ദൈവമക്കൾക്ക് ഉടൻ മഹത്തായ സ്വാതന്ത്ര്യം
“സൃഷ്ടി വ്യർഥതയ്ക്കു കീഴ്പെടുത്തപ്പെട്ടിരിക്കുന്നത് . . . സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുമെന്ന പ്രത്യാശയുടെ അടിസ്ഥാനത്തിലാണ്.”—റോമർ 8:20, 21, NW.
1. പാപപരിഹാരദിവസം യേശുവിന്റെ ബലിയെ മുൻനിഴലാക്കിയതെങ്ങനെ?
യഹോവ തന്റെ ഏകജാതപുത്രനെ ഒരു മറുവിലയാഗമായി നൽകി. അത് 1,44,000 മനുഷ്യർക്കു സ്വർഗീയ ജീവനിലേക്കും ശേഷം മനുഷ്യർക്കു നിത്യമായ ഭൗമികപ്രതീക്ഷകളിലേക്കുമുള്ള വഴി തുറന്നു. (1 യോഹന്നാൻ 2:1, 2) മുൻലേഖനത്തിൽ കണ്ടതുപോലെ, വാർഷിക പാപപരിഹാരദിവസം ഇസ്രായേലിലെ മഹാപുരോഹിതൻ തനിക്കും തന്റെ വീട്ടുകാർക്കും ലേവിഗോത്രത്തിനും വേണ്ടിയുള്ള പാപയാഗമെന്ന നിലയിൽ ഒരു കാളയെ ബലിയർപ്പിച്ചത് ആത്മജാത ക്രിസ്ത്യാനികൾക്കുള്ള യേശുവിന്റെ ബലിയെ മുൻനിഴലാക്കി. അതേദിവസംതന്നെ, അവൻ മറ്റെല്ലാ ഇസ്രായേല്യർക്കും വേണ്ടി പാപപരിഹാരയാഗമായി ഒരു ആടിനെയും ബലിയർപ്പിച്ചു. അതാകട്ടെ ക്രിസ്തുവിന്റെ ബലി മനുഷ്യവർഗത്തിനു പൊതുവേ പ്രയോജനം ചെയ്യുന്നതിനോടു സമാനമാണ്. പോയവർഷം ആളുകൾ ചെയ്ത എല്ലാ പാപങ്ങളും ഒരു ജീവനുള്ള ആട് പ്രതീകാത്മകമായി ചുമന്നുകൊണ്ട് മരുഭൂമിയിൽ പോയ്മറയുമായിരുന്നു.a—ലേവ്യപുസ്തകം 16:7-15, 20-22, 26.
2, 3. റോമർ 8:20, 21-ൽ രേഖപ്പടുത്തിയിരിക്കുന്ന പൗലൊസിന്റെ പ്രസ്താവനയുടെ അർഥമെന്ത്?
2 ‘ദൈവത്തിന്റെ’ സ്വർഗീയ ‘പുത്രന്മാ’രായിത്തീരാനിരിക്കുന്ന മനുഷ്യരുടെ പ്രത്യാശയെക്കുറിച്ചു വർണിച്ചശേഷം പൗലൊസ് അപ്പോസ്തലൻ പറഞ്ഞു: “സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി വ്യർഥതയ്ക്കു കീഴ്പെടുത്തപ്പെട്ടിരിക്കുന്നത് സ്വന്തം ഇഷ്ടത്താലല്ല, പിന്നെയോ അതിനെ കീഴ്പെടുത്തിയവൻ മുഖാന്തരം സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുമെന്ന പ്രത്യാശയുടെ അടിസ്ഥാനത്തിലാണ്.” (റോമർ 8:14, 17, 19-21, NW) ഈ പ്രസ്താവനയുടെ അർഥമെന്താണ്?
3 നമ്മുടെ പൂർവപിതാവ് പൂർണമനുഷ്യനായി സൃഷ്ടിക്കപ്പെട്ടപ്പോൾ, അവൻ “ദൈവത്തിന്റെ മകൻ” ആയിരുന്നു. (ലൂക്കൊസ് 3:38) പാപം ചെയ്തതുനിമിത്തം, അവൻ “ജീർണതയുടെ അടിമത്തത്തി”ലാകുകയും ആ അവസ്ഥ മനുഷ്യവർഗത്തിനു കൈമാറുകയും ചെയ്തു. (റോമർ 5:12) പാരമ്പര്യസിദ്ധമായ അപൂർണതനിമിത്തം “വ്യർഥത”യിൽ കലാശിക്കുന്ന ഭാവിയുള്ളവരായി ജനിക്കാൻ ദൈവം മനുഷ്യരെ അനുവദിച്ചുവെങ്കിലും അവൻ അവർക്ക് യേശുക്രിസ്തുവെന്ന “സന്തതി”യിലൂടെ പ്രത്യാശ നൽകി. (ഉല്പത്തി 3:15; 22:18; ഗലാത്യർ 3:16) ‘മരണവും ദുഃഖവും മുറവിളിയും കഷ്ടതയും മേലാൽ ഉണ്ടായിരിക്കുകയില്ലാ’ത്ത കാലത്തെക്കുറിച്ചു വെളിപ്പാടു 21:1-5എ പറയുന്നു. ഇതു “മനുഷ്യവർഗത്തിനു”ള്ള ഒരു വാഗ്ദാനമായതിനാൽ, രാജ്യഭരണത്തിൻകീഴിൽ ജീവിക്കുന്ന ഒരു പുതിയ ഭൗമിക മനുഷ്യസമൂഹം മനസ്സിന്റെയും ശരീരത്തിന്റെയും പുനഃസ്ഥിതീകരണത്തിലൂടെ പൂർണാരോഗ്യവും “ദൈവത്തിന്റെ” ഭൗമിക “മക്കളെ”ന്ന നിലയിൽ നിത്യജീവനും നേടുമെന്ന് അതു നമുക്ക് ഉറപ്പുതരുന്നു. ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയിൽ, അനുസരണമുള്ള മനുഷ്യർ ‘ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടും.’ അന്തിമ പരിശോധനയിൽ യഹോവയോടു വിശ്വസ്തരാണെന്നു തെളിയിച്ചശേഷം, പാരമ്പര്യസിദ്ധ പാപത്തിൽനിന്നും മരണത്തിൽനിന്നും അവർ എന്നേക്കുമായി സ്വതന്ത്രരാക്കപ്പെടും. (വെളിപ്പാടു 20:7-10) അന്നു ഭൂമിയിലുള്ളവർ ‘ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കും.’
