“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം”
“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.”—സങ്കീർത്തനം 119:97.
1, 2. (എ) നൂറ്റിപ്പത്തൊമ്പതാം സങ്കീർത്തനത്തിന്റെ നിശ്വസ്ത എഴുത്തുകാരൻ ഏതു സാഹചര്യത്തെ അഭിമുഖീകരിച്ചു? (ബി) ആ സാഹചര്യത്തോട് അവൻ എങ്ങനെയാണു പ്രതികരിച്ചത്, എന്തുകൊണ്ട്?
നൂറ്റിപ്പത്തൊമ്പതാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ കഠിനമായ ഒരു പരിശോധനയെ നേരിട്ടു. ദൈവത്തിന്റെ ന്യായപ്രമാണത്തെ അവഗണിച്ച അഹങ്കാരികളായ അവന്റെ ശത്രുക്കൾ അവനെ പരിഹസിക്കുകയും അവനെക്കുറിച്ചു നുണ പറഞ്ഞു പരത്തുകയും ചെയ്തു. പ്രഭുക്കന്മാർ അവനെതിരായി ആലോചന കഴിക്കുകയും അവനെ പീഡിപ്പിക്കുകയും ചെയ്തു. ദുഷ്ടന്മാർ അവനെ വളഞ്ഞു; അവന്റെ ജീവൻപോലും അപകടത്തിലായി. ഇതെല്ലാം അവന്റെ “പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്ന”തിന് ഇടയാക്കി. (സങ്കീർത്തനം 119:9, 23, 28, 51, 61, 69, 85, 87, 161) ഈ പരിശോധനയിന്മധ്യേയും സങ്കീർത്തനക്കാരൻ ഇപ്രകാരം പാടി: “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.”—സങ്കീർത്തനം 119:97.
2 ദൈവത്തിന്റെ ന്യായപ്രമാണം സങ്കീർത്തനക്കാരന് ആശ്വാസം നൽകിയത് എങ്ങനെയാണ്? യഹോവയ്ക്ക് അവനിൽ താത്പര്യമുണ്ട് എന്ന ഉറപ്പാണ് പിടിച്ചുനിൽക്കാൻ അവനു കരുത്തേകിയത്. ദൈവം സ്നേഹപൂർവം നൽകിയ ആ ന്യായപ്രമാണം അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് അവന് അറിയാമായിരുന്നു. ആ അറിവ് എതിരാളികൾ കൊണ്ടുവന്ന കഷ്ടപ്പാടുകൾക്കു മധ്യേയും സന്തോഷമുള്ളവനായിരിക്കാൻ അവനെ സഹായിച്ചു. യഹോവ അവനോടു ദയാപൂർവമാണ് ഇടപെട്ടതെന്ന് അവൻ തിരിച്ചറിഞ്ഞു. കൂടാതെ, ദൈവത്തിന്റെ ന്യായപ്രമാണത്തിലെ മാർഗനിർദേശങ്ങൾ പിൻപറ്റിയത് അവനെ ശത്രുക്കളെക്കാൾ ജ്ഞാനിയാക്കി; അത് അവന്റെ ജീവൻ സംരക്ഷിക്കുകപോലും ചെയ്തു. ന്യായപ്രമാണം അനുസരിച്ചത് അവനു സമാധാനവും ഒരു ശുദ്ധ മനസ്സാക്ഷിയും നൽകിക്കൊടുത്തു.—സങ്കീർത്തനം 119:1, 9, 65, 93, 98, 165.
3. ദൈവത്തിന്റെ നിലവാരങ്ങൾക്കൊത്തു ജീവിക്കുന്നത് ക്രിസ്ത്യാനികൾക്ക് ഇന്ന് ഒരു വെല്ലുവിളിയായിരിക്കുന്നത് എന്തുകൊണ്ട്?
