പഠനലേഖനം 3
വിജയിക്കാൻ യഹോവ നിങ്ങളെ സഹായിക്കുന്നു
“യഹോവ കൂടെയുണ്ടായിരുന്നതിനാൽ യോസേഫ് ചെയ്തതെല്ലാം സഫലമായിത്തീർന്നു.”—ഉൽപ. 39:2.
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
ചുരുക്കംa
1-2. (എ) ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ നമ്മൾ അതിശയിച്ചുപോകുന്നില്ലാത്തത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചർച്ച ചെയ്യും?
ജീവിതത്തിൽ പ്രയാസങ്ങളും പ്രശ്നങ്ങളും ഒക്കെ ഉണ്ടാകുമ്പോൾ യഹോവയുടെ ജനം അതിൽ അതിശയിച്ചുപോകുന്നില്ല. കാരണം, “അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്” എന്നു ബൈബിൾ പറയുന്നു. (പ്രവൃ. 14:22) ഇനി, നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന പല പ്രശ്നങ്ങളും പൂർണമായി പരിഹരിക്കപ്പെടാൻപോകുന്നത് ദൈവത്തിന്റെ പുതിയ ഭൂമിയിലായിരിക്കുമെന്ന കാര്യവും നമുക്ക് അറിയാം. അന്ന് “മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളി. 21:4.
2 ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെയോ പ്രയാസങ്ങളെയോ യഹോവ തടയുന്നില്ല. എങ്കിലും അതെല്ലാം സഹിച്ചുനിൽക്കുന്നതിന് ആവശ്യമായ സഹായം തരുന്നുണ്ട്. അപ്പോസ്തലനായ പൗലോസ് റോമിലുണ്ടായിരുന്ന ക്രിസ്ത്യാനികളോടു പറഞ്ഞ കാര്യം ശ്രദ്ധിക്കുക. അദ്ദേഹത്തിനും സഹോദരങ്ങൾക്കും നേരിടേണ്ടിവന്ന പലപല പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ആദ്യം വിശദീകരിച്ചു. അതിനു ശേഷം അദ്ദേഹം ഇങ്ങനെയാണു പറഞ്ഞത്: “നമ്മളെ സ്നേഹിച്ചവൻ മുഖാന്തരം ഈ കാര്യങ്ങളിലൊക്കെ നമ്മൾ സമ്പൂർണവിജയം നേടി പുറത്ത് വരുന്നു.” (റോമ. 8:35-37) അതിന്റെ അർഥം നമ്മൾ ഒരു പ്രയാസസാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾപ്പോലും വിജയിക്കാൻ യഹോവയ്ക്കു നമ്മളെ സഹായിക്കാൻ കഴിയുമെന്നാണ്. ഇക്കാര്യത്തിൽ യഹോവ യോസേഫിനെ എങ്ങനെയാണു സഹായിച്ചതെന്നും നമ്മളെ എങ്ങനെ സഹായിക്കുമെന്നും നമുക്കു നോക്കാം.
സാഹചര്യങ്ങൾ പെട്ടെന്നു മാറുമ്പോൾ
3. യോസേഫിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ എന്തു മാറ്റമാണു സംഭവിച്ചത്?
3 ഗോത്രപിതാവായ യാക്കോബിന്റെ പ്രിയപ്പെട്ട മകനായിരുന്നു യോസേഫ്. (ഉൽപ. 37:3, 4) അതുകൊണ്ട് ചേട്ടന്മാർക്കു യോസേഫിനോടു കടുത്ത അസൂയ തോന്നി. ഒരു അവസരം കിട്ടിയപ്പോൾ അവർ മിദ്യാനിലെ കച്ചവടക്കാർക്കു യോസേഫിനെ വിറ്റു. ആ കച്ചവടക്കാർ യോസേഫിനെയുംകൊണ്ട് നൂറുകണക്കിനു കിലോമീറ്ററുകൾ അകലെയുള്ള ഈജിപ്തിലേക്കാണു പോയത്. അവിടെ ചെന്നപ്പോൾ അവർ യോസേഫിനെ ഫറവോന്റെ കാവൽക്കാരുടെ മേധാവിയായ പോത്തിഫറിനു വിറ്റു. എത്ര പെട്ടെന്നാണു യോസേഫിന്റെ ജീവിതം മാറിമറിഞ്ഞത്. യാക്കോബിന്റെ പ്രിയ മകനായിരുന്ന യോസേഫ് ഇപ്പോൾ ഈജിപ്തിൽ ഒരു അടിമയാണ്.—ഉൽപ. 39:1.
