പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തുതന്നെ വെക്കുക!
ഇന്നു വൈകുന്നേരം യോഗമുണ്ട്, നിങ്ങൾക്കു ജോലിയുമുണ്ട്. നിങ്ങൾ എന്തിന് പ്രഥമ സ്ഥാനം നൽകും?
നിങ്ങൾ ഒരു ഭർത്താവും പിതാവും ആണ്. ദിവസത്തെ നീണ്ടതും കഠിനവുമായ ജോലി തീരാറായി. നിങ്ങളിപ്പോൾ സായാഹ്നത്തിലെ സഭായോഗത്തെപ്പറ്റി ചിന്തിക്കുകയാണ്. ഉടനെ ജോലിസ്ഥലം വിടണം. കുളിച്ച് വസ്ത്രം മാറി എന്തെങ്കിലുമൊന്നു കഴിച്ച് യോഗത്തിനെത്താനുള്ള സമയമേയുള്ളൂ. പെട്ടെന്ന്, നിങ്ങളുടെ തൊഴിലുടമ നിങ്ങളെ സമീപിച്ച് ഓവർടൈം ചെയ്യാൻ ആവശ്യപ്പെടുന്നു. അയാൾ നല്ല പ്രതിഫലവും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്കാണെങ്കിലോ പണം ആവശ്യമാണുതാനും.
അല്ലെങ്കിൽ നിങ്ങൾ ഒരു ഭാര്യയും മാതാവും ആണ്. വൈകുന്നേരത്തെ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ നിങ്ങൾ ഇസ്തിരിയിടാനുള്ള ഒരു കൂട്ടം വസ്ത്രങ്ങൾ കാണുന്നു. അവയിൽ ചിലതാകട്ടെ നിങ്ങൾക്ക് നാളെ ആവശ്യമുള്ളതും. ‘ഞാനിന്ന് യോഗത്തിനു പോയാൽ, ഇസ്തിരിയിടാൻ സമയമെവിടെ?’ എന്നു നിങ്ങൾ സ്വയം ചോദിക്കുന്നു. ഈയിടെയാണ് ഒരു മുഴുസമയ ജോലി ലഭിച്ചത്. അഹോവൃത്തിക്കു വകതേടലും വീട്ടുജോലിയും, രണ്ടുംകൂടിയാകുമ്പോൾ എത്ര ബുദ്ധിമുട്ടാണെന്നു നിങ്ങൾക്കിപ്പോൾ ശരിക്കും അറിയാം.
അല്ലെങ്കിൽ നിങ്ങൾ ഒരു വിദ്യാർഥി ആണ്. മുറിയിൽ മേശപ്പുറത്ത് ചെയ്തുതീർക്കാനുള്ള ഗൃഹപാഠങ്ങൾ ഏറെ. അതിൽ പലതും നേരത്തെ ചെയ്തുതീർക്കേണ്ടതായിരുന്നു, പക്ഷേ നീട്ടിവെച്ചതുകൊണ്ടാണ് ഇങ്ങനെ കുന്നുകൂടിയത്. ഇപ്പോൾ എല്ലാം ഒറ്റയടിക്കു തീർക്കണം. മാതാപിതാക്കളോട് അനുവാദം വാങ്ങി യോഗം മുടക്കി വീട്ടിലിരുന്നുകൊണ്ട് ഗൃഹപാഠം തീർത്താലോ എന്നു നിങ്ങൾ വിചാരിക്കുകയാണ്.
നിങ്ങൾ എന്തിനു പ്രഥമ സ്ഥാനം നൽകും: ഓവർടൈം ജോലിക്കോ വസ്ത്രം ഇസ്തിരിയിടുന്നതിനോ ഗൃഹപാഠത്തിനോ, അതോ സഭായോഗത്തിനോ? ആത്മീയമായി പറയുകയാണെങ്കിൽ, പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തു വെക്കുക എന്നതിന്റെ അർഥമെന്ത്? യഹോവയുടെ വീക്ഷണം എന്ത്?
ഒന്നാമത് വെക്കേണ്ടത് എന്ത്?
