സങ്കേത നഗരങ്ങൾ—ദൈവത്തിന്റെ കരുണാപൂർവകമായ കരുതൽ
“അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറു പട്ടണം . . . സങ്കേതം ആയിരിക്കേണം.”—സംഖ്യാപുസ്തകം 35:15.
1. ജീവനും രക്തപാതകക്കുറ്റവും സംബന്ധിച്ചു ദൈവത്തിന്റെ വീക്ഷണമെന്ത്?
യഹോവയാം ദൈവം മനുഷ്യജീവൻ പാവനമായി കരുതുന്നു. ജീവൻ രക്തത്തിലാണല്ലോ. (ലേവ്യപുസ്തകം 17:11, 14) തന്നിമിത്തം, പ്രഥമ ഭൂജാതനായ കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊന്നപ്പോൾ രക്തപാതകക്കുറ്റത്തിനു പാത്രമായി. തദനന്തരം, ദൈവം കയീനോടു പറഞ്ഞു: “നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നിലവിളിക്കുന്നു.” കൊലപാതകം നടന്നയിടത്തെ രക്തക്കറപുരണ്ട മണ്ണ്, മൃഗീയമായി ഛേദിച്ചുകളഞ്ഞ ജീവന് നിശബ്ദമെങ്കിലും വാചാലമായ സാക്ഷ്യം വഹിച്ചു. ഹാബേലിന്റെ രക്തം പ്രതികാരത്തിനായി ദൈവത്തോടു കേണു.—ഉല്പത്തി 4:4-11.
2. ജീവനോടുള്ള യഹോവയുടെ ആദരവിനു പ്രളയശേഷം ഊന്നൽ നൽകപ്പെട്ടതെങ്ങനെ?
2 ആഗോള പ്രളയത്തിന്റെ അതിജീവകരെന്ന നിലയിൽ നോഹയും കുടുംബവും പെട്ടകത്തിൽനിന്നു വെളിയിൽ വന്നപ്പോൾ, ദൈവത്തിനു മനുഷ്യജീവനോടുള്ള ആദരവു സംബന്ധിച്ച് ഊന്നൽ നൽകുകയുണ്ടായി. അന്നു യഹോവ മനുഷ്യവർഗത്തിന്റെ ഭക്ഷണത്തിൽ മൃഗങ്ങളുടെ മാംസവും ഉൾപ്പെടുത്തി, എന്നാൽ രക്തം ഉൾപ്പെടുത്തിയില്ല. “നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിനു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണനു പകരം ചോദിക്കും. ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും. ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു” എന്നും അവൻ കൽപ്പന പുറപ്പെടുവിച്ചു. (ഉല്പത്തി 9:5, 6) കൊലയാളിയെ കണ്ടുമുട്ടുമ്പോൾ അയാളെ കൊല്ലാൻ കൊലചെയ്യപ്പെട്ടയാളിന്റെ അടുത്ത ബന്ധുവിന് അധികാരമുള്ളതായി യഹോവ പ്രമാണീകരിച്ചു.—സംഖ്യാപുസ്തകം 35:19.
3. ജീവന്റെ പവിത്രതയ്ക്കു മോശൈക ന്യായപ്രമാണം എത്രമാത്രം ഊന്നൽ നൽകി?
3 പ്രവാചകനായ മോശ മുഖാന്തരം ഇസ്രായേലിനു നൽകിയ ന്യായപ്രമാണത്തിൽ ജീവന്റെ പവിത്രത സംബന്ധിച്ച് ആവർത്തിച്ച് ഊന്നിപ്പറയുകയുണ്ടായി. ഉദാഹരണത്തിന്, “കുല ചെയ്യരുതു” എന്നു ദൈവം കൽപ്പിച്ചു. (പുറപ്പാടു 20:13) ഗർഭിണിയായ ഒരു സ്ത്രീ അകപ്പെടുന്ന ഹത്യ സംബന്ധിച്ചു മോശൈകന്യായപ്രമാണം പറഞ്ഞതിലും ജീവനോടുള്ള ആദരവു വ്യക്തമായിരുന്നു. രണ്ടു പുരുഷന്മാർ തമ്മിലുള്ള ശണ്ഠയ്ക്കിടയിൽ അവൾക്കോ അവളുടെ അജാത ശിശുവിനോ മാരകമായ ആപത്തു ഭവിക്കുന്നുവെങ്കിൽ ന്യായാധിപന്മാർ സാഹചര്യങ്ങൾ വിശകലനംചെയ്ത് അത് എത്രകണ്ടു മനപ്പൂർവമായിരുന്നുവെന്ന് അളന്നുതൂക്കിനോക്കണമായിരുന്നു. എന്നാൽ ശിക്ഷ “ജീവന്നു പകരം ജീവൻ” ആയിരിക്കുമായിരുന്നു. (പുറപ്പാടു 21:22-25) എന്നിരുന്നാലും, ഈ അക്രമ പ്രവൃത്തിയുടെ അനന്തരഫലങ്ങളിൽനിന്ന് ഒരു ഇസ്രായേല്യനു രക്ഷപ്പെടാൻ എന്തെങ്കിലും പഴുതുണ്ടായിരുന്നോ?
