പാഠം 39
രക്തത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം
രക്തം അമൂല്യമാണ്! ജീവൻ നിലനിറുത്താൻ രക്തം കൂടിയേ തീരൂ. നമ്മളെ സൃഷ്ടിച്ച ദൈവത്തിനാണ് രക്തം എങ്ങനെ ഉപയോഗിക്കണം എന്നു പറയാനുള്ള അവകാശമുള്ളത്. രക്തത്തെക്കുറിച്ച് ദൈവം എന്താണു പറയുന്നത്? രക്തം സ്വീകരിക്കാനോ കൊടുക്കാനോ രക്തം അടങ്ങിയ ഭക്ഷണം കഴിക്കാനോ നമുക്കു കഴിയുമോ? ഇക്കാര്യത്തിൽ ദൈവത്തിന് ഇഷ്ടപ്പെടുന്ന വിധത്തിൽ തീരുമാനങ്ങളെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
1. രക്തത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണ്?
യഹോവ തന്റെ ആരാധകരോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “എല്ലാ ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്.” (ലേവ്യ 17:14) രക്തത്തെ ജീവൻതന്നെയായിട്ടാണ് യഹോവ കാണുന്നത്. ജീവൻ ദൈവത്തിന്റെ പവിത്രമായ ഒരു സമ്മാനമാണ്. അതുകൊണ്ട് രക്തവും പവിത്രമാണ്.
2. രക്തത്തിന്റെ ഏത് ഉപയോഗമാണ് ദൈവം വിലക്കിയിരിക്കുന്നത്?
നോഹയുടെ നാളിലെ പ്രളയത്തിനു ശേഷം, രക്തം ഭക്ഷിക്കരുത് എന്ന് യഹോവ തന്റെ ആരാധകർക്കു കല്പന കൊടുത്തു. പിന്നീട്, ഇസ്രായേൽ ജനതയോടു ദൈവം ആ കല്പന ആവർത്തിച്ചു. (ഉൽപത്തി 9:4; ലേവ്യ 17:10 എന്നീ വാക്യങ്ങൾ വായിക്കുക.) ക്രിസ്തീയസഭ സ്ഥാപിതമായതിനു ശേഷവും യഹോവ അന്നത്തെ ഭരണസംഘത്തിലൂടെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ നിർദേശം നൽകി: ‘രക്തം ഒഴിവാക്കുക.’—പ്രവൃത്തികൾ 15:28, 29 വായിക്കുക.
രക്തം ഒഴിവാക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥം? ഒരു ഉദാഹരണം നോക്കാം. ഡോക്ടർ നിങ്ങളോടു മദ്യം ഒഴിവാക്കാൻ പറയുകയാണെന്നു കരുതുക. പിന്നെ നിങ്ങൾ മദ്യം കുടിക്കില്ല, അല്ലേ? എന്നാൽ മദ്യം അടങ്ങിയ ഭക്ഷണം കഴിക്കുകയോ ഞരമ്പിലൂടെ മദ്യം കയറ്റുകയോ ചെയ്യുമോ? ഇല്ല. ഇതുപോലെ രക്തം ഒഴിവാക്കുക എന്നു പറഞ്ഞാൽ, രക്തം കുടിക്കുകയോ രക്തം കളയാത്ത മാംസം കഴിക്കുകയോ ചെയ്യരുത് എന്നാണ് അർഥം. കൂടാതെ രക്തം അടങ്ങിയിട്ടുള്ള ഭക്ഷണവും നമ്മൾ ഒഴിവാക്കണം.
ചികിത്സയ്ക്കുവേണ്ടി രക്തം ഉപയോഗിക്കുന്ന കാര്യമോ? രക്തം ഉൾപ്പെട്ട ചില ചികിത്സാരീതികൾ വ്യക്തമായും ദൈവനിയമം ലംഘിക്കുന്നവയാണ്. അതിന് ഉദാഹരണമാണ്, രക്തമോ അതിന്റെ ഏതെങ്കിലും പ്രധാന ഘടകങ്ങളോ ശരീരത്തിൽ കയറ്റുന്ന ചികിത്സകൾ. (ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിവയാണു രക്തത്തിലെ പ്രധാന ഘടകങ്ങൾ.) എന്നാൽ ചില ചികിത്സാരീതികൾ ദൈവനിയമം ലംഘിക്കുന്നതാണോ അല്ലയോ എന്നു നമുക്കു കൃത്യമായി പറയാൻ കഴിയില്ല. ഉദാഹരണത്തിന്, രക്തത്തിന്റെ ഏതെങ്കിലും ഒരു പ്രധാന ഘടകത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഘടകാംശങ്ങൾ ഉപയോഗിക്കുന്ന ചില ചികിത്സാരീതികൾ. കൂടാതെ, രോഗിയുടെതന്നെ രക്തം ഉപയോഗിക്കുന്ന ചില ചികിത്സാരീതികളും അതിൽപ്പെടുന്നു. ചികിത്സയോടു ബന്ധപ്പെട്ട ഇക്കാര്യങ്ങളെല്ലാം നന്നായി ആലോചിച്ച് ഓരോരുത്തരും സ്വന്തമായി തീരുമാനമെടുക്കണം.a—ഗലാത്യർ 6:5.
