ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂലൈ 6-12
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 6–7
“ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും”
it-2-E 436 ¶3
മോശ
ഇസ്രായേല്യപുരുഷന്മാർ ആദ്യം മോശയെ അംഗീകരിച്ചു. പക്ഷേ പിന്നീട് ഫറവോന്റെ കല്പനയുടെ ഫലമായി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവന്നപ്പോൾ അവർ മോശയ്ക്കെതിരെ പരാതിപ്പെട്ടു. അവരുടെ വാക്കുകൾ അത്ര രൂക്ഷമായിരുന്നതുകൊണ്ട് മോശയ്ക്കു നിരുത്സാഹം തോന്നുകയും മോശ യഹോവയോടു സങ്കടം പറയുകയും ചെയ്തു. (പുറ 4:29-31; 5:19-23) അത്യുന്നതനായ ദൈവം എങ്ങനെയാണു മോശയെ ശക്തിപ്പെടുത്തിയത്? ഇസ്രായേല്യരെ മോചിപ്പിച്ച് അവരെ വാഗ്ദത്തദേശത്ത് ഒരു വലിയ ജനതയാക്കിക്കൊണ്ട് യഹോവ എന്ന പേരിന്റെ പൂർണമായ അർഥം വെളിപ്പെടുത്തുമെന്നു ദൈവം പറഞ്ഞു. അങ്ങനെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും കാത്തിരുന്ന കാര്യം താൻ നിവർത്തിക്കാൻ പോകുകയാണെന്നു വെളിപ്പെടുത്തി. (പുറ 6:1-8) എന്നിട്ടും ഇസ്രായേല്യപുരുഷന്മാർ മോശയെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ ഒൻപതാമത്തെ ബാധയ്ക്കു ശേഷം അവർ മോശയ്ക്കു പൂർണപിന്തുണ കൊടുത്തു. അതുകൊണ്ടാണ് പത്താമത്തെ ബാധ കഴിഞ്ഞപ്പോൾ അവരെ “സൈനികഗണങ്ങളെപ്പോലെ” ക്രമീകൃതമായി ഈജിപ്തിൽനിന്ന് പുറത്തേക്കു കൊണ്ടുപോകാൻ മോശയ്ക്കു കഴിഞ്ഞത്.—പുറ 13:18.
it-2-E 436 ¶1-2
മോശ
ഈജിപ്തിലെ ഫറവോന്റെ മുന്നിൽ. മോശയും അഹരോനും ‘ദൈവങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ’ ഇടയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളായി. യഹോവയുടെ ശക്തിക്ക് എതിരെ ഫറവോൻ, യന്നേസിന്റെയും യംബ്രേസിന്റെയും (2തിമ 3:8) നേതൃത്വത്തിൽ മന്ത്രവാദം ചെയ്യുന്ന പുരോഹിതന്മാരിലൂടെ ഈജിപ്തിലെ എല്ലാ ദൈവങ്ങളുടെയും ശക്തി സമാഹരിച്ചു. മോശയുടെ നിർദേശപ്രകാരം ഫറവോന്റെ മുന്നിൽ അഹരോൻ ആദ്യം ചെയ്ത അത്ഭുതം ഈജിപ്തിലെ ദൈവങ്ങളുടെ മേൽ യഹോവയുടെ മേൽക്കൈ തെളിയിക്കുന്നതായിരുന്നു, എന്നിട്ടും ഫറവോന്റെ ഹൃദയം കൂടുതൽ കഠിനമായി. (പുറ 7:8-13) എന്നാൽ മൂന്നാമത്തെ ബാധയ്ക്കു ശേഷം അവിടത്തെ പുരോഹിതന്മാർക്കുപോലും “ഇതു ദൈവത്തിന്റെ വിരലാണ്” എന്നു സമ്മതിക്കേണ്ടിവന്നു. പിന്നീട് പരുക്കളുടെ ബാധ അവരെ അത്ര ഗുരുതരമായി ബാധിച്ചതുകൊണ്ട് മോശയെ എതിർക്കുന്നതിന് ഫറവോന്റെ മുന്നിൽ വരാൻപോലും അവർക്കു കഴിഞ്ഞില്ല.—പുറ 8:16-19; 9:10-12.