കൊലയാളികൾക്ക് അഭയസ്ഥാനമോ?
4. കഴിഞ്ഞകാലത്ത് ഇസ്രായേലിനു വെളിയിൽ എന്ത് അഭയസ്ഥാനങ്ങളാണു നിലവിലുണ്ടായിരുന്നത്?
4 ഇസ്രായേലിൽ ഒഴികെ ഇതര ദേശങ്ങളിൽ കൊലയാളികൾക്കും മറ്റു കുറ്റവാളികൾക്കും അഭയസ്ഥാനം അല്ലെങ്കിൽ ആശ്രയകേന്ദ്രം പ്രദാനംചെയ്തിരുന്നു. പുരാതന എഫേസൂസിലെ ദേവതയായ അർത്തേമീസിന്റെ ക്ഷേത്രംപോലുള്ളിടത്ത് ഇതു നിലവിലുണ്ടായിരുന്നു. സമാനമായ സ്ഥലങ്ങളെപ്പറ്റി ഇങ്ങനെ റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു: “ചില ക്ഷേത്രങ്ങൾ കുറ്റവാളികളുടെ കളരികളായിരുന്നു; കൂടാതെ, മിക്കപ്പോഴും അഭയസ്ഥാനങ്ങളുടെ എണ്ണം കുറയ്ക്കേണ്ടത് അത്യാവശ്യമായിവന്നു. അഥേനയിൽ ചുരുക്കം ചില ആശ്രയകേന്ദ്രങ്ങളേ നിയമപരമായി അംഗീകാരമുള്ള സങ്കേതസ്ഥലങ്ങളായി ഉണ്ടായിരുന്നുള്ളൂ (ഉദാഹരണത്തിന്, അടിമകൾക്കുവേണ്ടിയുള്ള തേസൂസ് ക്ഷേത്രം); തീബെര്യൊസിന്റെ കാലമായപ്പോഴേക്കും ക്ഷേത്രങ്ങളിലുള്ള ദുർമാർഗികളുടെ കൂട്ടങ്ങൾ അങ്ങേയറ്റം അപകടകാരികളായിരുന്നതുകൊണ്ട് അഭയസ്ഥാനങ്ങൾ സ്ഥാപിക്കാനുള്ള അധികാരം (22-ാം ആണ്ടിൽ) ചുരുക്കംചില നഗരങ്ങൾക്കേ നൽകപ്പെട്ടുള്ളൂ.” (ദ ജൂയിഷ് എൻസൈക്ലോപീഡിയ, 1909, വാല്യം II, പേജ് 256) പിന്നീട് ക്രൈസ്തവലോകത്തിലെ പള്ളികൾ അഭയസ്ഥാനങ്ങളായി. എന്നാൽ ഇത് ദേശീയ അധികാരികളിൽനിന്നു പുരോഹിതന്മാരിലേക്ക് അധികാരമാറ്റത്തിന് ഇടവരുത്തുകയും ഉചിതമായി നീതി നടപ്പാക്കുന്നതിനു തടസ്സമായിത്തീരുകയും ചെയ്തു. ഇവയുടെ ദുരുപയോഗം ഒടുവിൽ ഈ ക്രമീകരണം നിർത്തലാക്കുന്നതിലേക്കു നയിച്ചു.
5. അശ്രദ്ധമൂലം ഒരുവനെ കൊന്നശേഷം കരുണയ്ക്കായി അപേക്ഷിക്കാൻ ന്യായപ്രമാണം അനുമതി നൽകിയില്ലെന്നതിന് എന്തു തെളിവാണുള്ളത്?
