യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഒരു കുഷ്ഠരോഗിയോടുള്ള അനുകമ്പ
യേശുവും അവന്റെ നാല് ശിഷ്യൻമാരും ഗലീല പട്ടണങ്ങൾ സന്ദർശിക്കുമളവിൽ അവൻ ചെയ്യുന്ന വീര്യപ്രവൃത്തികളെക്കുറിച്ചുള്ള വാർത്ത ആ പ്രദേശമെല്ലാം പരക്കുന്നു. അവന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്ത ഒരു കുഷ്ഠരോഗിയുടെ നഗരത്തിലും എത്തുന്നു. വൈദ്യനായ ലൂക്കോസ് അവനെ “കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ” എന്ന് വർണ്ണിക്കുന്നു. ഈ മാരകരോഗം വിവിധ ശരീരഭാഗങ്ങളെ പടിപടിയായി വിരൂപമാക്കുന്നു. അതുകൊണ്ട് ഈ കുഷ്ഠരോഗി ഒരു ദയനീയാവസ്ഥയിലാണ്.
യേശു നഗരത്തിലെത്തുമ്പോൾ കുഷ്ഠരോഗി അവനെ സമീപിക്കുന്നു. ദൈവത്തിന്റെ ന്യായപ്രമാണമനുസരിച്ച് ഒരു കുഷ്ഠരോഗി ഒരു മുന്നറിയിപ്പെന്നനിലയിൽ “അശുദ്ധൻ, അശുദ്ധൻ” എന്ന് വിളിച്ചു പറയേണം. അത് മററുള്ളവർ അടുത്തുവരാതിരിക്കുന്നതിനും രോഗം പകരാതിരിക്കുന്നതിനും ഉതകും. കുഷ്ഠരോഗി ഇപ്പോൾ യേശുവിന്റെ കാല്ക്കൽ വീണ് അവനോടപേക്ഷിക്കുന്നു: “കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.”
ആ മനുഷ്യന് യേശുവിൽ എത്രകണ്ട് വിശ്വാസമുണ്ട്! എന്നിരുന്നാലും അവന്റെ രോഗം നിമിത്തം അവൻ വളരെ പരിതാപകരമായ സ്ഥിതിയിലാണ്. ഇപ്പോൾ യേശു എന്തുചെയ്യും? നിങ്ങളാണെങ്കിൽ എന്തുചെയ്യും? അനുകമ്പ പൂണ്ട് യേശു കൈനീട്ടി ആ മനുഷ്യനെ പിടിച്ച് ഇപ്രകാരം പറയുന്നു: “എനിക്ക് മനസ്സുണ്ട്. ശുദ്ധനാക.” ഉടനടി കുഷ്ഠരോഗം അവനെ വിട്ടുപോകുന്നു.
ഇത്രമാത്രം അനുകമ്പയുള്ള ആരെങ്കിലും നിങ്ങൾക്ക് രാജാവായുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? ഈ കുഷ്ഠരോഗിയോട് യേശു ഇടപെട്ടവിധം, അവന്റെ രാജ്യഭരണത്തിൻ കീഴിൽ പിൻവരുന്ന ബൈബിൾ പ്രവചനം നിവൃത്തിയേറുമെന്ന് ഉറപ്പുനൽകുന്നു:” എളിയവനോടും ദരിദ്രനോടും അവന് കരുണ തോന്നും.” പീഡിതരെയെല്ലാം സഹായിക്കുന്നതിനുള്ള അവന്റെ ഹൃദയവാഞ്ഛ അപ്പോൾ നിവൃത്തിയേറും.
കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നതിനുമുമ്പുപോലും യേശുവിന്റെ ശുശ്രൂഷ ആളുകളുടെയിടയിൽ വലിയ ചലനം സൃഷ്ടിക്കുകയുണ്ടായി. ഇപ്പോൾ യെശയ്യാ പ്രവചനത്തിന്റെ നിവൃത്തിയായി യേശു ആ മനുഷ്യനോട് ഇപ്രകാരം കല്പിക്കുന്നു: “ആരോടും ഒന്നും പറയരുത്.” അതിനുശേഷം അവൻ അവനോട് ഇപ്രകാരം നിർദ്ദേശിക്കുന്നു: “പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ച് അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക.”
എന്നാൽ ആ മനുഷ്യൻ വളരെ സന്തുഷ്ടനായിരിക്കുന്നതിനാൽ ആ അത്ഭുതം അവന് മനസ്സിൽ ഒതുക്കി നിർത്താൻ കഴിയുന്നില്ല. അവൻ ആ വാർത്ത എല്ലായിടത്തും പരത്തുന്നു. യേശുവിന് പരസ്യമായി നഗരത്തിൽ പോകാൻ പററാത്തവിധം അത് അത്രകണ്ട് താല്പര്യവും ആകാംക്ഷയും ഉളവാക്കുന്നു. അതുകൊണ്ട് യേശു നിർജ്ജന പ്രദേശങ്ങളിൽ കഴിയുന്നു. എന്നാൽ എല്ലായിടത്തുനിന്നുമുള്ള ആളുകൾ അവനെ ശ്രദ്ധിക്കുന്നതിനും രോഗശാന്തി ലഭിക്കുന്നതിനും അവന്റെയടുക്കൽ വരുന്നു. ലൂക്കോസ് 5:12-16; മർക്കോസ് 1:40-45; മത്തായി 8:2-4; ലേവ്യപുസ്തകം 13:45; 14:10-13; സങ്കീർത്തനം 72:13; യെശയ്യാവ് 42:1, 2.
◆ കുഷ്ഠരോഗത്തിന് എന്ത് ഉളവാക്കാൻ കഴിയും, ഒരു കുഷ്ഠരോഗി എന്ത് മുന്നറിയിപ്പ് മുഴക്കേണ്ടിയിരുന്നു?
◆ ഒരു കുഷ്ഠരോഗി യേശുവിനോടപേക്ഷിക്കുന്നതെങ്ങനെ, യേശുവിന്റെ പ്രതികരണത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാൻ കഴിയും?
◆ സൗഖ്യം പ്രാപിച്ച മനുഷ്യൻ യേശുവിനെ അനുസരിക്കുന്നതിൽ പരാജയപ്പെട്ടതെങ്ങനെ, പരിണതഫലം എന്തായിരുന്നു? (w86 4/15)