ബാധകൾ ചിലരുടെ ഹൃദയം മയപ്പെടുത്തുകയും ചിലരുടേത് കഠിനമാക്കുകയും ചെയ്തു. ഓരോ ബാധയും വരുന്നതിനു മുമ്പ് അതു വരുന്ന കാര്യം മോശയും അഹരോനും അറിയിച്ചു. അവർ പറഞ്ഞതുപോലെ ബാധകൾ വന്നു. മോശയെ യഹോവ അയച്ചതാണെന്ന് അത് തെളിയിച്ചു. യഹോവയുടെ പേര് ഈജിപ്തിലെങ്ങും ചർച്ച ചെയ്യപ്പെട്ടു. ആ പേര് ആളുകളെ രണ്ടു രീതിയിൽ സ്വാധീനിച്ചു. ഇസ്രായേല്യരുടെയും ചില ഈജിപ്തുകാരുടെയും കാര്യത്തിൽ, അവരുടെ ഹൃദയം മയപ്പെട്ടു. എന്നാൽ, ഫറവോന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും ഹൃദയം കഠിനമായി. (പുറ 9:16; 11:10; 12:29-39) തങ്ങളുടെ ദൈവങ്ങളുടെ അപ്രീതികൊണ്ടല്ല ഈ ബാധകൾ വന്നതെന്നും മറിച്ച്, യഹോവ ആ ദൈവങ്ങളെ ന്യായം വിധിക്കുകയായിരുന്നെന്നും ഈജിപ്തുകാർ തിരിച്ചറിഞ്ഞു. ഒൻപത് ബാധകൾ കഴിഞ്ഞപ്പോഴേക്കും, “മോശതന്നെയും . . . ഈജിപ്ത് ദേശത്ത്, ഫറവോന്റെ ദാസരുടെ ഇടയിലും ജനത്തിന്റെ ഇടയിലും, അങ്ങേയറ്റം ആദരണീയനായിത്തീർന്നിരുന്നു.”—പുറ 11:3.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 78 ¶3-4
സർവശക്തൻ
അബ്രാഹാമിന് യിസ്ഹാക്ക് ജനിക്കുമെന്ന് വാക്കു കൊടുത്തപ്പോൾ യഹോവ “സർവശക്തനായ ദൈവം” (ഏൽ ഷദ്ദായി) എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു. ആ വാഗ്ദാനം നടക്കുമെന്ന് അബ്രാഹാമിന് ഉറപ്പുണ്ടായിരിക്കണമെങ്കിൽ അത് നടപ്പാക്കാനുള്ള യഹോവയുടെ ശക്തിയിൽ അബ്രാഹാമിനു വലിയ വിശ്വാസം ആവശ്യമായിരുന്നു. പിന്നീട്, അബ്രാഹാമ്യ ഉടമ്പടിയുടെ പിന്തുടർച്ചക്കാരായി യിസ്ഹാക്കിനെയും യാക്കോബിനെയും അനുഗ്രഹിക്കുമെന്ന് പറയുമ്പോഴാണ് ദൈവത്തെപ്പറ്റി ഈ സ്ഥാനപ്പേര് വീണ്ടും ഉപയോഗിക്കുന്നത്.—ഉൽ 17:1; 28:3; 35:11; 48:3.