3 ഇന്നും ചില ദൈവദാസന്മാർക്ക് തങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കുന്ന കഠിന പരിശോധനകളെ നേരിടേണ്ടിവരുന്നുണ്ട്. സങ്കീർത്തനക്കാരനെപ്പോലെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങളല്ലായിരിക്കാം നമ്മുടേത്. പക്ഷേ നാം ജീവിക്കുന്നത് “ദുർഘടസമയങ്ങ”ളിലാണ്. അനുദിന ജീവിതത്തിൽ നമുക്ക് ഇടപെടേണ്ടിവരുന്ന അനേകർക്കും ആത്മീയ മൂല്യങ്ങളോടു യാതൊരു വിലമതിപ്പുമില്ല—സ്വാർഥവും ഭൗതികാസക്തവുമായ ലക്ഷ്യങ്ങളാണ് അവർക്കുള്ളത്, അവർ അഹങ്കാരികളും ആദരവില്ലാത്തവരുമാണ്. (2 തിമൊഥെയൊസ് 3:1-5) യുവക്രിസ്ത്യാനികൾ മിക്കപ്പോഴും തങ്ങളുടെ ധാർമിക നിലപാടിന് ഭീഷണി ഉയർത്തുന്ന സാഹചര്യങ്ങളെ നേരിടുന്നു. അത്തരമൊരു ചുറ്റുപാടിൽ യഹോവയോടുള്ള സ്നേഹം നിലനിറുത്തുന്നതും ശരി ചെയ്യുന്നതിനുള്ള ദൃഢനിശ്ചയത്തോടു പറ്റിനിൽക്കുന്നതും എളുപ്പമല്ലായിരിക്കാം. നമുക്ക് എങ്ങനെ നമ്മെ സംരക്ഷിക്കാം?
4. സങ്കീർത്തനക്കാരൻ എങ്ങനെയാണ് ദൈവത്തിന്റെ ന്യായപ്രമാണത്തോടു വിലമതിപ്പു പ്രകടമാക്കിയത്, ക്രിസ്ത്യാനികളും അങ്ങനെ ചെയ്യേണ്ടതുണ്ടോ?
4 താൻ അനുഭവിച്ച സമ്മർദങ്ങളെ നേരിടുന്നതിന് സങ്കീർത്തനക്കാരനെ സഹായിച്ചത് ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധാപൂർവം പഠിക്കുന്നതിനും വിലമതിപ്പോടെ അതിനെക്കുറിച്ചു ധ്യാനിക്കുന്നതിനും സമയം ചെലവഴിച്ചതാണ്. അങ്ങനെ അവൻ ദൈവത്തിന്റെ ന്യായപ്രമാണത്തോട് പ്രിയം വളർത്തിയെടുത്തു. 119-ാം സങ്കീർത്തനത്തിന്റെ മിക്കവാറും എല്ലാ വാക്യങ്ങളുംതന്നെ യഹോവയുടെ ന്യായപ്രമാണത്തിന്റെ ഏതെങ്കിലും വശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.a ക്രിസ്ത്യാനികൾ ഇന്ന് പുരാതനകാലത്തെ ഇസ്രായേൽ ജനതയ്ക്ക് ദൈവം നൽകിയ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ല. (കൊലൊസ്സ്യർ 2:14) എന്നിരുന്നാലും, ആ ന്യായപ്രമാണത്തിലെ തത്ത്വങ്ങൾ ഇന്നും മൂല്യമുള്ളവയാണ്. ഈ തത്ത്വങ്ങൾ സങ്കീർത്തനക്കാരന് ആശ്വാസം പ്രദാനംചെയ്തതുപോലെ ഇന്ന് ജീവിതപ്രശ്നങ്ങളുമായി മല്ലടിക്കുന്ന ദൈവദാസന്മാർക്കും ആശ്വാസം പകരുന്നു.
5. മോശൈക ന്യായപ്രമാണത്തിലെ ഏതു കാര്യങ്ങളാണ് നാം പരിചിന്തിക്കാൻ പോകുന്നത്?
5 മോശൈക ന്യായപ്രമാണം അനുശാസിച്ചിരുന്ന മൂന്നു കാര്യങ്ങളിൽനിന്ന് നമുക്കെന്തു പ്രോത്സാഹനം നേടാനാകുമെന്നു പരിചിന്തിക്കാം: ശബത്താചരണം, കാലാ പെറുക്കുന്നതിനുള്ള ക്രമീകരണം, അതിമോഹത്തിനെതിരെയുള്ള കൽപ്പന. ഇവ ഓരോന്നായി ചർച്ചചെയ്യവേ, ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ മനസ്സിലാക്കുന്നത് ഇക്കാലത്തെ വെല്ലുവിളികളെ നേരിടുന്നതിന് അത്യന്താപേക്ഷിതമാണെന്നു നാം പഠിക്കും.
നമ്മുടെ ആത്മീയ ആവശ്യം തൃപ്തിപ്പെടുത്തൽ
6. ഏതെല്ലാം അടിസ്ഥാന ആവശ്യങ്ങളാണ് എല്ലാവർക്കുമുള്ളത്?