അവർ പറയുന്നു, “വരിക”
4. ‘ജീവജലം സൗജന്യമായി വാങ്ങുക’ എന്നതിന്റെ അർഥമെന്ത്?
4 എത്ര വിസ്മയാവഹമായ പ്രത്യാശയാണ് മനുഷ്യവർഗത്തിന്റെ മുമ്പാകെ വെച്ചിരിക്കുന്നത്! ഭൂമിയിൽ ശേഷിച്ചിട്ടുള്ള ആത്മജാത ക്രിസ്ത്യാനികൾ അതിനെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നതിൽ സതീക്ഷ്ണം നേതൃത്വമെടുക്കുന്നതിൽ അത്ഭുതപ്പെടാനില്ല! മഹത്ത്വീകരിക്കപ്പെട്ട കുഞ്ഞാടായ യേശുക്രിസ്തുവിന്റെ “മണവാട്ടി”യുടെ ഭാഗമായിത്തീരാൻ പോകുന്നവരെന്ന നിലയിൽ, പിൻവരുന്ന ഈ പ്രാവചനിക വാക്കുകളുടെ നിവൃത്തിയിൽ അഭിഷിക്തശേഷിപ്പ് ഉൾപ്പെടുന്നു: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” (വെളിപ്പാടു 21:2, 9; 22:1, 2, 17) എന്നാൽ യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ 1,44,000 അഭിഷിക്തർക്കു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നില്ല. ഭൂമിയിൽ ശേഷിക്കുന്ന, “വരിക” എന്നു പറയുന്ന മണവാട്ടിവർഗത്തിൽപ്പെട്ടവരിലൂടെ ദൈവാത്മാവ് പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. രക്ഷയ്ക്കായി യഹോവ ചെയ്തിരിക്കുന്ന സമൃദ്ധമായ കരുതലുകളിൽനിന്നു പ്രയോജനമനുഭവിച്ചുകൊണ്ട് “വരിക” എന്നു പറയാൻ നീതിക്കായി ദാഹിക്കുന്ന ഏതൊരു കേൾവിക്കാരനും ക്ഷണിക്കപ്പെടുന്നു.
5. തങ്ങളോടൊപ്പം ആരുണ്ടായിരിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ സന്തോഷിക്കുന്നു?
5 യേശുക്രിസ്തുവിലൂടെ ദൈവം ജീവനുവേണ്ടി ചെയ്തിരിക്കുന്ന കരുതലിൽ യഹോവയുടെ സാക്ഷികൾക്കു വിശ്വാസമുണ്ട്. (പ്രവൃത്തികൾ 4:12) ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പഠിച്ച് അവന്റെ ഹിതം നിവർത്തിക്കാൻ ആഗ്രഹിക്കുന്ന പരമാർഥഹൃദയർ തങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. ഈ “അന്ത്യകാല”ത്ത്, ‘വന്ന് ജീവജലം സൗജന്യമായി വാങ്ങാൻ’ ആഗ്രഹിക്കുന്ന എല്ലാവർക്കും അവരുടെ രാജ്യഹാളിൽ സ്വാഗതമുണ്ട്.—ദാനീയേൽ 12:4.
സമയം കടന്നുപോയതോടെയുള്ള മാറ്റങ്ങൾ
6. വ്യത്യസ്ത കാലഘട്ടങ്ങളിൽ യഹോവയുടെ ദാസന്മാരുടെമേൽ ദൈവാത്മാവ് പ്രവർത്തിച്ചിരിക്കുന്നതെങ്ങനെ?