ഇതിനു ചേർച്ചയിൽ യഹോവയ്ക്ക് മോശയോട് ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവ എന്ന എന്റെ പേര് ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വെളിപ്പെടുത്തിയില്ലെങ്കിലും സർവശക്തനായ ദൈവമായി (ബേഏൽ ഷദ്ദായി) ഞാൻ അവർക്കു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.” (പുറ 6:3) ഈ ഗോത്രപിതാക്കന്മാർക്ക് യഹോവ എന്ന പേര് അറിയാൻ പാടില്ലായിരുന്നു എന്ന് ഇതിന് അർഥമില്ല. കാരണം, അവരും അവർക്ക് മുമ്പുണ്ടായിരുന്ന പലരും ഈ പേര് കൂടെക്കൂടെ ഉപയോഗിച്ചിരുന്നു. (ഉൽ 4:1, 26; 14:22; 27:27; 28:16) ഗോത്രപിതാക്കന്മാരുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ഉൽപത്തി പുസ്തകത്തിൽ “സർവശക്തൻ” എന്ന പദം 6 പ്രാവശ്യം ഉപയോഗിക്കുമ്പോൾ ആ പുസ്തകത്തിൽ യഹോവ എന്ന ദൈവത്തിന്റെ വ്യക്തിപരമായ പേര് 172 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഈ ഗോത്രപിതാക്കന്മാർ ദൈവത്തിന് സർവശക്തൻ എന്ന സ്ഥാനപ്പേരിന് അവകാശവും യോഗ്യതയും ഉണ്ടെന്ന് അവരുടെ വ്യക്തിപരമായ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാൽ, അവർക്ക് യഹോവ എന്ന പേരിന്റെ പൂർണമായ അർഥമോ പ്രാധാന്യമോ മനസ്സിലാക്കാൻ അവസരം കിട്ടിയിരുന്നില്ല. ഇതിനോടുള്ള ബന്ധത്തിൽ ബൈബിൾചിത്ര നിഘണ്ടു (ഇംഗ്ലീഷ്) (വാല്യം 1, പേ. 572) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഗോത്രപിത്രാക്കന്മാർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ ദൈവം നൽകിയ വാഗ്ദാനങ്ങൾ ഒരു വിദൂരഭാവിയിൽ നിറവേറേണ്ടതായിരുന്നു. അതുകൊണ്ടുതന്നെ യാഹ്വെ ആ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ ശക്തിയുള്ള (സദ്ദായിക്ക് ഇങ്ങനെ ഒരു അർഥവുമുണ്ട്) ഒരു ദൈവമാണെന്ന (ഏൽ) ഉറപ്പാണ് അവർക്ക് അപ്പോൾ കിട്ടേണ്ടിയിരുന്നത്. എന്നാൽ മുൾപ്പടർപ്പിൽവെച്ച് ദൈവം നടത്തിയ വെളിപ്പെടുത്തൽ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുന്നതും വിപുലവും ആയിരുന്നു. അത്രയും നാൾ അവർക്കു യാഹ്വെ എന്ന പേര് അറിയാമായിരുന്നെങ്കിലും ഇപ്പോൾ അവർക്ക് അതിന്റെ അർഥം കുറെക്കൂടെ വ്യക്തമായി. ജനത്തിന്റെ ആവശ്യങ്ങളിൽ തന്റെ ശക്തി തെളിയിച്ചുകൊണ്ട് ദൈവം എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുമെന്ന ഉറപ്പ് ആ പേരിൽ അടങ്ങിയിട്ടുണ്ടെന്ന് അവർക്ക് ഇപ്പോൾ മനസ്സിലായി.”
it-2-E 435 ¶5
മോശ
തടസ്സം പറഞ്ഞതിന് മോശയെ അയോഗ്യനാക്കിയില്ല. മോശ ദൈവത്തോടു തനിക്ക് ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവില്ലെന്ന് തടസ്സം പറഞ്ഞു. മോശ ഒരുപാടു മാറിപ്പോയി! 