6 പല ആവശ്യങ്ങൾ സഹിതമാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ഉദാഹരണത്തിന്, നല്ല ആരോഗ്യത്തോടെ ജീവിക്കുന്നതിന് ആഹാരം, വെള്ളം, പാർപ്പിടം എന്നിവ അനിവാര്യമാണ്. എന്നാൽ മനുഷ്യന് “ആത്മീയ ആവശ്യ”ങ്ങളുമുണ്ട്. ഈ ആവശ്യങ്ങൾ നിറവേറ്റാത്തപക്ഷം അവൻ യഥാർഥത്തിൽ സന്തുഷ്ടനായിരിക്കുകയില്ല. (മത്തായി 5:3, NW) ജന്മനായുള്ള ഈ ആവശ്യം തൃപ്തിപ്പെടുത്തുന്നതിനെ അങ്ങേയറ്റം പ്രാധാന്യമുള്ള ഒരു കാര്യമായി യഹോവ വീക്ഷിച്ചു. അതുകൊണ്ടുതന്നെ പതിവുജോലികൾപോലും നിറുത്തിവെച്ച് ആത്മീയ കാര്യങ്ങൾക്കു ശ്രദ്ധ നൽകുന്നതിന് ആഴ്ചയിൽ ഒരു മുഴുദിവസവും മാറ്റിവെക്കാൻ ദൈവം തന്റെ ജനത്തോടു കൽപ്പിച്ചു.
7, 8. (എ) ശബത്തും മറ്റു ദിവസങ്ങളും തമ്മിൽ ദൈവം എങ്ങനെയാണ് വ്യത്യാസം കൽപ്പിച്ചത്? (ബി) ശബത്ത് ഏത് ഉദ്ദേശ്യം സാധിച്ചു?
7 ശബത്ത് ആചരണം ആത്മീയ കാര്യങ്ങൾക്കായി സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. ബൈബിളിൽ “ശബ്ബത്ത്” എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെടുന്നത് മരുഭൂമിയിൽ മന്ന പ്രദാനം ചെയ്യുന്നതിനോടുള്ള ബന്ധത്തിലാണ്. ആഴ്ചയിൽ ആറു ദിവസം അത്ഭുതകരമായ ഈ മന്ന പെറുക്കിയെടുക്കണമെന്ന് ഇസ്രായേല്യരോടു പറഞ്ഞു. ആറാം ദിവസം അവർ “രണ്ടു ദിവസത്തേക്കുള്ള ആഹാരം” ശേഖരിക്കണമായിരുന്നു. കാരണം, ഏഴാം ദിവസം മന്ന ലഭിക്കുമായിരുന്നില്ല; അന്ന് “യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്ത്” ആയിരുന്നു. ആ ദിവസം ഓരോരുത്തരും അവരുടെ സ്ഥലത്ത് സ്വസ്ഥമായി ഇരിക്കണമായിരുന്നു. (പുറപ്പാടു 16:13-30) ശബത്തിൽ യാതൊരുവിധ ജോലിയും ചെയ്യരുതെന്ന് പത്തു കൽപ്പനകളിൽ ഒന്ന് അനുശാസിച്ചു. ആ ദിവസം വിശുദ്ധമായിരുന്നു, അത് ആചരിക്കാത്തതിനുള്ള ശിക്ഷ മരണവും.—പുറപ്പാടു 20:8-11; സംഖ്യാപുസ്തകം 15:32-36.
8 തന്റെ ജനത്തിന്റെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിലുള്ള യഹോവയുടെ താത്പര്യത്തെയാണ് ശബത്തു നിയമം പ്രതിഫലിപ്പിച്ചത്. “ശബ്ബത്ത് മനുഷ്യൻനിമിത്തമത്രേ ഉണ്ടായത്” എന്നു യേശു പറഞ്ഞു. (മർക്കൊസ് 2:27) ഇത് ഇസ്രായേല്യർക്ക് വിശ്രമിക്കുന്നതിനു മാത്രമല്ല തങ്ങളുടെ സ്രഷ്ടാവിനോട് അടുക്കുന്നതിനും അവനോടുള്ള സ്നേഹം പ്രദർശിപ്പിക്കുന്നതിനും അവസരം നൽകി. (ആവർത്തനപുസ്തകം 5:12) ആ ദിവസം ആത്മീയ കാര്യങ്ങൾക്കു മാത്രമായി മാറ്റിവെച്ചിരുന്നു. പ്രാർഥനയും കുടുംബം ഒത്തൊരുമിച്ചുള്ള ആരാധനയും ദൈവത്തിന്റെ ന്യായപ്രമാണം ധ്യാനിക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. ഈ ക്രമീകരണം തങ്ങളുടെ മുഴു സമയവും ഊർജവും ഭൗതിക കാര്യങ്ങൾക്കായി ഉഴിഞ്ഞുവെക്കുന്നതിൽനിന്ന് ഇസ്രായേല്യരെ സംരക്ഷിച്ചു. യഹോവയുമായുള്ള അവരുടെ ബന്ധമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന് ശബത്ത് അവരെ ഓർമിപ്പിച്ചു. “‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു’ എന്നു എഴുതിയിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ യേശു ആ മാറ്റമില്ലാത്ത തത്ത്വം ഊന്നിപ്പറയുകയായിരുന്നു.—മത്തായി 4:4.