6 തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ ദൈവത്തിന് ഒരു സമയമുണ്ട്; മനുഷ്യരോടുള്ള അവന്റെ ഇടപെടലുകളെ ഇതു ബാധിക്കുന്നു. (സഭാപ്രസംഗി 3:1; പ്രവൃത്തികൾ 1:7) തന്റെ ക്രിസ്തീയപൂർവകാല ദാസന്മാരുടെമേൽ ദൈവത്തിന്റെ ആത്മാവ് വന്നെങ്കിലും അവർ അവന്റെ ആത്മീയ പുത്രന്മാരായി ജനിപ്പിക്കപ്പെട്ടില്ല. എന്നാൽ യേശുവിൽ തുടങ്ങി പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് സമർപ്പിതരായ സ്ത്രീപുരുഷന്മാരെ ഒരു സ്വർഗീയ അവകാശത്തിലേക്കു ജനിപ്പിക്കാനുള്ള യഹോവയുടെ സമയം വന്നിരുന്നു. നമ്മുടെ നാളുകളുടെ കാര്യമോ? അതേ ആത്മാവുതന്നെ യേശുവിന്റെ “വേറെ ആടുകളു”ടെമേലും പ്രവർത്തിക്കുന്നു. എന്നാൽ അത് അവരിൽ സ്വർഗീയ ജീവനുവേണ്ടിയുള്ള പ്രത്യാശയോ ആഗ്രഹമോ ഉളവാക്കുന്നില്ല. (യോഹന്നാൻ 10:16) ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ എന്ന ദൈവദത്ത പ്രത്യാശയോടെ, ഇപ്പോഴത്തെ പഴയ ലോകം ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിനു വഴിമാറാൻ പോകുന്ന ഈ കാലഘട്ടത്തിൽ സാക്ഷ്യം നൽകുന്നതിൽ അവർ സന്തോഷപൂർവം അഭിഷിക്തശേഷിപ്പിനെ പിന്തുണയ്ക്കുന്നു.—2 പത്രൊസ് 3:5-13.
7. ബൈബിൾ വിദ്യാർഥികൾക്ക് ഏതു കൊയ്ത്തുവേലയിലായിരുന്നു താത്പര്യം, എന്നാൽ പറുദീസയെക്കുറിച്ച് അവർക്കെന്ത് അറിയാമായിരുന്നു?
7 പൊ.യു. 33-ലെ പെന്തക്കോസ്തിൽ പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട് ദൈവം ‘അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കാൻ’ തുടങ്ങി. മൊത്തം 1,44,000 വരുന്ന “ദൈവത്തിന്റെ” ആത്മീയ “യിസ്രായേലി”ന്റെ അംഗസംഖ്യ തികയുന്നതിന് ദൈവം ഒരു സമയം നിശ്ചയിച്ചിരുന്നുവെന്നതു വ്യക്തമാണ്. (എബ്രായർ 2:10; ഗലാത്യർ 6:16; വെളിപ്പാടു 7:1-8) 1879 മുതൽ, അഭിഷിക്ത ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട ഒരു കൊയ്ത്തുവേലയെക്കുറിച്ച് ഈ മാസികയിൽ ആവർത്തിച്ചു പരാമർശിക്കുന്നുണ്ടായിരുന്നു. എന്നാൽ ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയും തിരുവെഴുത്തുകൾ വെച്ചുനീട്ടുന്നുണ്ടെന്നു ബൈബിൾ വിദ്യാർഥികൾക്ക് (ഇപ്പോൾ യഹോവയുടെ സാക്ഷികൾ എന്നു വിളിക്കപ്പെടുന്നവർക്ക്) അറിയാമായിരുന്നു. ഉദാഹരണത്തിന്, 1883 ജൂലൈ ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിച്ചു: “രാജ്യം സ്ഥാപിക്കുക, ദുഷ്ടതയ്ക്ക് അറുതിവരുത്തുക ഇത്യാദി കാര്യങ്ങൾ യേശു നിർവഹിച്ചുകഴിയുമ്പോൾ, ഈ ഭൂമി ഒരു പറുദീസ ആയിത്തീരും, . . . ശവക്കല്ലറകളിലുള്ളവരെല്ലാം അതിലേക്കു വരും. അവിടത്തെ നിയമങ്ങൾ അനുസരിക്കുന്നെങ്കിൽ, അതിലവർക്ക് എന്നേക്കും ജീവിക്കാവുന്നതാണ്.” സമയം കടന്നുപോയതോടെ, അഭിഷിക്തരുടെ കൊയ്ത്ത് കുറഞ്ഞുവന്നു. ക്രമേണ, സ്വർഗീയ പ്രത്യാശയില്ലാത്ത വ്യക്തികളെ യഹോവയുടെ സ്ഥാപനത്തിലേക്കു കൂട്ടിവരുത്താൻ തുടങ്ങുകയും ചെയ്തു. അതിനിടെ, ദൈവം തന്റെ അഭിഷിക്ത ദാസന്മാർക്ക്, വീണ്ടും ജനിച്ച ക്രിസ്ത്യാനികൾക്ക്, ശ്രദ്ധേയമായ ഉൾക്കാഴ്ച നൽകി.—ദാനീയേൽ 12:3; ഫിലിപ്പിയർ 2:15; വെളിപ്പാടു 14:15, 16.
8. 1930-കളുടെ ആദ്യ പാദത്തിൽ ഭൗമിക പ്രത്യാശ സംബന്ധിച്ച ഗ്രാഹ്യം വികാസം പ്രാപിച്ചതെങ്ങനെ?