40 വർഷം മുമ്പ് സ്വന്തനിലയിൽ ഇസ്രായേല്യരെ മോചിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മോശയിൽനിന്ന് എത്ര വ്യത്യസ്തൻ! മോശ പിന്നെയും മുടക്കം പറഞ്ഞുകൊണ്ടിരുന്നു, അവസാനം തന്നെ ഇതിൽനിന്ന് ഒഴിവാക്കിത്തരേണമേ എന്നുവരെ അപേക്ഷിച്ചു. ഇതു കേട്ടപ്പോൾ യഹോവയ്ക്ക് ദേഷ്യം തോന്നിയെങ്കിലും മോശയെ തള്ളിക്കളഞ്ഞില്ല. പകരം, മോശയ്ക്കുവേണ്ടി സംസാരിക്കാൻ ഒരു സഹായിയായി അഹരോനെ നൽകി. അങ്ങനെ, മോശ ദൈവത്തിന്റെ പ്രതിനിധിയായിരുന്നതുപോലെ മോശയ്ക്കു വേണ്ടി സംസാരിച്ച അഹരോനു മോശ ‘ദൈവമായി.’ പിന്നീട്, ഇസ്രായേലിലെ പ്രായമേറിയ പുരുഷന്മാരുമായും ഫറവോനുമായും (40 വർഷം മുമ്പ് മോശ ഓടിപ്പോയ സമയത്തെ ഫറവോന്റെ ഒരു പിൻഗാമി) നടന്ന കൂടിക്കാഴ്ചകളിൽ പറയാനുള്ള നിർദേശങ്ങളും കല്പനകളും ദൈവം മോശയ്ക്കു കൊടുത്തു. മോശ അത് അഹരോനു കൈമാറി. മോശ സംസാരിക്കേണ്ട സന്ദർഭങ്ങളിൽ യഥാർഥത്തിൽ സംസാരിച്ചത് അഹരോനായിരിക്കണം. (പുറ 2:23; 4:10-17) പിന്നീട് ഒരു അവസരത്തിൽ, യഹോവ അഹരോനെ മോശയുടെ ‘പ്രവാചകൻ’ എന്നു വിളിച്ചു. എന്താണ് അതിന്റെ അർഥം? മോശ ദൈവത്തിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ച് പ്രവാചകനായി സേവിക്കുന്നതുപോലെ അഹരോൻ മോശയിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കുകയും അനുസരിക്കുകയും വേണം. കൂടാതെ, താൻ മോശയെ “ഫറവോനു ദൈവമാക്കിയിരിക്കുന്നു” എന്നും ദൈവം പറഞ്ഞു. മോശയ്ക്ക് ഫറവോന്റെ മേൽ ദൈവികമായ ശക്തിയും അധികാരവും കൊടുത്തിട്ടുണ്ടെന്നും മോശ ഈജിപ്തിലെ രാജാവിനെ ഭയപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും ആണ് ദൈവം അർഥമാക്കിയത്.—പുറ 7:1, 2.
ജൂലൈ 13-19
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 8–9
“അഹങ്കാരിയായ ഫറവോൻ താൻ ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയാണെന്നു തിരിച്ചറിഞ്ഞില്ല”
it-2-E 1040-1041
കടുംപിടുത്തം
മനുഷ്യരോടുള്ള യഹോവയുടെ ഇടപെടലുകൾ നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം, വ്യക്തികളും ജനതകളും മരണശിക്ഷ അർഹിക്കുന്നുണ്ടെങ്കിൽപ്പോലും പെട്ടെന്ന് ആ ശിക്ഷ നടപ്പാക്കാതിരുന്നുകൊണ്ട് യഹോവ ക്ഷമ കാണിക്കാറുണ്ട്. (ഉൽ 15:16; 2പത്ര 3:9) യഹോവ ക്ഷമയോടെ കാത്തിരിക്കുന്ന ആ സമയത്ത് തങ്ങൾ ദൈവത്തിന്റെ കരുണയ്ക്കു യോഗ്യരാണെന്നു കാണിച്ചുകൊണ്ട് ചിലർ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. (യോശ 2:8-14; 6:22, 23; 9:3-15) എന്നാൽ മറ്റു ചിലർ യഹോവയ്ക്കും ദൈവജനത്തിനും എതിരെ തങ്ങളുടെ ഹൃദയം കൂടുതൽ കഠിനമാക്കിയിരിക്കുന്നു. (ആവ 2:30-33; യോശ 11:19, 20) ആളുകൾ ശാഠ്യം കാണിക്കുന്നെങ്കിൽ യഹോവ അവരെ തടയില്ല, ആ അർഥത്തിൽ യഹോവ ‘അവരുടെ ഹൃദയം കഠിനമാകാൻ അനുവദിക്കുന്നു,’ അല്ലെങ്കിൽ ‘അവരുടെ ഹൃദയങ്ങൾ കഠിനമാക്കുന്നു.’ അവസാനം, ശാഠ്യക്കാരുടെ മേൽ യഹോവ ന്യായവിധി നടത്തുമ്പോൾ, യഹോവയുടെ മഹാശക്തി എല്ലാവരും കാണാനും യഹോവയുടെ നാമം പ്രസിദ്ധമാകാനും അത് അവസരമൊരുക്കും.—പുറ 4:21; യോഹ 12:40; റോമ 9:14-18.
