അവരോടു കരുതൽ പ്രകടമാക്കുക
കാനഡയിലെ ഉണരുക! ലേഖകൻ
കാനഡയിൽ സ്വകാര്യ ദുഃഖങ്ങൾ മൂലം ആത്മഹത്യ ചെയ്യുന്ന വൃദ്ധരുടെ എണ്ണം പരിഭ്രാന്തി ഉളവാക്കുംവിധം വർധിക്കുകയാണ്. യുവജനങ്ങളുടെ ഇടയിലുള്ള ആത്മഹത്യാ ശ്രമങ്ങളിൽ 200-ൽ ഒന്നു വീതം മരണത്തിൽ കലാശിക്കുമ്പോൾ 65 വയസ്സിനു മീതെ ഉള്ളവരിൽ ഈ അനുപാതം 4-ൽ ഒന്നാണ് എന്ന് വാൻകൂവർ സൺ പത്രത്തിലെ ഒരു റിപ്പോർട്ട് പറയുന്നു. “ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വൃദ്ധരുടെ കാര്യത്തിൽ മരണം സ്വാഭാവികമായിരുന്നോ അല്ലയോ എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നേക്കാം എന്നതിനാൽ പല ആത്മഹത്യകളും റിപ്പോർട്ടു ചെയ്യപ്പെടാതെ” പോകുന്നതായി പോലും പറയപ്പെടുന്നു.
പ്രായമായവരിൽ പലർക്കും ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? വിഷാദം, സമൂഹത്തിൽനിന്നുള്ള ഒറ്റപ്പെടൽ, ഏകാന്തത എന്നിവയാണ് കാരണങ്ങൾ എന്ന് വൃദ്ധർക്കിടയിലെ ആത്മഹത്യയെ കുറിച്ചുള്ള ഗവേഷണമേഖലയിൽ വിദഗ്ധനായ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ മനശ്ശാസ്ത്രജ്ഞൻ ഓലൂവാഫെമി ആഗ്ബയേവ ചൂണ്ടിക്കാട്ടുന്നു. പ്രായമേറും തോറും ആളുകൾക്ക് “തങ്ങളുടെ വിലയും അധികാരവും ആജ്ഞാശക്തിയുമെല്ലാം നഷ്ടമാകുന്ന”തായി ആൽബെർട്ടയിലെ കാൽഗറിയിലുള്ള സൂയിസൈഡ് ഇൻഫർമേഷൻ ആൻഡ് എജ്യുക്കേഷൻ സെന്ററിന്റെ ഡയറക്ടർ ഗെറി ഹാറിങ്ടൺ അഭിപ്രായപ്പെടുന്നു. “പെട്ടെന്ന് ഒരുനാൾ ആരും അവരുടെ അഭിപ്രായങ്ങൾ ആരായാതാകുന്നു. പലർക്കും വൃദ്ധസദനങ്ങളിൽ കഴിയേണ്ടിവരുന്നു. അവിടെയാകട്ടെ ചീട്ടു കളിയും ടിവി കാണലും അല്ലാതെ മറ്റു പണിയൊന്നും ഇല്ലതാനും.” ഇവയ്ക്കെല്ലാം പുറമേ, യൗവ്വനത്തിളപ്പിനും സ്വാതന്ത്ര്യത്തിനും ഉത്പാദനക്ഷമതയ്ക്കും ചുറുചുറുക്കിനും സമൂഹം വലിയ മൂല്യം കൽപ്പിക്കുന്നു. വ്യക്തിക്കു പ്രായമേറും തോറും ക്ഷയിച്ചുവരുന്ന സംഗതികളാണ് ഇവയെല്ലാം.
എന്നാൽ യഹോവയാം ദൈവം പ്രായമായവർക്ക് വലിയ മൂല്യം കൽപ്പിക്കുന്നു. അവരുടെ വൈകാരിക ആവശ്യങ്ങൾ അവൻ നന്നായി മനസ്സിലാക്കുന്നു എന്നതിനുള്ള തെളിവ് പുരാതന ഇസ്രായേലിലെ ആളുകൾക്കു നൽകപ്പെട്ട ഈ കൽപ്പനയിൽനിന്നു കാണാൻ കഴിയും: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും [“ഒരു വൃദ്ധനോടു പരിഗണന കാട്ടുകയും,” NW] നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം.”—ലേവ്യപുസ്തകം 19:32.
അങ്ങനെയെങ്കിൽ നമുക്കു പ്രായമായവരോട് എങ്ങനെ ‘പരിഗണന കാട്ടാൻ’ കഴിയും? എപ്പോഴും അവരുടെ വായിൽനിന്നു ജ്ഞാനമൊഴികൾതന്നെ പുറപ്പെട്ടുകൊള്ളണം എന്നില്ലെന്നു മനസ്സിലാക്കണം. മാത്രമല്ല, പ്രായമേറും തോറും അവരുടെ അപൂർണത കൂടുതൽ വെളിപ്പെട്ടു വരികയും ചെയ്യും. എങ്കിലും അവർ നമ്മുടെ ആദരവ് അർഹിക്കുന്നു. നിങ്ങൾ അവരെ പരിഗണിക്കുന്നുവെന്നു പ്രകടമാക്കുക. ഉൾക്കാഴ്ചയ്ക്കും ജ്ഞാനത്തിനും വേണ്ടി അവരെ ആശ്രയിച്ചുകൊണ്ട് അവരോട് ആദരവും ബഹുമാനവും വിലമതിപ്പും പ്രകടമാക്കുക, വിശേഷിച്ചും അവരുടെ ജീവിതം ദൈവാത്മാവിനാലും അവന്റെ വചനത്തിന്റെ സൂക്ഷ്മ ഗ്രാഹ്യത്താലും നയിക്കപ്പെട്ടിട്ടുള്ള ഒന്നാണെങ്കിൽ.
വൃദ്ധരോടു പരിഗണനയും ആദരവും പ്രകടിപ്പിക്കുക എന്ന വിഷയത്തെ കുറിച്ച് ദൈവവചനം ഇനിയും വളരെയേറെ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം അയച്ചു തരാൻ ആവശ്യപ്പെടുക.