വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒരു ക്രിസ്ത്യാനി രോഗിയായിരിക്കുകയോ യാത്രയിലായിരിക്കുകയോ ചെയ്യുകയും അങ്ങനെ സ്മാരകാഘോഷത്തിനു ഹാജരാകാൻ കഴിയാതെവരുകയും ചെയ്യുന്നുവെങ്കിൽ ഒരു മാസം കഴിഞ്ഞ് അയാൾ അതാഘോഷിക്കണമോ?
പുരാതന ഇസ്രയേലിൽ വാർഷികമായി നീസാൻ (അല്ലെങ്കിൽ, ആബീബ്) എന്നു പേരുള്ള ഒന്നാം മാസം 14- തീയതി പെസഹ നടത്തിയിരുന്നു. എന്നാൽ നാം സംഖ്യാപുസ്തകം 9:10, 11-ൽ ഒരു പ്രത്യേക വ്യവസ്ഥ കാണുന്നു: “നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവക്കു പെസഹ ആചരിക്കേണം. [ഇയ്യാർ അഥവാ സീവ് എന്നു പേരുള്ള] രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവർ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടുംകൂടെ അതു ഭക്ഷിക്കേണം.”
ഇതു പെസഹക്ക്, ഏതു ഇസ്രയേല്യനും അല്ലെങ്കിൽ കുടുംബത്തിനും സൗകര്യത്തെ ആശ്രയിച്ചു തെരഞ്ഞെടുക്കാവുന്ന രണ്ടു തീയതികൾ, (നീസാൻ 14-ഓ സീവ് 14-ഓ) സ്ഥാപിച്ചില്ലെന്നു കുറിക്കൊള്ളുക. രണ്ടാം മാസത്തിലെ പെസഹഭക്ഷണത്തിന്റെ കരുതലിനു പരിമിതിയുണ്ടായിരുന്നു. അതു നീസാൻ 14-ന് ആചാരപരമായി അശുദ്ധനായിരുന്ന അല്ലെങ്കിൽ ക്രമമായ ആഘോഷം നടത്തുന്നിടത്തുനിന്നു വളരെ അകലെയായിരുന്ന ഒരു ഇസ്രയേല്യനുവേണ്ടിയുള്ള ഒരു വ്യത്യസ്ത കരുതൽ ആയിരുന്നു.
ഇതു വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ട ഏകസന്ദർഭം വിശ്വസ്തനായ ഹിസ്കീയാവുരാജാവ് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന്റെ അനുഷ്ഠാനം പുനരുജ്ജീവിപ്പിച്ച സമയമായിരുന്നു. ഒന്നാം മാസത്തിനുവേണ്ടി ഒരുങ്ങാൻ സമയമില്ലായിരുന്നു (പുരോഹിതൻമാരും ഒരുങ്ങിയിരുന്നില്ല, ജനങ്ങളും കൂട്ടിവരുത്തപ്പെട്ടിരുന്നില്ല). തന്നിമിത്തം അതു രണ്ടാം മാസം 14-ാം തീയതി നടത്തപ്പെട്ടു.—2 ദിനവൃത്താന്തം 29:17; 30:1-5.
ഇങ്ങനെയുള്ള വ്യത്യസ്ത സാഹചര്യങ്ങളൊഴിച്ച് എല്ലായ്പ്പോഴും യഹൂദൻമാർ ദൈവം നിർദ്ദേശിച്ച തീയതിയിൽത്തന്നെ പെസഹ ആഘോഷിച്ചു. (പുറപ്പാട് 12:17-20, 41, 42; ലേവ്യപുസ്തകം 23:5) യേശുവും ശിഷ്യൻമാരും ഈ തീയതിയെ അശ്രദ്ധമായി കരുതാതെ ന്യായപ്രമാണം വ്യവസ്ഥചെയ്തിരുന്നതുപോലെതന്നെ ആഘോഷിച്ചു. ലൂക്കോസ് റിപ്പോർട്ടുചെയ്യുന്നു: “പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ [യേശു] പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.”—ലൂക്കൊസ് 22:7, 8.
ആ സന്ദർഭത്തിൽ യേശു, ക്രിസ്ത്യാനികൾ കർത്താവിന്റെ സന്ധ്യാഭക്ഷണമായി മനസ്സിലാക്കുന്ന വാർഷികാഘോഷം ഏർപ്പെടുത്തി. ക്രിസ്ത്യാനികൾ ഹാജരാകുന്നതിന്റെ മൂല്യത്തെ എത്ര ഊന്നിപ്പറഞ്ഞാലും അധികമാകുകയില്ല. യഹോവയുടെ സാക്ഷികൾക്കു വർഷത്തിലെ ഏററവും പ്രധാനപ്പെട്ട സംഭവമാണ് ഇത്. എന്തുകൊണ്ടെന്നു യേശുവിന്റെ വാക്കുകൾ പ്രകടമാക്കുന്നു; അവൻ പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (ലൂക്കൊസ് 22:19) അതുകൊണ്ട്, യഹോവയുടെ സാക്ഷികളിൽ ഓരോരുത്തരും ആഘോഷത്തിന്റെ തീയതിയിൽ മററു പ്രവൃത്തികളൊന്നും ഇല്ലാതിരിക്കാൻ മാസങ്ങൾക്കുമുമ്പേ ആസൂത്രണം ചെയ്യണം. കർത്താവിന്റെ സന്ധ്യാഭക്ഷണം 1993 എപ്രിൽ 6-ാം തീയതി ചൊവ്വാഴ്ച സ്ഥലത്തെ സൂര്യാസ്തമയശേഷം ആഘോഷിക്കപ്പെടും.