it-2-E 1181 ¶3-5
ദുഷ്ടത
ദുഷ്ടന്മാരായ ആളുകളെക്കൊണ്ടുപോലും തന്റെ ഉദ്ദേശ്യം നിറവേറ്റുന്ന രീതിയിൽ യഹോവ സാഹചര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ആ ദുഷ്ടന്മാർ തന്നെ എതിർക്കുന്നവരാണെങ്കിലും വിശ്വസ്തരായ തന്റെ ദാസന്മാരെ സംരക്ഷിക്കാൻവേണ്ടി അവർക്കു കടിഞ്ഞാണിടാൻ യഹോവയ്ക്കു കഴിയും. ദുഷ്ടന്മാരുടെ പ്രവൃത്തികൾപോലും തന്റെ ഭാഗത്തെ നീതി കാണിക്കാനുള്ള അവസരങ്ങളായി ഉപയോഗിക്കാനും യഹോവയ്ക്കു കഴിയും. (റോമ 3:3-5, 23-26; 8:35-39; സങ്ക 76:10) ഈ ആശയമാണ് സുഭാഷിതങ്ങൾ 16:4-ൽ (സത്യവേദപുസ്തകം) കാണുന്നത്: “യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.”
അടിമകളായ ഇസ്രായേല്യരെ വിട്ടയയ്ക്കാൻ തന്റെ ദാസന്മാരായ മോശയെയും അഹരോനെയും ഉപയോഗിച്ച് യഹോവ ഫറവോനോട് ആവശ്യപ്പെട്ടു. ഈജിപ്തിലെ ആ ഭരണാധികാരിയെ യഹോവ ദുഷ്ടനാക്കിയതല്ല. പക്ഷേ, യഹോവ ഫറവോനെ തുടർന്നും ജീവിക്കാൻ അനുവദിച്ചു. അതുപോലെ, ഫറവോൻ ദുഷ്ടനാണെന്നും മരണശിക്ഷയ്ക്ക് അർഹനാണെന്നും വ്യക്തമാകുന്ന സാഹചര്യങ്ങൾ യഹോവ കൊണ്ടുവന്നു. യഹോവയുടെ ഉദ്ദേശ്യം എന്തായിരുന്നെന്ന് പുറപ്പാട് 9:16-ൽ കാണാം: “എന്റെ ശക്തി നിന്നെ കാണിക്കാനും ഭൂമിയിലെങ്ങും എന്റെ പേര് പ്രസിദ്ധമാക്കാനും വേണ്ടി മാത്രമാണു നിന്നെ ജീവനോടെ വെച്ചിരിക്കുന്നത്.”
ഈജിപ്തിനു മേൽ വന്ന പത്തു ബാധകളും ഏറ്റവും ഒടുവിൽ ഫറവോനും പടയാളികളും ചെങ്കടലിൽ മുങ്ങിമരിച്ചതും യഹോവയുടെ അത്ഭുതാവഹമായ ശക്തിയുടെ പ്രകടനമായിരുന്നു. (പുറ 7:14–12:30; സങ്ക 78:43-51; 136:15) വർഷങ്ങൾ കഴിഞ്ഞിട്ടും ചുറ്റുമുള്ള രാജ്യങ്ങളിലെ ആളുകൾ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ ദൈവനാമം ഭൂമിയിലെങ്ങും പ്രസിദ്ധമായി. (യോശ 2:10, 11; 1ശമു 4:8) ഫറവോനെ അപ്പോൾത്തന്നെ വധിച്ചിരുന്നെങ്കിൽ ദൈവത്തിന്റെ മഹത്ത്വത്തിനും ദൈവജനത്തിന്റെ വിടുതലിനും വേണ്ടി ദൈവം തന്റെ മഹാശക്തി ഉപയോഗിക്കുന്നതു കാണാൻ കഴിയില്ലായിരുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 878
രക്തം കുടിക്കുന്ന ഈച്ച
ഈജിപ്തുകാരുടെ മേൽ നാലാമത്തെ ബാധയായി വന്ന ഈച്ചയെ കുറിക്കാൻ മൂല എബ്രായ ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദം കൃത്യമായി ഏതു തരം ഈച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് തീർത്തുപറയാനാകില്ല.—പുറ 8:21, 22, 24, 29, 31; സങ്ക 78:45; 105:31.
