പാഠം 07
യഹോവയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ദൈവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്താണു മനസ്സിലേക്ക് വരുന്നത്? നമുക്കൊന്നും ഒരിക്കലും അടുത്ത് ചെല്ലാൻ പറ്റാത്ത അകലത്തിൽ, നക്ഷത്രങ്ങൾക്കും അപ്പുറം എവിടെയോ സ്ഥിതി ചെയ്യുന്ന ഭയഗംഭീരനായ ഒരാൾ, അങ്ങനെയാണോ? അല്ലെങ്കിൽപ്പിന്നെ വികാരങ്ങൾ ഒന്നും ഇല്ലാത്ത വെറും ഒരു ശക്തി, അങ്ങനെയാണോ? ശരിക്കും യഹോവ എങ്ങനെയുള്ള വ്യക്തിയാണ്? ദൈവത്തിന്റെ വചനമായ ബൈബിളിൽ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മാത്രമല്ല, ദൈവത്തിനു മനുഷ്യരുടെ കാര്യത്തിൽ താത്പര്യമുണ്ടെന്നും ബൈബിൾ പറയുന്നു.
1. നമുക്ക് ദൈവത്തെ കാണാൻ കഴിയാത്തത് എന്തുകൊണ്ട്?
“ദൈവം ഒരു ആത്മവ്യക്തിയാണ്.” (യോഹന്നാൻ 4:24) അതായത്, യഹോവയ്ക്കു നമ്മുടേതുപോലുള്ള ശരീരമല്ല ഉള്ളത്. സ്വർഗം നമുക്കു കാണാൻ കഴിയില്ല, ആത്മശരീരമുള്ള ദൈവത്തെയും നമുക്കു കാണാൻ കഴിയില്ല.
2. യഹോവയുടെ ചില ഗുണങ്ങൾ എന്തൊക്കെയാണ്?
നമുക്കു കാണാൻ കഴിയില്ലെങ്കിലും യഹോവ ഒരു യഥാർഥ വ്യക്തിയാണ്. യഹോവയുടെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ നമ്മൾ ആ ദൈവത്തെ കൂടുതൽ സ്നേഹിക്കും. ബൈബിൾ പറയുന്നു: “യഹോവ നീതിയെ സ്നേഹിക്കുന്നു; ദൈവം തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല.” (സങ്കീർത്തനം 37:28) കൂടാതെ, യഹോവ “വാത്സല്യവും കരുണയും നിറഞ്ഞ” ദൈവമാണ്. പ്രത്യേകിച്ച്, കഷ്ടപ്പാട് അനുഭവിക്കുന്നവരോട്. (യാക്കോബ് 5:11) “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) നമ്മുടെ പ്രവൃത്തികൾ യഹോവയെ ദുഃഖിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? ഒരാൾ തെറ്റു ചെയ്യാൻ തീരുമാനിക്കുമ്പോൾ അതു യഹോവയെ വിഷമിപ്പിക്കുന്നു. (സങ്കീർത്തനം 78:40, 41) എന്നാൽ, ഒരാൾ ശരിയായ കാര്യം ചെയ്യുമ്പോൾ അതു യഹോവയെ സന്തോഷിപ്പിക്കുന്നു.—സുഭാഷിതങ്ങൾ 27:11 വായിക്കുക.
3. യഹോവയ്ക്കു നമ്മളോടു സ്നേഹമുണ്ടെന്ന് എങ്ങനെ അറിയാം?
യഹോവയുടെ എടുത്തുപറയേണ്ട ഒരു ഗുണമാണ് സ്നേഹം. “ദൈവം സ്നേഹമാണ്” എന്നു പോലും ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8) ബൈബിളിലൂടെ മാത്രമല്ല സൃഷ്ടികളിലൂടെയും യഹോവ ആ സ്നേഹം കാണിച്ചുതരുന്നുണ്ട്. (പ്രവൃത്തികൾ 14:17 വായിക്കുക.) നമ്മളെ സൃഷ്ടിച്ച വിധംതന്നെ ഒന്നു നോക്കുക. നമുക്കു പലപല നിറങ്ങൾ കാണാം, മനോഹരമായ സംഗീതം കേൾക്കാം, രുചികരമായ ഭക്ഷണം ആസ്വദിക്കാം . . . ഇതിനൊക്കെയുള്ള കഴിവ് യഹോവ നമുക്ക് തന്നിട്ടുണ്ട്. കാരണം നമ്മൾ സന്തോഷത്തോടെ ജീവിക്കാൻ യഹോവ ആഗ്രഹിക്കുന്നു.
ആഴത്തിൽ പഠിക്കാൻ
യഹോവ അത്ഭുതകരമായ കാര്യങ്ങൾ എങ്ങനെയാണ് സൃഷ്ടിച്ചത്? യഹോവയുടെ മനോഹരമായ ഗുണങ്ങൾ ഏതൊക്കെയാണ്? യഹോവ തന്റെ ഗുണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണ്? നമുക്കു നോക്കാം.
4. പരിശുദ്ധാത്മാവ്—ദൈവത്തിന്റെ ശക്തി
പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ലെന്നും കാര്യങ്ങൾ ചെയ്യുന്നതിനു ദൈവം ഉപയോഗിക്കുന്ന ശക്തിയാണെന്നും ബൈബിളിൽനിന്ന് മനസ്സിലാക്കാം. നമ്മൾ കൈ ഉപയോഗിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്നതുപോലെ യഹോവ പരിശുദ്ധാത്മാവ് ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ലൂക്കോസ് 11:13; പ്രവൃത്തികൾ 2:17 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമ്മൾ ചോദിച്ചാൽ ദൈവം പരിശുദ്ധാത്മാവ് നമ്മുടെ മേൽ “പകരും” എന്നു ബൈബിൾ പറയുന്നു. അങ്ങനെയാണെങ്കിൽ പരിശുദ്ധാത്മാവ് ഒരു വ്യക്തിയായിരിക്കുമോ അതോ ദൈവത്തിന്റെ ശക്തിയായിരിക്കുമോ? നിങ്ങൾക്ക് എന്തു തോന്നുന്നു?
അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ യഹോവ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്നു. സങ്കീർത്തനം 33:6; 2 പത്രോസ് 1:20, 21 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവ പരിശുദ്ധാത്മാവ് ഉപയോഗിച്ച് ചെയ്ത ചില കാര്യങ്ങൾ നിങ്ങൾക്കു പറയാമോ?
5. യഹോവയുടെ മനോഹരമായ ഗുണങ്ങൾ
ദൈവത്തെ വിശ്വസ്തമായി ആരാധിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു മോശ. കൂടുതൽ മെച്ചമായി ദൈവത്തെ അറിയാൻ അദ്ദേഹം ആഗ്രഹിച്ചു. മോശ ദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചു: ‘അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ. എങ്കിൽ എനിക്ക് അങ്ങയെ അറിയാൻ പറ്റുമല്ലോ.’ (പുറപ്പാട് 33:13) മറുപടിയായി തന്റെ ചില ഗുണങ്ങളെക്കുറിച്ച് യഹോവ മോശയോടു പറഞ്ഞു. പുറപ്പാട് 34:4-6 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഹോവ തന്റെ ഏതൊക്കെ ഗുണങ്ങളെക്കുറിച്ചാണു മോശയോടു സംസാരിച്ചത്?
യഹോവയുടെ ഏതു ഗുണങ്ങളാണു നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്?
6. യഹോവ നമുക്കുവേണ്ടി കരുതുന്നു
ദൈവജനമായിരുന്ന ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്നു. അവർ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ യഹോവയ്ക്ക് എന്താണു തോന്നിയത്? ഓഡിയോ കേൾക്കുക. അതിന്റെ കൂടെ നിങ്ങളുടെ ബൈബിളിൽനിന്ന് പുറപ്പാട് 3:1-10 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
മനുഷ്യർ കഷ്ടപ്പെടുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്താണു തോന്നുന്നത്?—പുറപ്പാട് 3:7, 8 വാക്യങ്ങൾ കാണുക.
യഹോവയ്ക്കു നമ്മളെ സഹായിക്കാനുള്ള ആഗ്രഹമുണ്ടെന്നും അതിനുള്ള കഴിവുണ്ടെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? കാരണം വിശദീകരിക്കുക.
7. സൃഷ്ടികളിൽനിന്ന് യഹോവയുടെ ഗുണങ്ങൾ പഠിക്കാം
സൃഷ്ടികളെ അടുത്ത് നിരീക്ഷിക്കുന്നത് യഹോവയുടെ ഗുണങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. വീഡിയോ കാണുക. അതിനു ശേഷം റോമർ 1:20 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
സൃഷ്ടികളിൽനിന്ന് യഹോവയുടെ ഏതൊക്കെ ഗുണങ്ങളാണു നിങ്ങൾക്കു മനസ്സിലായത്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ദൈവം ഒരു വ്യക്തിയല്ല, ഒരു ശക്തിയാണ്. ദൈവം എല്ലായിടത്തും ഉണ്ട്.”
ഇതു ശരിയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?
അങ്ങനെ പറയാൻ എന്താണു കാരണം?
ചുരുക്കത്തിൽ
യഹോവ ഒരു ആത്മവ്യക്തിയാണ്. അതുകൊണ്ട് മനുഷ്യർക്കു ദൈവത്തെ കാണാൻ കഴിയില്ല. യഹോവയ്ക്ക് അനേകം ഗുണങ്ങളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണു സ്നേഹം.
ഓർക്കുന്നുണ്ടോ?
നമുക്ക് യഹോവയെ കാണാൻ കഴിയാത്തത് എന്തുകൊണ്ട്?
പരിശുദ്ധാത്മാവ് എന്താണ്?
യഹോവയുടെ ചില ഗുണങ്ങൾ ഏതൊക്കെയാണ്?
കൂടുതൽ മനസ്സിലാക്കാൻ
യഹോവയെപ്പറ്റി കൂടുതൽ അറിയാൻ യഹോവയുടെ പ്രധാനപ്പെട്ട നാലു ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കുക.
“ദൈവം എങ്ങനെയുള്ളവനാണ്?” (വീക്ഷാഗോപുരം 2019 നമ്പർ 1)
യഹോവ സർവവ്യാപിയാണോ? തെളിവുകൾ നോക്കുക.
“തൂണിലും തുരുമ്പിലും ദൈവമുണ്ടോ?” (വെബ്സൈറ്റിലെ ലേഖനം)
പരിശുദ്ധാത്മാവിനെ ദൈവത്തിന്റെ കൈകൾ എന്നു പറയുന്നത് എന്തുകൊണ്ട്?
ദൈവം തന്നെ സ്നേഹിക്കുന്നുണ്ടെന്ന കാര്യം വിശ്വസിക്കാൻ അന്ധനായ ഒരു വ്യക്തിക്കു ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ ആ ചിന്തയെ മാറ്റിയത് എന്താണ്?
“മറ്റുള്ളവരെ സഹായിക്കാനാകുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു” (വീക്ഷാഗോപുരം 2016 നമ്പർ 1)