“അനുദിനം” നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കൽ
“ആരെങ്കിലും എന്റെ പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നേത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ ദണ്ഡനസ്തംഭം എടുത്തുകൊണ്ട് എന്നെ തുടർച്ചയായി അനുഗമിക്കട്ടെ.”—ലൂക്കോസ് 9:23, NW.
1. ക്രിസ്ത്യാനികൾ എന്നനിലയിലുള്ള നമ്മുടെ വിജയം അളക്കാനുള്ള ഒരു വിധം എന്ത്?
“വാസ്തവത്തിൽ നാം അർപ്പണ മനോഭാവമുള്ളവരായിരുന്നോ?” ഈ ചോദ്യത്തിനുള്ള ഉത്തരം ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ വിജയം അളക്കാനുള്ള ഒരു ഘടകമാണെന്നാണ് ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡൻറായ ജോൺ എഫ്. കെന്നഡി പറഞ്ഞത്. ക്രിസ്തീയ ശുശ്രൂഷകർ എന്നനിലയിൽ നമ്മുടെ വിജയത്തെ അളക്കുന്നതിൽ ഈ ചോദ്യത്തിനു കൂടുതൽ പ്രാധാന്യമുണ്ട്.
2. “സമർപ്പണ”ത്തെ ഒരു നിഘണ്ടു നിർവചിക്കുന്നതെങ്ങനെ?
2 എന്നാൽ എന്താണു സമർപ്പണം? “ദിവ്യനായവന് അഥവാ ഒരു പവിത്ര ഉപയോഗത്തിനു സമർപ്പിക്കുന്ന ഒരു പ്രവൃത്തിയോ കർമമോ,” “ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി സമർപ്പിക്കൽ അഥവാ മാററിവെക്കൽ,” “ആത്മത്യാഗപരമായ അർപ്പണം” എന്നിങ്ങനെയാണു വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയററ് ഡിക്ഷ്ണറി അതിനെ നിർവചിക്കുന്നത്. ജോൺ എഫ്. കെന്നഡി ആ പദം ഉപയോഗിച്ചത് “ആത്മത്യാഗപരമായ അർപ്പണ”ത്തെ അർഥമാക്കാനാണെന്നു തോന്നുന്നു. ഒരു ക്രിസ്ത്യാനിക്കു സമർപ്പണത്തിന്റെ അർഥം ഇതിനെക്കാളേറെയാണ്.
3. ക്രിസ്തീയ സമർപ്പണം എന്താണ്?
3 യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു: “ആരെങ്കിലും എന്റെ പിന്നാലെ വരുവാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നേത്തന്നെ പരിത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്തുകൊണ്ട് എന്നെ തുടർച്ചയായി അനുഗമിക്കട്ടെ.” (മത്തായി 16:24, NW) ദിവ്യ ഉപയോഗത്തിനായി മാററിവെക്കലിൽ ഞായറാഴ്ചയോ ഏതെങ്കിലും ആരാധനാസ്ഥലങ്ങൾ സന്ദർശിക്കുമ്പോഴോ മാത്രം നിർവഹിക്കുന്ന ഒരു ആരാധനാക്രിയ അല്ല ഉൾപ്പെടുന്നത്. അതിൽ ഒരുവന്റെ മുഴുജീവിതരീതിയും ഉൾപ്പെടുന്നു. ക്രിസ്ത്യാനിയായിരിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത് യേശുക്രിസ്തു സേവിച്ച ദൈവമായ യഹോവയെ സേവിക്കവേ തന്നേത്തന്നെ പരിത്യജിക്കുക, അഥവാ തന്നേത്തന്നെ നിഷേധിക്കുക എന്നാണ്. അതിലുപരി, ക്രിസ്തുവിന്റെ ഒരു അനുഗാമിയായിരിക്കുന്നതിനാൽ നേരിടുന്ന ഏതു ദുരിതവും സഹിക്കാനുള്ള ശക്തി സംഭരിച്ചുകൊണ്ട് ഒരു ക്രിസ്ത്യാനി തന്റെ “ദണ്ഡനസ്തംഭം” എടുക്കുന്നു.
പൂർണതയുള്ള മാതൃക
4. യേശുവിന്റെ സ്നാപനം എന്തു പ്രതീകപ്പെടുത്തി?
4 യഹോവക്കു തന്നേത്തന്നെ സമർപ്പിക്കുന്നതിൽ എന്തുൾപ്പെടുന്നുവെന്നു യേശു ഭൂമിയിലായിരുന്നപ്പോൾ പ്രകടമാക്കുകയുണ്ടായി. ഇതായിരുന്നു അവന്റെ വികാരങ്ങൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.” തുടർന്ന് അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു: “ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു.” (എബ്രായർ 10:5-7) ഒരു സമർപ്പിത ജനതയിലെ ഒരംഗം എന്നനിലയിൽ, ജനിച്ചപ്പഴേ അവൻ യഹോവക്കു സമർപ്പിതനായിരുന്നു. എന്നിട്ടും, ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ ആരംഭത്തിൽ, യഹോവയുടെ ഇഷ്ടം ചെയ്യുവാൻ തന്നേത്തന്നെ വിട്ടുകൊടുക്കുന്നതിന്റെ ഒരു പ്രതീകം എന്നനിലയിൽ അവൻ സ്നാപനത്തിനായി മുന്നോട്ടുവന്നു. അവനെ സംബന്ധിച്ച് ഒരു മറുവിലയാഗം എന്നനിലയിൽ തന്റെ ജീവനെ അർപ്പിക്കുന്നത് അതിൽ ഉൾപ്പെട്ടിരുന്നു. അങ്ങനെ, യഹോവയുടെ ഇഷ്ടം എന്തുതന്നെയായിരുന്നാലും അതു ചെയ്യാൻ അവൻ ക്രിസ്ത്യാനികൾക്ക് ഒരു മാതൃക വെച്ചു.