9. ശബത്താചരണത്തിൽനിന്ന് ക്രിസ്ത്യാനികൾക്ക് എന്തു പാഠമാണു പഠിക്കാൻ കഴിയുന്നത്?
9 ഇന്ന് ദൈവജനം 24 മണിക്കൂർ നീണ്ടുനിൽക്കുന്ന അക്ഷരാർഥത്തിലുള്ള ശബത്ത് ആചരിക്കണമെന്ന കൽപ്പനയിൻ കീഴിലല്ല, എന്നാൽ ശബത്താചരണം കേവലമൊരു ചരിത്ര വസ്തുതയല്ല. (കൊലൊസ്സ്യർ 2:16) ആത്മീയ കാര്യങ്ങൾക്കു നമ്മളും ഒന്നാം സ്ഥാനം കൊടുക്കണം എന്നതിന്റെ ഒരു ഓർമിപ്പിക്കലല്ലേ അത്? ഭൗതികാസക്തിയോ ഉല്ലാസപ്രിയമോ ആത്മീയ കാര്യങ്ങളെ പിന്നിലാക്കാൻ നാം അനുവദിക്കരുത്. (എബ്രായർ 4:9, 10) അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ഇപ്രകാരം ചോദിക്കാവുന്നതാണ്: “എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനാണ്? പഠനം, പ്രാർഥന, ക്രിസ്തീയയോഗങ്ങൾക്കു ഹാജരാകൽ, രാജ്യസുവാർത്ത ഘോഷിക്കൽ എന്നിവയ്ക്ക് ഞാൻ മുൻഗണന നൽകുന്നുണ്ടോ? അതോ മറ്റു കാര്യങ്ങൾ ഇവയ്ക്കുള്ള സമയം കവർന്നെടുക്കുകയാണോ?” നാം ആത്മീയ കാര്യങ്ങൾക്ക് ഒന്നാം സ്ഥാനം നൽകുന്നെങ്കിൽ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്ന് യഹോവ നമുക്ക് ഉറപ്പു നൽകുന്നു.—മത്തായി 6:24-33.
10. ആത്മീയ കാര്യങ്ങൾക്കു സമയം മാറ്റിവെക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?
10 ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പഠിക്കുന്നതും അവയിലെ വിവരങ്ങളെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്നതും യഹോവയോടു കൂടുതൽ അടുക്കാൻ നമ്മെ സഹായിക്കും. (യാക്കോബ് 4:8) ക്രമമായി ബൈബിൾ പഠിക്കുന്നത് ആദ്യമൊക്കെ അത്ര രസകരമല്ലായിരുന്നുവെന്ന് ഏതാണ്ട് 40 വർഷങ്ങളായി അതിനുവേണ്ടി സമയം മാറ്റിവെക്കുന്ന സൂസൻ സമ്മതിച്ചു പറയുന്നു. തുടക്കത്തിൽ അത് അവർക്ക് എളുപ്പമല്ലായിരുന്നു. എന്നാൽ എത്രയധികം വായിച്ചോ അത്രയധികം അതവർക്ക് രസകരമായിത്തോന്നി. ഇപ്പോൾ, ഏതെങ്കിലും കാരണത്താൽ വ്യക്തിപരമായ പഠനം മുടങ്ങിയാൽ അവർക്കു വിഷമം തോന്നും. “യഹോവയെ അടുത്തറിയുന്നതിനും ഒരു പിതാവായി കാണുന്നതിനും പഠനം എന്നെ സഹായിച്ചിരിക്കുന്നു” എന്ന് അവർ പറയുന്നു. “എനിക്ക് അവനെ വിശ്വസിക്കുന്നതിനും അവനിൽ ആശ്രയിക്കുന്നതിനും പ്രാർഥനയിൽ എപ്പോഴും അവനെ സമീപിക്കുന്നതിനും കഴിയും. യഹോവ തന്റെ ദാസന്മാരെ എത്രയധികം സ്നേഹിക്കുന്നുവെന്നും വ്യക്തിപരമായി എന്നെ അവൻ എങ്ങനെ പരിപാലിക്കുന്നുവെന്നും എനിക്കായി അവൻ എന്തെല്ലാം ചെയ്തിരിക്കുന്നുവെന്നും മനസ്സിലാക്കുന്നത് തികച്ചും പുളകപ്രദമാണ്.” നമ്മുടെ ആത്മീയ ആവശ്യങ്ങൾക്ക് നിരന്തര ശ്രദ്ധ കൊടുക്കുന്നതിനാൽ നമുക്കും വളരെയധികം സന്തോഷം നേടാൻ കഴിയും.