ഇസ്രായേല്യർക്ക് പത്തു കൽപ്പനകൾ ലഭിച്ചിട്ട് അധികം താമസിയാതെ ഒരു മനുഷ്യൻ ശബത്തു നാളിൽ വിറകു പെറുക്കുന്നതായി കണ്ടുപിടിക്കപ്പെട്ടു. ഇത് ന്യായപ്രമാണത്തിൽ കർശനമായി വിലക്കിയിരുന്നതാണ്. (സംഖ്യാപുസ്തകം 15:32-34; ആവർത്തനപുസ്തകം 5:12-15) ആ കേസ് നിങ്ങൾ എങ്ങനെ വിധിക്കുമായിരുന്നു? എന്തൊക്കെയായാലും, ഒരു ആർഭാട ജീവിതം നയിക്കാനല്ലല്ലോ, കുടുംബം പോറ്റാനല്ലേ അയാൾ പണിയെടുത്തത് എന്നു പറഞ്ഞ് അയാളെ വെറുതെ വിടുമായിരുന്നോ? ശബത്ത് ആചരിക്കാൻ വർഷത്തിൽ എത്രയെത്ര അവസരങ്ങളുണ്ട്, മുൻകൂട്ടി ആസൂത്രണം ചെയ്യാനായില്ല എന്നതിനാൽ ഒരെണ്ണം നഷ്ടമായത് ക്ഷമിക്കാവുന്നതേയുള്ളൂ എന്നു നിങ്ങൾ വാദിക്കുമായിരുന്നോ?
യഹോവ സംഗതിയെ കൂടുതൽ ഗൗരവമായി വീക്ഷിച്ചു. ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “പിന്നെ യഹോവ മോശെയോടു: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം.” (സംഖ്യാപുസ്തകം 15:35) ആ മനുഷ്യൻ ചെയ്തത് യഹോവ അത്ര ഗൗരവമായി എടുത്തത് എന്തുകൊണ്ടായിരുന്നു?
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്കുവേണ്ടി കരുതാനും വിറകു ശേഖരിക്കാനും ആളുകൾക്ക് ആറു ദിവസമുണ്ടായിരുന്നു. ഏഴാം ദിവസം ആത്മീയ കാര്യങ്ങൾക്കുള്ളതായിരുന്നു. വിറകു പെറുക്കുന്നത് തെറ്റ് അല്ലെങ്കിലും, യഹോവയുടെ ആരാധനയ്ക്കായി നീക്കിവെക്കേണ്ടിയിരുന്ന സമയം വിറകു പെറുക്കുന്നതിന് ഉപയോഗിക്കുന്നത് തെറ്റായിരുന്നു. ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും, ഇന്ന് ഉചിതമായി മുൻഗണനകൾ വെക്കുന്നതിൽ ഇതു നമ്മെ ഒരു പാഠം പഠിപ്പിക്കുന്നില്ലേ?—ഫിലിപ്പിയർ 1:10, NW.
മരുഭൂമിയിൽ 40 വർഷം ചെലവിട്ടശേഷം, ഇസ്രായേല്യർ വാഗ്ദത്ത ദേശത്തു പ്രവേശിക്കാറായ സമയം. മരുഭൂമിയിൽ ദൈവം പ്രദാനം ചെയ്തിരുന്ന മന്ന തിന്നു മടുപ്പു തോന്നിയിരുന്ന ചിലർ നിസ്സംശയമായും ഭക്ഷണത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടായിരുന്നു. “പാലും തേനും ഒഴുകുന്ന” ദേശത്തേക്കു പ്രവേശിക്കവേ അവർക്കു ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നതിനു വേണ്ടി യഹോവ അവരെ ഇങ്ങനെ അനുസ്മരിപ്പിച്ചു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.”—പുറപ്പാടു 3:8; ആവർത്തനപുസ്തകം 8:3.
“പാലും തേനും” ലഭിക്കുന്നതിനുവേണ്ടി ഇസ്രായേല്യർ കഠിന വേല ചെയ്യണമായിരുന്നു. അവർക്കു സൈന്യങ്ങളെ തോൽപ്പിക്കണമായിരുന്നു, വീടുകൾ നിർമിക്കണമായിരുന്നു, കൃഷി ചെയ്യണമായിരുന്നു. എന്നിട്ടും, ആത്മീയ കാര്യങ്ങളെ കുറിച്ചു ധ്യാനിക്കാൻ ഓരോ ദിവസവും സമയം മാറ്റിവെക്കണമെന്ന് യഹോവ ആ ജനത്തോടു കൽപ്പിച്ചു. തങ്ങളുടെ കുട്ടികളെ ദൈവമാർഗം പഠിപ്പിക്കുന്നതിനും അവർ സമയം കണ്ടെത്തേണ്ടിയിരുന്നു. യഹോവ പറഞ്ഞു: “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ [എന്റെ കൽപ്പനകളെ കുറിച്ച്] സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.”—ആവർത്തനപുസ്തകം 11:19.