5 ഇസ്രായേല്യരുടെയിടയിൽ മനപ്പൂർവ കൊലയാളികൾക്ക് അഭയം അല്ലെങ്കിൽ ആശ്രയം നൽകപ്പെട്ടിരുന്നില്ല. ദൈവത്തിന്റെ യാഗപീഠത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു ലേവ്യ പുരോഹിതനെപ്പോലും, ഒരു ആസൂത്രിത കൊല നടത്തുന്നപക്ഷം, വധശിക്ഷക്കായി പിടിച്ചുകൊണ്ടുപോകേണ്ടിയിരുന്നു. (പുറപ്പാടു 21:12-14) കൂടാതെ, അശ്രദ്ധമൂലം ഒരുവനെ കൊന്നശേഷം കരുണയ്ക്കായി അപേക്ഷിക്കാൻ ന്യായപ്രമാണം അനുമതി നൽകിയില്ല. ദൃഷ്ടാന്തത്തിന്, ഒരുവൻ പുതുതായി വീടുപണിയുമ്പോൾ തുറസ്സായ പുരമുകളിൽ അരമതിൽ ഉണ്ടാക്കണമായിരുന്നു. അല്ലാത്തപക്ഷം പുരമുകളിൽനിന്ന് ആരെങ്കിലും വീണുമരിച്ചാൽ ആ വീടിന്മേൽ രക്തപാതകക്കുറ്റം വന്നുഭവിക്കും. (ആവർത്തനപുസ്തകം 22:8) കൂടാതെ, കുത്തുന്ന ഒരു കാളയുടെ ഉടമസ്ഥനു മുന്നറിയിപ്പു നൽകിയിട്ടും അയാൾ ആ മൃഗത്തെ സൂക്ഷിക്കാതെ അതു മറ്റൊരാളെ കൊന്നുവെങ്കിൽ കാളയുടെ യജമാനന്റെമേൽ രക്തപാതകക്കുറ്റം ചുമത്തുന്നതിനും അയാളെ കൊല്ലുന്നതിനും കഴിയുമായിരുന്നു. (പുറപ്പാടു 21:28-32) ദൈവത്തിനു ജീവനോടുള്ള ഉയർന്ന ആദരവിന്റെ കൂടുതലായ തെളിവും വ്യക്തമായിരുന്നു. അതായത്, ഒരു കള്ളനെ തിരിച്ചറിയാൻ തക്കവണ്ണം നേരം വെളുത്തശേഷം അയാളെ പിടിച്ചു മരണകരമായി അടിക്കുന്ന ഏവനും രക്തപാതകക്കുറ്റമുള്ളവനായിരുന്നു. (പുറപ്പാടു 22:2, 3) അങ്ങനെ, ദൈവത്തിന്റെ പൂർണമായ സന്തുലിത നിയമങ്ങൾ വധശിക്ഷാർഹമായ കുറ്റത്തിൽനിന്നു രക്ഷപ്പെടാൻ മനപ്പൂർവ കൊലയാളികളെ അനുവദിച്ചിരുന്നില്ലെന്നതു വ്യക്തമാണ്.
6. പുരാതന ഇസ്രായേലിൽ ‘ജീവനു പകരം ജീവൻ’ എന്ന നിയമം എങ്ങനെയാണു നിർവഹിക്കപ്പെട്ടത്?
6 പുരാതന ഇസ്രായേലിൽ ഒരു കൊല നടന്നെങ്കിൽ കൊലചെയ്യപ്പെട്ട ആളുടെ രക്തത്തിനു പ്രതികാരം ചെയ്യണമായിരുന്നു. “രക്തപ്രതികാരകൻ” കൊലയാളിയെ വധിച്ചുകഴിയുമ്പോൾ ‘ജീവനു പകരം ജീവൻ’ എന്ന നിയമനിർവഹണം പൂർത്തിയാകുമായിരുന്നു. (സംഖ്യാപുസ്തകം 35:19) പ്രതികാരകൻ കൊലചെയ്യപ്പെട്ട ആളിന്റെ ഏറ്റവും അടുത്ത പുരുഷബന്ധു ആയിരിക്കണമായിരുന്നു. എന്നാൽ അബദ്ധവശാൽ കൊല്ലുന്നവനെ സംബന്ധിച്ചോ?
യഹോവയുടെ കരുണാപൂർവകമായ കരുതൽ
7. ആരെയെങ്കിലും അബദ്ധവശാൽ കൊന്നവർക്കുവേണ്ടി ദൈവം എന്തു കരുതലാണു ചെയ്തത്?
7 യാദൃച്ഛികമായോ അബദ്ധവശാലോ ആരെയെങ്കിലും കൊല്ലുന്നവർക്കുവേണ്ടി ദൈവം സ്നേഹപുരസ്സരം സങ്കേത നഗരങ്ങൾ പ്രദാനംചെയ്തു. ഇവയെപ്പറ്റി മോശയോട് ഇങ്ങനെ പറയപ്പെട്ടു: “നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്നു കനാൻദേശത്തു എത്തിയശേഷം ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്കു ഓടിപ്പോകേണം. കുലചെയ്തവൻ സഭയുടെ മുമ്പാകെ വിചാരണയ്ക്കു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം. യോർദ്ദാനക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്ക് ഓടിപ്പോകേണ്ടതിന്നു” തന്നെ.—സംഖ്യാപുസ്തകം 35:9-15.
8. സങ്കേത നഗരങ്ങൾ സ്ഥിതിചെയ്തിരുന്നത് എവിടെ, അബദ്ധവശാൽ കൊലചെയ്തവർ അവിടെ എത്തിച്ചേരാൻ സഹായിക്കപ്പെട്ടതെങ്ങനെ?