കാലാ പെറുക്കുന്നതു സംബന്ധിച്ച ദൈവനിയമം
11. കാലാ പെറുക്കുന്നതിനുള്ള ക്രമീകരണത്തിൽ എന്താണ് ഉൾപ്പെട്ടിരുന്നത്?
11 തന്റെ ജനത്തിന്റെ ക്ഷേമത്തിലുള്ള ദൈവത്തിന്റെ താത്പര്യത്തെ പ്രതിഫലിപ്പിച്ച, മോശൈക ന്യായപ്രമാണത്തിന്റെ മറ്റൊരു വശമായിരുന്നു കാലാ പെറുക്കുന്നതിനുള്ള അവകാശം. ഒരു ഇസ്രായേല്യ കർഷകൻ വിളവെടുക്കുമ്പോൾ കാലാ പെറുക്കുന്നതിന് ദരിദ്രരായവരെ അനുവദിക്കണമെന്ന് യഹോവ കൽപ്പിച്ചു. കർഷകർ തങ്ങളുടെ വയലിന്റെ അരികു തീർത്തു കൊയ്യരുതായിരുന്നു. മുന്തിരിത്തോട്ടത്തിൽനിന്നോ ഒലിവുതോട്ടത്തിൽനിന്നോ വിളവെടുക്കുമ്പോൾ ഫലങ്ങൾ തീർത്തു പറിക്കുകയോ വീണുകിടക്കുന്നവ പെറുക്കുകയോ ചെയ്യരുതായിരുന്നു. വയലിൽ മറന്നുപോയ കറ്റകൾ എടുക്കാൻ മടങ്ങിപ്പോകരുതായിരുന്നു. ദരിദ്രർക്കും പരദേശികൾക്കും അനാഥർക്കും വിധവമാർക്കും വേണ്ടി ദൈവം സ്നേഹപൂർവം ചെയ്ത ഒരു ക്രമീകരണമായിരുന്നു അത്. കാലാ പെറുക്കുന്നതിൽ കഠിനാധ്വാനം ഉൾപ്പെട്ടിരുന്നുവെന്നതു ശരിയാണ്. എന്നാൽ ഈ ക്രമീകരണം ഉണ്ടായിരുന്നതിനാൽ അവർക്ക് ഭിക്ഷ യാചിക്കേണ്ടിവരുമായിരുന്നില്ല.—ലേവ്യപുസ്തകം 19:9, 10; ആവർത്തനപുസ്തകം 24:19-21; സങ്കീർത്തനം 37:25.
12. കാലാ പെറുക്കുന്നതിനുള്ള ക്രമീകരണം കർഷകർക്ക് എന്തിനുള്ള അവസരം നൽകി?
12 കർഷകർ എത്രത്തോളം വിളവ് ദരിദ്രർക്കായി വിട്ടേക്കണമെന്ന് കാലാ പെറുക്കുന്നതു സംബന്ധിച്ച നിയമം നിഷ്കർഷിച്ചില്ല. വയലിന്റെ അരിക് എത്ര വിസ്താരത്തിൽ കൊയ്യാതെ വിടണമെന്നു തീരുമാനിക്കേണ്ടത് കർഷകരായിരുന്നു. അങ്ങനെ ഈ ക്രമീകരണം ഉദാരമനസ്കരായിരിക്കാൻ അവരെ പഠിപ്പിച്ചു. വിളവു പ്രദാനം ചെയ്തവനോടുള്ള നന്ദി പ്രകടിപ്പിക്കാൻ ഇത് കർഷകർക്ക് ഒരു അവസരം നൽകി. എന്തുകൊണ്ടെന്നാൽ “ദരിദ്രനോടു കൃപ കാണിക്കുന്നവനോ അവനെ [സ്രഷ്ടാവിനെ] ബഹുമാനിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 14:31) അങ്ങനെ ചെയ്ത ഒരുവനായിരുന്നു ബോവസ്. തന്റെ വയലിൽ കാലാ പെറുക്കാൻ വന്ന വിധവയായ രൂത്തിന് ധാരാളം ധാന്യം ലഭിക്കുന്നുണ്ടെന്ന് അവൻ ഉറപ്പുവരുത്തി. ബോവസിന്റെ ഉദാരമനസ്കതയ്ക്ക് യഹോവ തക്ക പ്രതിഫലം നൽകി.—രൂത്ത് 2:15, 16; 4:21, 22; സദൃശവാക്യങ്ങൾ 19:17.