ഇത് ഒരുപക്ഷേ ബോട്ട്ഫ്ളൈ, കുതിരയീച്ച തുടങ്ങിയവപോലുള്ള ഒരു ഇനം ഈച്ചയാകാം. പെൺ കുതിരയീച്ചകൾ മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിൽനിന്ന് രക്തം കുടിക്കുന്നവയാണ്. ഇനി, ബോട്ട്ഫ്ളൈ ഈച്ചകൾ ലാർവയായിരിക്കുന്ന സമയത്ത് മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിൽ പരാശ്രയജീവികളായി കാണപ്പെടുന്നു. ഇതിൽ മനുഷ്യരെ ബാധിക്കുന്നവ ഉഷ്ണമേഖല പ്രദേശത്താണ് കാണുന്നത്. എങ്ങനെയായാലും, ‘രക്തം കുടിക്കുന്ന ഈച്ചകളുടെ’ ബാധ ഈജിപ്തുകാരെയും അവരുടെ കന്നുകാലികളെയും വലിയ ദുരിതത്തിലാക്കി, ചിലപ്പോൾ മരണത്തിനുപോലും കാരണമായിട്ടുണ്ടാകും.
ജൂലൈ 20-26
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 10–11
“മോശയും അഹരോനും വലിയ ധൈര്യം കാണിച്ചു”
it-2-E 436 ¶4
മോശ
ഫറവോനെ അഭിമുഖീകരിക്കാൻ ധൈര്യവും വിശ്വാസവും ആവശ്യമായിരുന്നു. യഹോവയുടെ ശക്തിയും യഹോവയുടെ ആത്മാവിന്റെ സഹായവും കൊണ്ട് മാത്രമാണ് മോശയ്ക്കും അഹരോനും അവരുടെ നിയമനം ചെയ്യാൻ സാധിച്ചത്. അക്കാലത്തെ ചോദ്യം ചെയ്യപ്പെടാത്ത ലോകശക്തിയുടെ രാജാവായ ഫറവോന്റെ പ്രൗഢഗംഭീരമായ കൊട്ടാരം ഒന്നു സങ്കൽപ്പിക്കാമോ? അവിടെ, ഉപദേഷ്ടാക്കളും സൈനിക ഉദ്യോഗസ്ഥന്മാരും കാവൽക്കാരും അടിമകളും നിറഞ്ഞ സദസ്സിൽ സ്വയം ഒരു ദൈവമാണെന്ന് സങ്കൽപ്പിച്ച് അഹങ്കാരത്തോടെ ഇരിക്കുന്ന ഫറവോൻ. അവരെക്കൂടാതെ മതനേതാക്കന്മാരും മന്ത്രവാദം ചെയ്യുന്ന പുരോഹിതന്മാരും ഉണ്ട്. ഇവരായിരുന്നു മോശയുടെ മുഖ്യ എതിരാളികൾ. ഫറവോൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ശക്തരായ ആളുകളും ഇവരായിരുന്നു. ഈജിപ്തിലെ ദൈവങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇവർ ഫറവോന്റെ പിന്നിൽ അണിനിരന്നു. മോശയും അഹരോനും ഒരിക്കലല്ല, പല പ്രാവശ്യം ഫറവോന്റെ മുന്നിൽ എത്തി. തന്റെ കീഴിലുള്ള വിലയേറിയ എബ്രായ അടിമകളെ സ്വന്തമാക്കിവെക്കാൻ തീരുമാനിച്ച ഫറവോൻ ഓരോ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി. വാസ്തവത്തിൽ, എട്ടാമത്തെ ബാധ വരുമെന്ന് അറിയിച്ചപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുക്കൽനിന്ന് ആട്ടിയോടിച്ചു. ഒൻപതാമത്തെ ബാധയ്ക്ക് ശേഷം മോശയോടും അഹരോനോടും തന്റെ മുഖം കണ്ടുപോകരുതെന്നും തന്റെ അടുത്തുവന്നാൽ അവരെ കൊന്നുകളയുമെന്നും ഫറവോൻ കല്പിച്ചു.—പുറ 10:11, 28.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 783 ¶5