8 ഭൗമികപ്രത്യാശയുള്ളവർ പ്രത്യേകിച്ചും 1931 മുതൽ ക്രിസ്തീയ സഭയോടൊത്തു സഹവസിച്ചുകൊണ്ടിരിക്കുകയാണ്. ആ വർഷം, യഹോവ ആത്മജാത ക്രിസ്ത്യാനികളുടെ ശേഷിപ്പിന് യെഹെസ്കേൽ 9-ാം അധ്യായത്തെക്കുറിച്ച് പ്രബുദ്ധത നൽകി. അങ്ങനെ അത് ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് അതിജീവിക്കാൻ അടയാളമിടപ്പെടുന്ന ഭൗമികവർഗത്തെ സൂചിപ്പിക്കുന്നുവെന്ന് അവർ മനസ്സിലാക്കി. യേഹൂവിന്റെ സഹകാരിയായിരുന്ന യോനാദാബ് (യഹോനാദാബ്) ഈ ആധുനികകാല ചെമ്മരിയാടുതുല്യരെ മുൻനിഴലാക്കിയെന്ന് 1932-ൽ നിഗമനത്തിലെത്തിച്ചേർന്നു. (2 രാജാക്കന്മാർ 10:15-17) യോനാദാബുവർഗക്കാർ തങ്ങളെത്തന്നെ ദൈവത്തിനായി “മാറ്റിവെക്ക”ണമെന്ന്, അഥവാ അവനു സമർപ്പിക്കണമെന്ന് 1934-ൽ വ്യക്തമാക്കപ്പെട്ടു. സ്വർഗത്തിൽ ക്രിസ്തുവിന്റെ മണവാട്ടിയുടെ “സഹകാരികളാ”യ ഒരു ആത്മീയ ഉപവർഗമായിരിക്കുമെന്ന് അതുവരെ കരുതപ്പെട്ടിരുന്ന “മഹാപുരുഷാരം” ഭൗമിക പ്രത്യാശയുള്ള വേറെ ആടുകളാണെന്ന് 1935-ൽ തിരിച്ചറിയിക്കപ്പെട്ടു. (വെളിപ്പാടു 7:4-15; 21:2, 9; സങ്കീർത്തനം 45:14, 15) വിശേഷിച്ചും 1935 മുതൽ അഭിഷിക്തർ, പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാൻ വാഞ്ഛിക്കുന്ന പരമാർഥഹൃദയരായ ആളുകൾക്കായുള്ള അന്വേഷണത്തിനു നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണ്.
9. 1935-നുശേഷം, കർത്താവിന്റെ സന്ധ്യാഭക്ഷണവേളയിൽ ചില ക്രിസ്ത്യാനികൾ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നതു നിർത്തിയത് എന്തുകൊണ്ട്?
9 കർത്താവിന്റെ സന്ധ്യാഭക്ഷണവേളയിൽ അപ്പവീഞ്ഞുകളിൽ പങ്കുപറ്റിയിരുന്ന ചില ക്രിസ്ത്യാനികൾ 1935-നുശേഷം അതു നിർത്തി. എന്തുകൊണ്ട്? എന്തെന്നാൽ തങ്ങൾക്കു സ്വർഗീയ പ്രത്യാശയല്ല, ഭൗമിക പ്രത്യാശയാണുള്ളതെന്ന് അവർ തിരിച്ചറിഞ്ഞു. 1930-ൽ സ്നാപനമേറ്റ ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “[പങ്കുപറ്റൽ] തീക്ഷ്ണതയുള്ള മുഴുസമയ ശുശ്രൂഷകരുടെ കാര്യത്തിൽ വിശേഷിച്ചും, ശരിയായ സംഗതിയായി കരുതപ്പെട്ടിരുന്നെങ്കിലും എനിക്ക് സ്വർഗീയ പ്രത്യാശയാണുള്ളതെന്ന ബോധ്യം എനിക്കൊരിക്കലുമുണ്ടായിരുന്നില്ല. പിന്നീട്, ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുള്ള ഒരു മഹാപുരുഷാരം കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് 1935-ൽ വ്യക്തമാക്കപ്പെട്ടു. ഞങ്ങൾ ആ മഹാപുരുഷാരത്തിന്റെ ഭാഗമാണെന്ന് മനസ്സിലായപ്പോൾ ഞങ്ങളിലനേകരും അതിയായി സന്തോഷിച്ചു, ഞങ്ങൾ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നത് നിർത്തുകയും ചെയ്തു.” ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ മട്ടും ഭാവവും മാറിവന്നു. അതുവരെ അവ മുഖ്യമായും യേശുവിന്റെ ആത്മജാത അനുഗാമികൾക്കുവേണ്ടിയാണു രൂപകൽപ്പന ചെയ്തിരുന്നതെങ്കിൽ, 1935 മുതൽ ‘വിശ്വസ്തനായ അടിമ’യുടെ വീക്ഷാഗോപുരവും മറ്റു സാഹിത്യങ്ങളും അഭിഷിക്തരുടെയും ഭൗമിക പ്രത്യാശയുള്ള അവരുടെ സഹകാരികളുടെയും ആവശ്യങ്ങൾക്കനുയോജ്യമായ ആത്മീയ ഭക്ഷണം പ്രദാനം ചെയ്യാൻ തുടങ്ങി.—മത്തായി 24:45-47, NW.
10. അവിശ്വസ്തനായ ഒരു അഭിഷിക്തന്റെ സ്ഥാനത്ത് മറ്റൊരാളെ ആക്കിയേക്കാവുന്നതെങ്ങനെ?
10 ഒരു അഭിഷിക്തൻ അവിശ്വസ്തനായിത്തീരുന്നുവെന്നിരിക്കട്ടെ. അയാളുടെ സ്ഥാനത്ത് മറ്റാരെയെങ്കിലും ആക്കുമോ? പ്രതീകാത്മക ഒലിവ് മരത്തെക്കുറിച്ചുള്ള ചർച്ചയിൽ പൗലൊസ് അതുതന്നെയാണ് സൂചിപ്പിച്ചത്. (റോമർ 11:11-32) ഒരു ആത്മജാതന്റെ സ്ഥാനത്ത് മറ്റൊരാളെ ആക്കേണ്ടിവരുമ്പോൾ, സാധ്യതയനുസരിച്ച് അനേകവർഷം ദൈവത്തിനു വിശുദ്ധസേവനം അർപ്പിച്ച് മാതൃകായോഗ്യമായ വിശ്വാസം പ്രകടമാക്കിയിട്ടുള്ള ആർക്കെങ്കിലുമായിരിക്കും അവൻ സ്വർഗീയ വിളി നൽകുക.—ലൂക്കൊസ് 22:28, 29; 1 പത്രൊസ് 1:6, 7 എന്നിവ താരതമ്യം ചെയ്യുക.
കൃതജ്ഞതയ്ക്ക് അനേകം കാരണങ്ങൾ
11. നമ്മുടെ പ്രത്യാശ എന്തായിരുന്നാലും, യാക്കോബ് 1:17 നമുക്ക് എന്ത് ഉറപ്പുനൽകുന്നു?
11 നാം വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്നത് എവിടെയായിരുന്നാലും, അവൻ നമ്മുടെ ആവശ്യങ്ങളും ശരിയായ ആഗ്രഹങ്ങളും നിവർത്തിച്ചുതരും. (സങ്കീർത്തനം 145:16; ലൂക്കൊസ് 1:67-74) നമുക്കുള്ളത് യഥാർഥ സ്വർഗീയ പ്രത്യാശയായാലും ഭൗമിക പ്രത്യാശയായാലും, ദൈവത്തോടു കൃതജ്ഞതയുള്ളവരായിരിക്കാൻ നമുക്ക് ഈടുറ്റ കാരണങ്ങളുണ്ട്. തന്നെ സ്നേഹിക്കുന്നവരുടെ പരമാവധി പ്രയോജനം കണക്കിലെടുത്തുകൊണ്ടാണ് അവൻ എപ്പോഴും പ്രവർത്തിക്കുന്നത്. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവാ”യ യഹോവയാം ദൈവത്തിൽനിന്നു വരുന്നുവെന്നു ശിഷ്യനായ യാക്കോബ് പറഞ്ഞു. (യാക്കോബ് 1:17) നമുക്ക് അതിൽ ഏതാനും ചില ദാനങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ചു ചിന്തിക്കാം.
12. യഹോവ തന്റെ വിശ്വസ്ത ദാസന്മാർക്ക് ഓരോരുത്തർക്കും ഒരു മഹത്തായ പ്രത്യാശ നൽകിയിരിക്കുന്നുവെന്നു നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
12 യഹോവ തന്റെ വിശ്വസ്ത ദാസന്മാർക്ക് ഓരോരുത്തർക്കും ഒരു മഹത്തായ പ്രത്യാശ നൽകിയിരിക്കുന്നു. ചിലരെ അവൻ സ്വർഗീയ ജീവനിലേക്കു വിളിച്ചിരിക്കുന്നു. യഹോവ തന്റെ ക്രിസ്തീയപൂർവ സാക്ഷികൾക്കു ഭൂമിയിലെ നിത്യജീവൻ പ്രാപിക്കുന്നതിനുള്ള വിശിഷ്ടമായ പുനരുത്ഥാനപ്രത്യാശ നൽകി. ഉദാഹരണത്തിന്, അബ്രാഹാം പുനരുത്ഥാനത്തിൽ വിശ്വാസം പ്രകടമാക്കുകയും തനിക്ക് ഏതു സ്വർഗീയ രാജ്യത്തിൻ കീഴിലാണോ ഭൗമിക ജീവനിലേക്കു പുനരുത്ഥാനം ലഭിക്കാനിരിക്കുന്നത് ആ രാജ്യത്തിനായി, യഥാർഥ ‘അടിസ്ഥാനങ്ങളുള്ള നഗര’ത്തിനായി, കാത്തിരിക്കുകയും ചെയ്തു. (എബ്രായർ 11:10, 17-19) ഒരിക്കൽക്കൂടെ, ഈ അന്ത്യകാലത്ത് ദൈവം ദശലക്ഷക്കണക്കിനാളുകൾക്ക് പറുദീസാഭൂമിയിൽ നിത്യമായി ജീവിക്കുന്നതിനുള്ള പ്രത്യാശ വെച്ചുനീട്ടുകയാണ്. (ലൂക്കൊസ് 23:43; യോഹന്നാൻ 17:3) തീർച്ചയായും, യഹോവ അത്തരം മഹത്തായ പ്രത്യാശ നൽകിയിട്ടുള്ള ഏതൊരാൾക്കും അതിനെപ്രതി അവനോട് ആഴമായ കൃതജ്ഞത തോന്നണം.
13. ദൈവത്തിന്റെ ജനത്തിന്റെമേൽ അവന്റെ പരിശുദ്ധാത്മാവ് പ്രവർത്തിച്ചിരിക്കുന്നതെങ്ങനെ?
13 യഹോവ തന്റെ ജനത്തിനു പരിശുദ്ധാത്മാവിനെ ദാനമായി നൽകുന്നു. സ്വർഗീയ പ്രത്യാശ ലഭിച്ച ക്രിസ്ത്യാനികൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നു. (1 യോഹന്നാൻ 2:20; 5:1-4, 18) എന്നാൽ, ഭൗമിക പ്രത്യാശയുള്ള ദൈവദാസർക്ക് ആ ആത്മാവിന്റെ സഹായവും വഴിനടത്തിപ്പുമുണ്ട്. ഇക്കൂട്ടരിൽപ്പെട്ടവനാണ് മോശ; അവനും അവന്റെ സഹായത്തിനായി നിയമിതരായ 70 പുരുഷന്മാർക്കും യഹോവയുടെ ആത്മാവുണ്ടായിരുന്നു. (സംഖ്യാപുസ്തകം 11:24, 25) പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻകീഴിൽ, ഇസ്രായേലിന്റെ സമാഗമനകൂടാരത്തോടുള്ള ബന്ധത്തിൽ ബെസലേൽ ഒരു വിദഗ്ധ ശിൽപ്പിയായി സേവിച്ചു. (പുറപ്പാടു 31:1-11) ഗിദെയോൻ, യിഫ്താഹ്, ശിംശോൻ, ദാവീദ്, ഏലീയാവ്, എലീശാ എന്നിങ്ങനെ മറ്റുപലരുടെയുംമേൽ ദൈവാത്മാവു വന്നു. പുരാതന നാളിലെ ഈ വ്യക്തികൾ സ്വർഗീയ മഹത്ത്വത്തിലേക്ക് ഒരിക്കലും വരുത്തപ്പെടുകയില്ലെങ്കിലും അവർ, യേശുവിന്റെ ഇന്നത്തെ വേറെ ആടുകളെപ്പോലെ, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയും സഹായിക്കപ്പെടുകയും ചെയ്തവരായിരുന്നു. അതുകൊണ്ട്, ദൈവത്തിന്റെ ആത്മാവുണ്ടെന്നത് നമുക്ക് അവശ്യം സ്വർഗീയ വിളിയുണ്ടെന്ന് അർഥമാക്കുന്നില്ല. എന്നിരുന്നാലും, യഹോവയുടെ ആത്മാവ് നമുക്ക് മാർഗനിർദേശം നൽകുന്നു, പ്രസംഗിക്കാനും മറ്റു ദൈവദത്ത നിയമനങ്ങൾ നിറവേറ്റാനും നമ്മെ സഹായിക്കുന്നു, സാധാരണയിൽ കവിഞ്ഞ ശക്തി പ്രദാനം ചെയ്യുന്നു, നമ്മിൽ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ള അതിന്റെ ഫലം ഉളവാക്കുന്നു. (യോഹന്നാൻ 16:13; പ്രവൃത്തികൾ 1:8; 2 കൊരിന്ത്യർ 4:7-10; ഗലാത്യർ 5:22, 23) ദൈവത്തിൽനിന്നുള്ള ഈ ദിവ്യദാനത്തിനു നാം കൃതജ്ഞതയുള്ളവരായിരിക്കേണ്ടതല്ലേ?
14. അറിവും ജ്ഞാനവുമെന്ന ദൈവദാനങ്ങളിൽനിന്നു നമുക്കു പ്രയോജനമുണ്ടാകുന്നതെങ്ങനെ?
14 നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയിരുന്നാലും അറിവും ജ്ഞാനവും ദൈവദാനങ്ങളാണ്, അതിനു നാം കൃതജ്ഞതയുള്ളവരായിരിക്കണം. യഹോവയെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്താനും” ‘യഹോവയെ പൂർണമായി പ്രസാദിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ അവനു യോഗ്യമാംവിധം നടക്കാ’നും നമ്മെ സഹായിക്കുന്നു. (ഫിലിപ്പിയർ 1:9-11; കൊലൊസ്സ്യർ 1:9, 10, NW) ദൈവിക ജ്ഞാനം ജീവിതത്തിൽ ഒരു സംരക്ഷണവും വഴികാട്ടിയുമായി വർത്തിക്കുന്നു. (സദൃശവാക്യങ്ങൾ 4:5-7; സഭാപ്രസംഗി 7:12) ശരിയായ അറിവും ജ്ഞാനവും ദൈവവചനത്തിൽ അധിഷ്ഠിതമാണ്. സ്വർഗീയ പ്രത്യാശയെക്കുറിച്ച് അതു പറയുന്നതിൽ അഭിഷിക്തരിലെ ഏതാനും വരുന്ന ശേഷിപ്പ് വിശേഷാൽ ആകൃഷ്ടരായിത്തീരുന്നു. എന്നിരുന്നാലും, ദൈവവചനത്തോടുള്ള സ്നേഹവും അതിനെക്കുറിച്ചുള്ള നല്ല ഗ്രാഹ്യവും നാം സ്വർഗീയ ജീവനിലേക്കു വിളിക്കപ്പെട്ടിട്ടുണ്ടെന്നു ദൈവം സൂചിപ്പിക്കുന്ന വിധമാകുന്നില്ല. മോശയെയും ദാനീയേലിനെയുംപോലുള്ള പുരുഷന്മാർ ബൈബിളിന്റെ ഭാഗങ്ങൾ എഴുതുകപോലും ചെയ്തിട്ടുണ്ടെങ്കിലും, അവർ ഭൂമിയിലെ ജീവനിലേക്കാണു പുനരുത്ഥാനം ചെയ്യപ്പെടുക. നമ്മുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയിരുന്നാലും, നമുക്കെല്ലാവർക്കും യഹോവയുടെ അംഗീകൃത “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ആത്മീയ ഭക്ഷണം ലഭിക്കുന്നു. (മത്തായി 24:45-47, NW) അങ്ങനെ ലഭിച്ചിരിക്കുന്ന പരിജ്ഞാനത്തിനു നാമെല്ലാം എത്ര കൃതജ്ഞതയുള്ളവരാണ്!
15. ദൈവത്തിന്റെ ഏറ്റവും വലിയ ദാനങ്ങളിലൊന്ന് ഏതാണ്, അതിനെ നിങ്ങളെങ്ങനെ വീക്ഷിക്കുന്നു?
15 ദൈവത്തിന്റെ ഏറ്റവും വലിയ ദാനങ്ങളിലൊന്ന് യേശുവിന്റെ മറുവിലയാഗമെന്ന സ്നേഹപൂർവകമായ കരുതലാണ്, നമ്മുടെ പ്രത്യാശ സ്വർഗീയമായിരുന്നാലും ഭൗമികമായിരുന്നാലും അതു നമുക്കു പ്രയോജനം ചെയ്യുന്നു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം” മനുഷ്യവർഗലോകത്തെ സ്നേഹിച്ചു. (യോഹന്നാൻ 3:16) സ്നേഹത്താൽ പ്രേരിതനായി യേശു “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടു”ത്തു. (മത്തായി 20:28) യോഹന്നാൻ അപ്പോസ്തലൻ വിശദമാക്കിയതുപോലെ, യേശുക്രിസ്തു “നമ്മുടെ [അഭിഷിക്തരുടെ] പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1 യോഹന്നാൻ 2:1, 2) അതുകൊണ്ട്, രക്ഷ പ്രാപിച്ച് നിത്യജീവൻ ലഭിക്കാനിടയാക്കുന്ന ഈ സ്നേഹപൂർവക കരുതലിനു നാമെല്ലാവരും ആഴമായ കൃതജ്ഞതയുള്ളവരായിരിക്കണം.b
നിങ്ങൾ സന്നിഹിതനായിരിക്കുമോ?
16. 1998 ഏപ്രിൽ 11-ന് സൂര്യാസ്തമയശേഷം ഏതു വിശേഷ സംഭവത്തിന്റെ സ്മാരകം കൊണ്ടാടും, ആർ സന്നിഹിതരായിരിക്കണം?
16 1998 ഏപ്രിൽ 11-ന് സൂര്യാസ്തമയശേഷം യഹോവയുടെ സാക്ഷികൾ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം കൊണ്ടാടുവാൻ രാജ്യഹാളുകളിലോ മറ്റു സ്ഥലങ്ങളിലോ കൂടിവരുന്നതായിരിക്കും. തന്റെ പുത്രനിലൂടെ ദൈവം പ്രദാനംചെയ്തിരിക്കുന്ന മറുവിലയോടുള്ള കൃതജ്ഞത നമ്മെ അവിടെ സന്നിഹിതരായിരിക്കാൻ പ്രേരിപ്പിക്കേണ്ടതാണ്. തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന രാത്രിയിൽ വിശ്വസ്ത അപ്പോസ്തലന്മാരുമൊത്ത് ഈ ആചരണം ഏർപ്പെടുത്തിയപ്പോൾ യേശു പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (ലൂക്കൊസ് 22:19, 20; മത്തായി 26:26-30) ശേഷിച്ചിരിക്കുന്ന അഭിഷിക്തരായ ഏതാനുംപേർ യേശുവിന്റെ പാപരഹിത മനുഷ്യശരീരത്തെ പ്രതിനിധാനം ചെയ്യുന്ന പുളിപ്പില്ലാത്ത അപ്പത്തിലും ബലിയിൽ ചിന്തിയ അവന്റെ രക്തത്തെ പ്രതിനിധാനം ചെയ്യുന്ന മായമില്ലാത്ത ചുവന്ന വീഞ്ഞിലും പങ്കുപറ്റും. ആത്മജാത ക്രിസ്ത്യാനികൾ മാത്രമേ അതിൽ പങ്കുപറ്റാവൂ. കാരണം പുതിയ ഉടമ്പടിയിലും രാജ്യ ഉടമ്പടിയിലും ഉൾപ്പെട്ടിരിക്കുന്നത് അവരാണ്. തങ്ങളുടേത് സ്വർഗീയ പ്രത്യാശയാണെന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സംശയാതീതമായ സാക്ഷ്യം അവർക്കുണ്ട്. നിത്യജീവൻ സാധ്യമാക്കുന്ന യേശുവിന്റെ ബലിയോടുള്ള ബന്ധത്തിൽ ദൈവവും ക്രിസ്തുവും പ്രകടമാക്കിയ സ്നേഹത്തോടു കൃതജ്ഞതയുള്ള ദശലക്ഷക്കണക്കിനുവരുന്ന മറ്റുള്ളവർ ആദരവോടെ നിരീക്ഷകരായി സന്നിഹിതരായിരിക്കും.—റോമർ 6:23.
17. ആത്മാഭിഷേകത്തിന്റെ കാര്യത്തിൽ നാം എന്ത് ഓർത്തിരിക്കണം?
17 മുൻ മതവിശ്വാസങ്ങളോ പ്രിയപ്പെട്ട ഒരാളുടെ മരണത്തെത്തുടർന്നുള്ള ശക്തമായ വികാരങ്ങളോ ഭൂമിയിലെ ഇപ്പോഴത്തെ ജീവിതവുമായി ബന്ധപ്പെട്ട പ്രയാസങ്ങളോ യഹോവയിൽനിന്ന് ഏതോ പ്രത്യേക അനുഗ്രഹം ലഭിച്ചിരിക്കുന്നുവെന്ന തോന്നലോ നിമിത്തം തങ്ങൾക്കു സ്വർഗീയ പ്രത്യാശയാണുള്ളതെന്നു ചിലർ തെറ്റായി നിഗമനം ചെയ്തേക്കാം. എന്നാൽ ക്രിസ്തുവിന്റെ മറുവിലയാഗത്തോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ നാം സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റണമെന്നു തിരുവെഴുത്തുകൾ കൽപ്പിക്കുന്നില്ലെന്ന് നാമെല്ലാം ഓർക്കേണ്ടതുണ്ട്. തന്നെയുമല്ല, ആത്മാഭിഷേകം “ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവ”ത്താലാണ്, യേശുവിനെ ആത്മീയ പുത്രനായി ജനിപ്പിച്ചവനും 1,44,000 മറ്റു പുത്രന്മാരെ മാത്രം മഹത്ത്വത്തിലേക്കു നയിക്കുന്നവനുമായവനാലാണ് സംഭവിക്കുന്നത്.—റോമർ 9:16; യെശയ്യാവു 64:8.
18. ഇന്നു യഹോവയെ സേവിക്കുന്ന മിക്കവർക്കും എന്തെല്ലാം അനുഗ്രഹങ്ങളാണ് ലഭിക്കാനിരിക്കുന്നത്?
18 ഈ അന്ത്യനാളുകളിൽ യഹോവയെ സേവിക്കുന്ന മനുഷ്യരിൽ മിക്കവർക്കുമുള്ള ദൈവദത്ത പ്രത്യാശ പറുദീസാഭൂമിയിലെ നിത്യജീവനാണ്. (2 തിമൊഥെയൊസ് 3:1-5) ഉടനെ, അവർ ഈ വിസ്മയാവഹമായ പറുദീസ ആസ്വദിക്കും. സ്വർഗീയ ഭരണത്തിൻകീഴിൽ പ്രഭുക്കന്മാർ ഭൗമികകാര്യങ്ങൾക്കു നേതൃത്വം നൽകും. (സങ്കീർത്തനം 45:16) ഭൂവാസികൾ ദൈവനിയമങ്ങളോടു യോജിപ്പിൽ പ്രവർത്തിക്കുകയും യഹോവയുടെ വഴികളെക്കുറിച്ചു കൂടുതൽ പഠിക്കുകയും ചെയ്യുമ്പോൾ സമാധാനപൂർണമായ അവസ്ഥകൾ നിലനിൽക്കും. (യെശയ്യാവു 9:6, 7; വെളിപ്പാടു 20:12) ഭവനനിർമാണത്തോടും ഭൂമിയെ അധീനമാക്കുന്നതിനോടും ബന്ധപ്പെട്ട് ഏറെ വേലകൾ ചെയ്യാനുണ്ടാകും. (യെശയ്യാവു 65:17-25) മരിച്ചവർ ജീവനിലേക്കു തിരിച്ചുവരുമ്പോഴത്തെ സന്തുഷ്ടമായ കുടുംബ പുനഃസമാഗമങ്ങളെക്കുറിച്ചു ചിന്തിക്കുക! (യോഹന്നാൻ 5:28, 29) അന്തിമ പരിശോധനയ്ക്കുശേഷം, എല്ലാ ദുഷ്ടതയും പൊയ്പ്പോയിരിക്കും. (വെളിപ്പാടു 20:7-10) അതിനുശേഷം ‘ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും’ ചെയ്യുന്ന പൂർണ മനുഷ്യരെക്കൊണ്ടു ഭൂമി എക്കാലവും നിറഞ്ഞിരിക്കും.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 1, 225-6 പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ‘ജീവജലം സൗജന്യമായി വാങ്ങുക’ എന്നതിന്റെ അർഥമെന്ത്?
□ നമ്മുടെ പ്രത്യാശ സ്വർഗീയമായിരുന്നാലും ഭൗമികമായിരുന്നാലും, ദൈവത്തോടു കൃതജ്ഞതയുള്ളവരായിരിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?
□ ഏതു വാർഷിക ആചരണത്തിൽ നാമെല്ലാം സംബന്ധിക്കണം?
□ യഹോവയുടെ ജനത്തിൽ മിക്കവർക്കും ഭാവി എന്തു കൈവരുത്തും?
[18-ാം പേജിലെ ചിത്രം]
ദശലക്ഷക്കണക്കിനാളുകൾ ‘ജീവജലം സൗജന്യമായി വാങ്ങാ’നാരംഭിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ നിങ്ങളുമുണ്ടോ?