5. യേശു ഭൗതിക വസ്തുവകകളെ സംബന്ധിച്ചു മാതൃകാപരമായൊരു കാഴ്ചപ്പാടു പ്രകടമാക്കിയതെങ്ങനെ?
5 അവസാനം ബലിമരണത്തിൽ കലാശിച്ച ഒരു ജീവിതഗതിയായിരുന്നു യേശു സ്നാപനത്തിനുശേഷം പിൻപററിയത്. ധനസമ്പാദനത്തിലോ ഒരു അനായാസജീവിതം നയിക്കുന്നതിലോ അവനു താത്പര്യമുണ്ടായിരുന്നില്ല. പ്രത്യുത, തന്റെ ശുശ്രൂഷയെ കേന്ദ്രീകരിച്ചായിരുന്നു അവന്റെ ജീവിതം. “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ,” അവൻ തന്റെ ശിഷ്യൻമാരെ ഉദ്ബോധിപ്പിച്ചു. (മത്തായി 6:33) എന്തിന്, “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ ഇടം ഇല്ല” എന്നുപോലും അവൻ ഒരിക്കൽ പറയുകയുണ്ടായി. (മത്തായി 8:20) അനുഗാമികളിൽനിന്നു പണം പിഴിയാൻപാകത്തിൽ തന്റെ പഠിപ്പിക്കലുകളെ ചിട്ടപ്പെടുത്താൻ അവനു സാധിക്കുമായിരുന്നു. ഒരു ആശാരിപ്പണിക്കാരനായിരുന്ന അവനു ശുശ്രൂഷയിൽനിന്ന് അവധിയെടുത്ത് ഒരുഗ്രൻ ഫർണീച്ചർ ഉണ്ടാക്കിവിററ് കുറച്ചു വെള്ളിക്കാശുകൾ കയ്യിൽ സൂക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഭൗതികാഭിവൃദ്ധിക്കുവേണ്ടി അവൻ തന്റെ വൈദഗ്ധ്യം ഉപയോഗിച്ചില്ല. ദൈവത്തിന്റെ സമർപ്പിത ദാസൻമാർ എന്നനിലയിൽ, ഭൗതികവസ്തുക്കളോടു ശരിയായ കാഴ്ചപ്പാടുണ്ടാവാൻ നാം യേശുവിനെ അനുകരിക്കുന്നുണ്ടോ?—മത്തായി 6:24-34.
6. ആത്മത്യാഗമുള്ളവരും സമർപ്പിതരുമായ ദൈവദാസൻമാർ ആയിരിക്കാൻ തക്കവണ്ണം നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാനാവും?
6 ദൈവസേവനം മുൻപന്തിയിൽ വെക്കുകവഴി യേശു സ്വന്തം ഇഷ്ടം അന്വേഷിച്ചില്ല. മൂന്നര വർഷക്കാലത്തെ പരസ്യശുശ്രൂഷയിൽ ആത്മത്യാഗത്തിന്റേതായ ഒരു ജീവിതമായിരുന്നു അവൻ നയിച്ചത്. ഭക്ഷണത്തിനുപോലും സമയം ലഭിക്കാതിരുന്ന തിരക്കുപിടിച്ച ഒരു ദിവസം. “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായ” ആളുകളെ പഠിപ്പിക്കാൻ യേശു ആ സന്ദർഭത്തിലും മനസ്സുകാട്ടി. (മത്തായി 9:36; മർക്കൊസ് 6:31-34) “വഴി നടന്നു ക്ഷീണിച്ച” അവസ്ഥയിലായിരുന്നിട്ടും, സുഖാർ പട്ടണത്തിലെ യാക്കോബിന്റെ കിണററിനരികെ വന്ന ശമര്യസ്ത്രീയോടു സംസാരിക്കാൻ അവൻ മുൻകൈയെടുത്തു. (യോഹന്നാൻ 4:6, 7, 13-15) തന്റെ സ്വന്തം ക്ഷേമത്തെക്കാൾ മററുള്ളവരുടെ ക്ഷേമത്തിനായിരുന്നു അവൻ എല്ലായ്പോഴും മുൻതൂക്കം നൽകിയത്. (യോഹന്നാൻ 11:5-15) ദൈവത്തെയും മററുള്ളവരെയും സേവിക്കാൻ നമ്മുടെ സ്വന്തം താത്പര്യങ്ങളെ ഔദാര്യപൂർവം ത്യജിച്ചുകൊണ്ട് നമുക്കു യേശുവിനെ അനുകരിക്കാം. (യോഹന്നാൻ 6:38) ദൈവത്തെ വാസ്തവത്തിൽ എപ്രകാരം പ്രീതിപ്പെടുത്താമെന്നാണു നാം ചിന്തിക്കേണ്ടത്, അല്ലാതെ ചെയ്യേണ്ടതിന്റെ ഏററവും കുറച്ച് എങ്ങനെ ചെയ്യാമെന്നല്ല. അപ്പോഴായിരിക്കും നാം നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുക.