ദേശത്തെ പുരുഷന്മാരായ എല്ലാ ഇസ്രായേല്യരും മതപരിവർത്തിതരും മൂന്നു പ്രാവശ്യം യഹോവയുടെ മുമ്പാകെ വരുന്നതിനു കൽപ്പിക്കപ്പെട്ടിരുന്നു. അത്തരം സന്ദർഭങ്ങളിൽനിന്ന് മുഴുകുടുംബവും ആത്മീയമായി പ്രയോജനം അനുഭവിക്കുമെന്നു തിരിച്ചറിഞ്ഞുകൊണ്ട്, അനേകം കുടുംബനാഥന്മാരും ഭാര്യമാരെയും കുട്ടികളെയും കൂടെ കൊണ്ടുപോയി. എന്നാൽ കുടുംബം അകലെ ആയിരിക്കുമ്പോൾ വീടും വയലുമെല്ലാം ശത്രുക്കളിൽനിന്ന് ആരു സംരക്ഷിക്കും? യഹോവ വാഗ്ദാനം ചെയ്തു: “നീ സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാൻ കയറിപ്പോയിരിക്കുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.” (പുറപ്പാടു 34:24) ആത്മീയ സംഗതികൾ ഒന്നാമതു വെച്ചാൽ തങ്ങൾക്കു ഭൗതിക നഷ്ടമൊന്നുമില്ലെന്ന് ചിന്തിക്കാൻ ഇസ്രായേല്യർക്ക് വിശ്വാസം ആവശ്യമായിരുന്നു. യഹോവ വാക്കു പാലിച്ചുവോ? തീർച്ചയായും!
ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടിരിപ്പിൻ
ആത്മീയ മൂല്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകാൻ യേശു അനുഗാമികളെ പഠിപ്പിച്ചു. ഗിരിപ്രഭാഷണത്തിൽ, അവൻ തന്റെ ശ്രോതാക്കളെ ഉപദേശിച്ചു: “നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. . . . മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും [അത്യാവശ്യ ഭൗതിക സംഗതികൾ] നിങ്ങൾക്കു കിട്ടും.” (മത്തായി 6:31, 33) യേശുവിന്റെ മരണത്തിനുശേഷം ഉടനെതന്നെ, പുതുതായി സ്നാപനമേറ്റ ക്രിസ്ത്യാനികൾ ആ ഉപദേശം പിൻപറ്റി. പൊ.യു. 33-ലെ പെന്തക്കോസ്ത് ഉത്സവ ആഘോഷത്തിനായി യെരൂശലേമിലേക്കു യാത്ര ചെയ്ത യഹൂദന്മാരോ യഹൂദ മതപരിവർത്തിതരോ ആയിരുന്ന അനേകർ അവിടെ ആയിരിക്കുമ്പോൾ, അപ്രതീക്ഷിതമായ ഒരു സംഗതി ഉണ്ടായി. അവർ യേശുക്രിസ്തുവിനെ കുറിച്ചുള്ള സുവാർത്ത കേട്ടു. അവർ അത് സ്വീകരിക്കുകയും ചെയ്തു. പുതുതായി കണ്ടെത്തിയ തങ്ങളുടെ വിശ്വാസത്തെ കുറിച്ചു കൂടുതൽ പഠിക്കാനുള്ള താത്പര്യത്തിൽ അവർ യെരൂശലേമിൽ തങ്ങി. അവരുടെ കൈയിലെ ഭക്ഷ്യശേഖരം തീരാറായിരുന്നു. എന്നാൽ അവർ ഭൗതിക സൗകര്യങ്ങൾക്ക് രണ്ടാം സ്ഥാനമേ നൽകിയിരുന്നുള്ളൂ. അവർ മിശിഹായെ കണ്ടെത്തിയിരുന്നു! തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭൗതിക വസ്തുക്കൾ ക്രിസ്തീയ സഹോദരങ്ങൾ അവരുമായി പങ്കുവെച്ചു, അങ്ങനെ അവർക്കെല്ലാവർക്കും ‘അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും പ്രാർത്ഥന കഴിച്ചും പോരുന്നതിനു’ സാധിച്ചു.—പ്രവൃത്തികൾ 2:42.
