ്ങൾ
▪ എല്ലാ ജനതകളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്നു വരുന്നു
▪ യഹോവയുടെ സിംഹാസനത്തിൻ മുമ്പാകെ നിൽക്കുന്നു
▪ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പിച്ചിരിക്കുന്നു
▪ രക്ഷ യഹോവയിൽനിന്നും യേശുവിൽനിന്നും വരുന്നതായി കണക്കാക്കുന്നു
▪ മഹോപദ്രവത്തിൽനിന്നു പുറത്തു വരുന്നു
▪ യഹോവയെ അവന്റെ ആലയത്തിൽ രാവും പകലും സേവിക്കുന്നു
▪ യഹോവയുടെ സ്നേഹപൂർവകമായ സംരക്ഷണവും പരിപാലനവും സ്വീകരിക്കുന്നു
▪ ജീവജലത്തിന്റെ ഉറവുകളിലേക്ക് യേശുവിനാൽ നയിക്കപ്പെടുന്നു
[121-ാം പേജിലെ ചിത്രം]
[127-ാം പേജിലെ ചിത്രം]
മഹാപുരുഷാരം രക്ഷക്കു ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു
[128-ാം പേജിലെ ചിത്രം]
കുഞ്ഞാട് മഹാപുരുഷാരത്തെ ജീവജലത്തിന്റെ ഉറവുകളിലേക്കു നയിക്കും