7. എല്ലായ്പോഴും യഹോവക്കു മഹത്ത്വം കൊടുക്കുന്നതിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാനാവും?
7 ആളുകളെ സഹായിച്ചുകൊണ്ട് തന്നിലേക്കുതന്നെ ശ്രദ്ധയാകർഷിക്കാൻ യേശു ഒരുവിധത്തിലും ശ്രമിച്ചില്ല. അവൻ ദൈവേഷ്ടം ചെയ്യാൻ സമർപ്പിതനായിരുന്നു. അതുകൊണ്ട്, നിർവഹിക്കപ്പെട്ട സകലത്തിനുമുള്ള മഹത്ത്വം തന്റെ പിതാവായ യഹോവക്കു ലഭിക്കുന്നുണ്ടെന്ന് അവൻ എല്ലായ്പോഴും ഉറപ്പുവരുത്തി. “നല്ല”വൻ എന്ന പദം ഒരു സ്ഥാനപ്പേരായി ഉപയോഗിച്ചുകൊണ്ട് ഒരു ഭരണാധിപൻ അവനെ “നല്ല ഗുരോ” എന്നു സംബോധന ചെയ്തപ്പോൾ “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല” എന്നു പറഞ്ഞുകൊണ്ട് യേശു അയാളെ തിരുത്തി. (ലൂക്കൊസ് 18:18, 19; യോഹന്നാൻ 5:19, 30) യേശുവിനെപ്പോലെ, നാം മഹത്ത്വം നമ്മിൽനിന്നു യഹോവയിലേക്ക് ദ്രുതഗതിയിൽ തിരിച്ചുവിടുന്നുണ്ടോ?
8. (എ) ഒരു സമർപ്പിത മനുഷ്യൻ എന്നനിലയിൽ, യേശു തന്നേത്തന്നെ ലോകത്തിൽനിന്നു വേർപെടുത്തിയതെങ്ങനെ? (ബി) നാം അവനെ എങ്ങനെയാണ് അനുകരിക്കേണ്ടത്?
8 തന്നേത്തന്നെ ദൈവസേവനത്തിനായി മാററിവെച്ചിരിക്കുകയാണെന്നു യേശു ഭൂമിയിലെ തന്റെ സമർപ്പിത ജീവിതത്തിലുടനീളം പ്രകടമാക്കി. അവൻ തന്നേത്തന്നെ നിർമലമായി സൂക്ഷിച്ചു. അങ്ങനെ, മറുവില യാഗമാകാനുള്ള “കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാട്” എന്നനിലയിൽ അവനു സ്വയം സമർപ്പിക്കാൻ സാധിച്ചു. (1 പത്രോസ് 1:19, പി.ഒ.സി. ബൈബിൾ; എബ്രായർ 7:26) അവൻ മോശൈകന്യായപ്രമാണത്തിന്റെ ചട്ടങ്ങളെല്ലാം പാലിച്ചു, അങ്ങനെ ന്യായപ്രമാണം നിവർത്തിച്ചു. (മത്തായി 5:17; 2 കൊരിന്ത്യർ 1:20) ധാർമികതയെ സംബന്ധിച്ച അവന്റെ സ്വന്തം പഠിപ്പിക്കലിനു ചേർച്ചയിൽ അവൻ ജീവിച്ചു. (മത്തായി 5:27, 28) അവനു മോശമായ ആന്തരങ്ങൾ ഉണ്ടായിരുന്നുവെന്നു നീതിപൂർവകമായി ആരോപിക്കാൻ ആർക്കും കഴിഞ്ഞില്ല. തീർച്ചയായും, അവൻ “നിയമരാഹിത്യത്തെ വെറുത്തു.” (എബ്രായർ 1:9, NW) ദൈവത്തിന്റെ അടിമകൾ എന്നനിലയിൽ, യഹോവയുടെ ദൃഷ്ടിയിൽ നമ്മുടെ ജീവിതത്തെയും നമ്മുടെ ആന്തരങ്ങളെപ്പോലും നിർമലമായി സൂക്ഷിച്ചുകൊണ്ട് നമുക്കു യേശുവിനെ അനുകരിക്കാം.
മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ
9. ഏതു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണ് പൗലോസ് പരാമർശിച്ചത്, ഈ മാതൃക നാം പരിശോധിക്കേണ്ടത് എന്തുകൊണ്ട്?
9 യേശുവിന്റെ ദൃഷ്ടാന്തത്തിനു നേർവിപരീതമായി നമുക്ക് ഇസ്രായേല്യരുടെ മുന്നറിയിപ്പിൻ ദൃഷ്ടാന്തമുണ്ട്. യഹോവ തങ്ങളോടു പറഞ്ഞതെല്ലാം ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചശേഷംപോലും അവന്റെ ഇഷ്ടം ചെയ്യാൻ അവർ പരാജയപ്പെട്ടു. (ദാനീയേൽ 9:11) ഇസ്രായേലിനു സംഭവിച്ച സംഗതിയിൽനിന്നു പഠിക്കാൻ അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനത്തിൽ പൗലോസ് പരാമർശിച്ച ചില സംഭവങ്ങൾ പരിശോധിച്ച് നമ്മുടെ കാലത്ത് ദൈവത്തിന്റെ സമർപ്പിതദാസൻമാർ ഒഴിവാക്കേണ്ടയാവശ്യമുള്ള കെണികൾ എന്തെല്ലാമെന്നു നോക്കാം.—1 കൊരിന്ത്യർ 10:1-6, 11.
10. (എ) ഇസ്രായേല്യർ “ഹാനികരമായ കാര്യങ്ങൾ ആഗ്രഹി”ച്ചതെങ്ങനെ? (ബി) ഭക്ഷണത്തെക്കുറിച്ച് രണ്ടാം പ്രാവശ്യം പിറുപിറുത്തപ്പോൾ ഇസ്രായേല്യർ കൂടുതൽ കണക്കു ബോധിപ്പിക്കേണ്ടിവന്നത് എന്തുകൊണ്ട്, ഈ മുന്നറിയിപ്പിൻ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാവും?
10 ഒന്നാമതായി, “ഹാനികരമായ കാര്യങ്ങൾ ആഗ്രഹിക്കുന്ന”തിനെതിരെ പൗലോസ് നമുക്കു മുന്നറിയിപ്പു നൽകി. (1 കൊരിന്ത്യർ 10:6, NW) തിന്നാൻ മന്നാ മാത്രമേയുള്ളൂവെന്ന് ഇസ്രായേല്യർ പരാതിപ്പെട്ട സന്ദർഭമായിരിക്കാം നിങ്ങൾ ഇപ്പോൾ ഓർക്കുക. യഹോവ അവർക്കു കാടപ്പക്ഷിയെ അയച്ചുകൊടുത്തു. സമാനമായ സംഗതി ഏതാണ്ട് ഒരു വർഷംമുമ്പു സീൻമരുഭൂമിയിൽ സംഭവിച്ചു, ഇസ്രായേല്യർ യഹോവക്കു തങ്ങളുടെ സമർപ്പണം പ്രഖ്യാപിച്ചതിനു തൊട്ടുമുമ്പായിരുന്നു അത്. (പുറപ്പാടു 16:1-3, 12, 13) പക്ഷേ, സ്ഥിതിവിശേഷം എല്ലാവിധത്തിലും ഒരുപോലെയായിരുന്നില്ല. യഹോവ ആദ്യമായി കാടപ്പക്ഷിയെ പ്രദാനം ചെയ്തപ്പോൾ, ഇസ്രായേല്യർ പിറുപിറുത്തതിന് അവൻ കണക്കു ചോദിച്ചില്ല. എന്നാൽ ഇപ്രാവശ്യം സംഗതി അങ്ങനെയായിരുന്നില്ല. “ഇറച്ചി അവരുടെ പല്ലിന്നിടയിൽ ഇരിക്കുമ്പോൾ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.” (സംഖ്യാപുസ്തകം 11:4-6, 31-34) ഇവിടെ മാററം സംഭവിച്ചത് എന്തിനായിരുന്നു? ഒരു സമർപ്പിത ജനത എന്നനിലയിൽ, അവരിപ്പോൾ ഉത്തരവാദിത്വമുള്ളവരായിരുന്നു. യഹോവ പറഞ്ഞതെല്ലാം തങ്ങൾ ചെയ്യുമെന്നു വാഗ്ദാനം ചെയ്തിരുന്നിട്ടും യഹോവയുടെ കരുതലുകളോടുള്ള അവരുടെ വിലമതിപ്പില്ലായ്മ അവരെ യഹോവക്ക് എതിരെ പരാതിപ്പെടുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു! അതുപോലെതന്നെയാണ് ഇന്നു യഹോവയുടെ മേശയ്ക്കെതിരെ പരാതിപ്പെടുന്നതും. “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെയുള്ള യഹോവയുടെ ആത്മീയ കരുതലുകളെ വിലമതിക്കാൻ ചിലർ പരാജയപ്പെടുന്നു. (മത്തായി 24:45-47, NW) എന്നാൽ യഹോവ നമുക്കായി ചെയ്തിരിക്കുന്നത് കൃതജ്ഞതാപൂർവം മനസ്സിൽ സൂക്ഷിക്കുന്നതും യഹോവ പ്രദാനം ചെയ്യുന്ന ആത്മീയ ഭക്ഷണം സ്വീകരിക്കുന്നതും നമ്മുടെ സമർപ്പണം ആവശ്യമാക്കിത്തീർക്കുന്നുണ്ടെന്ന് ഓർക്കുക.
11. (എ) ഇസ്രായേല്യർ യഹോവയുടെ ആരാധനയെ വിഗ്രഹാരാധനകൊണ്ടു മലിനമാക്കിയതെങ്ങനെ? (ബി) ഒരു തരത്തിലുള്ള വിഗ്രഹാരാധന നമ്മെയും ബാധിച്ചേക്കാവുന്നതെങ്ങനെ?
11 അടുത്തതായി, പൗലോസ് ഈ മുന്നറിയിപ്പു കൊടുത്തു: “അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.” (1 കൊരിന്ത്യർ 10:7) ഇവിടെ വ്യക്തമായും, സീനായ് പർവതത്തിൽവെച്ച് ഇസ്രായേല്യർ യഹോവയുമായി ഉണ്ടാക്കിയ ഉടമ്പടിക്കുശേഷം അരങ്ങേറിയ കാളക്കുട്ടിയുടെ ആരാധനയെ പരാമർശിക്കുകയായിരുന്നു അപ്പോസ്തലൻ. ‘യഹോവയുടെ ഒരു സമർപ്പിത ദാസൻ എന്നനിലയിൽ, ഞാൻ ഒരിക്കലും വിഗ്രഹാരാധനയിൽ ഉൾപ്പെടില്ലെ’ന്ന് നിങ്ങൾ ഒരുപക്ഷേ പറഞ്ഞേക്കാം. എന്നിരുന്നാലും, ഇസ്രായേല്യരുടെ കാഴ്ചപ്പാടിൽ അവർ യഹോവയെ ആരാധിക്കുന്നതു നിർത്തിയിരുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക. എന്നിട്ടും അവർ കാളക്കുട്ടിയുടെ ആരാധന അകത്തുകടത്തി—ദൈവത്തിന് അറപ്പാർന്ന ഒരു കാര്യം. ഈ ആരാധനാരൂപത്തിൽ ഉൾപ്പെട്ടിരുന്നത് എന്തായിരുന്നു? കാളക്കുട്ടിയുടെ മുമ്പിൽ ബലിയർപ്പിച്ച ജനങ്ങൾ “ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ [“രസിക്കാൻ,” NW] എഴുന്നേററു.” (പുറപ്പാടു 32:4-6) ഇന്ന്, തങ്ങൾ യഹോവയെ ആരാധിക്കുന്നവരാണെന്നു ചിലർ അവകാശപ്പെട്ടേക്കാം. എന്നാൽ അവരുടെ ജീവിതം കേന്ദ്രീകരിച്ചിരിക്കുന്നത് യഹോവയുടെ ആരാധനയിലായിരിക്കില്ല, ഈ ലോകത്തിലെ സംഗതികളുടെ ആസ്വാദനത്തിലായിരിക്കാം. അതൊക്കെ കഴിഞ്ഞായിരിക്കും അവർ യഹോവയുടെ സേവനത്തിൽ ഏർപ്പെടാൻ ശ്രമിക്കുക. ഇത് ഒരു സ്വർണക്കാളക്കുട്ടിക്കു മുമ്പിൽ തലകുനിക്കുന്നത്രത്തോളം വരുന്നില്ല എന്നതു സത്യംതന്നെ. എന്നാൽ തത്ത്വത്തിൽ വലിയ വ്യത്യാസമില്ല. സ്വന്ത ആഗ്രഹങ്ങളെ ഒരു ദൈവമാക്കുന്നതും യഹോവയോടുള്ള ഒരുവന്റെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല.—ഫിലിപ്പിയർ 3:19.
12. ബാൽപെയോരുമായി ഇസ്രായേല്യർക്കുണ്ടായ അനുഭവത്തിൽനിന്ന് നമ്മേത്തന്നെ പരിത്യജിക്കുന്നതു സംബന്ധിച്ചു നാം എന്തു പഠിക്കുന്നു?
12 പൗലോസ് സൂചിപ്പിച്ച അടുത്ത മുന്നറിയിപ്പിൻ മാതൃകയിലും ഉൾപ്പെട്ടിരിക്കുന്നത് ഏതാണ്ട് ഒരുതരത്തിലുള്ള വിനോദംതന്നെയാണ്. “അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്.” (1 കൊരിന്ത്യർ 10:8) മോവാബ്യരുടെ പെൺമക്കൾ വെച്ചുനീട്ടിയ അധാർമികസുഖത്തിൽ വശീകരിക്കപ്പെട്ട ഇസ്രായേല്യർ ശിത്തീമിൽവെച്ച് ബാൽപെയോരിന്റെ ആരാധനയിലുൾപ്പെട്ടു. (സംഖ്യാപുസ്തകം 25:1-3, 9) യഹോവയുടെ ഇഷ്ടം ചെയ്യാൻ നമ്മേത്തന്നെ പരിത്യജിക്കുന്നതിൽ ധാർമികശുദ്ധിക്കുള്ള അവന്റെ നിലവാരങ്ങൾ സ്വീകരിക്കുന്നത് ഉൾപ്പെടുന്നു. (മത്തായി 5:27-30) ജീർണിക്കുന്ന നിലവാരങ്ങളുള്ള ഈ യുഗത്തിൽ, ശരിയെന്ത്, തെറെറന്ത് എന്നു തീരുമാനിക്കാനുള്ള യഹോവയുടെ അധികാരത്തിനു കീഴ്പെട്ടുകൊണ്ട് എല്ലാത്തരം അധാർമിക നടത്തകളിൽനിന്നും നമ്മെത്തന്നെ ശുദ്ധരായി കാത്തുകൊള്ളേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഇതു നമ്മെ ഓർപ്പിക്കുന്നു.—1 കൊരിന്ത്യർ 6:9-11.
13. യഹോവയോടുള്ള സമർപ്പണത്തിൽ എന്തുൾപ്പെടുന്നുവെന്നു മനസ്സിലാക്കാൻ ഫീനെഹാസിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നതെങ്ങനെ?