കാലക്രമേണ, ചില ക്രിസ്ത്യാനികൾ ക്രമമായി യോഗങ്ങൾക്കു പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം വിസ്മരിച്ചു. (എബ്രായർ 10:23-25) ഒരുപക്ഷേ തങ്ങൾക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ശ്രമത്തിൽ ആത്മീയ കാര്യങ്ങൾ അവഗണിച്ച് അവർ ഭൗതികത്വ ചിന്താഗതിക്കാർ ആയിത്തീർന്നതായിരിക്കാം. യോഗങ്ങൾ ഉപേക്ഷിക്കരുതെന്ന് തന്റെ സഹോദരങ്ങളെ ഉദ്ബോധിപ്പിച്ചശേഷം, പൗലൊസ് എഴുതി: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നേ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.’—എബ്രായർ 13:5.
പൗലൊസിന്റെ ഉപദേശം വളരെ സമയോചിതമായിരുന്നു. പൗലൊസ് എബ്രായർക്കുള്ള ലേഖനം എഴുതി ഏതാണ്ട് 5 വർഷം കഴിഞ്ഞപ്പോൾ, സെസ്റ്റ്യസ് ഗാലസിന്റെ കീഴിൽ റോമാ സൈന്യം യെരൂശലേമിനെ വളഞ്ഞു. വിശ്വസ്ത ക്രിസ്ത്യാനികൾ യേശുവിന്റെ മുന്നറിയിപ്പ് ഓർത്തു: “[ഇതു] നിങ്ങൾ കാണുമ്പോൾ . . . വീട്ടിൻമേൽ ഇരിക്കുന്നവൻ അകത്തേക്കു ഇറങ്ങിപ്പോകയോ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു. വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.” (മർക്കൊസ് 13:14-16) തങ്ങളുടെ അതിജീവനം ആശ്രയിച്ചിരുന്നത് തങ്ങളുടെ ജോലിയുടെ ഭദ്രതയിലോ ഭൗതിക സ്വത്തിന്റെ മൂല്യത്തിലോ അല്ല, മറിച്ച് യേശുവിന്റെ നിർദേശങ്ങൾ അനുസരിക്കുന്നതിലാണ് എന്ന് അവർക്ക് അറിയാമായിരുന്നു. പണസ്നേഹം വെടിയാഞ്ഞവരെക്കാൾ, പൗലൊസിന്റെ ബുദ്ധ്യുപദേശത്തോടു പ്രതികരിച്ച് ആത്മീയ താത്പര്യങ്ങൾ ഒന്നാം സ്ഥാനത്തു വെച്ചവർക്ക് വീടും ജോലിയും വസ്ത്രങ്ങളും അമൂല്യ വസ്തുവകകളും വിട്ട് മലയിലേക്ക് ഓടുന്നത് കൂടുതൽ എളുപ്പമായിരുന്നു.
ചിലർ ഇന്ന് പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തുതന്നെ വെക്കുന്ന വിധം
വിശ്വസ്ത ക്രിസ്ത്യാനികൾ ഇന്ന് തങ്ങളുടെ സഹോദരങ്ങളുമായി ക്രമമായി സഹവസിക്കുന്നത് അതിയായി വിലമതിക്കുന്നു. പലവിധ ത്യാഗങ്ങൾ സഹിച്ചിട്ടാണ് അനേകരും യോഗങ്ങളിൽ സംബന്ധിക്കുന്നത്. ചില പ്രദേശങ്ങളിൽ പല ഷിഷ്റ്റുകളായി ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. തന്റെ പ്രദേശത്തെ മിക്ക ആളുകളും ശനിയാഴ്ച രാത്രി വിനോദത്തിനായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ട്, ഒരു സഹോദരൻ ആ സമയത്ത് ഷിഫ്റ്റ് തരപ്പെടുത്തുന്നു. സഹോദരന്റെ യഥാർഥ ഷിഫ്റ്റ് സമയത്ത് അദ്ദേഹത്തിനു പകരം അതു മറ്റുള്ളവർ നിർവഹിക്കുന്നതിനാൽ അദ്ദേഹത്തിനു യോഗത്തിനു സംബന്ധിക്കാനാകുന്നു. സ്വന്തം സഭകളിലെ യോഗങ്ങളുടെ സമയത്തുതന്നെ ഷിഫ്റ്റ് ജോലിയുമുള്ള മറ്റു ചില സഹോദരന്മാർ അടുത്തുള്ള സഭകളിലെ യോഗങ്ങളിൽ സംബന്ധിക്കുന്നു. അങ്ങനെ അവർക്ക് ഒരു യോഗവും നഷ്ടപ്പെടുന്നില്ല. കാനഡയിലെ ഒരു പുതിയ പ്രസാധികയ്ക്ക് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെയും സേവനയോഗത്തിന്റെയും പ്രാധാന്യം പെട്ടെന്നുതന്നെ മനസ്സിലായി. എന്നാൽ യോഗങ്ങളുടെ സമയത്തെ ഷിഫ്റ്റ് ജോലി തടസ്സമായി. അതുകൊണ്ട് അവൾ മറ്റൊരു സഹപ്രവർത്തകയെ കൂലികൊടുത്ത് തന്റെ ഷിഫ്റ്റ് ജോലി ചെയ്യാൻ ഏർപ്പാടാക്കിയിട്ടാണ് ഈ പ്രധാനപ്പെട്ട യോഗങ്ങൾക്കു സംബന്ധിക്കുന്നത്.