പുറപ്പാട്
ശക്തിയുടെ വിസ്മയകരമായ ഒരു പ്രകടനത്തിലൂടെ യഹോവ തന്റെ പേര് മഹത്ത്വപ്പെടുത്തുകയും ഇസ്രായേല്യരെ വിടുവിക്കുകയും ചെയ്തു. സുരക്ഷിതരായി ചെങ്കടലിന്റെ കിഴക്കേ തീരത്ത് എത്തിയശേഷം, മോശയുടെ നേതൃത്വത്തിൽ പുരുഷന്മാർ ഒരു വിജയഗീതം പാടി. അതേസമയം മോശയുടെ സഹോദരി പ്രവാചകിയായ മിര്യാം തപ്പു കൈയിലെടുത്ത് നൃത്തം ചെയ്യാൻ തുടങ്ങി, മറ്റു സ്ത്രീകളും മിര്യാമിനോടു ചേർന്നു. അവർ പുരുഷന്മാരുടെ ഗാനത്തിനു പ്രതിഗാനം പാടി. (പുറ 15:1, 20, 21) അങ്ങനെ ശത്രുക്കളിൽനിന്ന് ഇസ്രായേല്യർ പൂർണമായും സ്വതന്ത്രരായി. അവർ ഈജിപ്തിൽനിന്ന് പോന്നപ്പോൾ മനുഷ്യരിൽനിന്നോ മൃഗങ്ങളിൽനിന്നോ ഒരു ഉപദ്രവവുമുണ്ടാകാൻ അനുവദിച്ചില്ല; ഇസ്രായേല്യരുടെ നേരെ ഒരു നായ്പോലും കുരച്ചില്ല. (പുറ 11:7) ഫറവോൻ അയാളുടെ സൈന്യത്തോടൊപ്പം ചെങ്കടലിൽ മുങ്ങിമരിച്ചെന്നു പുറപ്പാടിലെ വിവരണം എടുത്തുപറയുന്നില്ല. എങ്കിലും “ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ കുടഞ്ഞിട്ടു” എന്നു സങ്കീർത്തനം 136:15 പറയുന്നുണ്ട്.
ജൂലൈ 27–ആഗസ്റ്റ് 2
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 12
“പെസഹ—ക്രിസ്ത്യാനികൾക്ക് അത് എന്ത് അർഥമാക്കുന്നു?”
it-2-E 583 ¶6
പെസഹ
പെസഹ ആചരണത്തിന്റെ ചില സവിശേഷതകൾ യേശുവിൽ നിറവേറി. ഈജിപ്തിലെ വീടുകളിലെ രക്തം സംഹാരദൂതന്റെ കൈകളിൽനിന്ന് ആദ്യജാതന്മാരെ രക്ഷിച്ചു. സമാനമായി, അഭിഷിക്തക്രിസ്ത്യാനികൾ ആദ്യജാതന്മാരുടെ സഭയാണെന്നും (എബ്ര 12:23) ക്രിസ്തു തന്റെ രക്തത്തിലൂടെ അവരെ രക്ഷിച്ചെന്നും പൗലോസ് പറഞ്ഞു. (1തെസ്സ 1:10; എഫ 1:7) ഇനി, പെസഹക്കുഞ്ഞാടിന്റെ ഒരു അസ്ഥിയും ഒടിക്കില്ലായിരുന്നു. യേശുവിന്റെ അസ്ഥികളും ഒടിക്കില്ലെന്നു പ്രവചനമുണ്ടായിരുന്നു, യേശു മരിച്ചപ്പോൾ അതു നിറവേറി. (സങ്ക 34:20; യോഹ 19:36) മോശയുടെ നിയമത്തിൽ, വരാനുള്ള നന്മകളുടെ നിഴലായിരുന്ന, ‘ദൈവത്തിന്റെ കുഞ്ഞാടായ’ യേശുക്രിസ്തുവിലേക്കു വിരൽചൂണ്ടിയ പല കാര്യങ്ങളുണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു ജൂതന്മാർ നൂറ്റാണ്ടുകളോളം ആചരിച്ചുപോന്ന പെസഹ.—എബ്ര 10:1; യോഹ 1:29.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 582 ¶2