8 ഇസ്രായേല്യർ വാഗ്ദത്തദേശത്തു പ്രവേശിച്ചപ്പോൾ അവർ അനുസരണാപൂർവം ആറു സങ്കേത നഗരങ്ങൾ സ്ഥാപിച്ചു. ഈ പട്ടണങ്ങളിൽ മൂന്നെണ്ണം—കേദെശ്, ശെഖേം, ഹെബ്രോൻ—യോർദാന്റെ പടിഞ്ഞാറാണു സ്ഥിതിചെയ്തിരുന്നത്. ഗോലാൻ, രാമോത്ത്, ബേസെർ എന്നീ സങ്കേത നഗരങ്ങൾ യോർദാനു കിഴക്കും. നല്ലവണ്ണം നന്നാക്കിയ വഴികളുള്ളിടത്തായിരുന്നു ആറു സങ്കേത നഗരങ്ങളുടെയും സ്ഥാനം. ആ വഴികളോടു ചേർന്ന് ഉചിതമായ സ്ഥാനങ്ങളിൽ “സങ്കേതം” എന്നെഴുതിയ അടയാളങ്ങൾ ഉണ്ടായിരുന്നു. ഈ അടയാളങ്ങൾ സങ്കേത നഗരത്തിലേക്കുള്ള വഴി കാണിച്ചു. അബദ്ധവശാൽ കൊന്നയാൾക്കു തന്റെ ജീവനുവേണ്ടി അതിൽ ഏറ്റവും അടുത്തതിലേക്ക് ഓടിക്കയറാൻ കഴിയുമായിരുന്നു. അവിടെ അയാൾക്കു രക്തപ്രതികാരകനിൽനിന്നുള്ള സംരക്ഷണം ലഭിക്കുമായിരുന്നു.—യോശുവ 20:2-9.
9. യഹോവ എന്തിനാണു സങ്കേത നഗരങ്ങൾ പ്രദാനംചെയ്തത്, ആരുടെ പ്രയോജനത്തിനുവേണ്ടി?
9 ദൈവം എന്തിനാണു സങ്കേത നഗരങ്ങൾ പ്രദാനംചെയ്തത്? കുറ്റമില്ലാത്ത രക്തത്താൽ ദേശം ദൂഷിതമാകാതിരിക്കുന്നതിനും രക്തപാതകക്കുറ്റം ജനത്തിന്മേൽ വരാതിരിക്കുന്നതിനുമായിരുന്നു അവ പ്രദാനംചെയ്തത്. (ആവർത്തനപുസ്തകം 19:10) ആരുടെ പ്രയോജനത്തിനായിരുന്നു സങ്കേത നഗരങ്ങൾ പ്രദാനംചെയ്തിരുന്നത്? ന്യായപ്രമാണം ഇങ്ങനെ പ്രതിപാദിക്കുന്നു: “അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറു പട്ടണം യിസ്രായേൽ മക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം.” (സംഖ്യാപുസ്തകം 35:15) അങ്ങനെ, കരുണാപൂർവം, നിഷ്പക്ഷതയോടെ നീതിന്യായധർമം നിർവഹിക്കുന്നതിന് അബദ്ധവശാൽ കൊലചെയ്യുന്ന (1) തദ്ദേശ ഇസ്രായേല്യർ, (2) ഇസ്രായേലിലെ പരദേശികൾ, (3) മറ്റുരാജ്യങ്ങളിൽനിന്നു വന്നുപാർക്കുന്നവർ എന്നിവർക്കുവേണ്ടി സങ്കേത നഗരങ്ങൾ വേർതിരിക്കുന്നതിനു യഹോവ ഇസ്രായേല്യരോടു പറഞ്ഞു.
10. സങ്കേത നഗരങ്ങൾ യഹോവ കരുണാപൂർവം ചെയ്ത ഒരു കരുതലായിരുന്നുവെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
10 ഒരുവൻ അബദ്ധവശാൽ കൊലചെയ്തവനാണെന്നുവരികിലും “ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും” എന്ന ദൈവകൽപ്പനയുടെ അടിസ്ഥാനത്തിൽ, അയാളെ കൊന്നുകളയണമായിരുന്നു. തന്മൂലം, യഹോവയുടെ കരുണാപൂർവകമായ കരുതലിലൂടെ മാത്രമേ അബദ്ധവശാൽ കൊലചെയ്തവനു സങ്കേത നഗരങ്ങളിലൊന്നിലേക്ക് ഓടിപ്പോകാൻ കഴിയുമായിരുന്നുള്ളൂ. രക്തപ്രതികാരകനിൽനിന്ന് ഓടിപ്പോകുന്നവനോടു പ്രത്യക്ഷത്തിൽ ആളുകൾക്കു പൊതുവേ സഹതാപം തോന്നിയിരുന്നു. കാരണം അബദ്ധവശാൽ തങ്ങളും സമാനമായ ഒരു പാതകം ചെയ്തേക്കാമെന്നും തങ്ങൾക്കും സങ്കേതവും കരുണയും ആവശ്യമാണെന്നും അവർക്കെല്ലാം ബോധ്യമുണ്ടായിരുന്നു.
സങ്കേതത്തിനായുള്ള പാച്ചൽ
11. പുരാതന ഇസ്രായേലിൽ ഒരുവൻ ഒരു സഹജോലിക്കാരനെ യാദൃച്ഛികമായി കൊല്ലാനിടയായാൽ അയാൾക്ക് എന്തു ചെയ്യാമായിരുന്നു?