അപൂർവ്വം സന്ദർഭങ്ങളിൽ രോഗമോ യാത്രാക്കുഴപ്പങ്ങളോ പോലെയുള്ള മുൻകൂട്ടിക്കാണാത്ത സാഹചര്യം താൻ ആസൂത്രണംചെയ്തിരുന്നതുപോലെ ഹാജരാകുന്നതിൽനിന്ന് ഒരു ക്രിസ്ത്യാനിയെ തടഞ്ഞേക്കാം. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ എന്തു ചെയ്യണം?
ആഘോഷസമയത്ത്, പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും വിതരണംചെയ്യുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ടവരും സ്വർഗ്ഗത്തിലെ ജീവിതത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടവരും പങ്കുപററുന്നു. (മത്തായി 26:26-29; ലൂക്കൊസ് 22:28-30) ഓരോ വർഷവും പങ്കുപററിക്കൊണ്ടിരുന്ന ഒരാൾ ഈ വർഷം വീട്ടിലോ ആശുപത്രിയിലോ രോഗശയ്യയിലാണെങ്കിൽ സ്ഥലത്തെ സഭയിലെ മൂപ്പൻമാരിലൊരാൾ അപ്പവീഞ്ഞുകളിൽ കുറെ രോഗിയുടെ അടുക്കലേക്കു കൊണ്ടുപോയി ഈ വിഷയംസംബന്ധിച്ച് ഉചിതമായ ബൈബിൾവാക്യങ്ങൾ ചർച്ചചെയ്യുകയും ചിഹ്നങ്ങൾ കൊടുക്കുകയും ചെയ്യാൻ ക്രമീകരണം ചെയ്യും. ഒരു അഭിഷിക്തക്രിസ്ത്യാനി സ്വന്തസഭയിൽനിന്നു ദൂരെയാണെങ്കിൽ അയാൾ ആ തീയതിയിൽ എവിടെയാണോ അവിടത്തെ ഒരു സഭയിൽ പോകാൻ ക്രമീകരണം ചെയ്യണം.
ഇതിന്റെ വീക്ഷണത്തിൽ, സംഖ്യാപുസ്തകം 9:10, 11-ലെ കല്പനക്കും 2 ദിനവൃത്താന്തം 30:1-3, 15-ലെ ദൃഷ്ടാന്തത്തിനും ചേർച്ചയായി ഒരു അഭിഷിക്തക്രിസ്ത്യാനി വളരെ അസാധാരണമായ സാഹചര്യങ്ങളിൽമാത്രമേ 30 ദിവസം കഴിഞ്ഞ് (ഒരു ചാന്ദ്രമാസം) കർത്താവിന്റെ സന്ധ്യാഭക്ഷണം ആഘോഷിക്കേണ്ടിവരുകയുള്ളു.
പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള യേശുവിന്റെ “വേറെ ആടുകളുടെ” വർഗ്ഗത്തിൽപ്പെട്ടവർ അപ്പവീഞ്ഞുകളിൽ പങ്കുപററാനുള്ള കല്പനയിൻ കീഴിലല്ല. (യോഹന്നാൻ 10:16) ഈ വാർഷികാഘോഷത്തിനു ഹാജരാകുന്നതു മൂല്യവത്താണ്, എന്നാൽ അവർ ചിഹ്നങ്ങളിൽ പങ്കുപററുന്നില്ല. അതുകൊണ്ട് അവരിലൊരാൾ രോഗിയാണെങ്കിൽ അല്ലെങ്കിൽ യാത്രയിലാണെങ്കിൽ, അങ്ങനെ ആ സന്ധ്യാവേളയിൽ ഒരു സഭയിലും ചെല്ലാൻ കഴിഞ്ഞില്ലെങ്കിൽ അയാൾക്ക് അല്ലെങ്കിൽ അവൾക്ക് സ്വകാര്യമായി ഉചിതമായ തിരുവെഴുത്തുകൾ (യേശു സ്മാരകം ഏർപ്പെടുത്തുന്നതിനെസംബന്ധിച്ചുള്ള വിവരണം ഉൾപ്പെടെ) വായിക്കാനും ലോകവ്യാപകമായി നടക്കുന്ന സംഭവത്തിൻമേൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും കഴിയും. എന്നാൽ ഈ കേസിൽ ഒരു മാസം കഴിഞ്ഞുള്ള ഒരു മീററിംഗിനോ ഒരു പ്രത്യേക ബൈബിൾചർച്ചക്കോ കൂടുതലായ ക്രമീകരണം ചെയ്യേണ്ട ആവശ്യമില്ല.