സാധാരണമായി ഒരു യോഗവും മുടക്കാത്ത മാറാ രോഗികളും അനേകരുണ്ട്. രാജ്യഹാളിൽ സംബന്ധിക്കാൻ സാധിക്കാത്തപ്പോൾ അവർ വീട്ടിൽ ഇരുന്നുകൊണ്ട് ടെലഫോണിലൂടെയോ ടേപ്റെക്കോർഡറിലൂടെയോ പരിപാടി ശ്രദ്ധിക്കുന്നു. “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെയുള്ള യഹോവയുടെ ആത്മീയ കരുതലുകളോട് അവർ കാട്ടുന്ന വിലമതിപ്പ് പ്രശംസനീയംതന്നെ! (മത്തായി 24:45, NW) വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്ന ക്രിസ്ത്യാനി സഭായോഗങ്ങളിൽ സംബന്ധിക്കാൻ കഴിയേണ്ടതിന് ഒരു സഹോദരനോ സഹോദരിയോ പകരം നിൽക്കാമെന്ന് ഏൽക്കുന്നത് അവർ സത്യമായും വിലമതിക്കും.
മുന്നമേ ആസൂത്രണം ചെയ്യുക!
തങ്ങളുടെ ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ക്രിസ്തീയ യോഗങ്ങളെ വിലമതിക്കാൻ അവരെ സഹായിക്കുന്നു. പൊതുവേ, തങ്ങളുടെ കുട്ടികൾ ഗൃഹപാഠങ്ങൾ കൂട്ടിക്കൂട്ടി വെക്കുന്നതിനു പകരം ഓരോ ദിവസത്തേതും അന്നുതന്നെ ചെയ്തുതീർക്കാനാകും അവർ പ്രതീക്ഷിക്കുക. യോഗങ്ങളുള്ള രാത്രികളിൽ, കുട്ടികൾ സ്കൂളിൽനിന്നു മടങ്ങിയെത്തിയാലുടൻ ഗൃഹപാഠം ചെയ്യുന്നു. യോഗങ്ങൾ മുടക്കി ഹോബികളിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെടാൻ അവരെ അനുവദിക്കുന്നില്ല.
ഭർത്താവും പിതാവും എന്ന നിലയിൽ, നിങ്ങൾ യോഗങ്ങളിൽ സംബന്ധിക്കുന്നതിനു മുൻഗണന നൽകുന്നുണ്ടോ? ഭാര്യയും മാതാവും എന്ന നിലയിൽ, യോഗങ്ങൾക്കു സംബന്ധിക്കാൻ പാകത്തിൽ നിങ്ങൾ ഉത്തരവാദിത്വങ്ങൾ ആസൂത്രണം ചെയ്യാൻ ശ്രമിക്കുന്നുണ്ടോ? ഒരു കൗമാരപ്രായക്കാരൻ എന്ന നിലയിൽ, നിങ്ങൾ ഗൃഹപാഠത്തെക്കാൾ പ്രാധാന്യം കൊടുക്കുന്നത് യോഗങ്ങൾക്കാണോ അതോ മറിച്ചാണോ?
സഭായോഗം യഹോവയുടെ സ്നേഹപൂർവകമായ ഒരു കരുതലാണ്. ആ ക്രമീകരണത്തിൽ പങ്കുകൊള്ളുന്നതിന് സകല ശ്രമവും ചെയ്യണം. നിങ്ങൾ പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തു വെക്കുന്നെങ്കിൽ, യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും!