പുരാതന ഈജിപ്ററ—വൻലോകശക്തികളിൽ ഒന്നാമത്തേത്
ഈജിപ്ററ—ഫറവോമാരുടെയും നൈലിന്റെയും പുരാതന ദേശം—ലോകത്തിലെ പ്രമുഖ സംസ്കാരങ്ങളിൽ ഒന്നായിരുന്നു. അതിന്റെ ശിൽപ്പങ്ങൾ വൻകാഴ്ചബംഗ്ലാവുകളെ അലങ്കരിക്കുന്നു. അതിന്റെ ചരിത്രം സ്കൂൾ പാഠപുസ്തകങ്ങളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ബൃഹത്തായ കീർത്തിസ്തംഭങ്ങൾ വിനോദ സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നു. അതിലുപരിയായി, അനേകം ബൈബിൾ സംഭവങ്ങൾ ഒന്നുകിൽ ഈ ദേശത്തു വെച്ച് സംഭവിക്കുകയൊ അല്ലെങ്കിൽ ഈ ദേശം ഉൾപ്പെടുകയൊ ചെയ്തിട്ടുണ്ട്. ഈജിപ്ററും അതിലെ ജനങ്ങളും 700-ൽ അധികം പ്രാവശ്യം ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
എന്നിരുന്നാലും, നിങ്ങൾക്ക് പുരാതന ഈജിപ്ററിനെ സംബന്ധിച്ച് എന്തറിയാം? അതിനെ സംബന്ധിച്ച് കൂടുതൽ പഠിക്കുന്നത് ബൈബിളിൽ പരാമർശിച്ചിരിക്കുന്ന അനേകം കാര്യങ്ങൾ ഗ്രഹിക്കുന്നതിന് നിങ്ങളെ സഹായിക്കും.
പുരാവസ്തുഗവേഷകർ ഈജിപ്ററിൽ, ബൈബിൾ രേഖയെ സ്ഥിരീകരിക്കുന്ന അനേകം സംഗതികൾ കണ്ടെത്തിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, യോസേഫിനെ സംബന്ധിച്ച വിവരണം പരിചിന്തിക്കുക. പേരുകൾ, സ്ഥാനപ്പേരുകൾ, ശീർഷകങ്ങൾ, ഒരു വീട്ടുകാര്യസ്ഥൻ എന്ന നിലയിലുള്ള യോസേഫിന്റെ സ്ഥാനം, ദേശത്തെ രണ്ടാംസ്ഥാനമുള്ള ഭരണാധിപനും ഭക്ഷ്യകാര്യ നിർവാഹകനും എന്ന നിലയിൽ അവനു കൊടുക്കപ്പെട്ട പദവി, ഈജിപ്ററിലെ ശവസംസ്കാര ആചാരങ്ങൾ, അപ്പക്കാർ തലയിൽ അപ്പക്കൊട്ടകൾ ചുമന്നുകൊണ്ടുപോകുന്ന രീതിപോലും—ഇവയെല്ലാം ആ കാലത്തെ ഈജിപ്ററുകാരുടെ ആചാരങ്ങളോടു പൊരുത്തപ്പെടുന്നുവെന്ന് കണ്ടെത്തപ്പെട്ടിരിക്കുന്നു.—ഉൽപ്പത്തി, അദ്ധ്യായങ്ങൾ 39-47; 50:1-3.
ദേശവും അതിലെ ജനതയും
ഈജിപ്ററ് നൈൽനദിയെ ആശ്രയിക്കുന്നു. അസ്വാൻ മുതൽ കൈറോ വരെ ശരാശരി ഏകദേശം 12 മൈൽ മാത്രം വീതിയുള്ള ആ നദിയുടെ സമ്പന്നമായ തീരം വരണ്ട ആഫ്രിക്കൻ മരുഭൂമിക്ക് കുറുകെ ഒരു വീതികുറഞ്ഞ പച്ചറിബൺ കണക്കെ വടക്കോട്ട് വ്യാപിച്ചുകിടക്കുന്നു. കഴിഞ്ഞകാലത്ത് അതിന്റെ വാർഷിക വെള്ളപ്പൊക്കങ്ങൾ മണ്ണിനെ സമൃദ്ധമാക്കുന്ന എക്കൽ കൊണ്ടുവന്നു, അത് ഈജിപ്ററിനെ ആഹാര സാധനങ്ങൾ കയററി അയക്കുന്ന ഒരു രാജ്യവും ക്ഷാമകാലത്തെ ഒരു അഭയസ്ഥാനവും ആക്കിത്തീർത്തു. (ഉൽപ്പത്തി 12:10) അതിന്റെ തീരത്ത് കാണപ്പെടുന്ന പപ്പൈറസ് തണ്ടുകൾകൊണ്ട് ഏററവും പുരാതനമായ കടലാസ് നിർമ്മിച്ചിരുന്നു.
നീല മെഡിറററേനിയനിൽ വീഴുന്നതിനു മുമ്പ് നൈൽനദിയിലെ വെള്ളം കൈവഴികളായി പിരിയുന്ന വിശാലമായ നദീമുഖം ലോവർ ഈജിപ്ററ് എന്ന് വിളിക്കപ്പെടുന്നു. പ്രത്യക്ഷത്തിൽ, യിസ്രായേല്യരുടെ ഈജിപ്ററിലെ നീണ്ട പ്രവാസകാലത്ത് അവർ വസിച്ചിരുന്ന “ഗോശേൻ ദേശം” ഇവിടെ സ്ഥിതിചെയ്തിരുന്നു.—ഉൽപ്പത്തി 47:27.
ഈജിപ്ററലെ മതം
പുരാതന ഈജിപ്ററുകാർ തങ്ങളുടെ ഫറവോൻ ഒരു ദൈവമായിരുന്നു എന്ന് വിശ്വസിച്ചിരുന്നു. ഈ വസ്തുത, “ഞാൻ യഹോവയുടെ ശബ്ദത്തെ അനുസരിക്കാൻ തക്കവണ്ണം അവൻ ആരാണ്?” എന്ന് മോശയോടുള്ള ഫറവോന്റെ അവജ്ഞയോടുകൂടിയ ചോദ്യത്തിന് കൂടിയ അർത്ഥം നൽകുന്നു. (പുറപ്പാട് 5:2) ഈജിപ്ററുകാർക്ക് മററു പല ദൈവങ്ങളും ഉണ്ടായിരുന്നു. തുട്ട്മോസ് lll-ാമന്റെ ശവകുടീരത്തിൽ കണ്ടുപിടിക്കപ്പെട്ട ഒരു ലിസ്ററിൽ ഇവരുടെ 740 പേരുകൾ കാണപ്പെട്ടു. ഈജിപ്ററുകാർ ദൈവ ത്രയങ്ങളെ അഥവാ ത്രിത്വങ്ങളെ ആരാധിച്ചിരുന്നു, ഇവരിൽ ഏററവും പ്രസിദ്ധിയുണ്ടായിരുന്നത് ഓസിറിസ്, ഐസിസ്, ഹോറസ് എന്നിവരുടെ ത്രിത്വമായിരുന്നു.
ഈജിപ്ററിന്റെ ഏററം പ്രമുഖരായ ദൈവങ്ങൾ മാനുഷ ശരീരങ്ങളും മൃഗങ്ങളുടെ തലകളും ഉള്ളവരായി ചിത്രീകരിക്കപ്പെട്ടിരുന്നു. ഈജിപ്ററുകാർ ഹോറസിനെ ഒരു പ്രാപ്പിടിയന്റെ തലകൊണ്ടും തോത്തിനെ ഒരു ഐബിസ്പക്ഷിയുടെയോ ആൾക്കുരങ്ങിന്റെയൊ തലകൊണ്ടും പ്രതിനിധീകരിച്ചിരുന്നു. പൂച്ചകളും കുറുക്കൻമാരും മുതലകളും വലിയ കുരങ്ങുകളും വിവിധയിനം പക്ഷികളും അവക്ക് ചില ദൈവങ്ങളോടുള്ള ചേർച്ച നിമിത്തം പവിത്രങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. ഓസിറിസ് ദേവന്റെ അവതാരമായി കണക്കാക്കിയിരുന്ന ഏപ്പിസ് കാളയെ മെംഫിസിലെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നു, പിന്നീട് അതിന് ഒരു വിപുലമായ ശവസംസ്കാരം കൊടുക്കുകയും മരണത്തിൽ മമ്മിയാക്കി സൂക്ഷിക്കുകയുംപോലും ചെയ്തു. ഈജിപ്ററിലെ വിഖ്യാതമായ വണ്ടുകൾ രക്ഷാകവചങ്ങളെ പോലെ ധരിച്ചിരുന്നു. അവ ചാണക വണ്ടുകളുടെ പ്രതീകങ്ങളായിരുന്നു—അത് സ്രഷ്ടാവായ ദൈവത്തിന്റെ ഒരു പ്രത്യക്ഷതയാണെന്ന് വിചാരിക്കപ്പെട്ടിരുന്നു.
യിസ്രായേല്യരുടെ ഈജിപ്ററിലെ ദീർഘമായ വാസവും ആ ദേശത്തെ ആളുകളുമായുള്ള അടുത്ത ബന്ധവും ഉണ്ടായിരുന്നിട്ടും അവർക്ക് യഹോവ എന്ന ഒരു ദൈവം മാത്രമെ ഉണ്ടായിരുന്നുള്ളു, അവനെ മാത്രമേ സേവിക്കുകയും ചെയ്യാമായിരുന്നുള്ളു. ദൈവത്തിന്റെ തന്നെയൊ അല്ലെങ്കിൽ ഒരു പക്ഷിയുടെയൊ മൃഗത്തിന്റെയൊ മത്സ്യത്തിന്റെയൊ മറെറന്തിന്റെയെങ്കിലുമൊ മതപരമായ ഒരു പ്രതിമ ഉണ്ടാക്കരുതെന്ന് അവർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഈജിപ്ററിൽ നിന്നുള്ള അവരുടെ വിടുതലിനു ശേഷം പെട്ടെന്നു തന്നെ അവർ ഒരു സ്വർണ്ണക്കാളക്കുട്ടിയെ ആരാധിച്ചത് ഈജിപ്ററിന്റെ സ്വാധീനത്തിന്റെ ഫലമായിരുന്നിരിക്കാം.—പുറപ്പാട് 32:1-28; ആവർത്തനം 4:15-20.
അമർത്യതയിലുള്ള വിശ്വാസം
ഈജിപ്ററുകാർ അമർത്യതയിൽ ഉറച്ചു വിശ്വസിച്ചിരുന്നവരായിരുന്നു. അതുകൊണ്ട് ഈജിപ്ററിലെ ഭരണാധികാരികൾ മരണാനന്തര ജീവിതത്തിൽ നിത്യമായ സന്തുഷ്ടി ഉറപ്പുവരുത്തുമെന്നുള്ള പ്രത്യാശയിൽ അവശ്യജീവിതവസ്തുക്കളും ആഡംബര വസ്തുക്കളും വെച്ചുകൊണ്ട് വിപുലമായ ശവകുടീരങ്ങൾ ഒരുക്കിയിരുന്നു. പിരമിഡുകൾ ഈ നടപടിയുടെ ഏററം മുന്തിയ ദൃഷ്ടാന്തമാണ്.
സ്വർണ്ണാഭരണങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വീഞ്ഞും ആഹാരസാധനങ്ങളും പാത്രങ്ങളും ദന്തപ്പെട്ടികളും കൺമഷി അരയ്ക്കുന്നതിനുള്ള ചെറിയ കൽപ്പലകകളുംപോലും ഈജിപ്ററിലെ ശവകുടീരങ്ങളിൽ ശ്രദ്ധാപൂർവം സ്ഥാപിച്ചിരുന്നു. ഈ വസ്തുക്കൾ ശവക്കുഴിക്ക് അപ്പുറമുള്ള ഒരു ജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. മുൻകാലങ്ങളിൽ, മരണാനന്തരം തങ്ങളുടെ യജമാനൻമാരെ സേവിക്കുന്നതിന് അടിമകളെ കൊല്ലുകയും അവരോടൊത്ത് അടക്കുകയും ചെയ്തിരുന്നു. “മരിച്ചവരുടെ പുസ്തകം” എന്നറിയപ്പെട്ടിരുന്ന മന്ത്രങ്ങളുടെ ഒരു ശേഖരം ആയിരക്കണക്കിന് ഈജിപ്ഷ്യൻ ശവപ്പെട്ടികളിൽ കാണപ്പെട്ടിട്ടുണ്ട്. ഈ മന്ത്രങ്ങൾ മരണാനന്തര ജീവിതത്തിലെ വിവിധ ആപത്തുകളെ തരണം ചെയ്യുന്നതിന് ഒരു മരിച്ച വ്യക്തിയെ സഹായിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
യിസ്രായേല്യരുടെ വീക്ഷണം എത്ര വ്യത്യസ്തമായിരുന്നു! പിന്നീട് ബൈബിൾ പറഞ്ഞതുപോലെ: “മരിച്ചവരെ സംബന്ധിച്ചോ, അവർക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ല,” എന്ന് അവർക്കറിയാമായിരുന്നു. കൂടാതെ, ഒരു മനുഷ്യൻ മരിക്കുമ്പോൾ, “ആ ദിവസം തന്നെ അവന്റെ ചിന്തകൾ നശിക്കുന്നു.”a അവരുടെ ഭാവിജീവിതപ്രതീക്ഷ പുനരുത്ഥാനത്തിലായിരുന്നു.—സഭാപ്രസംഗി 9:5, 10; സങ്കീർത്തനം 146:4; ഇയ്യോബ് 14:13-15.
ആര് എവിടെ ജീവിച്ചിരുന്നു?
ഈജിപ്ററിനെ സംബന്ധിച്ച വിദഗ്ദ്ധർ 31 ഈജിപ്ഷ്യൻ രാജാക്കൻമാരുടെ “വംശങ്ങളെ” തിരിച്ചറിയുകയും പുരാതന രാജവംശം (3-6 വരെയുള്ള വംശങ്ങൾ), മദ്ധ്യരാജവംശം (11, 12 വംശങ്ങൾ), നൂതന രാജവംശം (18-20 വരെ വംശങ്ങൾ) എന്നിവയെക്കുറിച്ച് പറയുകയും ചെയ്യുന്നു. എന്നാൽ ഈ വിധത്തിലുള്ള കണക്കാക്കൽ അശേഷം കൃത്യമല്ല. ഇതിൽ ചോദ്യം ചെയ്യപ്പെടാവുന്നതും അപൂർണ്ണവും ആയ എഴുത്തുകൾ ഉൾപ്പെട്ടിരുന്നു, കൂടാതെ അതിൽ ഒന്നിനു പുറകെ മറെറാന്ന് പിന്തുടർച്ചയായി ഭരിക്കുന്നതിനു പകരം വ്യത്യസ്ത പ്രദേശങ്ങളിൽ ഒരേ സമയത്ത് ഭരിക്കുന്ന പല രാജാക്കൻമാർ പോലും ഉൾപ്പെട്ടിരിക്കാം.b
മോശെ ബൈബിളിന്റെ ആദ്യത്തെ പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ പ്രത്യക്ഷത്തിൽ ഈജിപ്ററുകാർ തങ്ങളുടെ രാജാവിനെ ഒരു വ്യക്തിപരമായ പേര് ഉപയോഗിക്കാതെ “ഫറവോൻ” എന്നു വിളിച്ചിരുന്ന അവരുടെ സ്വന്തം രീതി അവനും പിൻതുടർന്നു. അതുകൊണ്ട് അബ്രാഹാമും യോസേഫും അറിഞ്ഞിരുന്ന ഫറവോമാരുടെ പേരും യിസ്രായേല്യർ ഈജിപ്ററിൽ നിന്ന് പുറപ്പെട്ടപ്പോൾ ആരായിരുന്നു ഭരിച്ചിരുന്നതെന്നും നമുക്ക് അറിഞ്ഞുകൂടാ. എന്നിരുന്നാലും, പിന്നീട് “ഫറവോൻ” എന്ന സ്ഥാനപ്പേര് രാജാവിന്റെ പേരിനോട് ചേർത്ത് ഉപയോഗിക്കാൻ തുടങ്ങി. അത് ഈജിപ്ഷ്യൻ രാജാക്കൻമാരുടെ പട്ടികയോട് ബൈബിൾ സംഭവങ്ങൾ ബന്ധിപ്പിക്കാൻ സാധ്യമായിത്തീർന്നു. ഒരു ബൈബിൾ വിദ്യാർത്ഥിക്ക് പ്രത്യേക താൽപ്പര്യമുള്ള ചില ഫറവോമാർ ഇവരാണ്:
അഖ്നാതെൻ (18-ാമതു രാജവംശം എന്നു വിളിക്കപ്പെട്ടതിലെ) ആതെൻ എന്ന സൂര്യബിംബത്തിന്റെ തീക്ഷ്ണതയുള്ള ആരാധകനായിരുന്നു. 1887-ൽ കൈറോയ്ക്ക് 320 കിലോമീററർ തെക്ക് ടെൽ എൽ-അമർനായിൽ 377-ഓളം കളിമൺ പലകകളുടെ ഒരു ശേഖരം കാണപ്പെട്ടു. ഈ രസകരമായ കളിമൺപലകകൾ അഖ്നാതെനും അദ്ദേഹത്തിന്റെ പിതാവായ അമെൻഹോട്ടെപ്പ് III-ാമനും ലഭിച്ച നയതന്ത്രപരമായ എഴുത്തുകുത്തുകളായിരുന്നു. അവയിൽ പാലസ്തീനിലെ നഗരസംസ്ഥാനങ്ങളായ ജറുസലേം, മെഗിദ്ദോ, ഹാസൊർ, ശേഖേം, ലാഖീശ്, ഹെബ്രോൻ, ഗസാ മുതലായവയിലെ ഭരണാധികാരികളിൽനിന്നുള്ള കത്തുകൾ ഉൾപ്പെട്ടിരുന്നു. ഒരുപക്ഷേ യിസ്രായേൽ കനാനിൽ പ്രവേശിച്ചതിനു തൊട്ടുമുമ്പ് എഴുതപ്പെട്ട ഈ കത്തുകൾ യുദ്ധപകകളെയും ഉപജാപങ്ങളെയും വെളിപ്പെടുത്തുന്നു. ബൈബിൾ പുസ്തകമായ യോശുവയിൽ സൂചിപ്പിക്കുന്നതുപോലെ ഓരോ പട്ടണത്തിനും അതാതിന്റെ സ്വന്തം രാജാക്കൻമാർ ഉണ്ടായിരുന്നു എന്ന് അവയും കാണിക്കുന്നു.
തൂത്തൻകാമെൻ, അഖ്നാതെന്റെ ഒരു മരുമകനാണ്, ഇദ്ദേഹമാണ് കീർത്തികേട്ട “തൂത്ത് രാജാവ്.” പുരാവസ്തുശാസ്ത്രജ്ഞൻമാർ അദ്ദേഹത്തിന്റെ പകിട്ടാർന്ന സുവർണ്ണ ശവകുടീര സാമഗ്രികൾ കണ്ടെടുക്കുകയും വിവിധ കാഴ്ചബംഗ്ലാവുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ സാധനസാമഗ്രികൾ ഫറവോമാരുടെ സമ്പത്തിന്റെ മുന്തിയ പ്രകടനമാണ്. മോശെ, നേരത്തെ “പാപത്തിന്റെ താൽക്കാലിക ആസ്വാദനത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തുകൊണ്ട് ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതിനെ നിരസിച്ച”പ്പോൾ അവൻ ഈ തരത്തിലുള്ള ധനത്തിനാണ് പുറന്തിരിഞ്ഞുകളഞ്ഞത്.—എബ്രായർ 11:24, 25.
മെർനെപ്താ “19-ാമത്തെ രാജവംശത്തിലു”ള്ളവനായിരുന്നു. തെബ്സിലുള്ള ഒരു ക്ഷേത്രത്തിൽ കണ്ടെത്തിയ വിജയസ്തംഭത്തിൽ ഈ ഫറവോൻ, “യിസ്രായേൽ ശൂന്യമായിക്കിടക്കുന്നു, അവന്റെ സന്തതി ഇല്ലാതായി,” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതുവരെ കാണപ്പെട്ട പുരാതന ഈജിപ്ററിന്റെ രേഖകളിൽ ഒരു രാഷ്ട്രമെന്ന നിലയിൽ യിസ്രായേലിനെ സംബന്ധിച്ച് നേരിട്ടുള്ള ഏക പരാമർശം ഇതു മാത്രമാണ്. തെളിവനുസരിച്ച് ഈ അവകാശവാദം ഒരു കഴമ്പില്ലാത്ത വീമ്പിളക്കൽ ആയിരിക്കെ, ഇത് യിസ്രായേല്യരുടെ കനാനിൻമേലുള്ള വിജയം നേരത്തെ സംഭവിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്നു. അപ്രകാരം ക്രി. മു. 1473-ലെ ആ വിജയം അഖ്നാതെന് ടെൽ എൽ-അമർനാ കത്തുകൾ ലഭിച്ച സമയത്തിനും മെർനെപ്തായുടെ നാളുകൾക്കും ഇടക്ക് സംഭവിച്ചിരിക്കും.
ശീശക്ക് (ഷെഷോങ്ക് I, “22-ാം രാജവംശം”) ആണ് ബൈബിളിൽ പേരിനാൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ ഫറവോൻ. ഒരു ശക്തമായ രഥസേനയോടും കുതിരപ്പടയോടും കൂടെ അദ്ദേഹം യഹൂദയെ ആക്രമിക്കുകയും യെരുശലേമിനെ ഭീഷണിപ്പെടുത്തുകയും “യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും എല്ലാ സമ്പത്തും എടുത്തുകൊണ്ടുപോകയും ചെയ്തു. സകലതും അവൻ എടുത്തു.” (2 ദിനവൃത്താന്തം 12:9) ഈ സംഭവം കർണാക്കിലെ (പുരാതന തെബ്സ്) ആമോന്റെ ക്ഷേത്രത്തിന്റെ തെക്കെ ഭിത്തിയിലെ ഒരു കൊത്തുപണിയാൽ ഉറപ്പാക്കപ്പെടുന്നു. അതിൽ വിലങ്ങുവെക്കപ്പെട്ട 156 തടവുകാരെ കാണിക്കുന്നു, ഓരോരുത്തരും മെഗിദ്ദോയും ശൂനേമും ഗിബയോനും ഉൾപ്പെടെ പിടിക്കപ്പെട്ട ഒരു നഗരത്തെയൊ ഗ്രാമത്തെയൊ പ്രതിനിധീകരിക്കുന്നു. പിടിക്കപ്പെട്ട സ്ഥലങ്ങളിൽ ശീശക്ക് “അബ്രാഹാമിന്റെ വയൽ” പോലും ഉൾപ്പെടുത്തിയിരിക്കുന്നു—ഈജിപ്ഷ്യൻ രേഖകളിൽ അബ്രാഹാമിനെക്കുറിച്ചുള്ള ഏററം പുരാതനമായ പരാമർശം.
മററ ലോക ശക്തികൾ എഴുന്നേൽക്കുന്നു
ക്രമേണ ഈജിപ്ററിന്റെ സ്ഥാനത്ത് മുന്തിയ ലോക ശക്തിയെന്ന നിലയിൽ അസ്സീറിയ വന്നു. എന്നാൽ അവൾ പ്രബലയായ ഒരു രാഷ്ട്രീയ ശക്തിയായി നിലനിന്നു. യിസ്രായേലിന്റെ വടക്കെ പത്തുഗോത്ര രാജ്യത്തിന്റെ അവസാനത്തെ രാജാവായിരുന്ന ഹോശേയ അസ്സീറിയായുടെ നുകത്തെ എറിഞ്ഞുകളയുന്നതിനുള്ള ഒരു പരാജയമടഞ്ഞ ശ്രമത്തിൽ ഈജിപ്ററിലെ സോ രാജാവുമായി ഗൂഢാലോചന നടത്തി. (2 രാജാക്കൻമാർ 17:3, 4) വർഷങ്ങൾക്കുശേഷം, യഹൂദാരാജാവായ ഹിസ്ക്കിയാവ് രാജാവിന്റെ ഭരണ കാലത്ത് എത്യോപ്യയിലെ തിർഹാക്ക രാജാവ് (സാദ്ധ്യതയനുസരിച്ച് ഈജിപ്ററിലെ എത്യോപ്യൻ ഭരണാധിപൻ, ഫറവോൻ തഹർക്ക) കനാനിലേക്ക് മാർച്ച് ചെയ്യുകയും അസ്സീറിയൻ രാജാവായ സൻഹേരീബിന്റെ ആക്രമണത്തെ താൽക്കാലികമായി തിരിച്ചുവിടുകയും ചെയ്തു. (2 രാജാക്കൻമാർ 19:8-10) അസ്സീറിയായിൽ കണ്ടെത്തിയ സൻഹേരീബിന്റെ തന്നെ ചരിത്രാഖ്യാനത്തിൽ, “ഞാൻ എത്യോപ്യൻ രാജാവിന്റെ തേരാളികളെ . . .വ്യക്തിപരമായി ജീവനോടെ പിടിച്ചു” എന്നു പറഞ്ഞപ്പോൾ പ്രത്യക്ഷത്തിൽ ഇതിനെയായിരിക്കും പരാമർശിച്ചത്—ഓറിയൻറൽ ഇൻസ്ററിററ്യൂട്ട് പ്രിസം ഓഫ് സൻഹേരീബ്, ചിക്കാഗോ യൂണിവേഴ്സിററി.
യഹോവയുടെ പ്രവാചകനായ യെശയ്യാവ്, ഈജിപ്ററിനെ “ഒരു ക്രൂരനായ യജമാനന്റെ കയ്യിൽ” ഏൽപ്പിക്കും എന്നും ഒരു “ശക്തനായ” രാജാവ് ഈജിപ്ററുകാരെ ഭരിക്കുമെന്നും മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യെശയ്യാവ് 19:4) ഈ പ്രവചനത്തിന്റെ സത്യത ഒരു അസ്സീറിയൻ രേഖയാൽ ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ സൻഹേരീബിന്റെ പുത്രനായ എസർ-ഹാദ്ദോൻ ഇപ്രകാരം പറഞ്ഞുകൊണ്ട് ഈജിപ്ററിൻമേലുള്ള അദ്ദേഹത്തിന്റെ വിജയത്തെ സംബന്ധിച്ച് വീമ്പിളക്കുന്നു: “അതിന്റെ രാജാവായ തിർഹാക്കയെ ഞാൻ അഞ്ചു പ്രാവശ്യം അമ്പുകളാൽ മുറിവേൽപ്പിക്കുകയും അയാളുടെ മുഴു രാജ്യവും പിടിച്ചടക്കുകയും ചെയ്തു.”
ഫറവോൻ നെഖോ ഉദ്ദേശം ക്രി. മു. 629-ൽ മൂന്നാം ലോക ശക്തിയായി ഉയർന്നുകൊണ്ടിരുന്ന ബാബിലോന്റെ സൈന്യത്തെ പ്രതിരോധിക്കുന്നതിന് വടക്കോട്ട് മാർച്ച് ചെയ്തു. യരുശലേമിലെ യോശീയാവ് ബുദ്ധിഹീനമായി മെഗിദ്ദോയിൽ വെച്ച് ഈജിപ്ഷ്യൻ സൈന്യത്തെ തടയുന്നതിന് ശ്രമിക്കുകയും തോൽപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.c (2 ദിനവൃത്താന്തം 35:20-24) ഏകദേശം നാലു വർഷത്തിനുശേഷം ക്രി. മു. 625-ൽ കാർക്കെമിശിൽ വെച്ച് ഫറവോൻ നെഖൊ തന്നെ ബാബിലോന്യരാൽ തോൽപ്പിക്കപ്പെട്ടു. ബാബിലോന്യർക്ക് പശ്ചിമ ഏഷ്യയിൽ പ്രാമുഖ്യത നേടിക്കൊടുത്ത ഈ സംഭവത്തെ ബൈബിളും ബാബിലോനിയൻ വൃത്താന്തവും പരാമർശിക്കുന്നു.
ഈജിപ്ററ് ക്രി. മു. 525-ൽ നാലാം ലോക ശക്തിയായ മേദോ−പേർഷ്യയുടെ കീഴിൽ വന്നു. മിക്കവാറും രണ്ടു ശതകത്തിനുശേഷം ക്രി. മു. 332-ൽ മഹാനായ അലക്സാണ്ടർ രംഗത്തു വരികയും ഈജിപ്ററിനെ അഞ്ചാം ലോക ശക്തിയായ ഗ്രീസിന്റെ കീഴിൽ വരുത്തുകയും ചെയ്തു. അലക്സാണ്ടർ ഈജിപ്ററിന്റെ നൈൽ നദീമുഖപ്രദേശത്ത് അലക്സാൻഡ്രിയ നഗരം സ്ഥാപിച്ചു. അവിടെ വെച്ച് ക്രി. മു. ഉദ്ദേശം 280-ൽ എബ്രായയിൽ നിന്ന് ഗ്രീക്കിലേക്കുള്ള ബൈബിളിന്റെ ആദ്യത്തെ ഭാഷാന്തരം ആരംഭിച്ചു. സെപ്ററവജിൻറ് എന്നറിയപ്പെട്ട ഈ ഭാഷാന്തരമായിരുന്നു യേശുവിന്റെ ശിഷ്യൻമാർ ഗ്രീക്ക് സംസാരിക്കുന്ന ലോകത്തിൽ ഉപയോഗിച്ച ബൈബിൾ.
അഞ്ചാം ലോക ശക്തിയായിരുന്ന റോമിന്റെ കാലത്ത് ഒരു കൊച്ചുകുട്ടിയായ യേശുവിനെ അസൂയാലുവായ ഹോരോദാവിൽ നിന്ന് സംരക്ഷിക്കുന്നതിനുവേണ്ടി ഈജിപ്ററിലേക്ക് കൊണ്ടുപോയി. (മത്തായി 2:13-15) ക്രി. മു. 33-ലെ പെന്തെക്കൊസ്തുനാളിൽ ഈജിപ്ററുകാർ ക്രിസ്തീയ സുവാർത്തയുടെ അത്ഭുതകരമായ പ്രസംഗം കേൾക്കുന്നതിന് യരുശലേമിൽ സന്നിഹിതരായിരുന്നു. വിദഗ്ദ്ധ വാഗ്മിയായിരുന്ന ഒന്നാം നൂററാണ്ടിലെ അപ്പൊല്ലോസ് എന്ന ക്രിസ്ത്യാനി അവിടെ നിന്നാണ് വന്നത്.—പ്രവൃത്തികൾ 2:10; 18:24.
ഉവ്വ്, ഈജിപ്ററും ഈജിപ്ററുകാരും ബൈബിൾ ചരിത്രത്തിൽ പ്രമുഖമായി രംഗത്തു വന്നിട്ടുണ്ട്, പല പുരാവസ്തു കണ്ടുപിടുത്തങ്ങളും ഈ പുരാതന ദേശത്തെക്കുറിച്ച് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നതിനെ ഉറപ്പിക്കുന്നു. തീർച്ചയായും, ഈജിപ്ററ് ചില പ്രാവചനിക വാക്യങ്ങളിൽ സാത്താന്റെ അധീനത്തിലുള്ള മുഴു ലോകത്തെയും പ്രതീകപ്പെടുത്തത്തക്കവണ്ണം അത് അത്രയധികം പ്രമുഖമായിരുന്നു. (യെഹെസ്ക്കേൽ 31:2; വെളിപ്പാട് 11:8) എന്നാൽ പുരാതന ഈജിപ്ററിന് ഒരു ലോക ശക്തിയെന്ന നിലയിൽ അതിന്റെ കരുത്തുണ്ടായിരുന്നിട്ടും യഹോവയുടെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനെ തടസ്സപ്പെടുത്താൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. ബൈബിൾ ചരിത്രത്തിലെ രണ്ടാം ലോക ശക്തിയായിരുന്ന അസ്സീറിയായെ സംബന്ധിച്ചും ഇതു സത്യമായിരുന്നു, അത് വീക്ഷാഗോപുരം മാസികയുടെ ആഗസ്ററ് ലക്കത്തിൽ നാം കാണാൻ പോകുകയാണ്. ഈ പരമ്പരയിലെ അടുത്ത ലേഖനം ഈ മാസികയുടെ 1989 ആഗസ്ററ് ലക്കത്തിൽ പ്രസിദ്ധപ്പെടുത്തും. (w88 2/1)
[അടിക്കുറിപ്പുകൾ]
a യഹൂദ സർവ വിജ്ഞാനകോശം പറയുന്നു: “ശരീരത്തിന്റെ വിലയനത്തിനുശേഷം ദേഹിയുടെ അസ്തിത്വം തുടരുന്നു എന്ന വിശ്വാസം . . . വിശുദ്ധ തിരുവെഴുത്തിൽ ഒരിടത്തും വ്യക്തമായി പഠിപ്പിക്കപ്പെടുന്നില്ല.”
b ഈ പട്ടികയോട് ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഒരു രസാവഹമായ ചർച്ചക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻക്. പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ ഗ്രാഹ്യ സഹായി എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ 324-5 പേജുകൾ കാണുക.
c ഹാർ-മഗെദ്ദോനിൽ അഥവാ അർമ്മഗെദ്ദോനിൽ വെച്ച് മത്സരികളായ മാനുഷ രാഷ്ട്രങ്ങൾക്കെതിരെ നടത്തുന്ന ദൈവത്തിന്റെ നിർണ്ണായകമായ അന്ത്യ യുദ്ധത്തിന്റെ ഒരു പ്രതീകമായി ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്ന, മെഗിദ്ദോയിൽ വെച്ച് നടത്തപ്പെട്ട നിർണ്ണായക യുദ്ധങ്ങളിൽ ഒന്നായിരുന്നു ഇത്.—വെളിപ്പാട് 16:16.
[28-ാം പേജിലെ ഭൂപടം]
(For fully formatted text, see publication)
മെഡിറററേനിയൻ സമുദ്രം
കാർക്കെമിശ്
യൂഫ്രട്ടീസ്
മെഗിദ്ദൊ
യെരുശലേം
അലക്സാൻഡ്രിയ
ഗോശേൻ
മെംഫിസ്
നൈൽ
ലോവർ ഈജിപ്ററ്
തെബെസ്
[കടപ്പാട്]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel
[29-ാം പേജിലെ ചിത്രം]
മനുഷ്യശരീരവും പ്രാപ്പിടിയന്റെ തലയും കൊണ്ട് ചിത്രീകരിക്കപ്പെട്ട ഈജിപ്ഷ്യൻ ദൈവം
[കടപ്പാട്]
Courtesy of the British Museum, London
[30-ാം പേജിലെ ചിത്രം]
ഒരു ഈജിപ്ഷ്യൻ ശവപ്പെട്ടിക്കുള്ളിൽ കാണപ്പെട്ട “മരിച്ചവരുടെ പുസ്തകത്തിന്റെ” ഭാഗം
[കടപ്പാട്]
Courtesy of the Superintendence of the Museo Egizio, Turin
[30-ാം പേജിലെ ചിത്രം]
മമ്മി സൂക്ഷിക്കുന്ന ഈജിപ്ഷ്യൻ ശവപ്പെട്ടിയും അടപ്പും
[32-ാം പേജിലെ ചിത്രം]
ഇരിക്കുന്ന ആമോൻ ദൈവത്തിന്റെ അടുത്ത് തൂത്തൻകാമെൻ രാജാവ് നിൽക്കുന്നു