ദൈവം നമ്മെ കയ്യൊഴിഞ്ഞോ?
പോർച്ചുഗലിലെ ലിസ്ബൺ നഗരത്തെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് 1755 നവംബർ 1-ന് രാവിലെ ഒരു ഭൂകമ്പമുണ്ടായി; അതേത്തുടർന്ന് സുനാമിയും വൻതീപിടിത്തവും. ആ ദുരന്തം നഗരത്തിന്റെ സിംഹഭാഗത്തെയും തകർത്തുതരിപ്പണമാക്കി. ആയിരങ്ങളാണ് അന്നു കൊല്ലപ്പെട്ടത്.
2010-ൽ ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തിനുശേഷം കാനഡയിലെ നാഷണൽ പോസ്റ്റ് ദിനപത്രത്തിന്റെ മുഖപ്രസംഗത്തിൽ ഇങ്ങനെ പറയുകയുണ്ടായി: “മഹാദുരന്തങ്ങളെല്ലാംതന്നെ ഒരു അത്യുന്നത ശക്തിയിലുള്ള മനുഷ്യരാശിയുടെ വിശ്വാസത്തെ പരിശോധിക്കുന്നവയാണ്. എന്നാൽ ലിസ്ബൺ ദുരന്തത്തിന്റെ പുനരാവർത്തനമായ ഹെയ്റ്റി ദുരന്തംപോലുള്ള ചില ആധുനികകാല ദുരന്തങ്ങൾ മനുഷ്യരുടെ വിശ്വാസത്തെ അങ്ങേയറ്റം പരിശോധിച്ചിരിക്കുന്നു.” ആ ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു: “ദൈവം ഹെയ്റ്റിയെ കയ്യൊഴിഞ്ഞിരിക്കണം.”
എന്നാൽ, യഹോവയാംദൈവം ‘സർവ്വശക്തനായതിനാൽ’ കഷ്ടപ്പാടിന് അറുതിവരുത്താൻ അവൻ പ്രാപ്തനാണ്. (സങ്കീർത്തനം 91:1) എന്നുമാത്രമല്ല മനുഷ്യരുടെ കാര്യത്തിൽ അവന് അതീവ താത്പര്യവുമുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
ദൈവത്തെക്കുറിച്ച് നാം അറിയേണ്ടത്
ദുരിതം അനുഭവിക്കുന്നവരോട് ദൈവത്തിന് അനുകമ്പ തോന്നുന്നു. ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായി ദുരിതം അനുഭവിച്ചപ്പോൾ ദൈവം മോശയോട് പറഞ്ഞു: “മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.” (പുറപ്പാടു 3:7) മനുഷ്യരുടെ കാര്യത്തിൽ ദൈവം ചിന്തയുള്ളവനാണ് എന്നല്ലേ ഈ വിവരണം സൂചിപ്പിക്കുന്നത്? ഇസ്രായേല്യരുടെ “കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു” എന്ന് നൂറ്റാണ്ടുകൾക്കുശേഷം പ്രവാചകനായ യെശയ്യാവും എഴുതുകയുണ്ടായി.—യെശയ്യാവു 63:9.
“അവന്റെ വഴികൾ ഒക്കെയും ന്യായം.” (ആവർത്തനപുസ്തകം 32:4) ദൈവം തന്റെ സകല പ്രവൃത്തികളിലും നീതിമാനും നിഷ്പക്ഷനുമാണ്. അവൻ ‘തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുകയും’ നീതിമാന്മാരെ ‘പീഡിപ്പിക്കുന്നവർക്കു പീഡ പകരം നൽകുകയും’ ചെയ്യും. (സദൃശവാക്യങ്ങൾ 2:8; 2 തെസ്സലോനിക്യർ 1:6, 7) ദൈവം നിഷ്പക്ഷനായതുകൊണ്ട് “രാജാക്കൻമാരോടു പക്ഷപാതം കാണിക്കുന്നില്ല; ധനവാൻമാരെ ദരിദ്രൻമാരെക്കാൾ പരിഗണിക്കുന്നുമില്ല.” കാരണം ‘അവരെല്ലാവരും അവിടുത്തെ സൃഷ്ടികളാണ്.’ (ഇയ്യോബ് 34:19, പി.ഒ.സി. ബൈബിൾ) എന്നുതന്നെയല്ല, മനുഷ്യവർഗത്തിന്റെ ദുരിതങ്ങൾ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗവും ദൈവത്തിന് അറിയാം. പക്ഷേ, ദുരിതങ്ങൾ ഇല്ലാതാക്കാനുള്ള മനുഷ്യശ്രമങ്ങൾ വെടിയേറ്റ മുറിവിൽ ബാൻഡേജ് ഒട്ടിക്കുന്നതുപോലെയാണ്. മുറിവ് മറയ്ക്കാൻ ബാൻഡേജ് സഹായിച്ചേക്കും. എന്നാൽ, മറഞ്ഞിരിക്കുന്ന പ്രശ്നം നീക്കംചെയ്യാനോ വ്യക്തി അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാനോ അതിനാകില്ല.
ദൈവം ‘കരുണയും കൃപയും മഹാദയയും’ ഉള്ളവനാണ്. (പുറപ്പാടു 34:6) മറ്റൊരാളെ സഹായിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന സഹതാപത്തെയും മനസ്സലിവിനെയും കുറിക്കാനാണ് ബൈബിളിൽ “കരുണ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. “കൃപ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ മൂലപദത്തിന് “സഹായം ആവശ്യമുള്ള ഒരാളെ മനസ്സറിഞ്ഞു സഹായിക്കുക” എന്ന അർഥമാണുള്ളത്. “ദൗർഭാഗ്യമോ ദുരിതമോ അനുഭവിക്കുന്ന ഒരാളുടെ കാര്യത്തിൽ ഇടപെടുക” എന്ന അർഥമാണ് “മഹാദയ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന് ഉള്ളതെന്ന് പഴയനിയമ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നു. അതായത്, മനുഷ്യൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ ദൈവത്തിന് ദുഃഖം തോന്നുന്നു എന്നു മാത്രമല്ല അവന്റെ കരുണയും കൃപയും മഹാദയയും അവരെ സഹായിക്കാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ദൈവം കഷ്ടപ്പാടുകൾ നീക്കംചെയ്യും എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം.
കഷ്ടപ്പാടിന് കാരണമായ മൂന്ന് അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ നാം ചർച്ചചെയ്തു. അവയ്ക്കൊന്നും ഉത്തരവാദി ദൈവമല്ലെന്നും നാം മനസ്സിലാക്കി. എന്നാൽ ഈ ഘടകങ്ങളുടെയെല്ലാം പിന്നിൽ എന്താണെന്ന് നമുക്കു നോക്കാം. (g11-E 07)
തെറ്റായ തീരുമാനങ്ങൾ
ദൈവിക ഭരണത്തിൽനിന്ന് ആദാം പ്രയോജനം അനുഭവിച്ചിരുന്നു. പക്ഷേ, ഒരു തീരുമാനം എടുക്കാനുള്ള അവസരം ലഭിച്ചപ്പോൾ ദിവ്യഭരണത്തെ തള്ളിക്കളഞ്ഞുകൊണ്ട് അതിന്റെ പരിണതഫലങ്ങൾ പരീക്ഷിച്ചറിയാൻ അവൻ മുതിർന്നു. അനുസരണക്കേടു കാണിച്ചാൽ “നീ മരിക്കും” എന്ന ഉല്പത്തി 2:17-ലെ മുന്നറിയിപ്പ് അവൻ അവഗണിച്ചു. അങ്ങനെ ദൈവത്തിന്റെ തികവുറ്റ ഭരണത്തിന് കീഴ്പെടാൻ ആദാം വിസമ്മതിച്ചത് പാപത്തിനും അപൂർണതയ്ക്കും കാരണമായി. “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു” എന്ന് ബൈബിൾ പറയുന്നു. (റോമർ 5:12) എന്നാൽ പാപത്തിന്റെ ഫലങ്ങൾ ദൈവം ഇല്ലായ്മചെയ്യും.
ആകസ്മിക സംഭവങ്ങൾ
നാം മനസ്സിലാക്കിയതുപോലെ ആദ്യമനുഷ്യനായ ആദാം ദൈവിക നിർദേശങ്ങൾ കാറ്റിൽപ്പറത്തി. മനുഷ്യന്റെ സുരക്ഷയെ കരുതിയുള്ള, എന്തിന്, പ്രകൃതിദുരന്തങ്ങളിൽനിന്നുപോലും സംരക്ഷണം നൽകുമായിരുന്ന നിർദേശങ്ങളാണ് അവൻ തള്ളിക്കളഞ്ഞത്. അനുഭവപരിചയമുള്ള വിദഗ്ധനായ ഒരു ഡോക്ടറുടെ ചികിത്സ ഒരു രോഗി നിഷേധിക്കുന്നതുപോലെയായിരുന്നു ആദാം എടുത്ത തീരുമാനം. രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും അതുമൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അറിയാവുന്ന ഡോക്ടറുടെ ചികിത്സ മനഃപൂർവം നിഷേധിക്കുന്നതിന്റെ ഭവിഷ്യത്തുകൾ ആ രോഗി അനുഭവിക്കേണ്ടിവന്നേക്കാം. സമാനമായി, മനുഷ്യൻ ഭൂമിയെ ദുരുപയോഗം ചെയ്യുന്നതാണ് മിക്കപ്പോഴും പ്രകൃതിദുരന്തങ്ങൾക്ക് കാരണമായിത്തീരുന്നത്. സുരക്ഷിതമല്ലാത്ത കെട്ടിടനിർമാണരീതികളും പ്രകൃതിശക്തികളെക്കുറിച്ച് വേണ്ടത്ര അറിവില്ലാതെ പ്രവർത്തിക്കുന്നതും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഈ അവസ്ഥ എക്കാലവും തുടരാൻ ദൈവം അനുവദിക്കില്ല.
“ഈ ലോകത്തിന്റെ അധിപതി”
ദൈവത്തോട് മത്സരിച്ച സാത്താനെ ഇത്രയധികം കാലം ഈ ലോകത്തെ ഭരിക്കാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ടാണ്? “പുതുതായി ഭരണത്തിലേറുന്ന ഏതു ഗവണ്മെന്റും പല പ്രശ്നങ്ങൾക്കും ആദ്യത്തെ കുറച്ചുകാലം തൊട്ടുമുമ്പത്തെ ഗവണ്മെന്റിനെ പഴിചാരാറുണ്ട്” എന്ന് ഒരു പ്രസിദ്ധീകരണം പറയുന്നു. “ഈ ലോകത്തിന്റെ അധിപതി”യായ സാത്താനെ യഹോവ സമയത്തിനുമുമ്പ് സ്ഥാനഭ്രഷ്ടനാക്കിയിരുന്നെങ്കിൽ തന്റെ കഴിവുകേടുകൾക്ക് മുമ്പത്തെ ഭരണാധികാരിയായ ദൈവത്തെ അവന് പഴിചാരാമായിരുന്നു. (യോഹന്നാൻ 12:31) എന്നാൽ ലോകത്തിന്മേൽ പൂർണമായ അളവിൽ അധികാരം പ്രയോഗിക്കാൻ ദൈവം പിശാചിന് സമയം നൽകിയതിനാൽ ഒരു ഭരണാധികാരിയെന്ന നിലയിൽ അവൻ തികച്ചും പരാജയപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായി. പക്ഷേ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു: ദുരിതങ്ങൾ അവസാനിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
[6-ാം പേജിലെ ചിത്രം]
ഒരു ഡോക്ടർ വെറുമൊരു ബാൻഡേജ് ഉപയോഗിച്ച് വെടിയേറ്റ മുറിവ് ചികിത്സിക്കുമോ?