11 സങ്കേതത്തിനായുള്ള ദൈവത്തിന്റെ കരുണാപൂർവകമായ ക്രമീകരണത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലമതിപ്പു നന്നായി വർധിപ്പിക്കാൻ ഒരു ദൃഷ്ടാന്തത്തിനു കഴിഞ്ഞേക്കും. നിങ്ങൾ പുരാതന ഇസ്രായേലിലെ ഒരു മരംവെട്ടുകാരനായിരുന്നുവെന്നു സങ്കൽപ്പിക്കുക. കോടാലി പിടിയിൽനിന്ന് ഊരി തെറിച്ചുവീണ് ഒരു സഹജോലിക്കാരൻ കൊല്ലപ്പെട്ടുവെന്നിരിക്കട്ടെ. നിങ്ങൾ എന്തുചെയ്യും? കൊള്ളാം, ന്യായപ്രമാണം ഈ സാഹചര്യത്തിനു തക്ക കരുതൽ ചെയ്തിരുന്നു. ദൈവദത്തമായ ഈ കരുതൽ നിങ്ങൾ പ്രയോജനപ്പെടുത്തുമെന്നതിൽ സംശയമില്ല: “കുല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ: മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരനു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ, . . . അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം.” (ആവർത്തനപുസ്തകം 19:4-6) ഒരു സങ്കേത നഗരത്തിൽ എത്തിച്ചേർന്നാലും സംഭവിച്ച കാര്യങ്ങളിൽനിന്നെല്ലാം നിങ്ങൾ ഉത്തരവാദിത്വ വിമുക്തനാകുന്നില്ല.
12. അബദ്ധവശാൽ കൊലചെയ്തവൻ സങ്കേത നഗരത്തിൽ എത്തിയശേഷം എന്തെല്ലാം നടപടികൾ പിന്തുടരണമായിരുന്നു?
12 നിങ്ങളെ ഉപചാരപൂർവം കൈക്കൊണ്ടുവെങ്കിലും സങ്കേത നഗരത്തിലെ പടിവാതിൽക്കൽ നിന്നുകൊണ്ടു മൂപ്പന്മാരോടു നിങ്ങളുടെ നിജസ്ഥിതി വിവരിക്കേണ്ടതുണ്ട്. നഗരത്തിൽ പ്രവേശിച്ചശേഷം, കൊല നടന്ന പ്രദേശത്തിന്മേൽ വിചാരണാധികാരമുള്ള നഗരത്തിന്റെ പടിവാതിൽക്കൽവെച്ച് ഇസ്രായേൽ സഭയുടെ പ്രതിനിധികളായ മൂപ്പന്മാരാൽ വിചാരണ ചെയ്യപ്പെടേണ്ടതിനു നിങ്ങളെ അങ്ങോട്ടയയ്ക്കും. നിങ്ങളുടെ നിഷ്കളങ്കത്വം തെളിയിക്കുന്നതിനു നിങ്ങൾക്ക് അവിടെ അവസരം ലഭിക്കും.
കൊലയാളികൾ വിചാരണയിലായിരിക്കുമ്പോൾ
13, 14. ഒരു കൊലയാളിയെ വിചാരണ ചെയ്യുമ്പോൾ മൂപ്പന്മാർ ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങൾ ഏവ?
13 വിചാരണാധികാരമുള്ള നഗരത്തിന്റെ പടിവാതിൽക്കൽ മൂപ്പന്മാർ നടത്തുന്ന വിചാരണയിൽ, നിങ്ങളുടെ പൂർവ നടത്തയിൽ വളരെയധികം ഊന്നൽ നൽകുന്നതായി കൃതജ്ഞതാപൂർവം നിങ്ങൾ ശ്രദ്ധിക്കും. കൊലചെയ്യപ്പെട്ട ആളുമായുള്ള നിങ്ങളുടെ ബന്ധം മൂപ്പന്മാർ സസൂക്ഷ്മം അളക്കും. നിങ്ങൾ ആ മനുഷ്യനെ ദ്വേഷിച്ച്, പതിയിരുന്ന്, കരുതിക്കൂട്ടി അടിച്ചു കൊല്ലുകയായിരുന്നോ? അങ്ങനെയെങ്കിൽ മൂപ്പന്മാർ നിങ്ങളെ രക്തപ്രതികാരകന് ഏൽപ്പിച്ചുകൊടുക്കണമായിരുന്നു, അങ്ങനെ നിങ്ങൾ മരിക്കും. ‘കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കിക്കളയേണം’ എന്നു ന്യായപ്രമാണം അനുശാസിക്കുന്നുവെന്ന് ഉത്തരവാദിത്വമുള്ള ഈ പുരുഷന്മാർ ബോധ്യമുള്ളവരായിരിക്കും. (ആവർത്തനപുസ്തകം 19:11-13) അതിനോടുള്ള താരതമ്യത്തിൽ, ഇന്ന് ഒരു നീതിന്യായ നടപടിയിൽ ക്രിസ്തീയ മൂപ്പന്മാർ, ഒരു തെറ്റുകാരന്റെ പൂർവ സ്വഭാവവും നടത്തയും പരിഗണനയിലെടുക്കുമ്പോൾത്തന്നെ അവർ തിരുവെഴുത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിന് അവ നന്നായി അറിഞ്ഞിരിക്കണം.