13. കാലാ പെറുക്കുന്നതിനോടു ബന്ധപ്പെട്ട പുരാതന കാലത്തെ നിയമം നമ്മെ എന്തു പഠിപ്പിക്കുന്നു?
13 കാലാ പെറുക്കുന്നതിനോടു ബന്ധപ്പെട്ട നിയമത്തിന്റെ പിന്നിലെ തത്ത്വത്തിന് മാറ്റമൊന്നും വന്നിട്ടില്ല. തന്റെ ദാസന്മാർ ഉദാരമതികളായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ദരിദ്രരായവരോട്. നാം എത്ര ഉദാരമനസ്കരാണോ അത്രയധികം അനുഗ്രഹങ്ങൾ നമുക്കു ലഭിക്കും. യേശു ഇപ്രകാരം പറഞ്ഞു. “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.”—ലൂക്കൊസ് 6:38.
14, 15. ഉദാരമനസ്കത നമുക്ക് എങ്ങനെ പ്രകടമാക്കാം, അതു നമുക്കും നാം സഹായിക്കുന്നവർക്കും ഏതെല്ലാം പ്രയോജനങ്ങൾ കൈവരുത്തിയേക്കാം?
14 അപ്പൊസ്തലനായ പൗലൊസ് നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.” (ഗലാത്യർ 6:10) അതുകൊണ്ട് സഹക്രിസ്ത്യാനികൾ വിശ്വാസത്തിന്റെ പരിശോധനകളെ നേരിടുമ്പോഴെല്ലാം അവർക്ക് ആവശ്യമായ ആത്മീയ സഹായം ലഭിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് നാം ചിന്തയുള്ളവരായിരിക്കണം. എന്നാൽ, രാജ്യഹാളിൽ എത്തിച്ചേരുന്നതും സാധനങ്ങൾ വാങ്ങുന്നതും പോലുള്ള കാര്യങ്ങളിലും ഒരുപക്ഷേ അവർക്ക് സഹായം ആവശ്യമായിരിക്കുമോ? ഒന്നു സന്ദർശിക്കുന്നതോ എന്തെങ്കിലും സഹായം ചെയ്തുകൊടുക്കുന്നതോ വിലമതിച്ചേക്കാവുന്ന പ്രായമായവരോ രോഗികളോ മറ്റോ നിങ്ങളുടെ സഭയിലുണ്ടോ? അത്തരത്തിലുള്ളവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് വിചാരമുള്ളവരാണു നാമെങ്കിൽ അവരുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതിന് യഹോവയ്ക്കു നമ്മെ ഉപയോഗിക്കാനായേക്കും. പരസ്പരം സഹായിക്കുക എന്നത് ക്രിസ്ത്യാനികളുടെ കടമയാണെങ്കിലും, അങ്ങനെ ചെയ്യുന്നത് സഹായം നൽകുന്ന വ്യക്തിക്കും പ്രയോജനം ചെയ്യുന്നു. സഹാരാധകരെ ഹൃദയപൂർവം സ്നേഹിക്കുന്നത് വലിയ സന്തോഷവും സംതൃപ്തിയും പ്രദാനംചെയ്യും, യഹോവയുടെ അംഗീകാരവും നേടിത്തരും.—സദൃശവാക്യങ്ങൾ 15:29.
15 ക്രിസ്ത്യാനികൾ നിസ്സ്വാർഥത പ്രകടമാക്കുന്ന മറ്റൊരു പ്രധാന മാർഗം ദൈവോദ്ദേശ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി തങ്ങളുടെ സമയവും ഊർജവും ഉപയോഗിക്കുന്നതാണ്. (മത്തായി 28:19, 20) തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നതിന് ഒരു വ്യക്തിയെ സഹായിക്കാൻ കഴിയുന്നത് സന്തോഷകരമായ ഒരനുഭവമാണ്. ആ സന്തോഷം ആസ്വദിച്ചിട്ടുള്ള ഏതൊരു വ്യക്തിയും “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” എന്ന യേശുവിന്റെ വാക്കുകളുടെ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു.—പ്രവൃത്തികൾ 20:35.
അതിമോഹത്തിനെതിരെ ജാഗ്രത പുലർത്തുക
16, 17. പത്താമത്തെ കൽപ്പന എന്തിനെ കുറ്റംവിധിച്ചു, എന്തുകൊണ്ട്?
16 നാം അടുത്തതായി പരിചിന്തിക്കുന്ന, മോശൈക ന്യായപ്രമാണത്തിന്റെ മൂന്നാമത്തെ വശം അതിമോഹത്തെ കുറ്റംവിധിച്ചുകൊണ്ടുള്ള പത്താമത്തെ കൽപ്പനയാണ്. അത് ഇപ്രകാരം പ്രസ്താവിച്ചു: “കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുത്.” (പുറപ്പാടു 20:17) ഒരു മനുഷ്യനും അത്തരത്തിലൊരു നിയമം നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല. കാരണം ആർക്കും മനസ്സു വായിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഈ കൽപ്പന ന്യായപ്രമാണത്തെ മാനുഷ നിയമവ്യവസ്ഥയെക്കാൾ ശ്രേഷ്ഠമായ ഒരു തലത്തിലേക്ക് ഉയർത്തി. ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള യഹോവയോട് നേരിട്ടു കണക്കുബോധിപ്പിക്കേണ്ടവരാണു തങ്ങളെന്ന കാര്യം അത് ഓരോ ഇസ്രായേല്യനെയും ഓർമിപ്പിച്ചു. (1 ശമൂവേൽ 16:7) മാത്രവുമല്ല, ഈ കൽപ്പന നിയമവിരുദ്ധമായ അനേകം പ്രവൃത്തികളുടെയും മൂലകാരണത്തിലേക്കു കടന്നുചെല്ലുന്നു.—യാക്കോബ് 1:14.
17 അതിമോഹത്തിനെതിരെയുള്ള ഈ നിയമം ഭൗതികാസക്തി, അത്യാഗ്രഹം എന്നിവയും തങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു പരാതി പറയുന്നതും ഒഴിവാക്കാൻ ദൈവജനത്തെ പ്രോത്സാഹിപ്പിച്ചു. മോഷ്ടിക്കാനോ അധാർമികതയിൽ ഏർപ്പെടാനോ ഉള്ള പ്രലോഭനത്തിൽനിന്നും അത് അവരെ സംരക്ഷിച്ചു. നാം ആഗ്രഹിക്കുന്ന വസ്തുവകകൾ സ്വന്തമായുള്ളവരോ ഏതെങ്കിലും മേഖലയിൽ നമ്മെക്കാൾ മികച്ചു നിൽക്കുന്നുവെന്നു നമുക്കു തോന്നുന്നവരോ ഒക്കെ ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങളിൽ നമ്മുടെ ചിന്തകൾക്കു കടിഞ്ഞാണിടുന്നില്ലെങ്കിൽ സന്തോഷം നഷ്ടപ്പെടുകയും നാം അസൂയാലുക്കളായിത്തീരുകയും ചെയ്തേക്കാം. “നികൃഷ്ടബുദ്ധി”യുടെ പ്രകടനമായിട്ടാണ് ബൈബിൾ അതിമോഹത്തെ കണക്കാക്കുന്നത്. അതൊഴിവാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.—റോമർ 1:28-30.
18. ലോകമെങ്ങും എന്തു മനോഭാവം പ്രകടമാണ്, അതിന്റെ ദൂഷ്യഫലങ്ങൾ ഏവ?
18 ഭൗതികാസക്തിയെയും മത്സരത്തെയും ഊട്ടിവളർത്തുന്ന ഒരു ലോകത്തിലാണു നാമിന്നു ജീവിക്കുന്നത്. പരസ്യങ്ങളിലൂടെ വാണിജ്യലോകം പുതിയ പുതിയ ഉത്പന്നങ്ങൾക്കായുള്ള മോഹം ഉണർത്തുന്നു, സന്തുഷ്ടരായിരിക്കണമെങ്കിൽ അവ സ്വന്തമാക്കിയേ തീരൂ എന്നതാണ് പലപ്പോഴും അതിന്റെ സന്ദേശം. യഹോവയുടെ ന്യായപ്രമാണം വിലക്കിയ അതേ മനോഭാവമാണ് ഇത്. ഇതിനോടു ബന്ധമുള്ള മറ്റൊരു സംഗതിയാണ് എങ്ങനെയും മറ്റുള്ളവരെ കടത്തിവെട്ടാനും സമ്പത്തു വാരിക്കൂട്ടാനും ഉള്ള മോഹം. എന്നാൽ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:9, 10.
19, 20. (എ) ദൈവനിയമങ്ങളെ പ്രിയപ്പെടുന്നവർക്ക് യഥാർഥത്തിൽ മൂല്യവത്തായത് എന്താണ്? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
19 ഭൗതികത്വ ചിന്താഗതിയുടെ അപകടങ്ങളെക്കുറിച്ച് ദൈവനിയമങ്ങളെ പ്രിയപ്പെടുന്നവർക്കറിയാം, അവർ അതിൽനിന്നു സുരക്ഷിതരുമാണ്. ഉദാഹരണത്തിന് സങ്കീർത്തനക്കാരൻ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ എന്റെ ഹൃദയം ചായുമാറാക്കേണമേ. ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.” (സങ്കീർത്തനം 119:36, 72) ഈ വാക്കുകളുടെ സത്യതയെക്കുറിച്ചുള്ള ബോധ്യം ഭൗതികാസക്തി, അത്യാഗ്രഹം, നമ്മുടെ ജീവിത സാഹചര്യങ്ങളിലുള്ള അതൃപ്തി എന്നീ കെണികൾ ഒഴിവാക്കുന്നതിന് ആവശ്യമായ സമനില പാലിക്കാൻ നമ്മെ സഹായിക്കും. “ദൈവഭക്തി”യാണ് ഒരുവനു നേടാവുന്നതിൽവെച്ച് ഏറ്റവും വലിയ നേട്ടം കൈവരുത്തുന്നത്, അല്ലാതെ വസ്തുവകകൾ വാരിക്കൂട്ടുന്നതല്ല.—1 തിമൊഥെയൊസ് 6:6.
20 യഹോവ മോശെ മുഖേന പുരാതന ഇസ്രായേലിനു കൊടുത്ത ന്യായപ്രമാണത്തിലെ തത്ത്വങ്ങൾ അന്നത്തേതുപോലെതന്നെ നാം ജീവിക്കുന്ന ഈ ദുർഘടസമയങ്ങളിലും മൂല്യവത്താണ്. നമ്മുടെ ജീവിതത്തിൽ അവ ബാധകമാക്കുന്തോറും നമുക്ക് അവയോടുള്ള വിലമതിപ്പും പ്രിയവും വർധിക്കും, ഒപ്പം നമ്മുടെ സന്തോഷവും. ന്യായപ്രമാണത്തിൽ നമുക്കു പ്രയോജനം ചെയ്യുന്ന അനേകം മൂല്യവത്തായ പാഠങ്ങൾ അടങ്ങിയിട്ടുണ്ട്. ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതവും അനുഭവങ്ങളും അവയുടെ മൂല്യത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. അത്തരത്തിലുള്ള ചില ഓർമിപ്പിക്കലുകളെക്കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a ഈ സങ്കീർത്തനത്തിലെ നാല് വാക്യങ്ങളൊഴികെ ബാക്കിയുള്ള 172 വാക്യങ്ങളിലും യഹോവയുടെ കൽപ്പനകൾ, ചട്ടങ്ങൾ, നിയമം, ന്യായപ്രമാണം, ന്യായം, ന്യായവിധികൾ, പ്രമാണങ്ങൾ, വചനം, വഴികൾ, വാഗ്ദാനങ്ങൾ, വിധികൾ, സാക്ഷ്യങ്ങൾ എന്നിവയെപ്പറ്റി പരാമർശിക്കുന്നുണ്ട്.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ യഹോവയുടെ ന്യായപ്രമാണത്തെ പ്രിയപ്പെട്ടത് എന്തുകൊണ്ട്?
• ശബത്തു ക്രമീകരണത്തിൽനിന്ന് ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാൻ കഴിയും?
• കാലാ പെറുക്കുന്നതിനോടു ബന്ധപ്പെട്ട ദൈവനിയമത്തിന് നിലനിൽക്കുന്ന എന്തു മൂല്യമുണ്ട്?
• അതിമോഹത്തിനെതിരെയുള്ള കൽപ്പന നമുക്ക് ഒരു സംരക്ഷണമായിരിക്കുന്നത് എങ്ങനെ?
[21-ാം പേജിലെ ചിത്രം]
ശബത്തു നിയമം എന്തിനു പ്രാധാന്യം നൽകി?
[23-ാം പേജിലെ ചിത്രം]
കാലാ പെറുക്കുന്നതിനെ കുറിച്ചുള്ള നിയമം നമ്മെ എന്തു പഠിപ്പിക്കുന്നു?