പെസഹ
ഈജിപ്തുകാരുടെ മേൽ വന്ന ബാധകൾ, പ്രത്യേകിച്ച് പത്താമത്തെ ബാധയായ ആദ്യജാതന്മാരുടെ മരണം, അവരുടെ വ്യാജദൈവങ്ങൾക്ക് എതിരെയുള്ള ഒരു ന്യായവിധിയായിരുന്നു. (പുറ 12:12) ആൺചെമ്മരിയാട് ‘റാ’ എന്ന ദേവനു വിശുദ്ധമായിരുന്നു. അതുകൊണ്ട് പെസഹക്കുഞ്ഞാടിന്റെ രക്തം വാതിലിന്റെ കട്ടിളക്കാലിലും മേൽപ്പടിയിലും തളിക്കുന്നത്, ഈജിപ്തുകാരുടെ കണ്ണിൽ ദൈവനിന്ദയ്ക്കു തുല്യമായിരുന്നു. ഇനി, കാളയും അവർക്കു വിശുദ്ധമായിരുന്നു, കാളകളുടെ കടിഞ്ഞൂലുകളുടെ നാശം ഓസിറിസ് ദേവന് ഒരു തിരിച്ചടിയായിരുന്നു. ഫറവോനെത്തന്നെയും റാ ദേവന്റെ മകനായിട്ടാണു കണക്കാക്കിയിരുന്നത്. അതുകൊണ്ട് ഫറവോന്റെ മൂത്തമകന്റെ മരണം റായുടെയും ഫറവോന്റെയും കഴിവുകേട് തെളിയിച്ചു.
it-1-E 504 ¶1
സമ്മേളനം
‘വിശുദ്ധസമ്മേളനങ്ങളുടെ’ സമയത്ത് ആളുകൾ പണിയൊന്നും ചെയ്യാൻ പാടില്ല എന്നതായിരുന്നു അവയ്ക്കു മാത്രമുള്ള ഒരു സവിശേഷത. ഉദാഹരണത്തിന്, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിന്റെ ആദ്യത്തെയും ഏഴാമത്തെയും ദിവസങ്ങൾ ‘വിശുദ്ധസമ്മേളനങ്ങളായിരുന്നു.’ അതിനോടുള്ള ബന്ധത്തിൽ യഹോവ ഇങ്ങനെ പറഞ്ഞു: “ഈ ദിവസങ്ങളിൽ ഒരു പണിയും ചെയ്യരുത്. ഓരോരുത്തർക്കും കഴിക്കാൻവേണ്ട ആഹാരം മാത്രം നിങ്ങൾക്കു പാകം ചെയ്യാം.” (പുറ 12:15, 16) എന്നാൽ വിശുദ്ധസമ്മേളനങ്ങളുടെ സമയത്ത് പുരോഹിതന്മാർ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചിരുന്നു, (ലേവ 23:37, 38) അത് ഒരു തരത്തിലും പണിയൊന്നും ചെയ്യരുത് എന്ന നിയമത്തിന്റെ ലംഘനമല്ലായിരുന്നു. ഇനി, ആളുകളുടെ കാര്യത്തിലും ഇതു വെറുതേ ഇരിക്കാനുള്ള അവസരങ്ങളായിരുന്നില്ല. മറിച്ച്, ആത്മീയപ്രയോജനങ്ങൾ നേടാനുള്ള സമയങ്ങളായിരുന്നു. ഉദാഹരണത്തിന്, ആഴ്ചതോറുമുള്ള ശബത്തുദിവസം ഒരുമിച്ച് ആരാധിക്കാനും പഠിക്കാനും അവർ കൂടിവന്നു. പിൽക്കാലത്ത് നിലവിൽ വന്ന സിനഗോഗുകളിൽ ചെയ്തിരുന്നതുപോലെ, അത്തരം അവസരങ്ങളിൽ ദൈവവചനം ഉറക്കെ വായിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. (പ്രവൃ 15:21) അതുകൊണ്ട്, ശബത്തുദിവസവും മറ്റു ‘വിശുദ്ധസമ്മേളനങ്ങളുടെ’ സമയത്തും ജനം പണിയൊന്നും ചെയ്തിരുന്നില്ലെങ്കിലും സ്രഷ്ടാവിനെയും ആ സ്രഷ്ടാവിന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ധ്യാനിക്കുന്നതിൽ അവർ മുഴുകി.