4. നമുക്കു ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായേക്കാം?
4 “എല്ലാവർക്കും ദോഷങ്ങൾ ഉണ്ടാകുന്നു” എന്നു ബൈബിൾ പറയുന്നു. (സഭാ. 9:11, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ) “പൊതുവേ ആളുകൾക്ക് ഉണ്ടാകുന്ന” പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നമുക്കും അനുഭവിക്കേണ്ടിവരുന്നുണ്ട്. (1 കൊരി. 10:13) അതു കൂടാതെ യേശുവിന്റെ ശിഷ്യന്മാരായിരിക്കുന്നതുകൊണ്ടും നമുക്കു ചില പ്രശ്നങ്ങൾ നേരിടുന്നു. ഉദാഹരണത്തിന് ചിലപ്പോൾ വിശ്വാസത്തിന്റെ പേരിൽ കളിയാക്കലോ എതിർപ്പോ ഉപദ്രവമോപോലും നമുക്കു സഹിക്കേണ്ടിവരാറുണ്ട്. (2 തിമൊ. 3:12) എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും വിജയിക്കാൻ യഹോവയ്ക്കു നിങ്ങളെ സഹായിക്കാൻ കഴിയും. യോസേഫിനുവേണ്ടി യഹോവ അത് എങ്ങനെയാണു ചെയ്തത്?
5. യോസേഫ് വിജയിക്കാനുള്ള കാരണത്തെക്കുറിച്ച് പോത്തിഫറിന് എന്തു മനസ്സിലായി? (ഉൽപത്തി 39:2-6)
5 ഉൽപത്തി 39:2-6 വായിക്കുക. യോസേഫ് നല്ല കഴിവുള്ള, കഠിനാധ്വാനിയായ ചെറുപ്പക്കാരനാണെന്നു പോത്തിഫറിനു മനസ്സിലായി. അതിന്റെ കാരണവും അദ്ദേഹത്തിന് അറിയാമായിരുന്നു. ‘യോസേഫ് ചെയ്യുന്നതെല്ലാം യഹോവ സഫലമാക്കുന്നെന്നു’ പോത്തിഫർ കണ്ടു.b പിന്നീട് അദ്ദേഹം യോസേഫിനെ തന്റെ വിശ്വസ്തപരിചാരകനായി നിയമിച്ചു. കൂടാതെ തന്റെ വീട്ടിലെ എല്ലാ കാര്യങ്ങളുടെയും ചുമതലയും ഏൽപ്പിച്ചു. അതിലൂടെ പോത്തിഫറിനും ധാരാളം അനുഗ്രഹങ്ങൾ കിട്ടി.
6. തന്റെ സാഹചര്യത്തെക്കുറിച്ച് യോസേഫിന് എന്തു തോന്നിക്കാണും?
6 നമുക്ക് ഇനി യോസേഫിന്റെ സ്ഥാനത്തുനിന്ന് ഒന്നു ചിന്തിച്ചുനോക്കാം. എന്തിനുവേണ്ടിയായിരിക്കും യോസേഫ് ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരിക്കുക? പോത്തിഫറിന്റെ ശ്രദ്ധ കിട്ടാനും അംഗീകാരവും സമ്മാനങ്ങളും ഒക്കെ ലഭിക്കാനും ആയിരിക്കുമോ? ഒരിക്കലുമല്ല. അടിമത്തത്തിൽനിന്ന് സ്വതന്ത്രനായി എത്രയും പെട്ടെന്ന് അപ്പന്റെ അടുത്ത് എത്താനായിരിക്കും യോസേഫ് ആഗ്രഹിച്ചിട്ടുണ്ടാകുക. പോത്തിഫറിന്റെ ഭവനത്തിൽ എന്തൊക്കെ സ്ഥാനമാനങ്ങളും അധികാരങ്ങളും കിട്ടിയെന്നു പറഞ്ഞാലും ഇപ്പോഴും യോസേഫ് യഹോവയെ ആരാധിക്കാത്ത ഒരു യജമാനന്റെ അടിമയാണ്. എന്നാൽ അടിമത്തത്തിൽനിന്ന് യോസേഫിനെ വെറുതേ വിടാൻ യഹോവ പോത്തിഫറിനെ പ്രേരിപ്പിച്ചില്ല. സത്യംപറഞ്ഞാൽ, യോസേഫിന്റെ സാഹചര്യം കൂടുതൽ മോശമാകാനിരിക്കുകയായിരുന്നു.