13 ശിത്തീമിൽ അനേകർ പരസംഗത്തിന്റെ കെണിയിലകപ്പെട്ടുവെങ്കിലും ചിലർ യഹോവയോടുള്ള ദേശീയസമർപ്പണത്തിനു ചേർച്ചയിൽ ജീവിച്ചു. അവരിൽ മികച്ച തീക്ഷ്ണത കാട്ടിയ ഒരുവനായിരുന്നു ഫീനെഹാസ്. ഒരു ഇസ്രായേൽപ്രമുഖൻ ഒരു മിദ്യാന്യസ്ത്രീയെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതു കണ്ടയുടൻ ഫീനെഹാസ് ഒരു കുന്തമെടുത്ത് അവരെ കുത്തിത്തുളച്ചു. യഹോവ മോശയോടു പറഞ്ഞു: “ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു . . . ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.” (സംഖ്യാപുസ്തകം 25:11) യഹോവക്കെതിരായ മത്സരം വകവെച്ചുകൊടുക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല—സമർപ്പണം അർഥമാക്കുന്നത് അതാണ്. നമ്മുടെ ഹൃദയത്തിൽ യഹോവക്കുള്ള സമർപ്പണത്തിന്റെ സ്ഥാനത്തേക്കു മറെറന്തെങ്കിലും കടന്നുവരാൻ നമുക്ക് യാതൊന്നിനെയും അനുവദിക്കാനാവില്ല. ഗൗരവമായ അധാർമികതയെക്കുറിച്ചു മൂപ്പൻമാർക്കു വിവരം നൽകിക്കൊണ്ട് സഭയെ ശുദ്ധമായി കാത്തുസൂക്ഷിക്കാനും യഹോവയോടുള്ള നമ്മുടെ തീക്ഷ്ണത നമ്മെ പ്രേരിപ്പിക്കണം, അല്ലാതെ അതു കണ്ടില്ലെന്നു നടിക്കരുത്.
14. (എ) ഇസ്രായേല്യർ യഹോവയെ പരീക്ഷിച്ചതെങ്ങനെ? (ബി) യഹോവക്കുള്ള സമ്പൂർണ സമർപ്പണം നമ്മെ “ക്ഷീണി”ക്കാതിരിക്കാൻ സഹായിക്കുന്നതെങ്ങനെ?
14 മറെറാരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം പൗലോസ് സൂചിപ്പിച്ചത് ഇപ്രകാരമായിരുന്നു: “അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്.” (1 കൊരിന്ത്യർ 10:9) “വഴിനിമിത്തം” അവർ “ക്ഷീണിച്ച”പ്പോൾ ഇസ്രായേല്യർ ദൈവത്തിനെതിരെ മോശയോടു പരാതിപ്പെടുകയുണ്ടായി. അതിനെക്കുറിച്ചാണു പൗലോസ് ഇവിടെ സംസാരിക്കുന്നത്. (സംഖ്യാപുസ്തകം 21:4) എപ്പോഴെങ്കിലും നിങ്ങൾക്കീ അബദ്ധം പിണയാറുണ്ടോ? നിങ്ങൾ യഹോവക്കു സമർപ്പിച്ചപ്പോൾ, അർമഗെദോൻ വളരെ അടുത്തെത്തിയിരിക്കുന്നുവെന്നു നിങ്ങൾ വിചാരിച്ചുവോ? നിങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും യഹോവയുടെ ക്ഷമ നീണ്ടുപോയിരിക്കുന്നുവോ? നാം നമ്മെത്തന്നെ യഹോവക്കു സമർപ്പിച്ചത് കേവലം ഒരു കാലഘട്ടത്തേക്കോ അർമഗെദോൻവരെയുള്ള സമയത്തേക്കോ അല്ല. എല്ലാക്കാലത്തേക്കും തുടരുന്നതാണു നമ്മുടെ സമർപ്പണം. അതുകൊണ്ട്, “നൻമ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാത്യർ 6:9.
15. (എ) ഇസ്രായേല്യർ ആർക്കെതിരെയാണു പിറുപിറുത്തത്? (ബി) യഹോവക്കുള്ള നമ്മുടെ സമർപ്പണം ദിവ്യാധിപത്യ അധികാരത്തെ ആദരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതെങ്ങനെ?
15 അവസാനമായി, യഹോവയുടെ നിയമിത ദാസൻമാർക്കെതിരെ ‘പിറുപിറുക്കു’ന്നവർ ആയിത്തീരുന്നതിനെതിരെ പൗലോസ് മുന്നറിയിപ്പു കൊടുത്തു. (1 കൊരിന്ത്യർ 10:10) കനാൻദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് ഒററുനോക്കി വിവരം ശേഖരിക്കാൻ അയച്ച 12 പേരിൽ 10 പേർ അസുഖകരമായ റിപ്പോർട്ടുമായി മടങ്ങിവന്നപ്പോൾ ഇസ്രായേല്യർ മോശയ്ക്കും അഹരോനുമെതിരെ രൂക്ഷമായി പിറുപിറുത്തു. നേതൃത്വസ്ഥാനത്തുനിന്ന് മോശയെ മാററുന്ന കാര്യവും ഈജിപ്തിലേക്കു മടങ്ങിപ്പോകുന്ന കാര്യംവരെയും അവർ സംസാരിച്ചു. (സംഖ്യാപുസ്തകം 14:1-4) ഇന്ന്, യഹോവയുടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ നമുക്കു നൽകപ്പെട്ടിരിക്കുന്ന നേതൃത്വത്തെ നാം അംഗീകരിക്കുന്നുണ്ടോ? ‘തക്കസമയത്തെ ഭക്ഷണം’ കൊടുക്കാൻ യേശു ഉപയോഗിക്കുന്നത് ആരെയാണെന്നു വിശ്വസ്തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്യുന്ന സമൃദ്ധമായ ആത്മീയ മേശ കാണുന്നതിൽനിന്നു വ്യക്തമാണ്. (മത്തായി 24:45, NW) മുഴുദേഹിയോടെ യഹോവക്കു സമർപ്പിക്കുന്നതിൽ അവന്റെ നിയമിത ദാസൻമാരോട് ആദരവു കാട്ടുന്നത് ഉൾപ്പെടുന്നു. തങ്ങളെ ലോകത്തിലേക്കു തിരികെ നയിക്കാൻ ഒരു പുതിയ നേതാവിലേക്കു തിരിഞ്ഞിരിക്കുന്ന, ആധുനിക നാളിൽ പിറുപിറുക്കുന്നവരായിത്തീർന്ന ചിലരെപ്പോലെ നാം ഒരിക്കലും ആകാതിരിക്കട്ടെ.
അത് എന്റെ പരമാവധിയോ?
16. ദൈവത്തിന്റെ സമർപ്പിത ദാസൻമാർ തങ്ങളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിച്ചേക്കാം?
16 യഹോവയോടുള്ള തങ്ങളുടെ സമർപ്പണം നിരുപാധികമായിരുന്നുവെന്ന് ഓർത്തിരുന്നെങ്കിൽ അത്തരം ദോഷകരമായ തെററുകളിൽ ഇസ്രായേല്യർ നിപതിക്കുമായിരുന്നില്ല. ആ വിശ്വാസരഹിത ഇസ്രായേല്യരെപ്പോലെ ആയിരുന്നില്ല യേശുക്രിസ്തു. അവൻ അവസാനത്തോളം തന്റെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിച്ചു. ക്രിസ്തുവിന്റെ അനുഗാമികൾ എന്നനിലയിൽ, “ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തി”നൊത്തു ജീവിച്ചുകൊണ്ട്, നാം അവൻ മുഴുദേഹിയോടെ വെച്ചിരിക്കുന്ന സമർപ്പണത്തിന്റെ മാതൃക അനുകരിക്കുന്നു. (1 പത്രൊസ് 4:2; താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 5:15.) ഇന്നു യഹോവയുടെ ഇഷ്ടം “സകലമനുഷ്യരും രക്ഷപ്രാപി”ക്കണമെന്നും “സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്ത”ണമെന്നുമാണ്. (1 തിമൊഥെയൊസ് 2:4) ആ ലക്ഷ്യത്തിൽ നാം അന്ത്യം വരുന്നതിനുമുമ്പ് “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കേണ്ടതാണ്. (മത്തായി 24:14) ഈ സേവനത്തിൽ നാം എന്തുമാത്രം ശ്രമം ചെയ്യുന്നുണ്ട്? ‘അത് എന്റെ പരമാവധിയാണോ?,’ എന്നു നമ്മോടുതന്നെ ചോദിക്കാൻ നാം ആഗ്രഹിച്ചേക്കാം. (2 തിമൊഥെയൊസ് 2:15) സാഹചര്യങ്ങൾക്കു വ്യത്യാസമുണ്ട്. “പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ” സേവിച്ചാൽ മതിയാകും. യഹോവ അതിൽ സംപ്രീതനാണ്. (2 കൊരിന്ത്യർ 8:12; ലൂക്കൊസ് 21:1-4) മറെറാരാളുടെ സമർപ്പണത്തിന്റെ ആഴത്തെയും ആത്മാർഥതയെയും ആരും വിധിക്കരുത്. ഓരോരുത്തരും യഹോവയോടുള്ള തന്റെ അർപ്പണത്തിന്റെ വ്യാപ്തി വ്യക്തിപരമായി വിലയിരുത്തണം. (ഗലാത്യർ 6:4) യഹോവയോടുള്ള നമ്മുടെ സ്നേഹം ഇങ്ങനെ ചോദിക്കാൻ നമ്മെ പ്രേരിപ്പിക്കണം: ‘യഹോവയെ എനിക്കെങ്ങനെ സന്തോഷിപ്പിക്കാനാവും?’
17. സമർപ്പണവും വിലമതിപ്പും തമ്മിലുള്ള ബന്ധമെന്ത്? ദൃഷ്ടാന്തീകരിക്കുക.
17 അവനോടുള്ള നമ്മുടെ വിലമതിപ്പു വളരുന്നതനുസരിച്ച് അവനോടുള്ള അർപ്പണത്തിന്റെ ആഴം വർധിക്കും. ജപ്പാനിൽ ഒരു 14 വയസ്സുകാരൻ തന്നേത്തന്നെ യഹോവക്കു സമർപ്പിച്ച് തന്റെ സമർപ്പണത്തെ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. പിന്നീട്, അവനു തോന്നി, ഉന്നത വിദ്യാഭ്യാസം നേടി ഒരു ശാസ്ത്രജ്ഞനാകണം. മുഴുസമയ ശുശ്രൂഷയെക്കുറിച്ച് അവൻ ഒരിക്കലും ചിന്തിച്ചതേയില്ല. എന്നാൽ ഒരു സമർപ്പിത ദാസൻ എന്നനിലയിൽ അവൻ യഹോവയെയും അവന്റെ ദൃശ്യസ്ഥാപനത്തെയും വിട്ടുപോകാൻ ആഗ്രഹിച്ചില്ല. ജീവിതവൃത്തി സംബന്ധിച്ച ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ അവൻ ഒരു യൂണിവേഴ്സിററിയിൽ ചേർന്നു. യൂണിവേഴ്സിററി ബിരുദധാരികൾ തങ്ങളുടെ മുഴുജീവിതവും കമ്പനികൾക്കോ തങ്ങളുടെ പഠനങ്ങൾക്കോവേണ്ടി സമർപ്പിക്കാൻ നിർബന്ധിതരാകുന്ന കാഴ്ചയാണ് അവൻ അവിടെ കണ്ടത്. ‘എനിക്കിവിടെ എന്താ കാര്യം? വാസ്തവത്തിൽ അവരുടെ ജീവിതരീതി പിൻപററി എനിക്ക് ലൗകിക ജോലിക്കായി എന്നേത്തന്നെ സമർപ്പിക്കാനാവുമോ? ഞാൻ ഇപ്പോൾത്തന്നെ യഹോവക്കു സമർപ്പിച്ചിരിക്കുകയല്ലേ?’ അവൻ ആലോചിച്ചു. വിലമതിപ്പിനു വീണ്ടുമൊരുണർവ്. അങ്ങനെ അവൻ നിരന്തരപയനിയറായിത്തീർന്നു. സമർപ്പണത്തെക്കുറിച്ചുള്ള അവന്റെ ഗ്രാഹ്യത്തിന് ആഴം വർധിച്ചു. തന്നെ ആവശ്യമുള്ളത് എവിടെയായിരുന്നാലും അങ്ങോട്ടു പോകാൻ ഹൃദയത്തിൽ നിശ്ചയിച്ചുറപ്പിക്കാൻ അതു പ്രേരണയായി. ശുശ്രൂഷാ പരിശീലന സ്കൂളിൽ പങ്കെടുത്ത അവനു വിദേശത്ത് ഒരു മിഷനറിയായി സേവിക്കാനുള്ള നിയമനം കിട്ടി.
18. (എ) യഹോവക്കുള്ള നമ്മുടെ സമർപ്പണത്തിൽ എന്തുമാത്രം ഉൾപ്പെടുന്നു? (ബി) യഹോവക്കുള്ള സമർപ്പണത്തിൽനിന്നു നമുക്ക് എന്തു ഫലങ്ങൾ കൊയ്യാനാവും?
18 സമർപ്പണത്തിൽ മുഴുജീവിതവും ഉൾപ്പെടുന്നു. നാം നമ്മേത്തന്നെ പരിത്യജിച്ച് “അനുദിനം” യേശുവിന്റെ മാതൃക പിൻപററണം. (ലൂക്കൊസ് 9:23) നമ്മേത്തന്നെ പരിത്യജിച്ചിട്ട് നാം യഹോവയോട് അല്പകാലത്തേക്ക് അവധി ആവശ്യപ്പെടുന്നില്ല. തന്റെ ദാസൻമാർക്കുവേണ്ടി യഹോവ വെച്ചിരിക്കുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ നാം നമ്മുടെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു. വ്യക്തിപരമായി ഇച്ഛാനുസരണം കാര്യങ്ങൾ ചെയ്യാനാവുന്നിടങ്ങളിൽപ്പോലും യഹോവക്കു സമർപ്പിതമായ ഒരു ജീവിതം നയിക്കാൻ നാം നമ്മുടെ ഏററവും മികച്ചതാണോ ചെയ്യുന്നത് എന്നു പരിശോധിക്കുന്നതു നമ്മെ സംബന്ധിച്ചു പ്രയോജനപ്രദമായിരിക്കും. അവനെ പ്രസാദിപ്പിക്കാൻ നമ്മുടെ പരമാവധി ചെയ്തുകൊണ്ട് അനുദിനം നാം അവനെ സേവിക്കുമ്പോൾ ക്രിസ്ത്യാനികൾ എന്നനിലയിൽ നാം വിജയിക്കുന്നതായിരിക്കും. മാത്രമല്ല, മുഴുദേഹിയോടുകൂടിയുള്ള നമ്മുടെ അർപ്പണം അർഹിക്കുന്നവനായ യഹോവയുടെ അംഗീകാരത്തിന്റേതായ മന്ദസ്മിതത്താൽ നാം അനുഗൃഹീതരാകുകയും ചെയ്യും.
നിങ്ങൾക്കു വിശദീകരിക്കാനാവുമോ?
◻ യേശുക്രിസ്തുവിനെ സംബന്ധിച്ചു സമർപ്പണത്തിൽ എന്താണുൾപ്പെട്ടിരുന്നത്?
◻ യഹോവക്കെതിരെ പിറുപിറുക്കുന്നതു നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
◻ നമ്മുടെ ജീവിതത്തിലേക്കു വിഗ്രഹാരാധന തന്ത്രപൂർവം നടത്തുന്ന നുഴഞ്ഞുകയററത്തെ നമുക്ക് ഏതുവിധം ഒഴിവാക്കാനാവും?
◻ ദൈവേഷ്ടം ചെയ്യുന്നതിൽ ‘ക്ഷീണിക്കാ’തിരിക്കാൻ എന്ത് അനുസ്മരിക്കുന്നതു നമ്മെ സഹായിക്കും?
[17-ാം പേജിലെ ചോദ്യങ്ങൾ]
സമർപ്പിത ക്രിസ്ത്യാനികൾ ‘നൻമ ചെയ്യുന്നതിൽ മടുത്തുപോകു’ന്നില്ല