14 നിങ്ങൾ പിന്തുടർന്നു കൊല്ലുകയായിരുന്നോ എന്നു മൂപ്പന്മാർ ദയാപുരസ്സരം സൂക്ഷ്മമായി പരിശോധിക്കും. (പുറപ്പാടു 21:12, 13) നിങ്ങൾ പതിയിരുന്നാണോ അയാളെ കൊന്നത്? (ആവർത്തനപുസ്തകം 27:24) ഒരു ആസൂത്രിത പദ്ധതിയിലൂടെ അയാളെ കൊല്ലാൻതക്കവണ്ണം നിങ്ങൾ അത്രകണ്ടു കോപാകുലനായിരുന്നോ? അങ്ങനെയെങ്കിൽ നിങ്ങൾ മരണയോഗ്യനായിരിക്കും. (പുറപ്പാടു 21:14) നിങ്ങൾക്കും കൊല്ലപ്പെട്ടയാൾക്കും മധ്യേ എന്തെങ്കിലും ശത്രുതയോ വിദ്വേഷമോ ഉണ്ടായിരുന്നോ എന്നറിയാൻ മൂപ്പന്മാർ പ്രത്യേകിച്ചും തത്പരരായിരിക്കും. (ആവർത്തനപുസ്തകം 19:4, 6, 7; യോശുവ 20:5) നിങ്ങൾ നിർദോഷിയെന്നു കണ്ടു മൂപ്പന്മാർ നിങ്ങളെ സങ്കേത നഗരത്തിലേക്കു തിരിച്ചയച്ചുവെന്നിരിക്കട്ടെ. നിങ്ങളോടു കാണിച്ച കരുണയ്ക്കു നിങ്ങൾ എത്രമാത്രം നന്ദിയുള്ളവനായിരിക്കും!
സങ്കേത നഗരത്തിലെ ജീവിതം
15. അബദ്ധവശാൽ കൊലചെയ്തവന്റെമേൽ എന്തെല്ലാം നിബന്ധനകളാണ് ഏർപ്പെടുത്തിയിരുന്നത്?
15 അബദ്ധവശാൽ കൊലചെയ്തവൻ സങ്കേത നഗരത്തിനുള്ളിൽ അല്ലെങ്കിൽ അതിന്റെ മതിലിനു പുറത്തോട്ട് 1,000 മുഴം (ഏതാണ്ട് 1,450 അടി) അകലത്തിനുള്ളിൽ ഉണ്ടായിരിക്കണമായിരുന്നു. (സംഖ്യാപുസ്തകം 35:2-4) ആ അതിർത്തിവിട്ട് അലഞ്ഞുതിരിഞ്ഞു നടക്കുന്നപക്ഷം അയാൾ രക്തപ്രതികാരകനെ കണ്ടുമുട്ടാൻ ഇടയുണ്ട്. ആ സാഹചര്യങ്ങളിൽ പ്രതികാരകനു ശിക്ഷയെ ഭയക്കാതെ കൊലയാളിയെ കൊല്ലുന്നതിനു കഴിയുമായിരുന്നു. എന്നാൽ കൊലയാളിയെ വിലങ്ങുവയ്ക്കുകയോ തടവിലാക്കുകയോ ചെയ്തിരുന്നില്ല. സങ്കേത നഗരത്തിലെ ഒരു നിവാസിയെന്ന നിലയിൽ അയാൾ ഒരു തൊഴിൽ അഭ്യസിക്കുകയും ഒരു ജോലിക്കാരനായിരിക്കുകയും സമുദായത്തിന് ഉതകുംവിധം സേവനമനുഷ്ഠിക്കുകയും ചെയ്യണമായിരുന്നു.
16. (എ) അബദ്ധവശാൽ കൊലചെയ്തവൻ സങ്കേത നഗരത്തിൽ എത്രകാലം പാർക്കണമായിരുന്നു? (ബി) മഹാപുരോഹിതന്റെ മരണം ഒരു കൊലയാളിക്കു സങ്കേത നഗരം വിട്ടുപോകുക സാധ്യമാക്കിയത് എന്തുകൊണ്ട്?