സാഹചര്യം കൂടുതൽ വഷളാകുന്നെങ്കിൽ
7. യോസേഫിന്റെ സാഹചര്യം കൂടുതൽക്കൂടുതൽ വഷളായിത്തീർന്നത് എങ്ങനെ? (ഉൽപത്തി 39:14, 15)
7 ഉൽപത്തി 39-ാം അധ്യായത്തിൽ പറയുന്നതനുസരിച്ച് പോത്തിഫറിന്റെ ഭാര്യക്കു യോസേഫിനോടു താത്പര്യം തോന്നുകയും അദ്ദേഹത്തെ വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒന്നല്ല, പല പ്രാവശ്യം. എന്നാൽ യോസേഫ് അതിനു നിന്നുകൊടുത്തില്ല. അവസാനം യോസേഫിനോട് അവർക്കു വല്ലാത്ത ദേഷ്യം തോന്നുകയും തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നു നുണ പറയുകയും ചെയ്തു. (ഉൽപത്തി 39:14, 15 വായിക്കുക.) പോത്തിഫർ ഇതു കേട്ടപ്പോൾ യോസേഫിനെ തടവറയിലാക്കി. വർഷങ്ങളോളം അദ്ദേഹത്തിന് അവിടെ കഴിയേണ്ടിവന്നു. അത് എങ്ങനെയുള്ള സ്ഥലമായിരുന്നു? ആ സ്ഥലത്തെക്കുറിച്ച് പറയാൻ യോസേഫ് ഉപയോഗിച്ച എബ്രായ വാക്കിനു “കുഴി” എന്നും അർഥംവരാം. ഇരുണ്ട ചുറ്റുപാടിൽ, പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലാത്ത ഒരു സാഹചര്യത്തിലായിരിക്കാം അദ്ദേഹം കഴിഞ്ഞിരുന്നതെന്ന് അതു സൂചിപ്പിക്കുന്നു. (ഉൽപ. 40:15; അടിക്കുറിപ്പ്) കൂടാതെ യോസേഫിന്റെ കാലുകളെ വിലങ്ങുകൾകൊണ്ട് ബന്ധിച്ച് കഴുത്തിൽ ചങ്ങല അണിയിച്ചതായും ബൈബിളിൽ നമ്മൾ വായിക്കുന്നു. (സങ്കീ. 105:17, 18) സത്യംപറഞ്ഞാൽ, യോസേഫിന്റെ ജീവിതം പഴയതിലും കൂടുതൽ വഷളാകുകയാണു ചെയ്തത്. യജമാനന്റെ വിശ്വസ്തനായിരുന്ന യോസേഫ് ഇപ്പോൾ ഒരു തടവുപുള്ളിയായി മാറിയിരിക്കുന്നു.
8. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ എത്ര ബുദ്ധിമുട്ടുള്ളതായിരുന്നാലും ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
8 എത്രയൊക്കെ പ്രാർഥിച്ചിട്ടും കാര്യങ്ങൾ കൂടുതൽക്കൂടുതൽ മോശമാകുന്നതായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരുപക്ഷേ അങ്ങനെ സംഭവിച്ചേക്കാം. സാത്താൻ ഭരിക്കുന്ന ഈ ലോകത്തിൽ നമുക്ക് ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും യഹോവ നമ്മളെ സംരക്ഷിക്കുന്നില്ല. (1 യോഹ. 5:19) എങ്കിലും ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാൻ കഴിയും: നമ്മൾ അനുഭവിക്കുന്ന പ്രശ്നത്തെക്കുറിച്ച് യഹോവയ്ക്കു നന്നായിട്ട് അറിയാം. മാത്രമല്ല, യഹോവയ്ക്ക് നമ്മളെക്കുറിച്ച് ചിന്തയുമുണ്ട്. (മത്താ. 10:29-31; 1 പത്രോ. 5:6, 7) കൂടാതെ ദൈവം ഇങ്ങനെ ഒരു ഉറപ്പും തന്നിട്ടുണ്ട്: “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല.” (എബ്രാ. 13:5) പ്രതീക്ഷയ്ക്ക് ഒരു വകയുമില്ലാത്ത സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നതെങ്കിൽപ്പോലും, സഹിച്ചുനിൽക്കാൻ വേണ്ട സഹായം തരാൻ യഹോവയ്ക്കു കഴിയും. യഹോവ എങ്ങനെയാണ് അക്കാര്യത്തിൽ യോസേഫിനെ സഹായിച്ചതെന്നു നമുക്കു നോക്കാം.