ആഴത്തിൽ പഠിക്കാൻ
രക്തത്തോടു ബന്ധപ്പെട്ട ചികിത്സാരീതികൾ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ എങ്ങനെ നല്ല തീരുമാനമെടുക്കാമെന്നു നോക്കാം.
3. യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുക
ചികിത്സാരീതികൾ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ യഹോവയുടെ ഇഷ്ടമനുസരിച്ച് നമുക്ക് എങ്ങനെ തീരുമാനമെടുക്കാം? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുക.
ജ്ഞാനത്തിനുവേണ്ടി പ്രാർഥിക്കുക.—യാക്കോബ് 1:5.
ബൈബിൾതത്ത്വങ്ങളെക്കുറിച്ചും അവ എങ്ങനെ ബാധകമാക്കാം എന്നതിനെക്കുറിച്ചും മനസ്സിലാക്കുക.—സുഭാഷിതങ്ങൾ 13:16.
ലഭ്യമായ ചികിത്സാരീതികൾ അന്വേഷിച്ചറിയുക.
അതിൽ നിങ്ങൾക്കു സ്വീകരിക്കാൻ പറ്റാത്തവ ഏതൊക്കെയാണെന്നു മനസ്സിലാക്കുക.
മനസ്സാക്ഷി പിന്നീട് നിങ്ങളെ കുറ്റപ്പെടുത്തില്ല എന്ന് ഉറപ്പുള്ള തീരുമാനമെടുക്കുക.—പ്രവൃത്തികൾ 24:16.b
മനസ്സാക്ഷിയനുസരിച്ച് എടുക്കേണ്ട ഇത്തരം തീരുമാനങ്ങൾ നിങ്ങൾതന്നെയാണ് എടുക്കേണ്ടത്. നിങ്ങൾക്കുവേണ്ടി ഭാര്യയോ ഭർത്താവോ സഭയിലെ മൂപ്പനോ നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോ ആരും തീരുമാനമെടുക്കില്ല.—റോമർ 14:12.
നിങ്ങൾ എടുത്ത തീരുമാനം എഴുതിവെക്കുക.
4. യഹോവയുടെ സാക്ഷികൾ ഏറ്റവും നല്ല ചികിത്സ തേടുന്നു
രക്തത്തോടു ബന്ധപ്പെട്ട ദൈവനിയമങ്ങൾ ലംഘിക്കാതെതന്നെ നമുക്കു നല്ല ചികിത്സ നേടാൻ കഴിയും. വീഡിയോ കാണുക.
തീത്തോസ് 3:2 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഡോക്ടർമാരോട് എപ്പോഴും ആദരവോടെയും ശാന്തമായും സംസാരിക്കേണ്ടത് എന്തുകൊണ്ട്?
സ്വീകരിക്കാൻ പറ്റാത്തത് |
വ്യക്തിപരമായി തീരുമാനിക്കേണ്ടത് |
---|---|
A. രക്തത്തിലെ പ്ലാസ്മ |
പ്ലാസ്മയിൽനിന്നുള്ള ഘടകാംശങ്ങൾ |
B. വെളുത്ത രക്താണുക്കൾ |
വെളുത്ത രക്താണുക്കളിൽനിന്നുള്ള ഘടകാംശങ്ങൾ |
C. പ്ലേറ്റ്ലെറ്റുകൾ |
പ്ലേറ്റ്ലെറ്റുകളിൽനിന്നുള്ള ഘടകാംശങ്ങൾ |
D. ചുവന്ന രക്താണുക്കൾ |
ചുവന്ന രക്താണുക്കളിൽനിന്നുള്ള ഘടകാംശങ്ങൾ |
5. രക്തത്തിന്റെ ഘടകാംശങ്ങൾ ഉൾപ്പെടുന്ന ചികിത്സാരീതികൾ
ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിവയാണ് രക്തത്തിന്റെ നാലു പ്രധാന ഘടകങ്ങൾ. ഈ പ്രധാന ഘടകങ്ങളിൽ പല ഘടകാംശങ്ങളും അടങ്ങിയിട്ടുണ്ട്.c രോഗങ്ങളെ ചെറുക്കാനും രക്തം നഷ്ടപ്പെടുന്നതു കുറയ്ക്കാനും സഹായിക്കുന്ന മരുന്നുകളിൽ ഈ ഘടകാംശങ്ങൾ ഉപയോഗിക്കാറുണ്ട്.