16 അബദ്ധവശാൽ കൊലചെയ്തവൻ എത്രകാലം സങ്കേത നഗരത്തിൽ പാർക്കണമായിരുന്നു? സാധ്യതയനുസരിച്ച് അയാളുടെ ശേഷിച്ച ജീവിതകാലം മുഴുവൻ. എന്തുതന്നെയായാലും ന്യായപ്രമാണം ഇങ്ങനെ പ്രതിപാദിച്ചു: “അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.” (സംഖ്യാപുസ്തകം 35:26-28) മഹാപുരോഹിതന്റെ മരണം സങ്കേത നഗരം വിടാൻ അബദ്ധവശാൽ കൊലചെയ്തവനെ അനുവദിച്ചതെന്തുകൊണ്ടാണ്? കൊള്ളാം, മഹാപുരോഹിതൻ ദേശത്തിലെ ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരുവനായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ മരണം, ഇസ്രായേലിലെ സകല ഗോത്രങ്ങളും അറിയാൻപോന്നവിധം അത്ര ശ്രദ്ധേയമായ സംഭവമായിരിക്കുമായിരുന്നു. സങ്കേത നഗരങ്ങളിലുണ്ടായിരുന്ന അഭയാർഥികൾക്കെല്ലാം രക്തപ്രതികാരകന്റെ കരങ്ങളാലുള്ള അപകടഭീഷണി കൂടാതെ തങ്ങളുടെ ഭവനങ്ങളിലേക്കു തിരിച്ചുപോകാമായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പ്രതികാരകനു കൊലയാളിയെ കൊല്ലാനുള്ള അവസരം മഹാപുരോഹിതന്റെ മരണത്തോടെ അവസാനിക്കുമെന്നു ദൈവനിയമം കൽപ്പിച്ചിരിക്കുന്നതായി സകലർക്കും അറിയാമായിരുന്നു. ബന്ധുക്കളിൽ അടുത്തയാൾ അതിനുശേഷം മരണത്തിനു പ്രതികാരം ചെയ്യുന്നുവെങ്കിൽ അയാൾ കൊലയാളിയായിത്തീരുകയും അതിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്യുമായിരുന്നു.
നിലനിൽക്കുന്ന ഫലങ്ങൾ
17. അബദ്ധവശാൽ കൊലചെയ്തവന്റെമേൽ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾകൊണ്ടു സാധ്യമാകുമായിരുന്ന ഫലങ്ങൾ ഏവ?
17 അബദ്ധവശാൽ കൊലചെയ്തവന്റെമേൽ ഏർപ്പെടുത്തിയ നിബന്ധനകൾകൊണ്ടു സാധ്യമാകുമായിരുന്ന ഫലങ്ങൾ എന്തെല്ലാമായിരുന്നു? താൻ ഒരുവന്റെ മരണത്തിന് ഇടവരുത്തിയെന്നതിന്റെ ഓർമിപ്പിക്കലായിരുന്നു അവ. അതിനുശേഷം അയാൾ മനുഷ്യജീവൻ പാവനമാണെന്ന് എന്നെന്നും വീക്ഷിക്കാൻ ഇടയുണ്ടായിരുന്നു. കൂടാതെ, തന്നോടു കരുണാപൂർവം പെറുമാറിയെന്ന കാര്യം അയാൾക്കു മറക്കാനാവില്ലായിരുന്നു. കരുണ കാണിക്കപ്പെട്ടതുകൊണ്ടു മറ്റുള്ളവരോടു കരുണയുള്ളവനായിരിക്കാൻ അയാൾ തീർച്ചയായും ആഗ്രഹിക്കുമായിരുന്നു. നിബന്ധനകൾ സഹിതമുള്ള സങ്കേത നഗരങ്ങളുടെ ക്രമീകരണം ജനങ്ങൾക്കു പൊതുവേയും പ്രയോജകീഭവിച്ചു. അതെങ്ങനെ? മനുഷ്യജീവന്റെ കാര്യത്തിൽ അശ്രദ്ധരും ഉദാസീനരും ആയിരിക്കരുതെന്ന് അതു തീർച്ചയായും അവരുടെ മനസ്സിൽ പതിപ്പിച്ചിരിക്കണം. അപകട മരണത്തിൽ കലാശിച്ചേക്കാവുന്ന ശ്രദ്ധക്കുറവ് ഒഴിവാക്കാൻ ക്രിസ്ത്യാനികൾ അതിനാൽ ഓർമിപ്പിക്കപ്പെടണം. കൂടാതെ, സങ്കേത നഗരങ്ങളോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ കരുണാപൂർവകമായ ക്രമീകരണം, ഉചിതമായിരിക്കുമ്പോൾ കരുണ കാണിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കണം.—യാക്കോബ് 2:13.
18. സങ്കേത നഗരങ്ങൾക്കായുള്ള ദൈവത്തിന്റെ ക്രമീകരണം ഏതെല്ലാം വിധങ്ങളിലായിരുന്നു പ്രയോജനപ്രദമായിരുന്നത്?
