ദൈവനാമം അറിയുന്നതിൽ എന്ത് ഉൾപ്പെടുന്നു?
നിങ്ങളുടെ പേരിന് പ്രത്യേകിച്ച് എന്തെങ്കിലും അർഥമുണ്ടോ? കുഞ്ഞിന് പേരിടുമ്പോൾ അർഥമുള്ള ഒരു പേര് തിരഞ്ഞെടുക്കുന്ന പതിവ് പല സ്ഥലങ്ങളിലുമുണ്ട്. മാതാപിതാക്കളുടെ വിശ്വാസങ്ങളെയോ ആദർശങ്ങളെയോ കുട്ടിയെക്കുറിച്ചുള്ള സ്വപ്നങ്ങളെയോ ഒക്കെ അത് പ്രതിഫലിപ്പിച്ചേക്കാം.
കുട്ടികൾക്ക് അർഥമുള്ള പേരുകളിടുന്ന രീതി പണ്ടുമുതൽക്കേയുണ്ട്. ബൈബിൾക്കാലങ്ങളിൽ അങ്ങനെയൊരു രീതിയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഒരാളുടെ പേര് അയാൾ തന്റെ ജീവിതത്തിൽ വഹിക്കേണ്ടിയിരുന്ന ചില റോളുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ഉദാഹരണത്തിന്, ശലോമോൻ വഹിക്കേണ്ടിയിരുന്ന റോളിനെക്കുറിച്ച് അവന്റെ പിതാവായ ദാവീദിനോട് സംസാരിക്കവെ യഹോവ ഇങ്ങനെ പറഞ്ഞു: “അവന്റെ പേർ ശലോമോൻ (“സമാധാനം” എന്നർഥമുള്ള ഒരു എബ്രായപദത്തിൽനിന്നു വന്നത്) എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നൽകും.”—1 ദിനവൃത്താന്തം 22:9.
ഒരു പുതിയ നിയോഗം നൽകുന്നതിനു മുമ്പ് യഹോവ ചിലർക്ക് പുതിയ പേരു നൽകിയിട്ടുണ്ട്. അബ്രാഹാമിന്റെ വന്ധ്യയായ ഭാര്യക്ക് യഹോവ “രാജകുമാരി” എന്നർഥമുള്ള സാറാ എന്ന് പേരു നൽകി. എന്തുകൊണ്ട്? യഹോവ അതു വിശദീകരിക്കുന്നു: “ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും.” (ഉല്പത്തി 17:16) സാറായുടെ പേരിന്റെ അർഥം മനസ്സിലാകണമെങ്കിൽ അവളുടെ ഈ പുതിയ നിയോഗം എന്താണെന്ന് മനസ്സിലാക്കണമെന്നു വ്യക്തം.
എന്നാൽ ഏതു പേരിനെക്കാളും പ്രാധാന്യമുള്ള യഹോവ എന്ന പേരിനെക്കുറിച്ചോ? എന്താണ് ആ പേരിന്റെ അർഥം? മോശ യഹോവയോട് അവന്റെ പേരിനെക്കുറിച്ചു ചോദിച്ചപ്പോൾ യഹോവ ഇങ്ങനെ മറുപടി നൽകി: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” (പുറപ്പാടു 3:14) പല ഭാഷാന്തരങ്ങളും യഹോവയുടെ വാക്കുകൾ ഇങ്ങനെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റോഥർഹാമിന്റെ ഭാഷാന്തരം അത് ഇങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നു: “ഞാൻ എന്തായിത്തീരാൻ ഇച്ഛിക്കുന്നുവോ അതായിത്തീരും.” യഹോവ പല റോളുകൾ വഹിക്കുന്നതായി ആ പേര് സൂചിപ്പിക്കുന്നു. ഒരു ദൃഷ്ടാന്തത്തിലൂടെ അതു വ്യക്തമാക്കാം: ഒരമ്മയ്ക്ക് ദിവസത്തിൽ പല റോളുകൾ വഹിക്കേണ്ടിവരുന്നു—ഒരു നഴ്സിന്റെ, പാചകക്കാരിയുടെ, അധ്യാപികയുടെ എന്നിങ്ങനെ. യഹോവയുടെ കാര്യത്തിലും അതു സത്യമാണ്, കുറെക്കൂടെ ഉത്കൃഷ്ടമായ ഒരു വിധത്തിലാണെന്നുമാത്രം. മനുഷ്യവർഗത്തെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിവർത്തിക്കാനായി ഏതു റോളെടുക്കാനും യഹോവയ്ക്കു കഴിയും. അതുകൊണ്ട് യഹോവയുടെ പേര് അറിയുന്നതിൽ അവൻ വഹിക്കുന്ന റോളുകളെക്കുറിച്ച് അറിയുന്നതും അത് വിലമതിക്കുന്നതും ഉൾപ്പെടുന്നു.
ദൈവത്തിന്റെ പേര് അറിയാത്തവർ അവന്റെ വ്യക്തിത്വത്തിന്റെ മഹത്ത്വം അറിയാതെ പോകുന്നു എന്നതാണ് സങ്കടകരമായ വസ്തുത. എന്നാൽ ബൈബിൾ പഠിക്കുന്നെങ്കിൽ യഹോവ വഹിക്കുന്ന വിവിധ റോളുകൾ—ജ്ഞാനിയായ ഉപദേഷ്ടാവ്, കരുത്തനായ രക്ഷകൻ, ഉദാരമതിയായ ദാതാവ് എന്നിങ്ങനെ—മനസ്സിലാക്കാൻ നിങ്ങൾക്കാകും. യഹോവയുടെ പേരിന്റെ അർഥതലങ്ങൾ ആരിലും ഭയാദരവുണർത്തും.
ദൈവത്തിന്റെ പേര് മനസ്സിലാക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർത്തിരിക്കുന്ന ചില ഘടകങ്ങളുണ്ട്. അടുത്ത ലേഖനം അത് വിശകലനം ചെയ്യും.