രക്തത്തിന്റെ ഘടകാംശങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഓരോ ക്രിസ്ത്യാനിയും ബൈബിൾപരിശീലിത മനസ്സാക്ഷിയനുസരിച്ച് തീരുമാനമെടുക്കണം. രക്തത്തിന്റെ ഘടകാംശങ്ങൾ ഉൾപ്പെട്ട ചികിത്സയോ നടപടിക്രമമോ ചിലർ വേണ്ടെന്നുവെച്ചേക്കാം. എന്നാൽ വേറെ ചിലരുടെ മനസ്സാക്ഷിക്കു രക്തത്തിന്റെ ഘടകാംശങ്ങൾ സ്വീകരിക്കുന്നതിൽ കുഴപ്പംകാണില്ല.
തീരുമാനമെടുക്കുന്നതിനു മുമ്പ് ഇതു ചിന്തിക്കുക:
രക്തത്തിന്റെ ഘടകാംശങ്ങളിൽ ചിലതു സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നതിന്റെ കാരണത്തെക്കുറിച്ച് ഞാൻ ഒരു ഡോക്ടറോട് എങ്ങനെ വിശദീകരിക്കും?
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “രക്തം കയറ്റുന്നതിന് എന്താ കുഴപ്പം?”
നിങ്ങൾക്ക് എന്തു തോന്നുന്നു?
ചുരുക്കത്തിൽ
നമ്മൾ രക്തത്തെ ആദരവോടെ വീക്ഷിക്കാൻ യഹോവ ആഗ്രഹിക്കുന്നു.
ഓർക്കുന്നുണ്ടോ?
യഹോവ രക്തത്തെ പവിത്രമായി കാണുന്നത് എന്തുകൊണ്ട്?
രക്തം ഒഴിവാക്കുക എന്ന ദൈവകല്പന രക്തം കയറ്റുന്ന കാര്യത്തിൽ ബാധകമാണോ? വിശദീകരിക്കുക.
രക്തം ഉൾപ്പെടുന്ന ചികിത്സാരീതികൾ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ നമുക്ക് എങ്ങനെ നല്ല തീരുമാനമെടുക്കാം?
കൂടുതൽ മനസ്സിലാക്കാൻ
നിങ്ങളുടെതന്നെ രക്തം ഉപയോഗിച്ചുള്ള ചികിത്സാരീതികൾ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
“വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” (വീക്ഷാഗോപുരം 2000 ഒക്ടോബർ 15)
രക്തത്തിന്റെ ഘടകാംശങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ എന്താണ് ശ്രദ്ധിക്കേണ്ടത്?
“വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” (വീക്ഷാഗോപുരം 2004 ജൂൺ 15)
രക്തത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം ശരിയാണെന്ന് ഒരു ഡോക്ടർ മനസ്സിലാക്കിയത് എങ്ങനെ?
“രക്തം സംബന്ധിച്ച ദൈവിക വീക്ഷണം ഞാൻ സ്വീകരിച്ചു” (ഉണരുക! 2004 ജനുവരി 8)
സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടി ആശുപത്രി ഏകോപന സമിതിയിലെ മൂപ്പന്മാർ പ്രവർത്തിക്കുന്നത് എങ്ങനെയെന്നു കാണുക.
a “നമുക്ക് എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം?” എന്ന 35-ാം പാഠം കാണുക.
b “രക്തത്തിന്റെ ഘടകാംശങ്ങൾ ഉൾപ്പെടുന്ന ചികിത്സാരീതികൾ” എന്ന അഞ്ചാമത്തെ പോയിന്റ് കാണുക. കൂടാതെ “രക്തം ഉൾപ്പെടുന്ന ചികിത്സാരീതികൾ” എന്ന മൂന്നാമത്തെ പിൻകുറിപ്പും കാണുക.
c ചില ഡോക്ടർമാർ രക്തത്തിലെ നാലു പ്രധാന ഘടകങ്ങളെയും ഘടകാംശങ്ങളായിത്തന്നെയാണു കാണുന്നത്. അതുകൊണ്ട് രക്തമോ രക്തത്തിന്റെ പ്രധാന ഘടകങ്ങളായ ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിവയോ സ്വീകരിക്കില്ല എന്ന നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് അവരോടു വിശദീകരിക്കേണ്ടിവന്നേക്കാം.