18 സങ്കേത നഗരങ്ങളോടുള്ള ബന്ധത്തിൽ യഹോവയാം ദൈവം ചെയ്ത കരുതൽ മറ്റുവിധങ്ങളിലും പ്രയോജനപ്രദമായിരുന്നു. വിചാരണയ്ക്കുമുമ്പ് ഒരു കൊലയാളിയെന്ന് ഊഹിച്ചെടുത്ത് അയാളെ തേടിപ്പിടിക്കാൻ ആളുകൾ രഹസ്യാന്വേഷണ വിഭാഗങ്ങൾ രൂപീകരിച്ചില്ല. മറിച്ച്, കരുതിക്കൂട്ടി കൊലചെയ്യാത്ത നിരപരാധിയായി അയാളെ അവർ കരുതുകയും അയാളുടെ സുരക്ഷിതത്വത്തിനുവേണ്ട സഹായം നൽകുകയും ചെയ്യുമായിരുന്നു. കൂടാതെ, സങ്കേത നഗരങ്ങളുടെ കരുതൽ ആധുനിക നാളിൽ കൊലയാളികളെ ജയിലിലോ കാരാഗൃഹത്തിലോ ഇടുന്ന ക്രമീകരണങ്ങൾക്കു നേരേ വിപരീതമായിരുന്നു. അവിടെ അവർക്കു പൊതുജനങ്ങളാണു സാമ്പത്തിക പിന്തുണനൽകുന്നത്, കൂടാതെ മറ്റു കുറ്റവാളികളുമായി അടുത്തു സഹവസിക്കുന്നതു നിമിത്തം അവർ മിക്കപ്പോഴും ഏറെ വഷളായ കുറ്റവാളികളായിത്തീരുകയാണു പതിവ്. ജയിൽപ്പുള്ളികൾ മിക്കപ്പോഴും രക്ഷപ്പെടാൻ പഴുതുതേടുന്ന, മതിലുകളുള്ളതും ഇരുമ്പഴി പിടിപ്പിച്ചതുമായ ചെലവേറിയ ജയിലുകൾ പണിയുന്നതിന്റെയും അറ്റകുറ്റപ്പണികൾ നടത്തി അവ നിലനിർത്തുന്നതിന്റെയും പാറാവു നിൽക്കുന്നതിന്റെയും ആവശ്യം സങ്കേത നഗര ക്രമീകരണത്തിൽ ഇല്ലായിരുന്നു. കൊലയാളി ഫലത്തിൽ “ജയിൽ” തേടിയെത്തുകയും നിർദിഷ്ട സമയംവരെ അവിടെ പാർക്കുകയും ചെയ്തിരുന്നു. സഹമനുഷ്യർക്കു പ്രയോജനപ്രദമായ എന്തെങ്കിലും ചെയ്തുകൊണ്ട് അയാൾ തൊഴിൽചെയ്യുന്നവനും ആയിരിക്കണമായിരുന്നു.
19. സങ്കേത നഗരങ്ങൾ സംബന്ധിച്ച് എന്തെല്ലാം ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്?
19 അബദ്ധവശാൽ കൊലചെയ്തവരുടെ സംരക്ഷണത്തിനുവേണ്ടി യഹോവ ചെയ്ത ഇസ്രായേലിലെ സങ്കേത നഗരങ്ങളുടെ ക്രമീകരണം തീർച്ചയായും കരുണാപൂർവകമായ ഒന്നായിരുന്നു. ഈ കരുതൽ തീർച്ചയായും ജീവനോടുള്ള ആദരവു വർധിപ്പിച്ചു. എന്നിരുന്നാലും, 20-ാം നൂറ്റാണ്ടിൽ ജീവിക്കുന്നവർക്കു പുരാതന സങ്കേത നഗരങ്ങൾ എന്തെങ്കിലും അർഥമാക്കുന്നുണ്ടോ? നാം യഹോവയാം ദൈവത്തിനുമുമ്പാകെ കൊലപാതകക്കുറ്റമുള്ളവരും അവന്റെ കരുണ നമുക്ക് ആവശ്യമുണ്ടെന്നു തിരിച്ചറിയാത്തവരുമായിരിക്കുമോ? ഇസ്രായേലിലെ സങ്കേത നഗരങ്ങൾക്കു നമ്മുടെ കാര്യത്തിൽ എന്തെങ്കിലും ആധുനിക-കാല പ്രസക്തിയുണ്ടോ?
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവ മനുഷ്യജീവനെ വീക്ഷിക്കുന്നതെങ്ങനെ?
◻ അബദ്ധവശാൽ കൊലചെയ്തവർക്കുവേണ്ടി കരുണാപൂർവകമായ എന്തു കരുതലാണു ദൈവം ഏർപ്പെടുത്തിയത്?
◻ ഒരു സങ്കേത നഗരത്തിലേക്ക് ഒരു കൊലയാളിക്ക് എങ്ങനെ പ്രവേശിക്കാൻ കഴിയുമായിരുന്നു, അയാൾ അവിടെ എത്രകാലം പാർക്കണമായിരുന്നു?
◻ അബദ്ധവശാൽ കൊലചെയ്തവന്റെമേൽ ഏർപ്പെടുത്തിയ നിബന്ധനകൾകൊണ്ടു സാധ്യമാകുമായിരുന്ന ഫലങ്ങൾ ഏവ?
[12-ാം പേജിലെ ഭൂപടം]
ഇസ്രായേലിലെ സങ്കേത നഗരങ്ങൾ സൗകര്യപ്രദമായ ഇടങ്ങളിലായിരുന്നു സ്ഥിതിചെയ്തിരുന്നത്
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
കേദെശ് യോർദാൻ നദി ഗോലാൻ
ശെഖേം രാമോത്ത്
ഹെബ്രോൻ ബേസെർ