9. തടവറയിലായിരുന്നപ്പോൾ യോസേഫിന്റെകൂടെ യഹോവയുണ്ടായിരുന്നെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാം? (ഉൽപത്തി 39:21-23)
9 ഉൽപത്തി 39:21-23 വായിക്കുക. തടവറയിൽ ആ മോശം സാഹചര്യത്തിലായിരുന്നപ്പോൾപ്പോലും വിജയിക്കാൻ യഹോവ യോസേഫിനെ സഹായിച്ചു. എങ്ങനെയാണ്? പോത്തിഫറിന്റെ വീട്ടിലായിരുന്നപ്പോഴെന്നപോലെ പതിയെപ്പതിയെ തടവറയുടെ മേലധികാരിയുടെയും വിശ്വാസവും ആദരവും നേടിയെടുക്കാൻ യോസേഫിനു കഴിഞ്ഞു. അങ്ങനെ മേലധികാരി മറ്റു തടവുകാരുടെയെല്ലാം ചുമതല യോസേഫിനെ ഏൽപ്പിച്ചു. ബൈബിൾ പറയുന്നത് “യോസേഫിന്റെ ചുമതലയിലുള്ള ഒന്നിനെക്കുറിച്ചും തടവറയുടെ മേലധികാരിക്ക് അന്വേഷിക്കേണ്ടിവന്നില്ല” എന്നാണ്. യോസേഫ് ഇപ്പോൾ വെറുമൊരു തടവുപുള്ളിയല്ല. അദ്ദേഹത്തിനു ധാരാളം ഉത്തരവാദിത്വങ്ങളുണ്ട്. വലിയൊരു മാറ്റം, അല്ലേ? കൊട്ടാരോദ്യോഗസ്ഥന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണു യോസേഫിനെ തടവറയിലാക്കിയത്. ആ യോസേഫിനെയാണ് ഇത്ര വലിയ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നതെന്ന് ഓർക്കണം. എന്തായിരിക്കും ഇങ്ങനെയൊരു മാറ്റത്തിനു കാരണം? അതെക്കുറിച്ച് ഉൽപത്തി 39:23 പറയുന്നു: “യഹോവ യോസേഫിന്റെകൂടെയുണ്ടായിരുന്നു. യോസേഫ് ചെയ്തതെല്ലാം യഹോവ സഫലമാക്കി.”
10. താൻ എല്ലാ കാര്യത്തിലും വിജയിച്ചെന്നു യോസേഫ് ചിന്തിച്ചിരിക്കാൻ സാധ്യതയില്ലാത്തതിന്റെ കാരണം വിശദീകരിക്കുക.
10 നമുക്കു വീണ്ടും യോസേഫിന്റെ സ്ഥാനത്തുനിന്ന് ഒന്നു ചിന്തിച്ചുനോക്കാം. വ്യാജാരോപണത്തിന്റെ പേരിൽ തടവിൽ കഴിയുന്ന യോസേഫ് തന്റെ കാര്യത്തിൽ എല്ലാം വിജയിച്ചെന്നു ചിന്തിച്ചുകാണുമോ? ശരിക്കും എന്തിനുവേണ്ടിയായിരിക്കും യോസേഫ് അപ്പോൾ ആഗ്രഹിച്ചിട്ടുണ്ടാകുക? തടവറയുടെ മേലധികാരിയുടെ പ്രീതി നേടാനായിരിക്കുമോ? സാധ്യതയനുസരിച്ച് തന്റെ പേരിലുള്ള ആരോപണം മാറിക്കിട്ടാനും തടവറയിൽനിന്ന് പുറത്തുവരാനും ആയിരിക്കില്ലേ? ജയിൽമോചിതനാകുന്ന ഒരു സഹതടവുകാരനോടുപോലും യോസേഫ്, ഫറവോനോടു തന്റെ കാര്യം പറഞ്ഞ് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. (ഉൽപ. 40:14) എന്നാൽ അയാൾ ഉടനെ അങ്ങനെ ചെയ്യുന്നില്ല. അതു കാരണം യോസേഫിനു രണ്ടു വർഷംകൂടെ തടവറയിൽ കഴിയേണ്ടിവരുന്നു. (ഉൽപ. 40:23; 41:1, 14) എങ്കിലും ആ സമയത്തും വിജയിക്കാൻ യഹോവ യോസേഫിനെ സഹായിക്കുന്നു. എങ്ങനെ?
11. യഹോവ യോസേഫിന് ഏതു പ്രത്യേക കഴിവാണു കൊടുത്തത്, അത് യഹോവയുടെ ഉദ്ദേശ്യം കൃത്യമായി നടക്കാൻ സഹായിച്ചത് എങ്ങനെ?
11 യോസേഫ് തടവറയിലായിരുന്ന സമയത്ത് ഈജിപ്തിലെ രാജാവ് രണ്ടു സ്വപ്നങ്ങൾ കണ്ടു. യഹോവയാണ് അവ കാണാൻ ഇടയാക്കിയത്. സ്വപ്നം കണ്ട് ആകെ അസ്വസ്ഥനായ ഫറവോൻ അതിന്റെ അർഥം അറിയാൻ ആഗ്രഹിച്ചു. അപ്പോഴാണു സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനുള്ള കഴിവ് യോസേഫിനുണ്ടെന്നു രാജാവ് മനസ്സിലാക്കുന്നത്. അങ്ങനെ യോസേഫിനെ വിളിപ്പിച്ചു. യഹോവയുടെ സഹായത്താൽ യോസേഫ് ആ സ്വപ്നങ്ങളുടെ അർഥം വ്യാഖ്യാനിച്ചുകൊടുത്തു. കൂടാതെ പ്രായോഗികമായി ചെയ്യാവുന്ന ചില കാര്യങ്ങളും പറഞ്ഞു. യഹോവ യോസേഫിനോടൊപ്പമുണ്ടെന്നു മനസ്സിലാക്കിയ ഫറവോൻ അദ്ദേഹത്തെ ഈജിപ്തിലെ ഭക്ഷ്യവകുപ്പിന്റെ ചുമതല ഏൽപ്പിച്ചു. (ഉൽപ. 41:38, 41-44) പിന്നീട് ഈജിപ്തിലും യോസേഫിന്റെ ദേശമായ കനാനിലും ഒക്കെ വലിയൊരു ക്ഷാമമുണ്ടായി. എന്നാൽ ഇപ്പോൾ യോസേഫ് തന്റെ വീട്ടുകാരെ സംരക്ഷിക്കാനാകുന്ന ഒരു സ്ഥാനത്തായിരുന്നു. അതുവഴി മിശിഹായിലേക്കു നയിക്കുന്ന വംശപരമ്പരയെ സംരക്ഷിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു.
12. യഹോവ ഏതൊക്കെ വിധങ്ങളിലാണ് യോസേഫ് വിജയിക്കാൻ ഇടയാക്കിയത്?
12 യോസേഫിന്റെ ജീവിതത്തിലുണ്ടായ അസാധാരണമായ സംഭവങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുക. വെറും ഒരു അടിമയായിരുന്ന യോസേഫിനെ പ്രത്യേകം ശ്രദ്ധിക്കാൻ പോത്തിഫറിനെ തോന്നിപ്പിച്ചത് ആരായിരുന്നു? അതുപോലെ, ഒരു തടവുപുള്ളിയായിരുന്ന യോസേഫിനോടു തടവറയുടെ മേലധികാരിക്കു പ്രീതി തോന്നാൻ ഇടയാക്കിയത് ആരായിരിക്കും? അസ്വസ്ഥപ്പെടുത്തുന്ന സ്വപ്നങ്ങൾ ഫറവോനെ കാണിച്ചതും ആ സ്വപ്നത്തിന്റെ അർഥം വിശദീകരിക്കാനുള്ള കഴിവ് യോസേഫിനു കൊടുത്തതും ആരാണ്? ഇനി, ഈജിപ്തിലെ ഭക്ഷ്യവകുപ്പിന്റെ ചുമതല യോസേഫിനെ ഏൽപ്പിക്കാനുള്ള തീരുമാനമെടുക്കാൻ ഫറവോനെ പ്രേരിപ്പിച്ചതിനു പിന്നിലും ആരാണ്? (ഉൽപ. 45:5) തീർച്ചയായും യഹോവയാണ് യോസേഫ് ചെയ്തതെല്ലാം സഫലമാക്കിത്തീർത്തത്. ചേട്ടന്മാർ യോസേഫിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവരുടെ കുടിലപദ്ധതിയെ തന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്നതിനുവേണ്ടി വഴിതിരിച്ചുവിടാൻ യഹോവയ്ക്കു കഴിഞ്ഞു.
വിജയിക്കാൻ യഹോവ എങ്ങനെയാണു നിങ്ങളെ സഹായിക്കുന്നത്?
13. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ സാഹചര്യത്തിലും യഹോവ ഇടപെടുന്നുണ്ടോ, വിശദീകരിക്കുക.
13 യോസേഫിന്റെ വിവരണത്തിൽനിന്ന് നമുക്കു പഠിക്കാനുള്ള പാഠം എന്താണ്? നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ സാഹചര്യത്തിലും യഹോവ ഇടപെടുന്നുണ്ട് എന്നാണോ? നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ഓരോ തവണയും യഹോവ അതിനെ നമ്മുടെ നന്മയ്ക്കായി വഴിതിരിച്ചുവിടുന്നുണ്ടോ? ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല. (സഭാ. 8:9; 9:11) എന്നാൽ ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ട്: ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ യഹോവ അതു കാണുന്നുണ്ട്, സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോൾ അതു കേൾക്കുകയും ചെയ്യും. (സങ്കീ. 34:15; 55:22; യശ. 59:1) അതു മാത്രമല്ല, പ്രയാസം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ അതു സഹിച്ചുനിൽക്കുന്നതിൽ വിജയിക്കാൻ യഹോവ നമ്മളെ സഹായിക്കുകയും ചെയ്യും. അത് എങ്ങനെയാണ്?
14. ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിൽ യഹോവ നമ്മളെ സഹായിക്കുന്ന ഒരു വിധം ഏതാണ്?
14 യഹോവ ഇന്നു നമ്മളെ സഹായിക്കുന്ന ഒരു വിധം ഏതാണ്? ആവശ്യമായ പ്രോത്സാഹനവും ആശ്വാസവും നൽകിക്കൊണ്ട്. മിക്കപ്പോഴും ഏറ്റവും വേണ്ട സമയത്തുതന്നെയായിരിക്കും അതു കിട്ടുന്നത്. (2 കൊരി. 1:3, 4) തുർക്ക്മനിസ്ഥാനിലുള്ള ഇസിസ് സഹോദരന് അങ്ങനെയൊരു സഹായം ലഭിച്ചു. അദ്ദേഹത്തിനു വിശ്വാസത്തിന്റെ പേരിൽ രണ്ടു വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. സഹോദരൻ പറയുന്നു: “എന്നെ വിചാരണ ചെയ്യുന്ന ദിവസം രാവിലെ ഒരു സഹോദരൻ യശയ്യ 30:15 കാണിച്ചുതന്നു. അവിടെ പറയുന്നത് ഇങ്ങനെയാണ്: ‘ശാന്തരായിരുന്ന് എന്നിൽ ആശ്രയിക്കുക; അതാണു നിങ്ങളുടെ ബലം.’ ശാന്തനായിരുന്ന് എല്ലാ കാര്യത്തിലും യഹോവയിൽ ആശ്രയിക്കാൻ ആ വാക്യം എന്നെ സഹായിച്ചു. അതെക്കുറിച്ച് കൂടുതൽ ചിന്തിച്ചതു ജയിൽശിക്ഷ അനുഭവിച്ച ആ കാലത്തെല്ലാം വിശ്വസ്തനായി തുടരാൻ എനിക്കു പ്രോത്സാഹനമേകി.” ഇതുപോലെ പ്രോത്സാഹനവും ആശ്വാസവും ഏറ്റവും ആവശ്യമായിരുന്ന സമയത്തുതന്നെ യഹോവ അതു നൽകിയ ഏതെങ്കിലും സന്ദർഭത്തെക്കുറിച്ച് നിങ്ങൾക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ?
15-16. ടോറിയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
15 നമ്മൾ ഒരു പരീക്ഷണത്തിലൂടെ കടന്നുപോകുമ്പോൾ യഹോവ നമ്മളെ എങ്ങനെയൊക്കെയാണു സഹായിച്ചിരിക്കുന്നതെന്ന് ഒരുപക്ഷേ ശ്രദ്ധിക്കണമെന്നില്ല. ടോറി സഹോദരിയുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. സഹോദരിയുടെ മകൻ മെയ്സൺ ക്യാൻസർ വന്ന് മരിച്ചു. അതു സഹോദരിയെ വല്ലാതെ തകർത്തുകളഞ്ഞു. ആറു വർഷം രോഗത്തോടു മല്ലിട്ടശേഷമാണ് അവൻ മരിച്ചത്. സഹോദരി പറയുന്നു: “ഒരു അമ്മയെന്ന നിലയിൽ ഇതിലും വലിയ വേദന എനിക്ക് ഇനി അനുഭവിക്കാനില്ല.” സഹോദരി ഇങ്ങനെയും പറഞ്ഞു: “നമ്മൾ ഒരു വേദന സഹിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് നമ്മുടെ കുഞ്ഞ് അതു സഹിക്കുന്നതു കണ്ടുനിൽക്കാൻ. ഈ അഭിപ്രായത്തോട് എല്ലാ മാതാപിതാക്കളും യോജിക്കും.”
16 തന്റെ മകൻ വേദന സഹിക്കുന്നതു കണ്ടപ്പോൾ സഹോദരിക്കു വല്ലാത്ത വിഷമം തോന്നി. എങ്കിലും പിന്നീട് അതെക്കുറിച്ച് ചിന്തിച്ചപ്പോൾ ആ സാഹചര്യത്തിൽ സഹിച്ചുനിൽക്കാൻ യഹോവ തന്നെ സഹായിച്ചത് എങ്ങനെയാണെന്നു സഹോദരിക്കു മനസ്സിലായി. സഹോദരി പറയുന്നു: “മകൻ സുഖമില്ലാതെ കിടന്ന ആ സമയത്ത് യഹോവ എങ്ങനെയാണ് എന്നെ സഹായിച്ചതെന്ന് ഇപ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട്. ഉദാഹരണത്തിന്, മെയ്സൺ തീരെ അവശനായിരിക്കുമ്പോൾ ആർക്കും അവനെ കാണാൻ പറ്റില്ലായിരുന്നു. എങ്കിലും വളരെ ദൂരെനിന്നുപോലും സഹോദരങ്ങൾ ആശുപത്രിയിൽ എത്തുമായിരുന്നു. എന്നിട്ട് ഞങ്ങൾക്ക് എന്തു സഹായവും ചെയ്യാൻ തയ്യാറായി കാത്തിരിപ്പുമുറിയിൽ ഇരിക്കും. ഇനി, ആവശ്യമായ സാധനങ്ങളും മറ്റും നൽകിക്കൊണ്ടും സഹോദരങ്ങൾ ഞങ്ങളെ പിന്തുണച്ചു. ഏറ്റവും മോശമായ സാഹചര്യത്തിൽപ്പോലും ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ഭംഗിയായി നടന്നു.” സഹിച്ചുനിൽക്കുന്നതിന് ആവശ്യമായത് എന്താണോ അതു ടോറി സഹോദരിക്കും മകൻ മെയ്സണും യഹോവ നൽകി.—“ഞങ്ങൾക്ക് ആവശ്യമായത് എന്താണോ അത് യഹോവ നൽകി” എന്ന ചതുരം കാണുക.
അനുഗ്രഹങ്ങൾ എണ്ണുക
17-18. പ്രയാസസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും യഹോവ സഹായിക്കുന്നുണ്ടെന്നു തിരിച്ചറിയാനും അതിനോടു നന്ദി കാണിക്കാനും നമ്മളെ എന്തു സഹായിക്കും? (സങ്കീർത്തനം 40:5)
17 സങ്കീർത്തനം 40:5 വായിക്കുക. മല കയറുന്നവരുടെ ലക്ഷ്യം ഏറ്റവും മുകളിൽ എത്തുക എന്നതാണ്. എന്നാൽ പോകുന്നവഴി ഇടയ്ക്കിടെ നിന്ന് ആ ഭാഗത്തെ മനോഹാരിതയൊക്കെ ആസ്വദിച്ചായിരിക്കും അവർ മുന്നോട്ടു നീങ്ങുന്നത്. ഇതുപോലെ പ്രയാസങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും വിജയിക്കാൻ യഹോവ സഹായിക്കുന്നത് എങ്ങനെയാണെന്നു ചിന്തിക്കാൻ പതിവായി സമയം കണ്ടെത്തുക. ഓരോ ദിവസത്തിന്റെയും അവസാനം നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഇന്ന് യഹോവ എന്നെ ഏതൊക്കെ വിധങ്ങളിലാണ് അനുഗ്രഹിച്ചിരിക്കുന്നത്? പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിൽപ്പോലും സഹിച്ചുനിൽക്കാൻ യഹോവ എങ്ങനെയാണ് എന്നെ സഹായിക്കുന്നത്?’ വിജയിക്കാൻ നിങ്ങളെ സഹായിക്കുന്നതിനു യഹോവ ചെയ്ത ഒരു കാര്യമെങ്കിലും കണ്ടെത്താനാകുമോ എന്നു നോക്കുക.
18 നമ്മുടെ പ്രശ്നം ഒന്ന് അവസാനിച്ചുകിട്ടാൻവേണ്ടി നമ്മൾ പ്രാർഥിക്കുന്നുണ്ടാകാം. അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ, അങ്ങനെ ചെയ്യുന്നതിൽ തെറ്റുമില്ല. (ഫിലി. 4:6) എന്നാൽ അതോടൊപ്പം യഹോവ നൽകുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയാനും നമുക്കു കഴിയണം. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും നമ്മളെ ശക്തീകരിക്കും, സഹിച്ചുനിൽക്കാൻ പ്രാപ്തരാക്കും എന്ന് യഹോവ വാക്കുതന്നിട്ടുണ്ട്. പ്രയാസസാഹചര്യങ്ങളിൽ യഹോവ കൂടെയുണ്ടായിരിക്കുമെന്ന കാര്യം മറക്കരുത്. എപ്പോഴും അതിനു നന്ദിയുള്ളവരായിരിക്കുക. ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും വിജയിക്കാൻ യഹോവ യോസേഫിനെ സഹായിച്ചതുപോലെ നമ്മളെയും സഹായിക്കുന്നുണ്ടെന്ന കാര്യം മനസ്സിലാക്കാൻ അപ്പോൾ നമുക്കു കഴിയും.—ഉൽപ. 41:51, 52.
ഗീതം 32 യഹോവയുടെ പക്ഷത്ത് നിൽക്കുക!
a ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ജീവിതം സഫലമായി അല്ലെങ്കിൽ “വിജയിച്ചു” എന്ന് ഒരുപക്ഷേ നമുക്കു തോന്നില്ല. പ്രശ്നങ്ങളൊക്കെ ഒന്നു മാറിയാലേ വിജയിച്ചെന്നു പറയാനാകൂ എന്നായിരിക്കാം നമ്മുടെ ചിന്ത. എന്നാൽ യോസേഫിന്റെ ജീവിതത്തിലുണ്ടായ പല സാഹചര്യങ്ങളിൽനിന്ന് നമ്മൾ ഒരു പ്രധാനപ്പെട്ട കാര്യം പഠിക്കാൻപോകുകയാണ്: പ്രശ്നങ്ങളുടെ നടുവിലായിരിക്കുമ്പോൾപ്പോലും വിജയിക്കാൻ യഹോവയ്ക്കു നമ്മളെ സഹായിക്കാൻ കഴിയുമെന്ന കാര്യം. അത് എങ്ങനെയാണെന്ന് ഈ ലേഖനത്തിൽ വിശദീകരിക്കും.
b അടിമയായി ഈജിപ്തിൽ എത്തിയ യോസേഫിന്റെ ജീവിതത്തിൽ ആദ്യകാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് ഏതാനും വാചകങ്ങളിലാണു പറഞ്ഞിരിക്കുന്നതെങ്കിലും അതു നടന്നതു കുറെ വർഷങ്ങൾകൊണ്ടായിരിക്കാം.